Showing posts with label interview. Show all posts
Showing posts with label interview. Show all posts

Tuesday, 15 November 2011

സംഭാഷണം:

 
നവാദ്വൈതം,
സംസ്കാരം
ജീവിതം.....

 



ശൈലേഷ്‌ തൃക്കളത്തൂർ :  എന്താണ്‌ താങ്കൾ വിശദീകരിക്കുന്ന നിരാസവും നിർമ്മാണവും?
= എം.കെ.ഹരികുമാര്‍: ജീവിതം  നമുക്ക്‌ കൂടെക്കൊണ്ടുപോകാനുള്ളതല്ല. അത്‌ എപ്പോഴും നമുക്ക്‌ ബോധ്യപ്പെടണമെന്നില്ല. കാലം നമ്മെ തോൽപിക്കുമെന്നറിഞ്ഞാലും നമ്മൾ വൃഥാ ശ്രമിച്ചുകൊണ്ടിരിക്കും. വലിയ യാഥാർത്ഥ്യങ്ങൾ ചിലപ്പോൾ,  ഇടവേളകളുടെ നേരിയ അംശങ്ങളിൽ നമ്മളിലേക്ക്‌ പ്രകാശമായി കടന്നുവരാം. എന്നാൽ അതവിടെ നിൽക്കില്ലല്ലോ. മനസ്സിന്റെ ചുമതലയോ സ്വഭാവമോ അല്ല, ഇങ്ങനെ വരുന്ന സിഗ്നലുകളെ പിടിച്ചെടുത്ത്‌ വ്യാഖ്യാനിക്കുക എന്നത്‌. അത്‌ സംഭവിക്കുന്നു എന്ന്‌ മാത്രം. 


 ജീവിതം ഒന്നും കൊണ്ടുപോകാനുള്ളതല്ലെങ്കിൽ, പിന്നെ അവശേഷിക്കുന്നത്‌, അത്‌ എവിടെയെങ്കിലും കളഞ്ഞിട്ടുപോകുക എന്നതാണ്‌. വെറുതെ കളയാനൊക്കില്ല.. അത്‌ ഒന്നിലധികം വസ്തുക്കളെ മുൻനിര്‍ത്തി ഏതാണ്‌ നല്ലത്‌ എന്ന്‌ നോക്കി തിരഞ്ഞെടുക്കുന്നുണ്ട്‌. ഒന്ന്‌ എപ്പോഴും പ്രാമാണ്യത്തോടെ മുൻനിരയിൽ വരുന്നു. അപ്പോഴും അതിനേക്കാൾ നല്ലത്‌ ഏതാണെന്ന ചിന്ത നാമ്പെടുത്തുകൊണ്ടിരിക്കും. മറ്റെല്ലാം വിസ്മൃതിയിലേക്കാണ്‌ പോകുന്നത്‌. കാലമാണ്‌ ഇതിനു സഹായിക്കുന്നത്‌. ഈ നിമിഷത്തിൽ ഒരു തിരഞ്ഞെടുപ്പുണ്ട്‌. അത്‌ കഴിഞ്ഞാൽ കാലം അതിനെ വിസ്മൃതിയിൽ ലയിപ്പിക്കുന്നു. അപ്പോഴും ഒന്ന്‌ അവശേഷിക്കുന്നു.


 ഏതൊരു വസ്തുവിനും ഇങ്ങനെ മറ്റൊന്നാകാതിരിക്കാനാവില്ല. അചേതന വസ്തുക്കൾപോലും കാലത്തിലും മനുഷ്യചിന്തയിലും മറ്റൊന്നായി മാറുകയാണ്‌. കല്ല്‌ ഓരോ നിമിഷത്തിലും പുതിയതാണ്‌. നാം എങ്ങനെ കാണുന്നുവോ അതിനനുസരിച്ച്‌ മാറും. കല്ലിൽ എല്ലാ രൂപങ്ങളുമുണ്ട്‌. ഏത്‌ വേണമോ, മറ്റെല്ലാം അതിൽ നിന്ന്‌ നീക്കിയാൽ മതി. 


 ഒരു വസ്തുവിനും അതായിതന്നെ നിലനിൽക്കാൻ കഴിയില്ല. ആശയങ്ങളാണ്‌ അങ്ങനെ നിൽക്കാൻ ശ്രമിക്കുന്നത്‌. ഉദാഹരണത്തിന്‌, സ്വരം എന്ന വാക്കിൽ സ്വരം എന്ന ആശയമുണ്ട്‌. സ്വരം എന്ന ആശയം മറ്റൊന്നിനേയും അതിനുള്ളിലേക്ക്‌ പ്രവേശിപ്പിക്കില്ല. ആ ആശയം മൗലികവാദ സ്വഭാവമുള്ളതാണ്‌. ഇത്‌ ജീർണതയാണ്‌. മറ്റൊന്നിനെയും ഉള്ളിലേക്ക്‌ പ്രവേശിപ്പിക്കാത്ത ആശയതുറുങ്കുകൾ സംവാദത്തെയും സമന്വയത്തെയും വളർച്ചയെയും തളർത്തുന്നു. ഇതിനു ബദലായി, ഓരോ നിമിഷവും സ്വയം നിരസിച്ചുകൊണ്ട്‌ മറ്റൊന്നാകുന്നതാണ്‌ വളർച്ച. ജീവിതം ഈ വളർച്ചയാണ്‌. അല്ലെങ്കിൽ ആകണം. ജീവിതത്തിന്റെ സ്തംഭനാവസ്ഥയും ജീർണ്ണതയും ഭൂതകാലജ്വരങ്ങളും കഴുകി ശുദ്ധീകരിക്കാൻ ഇതാവശ്യമാണ്‌. വാക്കുകൾ, ആശയങ്ങൾ, സൗന്ദര്യശാസ്ത്രം, തുടങ്ങിയവയെല്ലാം സ്വയം നിരസിച്ച്‌, മറ്റൊന്നാകുമ്പോൾ അത്‌ ജലാത്മകതയാകും. ഒഴുക്ക്‌ എന്ന സ്വഭാവവും നവീകരണവും അതിൽ ഉണ്ടാകുന്നു.
ചോദ്യം:  ഇന്നത്തെ ജീവിതവുമായി ഈ നിരാസവും നിർമ്മാണവും എങ്ങനെയാണ്‌ ബന്ധപ്പെട്ടിരിക്കുന്നത്‌?
= എം.കെ.ഹരികുമാര്‍: ഇന്ന്‌ ജീവിതത്തെ, അതിന്റെ തത്ത്വശാസ്ത്രം, ശൈലി, എന്നിവയുടെ അടിസ്ഥാനത്തിൽ കമ്പാർട്ട്മെന്റായി  കാണാനാവില്ല. ജനതകൾ അലഞ്ഞുതിരിയുന്നവരായി. ഏതെങ്കിലും ഒരാശയം മാത്രം മുറുകെ പിടിച്ചുകൊണ്ട്‌ ജീവിതകാലമത്രയും നീങ്ങാനാവില്ല. എല്ലായ്പ്പോഴും ഒരു നിരാസവും നിർമ്മാണവും നമ്മെ കാത്തിരിക്കുന്നുണ്ട്‌. ആധുനിക ജീവിതം ദീര്‍ഘകാലത്തിലുള്ള പദ്ധതിയല്ലാതായി. നൈമിഷികത വലിയ തോതിൽ ജീവിതത്തെ ആഴമുള്ളതും സുന്ദരവുമാക്കുന്നു. ജീവിക്കുന്നത്‌ ഒരു നിമിഷത്തേക്കായാലും മതി എന്ന ചിന്ത ഇപ്പോഴും പലരും ഗൗനിക്കുന്നു.
ചോദ്യം :  ജീവിതത്തെ ആകെ കാണാൻ കഴിയുന്നില്ലെങ്കിൽ, ഉദ്ഗ്രഥനാത്മകമായ അനുഭവം എവിടെയാണ്‌?
= എം.കെ.ഹരികുമാര്‍: ജീവിതം എന്ന അമൂർത്ത തത്ത്വത്തേക്കാൾ, അതിന്റെ ഓരോ നിമിഷത്തിലുമുള്ള അതിജീവനത്തിനു പ്രാമുഖ്യം കൈവന്നു. ഓരോ വ്യവഹാരവും നോക്കൂ. വീട്‌ എന്നത്‌ ഇപ്പോൾ താമസിക്കാനുള്ള സ്ഥിരം സങ്കേതമല്ല. അത്‌ സൗന്ദര്യബോധത്തിന്റെയും സമ്പാദ്യത്തിന്റെയും പ്രതിനിധാനമായി. ജീവിതത്തിൽ ഭൂരിഭാഗം സമയവും പലയിടങ്ങളിലായി അലയുന്നവർ, വീട്‌ സ്വപ്നം എന്ന നിലയിലാണ്‌ പണിയുന്നത്‌. അറുപത്‌ വയസ്സിനോടടുപ്പിച്ച്‌ വീട്‌ വയ്ക്കുന്നവർ, അത്‌ പൂർത്തിയാക്കിയശേഷം പിന്നെയും വീട്‌ വിട്ട്‌ പോകുന്നു. വീട്‌ ചിഹ്നമായി അവശേഷിക്കുന്നു. ഇന്നത്തെ തലമുറയ്ക്ക്‌ വീടില്ല. അവർ അലഞ്ഞുതിരിയുന്നവരാണ്‌. ലോകത്തിന്റെ ഏതെങ്കിലുമൊക്കെ കോണുകളിൽ കഴിയും. വീട്‌ വികാരമല്ല. സുന്ദരമായ വസ്തു എന്ന നിലയിലേക്കത്‌ മാറിയിരിക്കുന്നു. ജീവിതത്തിന്റെ 80 ശതമാനവും വീട്ടിൽ കഴിയാത്തവർ ഇന്ന്‌ വലിയൊരു സമൂഹമാണ്‌. 


