എം. സുബേര്‍
ആരും മരിച്ചിട്ടില്ലെങ്കിലും ഒരു മരണവീടിണ്റ്റെ പ്രതീതി. രോഗിക്ക് ചുറ്റും ബന്ധുമിത്രാദികള്‍ ആകാംക്ഷയോടെ നിലയുറപ്പിച്ചിരിക്കുന്നു. മുഖങ്ങള്‍ക്കെല്ലാം. ഓരേ ഭാവം, വിചാരങ്ങള്‍ വിവിധവും. എത്രയും വേഗം മരിച്ചുകിട്ടിയിരിരുന്നുവെങ്കില്‍ അത്രയും വേഗം മടങ്ങിപ്പോകാമായിരുന്നു. എത്രദിവസമായി വന്നിട്ട്, വീടൊക്കെ ഒരു പരുവമായിക്കാണും ആഫീസില്‍ പോയിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. കുട്ടികളുടെ പഠനവും മുടങ്ങി. ഇത് ഒരു മകണ്റ്റെ വിചാരമെങ്കില്‍, അച്ഛന്‍ മരിച്ചിട്ടുവേണം മറ്റൊരു മകന് അച്ഛണ്റ്റെ മുറിയിലേക്ക് മാറാന്‍, നല്ല കാറ്റും വെളിച്ചവും സൌകര്യമുള്ള മുറിയാണത്. മക്കള്‍ക്കെല്ലാം ഇതിനുസമാനമായ ചിന്തകളാണെങ്കില്‍ ഭാര്യക്ക്, എല്ലാം കഴിഞ്ഞിട്ടുവേണം നന്നായിട്ടൊന്നുറങ്ങാന്‍! എത്രദിവസമായി ഊണുമില്ല ഉറക്കവുമില്ല; മരുന്നുകളുടെയും മുറതെറ്റിയിരിക്കുന്നു. കിടപ്പിലായാല്‍ ആരുണ്ടു നോക്കാന്‍. പേരക്കുട്ടിയാണെങ്കില്‍ മരണം ലൈവ് കാണാനുള്ള കൊതിയോടുകൂടി നിലയുറപ്പിച്ചിരിക്കുന്നു.
ആരുടെയും മുഖം കാണെണ്ടന്ന വിചാരത്തില്‍ രോഗി കണ്ണുമടച്ച് ഊര്‍ദ്ധശ്വാസം വലിച്ച് മരണത്തെ പ്രതീക്ഷിച്ചു കിടന്നു. നന്നായി വസ്ത്രധാരണം ചെയ്ത ഒരാള്‍ തിക്കിതിരക്കി രോഗിയുടെ അടുത്തേക്ക് നീങ്ങി വിളിച്ചുണര്‍ത്തി ഒരു ചെക്കും അദ്ദേഹത്തിണ്റ്റെ കൈയ്യില്‍വെച്ച് കൊടുത്തു. രോഗി വിറക്കുന്ന കൈയിലിരിക്കുന്ന ചെക്കിലേക്ക് ഒന്നു നോക്കി. ൧൦ ലക്ഷം രൂപയുടെ പോളിസി കാലാവധിയെത്തിയിരിക്കുന്നു!വര്‍ഷങ്ങള്‍ക്കു മുമ്പ് ഏജണ്റ്റിനെ പരിചയപ്പെട്ടതും അയാളുടെ പ്രേരണക്കുവഴങ്ങി പോളിസിയെടുത്തത് മനസ്സില്‍ തെളിഞ്ഞുവന്നു. ഓരോ മൂന്നുമാസം കൂടുംതോറും നിറഞ്ഞ ചിരിയോടെ പ്രത്യക്ഷപ്പെടും. ജീവിതത്തിണ്റ്റെ ആത്യാവശ്യങ്ങള്‍ക്കായി വെച്ചിരുന്ന പണം എത്ര പ്രലോഭപ്പിച്ചാണ് അടപ്പിച്ചിരുന്നത്!
പൂര്‍ത്തീകരിക്കാനാകാതെ എത്രയെത്ര ആഗ്രഹങ്ങളാണ് ബാക്കിയായത്! വെറുപ്പോടു കൂടി അയാള്‍ എല്ലാവരെയും ഒന്നുനോക്കി. പെട്ടെന്ന് ചെക്ക് ചുരുട്ടി വായിലേക്കിട്ടു ചവച്ചു. അവ്യക്തമായ സ്വരത്തില്‍ വെള്ളം വെള്ളമെന്നു വിളിച്ചു കൂവി. ഭാര്യ വേഗം വെള്ളം വായിലേക്ക് ഒഴിച്ചു കൊടുത്തു. മരിച്ചു കൊണ്ടിരിക്കുന്ന കാല് പൊക്കി അയാള്‍ ഏജണ്റ്റിണ്റ്റെ നാഭിക്ക് ഒറ്റചവിട്ട്! ശേഷം ശാന്തനായി കണ്ണുകളടച്ചു. എന്നേന്നക്കുമായ്.