Showing posts with label t k jose i a s. Show all posts
Showing posts with label t k jose i a s. Show all posts

Saturday, 14 January 2012

നാളികേരവും നാളികേരോൽപന്നങ്ങളും ആരോഗ്യത്തിനും സമ്പത്തിനും


ടി.കെ.ജോസ് ഐ എ എസ്
ചെയർമാൻ
നാളികേര വികസന ബോർഡ്

പ്രിയപ്പെട്ട കേര കർഷകരെ,
നാളികേരത്തിന്റെ നന്മകളെക്കുറിച്ചും അതുവഴി യുണ്ടാകുന്ന ആയുരാരോഗ്യസൗഖ്യങ്ങളെക്കുറിച്ചും മലയാളികളെ ആരും പ്രത്യേകം പഠിപ്പിക്കേണ്ടതില്ല. എന്തെല്ലാം വ്യാജപ്രചരണങ്ങൾ നടത്തിയാലും ശരാശരി മലയാളിയുടെ ഭക്ഷ്യഎണ്ണ ഇന്നും വെളിച്ചെണ്ണ തന്നെ. നാളികേരകർഷകർക്ക്‌ മിതമായ വില തേങ്ങയ്ക്ക്‌ നിലനിർത്തിക്കൊണ്ട്‌, ഉപഭോക്താവിന്‌,
പ്രത്യേകിച്ച്‌ പാചകആവശ്യത്തിനും, തേച്ച്‌ കുളിക്കുന്നതിനുമുള്ള
വെളിച്ചെണ്ണ മിതമായ നിരക്കിൽ ഗുണമേന്മയോടെ എങ്ങനെ നൽകാൻ കഴിയും എന്ന
ചോദ്യം പ്രസക്തമാണ്‌. 
പലപ്പോഴും, ഫിൽട്ടർ ചെയ്ത, കലർപ്പില്ലാത്തവെളിച്ചെണ്ണ പൗച്ചിലും ബോട്ടിലിലും ലഭിക്കുന്നതിന്‌, മൊത്തവ്യാപാര വിലയേക്കാളും വളരെ കൂടുതൽ വില ഉപഭോക്താവ്‌ നൽകേണ്ടിവരുന്ന ചിത്രമാണ്‌
കേരളത്തിൽ നാം കാണുന്നത്‌. ചില്ലറ വിൽപ്പനരംഗത്ത്‌, വെളിച്ചെണ്ണയിൽ മായം
ചേർക്കപ്പെടുന്നതായി പരാതിയും ധാരാളമായി കേൾക്കുന്നുണ്ട്‌. എങ്ങനെയാണ്‌
വൃത്തിയും ശുചിത്വവു മുള്ള അന്തരീക്ഷത്തിൽ കൊപ്ര തയ്യാറാക്കി, ഗുണമേന്മ
യുള്ള, കലർപ്പില്ലാത്ത വെളിച്ചെണ്ണ, ഉപഭോക്താക്കൾക്ക്‌ ലഭ്യമാക്കാൻ
കഴിയുക എന്നത്‌ നാളികേര കർഷകരും സിപിഎസ്‌ (ഉത്പാദക സംഘങ്ങൾ)കളും ഗൗരവമായി
ചിന്തിക്കേണ്ട കാര്യമാണ്‌.

