Wednesday 14 December 2011

അഞ്ചാം ഭാവം-

    ഗേൾ ചൈൽഡ്- മഹാരാഷ്ട്രയിലെ  നകോഷിമാരും നകുസമാരും
ജ്യോതിർമയി ശങ്കരൻ


ആരാണീ നകോഷിമാരും നകുസമാരും എന്നു കരുതുന്നുണ്ടാവും, അല്ലേ? മഹാരാഷ്ട്രയിലെ  നിർഭാഗ്യകളായ പെൺകുട്ടികളാണിവർ. നിർഭാഗ്യകളെന്ന് ഞാൻ എടുത്തു പറയുന്നതെന്തുകൊണ്ടണെന്നോ? അവരുടെ പേർ തന്നെ കാരണം. നകുസ /നകുഷ /നകോഷി എന്നൊക്കെ പറഞ്ഞാൽ മറാഠിയിൽ അർത്ഥം ‘നൊകൊ ഹോത്തി ‘അതായത് ‘അൺ വാൺ ടഡ്‘എന്നാണ്. അതായത് ആ പേരുള്ള പെൺകുട്ടികൾ എല്ലാം തന്നെ ഈ ഭൂമിയിലെത്തിച്ചേർന്നത് അവരുടെ മാതാപിതാക്കളുടെ ആഗ്രഹത്തിന്നെതിരായാണെന്നു ഉദ്ഘോഷിയ്ക്കുന്ന പേരുകൾ.ആൺകുഞ്ഞിനായി മോഹിച്ച് പെൺകുഞ്ഞായാൽ ഇങ്ങിനെ പേരിട്ടാൽ അടുത്ത കുഞ്ഞ് ആൺകുഞ്ഞാകുമെന്ന അന്ധവിശ്വാസത്തിന്റെ പ്രത്യക്ഷോദാഹരണം.

ആ പേരിടുന്നതു കൊണ്ട് സ്വന്തം കുഞ്ഞിനുണ്ടാകുന്ന മാനസികവിഷമത്തെക്കുറിച്ചിവർക്കെന്തു കൊണ്ടു ചിന്തിയ്ക്കാനായില്ല?പിന്നോക്കപ്രദേശങ്ങളിലെ ഉൾഗ്രാമങ്ങളിലാണിത് പലപ്പോഴും സംഭവിയ്ക്കുന്നതെങ്കിലും പ്രശ്നത്തിന്റെ ഗൌരവം കുറയുന്നില്ല. സ്വതന്ത്ര ഭാരതത്തിലെ പെൺകുഞ്ഞുങ്ങളുടെ അവസ്ഥ ഈ കാലഘട്ടത്തിലും ഇങ്ങനെയെന്ന അറിവ്  നമ്മെ ലജ്ജിപ്പിയ്ക്കുന്നില്ലേ? ആൺകുഞ്ഞിനായുള്ള അദമ്യമായ മോഹം , സ്വന്തം കുലത്തിന്റെ നിലനിൽ‌പ്പ് എന്നിവയ്ക്കു മുന്നിൽ പെൺകുഞ്ഞിന്നും ഇവിടെ പിന്തള്ളപ്പെടുന്നു, അവഹേളനങ്ങൾക്കു പാത്രമാകുന്നു, നശിപ്പിയ്ക്കപ്പെടുന്നു. ഈ ദുരവസ്ഥയ്ക്കൊരവസാനം കുറിയ്ക്കാനാകില്ലേ?


