Showing posts with label v dathan. Show all posts
Showing posts with label v dathan. Show all posts

Wednesday, 14 December 2011

ബോധോദയം

വി.ദത്തൻ 

വാക്കുകൾ
കൂർത്ത കുന്തങ്ങളാക്കി,
മൂർച്ചയേറുന്ന ബാണങ്ങളാക്കി,
തീ വമിപ്പിക്കും തോക്കുകളാക്കി,
എതിരാളിക്കു നേർ-
ക്കെന്നും പ്രയോഗിച്ചു രസിച്ചൂ ഞാൻ.
കണ്ണിനു കണ്ണും പല്ലിനു പല്ലും
പകരം കുത്തിയുടച്ചു-
മടിച്ചുപറിച്ചും
നീതി നടത്തി നടത്തിയൊടുക്കം
തെരുവിൽ വീണു പിടഞ്ഞു.
അംഗം തോറും മുറിവുകൾ പറ്റി
ചോരയൊലിച്ചു കിടക്കെ യറിഞ്ഞു:
വാക്കുകൾ
മധുരം കിനിയും
തേനും നെയ്യു,മിരുട്ടിനെ മാറ്റും
വെള്ളിവെളിച്ചവുമാക്കാമെന്ന്;
വീണ്ടുമറിഞ്ഞൂ
മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല
വചനം കൊണ്ടും ജീവിക്കുന്നുവെന്നും
യാഗത്തിലല്ല കരുണയിലത്രേ
ദൈവം പ്രസാദിപ്പതെന്നും.
നവബോധത്തിൻ നക്ഷത്രങ്ങൾ
ഇങ്ങനെ മെല്ലെയുദിച്ചു തുടങ്ങേ
തീയുണ്ടകളൂം കുന്തവുമേറ്റുമരിച്ചു
ചിതയിൽ കത്തിയമർന്നുകഴിഞ്ഞേൻ.

Tuesday, 15 November 2011

ദൂരെയല്ല




വി.ദത്തൻ

കറുത്തും വെളുത്തും
കറങ്ങിക്കുതിയ്ക്കും
പുകപ്പാളി മേലേ
വളഞ്ഞും പുളഞ്ഞും
തിളങ്ങുന്ന നാവാർത്തലച്ചും
രുചിപ്പെട്ടശിച്ചിട്ടു,മൊട്ടും
ശമിക്കാ വിശപ്പോടതാ-
കത്തിയാളുന്നിതാസക്തിയേറുന്ന
ഘോരാഗ്നി ദൂരെ.
തഴപ്പാർന്ന പച്ചത്തലപ്പിൻ 
തളിർപ്പും തണുപ്പും
തകർത്തും കരിച്ചും 
തടം തല്ലിയാർത്തും
നടത്തുന്നു നിർത്താതെ നൃത്തം
കരുത്തുറ്റ നാളങ്ങൾ.

പഴം പാട്ടു പാടും 
പകിട്ടുള്ള മച്ചും
പ്രകാശം പരത്തും
സുവർണ്ണ കുംഭങ്ങളും
തകർന്നും പൊളിഞ്ഞും
നുറുങ്ങിപ്പൊടിഞ്ഞും
നിറം കെട്ടു രൂപം നശിച്ചും
പതിക്കുന്നു താഴെ
പെരുത്തൊച്ചയോടെ.

അന്യന്റെ കൂടും കുടുക്കയു
മഗ്നിക്കടിപ്പെട്ടൊടുങ്ങുന്ന കാൺകേ
ചിരിക്കാതിരുന്നാൽ 
കരൾക്കെന്തു സൗഖ്യം?
കളിക്കാതിരുന്നാൽ
കണിക്കെന്തു മോശം ?

ഉറഞ്ഞാഞ്ഞു തുള്ളാൻ 
ഉടുത്തൊന്നു കെട്ടി
ഉടുക്കിട്ടു കൊട്ടി 
കഴൽ നീട്ടിയൂന്നി
തിരശ്ശീല നീക്കി 
ദിഗന്തം നടുങ്ങും തരത്തിൽ
കടുത്തട്ടഹാസം 
മുഴക്കുമ്പൊഴേക്കെൻ
മുടിത്തുമ്പിലെന്തോ തിളങ്ങുന്നു.
പിന്നാലെ ചൂടും 
വമിക്കു,ന്നൊടുക്കം
കിടപ്പാടമെന്റെയും
കത്തുന്നുവെന്നോ?

ഭയപ്പെട്ടു പിന്നോട്ടു 
നോക്കുന്ന നേരം 
ക്കനല്ക്കട്ടയായിട്ടു
വീഴുന്നടുത്തെന്റെകൂര.


Thursday, 13 October 2011

*തിരുവമ്പാടിയിൽ എത്തിയ ബലരാമൻ


വി.ദത്തൻ

കാലിയെ മേയ്ക്കുവാൻ കാട്ടിലും മേട്ടിലും
ചോലയ്ക്കരുകിലുമൊന്നിച്ചു പോയവൻ,
അമ്പാടിയിലെന്റെ തല്ലും തലോടലു-
മേറ്റു കളിച്ചു കൂത്താടിയ കൃഷ്ണനെ-
കാണുവാനണു ഞാൻ വന്നതൊടുങ്ങാത്ത         
മോഹവുമായി ത്തിരുവാമ്പാടിയിൽ.
കുഞ്ഞനുജന്നു കൊടുക്കാനവനിഷ്ട
കാണിക്കയേറെക്കരുതിയിരുന്നു ഞാൻ.

പൂരപ്രസിദ്ധമാമമ്പലം തന്നിലായ്
പള്ളികൊണ്ടീടുമവനെ ദർശിക്കുവാൻ,
ക്ഷേത്രം ഭരിക്കുവോർ സമ്മതിക്കാതെന്റെ 
ഗോത്രവും വർഗ്ഗവും ജാതിയും ചോദിപ്പു.
ജാതിയിൽ താഴ്ന്നവനാണു പോൽ  യാദവൻ;
പി.എസ്സ്.സി ലിസ്റ്റിലെ ഓ.ബി.സി യായവൻ.
കൈയ്യിൽ കരുതിയ കാണിക്ക വാങ്ങുവാ
നില്ലായിരുന്നൊട്ടു ഭ്രഷ്ടുമയിത്തവും.
ക്ഷേത്ര മതില്ക്കെട്ടിനുള്ളിൽ പ്രതിഷ്ഠിത-
യാദവൻ പൂജ്യൻ;അവന്റെ സഹോദരൻ 
എത്രയും ദൂരെയകറ്റി നിർത്തേണ്ടവ;-
നെന്തുവിചിത്രമീ ജാതിഭൂതക്കളി!
“മർത്യരിൽ ഭേദവും ഭേദത്തിൽ ഭേദവും
കല്പിച്ച വൈദികമാനികൾ”തൻ ഹീന 
വംശ പരമ്പരയിന്നും തുടരുന്നു-
വെന്നോ മനുഷ്യന്റെ ജാതി മനുഷ്യത്വ
മെന്നു പറഞ്ഞ ഗുരുവിന്റെ നാട്ടിലീ
പുത്തൻ യുഗത്തിലിരുണ്ട മനസ്സുമായ്?
................................................................................
*തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്ര ഭരണ സമിതി
 സവർണ്ണർ മാത്രം കൈയ്യടക്കിയതിനെതിരെ ഉണ്ടായ 
കോടതിവിധിയുടെ പശ്ചാത്തലത്തിൽ എഴുതിയത്.