Showing posts with label santhamenon. Show all posts
Showing posts with label santhamenon. Show all posts

Wednesday, 14 December 2011

വെറുതെ


ശാന്താമേനോൻ



പരിമിതികളുടെ സമചതുരത്തിന്
പ്രീണനത്തിന്‍റെ ചിന്തേരിട്ടു മിനുക്കി
നിനക്ക് സമ്മാനിക്കാനാണ്
എനിക്കിപ്പോള്‍ ഏറെ ഇഷ്ട്ടം.
ചിത്രങ്ങളൊക്കെ മനസ്സില്‍ കോറിയിടാം.
ചിന്തകളെ അലയാനായച്ച്
ഓര്‍മകളുടെ മധുരം നുകര്‍ന്ന്,
വൈതരണികള്‍ താണ്ടാം.
പറയാം.....
പുഴയുടെ പ്രണയ ചുഴികളെക്കുറിച്ച്.
നീലമലയുടെ കാണാപ്പുറങ്ങളെപ്പറ്റി.
ആകാശത്തിനു മുറിവുണ്ടെന്നും.
ഇനി മറക്കണം, മാച്ചെഴുതണം,
സുഷിരം നിറഞ്ഞ പച്ചില
കാറ്റത്തിളകിയാടും പോലത്തെ
മനസ്സ് വേണം.
പ്രലോഭനങ്ങളുടെ ചാരുതയില്‍
മന്ദഹസിക്കുന്ന നിഴലുകളും.

Tuesday, 15 November 2011

വിഷാദം

ശാന്താമേനോൻ


എന്‍റെ ഓരോ നിശ്വാസങ്ങളും
ചാറ്റല്‍ മഴയായി
നിന്‍റെ മനസ്സില്‍ നിപതിച്ചത്
അറിഞ്ഞില്ലെന്നു നടിക്കാന്‍
യാദൃശ്ചികതയുടെ മുനമ്പില്‍
ഉപാധിയുടെ സമതലം
പടര്‍ത്തിയത്‌ ഞാനല്ല.
ഏച്ചു കെട്ടിയ അതിരിലാകെ
പൂ വള്ളികള്‍ ചുറ്റി വരിഞ്ഞതും
പാതി മുറിഞ്ഞ ദിവാസ്വപ്നം
നിന്‍റെ അതിഥിയായെത്തിയതും
ഞാനറിഞ്ഞതെയില്ല.
മാസ്മരീകമായ,
മര്‍മരങ്ങള്‍ ഉതിര്‍ക്കുന്ന,
അരൂപിയായി വന്നണഞ നിന്നെ,
ചെഞ്ചോരയുടെ വര്‍ണത്തില്‍
മായാചിത്രമാക്കാന്‍
നിഗുഡമായ ഈ സ്മാരകശില ധാരാളം.

Sunday, 14 August 2011

മഴ പറഞ്ഞത്.

ശാന്താമേനോൻ

ജനലടയ്ക്കരുത്, മഴ പറഞ്ഞു.
ഒരു തുള്ളിയായി പറന്നിറങ്ങി
മനസ്സ് നനക്കാം.
പേമാരിയായി പെയ്തൊഴുകാന്‍
വാതിലും തുറന്നു വക്കുക.
ആകാശത്തിനരികിലോളം നിറയുമ്പോള്‍
കുമിളകള്‍ പുളയുമ്പോള്‍ പറയരുത്
ഇതൊരു നിരര്‍ത്ഥകമായ സങ്കല്‍പ്പമാണെന്ന്.
കാരണം കാത്തിരിപ്പിന്‍റെ നിഴലുകള്‍
പൊടുന്നനെ അനുപാതം തുല്യമാക്കി
അപ്രത്യക്ഷമായിരിക്കുന്നു.
നനഞ്ഞു കുതിര്‍ന്ന് ആരോ നടന്നടുക്കുന്നത്
വെറും കിനാവ്‌.
പുറത്ത് കത്തുന്ന വെയിലല്ലേ?
- Show quoted text -