ഇത് പോലെ ഇന്ത്യയിലെ മറ്റേതെങ്കിലും പ്രദേശങ്ങളിൽ ഇത്തരം ദുഷിച്ച പ്രവണതകൾ നടപ്പിലുണ്ടോയെന്നറിയില്ല. ഓരോ പ്രദേശങ്ങൾക്കും അതിന്റേതായ എന്തെങ്കിലുമൊക്കെ അന്ധവിശ്വാസങ്ങൾ കാണാതിരിയ്ക്കില്ലല്ലോ? മഹാരാഷ്ട്രയിലെ സത്താറയിലും സമീപപ്രദേശങ്ങളിലുമായി ഏതാണ്ട് 150ൽ അധികം നകുസമാരും നകോഷിമാരും ഉണ്ടെന്ന അറിവ് ഗവണ്മെന്റിന്റെ ശ്രദ്ധയിൽ‌പ്പെടുകയുണ്ടായതിന്റെ ഫലമായി അവർക്കെല്ലാം പേർ മാറ്റുന്നതിനായി സൌകര്യം ചെയ്തു കൊടുക്കുകയുണ്ടായി. വളരെ സന്തോഷം നൽകുന്ന കാര്യം തന്നെ. കാരണം പുതിയ തലമുറയ്ക്കറിയാനാകും, തനിയ്ക്കെന്തുകൊണ്ടാണീ പേർ കിട്ടിയതെന്ന്. അതവരെ വിഷമിപ്പിയ്ക്കുകയും ചെയ്യും.


സ്വന്തം പേരിനെ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല.ആരെങ്കിലും നമ്മളെ പേരെടുത്തു വിളിയ്ക്കുമ്പോൾ തോന്നുന്ന വികാരവും സന്തോഷകരം തന്നെ. പക്ഷേ ഇവിടെ ഓരോ വിളിയും ഓരോ നിമിഷവും താനിവിടെ ക്ഷണിയ്ക്കപ്പെടാതെ വന്നു കേറിയവളാണെന്ന ബോധമാണുണ്ടാക്കുന്നതെങ്കിൽ? അപ്പോൾ അതെങ്ങിനെ സന്തോഷജനകമാവും?  നിരക്ഷരരായ പഴയ തലമുറ അതേക്കുറിച്ചത്ര ബോധവതികളായിരുന്നില്ലെന്നിരിയ്ക്കാം. പക്ഷേ പുതിയ തലമുറ സാക്ഷരതയുടെ ചുവടു പിടിച്ചു അന്ധവിശ്വാസങ്ങൾക്കെതിരെ നീന്തുന്നവരാണല്ലോ? ഈ വിളികൾ അവരുടെ മനസ്സിൽ അഗാധമായ വ്രണങ്ങൾ തന്നെയല്ലേ ഉണ്ടാക്കുക? പെണ്ണായി ജനിയ്ക്കാനിടയായതിലെ മനോവിഷമം മരിയ്ക്കുന്നതു വരെ അവളെ പിന്തുടരാതിരിയ്ക്കില്ല. കൌമാരത്തിലും യൌവനത്തിലും ഇവ തീക്ഷ്ണമാകുമ്പോൾ ഭർത്തൃഗൃഹത്തിലെ അന്തരീക്ഷം അവളെ മരണത്തിലേയ്ക്കു തന്നെ ആകർഷിച്ചെന്നിരിയ്ക്കാം. തനിയ്ക്കൊരു പെൺകുഞ്ഞു ജനിയ്ക്കല്ലേയെന്നവൾ പ്രാർത്ഥിച്ചേയ്ക്കാം. ഹൃദയം കാർന്നു തിന്നുന്ന വേദന ഇവർക്കു കൂടപ്പിറപ്പായി മാറുന്നു. 