 വീടിന്റെ ഒരു ഭാഗം അതിഥികൾക്ക്‌ വാടകയ്ക്ക്‌ കൊടുക്കുന്നവരും, റസ്റ്റോറന്റ്‌ നടത്താനായി നീക്കിവയ്ക്കുന്നവരും ഉണ്ട്‌. അർജന്റീനയിൽ ശനി,ഞായർ ദിവസങ്ങളിൽ വീട്‌ റസ്റ്റോറന്റായി ഉപയോഗിക്കുന്ന കുടുംബത്തെപ്പറ്റി വായിച്ചതോർക്കുന്നു. നമ്മുടെ കൊച്ചിയിൽ, നിത്യവും വീട്‌ ഹോട്ടലാക്കി ബിസിനസ്സ്‌ നടത്തുന്നവരുണ്ട്‌. ഇതെല്ലാം വ്യതിയാനങ്ങളാണ്‌. ഫ്യൂഡൽ കാലഘട്ടത്തിലെ സഞ്ചരിക്കാത്ത ജീവിതമല്ല ഇന്നത്തേത്‌. അന്നത്തെ വീടുകൾ, ദീർഘകാലം നിലനിൽക്കുന്ന തരത്തിൽ പണിതതും, വളരെക്കാലം കേടുകൂടാതെ അവശേഷിക്കുന്ന തരത്തിൽ പണിത ഫർണിച്ചറുകൾ ഉള്ളതുമാണ്‌. ദീർഘകാലം നിലനിൽക്കുന്നത്‌ എന്നത്‌ വലിയ ആശയമായിരുന്നു. കസേരകൾ, മേശകൾ, ജനാലക്കർട്ടനുകൾ, കട്ടിലുകൾ, സോഫകൾ എല്ലാം ദീർഘകാലത്തെ നോട്ടമിട്ടു നിർമ്മിച്ചതായിരുന്നു. ഇന്ന്‌ ഈ കാഴ്ചപ്പാടില്ല. പെട്ടെന്ന്‌ മാറാവുന്നതായിതീർന്നു, എല്ലാം. പുതിയ ഫാഷനനുസരിച്ച്‌ മാറ്റാൻ കഴിയണം. ഫാഷൻ സ്വാതന്ത്ര്യം നൽകും. ജാതിപരമോ, ഗോത്രപരമോ ആയ മുദ്രകൾ ഇല്ലാത്ത  ഉപകരണങ്ങൾ വന്നു. മാർക്കറ്റിൽ വസ്തുക്കളുടെ സൗന്ദര്യത്തിനും വിലയ്ക്കും ഉപയുക്തതയേക്കാൾ പ്രാധാന്യം കൈവന്നു. 



മാർക്കറ്റിലെ ഏറ്റവും സൗന്ദര്യമുള്ള, വിലയേറിയ വസ്തു സ്വന്തമാക്കുന്നവനാണ്‌ സാംസ്കാരിക ശ്രദ്ധ കിട്ടുന്നത്‌. മാറുന്ന ശൈലികളിൽ ആളുകൾ വിശ്വസിക്കുന്നു. സ്ഥിരമായ ബ്രാൻഡുപോലും ഇല്ലാതായി. കൂടുതൽ പരസ്യം ചെയ്യപ്പെടുന്നത്‌, മേൽത്തരമെന്ന്‌ അവകാശപ്പെടുന്നത്‌ എല്ലാം സ്വന്തമാക്കിയാൽ മതി. അതിന്റെ പേരിൽ വരുന്ന പണനഷ്ടത്തെപ്പറ്റി വേവലാതിയില്ല. കൂടുതൽ കാലം കിട്ടുന്ന ഉപയുക്തത്തയ്ക്കല്ല പണം ചെലവഴിക്കുന്നത്‌. കുറച്ചു കാലത്തേക്കായാലും വേണ്ടില്ല, ആകർഷകമായ, ആളുകൾക്കിടയിൽ ശ്രദ്ധകിട്ടുന്ന ഉൽപന്നമായാൽ മതി. മൊബൈൽ ഫോൺ, കാർ എന്നിവയുടെയെല്ലാം വിൽപനയിലുള്ള മനഃശ്ശാസ്ത്രം ഇതാണ്‌. 


പണത്തേക്കാൾ വലിയ മൂല്യങ്ങളാണിവ. ഫ്ലാറ്റുകൾ, വില്ലകൾ തുടങ്ങിയവയാണ്‌ ബ്രാൻഡിംഗിനുള്ള മറ്റ്‌ മേഖലകൾ. ആശുപത്രികളും ചികിത്സാരീതികളും മറ്റു ചില മേഖലകളാണ്‌. ആശുപത്രികളിലും മറ്റും പുതിയ ഉപകരണങ്ങളാണ്‌ പുതിയ രോഗികളെ സൃഷ്ടിക്കുന്നത്‌. ഉപകരണങ്ങൾ രോഗം ഉണ്ടോയെന്ന്‌ ചെക്ക്‌ ചെയ്യാനുള്ളവയാണ്‌. രോഗം ഉണ്ടോ എന്നറിയാനുള്ള ജിജ്ഞാസ പുതിയ രോഗമേഖലയാണ്‌. ധാരാളം പേർ ഈ രോഗം ബാധിച്ചവരായി എത്തുന്നു.  ഇവർ രോഗമില്ലെന്ന്‌ ഉറപ്പുവരുത്താൻ വേണ്ടി  ഇപ്പോൾ ടെസ്റ്റുകൾക്ക്‌ വിധേയരാവുന്നു. രോഗചികിത്സയേക്കാൾ ചെലവ്‌ ടെസ്റ്റുകൾക്കാണ്‌. യഥാർത്ഥ രോഗികൾക്ക്‌ ഇന്ന്‌ ചികിത്സ നൽകാൻ ഇടമില്ല. പകരം ടെസ്റ്റുകൾ നടത്താൻ കഴിവുള്ളവർക്കേ ചികിത്സയുള്ളു. ഡോക്ടർമാർ ടെസ്റ്റുകൾ നടത്തി ഫലം പ്രഖ്യാപിക്കുന്ന പുതിയ ജ്യോത്സന്മാരായി അവതരിച്ചു കഴിഞ്ഞു. 

 പുതിയ ഉപകരണങ്ങൾ പുതിയ 'രോഗി'കളെ സൃഷ്ടിക്കുകയാണിന്ന്‌. എന്തും രോഗമാണ്‌. കുഴപ്പമാണ്‌, അല്ലെങ്കിൽ രോഗമാവും, കുഴപ്പമാകും എന്ന ചിന്ത പ്രബലമായിക്കഴിഞ്ഞു. 50 വയസ്സുവരെ നല്ലപോലെ ശ്വാസം പിടിച്ചവരൊക്കെ, ഇപ്പോൾ ശ്വാസം പിടിക്കേണ്ടതെങ്ങനെയെന്നറിയാതെ, ഇതുവരെ ശ്വാസം പിടിച്ചതു തെറ്റായിപ്പോയെന്ന ചമ്മലോടെ, ശ്വാസം പിടിക്കാനായി പുതിയ ഗുരുക്കന്മാരുടെയടുത്ത്‌ പോകുന്ന കാലമാണിത്‌.
ചോദ്യം: ബ്രാൻഡുകളിൽ കടിച്ചുതൂങ്ങി ജീവിക്കുന്നത്‌ നിരാസവും നിർമ്മാണവുമാണോ?
= നിരാസവും നിർമ്മാണവും സ്വഭാവ വിശേഷങ്ങളാണ്‌. അതിനു എല്ലായ്പ്പോഴും പോസിറ്റീവായ ലക്ഷ്യം മാത്രമേ ഉണ്ടാവൂ എന്നില്ല. പുതിയ കാലത്ത്‌ മനുഷ്യൻ ജീവിതത്തിന്റെ വർത്തമാനകാലത്തെയാണ്‌ ആഘോഷിക്കുന്നത്‌; ഭൂതകാലത്തെയല്ല എന്ന്‌ പറയാനാണ്‌ ഞാൻ ശ്രമിച്ചത്. ബ്രാൻഡുകൾക്ക്‌ അടിപ്പെടുന്നവരും മൗലികവാദികളായി മാറാറുണ്ട്‌. ചിലർ, അവർ പിന്തുടരുന്ന  ബ്രാൻഡ്‌, ഉപദേഷ്ടാവ്‌, സ്ഥാപനം മാത്രമാണ്‌ ശരിയെന്ന്‌ ശഠിക്കും.



