Wednesday 14 December 2011

പുറപ്പാട്


ലോക വ്യവഹാരങ്ങളില്‍നിന്നും
ഞാന്‍ പിന്‍വലിഞ്ഞ രാത്രിയില്‍
അവന്‍ അഭയം തേടിയെത്തി.
എനിക്ക് ആള്‍ക്കൂട്ടവും
അവന്‌ ഏകാന്തതയും
ഭയമായിരുന്നു.
അവന്‍റെ കണ്ണുകളില്‍
സ്വപ്നത്തിന്‍റെ നക്ഷത്രങ്ങള്‍
എരിഞ്ഞടങ്ങിയ ഇരുട്ട്.
നടന്ന പാതകളത്രയും
പാദങ്ങളില്‍.
കിട്ടാതെ പോയ ഭിക്ഷകളത്രയും
കൈകളില്‍.
പിളര്‍ന്ന നാവില്‍
‍ഫലിക്കാതെ പോയ പ്രാര്‍ത്ഥനകള്‍.
ഓര്‍മ്മകള്‍ക്ക് തീ പിടിച്ച ഗന്ധം.
കണ്ണീരിനു പച്ചില കത്തുന്ന നീറ്റല്‍.
നിശ്വാസങ്ങള്‍ക്ക് ഉപ്പുകാറ്റുപിടിച്ച
മുറിവുകളുടെ നിലവിളി.
പൊള്ളുന്ന വാക്കിനാല്‍
അവന്‍ കിടക്കാനിടം ചോദിച്ചു.
ഞാനോ ജന്മം ധൂര്‍ത്തടിച്ച്
സത്രത്തില്‍ പാര്‍ക്കുന്നവന്‍
കിനാവുകള്‍ക്ക് വിഷം കൊടുത്ത നാട്ടിലെ
മനുഷ്യരെക്കുറിച്ചവന്‍
പറഞ്ഞുകൊണ്ടേയിരുന്നു.
അറിവുകളുടെ ഭാരമില്ലാത്ത
സ്നേഹമെന്തെന്നവന്‍ ചോദിച്ചു.
ഭൂമിയിലെ മാലാഖമാരെ തേടിയിറങ്ങി
സാത്താന് സുവിശേഷം പാടുന്ന
കുഞ്ഞാടുകളെ കണ്ട നിരാശകളായിരുന്നു
അവന്‍റെ ഡയറി മുഴുവന്‍.
ദൂരേക്ക്‌ പോകുന്ന പാതകളൊന്നും
ഇനി ബാക്കിയില്ലെന്നും
ഹിംസയുടെ പാനപാത്രങ്ങളില്‍
ഭൂമിയുടെ രക്തം തിളക്കുന്നുണ്ടെന്നും
അടിക്കുറിപ്പായി പറഞ്ഞു
സ്വന്തം കൈപ്പത്തി തലയ്ക്കു കീഴില്‍വച്ച്
അവനുറങ്ങാന്‍ കിടന്നു.
പിറ്റേന്ന് ഞാനുണര്‍ന്നു നോക്കുമ്പോൾ
‍അവന്‍ കിടന്നിടത്ത്
ഒരുപിടി ചാരം മാത്രം.
അവന്‍ നടന്ന വഴികളിലത്രയും
അത്‌ വിതറാനായ്
ഒരു മണ്‍കുടം മാത്രം
കൈകളില്‍ താങ്ങി
ഞാനിതാ പോകുന്നു.