Showing posts with label kitangannur prasad. Show all posts
Showing posts with label kitangannur prasad. Show all posts

Saturday, 14 January 2012

കാമുകിയുടെ വീട്‌


കിടങ്ങന്നൂർ പ്രസാദ്‌

കാമുകിയുടെ വീടിന്‌
ചുമരുകളുണ്ടായിരുന്നില്ല
പുഴയരികെ
പരൽമീനുകൾ
കണ്ണിലൂളിയിടുമ്പോൾ
ഈറനായി അവൾ
പുഴകയറിവരുന്നു.
കാമുകിയുടെ നാട്ടിലേക്കുള്ള
വഴിനിറയെ ജമന്തികൾ
പൂത്തുനിന്നിരുന്നു
കുന്നും കുഴിയും കടന്ന്‌
സൈക്കിളിൽ
വന്നകാലങ്ങൾ...

ഇന്ന്‌ അവിടെ
കാമുകിയില്ല.
അവളുടെ മകൾ മാത്രം
അമ്മൂമ്മയുടെ വിരലിൽതൂങ്ങി...
അവൾ
ഭർതൃവീട്ടിൽ തീവെന്ത്മരിച്ചു
കാമുകിയുടെ വീടിനെ
മൂടിയതെറ്റിപ്പൂവുകളിൽ
തീ പടരുന്നു.

Wednesday, 14 December 2011

ഫ്ലാറ്റ്‌


കിടങ്ങന്നൂർ പ്രസാദ്‌

നമ്മുടെ ഫ്ലാറ്റുകൾക്കിടയിൽ
കറുത്ത മൗനം
കട്ടപിടിച്ചു കിടന്നു
മണ്ണും മണ്ണിരയും
മരിച്ചു മണ്ണടിഞ്ഞ
ടെയിൽസ്പറമ്പുകളിൽ
പ്ലാസ്റ്റിക്‌ പൂക്കൾ
സെമിത്തേരിയിലെന്നപോലെ
കോമ്പല്ലുകൾ കാട്ടി ചിരിച്ചു
കൊറ്റികൾദിശമാറി പറന്നു
എക്സിക്യൂട്ടീവ്‌ മുദ്രകളുടെ
കോൺക്രീറ്റ്‌ കടൽ
മനുഷ്യമണം പുറത്തുവരാത്ത
എയർലോക്കർ മുറികൾ
നിന്റെ ചിരിയും
കണ്ണീരും പ്രണയവും
മുറിഞ്ഞുപോവുന്ന
വ്യേമഗർഭങ്ങളിലേക്ക്‌
നമ്മൾ ആഴ്‌ന്നുപോവുകയാണോ.

Tuesday, 15 November 2011

നഗരധ്വനി


കിടങ്ങന്നൂർ പ്രസാദ്


റോയല്‍ സല്യൂട്ട്‌ ഹോട്ടലിണ്റ്റെ ഗേറ്റില്‍ അയ്യാള്‍ നിന്നു. സെക്യൂരിറ്റിയെ സലാം ചെയ്തു.
-ഉം എന്താ സെക്യൂരിറ്റിക്കാരന്‍ മീശതടവി ചോദ്യഭാവത്തോടെനോക്കിയപ്പോള്‍ അയ്യാള്‍ മൊഴിഞ്ഞു. -ഒന്നൂല്ല്യ.
-എന്താ കഥകളികാണാന്‍ വന്നതാണോ.
സെക്യൂരിറ്റി ചിരിച്ചു.
-അതേ. മടിച്ചുമടിച്ച്‌ അയ്യാള്‍ അറിയിച്ചു.
-കല്ല്യാണസൌഗന്ധികമാണ്‌ കഥ.
സെക്യൂരിറ്റി രാത്രിയില്‍ വിദേശികള്‍ക്കായിനടത്തപ്പെടുന്നകളിയേപ്പറ്റി പറഞ്ഞു.
-ഭേഷാവും. അയ്യാള്‍ മനസുനിറഞ്ഞു ചിരിച്ചു.
-തിരുവാതിരകളി, അമൃതേത്ത്‌.
കഥകളി അതാണ്‌ മെനു-സെക്യൂരിറ്റി പറഞ്ഞപ്പോള്‍ വായില്‍വെള്ളമൂറി.
-മുഷിയില്ല്യാ അയ്യാള്‍വിനീതനായി
-കായൊണ്ടൊ കൈയ്യില്‌. -ഇല്ല്യാച്ചാല്‍ -പിണം
-എന്നാല്‍ പിണമായിട്ടങ്ങട്‌ ഇഴഞ്ഞുപോവുക.
സെക്യൂരിറ്റിഅത്രയും പറഞ്ഞപ്പോള്‍ അകത്തേക്ക്‌ അയ്യാള്‍ ഇഴഞ്ഞു തുടങ്ങി.