വായനയിലും ചിന്തയിലുമെല്ലാം ഇതുണ്ട്‌. മറ്റൊരാൾ എത്രവലിയ സത്യം പറഞ്ഞാലും അങ്ങോട്ട്‌ തിരിഞ്ഞുനോക്കണമെന്നില്ല. മാധ്യമങ്ങളാണ്‌ ഇതെല്ലാം ഡിസൈൻ ചെയ്യുന്നത്‌.
ചോദ്യം:  ഇന്നത്തെ മാധ്യമങ്ങൾ മനുഷ്യരെ സ്വതന്ത്രരാക്കുന്നില്ല എന്നാണോ താങ്കൾ പറയുന്നത്‌.?
= പുതിയ സാങ്കേതികവിദ്യ, പുതിയതരം കേൾവിക്കാരെയും കാഴ്ചക്കാരെയും സൃഷ്ടിച്ചിട്ടുണ്ട്‌. കാഴ്ചയും കേൾവിയും,  എല്ലാത്തിനെക്കുറിച്ചും അഭിപ്രായം പറയാനുള്ള ഉത്തരവാദിത്തവും വിധിയുമാണ്‌. മാധ്യമങ്ങൾ നിർമ്മിക്കുന്നത്‌ അരാഷ്ട്രീയതയാണ്‌. ഒരു യാഥാർത്ഥ്യത്തിനും വേണ്ടി അവ നിലകൊള്ളുന്നില്ല. അവ സൂപ്പർമാർക്കറ്റാണ്‌. പലതും അവിടെ ഷോപ്പിംഗ്‌ നടത്താം. വാർത്തകൾപോലും ഇന്ന്‌ ഷോപ്പിംഗിന്റെ ഭാഗമാണ്‌. ഒരു ചാനലിൽ  ഇഷ്ടമുള്ളത്‌ അഞ്ചോ പത്തോ മിനിട്ട്‌ കാണാം. അത്‌ ബോറടിച്ചാൽ അടുത്ത ചാനലിലുള്ളത്‌ ഷോപ്പിംഗ്‌ ചെയ്യാം. വലിയ സമരങ്ങളൊക്കെ, ചാനലുകൾക്ക്‌ വേണ്ടിയാണെന്ന തോന്നൽ ഉണ്ടാകുന്നു. രാഷ്ട്രീയസംഭവങ്ങൾ ചാനലുകൾക്ക്‌ മുമ്പിലിരുന്ന്‌ ആളുകൾ വിനോദപരിപാടിയായാണ്‌ വീക്ഷിക്കുന്നത്‌. തീർച്ചയായും ഉപകരണങ്ങൾ ഉണ്ടാക്കിയ പുതിയ സംസ്കാരമാണിത്‌. മാധ്യമങ്ങൾ, വാർത്തയുണ്ടെന്ന്‌ കണ്ടാൽ എത്ര വേണമെങ്കിലും യാഥാസ്ഥിതികമാകും.
ചോദ്യം:  കാണികളുടെ മനസ്സും ഒരു ഷോപ്പിംഗ്മാൾ ആണോ?
= ഷോപ്പിംഗ്‌ മാൾ ഇന്ന്‌ സാംസ്കാരിക ജീവിതത്തിന്റെ പുതിയ അനുഭവമായി അവതരിപ്പിക്കുന്നു. മേൽത്തരം ബ്രാൻഡുകളെല്ലാം ഒരു കുടക്കീഴിൽ നിരത്തിയിരിക്കുന്നത്‌ കാണുന്നത്‌, വിനോദവും വിജ്ഞാനവുമാണ്‌. കൺസ്യൂമറിസം പുതിയ വിജ്ഞാനമേഖലയുമാണ്‌. ഫിസിക്സിലോ, മാത്തമാറ്റിക്സിലോ ഉന്നത ബിരുദമുള്ളവർ ഷോപ്പിംഗ്‌ മാളുകളിലെ ബ്രാൻഡഡ്‌ ലേഡീസ്‌ ഷോറൂമുകളിൽ നിരക്ഷരരായിരിക്കും. പുതിയ പുതിയ ഉൽപന്നങ്ങൾ എന്തിനാണെന്ന്പോലും അവർക്കറിയില്ലായിരിക്കും. പെൺകുട്ടികളും ആൺകുട്ടികളും ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, ചെരുപ്പുകൾ, മറ്റ്‌ വസ്തുക്കൾ എന്നിവയെപ്പറ്റി ധാരാളം വിവരങ്ങൾ ശേഖരിക്കാനുണ്ട്‌. ഇതെല്ലാം പുതിയ വിജ്ഞാനരംഗമാണ്‌. അതുകൊണ്ട്‌ മാളുകൾ വിജ്ഞാനവേദിയുമാണ്‌. അവിടെ നൂറുകണക്കിന്‌ പേർക്കിരുന്ന്‌ ഭക്ഷണം കഴിക്കാവുന്ന 'ഫുഡ്കോർട്ടുകൾ' ഉണ്ട്‌. അലങ്കരിച്ച ആകർഷകമായ ആ ഫുഡ്കോർട്ടുകളിൽ സ്വസ്ഥമായിരുന്ന്‌ എന്തെങ്കിലും വാങ്ങി കഴിക്കുന്നത്‌ പുതിയ സാംസ്കാരികാനുഭവമാണ്‌. ഭക്ഷണത്തിന്റെ ലോകവും വിപുലമാണ്‌. പലതരം ഭക്ഷണം കമനീയമായി ഉണ്ടാക്കിവച്ചിട്ടുണ്ടാകും. പലതും ഓർഡർ കൊടുത്താലേ തയ്യാറാക്കൂ. ഓർഡർ കൊടുത്ത്‌ ഉണ്ടാക്കികൊണ്ടുവരുന്നതുവരെ കാത്തിരിക്കുന്നത്‌, വീട്ടനുഭവം കൂടിയാണ്‌. അതുകൊണ്ട്‌ ഭക്ഷണം കഴിക്കുന്നതും അതുവഴി സാമൂഹ്യജീവിതത്തിന്റെ ഭാഗമാകുന്നതും പുതിയ സാംസ്കാരിക പ്രവർത്തനമാണ്‌.



ചിലപ്പോൾ അഞ്ചോ ആറോ പേർ വന്നേക്കാവുന്ന, സായാഹ്നങ്ങളിലെ കഥകളി അവതരണത്തിലോ, കവിയരങ്ങിലോ കിട്ടാത്ത സാംസ്കാരിക പങ്കാളിത്തം ഈ മാളുകളിലെ ഭക്ഷണ വേളയിലും കളികളിലും ലഭിക്കുന്നു, കഥകളിയവതരണത്തിലും കവിയരങ്ങിലും, വെറുതെ കാണിയായി ഇരിക്കാനേ പറ്റൂ. എന്നാൽ ആധുനിക ഫുഡ്കോർട്ടിലോ, മാളിലോ, അമ്യൂസ്‌മന്റ്‌  പാർക്കിലോ  ഉപഭോക്താവിന്‌, കലാസ്വാദകന്‌, കാണിക്ക്‌ കുറേക്കൂടി പങ്കാളിത്തം ലഭിക്കുന്നു. അയാൾ മറ്റൊരാളുടെ കല ആസ്വദിക്കുന്ന 'കൺസ്യൂമർ' അല്ല ; അതിനെ ശരിക്കും അവനവന്റെ ഭാഗമാക്കി, സ്വാതന്ത്യം രുചിക്കുന്ന ഉപഭോക്താവായി മാറുകയാണ്‌.
ചോദ്യം: ഇതെല്ലാം താങ്കൾ പറഞ്ഞപോലെ 'തുണ്ടുകളുടെ ജീവിതമല്ലേ?
= അനുഭവങ്ങൾ തുണ്ടുകളാണ്‌. ബൃഹത്തായ അനുഭവങ്ങൾക്കായി മൂന്നോ നാലോ മണിക്കൂർ അടച്ചിട്ട മുറിയിലിരിക്കുന്ന കാലം കഴിഞ്ഞു. സിനിമയുടെ മരണം ഇങ്ങനെ സംഭവിക്കുന്നു. വൻ സിനിമകൾ കാണാൻ, മറ്റെല്ലാം മാറ്റിവച്ച്‌ മണിക്കൂറുകൾ ചെലവഴിക്കാൻ ഇന്ന്‌ പലർക്കും കഴിയാറില്ല. തിരക്കുള്ള ജീവിതത്തിൽ, മണിക്കൂറുകൾ വെറുതെ ഇരുന്ന്‌ കൊടുക്കാനില്ല. ആ മണിക്കൂറുകളെ നമുക്ക്‌ കൂടി പങ്കാളിത്തമുള്ള സാംസ്കാരിക ജീവിതമാക്കാനാണ്‌ നാം ശ്രമിക്കുക. അതുകൊണ്ട്‌ തുണ്ടുകൾ, അത്‌ റിംഗ്ടോണുകളാകാം, പരസ്യങ്ങളാകാം, ടെലിവിഷൻ ഗാനങ്ങളാകാം, യു ട്യൂബുകളാകാം, എസ്‌.എം.എസ്സുകളാകാം... നമുക്കുകൂടി പങ്കാളിത്തമുള്ള സാംസ്കാരിക ഉൽപന്നങ്ങൾ കൂടിയാണ്‌.
ചോദ്യം:  സംസ്കാരത്തിന്റെ നിർമ്മാതാവ്‌ എന്ന നിലയിൽ ഇന്നത്തെ കലാകാരനെ താങ്കൾ എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌?
= ഇന്നത്തെ കലാകാരൻ കലയുടെ സ്രഷ്ടാവല്ല. അയാൾക്കതിനു കഴിയില്ല. അയാൾ വസ്തുക്കൾ കൂട്ടിഘടിപ്പിക്കുന്ന (assemble)തിലൂടെയാണ്‌ കലയുണ്ടാക്കുന്നത്‌. ഒന്നിനും ഒറ്റയ്ക്ക്‌ കലയാകാൻ കഴിയില്ല. അത്‌ എവിടെ, എങ്ങനെ സംയോജിക്കുന്നു എന്നതിനാണ്‌ പ്രാധാന്യം. തേനീച്ചക്കൂടിന്റെ നിർമ്മാണത്തിൽ കലയുണ്ട്‌. പക്ഷേ, അത്‌ കളയാണെന്ന്‌ അവകാശപ്പെടാൻ തേനീച്ചകൾ ശ്രമിക്കുന്നില്ല. കാരണം, ആ നിർമ്മാണം അവയുടെ ജീവിതത്തിന്റെ ഭാഗമാണ്‌. പ്രകൃതിയിലെ വസ്തുക്കളിലെല്ലാം വിസ്മയിപ്പിക്കുന്ന തലമുണ്ട്‌. അത്‌ നമ്മെ സങ്കൽപിക്കാൻ പ്രേരിപ്പിക്കുന്നു. മഴവില്ലിൽ, പുലരിയിൽ എല്ലാം കലയുണ്ട്‌. പാമ്പ്‌ ഇഴയുന്നതിൽപ്പോലും കലയുണ്ട്‌. 



