Showing posts with label o v usha. Show all posts
Showing posts with label o v usha. Show all posts

Saturday, 14 January 2012

കറുത്ത പക്ഷി




ഒ.വി.ഉഷ


കൃഷ്ണപക്ഷവിരഹോഗ്രപക്ഷ-
ചലനം,
ഹൃദംബരമന്റെ
ദീപരഹിതം...

അറ്റുവീണ പക-

ലറ്റൊരാശ മമ
ദൃഷ്ടികെട്ടു കറുത്ത ചാരമൊ-
രിറ്റുശിഷ്ടമിവിടെ...
അല്ല,യല്ല പകലല്ല, വത്സര-
മല്ലി,നീണ്ട യുഗ-
മല്ലീ നീങ്ങയ-
തോർമ്മ മങ്ങിയണഞ്ഞു
താനെയിവിടെ...

കൃഷ്ണപക്ഷവിരഹോഗ്രപക്ഷ-

ചലനം
ചിദംബര-
മെന്റെ നാദഭരിതം...

ഹൃദംബര-

മെന്റെ-
ദീപരഹിതം...

Tuesday, 15 November 2011

ബിംബകല്‍പനകളുടെ ലാവണ്യം

ബിംബകല്‍പനകളുടെ ലാവണ്യം
ഒ.വി. ഉഷ
 മലയാള കവിതയ്ക്കു മുമ്പില്‍ ഉണര്‍ന്നിരിക്കുന്ന ഒരു കവി ചേതന 'അക്ഷരാര്‍ത്ഥങ്ങളില്‍' സ്പന്ദിക്കുന്നതായി എനിക്കനുഭവപ്പെട്ടു. ഭാഷയ്ക്കുള്ളിലെ ഒരു പ്രത്യേക ഭാഷയായ കവിതയുടെ ഭാഷയ്ക്കായുള്ള അതിണ്റ്റെ വെമ്പലും പ്രകടമാണ്‌. ബിംബങ്ങളാണ്‌ കവിതയുടെ ഭാഷയും ഏറ്റവും സജീവമായി ഏതൊരു കവിയുടെയും കാഴ്ചയെ പ്രകാശിപ്പിക്കുന്നത്‌. 
ഈ ഉപാധി സാമാന്യം ശ്രദ്ധേയമായ ലാവണ്യത്തോടെ പ്രദീപിന്ന്‌ ഉപയോഗിക്കാനാവുന്നുണ്ട്‌. 'കിനാവിണ്റ്റെ പേടകം' (എയര്‍ ഇന്ത്യാ എക്സ്പ്രസ്സ്‌) യാത്രകളില്‍ പലതരത്തിലും വിധത്തിലും കിനാവും സങ്കല്‍പവും കലരുന്നു. ചിന്തകള്‍ക്ക്‌ സന്തോഷത്തിണ്റ്റെയും പ്രതീക്ഷയുടെയും സങ്കടത്തിണ്റ്റെയുമൊക്കെ നിറങ്ങള്‍ പിടിക്കുന്നു. രണ്ടും മൂന്നും വര്‍ഷം മറുനാട്ടില്‍ അധ്വാനിച്ച്‌ തന്നെ കാത്തിരിക്കുന്നവരും താന്‍ കാണാന്‍ കാത്തിരിക്കുന്നവരുമായ മനുഷ്യരെയും ജനിച്ച നാടിനെയും കുറിച്ചുള്ള പച്ചപ്പുള്ള കിനാക്കളുമായി തിരികെപ്പോരുന്ന പ്രവാസികളെക്കൊണ്ടുവരുന്ന വിമാനം അങ്ങനെ ഒരു കിനാവിണ്റ്റെ പേടകമായി മാറുന്നു.
സ്വയം കഴുത്തില്‍ കുരുക്കുന്ന കിനാവള്ളി (ചിന്തകള്‍) മനുഷ്യാവസ്ഥയെ എടുത്തുകാട്ടുന്നു. നമ്മള്‍ സ്വന്തം കൈകളില്‍ കഴുത്തുഞ്ഞെരിഞ്ഞു പിടയ്ക്കുന്ന നീരാളികളാണ്‌. അവനവനെയും സമൂഹത്തെയും പറ്റിക്കാന്‍ ശ്രമിക്കുന്ന ഹൃസ്വദൃഷ്ടികള്‍. നാം ചെയ്യുന്നതെന്തെന്നറിയാത്ത അറിവുകെട്ടവര്‍. അതുകൊണ്ട്‌ സമകാലികനായ മനുഷ്യന്‍ 'ദൈവനീതിക്കിരക്കട്ടെ' എന്നാണ്‌ കവിക്ക്‌ പറയാനുള്ളത്‌. കുഴിച്ചിട്ടിട്ട്‌ ഏറെക്കാലം കഴിഞ്ഞും വേരുപിടിക്കാത്ത വഴിക്കല്ലുകളും നമ്മെ പലതും ബോധ്യപ്പെടുത്തുന്നു. അവര്‍ ജീവിതപന്ഥാവിലെ നാഴികക്കല്ലുകളെ ഓര്‍മ്മിപ്പിക്കുന്നു. ഒരു വഴിക്കല്ലിനെയും അതിണ്റ്റെ പഴക്കം കണക്കിലെടുത്ത്‌ നാം 'മുത്തച്ഛനാ'ക്കുകയോ കഥകളില്‍ ചേര്‍ക്കുകയോ ചെയ്യുന്നില്ല.
