*ഡോ. കല്ല്യാൺ ഉൽപലാക്ഷൻ
കേരം തിങ്ങും നാടാണ് കേരളം - മലയാളിക്ക്.
നാളികേരത്തിനോടുള്ള ഇഷ്ടം ചെറുതൊ ന്നുമല്ല. നമ്മുടെ ആഹാരക്രമം
വീക്ഷിച്ചാൽ നാളികേരത്തിന്റെ സാന്നിദ്ധ്യവും പ്രാധാന്യവും കുറേക്കൂടി
വ്യക്തമാകും. പഴയ ആളുകൾ ഒരു കറിയും ഇല്ലെങ്കിൽപോലും ചോറിൽ വെളിച്ചെണ്ണ
ഒഴിച്ച് കഴിക്കുന്നത് കാണാം. അൽപം ഉള്ളിയും മുളകും ചതച്ച് അതിൽ
വെളിച്ചെണ്ണ ചേർത്താൽ അത്യുഗ്രൻ ചമ്മന്തിയും റെഡി. കഞ്ഞിയിൽ നാളികേരമോ,
നാളികേരപാൽ ചേർത്തോ കഴിക്കുന്നതും മലയാളിക്ക് പ്രിയം തന്നെ. കറികൾ
ഏതെടുത്താലും നാളികേരം ഇല്ലാതെ പറ്റാത്ത അവസ്ഥ. തലയിലായാലും
ശരീരത്തിലായാലും വെളിച്ചെണ്ണ പുരട്ടി തടവി കുളിക്കുന്നതിന്റെ സുഖം ഏതൊരു
കേരളീയനും മനസ്സിലായിട്ടുണ്ട്.
മുടിയിലും ശരീരത്തിലും എന്നുംവെളിച്ചെണ്ണ തേയ്ക്കുന്നതു കൊണ്ടായിരിക്കാം കഴിഞ്ഞ തലമുറയെ ജരാനരകൾ ബാധിക്കാതിരുന്നത്. തികഞ്ഞ ആരോഗ്യസമൃദ്ധിയും ദീർഘായുസ്സും കുറഞ്ഞ
രോഗഭാരവും പഴയ ആളുകൾ നേടിയത് നാളികേരത്തിന്റേയും വെളിച്ചണ്ണയുടേയും
സഹായത്തോടുകൂടിയാണ്. വെളിച്ചെണ്ണയേയും നാളികേരത്തേയും പുതിയ തലമുറ
ഭയത്തോടെ സമീപിക്കാൻ തുടങ്ങിയപ്പോൾ രോഗഭാരവും കൂടിയെന്നതാണ് സത്യം.
പ്രകൃതിജീവനവും നാളികേരവും
പ്രകൃതിജീവന ഉപാസകർ നാളികേരത്തേയും വെളിച്ചെണ്ണയേയും
കരിക്കിൻവെള്ളത്തേയും ഔഷധമായി കാണുന്നു. ഹൃദ്രോഗവും കൊളസ്ട്രോളും
വർദ്ധിപ്പിക്കുവാൻ നാളികേരവും വെളിച്ചെണ്ണയും ഹേതുവാകുന്നു എന്ന സംശയം
ആധുനിക വൈദ്യശാസ്ത്രം നിലനിർത്തുമ്പോഴും ഹൃദ്രോഗികളെ പ്രകൃതി ചികിത്സകർ
ചികിത്സിക്കുന്നത് നാളികേരവും കരിക്കിൻവെള്ളവും ഉപയോഗിച്ചുകൊണ്ടാണ്.
രോഗചികിത്സയിൽ പല അത്ഭുതങ്ങളും പ്രകൃതി ചികിത്സകർ ഉണ്ടാക്കുന്നതും
നാളികേരത്തിന്റെ സഹായത്തോട് കൂടിയാണ്.