നാളികേരത്തിന്റെ ഉപയോഗം വ്യക്തികളുടെ ആരോഗ്യ പരിപാലനത്തിൽ പലവിധത്തിലാണ്‌
പ്രയോജനപ്പെടുന്നത്‌.  ഇളനീർ ആരോഗ്യദായകമായ പോഷകപാനീയമാണ്‌. ഇന്ത്യയിലും,
ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിലും മാത്രമല്ല അമേരിക്കയിലും കാനഡയിലും
ജർമ്മനിയിലും ആസ്ത്രേലിയയിലും കരിക്കിൻ വെള്ളത്തിനുള്ള ആവശ്യകത
വർദ്ധിച്ചുവരുന്നുണ്ട്‌. ഫീലിപ്പീൻസും ബ്രസീലുമായിരുന്നു ഈ
രാജ്യങ്ങളിലേക്ക്‌ കരിക്കിൻ വെള്ളം കയറ്റി അയച്ചിരുന്നത്‌. അമേരിക്കയിലും
മറ്റും ആവശ്യകത വളരെ കൂടിയതിനാൽ ബ്രസീലിലും ഫിലിപ്പീൻസിലും നിന്നുമുള്ള
ഇറക്കുമതി തികയാതെ വരികയാണ്‌. ഇവിടെയാണ്‌, കരിക്കിൻ വെള്ള
സംഭരണ-സംസ്ക്കരണ യൂണിറ്റുകളുടെ പ്രസക്തി ഏറുന്നത്‌. വെളിച്ചെണ്ണയ്ക്ക്‌
പാചകാവശ്യത്തിന്‌ പുറമെ, ആയുർവേദ ഔഷധ മേഖലയിലും ശരീരസൗന്ദര്യ
സംരക്ഷണമേഖലയിലും മികച്ച ആവശ്യകത ഉയർന്ന്‌ വരുന്നുണ്ട്‌. 
പാചകേതര ആവശ്യത്തിനുള്ള വെളിച്ചെണ്ണ യുടെ ഡിമാന്റ്‌ ഭാരതത്തിലെ മറ്റ്‌
സംസ്ഥാനങ്ങളിലും കൂടിവരുന്നുണ്ട്‌. വെളിച്ചെണ്ണയ്ക്ക്‌ പുറമെ,
തേങ്ങാപ്പാൽ, തേങ്ങാപ്പാൽപൊടി, തൂൾതേങ്ങ, വെർജിൻ വെളിച്ചെണ്ണ
എന്നിവയുടേയും ആഭ്യന്തര ഡിമാൻഡ്‌ നല്ല നിലയിൽ വർദ്ധിച്ച്‌
വരുന്നുമുണ്ട്‌. ഈ ഡിമാൻഡിനനുസരിച്ചുള്ള ഉൽപാദനം ഇന്ന്‌ നടക്കുന്നില്ല
എന്നതാണ്‌ വാസ്തവം. ഇത്‌ പരിഹരിക്കുന്നതിന്‌ കേരളത്തിലേയും അയൽ
സംസ്ഥാനങ്ങളിലേയും കർഷകരും സിപിഎസുകളും അതിവേഗം ഉണർന്ന്‌
പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഉത്പാദക സംഘങ്ങളിൽ നിന്നും ഉത്പാദക
കമ്പനികളി ലേയ്ക്കുള്ള മാറ്റം അടിയന്തിരമായി നടക്കേണ്ടിയിരി ക്കുന്നു.
 
ആയിരത്തിതൊള്ളായിരത്തി അൻപതുകളുടെ അവസാനത്തിലാണ്‌ വെളിച്ചെണ്ണയിലെ പൂരിത
കൊഴുപ്പുകൾ ആരോഗ്യത്തിന്‌ നല്ലതല്ല എന്ന ചില പഠനങ്ങൾ രംഗത്തെത്തിയത്‌. ഈ
പഠനങ്ങൾക്ക്‌ ധനഹായം നൽകിയത്‌ സോയാബീൻ ഉത്പാദകരുടെ സംഘടനയായിരുന്നു എന്ന
വിവരം പുറത്തറിയുന്നത്‌ പിന്നീടാണ്‌. അത്രയൊന്നും, ശാസ്ത്രീയമല്ലാത്ത,
വിശ്വസനീയത തീരെയില്ലാത്ത ആ ഗവേഷണങ്ങൾക്ക്‌ അർഹിക്കുന്നതിലേറെ
വാർത്താപ്രാധാന്യവും, പ്രാമുഖ്യവും ലഭിക്കുകയുണ്ടായി. നമ്മുടെ നാട്ടിലെ
ആരോഗ്യരംഗത്തും ഈ ഗവേഷണ ഫലത്തെപ്പറ്റിയുള്ള വാർത്തകൾ - അതിന്റെ പിന്നിലെ
കാണാച്ചരടുകളെപ്പറ്റി അറിയാതെ തന്നെ - സ്ഥാനം പിടിക്കുകയുണ്ടായി.