ഈ അവസ്ഥ മാറ്റാൻ ഒരു പേരുമാറ്റത്തിനു കുറച്ചെങ്കിലും കഴിയുമെങ്കിൽ നല്ലതു തന്നെ.മറ്റൊരു ദുഷിച്ച പ്രവണതകൂടി ഇതു കാരണം കൊണ്ട് ഇത്തരക്കാർക്കിടയിൽ കാണാതെ  വരില്ല. സ്വയം അനുഭവിച്ച മാനസിക പീഡനം ഇനിയും തന്റെ പെണ്മക്കൾക്കു കിട്ടരുതേയെന്ന അഗാധമായ ആഗ്രഹം പെൺകുഞ്ഞുങ്ങളെ ജനിച്ചയുടൻ ഇല്ലായ്മ ചെയ്യാൻആ അമ്മമാരെ പ്രേരിപ്പിച്ചെന്നു വരാം. അഥവാ അവളെ ജീവിയ്ക്കാനനുവദിയ്ക്കുകയാണെങ്കിൽ  അവൾ തീർച്ചയായും വീടിനകത്തു തന്നെ പലതരം അവഹേളനങ്ങൾക്കു പാത്രമാകുമെന്നവർക്കറിയാം. കഴിഞ്ഞ ലക്കത്തിലെ എന്റെ ലേഖനം വായിച്ച ഒരു സഹൃദയൻ പറഞ്ഞിരുന്നു: “ഒരു പരിധിവരെ സ്ത്രീ ഭ്രൂണഹത്യക്ക്‌ സ്ത്രീകള്‍ത്തന്നെ കൂട്ടുനില്‍ക്കുന്നു എന്ന സത്യവും നാം മറക്കുവാന്‍ പാടില്ലാത്തതാകുന്നു.“ എന്ന്. കരയുന്ന ഈ അമ്മ മനസ്സുകളെ മനസ്സിലാക്കാൻ ഇനിയെങ്കിലും നമുക്കു കഴിയാനാകുമെങ്കിൽ!


ആൺകുട്ടികൾക്കു കൊടുക്കുന്ന മുൻ ഗണന  ഇവിടെയും ശ്രദ്ധേയം തന്നെ .http://www.ncbi.nlm.nih.gov/pubmed/12158011 GIRL CHILD AND THE FAMILY IN MAHARASHTRA. എന്ന ഈ റിപ്പോർട്ടിലൂടെ ഒന്നു കണ്ണോടിച്ചാലറിയാനാകും, ഈ വ്യത്യാസത്തിന്റെ തീവ്രത.  ഉയർന്ന വിദ്യാഭ്യാസം കൊണ്ടു മാറ്റങ്ങൾ വരുത്താനാകുമെന്ന പ്രതീക്ഷ മാത്രം. വിദ്യാഭ്യാസവും ജോലിയും ജീവിതത്തിലെ  കടമ്പകൾ കടക്കാനവൾക്കു  കൂട്ടിനുണ്ടാകണം. പെൺകുട്ടികളുടെ പൊതുവായ അഭ്യുദയത്തിനും അവരുടെ വിദ്യാഭ്യാസത്തിന്നുമായി ഗവണ്മെന്റ് പുതിയതായി തുടങ്ങി വച്ച   ‘ലാഡ്ലി ലക്ഷ്മി യോജന‘ ഇത്തരുണത്തിൽ ശ്രദ്ധേയമായി വരുന്നു. പ്രശസ്ത ഹിന്ദി കവിയായ ജയശങ്കർപ്രസാദിന്റെ വരികളിൽ നിന്നും പ്രചോദനമുൾക്കൊണ്ട ഈ സംരംഭം ( നാരി,തൂ ശ്രദ്ധ ഹോ! നാരി തൂ സംസ്കാർ ഹോ! നാരി , തൂ  ശക്തി ഹോ ! എന്നാണിവരുടെ  ആഹ്വാനം)പെൺകുട്ടികൾക്ക് വിദ്യാഭ്യാസം തുടരാനായി പ്രചോദനം നൽകുമെന്നാണ് വിചാരിയ്ക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളിലായി നിർദ്ദിഷ്ടമായ തുകകൾ പഠനച്ചിലവിനായി ഇവർക്കു ലഭിയ്ക്കും.  21 വയസ്സു പൂർത്തിയാകുമ്പോൾ ഒരു ലക്ഷത്തിനു മേൽ രൂപയും വാഗ്ദാനം ചെയ്യുന്നതിന്റെ പുറകിലെ ഉദ്ദേശം അവരെ പഠനം നിർത്തുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തലും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കലും തന്നെ. ഈ നല്ല സംരഭം വിജയിയ്ക്കുക തന്നെ വേണം.


