Sunday, 14 August 2011

എന്നെ ഏറ്റവും സ്വാധീനിച്ചതു ഉപനിഷത്ത്‌ ദർശനങ്ങളാണ്‌




കെ.എസ്.അനിയൻ



 കാൾവൈശാഖി എന്ന നോവലിന്റെ രചയിതാവ് കെ.എസ് അനിയനുമായി മലയാളസമീക്ഷ ന്യൂസ് സർവ്വീസ്    നടത്തിയ അഭിമുഖം




1. കാൾ വൈശാഖി എഴുതാൻ എത്ര കാലമെടുത്തു?


  കാൾ വൈശാഖി എന്ന നോവൽ മുൻകൂട്ടി നിശ്ചയിച്ച ഒന്നായിരുന്നില്ല. തികച്ചും ആകസ്മികമായാണ്‌ കൊൽക്കത്തയിൽ എത്തിപ്പെടുന്നത്‌. തൊണ്ണൂറുകളുടെ തുടക്കത്തിൽ. കുട്ടിക്കാലം മുതലേ വായിച്ച നിരവധി ബംഗാളി നോവലുകളിലൂടെ എന്നെ വല്ലാതെ മോഹിപ്പിച്ച ഒരു നഗരമായിരുന്നു കൊൽക്കത്ത. അവിടെ എത്തിപ്പെട്ടപ്പോൾ ഒരു കഥാകാരന്റെ മനസ്സ്‌ സ്വയമറിയാതെ ഉണർന്നുപോകുകയായിരുന്നു. ഒടുങ്ങാത്ത വിസ്മയത്തോടെ ഞാൻ അലഞ്ഞു നടന്ന ഗള്ളികൾ, നഗരവീഥികൾ, ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ . . .  കൊൽക്കത്ത എന്നും വിസ്മയം മാത്രം തന്നു. തിരിച്ചുപോന്നിട്ടും എന്തെങ്കിലും എഴുതാൻ കഴിയുമെന്ന്‌ കരുതിയിരുന്നില്ല.

ഒടുവിൽ, അഞ്ചു വർഷങ്ങൾക്കു മുമ്പാണ്‌ കൊൽക്കത്തയുടെ കഥ മനസ്സിൽ ഉണരുന്നത്‌. എഴുതി തുടങ്ങാൻ പിന്നെയും കാലമെടുത്തു. ശരീരം അലഞ്ഞ ദേശങ്ങളിലൂടെ പിന്നീട്‌ മനസ്സിന്റെ തേരോട്ടമായിരുന്നു. എത്രയോ വർഷങ്ങൾക്കു മുമ്പ്‌ കണ്ട ജീവിതങ്ങൾ, സന്ദർഭങ്ങൾ, മഴ, കാറ്റ്‌, ഗന്ധങ്ങൾ, പ്രണയം, വഞ്ചന, ഒക്കെയും അതേ മിഴിവോടെ മനസ്സിലേയ്ക്ക്‌ ഇരച്ചെത്തി എഴുതി തുടങ്ങിയപ്പോൾ അത്ഭുതം തോന്നി. ഒക്കെയും കൺമുന്നിൽ നിറഞ്ഞ്‌ കഥയാകുന്നു. വിസ്മയിപ്പിക്കുന്ന ജീവിതമാകുന്നു. എഴുത്ത്‌ വേഗത്തിലായിരുന്നു. രണ്ടുമാസം കൊണ്ട്‌ എഴുതി തീർക്കാനായി.

 ഈ നോവൽ സ്വാനുഭവമാണോ?
  എന്റെ ഒരു രചനയും എന്നിൽ നിന്ന്‌ അന്യമല്ല. സ്വന്തം അനുഭവം ആണോ എന്നു ചോദിച്ചാൽ പൂർണ്ണമായും അല്ല. പക്ഷേ, ആത്മാംശം ഏറെയാണ്‌. എന്റെ മറ്റ്‌ മുൻകാല കൃതികളെപ്പോലെ ഈ നോവലിലും എന്റെ ആത്മാംശം ധാരാളമായുണ്ട്‌.

 ഒരു എഴുത്തുകാരന്റെ അനുഭവങ്ങൾ നാലു തരത്തിലാണെന്ന്‌ ഞാൻ കരുതുന്നു. ഒന്ന്‌, സ്വന്തം അനുഭവം. രണ്ട്‌, അയാൾ നേരിട്ട്‌ കണ്ടറിഞ്ഞ മറ്റുള്ളവരുടെ അനുഭവങ്ങൾ. മൂന്ന്‌, അയാൾ കേട്ടറിഞ്ഞ അനുഭവങ്ങൾ. ഒടുവിൽ, അയാൾ വായിച്ചറിഞ്ഞത്‌. ഇത്‌ നാലും ഒരേ അളവിൽ അനുഭവിച്ചറിയുമ്പോൾ അതൊക്കെയും അയാളുടെ സ്വാനുഭവമായി മാറുന്നു. ഈ രസതന്ത്രം ഒരു എഴുത്തുകാരന്റേത്‌ മാത്രമാണ്‌. ഋ​‍ാ​‍ുമവ്യേ എന്ന്‌ ഇംഗ്ലീഷിൽ പറ്റുന്ന ഈ രാസപ്രക്രിയ്ക്ക്‌ പ്രാപ്തനാകുന്ന ഒരാൾക്ക്‌ മാത്രമേ എഴുത്തുകാരനാകാൻ കഴിയൂ.