ശാസ്ത്രലോകത്തെ കണ്ടുപിടിത്തങ്ങൾ പിന്നീട്‌ ശരിയല്ല എന്ന്‌ തെളിയുകയോ,
തെളിയിക്കപ്പെടുകയോ ചെയ്യുമ്പോൾ, ഏറ്റവും പുതിയത്‌ ആധികാരികമായി
സ്വീകരിക്കപ്പെടുക എന്നതാണ്‌ ശാസ്ത്രരീതി. ഈ രീതിയിലുള്ള മാറ്റി
സ്വീകരിക്കപ്പെട്ട കണ്ടുപിടുത്തങ്ങൾ ഹൈസ്കൂൾ ക്ലാസ്സുകളിൽ തന്നെ കുട്ടികൾ
പഠിക്കുന്നുമുണ്ട്‌. പഴയ കണ്ടുപിടുത്തങ്ങൾ ഒരുപക്ഷെ ശാസ്ത്രീയ പുരോഗതിയും
ലബോറട്ടറി സൗകര്യവും കുറഞ്ഞിരുന്ന കാലഘട്ടത്തിലേതാവാം. പിന്നീട്‌ വന്ന
പ്രഗത്ഭരും പ്രശസ്തരുമായ അമേരിക്കൻ ഗവേഷകർ തന്നെ വെളിച്ചെണ്ണയെപ്പറ്റി
മനുഷ്യശരീരത്തിൽ കൊളസ്ട്രോൾ വർദ്ധിപ്പിച്ചേക്കാവുന്ന പാചക എണ്ണയെന്ന
കണ്ടുപിടുത്തം തെറ്റാണെന്ന്‌ വിദഗ്ദ്ധമായി തെളിയി ക്കുകയും ആ
കണ്ടുപിടിത്തങ്ങൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌. ഡോ. മേരി ജെ.
എനിഗ്‌, പ്രോഫ. ജോൺ ജെ. കബാറ എന്നിവരുടെ ഗവേഷണ ഫലങ്ങൾ
ലോകപ്രസിദ്ധവുമാണ്‌. വെളിച്ചെണ്ണ തൊട്ടു പോകുകപോലും അരുത്‌ എന്ന്‌
പറഞ്ഞിരുന്ന നമ്മുടെ ഡോക്ടർമാർ വെളിച്ചെണ്ണ മോശമല്ല, അല്ലെങ്കിൽ എല്ലാ
എണ്ണയും മിതമായി കഴിക്കാം എന്നുള്ള അഭിപ്രായത്തിലേക്ക്‌ വന്നിട്ടുണ്ട്‌
എന്ന സത്യം ആശ്വാസത്തിന്‌ ഇടനൽകുന്നു.