വർദ്ധിച്ചു കൊണ്ടിരിയ്ക്കുന്ന ആൺ-പെൺ റേഷ്യോവിലെ വിടവ് നമ്മെ തുറിച്ചു നോക്കുന്നതു പോലെ മറ്റു പല രാജ്യങ്ങളിലും ആശങ്കയ്ക്കിട നൽകുന്നുണ്ട്. കഴിഞ്ഞ വർഷം ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസ് നടത്തിയ സർവ്വേ പ്രകാരം 2020 ആകുമ്പോഴേയ്ക്കും സ്ത്രീ ജനസംഖ്യയുടെ കുറവു കാരണം ചൈനയിലെ അഞ്ചു പുരുഷന്മാർക്കു ഒരു സ്ത്രീ എന്ന നിലയിലെത്തിച്ചേരുമെന്നാണ് കണ്ടത്. അപ്പോഴിത് ഭാരതത്തിലെ മാത്രം പ്രശ്നമല്ലെന്നു മനസ്സിലാക്കാമെങ്കിലും 35 സ്റ്റേറ്റുകളിലും യൂണിയൻ റ്റെറിട്ടറികളിലുമായി നടത്തിയ  സർവ്വേകളിൽ 28ലും സ്ത്രീ ജനന നിരക്കു കുറഞ്ഞു തന്നെ കാണുന്നത് പ്രശ്നത്തിന്റെ രൂക്ഷതയെ വ്യക്തമാക്കുന്നു. ഒട്ടേറെ നകുഷികളും നകോസമാരും പേരുകളിലെ അപമാന ഭാരം താങ്ങുന്നതിന് മുൻപു തന്നെ ഇല്ലാതായിത്തീർന്നിട്ടുണ്ടാവുമെന്ന സത്യമാണ് ഇതിൽ നിന്നും മനസ്സിലാക്കാനാകുന്നത്. അവരെ ലക്ഷ്മികളായി സ്വീകരിയ്ക്കാനുള്ള ഗവണ്മെന്റിന്റെ ആഹ്വാനം ശരിയ്ക്കും പ്രശ്നത്തിന്റെ സങ്കീർണ്ണത മനസ്സിലാക്കിത്തന്നെയുള്ള ഒരു പദ്ധതി തന്നെ.


ആണുകുഞ്ഞുങ്ങൾ ഉണ്ടായാലേ കുലം നിലനിർത്താനാകൂയെന്ന വിചാരവും  പെൺകുട്ടികളെ ഭാരമായിക്കാണുന്നതുമാണല്ലോ അവരെ ഇല്ലായ്മ ചെയ്യുന്നതിനായിക്കാണുന്ന  കാരണം.  ഇവിടെയിതാ അവരെ ഭാരമല്ലാതാക്കിത്തീർക്കാനായൊരു ശ്രമം. ആൺകുഞ്ഞുങ്ങളെയപേക്ഷിച്ച് വിദ്യാഭ്യാസച്ചെലവുകൾ  കുറവ്.   നമുക്കാശ്വസിയ്ക്കാം, ഇനിയെങ്കിലും നകോഷിമാരും നകുസമാരും ഇവിടെ ജന്മമെടുക്കുകയില്ലെന്ന്.  ഒന്നും കൂടി....സ്ത്രീ തന്നെ ധനമാകുമ്പോൾ/ ലക്ഷ്മിയായി മാറുമ്പോൾ, സ്ത്രീധനമെന്ന പിശാചിനെക്കൂടി നമുക്കു പിഴുതെറിയാനായെങ്കിൽ!