ഈ മൗലിക സ്വഭാവമുള്ള കലാവസ്തുക്കളെ മനുഷ്യൻ എവിടെ പ്രതിഷ്ഠിക്കുന്നു എന്നതിലാണ്‌ കലയുടെ അർത്ഥം തേടേണ്ടത്‌. പലനിറങ്ങളെ പല അർത്ഥങ്ങൾക്കായി ഉപയോഗിക്കുന്നതുപോലെ, പല സംജ്ഞകളെ, ദൃശ്യങ്ങളെ ചേർത്ത്‌ ഒരിടത്ത്‌ കലയുണ്ടാക്കുന്നു. അതിനു ഒരിടം വേണം. അത്‌ കടലാസാകാം, പ്രകൃതിയാകാം. പഴയ ഫോട്ടോഗ്രാഫുകൾ, പെയിന്റിംഗുകൾ എന്നിവ ഉപയോഗിച്ച്‌ പോസ്റ്ററോ, ഗ്രാഫിക്സോ ഉണ്ടാക്കാം. ഓരോന്നിനും സ്വന്തമായുള്ള അർത്ഥം ഒരിടത്ത്‌ ഒന്നിച്ച്‌ അണിനിരക്കുന്നതോടെ മാറി മറ്റൊരു അർത്ഥമുണ്ടാകുന്നു. ഇതാണ്‌ നിരാസവും നിർമ്മാണവും. പരമ്പരാഗതമായി വാക്കുകൾക്കുള്ള അർത്ഥത്തെ, വിചിത്രമായ സംയോജനങ്ങളിലൂടെ തകർത്ത്‌ പുതിയ അർത്ഥം സൃഷ്ടിക്കാനായാൽ സാഹിത്യമുണ്ടാകും. ഇതിലൂടെ വാക്കുകളിലെ മൗലികമായ അർത്ഥത്തെ തന്നെ നവീകരിക്കാനാകും. എല്ലാ വസ്തുക്കളെയും ഇങ്ങനെ മൗലികതയിൽ നിരസിച്ച്‌, കലാകാരൻ പുനർനിർമ്മിക്കുമ്പോഴാണ്‌ കലയുണ്ടാകുന്നത്‌.
ചോദ്യം: സാങ്കേതിക ഉപകരണങ്ങൾ ജീവിതത്തിൽ അമിത പ്രാധാന്യം നേടുമ്പോൾ കലയുടെ ആത്മീയത മരിക്കുകയല്ലേ?
=  കലയുടെ അത്മീയത പുസ്തകങ്ങളിൽ നിന്ന്‌ മാത്രം ജനിക്കുന്നതല്ല. ആളുകൾക്ക്‌ പങ്കാളിത്തമുള്ള കലയാണ്‌ ഇന്ന്‌ അവർ തേടുന്നത്‌. മൂകരായി, വെറും കാഴ്ചക്കാരായി, ഇരകളായി കലാരചനകൾക്ക്‌ മുമ്പിൽ നിൽക്കാൻ ഇന്ന്‌ അധികം പേരും തയ്യാറാവുകയില്ല. മനുഷ്യന്റെ സകലപ്രവൃത്തികളിലേക്കും കലയുടെയും സംസ്കാരത്തിന്റെയും അടയാളങ്ങൾ കടന്നുചെന്നിരിക്കയാണ്‌. ഇത്‌ ഇന്നത്തെ കലയുടെ ജനാധിപത്യമാണ്‌. മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രിക്കൽ സാമഗ്രികൾ, കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ഭക്ഷ്യവിഭവങ്ങൾ (കേക്കുകൾ, കറികൾ) എന്നിവയിലെല്ലാം കലയുടെ ടച്ച്‌ ഇന്ന്‌ നിർബന്ധമാണ്‌. കലയുടെയല്ല, സംസ്കാരത്തിന്റെ സ്പർശമാണ്‌ എവിടെയും. 



എന്താണ്‌ ഈ സംസ്കാരം? ഇത്‌ ഏതെങ്കിലും ദേശത്തിന്റെയോ, മതത്തിന്റെയോ ചിഹ്നങ്ങളോ, ശൈലികളോ, പൈതൃകമോ ഒന്നുമല്ല. സംസ്കാരത്തെ ഇനിമേൽ കള്ളികളിലാക്കാനും കഴിയില്ല. എല്ലാ ദേശങ്ങളും എല്ലാവരുടേതുമാണ്‌. മെഡിക്കൽ പരിശോധനകൾക്കുള്ള ഉപകരണങ്ങളുടെ നിർമ്മാണപരമായ ഭംഗി ആ വസ്തുക്കളെ പെട്ടെന്ന്‌ സംസ്കാരവൽക്കരിക്കുന്നു.


കമ്പ്യൂട്ടർ ടെംപ്ലേറ്റുകൾ എത്ര കലാപരമായാണ്‌ തയ്യാറാക്കുന്നത്‌! ഏറ്റവും അതിശയിപ്പിക്കുന്നത്‌, മൊബെയിൽ ഫോണുകളും ഇലക്ട്രോണിക്സ്‌ ഉൽപന്നങ്ങളുമാണ്‌. ഇവയെല്ലാം ഉപയോഗപ്രദമായ സാമഗ്രികൾ എന്നപോലെ കലാവസ്തുക്കളുമാണ്‌. സാങ്കേതികമായ അറിവ്‌, കലയുടെ ഉപയോഗത്തെപ്പറ്റിയുള്ള ചിന്തയ്ക്കും വികാസം നൽകി. കല ഇന്ന്‌ പ്രത്യേകസിദ്ധിയുള്ളവരുടെ മാത്രം വൈകാരിക പ്രശ്നമല്ല. അത്‌ സന്തോഷിക്കാനും ആലോചിക്കാനും കഴിവുള്ള ആർക്കും കടന്നു ചെല്ലാവുന്ന മേഖലയാണ്‌. മറ്റൊരു രീതിയിൽ പറഞ്ഞാൽ, കല  ഇന്ന്‌  ആളുകളുടെ ഉപഭോക്തൃവസ്തുവാണ്‌. അവരത്  പ്രത്യേകം ചതുരത്തിൽ ഒരുക്കി നിർത്തിയല്ല ഉൾക്കൊള്ളുന്നത്‌. കലയാണെന്ന്  പറഞ്ഞ്‌ ആസ്വദിക്കാനായി തയ്യാറെടുക്കുന്നതിനു മുമ്പുതന്നെ അത്‌ സംസ്കാരമായി അവരുടെയുളളിൽ കടന്നുചെന്നിരിക്കും. ഡിവിഡി പ്ലേയറിലുള്ള പുതിയതരം സ്വിച്ച്ബട്ടനുകൾ രൂപകൽപന ചെയ്യുന്നതിൽ ഡിസൈനിംഗും കലയുമുണ്ട്‌. വസ്തുക്കളുടെ പുനക്രമീകരണം, വൈകാരികാനുഭൂതി, രൂപഭംഗി എന്നിവയെല്ലാം ഒരു ബട്ടനെ  ഇന്ന്‌ പ്രിയങ്കരമാക്കുന്നു. ഇതെല്ലാം ചേർന്നാണ്‌ വസ്തുവിന്റെ ഉപയോഗം സമകാലീനമായ  സംസ്കാരവൽക്കരണമായി മാറുന്നത്‌. കല വസ്തുവിലേക്ക്‌ ചേർക്കുന്ന ഭംഗി ഉപഭോക്താവിനെ സംസ്കാരവൽക്കരിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. കലയും വാണിജ്യവും ചേർന്നാണ്‌ സംസ്കാരവൽക്കരണത്തിനു ശക്തിവർദ്ധിപ്പിക്കുന്നത്‌.
ചോദ്യം:  വ്യാജയാഥാർത്ഥ്യങ്ങൾ നിർമ്മിക്കുന്ന ആധുനിക മാധ്യമങ്ങളെപ്പറ്റി താങ്കൾ എഴുതിയതോർക്കുന്നു. മാധ്യമങ്ങളുടെ വ്യാജയാഥാർത്ഥ്യങ്ങൾ ആളുകൾ വിശ്വസിക്കുമോ?
= ഇക്കാലത്ത്‌ ആർക്കാണ്‌ വിശ്വസിക്കാൻ താത്പര്യം? ഒരു വാണിജ്യ സിനിമയിലെ നായകൻ സകല പ്രതിസന്ധികളെയും തരണം ചെയ്ത്‌, അനേകം പേരെ വകവരുത്തി മുന്നേറുന്നത്‌ ആളുകൾ തലകുലുക്കി സമ്മതിക്കുന്നു. എന്നാൽ അതിൽ വിശ്വസിക്കുന്നുണ്ടോ? വിശ്വാസം ഇന്നത്തെ സമൂഹത്തിൽ ധൂർത്താണ്‌. വിശ്വാസത്തിനു മുടക്ക്‌ മുതൽ കൂടുതലുണ്ട്‌. 