ഭാരതത്തിലെ തന്നെ പ്രമുഖരായ നിരവധി ഡോക്ടർമാർ തന്നെ,
വെളിച്ചെണ്ണയെപ്പറ്റിയുണ്ടായ  അപവാദ പ്രചരണത്തിന്റെ പൊള്ളത്തരം
വ്യക്തമാക്കി യിട്ടുണ്ട്‌. കേരള സർവ്വകലാശാലയിലെ ബയോകെമിസ്ട്രി വകുപ്പു
തലവൻ ഡോ. രാജ്മോഹന്റെ നേതൃത്വത്തിൽ ഒരുസംഘം ഗവേഷകർ ഈ വിഷയത്തിൽ
തുടർഗവേഷണങ്ങൾ നടത്തി, അവരുടെ കണ്ടെത്തലുകൾ മാസികകളിലും ജേണലുകളിലും
പ്രസിദ്ധ പ്പെടുത്തിയിട്ടുണ്ട്‌. പക്ഷേ സംസാരിക്കുന്ന സത്യങ്ങൾ
ചിലതുണ്ട്‌. വെളിച്ചെണ്ണയ്ക്കെതിരെയുള്ള അപവാദ പ്രചരണങ്ങൾക്ക്‌ തുടക്കം
കുറിച്ച അമേരിക്ക തന്നെയാണ്‌ കഴിഞ്ഞ പത്ത്‌ വർഷമായി ലോകത്ത്‌ ഏറ്റവുമധികം
വെളിച്ചെണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം! തൊട്ടുപിന്നിൽ ജർമ്മനിയും
നെതർലൻഡും റഷ്യയും ചൈനയും ഇറ്റലിയുമൊക്കെയുണ്ട്‌.

അമേരിക്കയിലേക്ക്‌ ഇറക്കുമതി ചെയ്യുന്ന വെളിച്ചെണ്ണ  ഏറ്റവും കൂടുതൽ
ഉപയോഗിക്കപ്പെടുന്നത്‌ ബേബിഫുഡ്‌ വ്യവസായത്തിലാണ്‌. അടുത്തസ്ഥാനം
ബേക്കറിഫുഡ്‌ വ്യവസായരംഗത്തിനാണ്‌. കൂടാതെ ആന്റിഫംഗൽ ഉൽപന്നങ്ങൾ
നിർമ്മിക്കുന്നതിനും ഉപയോഗമുണ്ട്‌. ഇതിനുപുറമെയാണ്‌ വെർജിൻ വെളിച്ചെണ്ണ
വൻതോതിൽ ഇറക്കുമതി ചെയ്യുന്നത്‌.

രണ്ടാം ലോകമഹായുദ്ധം വരെ വെളിച്ചെണ്ണയും പാമോലിനുമായിരുന്നു അമേരിക്കയിലെ
പ്രധാന പാചക എണ്ണകൾ. അക്കാലത്തെ സാമ്പത്തിക തകർച്ചയാണ്‌ അവരെ ഇറക്കുമതി
ചെയ്തിരുന്ന വെളിച്ചെണ്ണയിൽ നിന്നും, പാമോലിനിൽ നിന്നും, തദ്ദേശീയമായി
ഉത്പാദിപ്പിക്കുന്ന സോയാബീൻ എണ്ണയിലേക്ക്‌ തിരിച്ചതു. കാലിത്തീറ്റയ്ക്ക്‌
വേണ്ടി കൃഷി ചെയ്തിരുന്ന സോയാബീനിൽ നിന്നും ലഭിച്ചിരുന്ന എണ്ണയ്ക്ക്‌
വലിയ സ്വീകാര്യത, അവിടുത്തെ ജനസമൂഹങ്ങളിൽ ആദ്യ മൊന്നും ഉണ്ടായിരുന്നില്ല.