എന്നിട്ടും വഴിക്കല്ലുകള്‍, 'കടന്നുവന്ന വഴികളെ മറക്കാതിരിക്കുക' എന്ന സന്ദേശംകൂടി നമുക്ക്‌ തരുന്നു. അവനവനെയും ചുറ്റുപാടുകളെയും ശ്രദ്ധിച്ചുകൊണ്ട്‌ ഉള്ളാലെ സദാ സഞ്ചരിക്കുന്നു ഈ കവി. ഈ സഞ്ചാരത്തിന്‌ വാജികളായി സ്വരങ്ങളുണ്ട്‌, സംഗീതസ്വപ്നവേഗങ്ങളുണ്ട്‌. നീതികിട്ടാതെ വലയുന്ന സാധാരണക്കാരെക്കുറിച്ചുള്ള സന്താപമുണ്ട്‌. അവരുടെ ജീവിതങ്ങളെ ഭരിക്കുന്ന അക്ഷരങ്ങള്‍ എവിടെയോ ഒക്കെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നു.
അവയില്‍ 'പുറംലോകമറിയാത്ത കുറെ തിരുത്തലുകള്‍ മാത്രം' അതുകൊണ്ടുകൂടിയായിരിക്കും 'അഴലിണ്റ്റെ പാടങ്ങള്‍' അവര്‍ക്കാധാരമാവുന്നത്‌. ആ വിഷാദഭൂമിയില്‍ 'നുകപ്പാടുകളുടെ ചിത്രങ്ങളും ശിരോലിഖിതങ്ങളും' കൂടിപ്പിണയുന്നു. അവിടെ മനുഷ്യര്‍'കൈവിട്ട കല്ലും പതിപ്പിച്ചൊരാട്ടും തിരികെപ്പിടിക്കാന്‍' കഴിയാതെ നിസ്സഹായരാവുന്നു. ഒരു പക്ഷെ അര്‍ഹിക്കുന്ന സന്താപങ്ങളാവണം മനുഷ്യന്‌ ചാര്‍ത്തിക്കിട്ടുന്നത്‌. കാരണം മനുഷ്യന്‍ ഇന്ന്‌ 'അലിവറ്റുപോകുന്ന കലികാലസന്തതി'യാണ്‌.
വൃദ്ധരായ അച്ഛനമ്മമാരെ വലിച്ചെറിയുന്നവന്‍. സായാഹ്നം ഒരു പഴയ ബിംബമാണെങ്കിലും ആ പേരിലുള്ള കവിത അവസാനിക്കുന്നത്‌ നന്ദികെട്ട മക്കളെക്കുറിച്ചു തപിക്കുന്നുവെങ്കിലും, അവരെ ന്യായീകരിക്കുന്ന സ്നേഹവായ്പിലാണ്‌. 'നാമറിഞ്ഞില്ല വളര്‍ന്നുവളര്‍ന്നവര്‍ നാമറിയാത്ത വളര്‍ച്ചയെത്തി'ഇന്നത്തെ കലികാലസന്തതികള്‍ സ്വന്തം വലിപ്പത്തെക്കുറിച്ചഹങ്കരിക്കുന്നവരാണ്‌. ഇരുട്ടില്‍ സൂര്യനുപകരം വരുന്ന ഈ മിന്നാമിന്നികള്‍ തങ്ങള്‍പോയാല്‍ വെളിച്ചം പോയി എന്നു കരുതുന്നവരാണ്‌. 'ദൈവനീതിക്കിരക്കട്ടെ മനുഷ്യന്‍' എന്ന ചിന്തയോടൊപ്പം 'ദൈവത്തിനായി വടംവലിയോ?' എന്ന ആകുലത (ദൈവത്തിണ്റ്റെ നാമത്തില്‍) കവി പങ്കുവയ്ക്കുന്നു. നശ്വരതയുടെ അവബോധത്തില്‍. 'ഇന്നലെക്കണ്ട മുഖങ്ങള്‍ മറയവെ ഈശ്വരനിശ്ചയമോര്‍ക്ക നിസംശയം'എന്നു തത്വവിചാരവും ചെയ്യുന്നു. ജീവിതത്തിലേര്‍പ്പെടുന്ന അഴലിണ്റ്റെ ചളിക്കുണ്ടില്‍ മനസ്സ്‌ ഒട്ടാതിരിക്കട്ടെ എന്ന ശ്രദ്ധയും വിവേകവും പുലര്‍ത്തുന്നു.
ആത്മാര്‍ത്ഥയോടെ ഈ കവി. വൃത്തങ്ങളെ പാടെയുപേക്ഷിച്ച്‌ പലപ്പോഴും ക്ളിഷ്ടതയുള്ള ഗദ്യത്തില്‍ കവിത രചനാ നടക്കുന്ന ഈ കാലഘട്ടത്തില്‍ ഈ കവി പാരമ്പര്യം നമുക്കു സമ്മാനിച്ച ഈടുവെയ്പുകളെ മാനിക്കുകയും വൃത്തങ്ങളെ ആശ്രയിക്കാനൊരുങ്ങുകയും ചെയ്യുന്നതും അഭിനന്ദനമര്‍ഹിക്കുന്നു. പ്രദീപിണ്റ്റെ 'അക്ഷരാര്‍ത്ഥങ്ങള്‍' എന്ന കവിതാ സമാഹാരം സഹൃദയലോകത്തിനു മുമ്പാകെ ആശംസകളോടെ, സന്തോഷത്തോടെ അവതരിപ്പിക്കുന്നു.