ദൈവത്തിൽപ്പോലും ആളുകൾ വിശ്വസിക്കുന്നില്ല; വേണമെങ്കിൽ ദൈവം നമ്മളിൽ വിശ്വസിക്കട്ടെ എന്ന നിലപാടു കാണാം. ദൈവം എങ്ങനെ നമ്മളിൽ വിശ്വസിക്കും? ദൈവത്തിനു പ്രിയങ്കരമായേക്കാവുന്ന കാര്യങ്ങൾ യാന്ത്രികമായി ചെയ്യുക. സ്വയം പ്രദർശിപ്പിക്കുകയാണ്‌ ഇന്നത്തെ ഭക്തൻ ചെയ്യുന്നത്‌. ദൈവം അവനിൽ വിശ്വസിക്കുന്നതിനാവശ്യമായ ഭൗതിക സാഹചര്യം സൃഷ്ടിക്കുകയാണ്‌ ചെയ്യുന്നത്‌. ഈ മനോഭാവം മാധ്യമങ്ങളും പുലർത്തുന്നു.
 മാധ്യമങ്ങൾ ഒരു പ്രശ്നത്തെപ്പറ്റി തന്നെ പലതരം വീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ഒന്നും അവർ വിശ്വസിക്കുന്നില്ല. നമുക്ക്‌ വേണമെങ്കിൽ വിശ്വസിക്കാം. ആ വ്യാഖ്യാനങ്ങളെ വിശ്വസിക്കാനാവശ്യമായ വഴി തെളിച്ചിട്ട ശേഷം അവർ പിന്മാറുന്നു. പിന്നീടത്‌ നമ്മുടെ വിധിയായി മാറുന്നു. ഈ വിധിയുടെ ദുരിതം മനസ്സിലാക്കിയ പ്രേക്ഷകർ (വായനക്കാർ) വാർത്തകളെയും വിശകലനങ്ങളെയും വിശ്വസിക്കുകയല്ല ചെയ്യുന്നത്‌, സിനിമയിലെന്നപോലെ ആസ്വദിക്കുകയാണ്‌. അതുകൊണ്ട്‌ പ്രേക്ഷകർക്ക്‌ യഥാർത്ഥ വസ്തുത വേണ്ട, നാടകീയത മതി. മന്ത്രി കെ.എം.മാണി ഒരു പ്രശ്നത്തെപ്പറ്റി ഡൽഹിയിൽ നടത്തിയ പ്രസ്താവന വിവാദമായപ്പോൾ അദ്ദേഹം കൊച്ചിയിലെത്തി അത്‌ നിഷേധിച്ച ശേഷം കൂടുതൽ വിശദീകരണം നൽകി. അതും പ്രശ്നമായപ്പോൾ തിരുവനന്തപുരത്ത്‌ മുന്നാമതൊരു വ്യാഖ്യാനം കൂടി നൽകി. 



ഇങ്ങനെ ഒരേ സംഗതിതന്നെ വിഭിന്നമായ രീതിയിൽ, ഒരാൾ തന്നെ വ്യാഖ്യാനിക്കുമ്പോൾ അത്‌ സിനിമാറ്റിക്കാവുന്നു, യാഥാർത്ഥ്യമല്ല. മൂന്ന്‌ വ്യാഖ്യാനങ്ങളും കണ്ട്‌ ആസ്വദിച്ചശേഷം പ്രേക്ഷകൻ തൃപ്തിയോടെ ഉറങ്ങാൻ പോകുന്നു. നേതാവ്‌ കൂടുതൽ ലൈവാകാൻ ഇത്‌ സഹായിക്കും. പണ്ടത്തെപ്പോലെ, നേതാവ്‌ ഇന്ന്‌ നേതൃസ്ഥാനത്ത്‌ മാത്രമല്ല ഉള്ളത്‌, ലൈവാക്കുക എന്ന ചുമതല   അദ്ദേഹത്തിനുണ്ട് . ലൈവാകാൻ പ്രതികരിച്ചുകൊണ്ടിരിക്കണം. ഈ പ്രതികരണങ്ങൾ (അത്‌ പരസ്പരവിരുദ്ധമാണെങ്കിലും) നേതാവിനെ പുതിയ മാധ്യമങ്ങളിലൂടെ സംസ്കാരവൽക്കരിക്കുന്നു. 


 രാഷ്ട്രീയം ഇന്ന്‌ ടെക്നോളജിയുടെ സഹായത്തോടെയാണ്‌ സംസ്കാരമാകുന്നത്‌. ടെലിവിഷൻ, മൊബൈൽ ഫോൺ, ഇന്റർനെറ്റ്‌ തുടങ്ങിയ ആധുനിക സാങ്കേതിക സഹായമില്ലെങ്കിൽ ഇന്ന്‌ രാഷ്ട്രീയം അനുഭവിക്കാനോക്കുമോ? നേതാക്കളെല്ലാം ഈ മാധ്യമങ്ങളിലൂടെയാണല്ലോ വരുന്നത്‌.
ചോദ്യം:  എന്താണ്‌ നവാദ്വൈതം? അത്‌ ശ്രീശങ്കരന്റെ അദ്വൈതത്തിന്റെ നവീകരണമാണോ?
= നിമിഷത്തിലാണ്‌ ജീവിതമെന്ന്‌ പ്രസ്താവിച്ചല്ലോ. ഓരോ നിമിഷവും പുതുതായി ജനിക്കുകയാണ്‌, ഇന്നലെ കണ്ട പൂവല്ല ഇന്നത്തേത്‌. ഓരോ നിമിഷം  കഴിയുന്തോറും കാലത്തിന്റെ വളർച്ചയുണ്ടാകുന്നു. ഒരു മുട്ട പൊട്ടുമ്പോഴും, ശലഭം പിറക്കുമ്പോഴും കാലം വികസിക്കുന്നു. പിന്നീട്‌ ആ കാലത്തിനു പൂർവ്വസ്ഥിതിയിലേക്ക്‌ മടങ്ങാൻ കഴിയില്ല. നവാദ്വൈതത്തിലും ഈ വളർച്ചയുണ്ട്‌. നവാദ്വൈതത്തിലും കാലത്തിലൂടെയുള്ള സഞ്ചാരം പ്രധാനമാണ്‌. ഓരോ നിമിഷത്തിലും കാലം വളരുന്നതുപോലെ നമ്മളും  വളരുകയാണ്‌. പുതുതാകാൻ വിധിക്കപ്പെട്ട നമുക്ക്‌ പഴയ വഴികളിലൂടെ എത്തിച്ചേരാൻ ഒരിടമില്ല. ഇതാണ്‌ ഏകാന്തത. വഴികളിൽ തനിച്ചാകുന്ന അവസ്ഥ. ജലത്തെപ്പോലെ പിന്നോട്ട്‌ ഒഴുക്കില്ല. മുന്നോട്ടുള്ള ഒഴുക്ക്‌ പ്രവചിക്കാനുമാകില്ല. അപ്രവചനീയമായ ഏകാന്തതയാണിത്. 


 ഏത്‌ വസ്തുവിനും സ്വയം നിരസിക്കാനുള്ള അവകാശമുണ്ട്‌. മാനസികമായും സൗന്ദര്യാത്മകമായും ചിന്താപരമായും ഇതല്ല, ഇതല്ല എന്ന്‌ പറയാനുള്ള സത്യസന്ധതയും ഉത്തരവാദിത്തവുമുണ്ട്‌. സ്വന്തം അവസ്ഥയിലേക്ക്‌ വളരെ ജാഗ്രതയോടെ നോക്കുന്നവർക്ക്‌, പ്രത്യേകിച്ചും സ്വയം നിരസിക്കാനുള്ള വാഞ്ചയുണ്ടാകും. 


 കല്ലിനും മരത്തിനുമെല്ലാം ഓരോ കാഴ്ചയിലും നമ്മൾ കൊടുക്കുന്ന അർത്ഥം കൂടിയുണ്ട്‌. വിവിധ മൂലകങ്ങളെ കൂട്ടിയോജിപ്പിച്ച്‌, മനുഷ്യന്‌ പുതിയ അർത്ഥമേഖലകൾ സൃഷ്ടിക്കാം. വീടുണ്ടാക്കിയാൽ മാത്രം പോരാ, അത്‌ മനസ്സിനിണങ്ങുന്ന തരത്തിലാക്കാൻ മുറ്റത്ത്‌ ചെടികളോ, കല്ലുകളോ വേണം. മുറിയിൽ ചിത്രങ്ങളാകാം. ചുമരിലെ നിറങ്ങൾ പോലും നമ്മുടെ മനസ്സിനെ പ്രതിഫലിപ്പിക്കും. പല വസ്തുക്കളും നിറങ്ങളും കൂട്ടിയോജിപ്പിച്ച്‌ നാമുണ്ടാക്കുന്ന യുക്തിയുടെ പുതിയ മിഥ്യയാണിത്‌. ഇതിനെ സൗന്ദര്യമെന്നും വിളിക്കാം. ഇത്‌ പുറമേ നിന്ന്‌ വരുന്നവരുടെ സൗന്ദര്യശാസ്ത്രമാകണമെന്നില്ല. നമ്മുടെ തന്നെ ഭാവനയാണ്‌. നമ്മുടെ തന്നെ സംസ്കാരവൽക്കരണമാണിത്‌. ഇത്‌ നിരാസവും നിർമ്മാണവുമാണ്‌. ജീവിതം ഓരോനിമിഷത്തിലും മറവിയായും ഓർമ്മയായും, ഈ നിരാസവും നിർമ്മാണവും സാക്ഷാത്കരിക്കുന്നു. മറവി നിരാസമാണ്‌. മറവിയെ മാത്രമാണ്‌ ടിവി ചാനലുകൾ നിർമ്മിക്കുന്നത്‌. സംസ്കാരം മറവിയുടേതു കൂടിയാണ്‌.
നാം  ഓരോ സംസ്കാരത്തെയും ഏത്‌ കാലത്തിന്റെ, പ്രസ്ഥാനത്തിന്റെയെന്ന്‌ നോക്കാതെ  യഥേഷ്ടം എടുത്ത്‌ ഉപയോഗിക്കുകയാണ്‌ . ഫൈവ്സ്റ്റാർ ഹോട്ടലുകളിൽപ്പോലും ഓലക്കുടയും കഥകളി രൂപങ്ങളും കാണാം. അതുപോലെ സാധാരണ ഗ്രാമീണ ഹോട്ടലുകൾപോലും ഉയർന്നതരം ടൈലുകളും പൂക്കളും ഉപയോഗിക്കുന്നത്‌ കാണാം. മറവി പുതിയ മറവികൾ നിർമ്മിക്കുന്നു. ഓർക്കുന്നത്‌ മറവിയെയാണ്‌. ഈ നിരന്തര മാറ്റത്തിന്റെ പ്രവാഹാത്മകതയാണ്‌ നവാദ്വൈതം. പ്രവാഹാത്മകത, നിരാസം, മറവി, നിർമ്മാണം, ഒഴുക്ക്‌, നവീകരണം അല്ലാതെ മറ്റൊന്നും ഇല്ല. ഇതാണ്‌ പുതിയ അദ്വൈതം.
[ശൈലേഷ്‌ തൃക്കളത്തൂരുമായി സംസാരിച്ചത്‌]