വെളിച്ചെണ്ണയുടെ രുചിയും, ഗുണവും സോയ എണ്ണയ്ക്കില്ലാതിരുന്നതിനാൽ ആ
നാട്ടിലെ ഉപഭോക്താക്കൾ വളരെക്കുറച്ച്‌ മാത്രമേ സോയാ എണ്ണ
ഉപയോഗിച്ചിരുന്നുള്ളൂ. ലക്ഷക്കണക്കിന്‌ ഹെക്ടറിൽ കൃഷിചെയ്തിരുന്ന സോയാബീൻ
കർഷകർ അവരുടെ സംഘടനവഴി സ്പോൺസർ ചെയ്ത അന്നത്തെ ഗവേഷണഫലമാണ്‌, സോയാബീൻ ഓയിൽ വെളിച്ചെണ്ണ യേക്കാളും, പാമോലിനേക്കാളും, ഹൃദ്രോഗസാധ്യത
കുറയ്ക്കുമെന്ന രീതിയിലുള്ള വിശദീകരണം നൽകിയത്‌. 
അമേരിക്കൻ സമൂഹത്തിൽ ഹൃദ്രോഗത്തിന്റെ തോത്‌ വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടമായിരുന്നുവത്‌. ഈ ഗവേഷണഫലം, വളരെക്കുറഞ്ഞ എണ്ണം വരുന്ന വൻകിട സോയാകർഷകരുടെ  സംഘം,
അവർക്കനുകൂലമായി വൻപരസ്യങ്ങളുടെ സഹായത്തോടെ മാറ്റി എടുക്കുക
യാണുണ്ടായത്‌. പിന്നീടുണ്ടായ ഗവേഷണഫലങ്ങൾ, പാമോലിന്‌ അനുകൂലമായവ
തെരഞ്ഞെടുത്ത്‌, ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിലെ, വൻകിട എണ്ണപ്പന
കമ്പനികളും ധാരാളമായി പരസ്യങ്ങളിലൂടെ പ്രയോജന പ്പെടുത്തുകയുണ്ടായി.

എന്നാൽ നാമമാത്ര, ചെറുകിട തെങ്ങ്‌ കർഷകർക്ക്‌ സംഘടനാശക്തിയോ, സാമ്പത്തിക
ശക്തിയോ സ്വാധീനശക്തിയോ ഉണ്ടായിരുന്നില്ല. അതിനാൽതന്നെ,
വെളിച്ചെണ്ണയെപ്പറ്റിയുണ്ടായിരുന്ന തെറ്റായ കണ്ടെത്തലുകൾ
തിരുത്തപ്പെട്ടപ്പോഴും,  കാര്യമായി പുറംലോകത്തെ അറിയിക്കാൻ ആർക്കും
കഴിഞ്ഞതുമില്ല. ഇതിന്‌ പരിഹാരമുണ്ടാവണമെങ്കിൽ സിപിഎസുകളും, നാളികേര
മേഖലയിലെ ഉത്പാദക കമ്പനികളും ഇന്ത്യയിലുടനീളം ഉയർന്ന്‌ വരേണ്ടതുണ്ട്‌.

നാളികേരത്തിന്റെ ആരോഗ്യരംഗത്തെ സംഭാവനകൾ ഇളനീരിലും വെളിച്ചെണ്ണയിലും
മാത്രം ഒതുങ്ങുന്നതല്ല. വെർജിൻ വെളിച്ചെണ്ണയും വെന്തവെളിച്ചെണ്ണയും
വെർജിൻ വെളിച്ചെണ്ണ അടിസ്ഥാനഘടകമായി ഉണ്ടാക്കുന്ന നിരവധി മരുന്നുകളും,
ലേപനങ്ങളും, ആയൂർവേദ എണ്ണകളും മരുന്നുകളും എല്ലാം നമുക്ക്‌
സുപരിചിതമാണ്‌. പാകമായ നാളികേരം നൽകുന്നയത്ര  ഭക്ഷ്യനാരുകൾ (ഡയറ്ററി
ഫൈബർ) നൽകുന്ന വേറെ എത്ര ഭക്ഷ്യവസ്തുക്കളാണ്‌ നമുക്കുള്ളത്‌?
ഇതുകൊണ്ടുതന്നെ യല്ലേ തൂൾതേങ്ങയുടെ ഇറക്കുമതി പല വികസിത രാജ്യങ്ങളിലും
വർഷം തോറും കൂടി വരുന്നത്‌? ഭക്ഷണത്തിലെ ഡയറ്ററി ഫൈബറിന്റെ പ്രാധാന്യം
ശാസ്ത്രലോകവും പോഷക വിദഗ്ദ്ധരും, ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞ്‌
പ്രോത്സാഹിപ്പിക്കുന്ന കാലമാണിപ്പോൾ. തേങ്ങാവെള്ളത്തിൽ നിന്നുണ്ടാക്കുന്ന
സസ്യജന്യമായ വിനാഗിരിയല്ലേ രാസവസ്തുക്കളിൽ നിന്നുണ്ടാക്കുന്ന അപകടകാരിയായ
സിന്തറ്റിക്‌ വിനാഗിരി യേക്കാൾ മെച്ചം.