 താങ്കൾ ഇതിൽ പ്രണയിച്ച സന്ദർഭങ്ങൾ ഏതെല്ലാം? 

 പ്രണയം, ഒരു വികാരത്തേക്കാൾ അപ്പുറം ഒരു അനുഭവമാണ്‌. നോവും സുഖവും ഇടകലരുന്ന ഒരനുഭവം. അത്‌ എന്തിനോടുമാകാം. സ്ത്രീയോടാകാം പ്രകൃതിയോടാകാം, സൗഹൃദത്തിനോടാകാം. അങ്ങനെ എന്തിനെയും ഒരു മനുഷ്യന്‌ പ്രണയിയ്ക്കാനാകും. പ്രണയിയ്ക്കാൻ പ്രാപ്തമായ ഒരു മനസ്സുണ്ടാകുക എന്നതാണ്‌ പ്രധാനം. അതിന്‌ ആർദ്രതവേണം. വഴക്കമുള്ള മനസ്സുവേണം. ഞാൻ പ്രണയിച്ചതിനേക്കാൾ എത്രയോ തുച്ഛമാണ്‌ ഈ നോവലിലെ സന്ദർഭങ്ങൾ.

 ഈ നോവലിൽ ഉപനിഷത്‌ ദർശനങ്ങൾ എങ്ങനെ വന്നു?

  തത്വചിന്തയാണ്‌ ഉപനിഷത്തുക്കളിൽ പ്രതിപാദിയ്ക്കുന്നത്‌. അതും ഇതും എന്നുള്ള ചിന്ത. തത്വചിന്തയ്ക്ക്‌ ഫിലോസഫി എന്ന വാക്കുകൊണ്ട്‌ ഭാഷാന്തരം ചെയ്യാൻ പറ്റില്ല. തത്വചിന്തയുടെ വ്യാപ്തി ഫിലോസഫി എന്ന വാക്കിനില്ല.

  ഉപനിഷത്തുക്കളിലേയ്ക്ക്‌ ആദ്യം കൈപിടിച്ചു നടത്തിയത്‌ അച്ഛനാണ്‌. ആ ലോകം കുട്ടിക്കാലം മുതൽക്കേ എന്നെ വല്ലാതെ അമ്പരിപ്പിച്ചിട്ടുണ്ട്‌. ഭാരതീയദർശനത്തിന്‌ ഒപ്പം വെയ്ക്കാവുന്ന മറ്റൊന്നില്ല എന്നു ഞാൻ കരുതുന്നു. ഫിലോസഫിയുടെ പാരമ്യതയാണ്‌ ഉപനിഷത്തുക്കൾ. ഒരു മനുഷ്യായുസ്സുകൊണ്ട്‌ പൂർണ്ണമായി ഗ്രഹിയ്ക്കാവുന്നതല്ല ഉപനിഷത്തുക്കൾ എന്നു ഞാൻ കരുതുന്നു. ഒരുപാട്‌ മനസ്സിലാക്കാൻ ശ്രമിച്ചിട്ടും ഞാൻ അതിന്റെയൊക്കെ ഒരിക്കലെങ്കിലും എത്തിയിട്ടില്ല. പക്ഷേ, എന്നെ ഏറ്റവും സ്വാധീനിച്ചതു ഉപനിഷത്ത്‌ ദർശനങ്ങളാണ്‌. ആ സ്വാധിനം എന്റെ എല്ലാ രചനയിലും ഉണ്ടാകും. എങ്കിലും അതെല്ലാം തന്നെ കഥാ സന്ദർഭങ്ങൾക്കു ചേരുന്ന രീതിയിൽ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്നു ഞാൻ വിശ്വസിക്കുന്നു.

 താങ്കൾ അദ്വൈത വാദിയാണോ?
  തീർച്ചയായും. ഞാൻ അദ്വൈതത്തിൽ വിശ്വസിക്കുന്നു. രണ്ടല്ല, ഒന്നുതന്നെയാണ്‌ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. സകലതിലും നിറഞ്ഞിരിക്കുന്ന ആ പരംപൊരുളിന്റെ ഒരംശം തന്നെ നമ്മളും. ' ഈശാവാസ്യമിദം സർവ്വം' എന്നല്ലേ ഉപനിഷത്‌ വാക്യം.

ഈ കൃതി ഒരു സത്യാന്വേഷണമാകുന്നതെങ്ങനെ?
  ഈ നോവൽ ഒരു നല്ല കൃതിയായി ആരെങ്കിലും വിലയിരുത്തുന്നുണ്ടെങ്കിൽ, തീർച്ചയായും ഇതൊരു സത്യാന്വേഷണം തന്നെ. എല്ലാ നല്ലാ സാഹിത്യ സൃഷ്ടികളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സത്യാന്വേഷണം തന്നെയാണ്‌.

 ഞാൻ സത്യാന്വേഷണം നടത്തുക മാത്രമേ ചെയ്യുന്നുള്ളൂ. ഇതാണ്‌ സത്യം എന്ന്‌ ഉറപ്പിച്ചു പറയാൻ ഞാൻ പ്രാപ്തനല്ല. സ്വർണ്ണപാത്രം കൊണ്ട്‌ മൂടപ്പെട്ടിരിക്കുകയാണല്ലോ സത്യം. ഹിരൺമയേന പാത്രേന സത്യസ്യഹിതം മുഖം.