Tuesday, 13 September 2011

കുരീപ്പുഴ ശ്രീകുമാറുമായി അഭിമുഖം






കുരീപ്പുഴ ശ്രീകുമാറുമായി അഭിമുഖം
മണർകാട്‌ ശശികുമാർ
കുരീപ്പുഴ ശ്രീകുമാർ
മലയാളത്തിന്റെ പ്രിയപ്പെട്ട കവ കുരീപ്പുഴ ശ്രീകുമാറിനൊപ്പം കവിതയും പാട്ടും പെയ്തുകുളിച്ച എത്രയെത്ര അനുഭവങ്ങൾ. എന്നാൽ, ഒരഭിമുഖത്തിന്റെ ആവശ്യം വന്നപ്പോൾ രണ്ടുപകളും ഒരു രാത്രിയും ഒന്നിച്ചു കഴിഞ്ഞിട്ടും പറ്റിയില്ലെന്നത്‌ മറ്റൊരു വാസ്തവം. ഒടുവിൽ ശ്രീകുമാർ തന്നെ അതിനൊരുവഴിയുണ്ടാക്കി. ടെലിഫോണിലൂടെ ഒരഭിമുഖം നടത്താമെന്നായി.
ഞാൻ ശ്രീകുമാറിനെ ടെലിഫോണിൽ വിളിച്ചു
വാക്കുകൾക്കൊപ്പം മനക്ക്യാമറയും ചലിച്ചു തുടങ്ങി.
'ശ്രീകുമാറാ...' കവിയുടെ പതിവുമറുപടി.
നമുക്കങ്ങു തുടങ്ങിയാലോ
ശരി, തുടങ്ങാം. വൈകിക്കേണ്ട ശശികുമാർ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിക്കോ'


 വിദ്യാർത്ഥി ആയിരുന്ന ശ്രീകുമാറിൽ അച്ഛനുമമ്മയും ഒരു ഡോക്ടറെ കണ്ടിരുന്നു. പക്ഷെ,കവി തന്നെ ആകണമെന്ന മോഹം ഒരു ശാഠ്യമായിത്തന്നെ വളർന്നെന്നു കരുതാം. അതിന്റെ പൂർത്തീകരണം ജന്മത്തിന്റെ സവിശേഷതയുമാകാം. അച്ഛനമ്മമാരുടെ ആഗ്രഹത്തിനു ബദലായി സ്വയം കലഹിക്കുകയുമായിരുന്നിരിക്കാം. അവർ വെളിയിലേക്ക്‌ ജോലിക്കായി പോകുമ്പോൾ കുട്ടികളായ നിങ്ങളെ മുറിയിലിട്ടു പൂട്ടേണ്ട ഗതികേട്‌ വന്നിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്‌. ഏതൊരച്ഛനും ആഗ്രഹമില്ലാതെ ചെയ്തു പോകുന്ന പ്രവർത്തിയാണിത്‌. കുട്ടികളുടെ സെക്യൂരിറ്റിയാണ്‌ അതിന്റെ പ്രധാന കാര്യമെങ്കിലും അത്‌ കുഞ്ഞുങ്ങളെ മാനസികമായി വ്രണപ്പെടുത്തും എന്നുള്ളതിൽ തർക്കമില്ല.

 വെളിയിലലഞ്ഞ യുവത്വത്തിന്‌ ഇതൊരു കാരണമായിട്ടുണ്ടോ? അതോ താങ്കളുടെ കലുഷമായ മനസ്സിന്റെ പ്രകാശത്തിലേയ്ക്കുള്ള വെളിപാടായിരുന്നോ? അല്ലെങ്കിൽ ഉന്നംതെറ്റിയ അകൽച്ചകളായിരുന്നോ? 


വീണ വിൽപനക്കാരൻ എന്ന കവിതയിൽ അതിന്റെ സൂചനകളില്ലേ?
 മനഃശ്ശാസ്ത്രപരമായി ഈ നിരീക്ഷണം ശരിയായിരിക്കാം എന്നാൽ എന്റെ അലച്ചിലുകൾക്ക്‌ കാരണം ഏക്കാളത്തും ബാധിച്ചിരുന്ന അസ്വാസ്ഥ്യങ്ങളാണ്‌. ഈ അസ്വാസ്ഥ്യങ്ങൾ സാമൂഹ്യപരിവർത്തനം, പ്രണയം, സ്വപ്നങ്ങൾ തുടങ്ങിയവ എനിക്കു തന്നതാണ്‌. കവിതയുടെ കാരണമായിത്തീർന്നതും ഈ അസ്വസ്ഥതയാണ്‌. അസ്വസ്ഥപ്രദേശത്തുനിന്നും കവിതയുടെ തടാകക്കരയിലേക്ക്‌ യാത്ര ചെയ്യാൻ ഞാൻ ശ്രമിച്ചു. പരാജയപ്പെട്ടു. ഓരോ കവിതയും ഓരോ തോൽവിയുടെ അടയാളങ്ങളാണ്‌.


 മുത്തച്ഛൻ ഭഗവദ്ഗീത മലയാളത്തിലേക്ക്‌ മൊഴിമാറ്റം ചെയ്തെന്ന്‌ കേട്ടിട്ടുണ്ട്‌. പാരമ്പര്യത്തിന്റെ ഒരു ജ്യാമിതീഡൈവിംഗായി ശ്രീകുമാർ എന്ന കവിയുടെ ഉദയത്തെ കാണാമോ?

 ശാസ്ത്രമാണ്‌ അതിന്‌ മറുപടി പറയേണ്ടത്‌. എന്റെ നിരീക്ഷണത്തിൽ കവിത ഒരു പാരമ്പര്യകോശം ആകണമെന്നില്ല. പുതിയ കാലത്തേയും യോജിക്കാൻ കഴിയാത്ത സാംസ്കാരിക ദുർവാസനകളേയും നേരിടുമ്പോൾ നമ്മുടെ മനസ്സ്‌ കൂടുതൽ കൂടുതൽ അസ്വസ്ഥമാകുകയും പാരമ്പര്യത്തെ നിരാകരിച്ചുകൊണ്ട്‌ കവിതയുടെ അഗ്നിക്കുപ്പായങ്ങൾ എടുത്ത്‌ അണിയുകയും ചെയ്യും.

അച്ഛനമ്മമാരുടെ കാർക്കശ്യത്തിന്റെ മൂക്കുകയർ പൊട്ടിക്കാൻ വെമ്പുന്ന ഒരു കാലമാണ്‌ യുവത്വം പലർക്കും എന്നു വേണമെങ്കിൽ പറയാം. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതികരിച്ചും ചില സാമൂഹ്യഇടപെടലുകൾ നടത്തിയതും ഈകാലത്താണ്‌. കവിത അകനെഞ്ചെരിച്ചതും വരണ്ട ഉപ്പുപരലുകളായി കവിളിൽ പറ്റിപ്പിടിച്ചതും നിലാത്തലോടലായതും അഗ്നിയായി കത്തിപ്പടർന്നതും യൗവ്വനത്തിൽ തന്നെയാണ്‌. അത്‌ പൂർണ്ണമായും വെളിപ്പെടുത്തുന്നതാണ്‌ 'കവിതയിങ്ങനെ' എന്ന ആദ്യകാല കവിത. ശ്രുതിഭേദം ചെയ്ത മൗനസംഗീതത്തിന്റെ ഇടർച്ചകളായിരുന്നോ, ചുറ്റുവട്ടത്തുനിന്നും കരളിലേയ്ക്ക്‌ കരഞ്ഞുകയറിയ നോവക്ഷരങ്ങളുടെ വേവൊഴുക്കുകളായിരുന്നോ സങ്കടക്കൈലേസിൽ കവിത പൊതിഞ്ഞു കെട്ടാനുള്ള കാരണം?
 ഈ ചോദ്യം അസാധാരണമായ കാവ്യസാന്നിദ്ധ്യം ഉള്ളതാണ്‌. എന്തായാലും ചെറുപ്പം ചെറുത്തുനിൽപുകളുടെ ഒരു കാലം കൂടിയാണ്‌. കവിത അയാൾക്ക്‌ അപ്പോൾ കവചവും പരിചയും ആയി മാറും.

കവിത ചൊല്ലാനുള്ളതാണെന്ന്‌ ഒരിക്കൽ പറഞ്ഞു. വായനയിലും ചൊല്ലലിലും എന്താണ്‌ വ്യത്യാസം കാണുന്നത്‌?
 ചൊല്ലുമ്പോൾ കവിതയുടെ ഉദ്ഭവകാലത്തേയ്ക്ക്‌ സഞ്ചരിക്കുകയും കലർപ്പില്ലാത്ത അനുഭൂതികളിൽ പ്രവേശിക്കുകയും ചെയ്യുന്നു. അച്ചടിയിൽ ഈ സഞ്ചാരവും പ്രവേശനവും പരിമിതിയുടെ കാൽനടയായേ സാധിക്കൂ. വായനയേക്കാൾ ശക്തമായ ഒരു ഗ്രാഹ്യരീതിയാണു ചൊല്ലൽ.

