Saturday 14 January 2012

വീടുകളില്‍ നിന്ന് വൃദ്ധസദനങ്ങലളിലേക്ക്..

ഉമ്മു അമ്മാർ

കൂട്ടുകുടുംബ വ്യവസ്ഥകള്‍ അണുകുടുംബങ്ങളിലേക്ക്മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ  സാഹചര്യത്തില്‍ ജീവിതം ഏറ്റവും  ക്ലേശകരമായി തീര്‍ന്നിരിക്കുന്നത് സ്വാഭാവികമായും വൃദ്ധ ജനങ്ങള്‍ക്കാണ്.വാര്‍ദ്ധക്യം എന്നത്  ശൈശവം,  ബാല്യം,കൗമാരം,യവ്വനം എന്നത് പോലെ ജീവിതത്തിന്റെ സ്വഭാവീകമായ  പരിണാമം മാത്രമാണ്. എങ്കിലും ഇന്ന് അധിക പേര്‍ക്കും അതൊരു  ഭാരമാണ് .സ്‌നേഹവും പരിലാളനയും അനുഭവിച്ചു വളര്‍ന്ന കുട്ടിക്കാലവും ചോരത്തിളപ്പും കരുത്തും ആവേശവും ജ്വലിച്ചു നിന്ന യവ്വനവും പിന്നിട്ടു അവശതയും ക്ഷീണവും കടന്നു കൂടുമ്പോള്‍  സ്വാഭാവികമായും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും നടന്നു പോകാന്‍ പ്രയാസപ്പെടുകയും എന്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ എത്ര ദയനീയമാണ്. കാഴ്ചയും കേള്‍വിയും കുറഞ്ഞു വാര്‍ദ്ധക്യ സാഹചമായ രോഗങ്ങള്‍ കൂടി ബാധിക്കുമ്പോള്‍ അവരുടെ ദൈനംദിന ജീവിതം എത്ര വിഷമം പിടിച്ചതാകുമെന്നു ഊഹിക്കാവുന്നതേയുള്ളൂ..

ഏതാനും വര്ഷം മുമ്പ് വരെ പ്രായം ചെന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും കിടക്കാന്‍ വീട്ടില്‍ ഇടവും നല്‍കാന്‍ ഉറ്റവര്‍! സന്മനസ്സു കാണിച്ചിരുന്നു.എന്നാല്‍ ഇന്ന് സ്ഥിതി  മാറിക്കൊണ്ടിരിക്കുന്നു. പ്രായമായവര്‍ മക്കള്‍ക്ക് അധികപ്പറ്റായി തീരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. വീട്ടില്‍ സ്‌നേഹവും പരിചരണവും കുറയുമ്പോള്‍ കുടുംബങ്ങളില്‍ നിന്നും പുറംതള്ളുന്നതിന് മുന്നേ സ്വയം! വീടുവിട്ടിറങ്ങാന്‍ അവര്‍ സന്നദ്ധമാവുന്ന അവസ്ഥയാണുള്ളത്. അല്ലാത്ത പക്ഷം  അണുകുടുംബം ആഗ്രഹിക്കുന്നവരും വിദേശങ്ങളിലും മറ്റും ജോലിയുമായി കഴിയുന്നവരും ലക്ഷങ്ങള്‍ കൊടുത്തു സ്വന്തം മാതാപിതാക്കളെ ഇത്തരം സദനങ്ങളില്‍ എത്തിക്കും എന്നു ഏതാണ്ട് ഉറപ്പാണ്. സ്‌നേഹാലയം, ശരണാലയം എന്നൊക്കെയുള്ള പേരുകളില്‍ വൃദ്ധസദനങ്ങള്‍ ! ഇന്നു എല്ലായിടത്തും പെരുകി വരുന്നതിന്റെ കാരണവും ഇതു തന്നെ.