ഇരുട്ട്‌

ഒ.വി. ഉഷ

ഉള്‍ക്കിടിലംപോലിരുളിന്റെ
ചതുപ്പുകളുടെ-
യകത്തും, പുറത്തും:
രാത്രി!
വെളിച്ചമണച്ചു
കമിഴ്ന്നുകിടക്കും രാത്രി-
നക്ഷത്രംപോലുമെറിഞ്ഞു
കളഞ്ഞു കരഞ്ഞ
മഴക്കാലത്തിന്‍ രാത്രി...

വേര്‍പാടിന്‍ ജാഗ്രത; പൊങ്ങിയ
ഫണമാടിച്ചുരുളുകളഴിയു-
മിരിട്ടും ചേര്‍ന്നു
കറു,ത്തിടിവെട്ടിയ രാത്രി!

Friday, 8 July 2011

നമ്മുടെ ആത്മാർത്ഥത പ്രധാനം -




ഒ.വി.ഉഷ





 മലയാളികളായ നമ്മുടെ ജീവിതത്തിൽ ഈ ഭാഷയ്ക്കുള്ള പങ്ക്‌ തിരിച്ചറിയപ്പെടണം. നമ്മുടെ ചിന്തയുടെയും പ്രവൃത്തിയുടെയും സ്വപ്നത്തിന്റെയും തലങ്ങളിൽ ഈ ഭാഷയുടെ പങ്ക്‌ പ്രധാനമാണ്‌. ഇവിടെ ജനിച്ചവർക്ക്‌ കിട്ടിയ ഭാഷയാണിത്‌. അതിന്മേലാണ്‌ നാം ജീവിച്ചു തുടങ്ങിയത്‌. അതിനോടുള്ള നമ്മുടെ ആത്മാർത്ഥതയാണ്‌ പ്രധാനം. 
 ജീവിതാനുഭവങ്ങളോടുള്ള ആത്മാർത്ഥതയിലും ഈ ഭാഷ വലിയ ശക്തിതരേണ്ടതാണ്‌. മലയാളം നമ്മുടെ പ്രകൃതിയാണ്‌. ഇത്‌ നശിക്കാതിരിക്കണമെങ്കിൽ, നമ്മുടെ തോട്ടം നാം തന്നെ വളർത്തുക എന്നേ പറയാനോക്കൂ. നാം സ്വയം ചെയ്യേണ്ട കർമ്മമാണത്‌. 
 മലയാളം പഠിപ്പിക്കുകയും പഠിക്കുകയും വേണം. എട്ട്‌ വയസ്സുവരെയെങ്കിലും മലയാളം മാത്രം പഠിപ്പിക്കുക. പിന്നീട്‌ ഇംഗ്ലീഷ്‌ ആകാം. ഇംഗ്ലീഷില്ലാതെ ഇനി ജീവിതം സാധ്യമല്ലെന്നും ഓർക്കണം.
 ക്ലാസിക്കൽ പദവി കിട്ടിയാൽ നമ്മുടെ ഭാഷയ്ക്ക്‌ വൻ ധനസഹായം കിട്ടുമായിരിക്കാം. പക്ഷേ അതുകൊണ്ട്‌ മാത്രം ഭാഷ രക്ഷപ്പെടുകയില്ല