കരിക്കിൻ വെള്ളത്തേക്കാൾ പ്രകൃതിജന്യമായ വേറെ ഏത്‌ ലഘുപാനീയമാണ്‌ ഇന്ന്‌
ലോകത്തുള്ളത്‌? വേണ്ടത്ര സംഭരിച്ച്‌ പാക്കറ്റിലാക്കി, വിപണിയിലെത്തിക്കാൻ
നമുക്ക്‌ കഴിയാതെ പോയതിനാൽ ആ രംഗത്തെ വലിയ സാധ്യതകൾ നമുക്ക്‌ തുടക്കത്തിൽ
പ്രയോജന പ്പെടുത്താനായില്ല. എന്നാൽ ഇന്ന്‌ തമിഴ്‌നാട്ടിലും
കർണ്ണാടകത്തിലും ആന്ധ്രാപ്രദേശിലും ഗുജറാത്തിലും കരിക്കിൻ വെള്ളം
സംഭരിച്ച,​‍്‌ സംസ്കരിച്ച്‌ വിപണനം നടത്തുന്ന യൂണിറ്റുകൾ ഉയർന്ന്‌
വന്നിട്ടുണ്ട്‌. കേരളത്തിലും ഇത്തരം 25-30 യൂണിറ്റുകളെങ്കിലും
ഉണ്ടാവാനുള്ള അവസരമുണ്ട്‌.

ലോകം മുഴുവൻ  സോയഫ്രീ, ഗലൂട്ടെൻ ഫ്രീ, ഡയറി ഫ്രീ, ഏഗ്ഗ്‌ ഫ്രീ, നട്ട്‌
ഫ്രീ ക്രീമുകളിലേക്ക്‌ തിരിയുകയാണ്‌. അതിന്റെ മുഖ്യഉറവിടം തേങ്ങാപ്പാലും,
കരിക്കും തന്നെയാണ്‌. വിദേശികൾ തേങ്ങയിൽ നിന്നുണ്ടാക്കുന്ന ഇത്തരം
ക്രീമുപയോഗിച്ച്‌ ഐസ്ക്രീമും, യോഗർട്ടും ഉത്പാദിപ്പിച്ച്‌, ഉപയോഗിച്ച്‌
തുടങ്ങി, നാളികേര കർഷകരുടെ വരുംകാലങ്ങളിലെ മറ്റൊരുവലിയ സാധ്യതയാണിത്‌.