ജീവിക്കുക എന്ന ആവശ്യത്തിനപ്പുറം  എല്ലാം വെട്ടിപ്പിടിക്കുക എന്ന ദുരാഗ്രഹവുമായി ഓടുമ്പോള്‍, വീട്ടില്‍ കഴിയുന്ന വൃദ്ധ മാതാപിതാക്കള്‍ മക്കള്‍ക്ക്  ഭാരമായി തോന്നുന്നു. തങ്ങള്‍ക്കു ജന്മംനല്‍കി സ്‌നേഹത്തോടെ പോറ്റി വളര്‍ത്തി വലുതാക്കി ജീവിക്കാന്‍ പ്രാപ്തരാക്കിയ മാതാപിതാക്കളെ! യാതൊരു ദയയും ഇല്ലാതെ വൃദ്ധസദനങ്ങളിലേക്ക്  അയക്കുന്നു. തങ്ങള്‍ക്കും നാളെ  ഈ ഒരു അവസ്ഥ വരാനുണ്ട് എന്ന ഒരു ബോധവും ഇല്ലാതെ സസന്തോഷം ജീവിക്കുന്നു.മനുഷ്യനെ മറ്റുള്ളവയില്‍ നിന്നും വേര്‍തിരിക്കുന്ന ഒരു കാര്യം അവന്‍ പിറന്നു വീഴുമ്പോള്‍ തന്നെ സ്വയം നടന്നു ഭക്ഷണം കഴിച്ചു വളരുന്നില്ല എന്നതാണ്. അവരെ പ്രായപൂര്‍ത്തി എത്തുന്നത് വരെയെങ്കിലും മാതാപിതാക്കള്‍ പോറ്റി വളര്‍ത്തുക തന്നെ വേണം. അങ്ങിനെയല്ലാത്തവരും വളരുന്നില്ലേ എന്നു ചോദിച്ചാല്‍ ഉണ്ടായേക്കാം.


എന്നാല്‍    ജീവിതത്തിന്റെ താളം തെറ്റാതെയും  സമൂഹത്തിന്റെ  ആട്ടും തുപ്പും പരിഹാസവും എല്ക്കാതെയും ജീവിതം ക്രമപ്പെടുത്തിയെടുക്കാന്‍ രക്ഷിതാക്കളുടെ സംരക്ഷിത വലയത്തിനെ കഴിയൂ. ഇതൊക്കെ അറിഞ്ഞും അനുഭവിച്ചും വളര്‍ന്നവര്‍ മാതാപിതാക്കളെ പ്രായമാകുമ്പോള്‍ അവഗണിക്കുന്നതില്‍ എന്ത് ന്യായീകരണമാണ് കണ്ടെത്താന്‍ സാധിക്കുക.
ഇതു ഒരു പരിഷ്‌കൃത സമൂഹത്തിനു ഭൂഷണമാണോ. സ്വാര്‍ത്ഥതക്ക് വേണ്ടി അഹിതവും പ്രാകൃതവുമായ ഇത്തരം ആചാരങ്ങളെ പുല്‍കുമ്പോള്‍ നമ്മില്‍ നിന്നും മനുഷ്യത്വം ഇല്ലാതാകുന്നു.


മനുഷ്യന്‍ എന്ന സാമൂഹിക ജീവി (ീെരശമഹ മിശാമഹ) ആരോടും വിധേയത്വവും കടപ്പാടും സഹാനുഭൂതിയും സ്‌നേഹവും ഇല്ലാതെ സ്വന്തത്തിനു വേണ്ടി മാത്രം നില കൊള്ളുന്ന കാടത്തത്തിലേക്ക് അധ:പ്പതിക്കുകയാണ്.ഈ സമൂഹം മൊത്തം അങ്ങിനെ ആണെന്ന സാമാന്യവല്ക്കരണമല്ല ഇവിടെ  നടത്തുന്നത്. എന്നാല്‍ സമൂഹത്തില്‍ ഈ പ്രവണത കൂടി വരുന്നു എന്നത് നമ്മെ അമ്പരപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യം  തന്നെയാണ്. അതിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ല. ഇതിനു ന്യായീകരണങ്ങള്‍ ! പലതു പറഞ്ഞേക്കാം. എന്നാല്‍ സ്വന്തം മനസ്സാക്ഷിയെപ്പോലും തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരുത്തരമാകില്ല  ഈ ക്രൂരതയുടെ ഏതു ന്യായീകരണവും.

