Showing posts with label t k unni. Show all posts
Showing posts with label t k unni. Show all posts

Friday, 13 January 2012

താവളം


ടി. കെ. ഉണ്ണി

കുളം
തവള
തവളക്കുളം
കുളങ്ങൾ കുശിനികളായപ്പോൾ,
ആലക്തികസൂര്യന്മാർ മിഴിതുറന്നപ്പോൾ,
തവളകൾ ജീവനുംകൊണ്ടോടി..!
പാടികളിലെ പൊട്ടക്കിണറുകളിൽ
അവരഭയം തേടി, സാമ്രാജ്യമാക്കി..
കിണറ്റിലെ തവളയെന്ന ഓമനപ്പേര്‌ സമ്പാദ്യമാക്കി.
തവളകൾക്കതിമോഹമെന്നും സാമ്രാജ്യം തന്റേതെന്നും അശരീരി..
പാതാളരാജന്റെ നിർദ്ദയമായ അധിനിവേശം,
കിണറുകളെല്ലാം പാതാളത്തിലേക്ക്‌ കൂപ്പുകുത്തി..
പാവം പച്ചത്തവളകൾ – അവ ജീവനില്ലാതെ ചാടിയോടി..
അല്ല, ചാടിച്ചാടി, താവളത്തിലെത്തി..
തവളക്ക്‌ താവളത്തിലെന്ത്‌ കാര്യമെന്ന് താവളരാജൻ..
താവളം ഞങ്ങൾക്കല്ലെങ്കിൽ പിന്നെയാർക്കെന്ന് തവളക്കൂട്ടം..
തവളക്ക്‌ പല്ല് മുളച്ചെന്ന് സുരക്ഷാശാസ്ത്രമണ്ടരികേന്ദ്രം ദളവ…
തവളയുടെ പല്ല് പറിക്കാൻ, പുല്ലുപോലും പറിച്ചിട്ടില്ലാത്ത
മല്ലന്മാരുടെ റൂട്ട്‌ മാർച്ച്‌…. ഒപ്പം
താവളരാജനും ദളവരാജനും താവളത്തിലെത്തിയപ്പോൾ
തവളകളെ കാണാനില്ല..!!
കഴുതജനത്തിന്റെ കാതിൽ കേട്ടത്‌ :
തവളകൾ അപ്രത്യക്ഷമായതിനാൽ രാജ്യത്തെ
താവളങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക്‌ അടച്ചിട്ടതായി
താവളരാജന്മാരുടെ രാജനായ ദളവരാജൻ ഉത്തരവ്‌
പുറപ്പെടുവിച്ചിരിക്കുന്നു…!!!
പാവം തവളകൾ.!
പച്ചപ്പാവം താവളരാജൻ.!!
പഞ്ചപാവം ദളവരാജൻ.!!!
കഴുതജനത്തിന്നാഘോഷിക്കാൻ ഇനിയെന്തുവേണം.?
========
(അന്യവൽക്കരിക്കപ്പെടുന്നവരോടുള്ള സമൂഹത്തിന്റെ സമീപനം കൂടുതൽ പരിഹാസ്യമായിക്കൊണ്ടിരിക്കുകയും തന്മൂലം ആദേശം ചെയ്യപ്പെടുന്ന ഊർജ്ജത്തിന്ന് അനുമാനാതീതമായ മാനങ്ങൾ കൈവരികയും ചെയ്യുന്ന കാലികമായ ചിന്തയിൽനിന്നും)….

Tuesday, 15 November 2011

ദൈവത്തിന്റെ നാട്



 ടി. കെ. ഉണ്ണി
കേരളത്തെയോര്‍ത്ത് കേഴാനിനി
എന്നുള്ളില്‍ സങ്കടങ്ങള്‍ ബാക്കിയില്ല.!
അതെല്ലാം ദൈവത്തിന്റെ നാടിനു ദാനമേകി.!
ദൈവനാടിന്റെ ഉടമസ്ഥര്‍ മേലാളമേലാപ്പുകാര്
അവര്‍ അംഗവിഹീനമാക്കി മാനഭംഗപ്പെടുത്തിയില്ലേ.?
മദമാത്സര്യോന്മാത്തരായ  ‍ ദൈവങ്ങളുടെയും നാട്.!
മതമത്തേഭരല്ലാത്ത ദൈവങ്ങളില്ലാത്ത നാട്.!
ഈ ദൈവനാട്ടില്‍ മനുഷ്യരെവിടെ.?
ഈ ദൈവനാട്ടില്‍ പക്ഷിമൃഗാതികളെവിടെ.?
ജലമെവിടെ, ജീവവായു എവിടെ.?
ആറുകളും മലകളും സസ്യജാലങ്ങളുമെവിടെ.?
ഇടിവെട്ടുന്നതും മഴപെയ്യുന്നതും തീകത്തുന്നതും
സൂര്യചന്ദ്രന്മാര് ഉദിച്ചസ്തമിക്കുന്നതും
ഉടയോരായ മേലാള മേലാപ്പുകാര്‍ക്കുവേണ്ടി.?
മനുഷ്യനധിവസിക്കാനൊരു കേരളനാട്..!
അതിന്നായ് കേഴാനെനിക്ക് സങ്കടങ്ങള്‍ ഏകണേ.!
എന്റെ കണ്ണില്‍ അശ്രുകണങ്ങള് നിറക്കണമേ.!
ഉത്സവങ്ങളില്‍ ആറാടിത്തിമിര്‍ക്കുന്ന ദൈവങ്ങള്‍.!
അവരെങ്ങനെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കും.?
മനുഷ്യമനസ്സ്   ഉരുകിയാലറിയുന്നൊരു ദൈവം
പ്രപഞ്ചത്തിലുണ്ടെങ്കില് , കേള്‍ക്കുമെന്റെയുരുക്കം ,
മനുഷ്യനു ജീവിക്കാനൊരു കേരളം ..!
അതൊന്നു മാത്രമേകുക ..!
അതൊന്നു മാത്രം ..!


വാല്‍ക്കഷ്ണം :  ദൈവത്തിന്റെ നാട് / ദൈവങ്ങളുടെ നാടായ കേരളത്തില്‍ വെറും മനുഷ്യന്റെ അസ്ത്തിത്വം വെല്ലുവിളി നേരിടുന്നു എന്ന സത്യത്തിന്റെ നെരിപ്പോട് എന്റെ നെഞ്ചിലും അനുഭവപ്പെടുന്നു...
 ‍