പ്രമേഹരോഗികൾക്കുപോലും ഉപയോഗിക്കാവുന്നതും, പാലിൽ നിന്നുണ്ടാക്കുന്ന
ക്രീമിന്റെ മൂന്നിലൊന്നിൽ താഴെമാത്രം കൊഴുപ്പുള്ളതുമായ ഒരു പുതിയ ക്രീം
തേങ്ങയിൽ നിന്ന്‌ ആദ്യമായി കൊച്ചിയിലെ എസ്സിഎംഏശിന്റെ ബയോടെക്നോളജി
വിഭാഗം വികസിപ്പിച്ചെടുത്തതും നാളികേരകർഷകർക്കുള്ള ശുഭവാർത്തയാണ്‌.
വെളിച്ചെണ്ണയും വെർജിൻ വെളിച്ചെണ്ണയും ചർമ്മ സംരക്ഷണ ഉൽപന്നങ്ങളിൽ
ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്‌. ഉഷ്ണമേഖല രാജ്യങ്ങളേക്കാൾ
ശൈത്യരാജ്യങ്ങളിലെ ആളുകൾക്ക്‌ ചർമ്മസംരക്ഷണത്തിന്‌ എണ്ണയുടെ ഉപയോഗം
കൂടുതലാണ്‌. ഇക്കാര്യത്തിന്‌ സോയാബീൻ ഓയിലോ, സൺഫ്ലവർ ഓയിലോ, നിലക്കടല
എണ്ണയോ, പാമോലിനോ, റൈസ്‌ ബ്രാൻ ഓയിലോ മറ്റ്‌ സസ്യ എണ്ണകളോ ആരുംതന്നെ
സാധാരണ ഉപയോഗിക്കുന്ന തായി അറിവില്ല. വെളിച്ചെണ്ണ, വെർജിൻ വെളിച്ചെണ്ണ,
ഒലിവ്‌ ഓയിൽ, എള്ളെണ്ണ തുടങ്ങിയവ മാത്രമാണ്‌ ചർമ്മ, കേശ സംരക്ഷണത്തിനായി
ഉപയോഗിക്കുന്നത്‌. ഈ രംഗത്തും വെളിച്ചെണ്ണയുടേയും അതിൽ നിന്നുള്ള
ഉൽപന്നങ്ങളുടേയും സാധ്യത നമുക്ക്‌ ധാരാളമായി കണ്ടെത്താനാവും.

നാളികേരത്തിന്‌ ഭക്ഷ്യവസ്തു എന്ന നിലയിലും, വെളിച്ചെണ്ണയ്ക്ക്‌ പാചക എണ്ണ
എന്ന നിലയിലും മാത്രമല്ലാത്ത ഉപയോഗങ്ങൾ നമുക്ക്‌ കൂടുതലായി കണ്ടെത്താൻ
ശ്രമം നടത്തേണ്ടതുണ്ട്‌. വെളിച്ചെണ്ണയ്ക്ക്‌ പാചക എണ്ണ എന്ന നിലയിൽ
ഒരുപക്ഷേ കേരളത്തിലും, കർണ്ണാടക, തമിഴ്‌നാട്‌, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ
എന്നിവിടങ്ങളിൽ കുറേ പ്രദേശങ്ങളിലും മാത്രമേ വലിയ വിപണിയുണ്ടാവൂ. എന്നാൽ
മുകളിൽ സൂചിപ്പിച്ച ആരോഗ്യ സംരക്ഷണ മേഖലയിലും, ചർമ്മ സംരക്ഷണം, സൗന്ദര്യ
സംവർദ്ധനം എന്നീ മേഖലകളിലും ബേബി ഓയിൽ എന്ന നിലയിലും വെർജിൻ
വെളിച്ചെണ്ണയ്ക്കും വെളിച്ചെണ്ണയ്ക്കും ലോകമൊട്ടാകെ വിപണിയുണ്ട്‌. 
 ആ വിപണി വളർത്തി, വർദ്ധിപ്പിച്ച്‌ നമ്മുടെ നാളികേര കർഷകർക്ക്‌ ലാഭകരമായ
വിലയും വിലസ്ഥിരതയും നേടിയെടുക്കുന്നതിനുള്ള സംഘടിതശ്രമം നടത്തേണ്ട
തുണ്ട്‌. കർഷകരുടെ തന്നെ ഉത്പാദകസംഘങ്ങൾ, അതുവഴിയുണ്ടാകുന്ന ഉത്പാദക
കമ്പനികൾ എന്നിവയെ നാളികേര വികസന ബോർഡും നമ്മുടെ നാട്ടിലെ പൊതു സമൂഹവും ഈ
രംഗത്ത്‌ ഉറ്റുനോക്കുന്നുണ്ട്‌. എപ്രകാരം നമുക്ക്‌ കർഷക കൂട്ടായ്മകളിലൂടെ
ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താനാകും. അതുപോലെത്തന്നെ ഈ രംഗത്തേക്ക്‌ പുതിയ
സംരംഭകരെ പ്രത്യേകിച്ച്‌ വിദേശ മലയാളികളേയും മറ്റും, നാളികേരാധിഷ്ഠിത
മൂല്യവർദ്ധിത ഉൽപന്നങ്ങൾക്കായുള്ള വ്യവസായ സംരംഭങ്ങളിലേക്ക്‌ കൈപിടിച്ച്‌
കൊണ്ടുവരേണ്ടതുണ്ട്‌. അടുത്തവർഷം ഇത്തരം പ്രവർത്തനങ്ങൾക്ക്‌ മുൻതൂക്കം
നൽകുന്നതിനും നമുക്ക്‌ ശ്രമിക്കാം.
എല്ലാ മാന്യവായനക്കാർക്കും സമ്പട്സമൃദ്ധമായ
പുതുവത്സരാശംസകൾ.
       ആശംസകളോടെ,