വ്യക്തികളെ പ്രകീർത്തിച്ച്‌ അല്ലെങ്കിൽ അധികരിച്ച്‌ കവിത എഴുതുന്ന സ്വഭാവം ശ്രീകുമാറിന്‌ നന്നെ കുറവാണ്‌. ഇടപ്പള്ളിക്ക്‌ ഒരു മാനസഗീതം, കൈലാസൻ എന്നീ കവിതകൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്‌. സമൂഹത്തിനെ ബോധ്യപ്പെടുത്തേണ്ടതായ വാസ്തവസംസ്കാരത്തിന്റെ ഗുണപാഠങ്ങൾക്കായി ഒരു ഹ്രസ്വജീവിതം മുഴുവൻ എരിച്ചുതീർത്തത്താണോ കൈലാസൻ എന്ന കവിതയിലേയ്ക്കുള്ള പ്രവേശ കാരണം. അതോ സൗഹൃദമോ?
 കൈലാസൻ സാധാരണ സൗഹൃദത്തിനപ്പുറമുള്ള ഒരു സവിശേഷ വ്യക്തിത്വം ആയിരുന്നു. മനുഷ്യനെക്കുറിച്ചും മതരാഹിത്യത്തെക്കുറിച്ചും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ച കൈലാസന്‌ കൈലാസത്തോളം ഉയരവും കാൽ വിരലോളം വിനയവും ഉണ്ടായിരുന്നു. ഇടപ്പള്ളിയെപ്പോലെ കൈലാസനും ഹ്രസ്വജീവിതത്തിലൂടെയാണ്‌ നമ്മോടു സംസാരിച്ചതു. ഈ രണ്ടു പ്രതിഭകളും എന്നെ വേട്ടയാടിയതിന്റെ ഫലമാണ്‌ ആ കവിതകൾ.

കേരളത്തിലെ കോളേജുകളുടെ ഭിത്തികളിൽ ജസ്സി എന്ന കവിതയുടെ ഏതെങ്കിലും വരികൾ പ്രണയസ്വാസ്ഥ്യമായോ അസ്വാസ്ഥ്യമായോ പറ്റിപ്പിടിച്ചു കിടപ്പുണ്ടാവും. അത്‌ ആ കാലത്തിന്റെ പ്രത്യേകത കൊണ്ടല്ല എന്ന്‌ അടിവരയിടുന്നതാണ്‌ ഇന്നും ആ കവിത തന്നെ വേദികളിൽ ചൊല്ലാൻ ആവശ്യപ്പെടുന്നതിന്റെ പിൻബലം. ഇതൊരു വാസ്തവമെന്നിരിക്കെ, താങ്കൾക്കെന്താണ്‌ തോന്നുന്നത്‌?
 എനിക്ക്‌ അത്ഭുതം തോന്നിയിട്ടുണ്ട്‌. ജസ്സിയേക്കാളും പ്രായം കുറഞ്ഞ തലമുറ ഈ കവിത ആവശ്യപ്പെടുന്നത്‌ ജസ്സി അവരുടേതായതുകൊണ്ടാവാം. അതെ, ജസ്സി അവരുടെ കവിതയാണ്‌. എല്ലാ മാധ്യമങ്ങളും തിരസ്കരിച്ചിട്ടും ജസ്സിക്ക്‌ ജീവൻ കൊടുത്തത്തവരാണ്‌.

ഇതുവരെ ഏകദേശം എത്രവേദികളിൽ കവിത ചൊല്ലിയിട്ടുണ്ടാവും?
 അതിന്റെ കണക്കുസൂക്ഷിച്ചിട്ടില്ല. എന്റെ ഓർമ്മയിലുള്ള ഏറ്റവും സഫലമായ കവിത ചൊല്ലൽ കോഴിക്കോട്‌ ബസ്റ്റാന്റിലെ അന്ധഗായകനായ മഞ്ചേരി അസീസിനു വേണ്ടി വീണ വിൽപനക്കാരൻ ചൊല്ലിയതാണ്‌. മറ്റൊരവിസ്മരണീയ മുഹൂർത്തം ചെങ്ങറ സമരഭൂമിയിലെ പതിനായിരത്തിലധികം വരുന്ന ഭൂരഹിതരോട്‌ കീഴാളൻ ചൊല്ലിയതാണ്‌. പിന്നെയൊരോർമ്മ, കന്യാകുമാരിയിലെ കടലോരത്തിരുന്ന്‌ ഒരു സുഹൃത്തിനുവേണ്ടി കരഞ്ഞുകൊണ്ട്‌ ജസ്സി' ചൊല്ലിയതാണ്‌.

കവിതയുടെ കാഴ്ചപ്പെരുമയിൽ മനസ്സുതുളുമ്പി നിൽക്കുമ്പോൾ നാളിതുവരെ തന്നോടൊപ്പം കണ്ണിരുളാതിരിക്കാൻ ചൂട്ടുകറ്റ തെളിയിച്ച്‌ ഒപ്പം നിന്ന കൂട്ടുകാരിക്ക്‌ എത്ര കൂലിയാൽ സ്വപ്നമളന്നുകൊടുക്കും?
 കൂട്ടുകാരിയേക്കാൾ മുൻപുകൂടിയതാണ്‌ എനിക്കു കവിത. ജസ്സിയും മറ്റും പിറന്നതിനുശേഷമാണ്‌ സൂഷമ എന്റെ ജീവിതത്തിന്‌ നിറസാന്നിദ്ധ്യമായത്‌. എന്റെ സ്വപ്നങ്ങൾ മാത്രമല്ല ദുഃഖങ്ങളും സുഷമയ്ക്ക്‌ അവകാശപ്പെട്ടതാണ്‌. അതുപോലെത്തന്നെ എന്റെ വായനക്കാർക്കും.

പകൽകാളയെന്ന കവിത അവസാനിക്കുന്നതിങ്ങനെയാണ്‌;
'വാക്കെന്നൊടുക്കത്തെയായുധം
വാക്കിൻകുഴൽ
നിന്റെനേർക്കുചൂണ്ടുന്നുഞ്ഞാൻ'
ഈ വരികൾ പൂർണ്ണമായും അന്വർത്ഥമാകുന്നത്‌ പിന്നീടുള്ള കവിതകളിലാണ്‌. ഖേദപൂർവ്വം അതിന്റെ ഒന്നാമങ്കമായിരുന്നോ?
 അങ്ങനെ ഞാനാലോചിച്ചിട്ടില്ല.

ജസ്സി, ആത്മഹത്യാമുനമ്പ്‌, രാഹുലൻ ഉറങ്ങുന്നില്ല, ചാർവാകൻ, കീഴാളൻ, മനുഷ്യപ്രദർശനം, കറുത്ത നട്ടുച്ച, ഗദ്ദൂർ തുടങ്ങി പല കവിതകളും മീറ്റിംഗുകളിൽ പലരും എന്നോട്‌ ചൊല്ലാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. അങ്ങനെ സാധാരണ ജനങ്ങളിൽ ശ്രീകുമാറിന്റെ കവിത കൺതുറന്നു നിൽക്കുമ്പോൾ പ്രധാന മാധ്യമങ്ങൾ ചിലപ്പോളൊക്കെ കണ്ണടയ്ക്കുന്നുമുണ്ട്‌. ഈ തമസ്കരണം പഴയതുപോലെ ഇല്ലെങ്കിലും താങ്കളുടെ അഭിപ്രായമെന്താണ്‌?
 മാധ്യമങ്ങൾ എന്റെ മാനസിക നിലയെ സ്പർശിക്കാറില്ല. ഒരു മാധ്യമവും ഒരു നിരൂപകനും ഒരു പത്രാധിപനും മലയാള കവിതയുടെ അവസാന വാക്കും അല്ല.

മാതൃഭൂമി വാരികയിൽ വന്ന നീണ്ട അഭിമുഖവും ഒന്നാംപുറം പേജിലെ പടവും തലക്കെട്ടും ഉണ്ടാക്കിയ പ്രതികരണങ്ങളിൽ നിന്നും മലയാളിയെ എങ്ങനെ വേർതിരിക്കാം?
 സഭ്യേതരമായി പ്രതികരിക്കുന്ന വിശ്വാസികൾ എന്നും സ്നേഹത്തോടെ പ്രതികരിക്കുന്ന അവിശ്വാസികൾ എന്നും തിരിക്കാമെന്ന്‌ പലപ്പോഴും കൗതുകത്തോടെ ഞാൻ ഓർത്തിട്ടുണ്ട്‌. മൃദുവായി പ്രതികരിച്ച വിശ്വാസികളേക്കാൾ സഭ്യേതരമായി പ്രതികരിച്ച വിശ്വാസികളായിരുന്നു കൂടുതൽ. എന്നാൽ ഒരു അവിശ്വാസിപോലും ഉന്നതസാംസ്കാരിക നിലവാരം വിട്ട്‌ പ്രതികരിച്ചില്ല. ഈ പ്രതികരണം എനിക്കു തന്ന പാഠം അന്ധവിശ്വാസത്തേക്കാൾ മഹത്തരമാണ്‌ അവിശ്വാസം എന്നതാണ്‌.

ശ്രീകുമാർ എന്ന വ്യക്തി ആരാണ്‌?
 ഒരുപിടിയും കിട്ടിയിട്ടില്ല. എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത്‌. ഞാൻ സ്നേഹത്തിന്റെ കൂടാരത്തിലെ ഒരു അഭയാർത്ഥി ആണ്‌ എന്നാണ്‌.

