Saturday 14 January 2012

നീവരൂ വീണ്ടും


ചന്തിരൂർ ദിവാകരൻ

മണ്ണിനെ പൊന്നാക്കീടാൻ പാടുപെട്ടുഴന്നോരു
മണ്ണിന്റെ മക്കൾക്കിനി പാട്ടുപാടുവാനാരോ?
നെഞ്ചിലെ നെരിപ്പോടിൽ തീയുമായ്‌ കാട്ടാളന്റെ
നെഞ്ചകത്തിരുന്നൊരു പാടുവാനിരിക്കുന്നു?
ഉഗ്രമാം പ്രതിഷേധക്കാറ്റുപോൽകലിതുള്ളി-
യെത്തിയ കുറത്തി തൻ മുലകൾ പറിച്ചപ്പോൾ,
ചീറ്റിയ ചുടുനിണത്തുള്ളികൾ കിഴക്കിന്റെ
ഭിത്തികൾ ചെമപ്പിച്ച ചിത്രമെത്രയോ ചിത്രം!
കാർമഷിക്കോലങ്ങൾ തൻ ശക്തി ചൂഷണം ചെയ്ത
കാലമേ, നിനക്കെന്നും സ്വസ്ഥത കെടുത്തുവാൻ
തോറ്റമായുറഞ്ഞാടിയെത്തിയ കാട്ടാളപ്പെൺ
മാറ്റൊലിപ്പുരാണങ്ങൾ കേട്ടുഞ്ഞെട്ടിയോരെത്രെ!
ഒറ്റയാൻ പടയായിട്ടക്ഷരത്തീപ്പന്തത്താൽ
നീറ്റിയദുരാചാറപ്പുറ്റിന്റെ കൂമ്പാരങ്ങൾ
തട്ടിമാറ്റിയ കവേ, വാൾത്തലമിനുക്കിയ
വാക്കിനാൽ കിരാതത്തം വെട്ടിനീ നിരപ്പാക്കി
സഞ്ചിതസംസ്ക്കാരത്തിൻ ചിഹ്നമായ്‌ വിരിഞ്ഞതാം
അഞ്ചിതകവനങ്ങളത്രയും മനുഷ്യന്റെ
നൊമ്പരം ചികഞ്ഞെടുത്തസ്വതന്ത്രമാം കീല-
പ്പമ്പരം പൊട്ടിച്ചല്ലേ ഗ്രാമത്തെയുണർത്തിനീ
കേരളമെങ്ങും നാടൻ പാട്ടിന്നു തുടികൊട്ടി
കാവുകളുണർത്തിയോൻ കടമ്മനിട്ടക്കവി.
ചൊൽക്കവിതകളാലേ മാനവ മനങ്ങളിൽ
സ്വച്ഛന്ദമിരിപ്പിടം നേടിയ കവേ വീണ്ടും
കേരളമണ്ണിൽ പുനർജ്ജനി നേടുവാൻ വന്നു-
ചേരണമത്തിന്നായെൻ ചേതന കൊതിക്കുന്നു
അക്ഷരമിടിവാളായ്‌ മാറ്റിയ മഹാകവേ
അക്ഷരവെളിച്ചമായ്‌ നീവരൂ വീണ്ടും വീണ്ടും