ജീവിതത്തിന്റെ സായം സന്ധ്യയില്‍ സ്‌നേഹത്തോടെ പരിപാലിക്കപ്പെടാനും സ്വന്തം മക്കള്‍ തങ്ങള്‍ക്കു താങ്ങും തണലുമാവാനും  ആരും കൊതിക്കും. എന്നാല്‍ ഇന്ന് നഗര ജീവിതത്തിന്റെ തിരക്കുകളില്‍ പെട്ട്  പണത്തിനും ആര്‍ഭാട ജീവിതത്തിനും പിറകെ ഓടുന്ന പുതു തലമുറ ഇവരെ പരിപാലിക്കാന്‍ സമയം കണ്ടെത്താറുണ്ടോ? പലപ്പോഴും ഇല്ല എന്നതാണ് വാസ്തവം. നാട്ടില്‍ പെരുകി വരുന്ന വൃദ്ധസദനങ്ങള്‍   ഈ നിഗമനത്തിന് ആക്കം കൂട്ടുന്നു.മക്കളുടെയും ഉറ്റവരുടെയും അവഗണ വൃദ്ധമാതാപിതാക്കളെ മാനസീകമായും ശാരീരികമായും തളര്‍ത്തും എന്ന കാര്യത്തില്‍ സംശയം ഇല്ല. ഏറ്റവും പരിഗണിക്കപ്പെടേണ്ട അവസ്ഥയിലാണ് അവര്‍ അവഗണിക്കപ്പെടുന്നത് എന്നത് അവരിലെ മാനസികാഘാതത്തിന്റെ തോത് വര്‍ധിപ്പിക്കുന്നു. വൃദ്ധസദനത്തിലും ശരണാലയത്തിലുമൊക്കെ അയച്ചു പ്രായമായവരെ മാറ്റി നിര്‍ത്തുക വഴി ഒരുതത്തില്‍ നാം അവര്‍ക്ക് ജീവിതത്തില്‍ നിന്നും പിന്മാറാനുള്ള സൂചന നല്‍കുകയാണ് ചെയ്യുനത്. അല്ലെങ്കില്‍ അവര്‍ക്ക് മാനസിക മരണം വിധിക്കുകയാണ്.


വാര്‍ദ്ധക്യം എന്നത് ശൈശവത്തിലേക്കുള്ളതിരിച്ചു പോക്കാണ്. പ്രായം കൂടി വരുമ്പോള്‍  അവരുടെ സ്വഭാവം കുട്ടികളുടെത് പോലെ ആയിതീരുന്നു. ചില കാര്യങ്ങളില്‍ അവര്‍ വാശി പിടിക്കുന്നു. നമുക്കിഷ്ട്ടമില്ലാത്ത പല കാര്യങ്ങളും ചെയ്യുകയും പറയുകയും ചെയ്യുന്നു. നമ്മുടെ മക്കള്‍ അങ്ങിനെ ചെയ്യുമ്പോള്‍ നമ്മള്‍ അത് ആസ്വദിക്കുന്നില്ലേ.  അത് പോലെ എന്ത് കൊണ്ട് നമുക്ക് ഇവരുടെ ചെയ്തികളെ കാണാന്‍ സാധിക്കുന്നില്ല.?മാതാപിതാക്കളോട് ‘ഛെ ‘ എന്നാ വാക്ക് പോലും പറയരുത് എന്നും അവര്‍ക്ക് കാരുണ്യത്തിന്റെ ചിറകുകള്‍ വിരിച്ചു കൊടുക്കുക എന്നുമുള്ള ദൈവിക വചനത്തില്‍ നിന്നും അവരോടു നാം എങ്ങിനെ പെരുമാറണം എന്ന്  നമുക്ക് മനസ്സിലാക്കേണ്ടിയിരിക്കുന്നു

.
നമുക്കും നാളെ ഇങ്ങനെയൊരു അവസ്ഥ വരാനുണ്ട് എന്നത് നാം മറക്കാതിരിക്കുക. നാളെ നാം അത്തരം ഒരു അവസ്ഥയില്‍ എത്തുമ്പോള്‍ ഇന്നത്തെ നമ്മുടെ സ്ഥാനത്തേക്ക്  നാമിന്നു സ്‌നേഹത്തോടെ,സന്തോഷത്തോടെ പോറ്റി വളര്‍ത്തുന്ന മക്കള്‍ വളര്‍ന്നു വരുന്നു എന്നതും നാം ഓര്മ്മിക്കുക.  ദൈവം രക്ഷിക്കട്ടെ.