Showing posts with label yamini jacob. Show all posts
Showing posts with label yamini jacob. Show all posts

Saturday, 14 January 2012

ട്രാഫിക്‌ കുരുക്ക്



                             യാമിനി  ജേക്കബ്‌
എത്തിപ്പെടെരുതെയെന്ന്
കൊതിക്കുന്ന ലക്ഷ്യങ്ങള്‍ക്കും,
തീര്‍ന്നു പോകാതിരുന്നെങ്കിലെന്ന്
കൊതിക്കുന്ന യാത്രകള്‍ക്കും,
ഒരു പോലെ പ്രിയപ്പെട്ട
ട്രാഫിക്‌ കുരുക്കുകള്‍-
അക്ഷമ, അസഹ്യത,ചീത്തവിളി,
കാതടപ്പിക്കുന്ന ഹോണ്‍,
എല്ലാത്തിന്റെയും മറുപുറം.

ആകസ്മികതകളുടെ മൊത്ത കച്ചവടമായ
ജീവിതം പോലെ-
പ്രതീക്ഷിക്കാത്ത ഏതൊക്കെയോ
നാല്‍ക്കവലകളില്‍ ഇഴഞ്ഞിഴഞ്ഞു,
കുരുക്ക് കരുതിയിരിക്കുന്നിടങ്ങളില്‍
സാമാന്യത്തിലധികം വേഗതയില്‍
പറന്ന് പറന്നങ്ങനെ...

ഇരുട്ടിന്റെ പശ്ചാത്തലത്തില്‍,
ബസിന്റെ മുന്‍ കണ്ണാടിയില്‍ കൂടി കാണുന്ന
വാഹനങ്ങളുടെ നീണ്ട നിര,
എന്‍റെ പഴഞ്ചന്‍ നഗരത്തിനും
മെട്രോ പരിവേഷം തരുന്നു-
വാഹന കമ്പനികളുടെ
പ്രദര്‍ശന പ്രദക്ഷിണം പോലെ,
കുട്ടികളുടെ അടുക്കും ചിട്ടയുമുള്ള
അസ്സെംബ്ലി ലൈന്‍ പോലെ.

സന്ധ്യ തട്ടി തൂവി തുടങ്ങുമ്പോള്‍,
ജനല്‍ കമ്പികളില്‍ തല ചേര്‍ത്തിരുന്നു
ഓര്‍മകളിലേക്ക്  കുലം കുത്തിയൊഴുകാന്‍-
സ്വസ്ഥമായൊന്നു  മയങ്ങാന്‍-
അള്ളിപ്പിടിച്ചിരിക്കുന്ന കൈയോട് ചേര്‍ന്ന്
കുറച്ചു നേരം കൂടിയായിരിക്കാന്‍-
പറഞ്ഞു തുടങ്ങിയൊരു കഥ
മുഴുമിപ്പിക്കാന്‍-
പുതിയ കഥകളിലേക്ക്/കവിതകളിലേക്ക്‌
പാലമിടാന്‍-

തിരക്കധികം ഇല്ലാത്തൊരു  ബസും
ജനല്‍ സീറ്റും
ട്രാഫിക്‌ കുരുക്കും.

Wednesday, 14 December 2011

യുനിവേര്സിടി ബസ്

യാമിനി ജേക്കബ്

ദേഷ്യവും സങ്കടവും അരിശവും
പിന്നെയുമെന്തൊക്കെയോ
എന്നാണവള്‍ പറയാറ്!!!

ബസിനായി കാത്തു നില്‍ക്കെ-
കാറില്‍,
ഒഴുകി നീങ്ങുന്നവര്‍.
ബൈക്കില്‍,
കുതിരപ്പുറത്ത്‌ ഏറിയവര്‍.
ബസില്‍,
ആനപ്പുറത്ത് ഇരിക്കുന്നവര്‍.
നിരത്തില്‍,
സഖാക്കള്‍.
അതില്‍ത്തന്നെ,കൂട്ടുള്ളവര്‍
സനാധര്‍.

എല്ലാം ബസ്
കാണുന്നത് വരെയുള്ളൂ-
കാത്തു നില്‍പ്പിന്റെ അക്ഷമ.

കണ്ണില്‍ ഇരുട്ടുറയുന്ന
സന്ധ്യയില്‍,
കൂടണയാന്‍ വെമ്ബാത്ത
പക്ഷികള്‍ അപൂര്ര്‍വം.

സംഭ്രമിപിക്കുന്ന
നഗരത്തിരക്കുകളില്‍,
കാണെകാണേ വന്നു നിറയുന്ന
ഇരുട്ടില്‍,
കഴുകന്‍ നോട്ടങ്ങളില്‍നിന്നോടി
ഒളിക്കാനുള്ള തിടുക്കത്തില്‍,
ഉപദ്രവങ്ങളില്‍ മനം മടുത്തു
അത്താണി തേടുന്ന
നിസഹായതയില്‍-
കാത്തു നില്‍ക്കുന്ന
യുനിവേര്സിടി  ബസ്
(അതില്‍ ഉറപ്പുള്ല്ല ഒരു
ജനലരികിലെ സീറ്റ്‌),
ചെന്നിറങ്ങുന്ന,ചിറകൊതുക്കി
ചേക്കേറുന്ന ഹോസ്റ്റല്‍,
ഒക്കെ അഭയങ്ങള്‍ ആകുന്നു.