കവിത തന്ന പരുക്കുകൾക്കപ്പുറമാണ്‌ അതുതന്നെ മുത്തങ്ങൾ അല്ലേ; എങ്ങനെ കാണുന്നു?
 ഉണ്ട്‌ പലപ്പോളും അങ്ങനെ തോന്നിയിട്ടുണ്ട്‌. പരുക്കുകൾ പുരട്ടിയ സ്നേഹമരുന്നായി കവിത പ്രവർത്തിച്ചിട്ടുണ്ട്‌.

പുതിയ കവിതയെപ്പറ്റി എന്താണ്‌ പറയാനുള്ളത്‌? പുതിയ കവികളിലുള്ള പ്രതീക്ഷയോ?
 വളരെ കൂടുതലാണ്‌. മലയാളത്തിലെ പുതിയ കവിത വളരെ സജീവമാണ്‌. പുതിയ കുട്ടികൾ കവിതയുടെ ഉഷ്ണഭൂമിയിൽ അലഞ്ഞുതിരിയുന്നത്‌, ഞാൻ കാണുന്നുണ്ട്‌. പ്രത്യേകിച്ചും പുതിയ കാലത്തെ പെൺകവിത സ്വത്വബോധത്തിന്റെ പതാകകൾ എല്ലാ താഴ്‌വരകളിലും ഉയർത്തുന്നത്‌ ഞാൻ കാണുന്നുണ്ട്‌.

 മതി. ശശികുമാറെ,ഇതുതന്നെ ധാരാളം.
ഞാനും അവസാനിപ്പിച്ചു. പിന്നെയും ചോദ്യങ്ങൾ ബാക്കി. നഗ്നകവിത, യുവസാഹിത്യകാരന്മാരുടെ സെക്യുലർ ക്യാമ്പുകൾ അങ്ങനെ പലതും. ശ്രീകുമാറിന്റെ ഏകമകൻ അച്ചു എന്നു വിളിക്കുന്ന 'നേശിൽ ശ്രീകുമാറിനെ'പ്പറ്റി ചോദിക്കാൻ വിട്ടുപോയി. ഏതായാലും ബാക്കിയായ ചോദ്യങ്ങളും ഉത്തരങ്ങളും മറ്റൊരു ഇന്റർവ്യൂവിലേയ്ക്ക്‌ മാറ്റിവയ്ക്കാം.

കുടുംബം: ത്യാഗമുണ്ടെങ്കിലേ നിലനിൽക്കൂ




എം.ലീലാവതി


ഇന്ന്‌ സ്ത്രീ പുരുഷന്മാർ തമ്മിലുള്ള വഴക്കും വേർപിരിയലും വലിയ വാർത്തകളായി ഇടം പിടിക്കുന്നുണ്ട്‌. എനിക്കു തോന്നുന്നത്‌, അത്‌ കേരളീയ സമൂഹത്തെ ആകെ ബാധിച്ച ഒരു രോഗമായി കാണാനാവില്ല എന്നാണ്‌. മദ്യത്തിന്റെ ഉപയോഗം കൂടിയതനുസരിച്ച്‌, കുടുംബങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്‌. അത്‌ സാധാരണ കുടുംബങ്ങളെ ബാധിക്കുന്നുമില്ല. ബോധമനസ്സിന്റെ ശൈഥില്യംകൊണ്ട്‌ ചിലർ പരിധിവിട്ടു പോകുന്നതാണ്‌. ഇത്‌ പ്രധാനമായും മദ്യപാനത്തിന്റെ ഫലമാണ്‌.

 ഭർത്താവുള്ള സ്ത്രീ, കാമുകന്റെ കൂടെ പോകുന്നതായി വാർത്തവായിക്കാറുണ്ട്‌. ഭർത്താവിനെ കൊന്ന സംഭവങ്ങളും കേട്ടിട്ടുണ്ട്‌. ഇതെല്ലാം കുടുംബജീവിതത്തിലെ ഒറ്റപ്പെട്ട സംഭവങ്ങളാണ്‌. പൊതു പ്രവണതയല്ല.

 തീർച്ചയായും, നമ്മുടെ ജീവിതവും ഒരു പരിണാമഘട്ടത്തിലാണ്‌. പാശ്ചാത്യ ജീവിതത്തിന്റെ സ്വാധീനഫലമായി സ്വാതന്ത്ര്യബോധം വർദ്ധിച്ചിട്ടുണ്ട്‌. ഫെമിനിസവും അതിന്റേതായ പങ്കുവഹിച്ചു. ഒരാളുമായുള്ള ബന്ധം സുഖമല്ലാതായി തോന്നിയാൽ ഉടനെ ഉപേക്ഷിക്കാനുള്ള മനസ്സ്‌, ഇങ്ങനെ ഉണ്ടാകുന്നതാണ്‌. സ്ത്രീകൾക്ക്‌ ഇന്ന്‌ കൂടുതൽ സ്വാതന്ത്ര്യമുണ്ട്‌. എല്ലാവരുടെയും കാര്യമല്ല പറയുന്നത്‌. സ്ത്രീ, പുരുഷനൊപ്പമാണെന്ന്‌ കരുതുന്നവരും വർധിച്ചിട്ടുണ്ട്‌. ഒരാളുടെ കീഴിൽ വിധേയത്വത്തോടെ നിൽക്കാൻ തയ്യാറല്ലാത്തവർ, ബന്ധങ്ങൾ ഉപേക്ഷിക്കുകയാണ്‌ പതിവ്‌. ദാമ്പത്യബന്ധത്തിലെ ചെറിയ പിണക്കങ്ങൾപോലും, കാര്യങ്ങൾ കൂടുതൽ വഷളാക്കാം.
 സാമ്പത്തിക വളർച്ചയുടെ മറ്റൊരു ദുര്യോഗമാണിന്ന്‌ നാമിന്ന്‌ കാണുന്നത്‌. സ്ത്രീകളുടെ ശബ്ദം ഇന്ന്‌ കുറച്ചെങ്കിലുമൊക്കെ ഉയർന്നു കേൾക്കുന്നുണ്ട്‌. വിദ്യാഭ്യാസം, ജോലി, ധനസ്ഥിതി, സ്വാതന്ത്ര്യബോധം എന്നിവയെല്ലാം, വ്യക്തിയെന്ന നിലയിലുള്ള മനോഭാവത്തെയും മാറ്റി മറയ്ക്കുന്നു.

 ഇത്‌ നമ്മുടെ നാട്ടിലെ മാത്രം സ്ഥിതിയല്ല. ആഗോളപ്രവണതയാണ്‌. ആഗോള ജീവിത പ്രവണതകൾ ഇവിടെയും പ്രതിഫലിക്കുന്നു എന്നേയുള്ളു.

 നമ്മുടെ സാംസ്കാരിക പാരമ്പര്യം പൂർണ്ണമായി തകർന്നു എന്നു പറയാറായിട്ടില്ല. മാതാപിതാക്കൾ ഇപ്പോഴും കുട്ടികളെ കരുതലോടെയാണ്‌ ഇവിടെ വളർത്തുന്നത്‌. പാശ്ചാത്യ സംസ്കാരമെന്താണ്‌? കുട്ടികളെ അവർ വിദ്യാഭ്യാസം നൽകി പുറന്തള്ളുകയാണ്‌. ചിലപ്പോൾ വിദ്യാഭ്യാസവും നൽകുന്നില്ല. പല തൊഴിലുകളുമെടുത്താണ്‌ അവിടെ കുട്ടികൾ പഠിക്കുന്നത്‌.

 നമ്മുടെ നാട്ടിൽ കുട്ടികളുടെ ഭാവിയെ പരമപ്രധാനമായി കാണുന്ന മാതാപിതാക്കളാണ്‌ കൂടുതലും. കുട്ടികളോടുള്ള സ്നേഹവും പ്രകടമാണ്‌. നമ്മുടെ പാരമ്പര്യത്തെപ്പറ്റിയുള്ള വിശ്വാസം ഉണ്ടായാൽ, ഇന്നത്തെ പല കുഴപ്പങ്ങളും പരിഹരിക്കാനാകും. സ്ത്രീക്ക്‌ കൂടുതൽ സ്വാതന്ത്ര്യം കിട്ടിയത്‌ എങ്ങനെ ഉപയോഗിക്കണമെന്ന്‌ മനസ്സിലാക്കണം. സ്വാതന്ത്ര്യം കിട്ടിയതുകൊണ്ട്‌ കുടുംബം വേണ്ടെന്ന്‌ വച്ചാൽ, കുട്ടികളെ അത്‌ ബാധിക്കും. അവരുടെ ജീവിതം വഴി മാറിപ്പോകും. സ്വാർത്ഥത പരിധിവിട്ടാൽ ബന്ധം നശിക്കും. കുടുംബബന്ധങ്ങൾ നിലനിൽക്കണമെങ്കിൽ ദമ്പതികൾ ത്യാഗം അനുഷ്ഠിക്കണം. അമ്മയാകുക എന്ന്‌ പറഞ്ഞാൽ അതിലൊരു ഉത്തരവാദിത്തം ഉണ്ട്‌. കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണത്‌. അതുകൊണ്ട്‌ സ്ത്രീ തന്റെ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത്‌, ആ ഉത്തരവാദിത്തം നശിപ്പിക്കാൻ പാടില്ല. ദമ്പതികൾക്ക്‌ കുട്ടിയുണ്ടാകുമ്പോൾ, ആ പുതിയ അംഗത്തിനോടുള്ള ഉത്തരവാദിത്തം നിറവേറ്റാനാകണം. അമ്മയാകാൻ പുറപ്പെട്ടവർ ഇതു ഉൾക്കൊള്ളണം. അതിനു തയ്യാറല്ലാത്തവർ അമ്മയാകാൻ ശ്രമിക്കാതിരക്കയാണ്‌ നല്ലത്‌.