പ്രകൃതി ചികിത്സകർ നാളികേരം പച്ചയായിതന്നെ ഉപയോഗിക്കുന്നു. പഴങ്ങൾ ഉപയോഗിക്കുമ്പോഴും വേവിക്കാത്ത പച്ചക്കറികൾ ഉപയോഗിക്കുമ്പോഴും ഒപ്പം നാളികേരവും ണല്ലോരളവിൽ തന്നെ എടുക്കുന്നു. ആഹാരത്തിൽ ഒരുനേരം പഴങ്ങൾ മാത്രം കഴിക്കുക എന്ന് പ്രകൃതി ചികിത്സകർ നിർദ്ദേശിക്കുമ്പോഴും നാളികേരം അതിൽ മുഖ്യമായി വരുന്നു.
ഒരുനേരം പഴങ്ങളും നാളികേരവും കഴിക്കുമ്പോൾ ഉയർന്ന പ്രതിരോധശേഷി
കൈവരുന്നു. നാളികേരത്തി ലുള്ള നാരുകൾ ദഹനേന്ദ്രിയ വ്യൂഹത്തെ
വൃത്തിയാക്കുകയും രക്തത്തിലെ വിഷ സങ്കലനാവസ്ഥ ഒഴിവാക്കുകയും ചെയ്യുന്നു.
രക്തത്തിലെ വിഷസങ്കലനം എല്ലാ രോഗങ്ങളുടേയും അടിസ്ഥാനകാരണമായി പ്രകൃതി
ചികിത്സകർ ചൂണ്ടിക്കാണിക്കുന്നു. അണുബാധകളെ ചെറുക്കുവാനുള്ള കഴിവ്
നാളികേരം ഉപയോഗിക്കുന്ന വരിൽ കൂടുതലാണ്. നാളികേരത്തിലടങ്ങിയിരിക്കുന്ന
പോഷകഘടകങ്ങൾ പൊതുവായ ആരോഗ്യസ്ഥിതിയെ ഉയർത്തുന്നു. പ്രമേഹരോഗികൾ നാളികേരം കഴിയ്ക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി കാണാറുണ്ട്.
പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾ കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതാണ്
കാരണം. എല്ലുകൾക്ക് ബലം വെയ്ക്കാനും നാളികേരം തന്നെയാണ് പ്രകൃതി
ചികിത്സകർ നൽകുന്നത്. പനിപോലെയുള്ള പകർച്ചവ്യാധികളിൽ കരിക്കിൻവെള്ളം
കൊടുത്തുകൊണ്ടുള്ള ഉപവാസമാണ് നിർദ്ദേശിക്കുന്നത്. ത്വക്ക് രോഗികൾക്ക്
നാളികേരപാൽ വെന്ത വെളിച്ചെണ്ണ പുരട്ടി ഇളംവെയിൽ കൊള്ളിക്കും. വെന്ത
വെളിച്ചെണ്ണയുടെ ഉപയോഗത്തിൽ ത്വക്ക് രോഗികളുടെ ചൊറിച്ചിൽ എളുപ്പത്തിൽ
കുറയുന്നത് കാണാം.
പ്രകൃതിയിലെ ഗ്ലൂക്കോസാണ് കരിക്കിൻ വെള്ളം. കടുത്തക്ഷീണത്തിലിരിക്കുന്ന
ഒരാൾക്ക് ഒരു ഗ്ലാസ്സ് കരിക്കിൻ വെള്ളം കൊടുത്ത് നോക്കുക. ക്ഷീണം പമ്പ
കടക്കും. വൃക്കയിൽ കല്ലുള്ളവർക്കും കരിക്കിൻവെള്ളം തന്നെ ശരണം. ഏത്
നിലയ്ക്ക് നോക്കിയാലും നാളികേരവും, വെളിച്ചെണ്ണയും, കരിക്കിൻവെള്ളവും
രോഗമെന്ന ഇരുളിനെ നീക്കുവാനും ആരോഗ്യമെന്ന വെളിച്ചത്തെ നേടുവാനും
സഹായിക്കുന്നു എന്നതിൽ തർക്കമില്ല.
*ഗാന്ധിജി നാച്ചുറോപതി ഹോസ്പിറ്റൽ, കണിമംഗലം പി.ഒ., തൃശ്ശൂർ -27, ഫോൺ :
0487 2449634, 9447425945
