Wednesday 14 December 2011

മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട്‌


സത്യൻ താന്നിപ്പുഴ
       ദേവദാസ്‌ സാഹിത്യകാരനാണ്‌; റയോൺസിലെ ഉദ്യോഗസ്ഥനായിരുന്നു. സപ്തതി കഴിഞ്ഞ
ദേവദാസ്‌ മുഴുവൻ സമയവും സാഹിത്യരചനയ്ക്കുവേണ്ടി വിനിയോഗിച്ചു വരുന്നു.
ബാലസാഹിത്യ രംഗത്താണ്‌ രചന നടത്തുന്നത്‌. നാൽപതോളം ബാലസാഹിത്യ കൃതികൾ
പ്രസിദ്ധീകരിച്ചു.
       ദേവദാസിന്റെ ബാലസാഹിത്യകൃതികൾ പലതും എസ്‌.എസ്‌.എ സ്കീമിൽ ഉണ്ട്‌.
കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ്‌. പുസ്തകങ്ങൾ വായിച്ച്‌
കുട്ടികൾ ദിവസവും സാഹിത്യകാരന്‌ ഫോൺ ചെയ്യാറുണ്ട്‌.
       പുതിയ പുസ്തകങ്ങൾക്ക്‌ വേണ്ടി പ്രസാധകർ പലരും സമീപിക്കാറുണ്ട്‌.
എല്ലാവർക്കും വേണ്ട പുസ്തകങ്ങൾ എഴുതികൊടുക്കാൻ കഴിയാതെ വന്നു.
എഴുതികൊണ്ടിരിക്കുമ്പോൾ കൈയുടെ തള്ളവിരൽ കോച്ചിപിടിക്കും. തുടർന്ന്‌
എഴുതാൻ പ്രയാസ്സമായി.
       ഇനി എന്തു ചെയ്യും? ദേവദാസ്‌ ആലോചിച്ചു.
       ആ സന്ദർഭത്തിലാണ്‌ അക്ഷയ വഴി കമ്പ്യൂട്ടർ ഗ്രാമങ്ങളിൽ പഠിപ്പിക്കുവാൻ
തുടങ്ങിയത്‌. ദേവദാസ്‌ കമ്പ്യൂട്ടർ പഠിക്കുവാൻ അക്ഷയയിൽ ചെന്നു. അവിടെ
ജോലിയില്ലാതിരുന്ന വീട്ടമ്മമാരാണ്‌ പഠിക്കുവാൻ വന്നത്‌. അവരുടെ
കൂട്ടത്തിലേക്ക്‌ ഒരു വയസ്സൻ ചെന്നപ്പോൾ വീട്ടമ്മമാർക്ക്‌ ചിരിവന്നു."
       "എന്തിനാണ്‌ ഈ വയസ്സുകാലത്ത്‌ കമ്പ്യൂട്ടർ പഠിക്കുന്നത്‌" അവർ ചോദിച്ചു.
       ദേവദാസ്‌ പ്രതികരിച്ചില്ല. ജീവിതം വച്ചു നീട്ടുന്ന അവസരങ്ങൾ ദേവദാസ്‌
വേണ്ടപോലെ ഉപയോഗപ്പെടുത്തി. ശരീരത്തിന്‌ പ്രായമായെങ്കിലും അയാളുടെ
മനസ്സിനു ചെറുപ്പമായിരുന്നു. വയസ്സായി എന്നു പറഞ്ഞ്‌ വീട്ടിൽ അടങ്ങി
ഒതുങ്ങി ഇരിക്കുവാൻ ദേവദാസ്‌ തയ്യാറായില്ല. അൽപം അറിവു കൂടിപോയതു കൊണ്ട്‌
ഒരുദോഷവും വരാനില്ലെന്ന്‌ അയാൾക്കറിയാമായിരുന്നു. പുത്തൻ അറിവുകൾ നേടാനും
കാലത്തിനനുസരിച്ച്‌ ജീവിക്കാനും അയാൾ തയ്യാറായി. കമ്പ്യൂട്ടർ പഠിച്ച്‌
എഴുത്ത്‌ കമ്പ്യൂട്ടറിലാക്കി. ഡി.ടി.പി. എടുത്ത്‌ പ്രിന്റു ചെയ്തു കഥകൾ
മാധ്യമങ്ങൾക്ക്‌ അയച്ചു കൊടുത്തു. പുസ്തകം ഡി.ടി.പി എടുത്ത്‌ ലേഔട്ട്‌
ചെയ്തു സി.ഡി.യിലാക്കി പ്രസാധകർക്കു കൊടുത്തു. എഴുത്ത്‌ വളരെ എളുപ്പമായി.
       സാഹിത്യകാരനായ ഒരു സുഹൃത്ത്‌ ദേവദാസിന്റെ വീട്ടിൽ വന്നു. ദേവദാസ്‌
കമ്പ്യൂട്ടറിൽ വളരെ വേഗത്തിൽ ടൈപ്പ്‌ ചെയ്യുന്നതു കണ്ടു. അയാൾ ചോദിച്ചു:
"ഈ വയസ്സുകാലത്ത്‌ എങ്ങിനെ ഇതു പഠിച്ചു."
ദേവദാസ്‌ പറഞ്ഞു:"മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്‌. വയസ്സായി
എന്നെക്കൊണ്ട്‌ കഴിയില്ല എന്നുവിചാരിച്ചിരുന്നാൽ ഒന്നിനും കഴിയില്ല.
എനിക്കു കഴിയും ഞാൻ ഇതു പഠിക്കും എന്നു വിചാരിച്ചു പഠിക്കാൻ തയ്യാറായാൽ
താങ്കൾക്കും പഠിക്കാൻ കഴിയും. പുതിയ അറിവുകൾ നേടാൻ പലരും
തയ്യാറാകുന്നില്ല. വയസ്സായി ഇനി ഇതുമതി എന്നുവിചാരിച്ചിരിക്കുന്നവരാണ്‌
പലരും. അവർക്ക്‌ പുതിയതൊന്നും നേടാൻ കഴിയില്ല. അവസരങ്ങൾ വേണ്ടപോലെ
ഉപയോഗിക്കാൻ പഠിക്കണം.