Friday, 8 July 2011
അതീതം
രാജനന്ദിനി
നേരുകൾ ചുടുകനൽ കൂടുകൾ തുറന്നതിൽ
ഓർമ്മകൾ ഒന്നിനൊന്നായി കുമിഞ്ഞു വേകുമ്പോഴും
ആ വേവിൽ നീയുണ്ടെന്നൊരൊർമ്മയെ മതി മമ
പ്രാണനുമീതെ നറു ചന്ദനം പൊഴിക്കുവാൻ
ഇല്ല;കാലത്തിന്നാകില്ലൊരിക്കൽ പോലും നിന്നെ
എന്നിൽ നിന്നേറെ ദൂരം പകുത്ത് മാറ്റീടുവാൻ
ദേഹത്തിന്നൊപ്പം കാലം നടക്കും പയ്യെ പക്ഷെ
ദേഹിയിൽ ഒരിക്കലും മുട്ടുവാനാകില്ലല്ലൊ?
കാലമാണെല്ലാറ്റിനുമധിപൻ എന്നാത്മാവിൽ
കാലമെന്നാളും നിന്നെ വിസ്മരിക്കില്ലാ തെല്ലും
പണ്ടുപണ്ടാരൊക്കെയോ നമുക്കു മുന്നേ പോയോർ
നേരിന്റെ ശിലാമേലെയെഴുതിപ്പതിച്ചതാം
ജീവവിസ്മയങ്ങളും രാഗവും വ്യഥകളും
ഈനാളും നമ്മെക്കാത്തു നിശ്ചലം നിൽക്കുന്നപോൽ
ഒരിക്കലീ ഞാനുമെൻഭൂമി വിട്ടൊഴിയുമ്പോൾ
ഇതിലെ വരുന്നവർ കാണുവാൻ പരുവത്തിൽ
ജീവജന്തുക്കൾതോറും നീയലിഞ്ഞെന്നിൽ ചേർന്നോ-
രാത്മഹർഷങ്ങൾ പിന്നെ രാഗ നിസ്വനങ്ങളും
എന്റെ സ്നേഹത്തിൽ മൂർച്ചകൂട്ടിയോരുളി മുന,
കൊണ്ടു നൽ ശിലാലിഖിതങ്ങളായ് പകർത്തും ഞാൻ
അങ്ങനെ നീ കാലത്തിന്നപ്പുറം കടന്നുപോയ്
എന്നിലെ ഞാനായ് യുഗാന്തരങ്ങൾ കവർന്നിടും
Labels:
rajanandini