പ്രളയ കാലത്തെ
 പേടകം പോലെ,
ഒരിക്കല്‍ പൊതിഞ്ഞു സംരക്ഷിച്ച
ഗര്‍ഭപാത്രം പോലെ,
ശാന്തമായി മുഖം ചേര്ര്‍ത്തു ഉറങ്ങുന്ന
നെഞ്ചു പോലെ.





Tuesday, 15 November 2011

പെണ്മ


                                   യാമിനി ജേക്കബ്‌


കണക്കുകളുടെ കാണാ മറയത്ത്
ലക്ഷോപലക്ഷം ഗര്‍ഭപാത്രങ്ങളില്‍
നിന്ന്,
പെണ്‍ മരങ്ങളെ കടപുഴക്കിയ
ബുള്‍ടോസറുകളോട് പറയൂ-
പ്രസവിക്കാന്‍ ഗര്‍ഭപാത്രം വേണ്ടെന്നു
ശാസ്ത്രത്തെ കൊണ്ട് പറയിക്കാന്‍.


ആദ്യ കരച്ചിലിന് മീതെ
ഒരു മണി അരി കൊണ്ട്
ശ്വാസം കെടുത്തിയ
പേറ്റിച്ചി കൈകളോട് പറയു-
ശ്വാസം ഊതുയൂതി ,
ഊട്ടി വളര്‍ത്തിയ 
ആണ്‍ മക്കളില്‍ നിന്ന് 
ആണ്‍ മക്കള്‍ക്ക്‌ ജനിക്കുന്ന 
ഉണ്ണികളെ കൊണ്ട് 
വായിക്കരി ഇടുവിക്കാന്‍.


ഉയിരോടെ മണ്‍ കലങ്ങളില്‍
കുഴിച്ചു മൂടിയ കാടത്തത്തെ കൊണ്ട് 
പറയിക്കൂ-
സീതായനം കേട്ട് കേള്‍വി
മാത്രമാണെന്ന്.


കാലാ കാലങ്ങളായി,
നിശബ്ദമായി,നിര്‍വികാരമായി
തുടച്ചു നീക്കപ്പെട്ടു കൊണ്ടിരിക്കുന്ന 
മണ്ണ്.


കൊയ്യാനും മെതിക്കാനും
അറപ്പുരകളില്‍ ശേഖരിക്കാനും
വെമ്പല്‍ കൊള്ളുന്നവരെ
നിങ്ങള്‍ കാണുന്നില്ലേ,
മണ്ണില്ലാതെ
നിങ്ങളുടെ വിത്തുകള്‍ 
അനാഥമാകുന്നത്?






N.B. പെണ്‍ ഭ്രൂണഹത്യകളെകുറിച്ച്, ജനസംഖ്യയില്‍ 

Sunday, 14 August 2011

അലര്‍ജി



യാമിനി ജേക്കബ്‌


എത്രയടുക്കിപ്പിടിച്ചിട്ടും,
എത്ര മുറുക്കെപ്പിടിച്ചിട്ടും
ഓട്ടകൈക്കിടയിലൂടെ
ഒലിച്ചുപോകുന്നതിന്റെ ബാക്കി,
നെറുകയില്‍ കയറിക്കൂടി
വിങ്ങുന്ന പൊടിപോലെ
തുമ്മി അകറ്റാം.

പലര്കൂടി, പലനാളില്‍
പലപ്രാവശ്യം
അരിച്ചെടുത്ത മണല്‍,
വിരലുകള്‍ക്കിടയിലൂടെ
 ഒലിച്ച്  പോകാതിരിക്കുന്നതെങ്ങനെ?

എന്നോ മോഹിച്ചിഷ്ടത്തോടെ
നനഞ്ഞ  പൊടിമഴ,
തളംകെട്ടി ജലദോഷമായി.

ആരോ തള്ളിയിട്ട
മാറാലക്കൂട്ടംനിറഞ്ഞ
പൊടിമുറി.
തടുത്ത്‌ പിടിച്ച
ദുഷ്ടുകള്‍.
കയറിക്കൂടിയ
പൊടിയത്രയും
തുമ്മി അകറ്റുകയെ
തരമുള്ളൂ.

ആരോ തലയിലേറ്റി തന്ന
മലര്‍പ്പൊടി ചാക്ക്.
എനിക്കെന്തിനാണ്‌
മലര്‍പ്പൊടി?
ഏറ്റിക്കൊണ്ട് നടക്കുന്ന
ദൂരമത്രയും തുമ്മിതുമ്മി.

ഇഷ്ടമില്ലാതെ
തണുത്തുറഞ്ഞ
വെള്ളത്തില്‍ ആരാണെന്നെ
പല പ്രാവശ്യം
മുക്കി പൊക്കിയത്?
ഒടുവില്‍ പനിയുമായി.
തുടക്കം
ജലദോഷം ആയിരുന്നു.