ടി.കെ.ജോസ് ഐ എ എസ്
       ചെയർമാൻ

Tuesday, 15 November 2011

നാളികേര കര്‍ഷകരും ലോക വ്യാപാര രംഗവും


ടി.കെ. ജോസ്‌ ഐഎഎസ്‌ 
ചെയര്‍മാന്‍
നാളികേര വികസന ബോർഡ്
 പ്രിയപ്പെട്ട കേര കര്‍ഷകരെ,
ആധുനിക കാലഘട്ടത്തില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകര്‍, ലോകവിപണിയുടെ ഗതിവിഗതികള്‍ക്കനുസരിച്ച്‌ തങ്ങളുടെ ഉല്‍പാദനവും, ഉല്‍പന്നങ്ങളും ക്രമീകരിക്കുന്ന സാഹചര്യമാണുള്ളത്‌. നമ്മുടെ നാട്ടിലെ നാളികേരത്തിന്റെയും, കര്‍ഷകരുടേയും ഭാവിയും ഭാഗധേയവും നിര്‍ണ്ണയിക്കുന്നത്‌ സംസ്ഥാനത്തിനുള്ളിലേയോ, രാജ്യത്തിനുള്ളിലേയോ മാത്രം സംഭവഗതികളല്ല. അന്താരാഷ്ട്രവിപണിയിലെ വെളിച്ചെണ്ണയുടേയും കൊപ്രയുടേയും മറ്റ്‌ നാളികേരോല്‍പന്നങ്ങളുടേയും ഡിമാന്റും, ലഭ്യതയും, സമാന ഉപയോഗങ്ങളുള്ള ഭക്ഷ്യ-വ്യാവസായിക എണ്ണകളുടെ ഉല്‍പാദനം, വിപണിമിച്ചം, വിലയുടെ വ്യതിയാനങ്ങള്‍ എന്നിവയും നമ്മുടെ നാട്ടിലെ വെളിച്ചെണ്ണ-കൊപ്ര-നാളികേര വിപണിയിലെ വിലയെ വളരെയധികം സ്വാധീനിക്കുന്നുണ്ട്‌. രാജ്യത്തിനുള്ളിലെ തന്നെ ഫോര്‍വേര്‍ഡ്‌ മാര്‍ക്കറ്റിലെ നീക്കങ്ങളും ചരട്‌വലികളും കര്‍ഷകരുടെ വരുമാനത്തെ ബാധിക്കുന്നുണ്ട്‌.
കേരളം പോലെ തുണ്ടു തുണ്ടായി ക്കിടക്കുന്ന കൃഷിഭൂമിയില്‍ തെങ്ങ്‌ കൃഷി ചെയ്യുന്ന അസംഘടിതരായ കര്‍ഷകര്‍ക്ക്‌, തങ്ങളുടെ കൃഷിയില്‍ നിന്നുള്ള വരുമാനം നിലനിര്‍ത്തുന്നതിന്‌ കൂടുതല്‍ ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്‌. വിപണിയറിഞ്ഞ്‌ അന്തര്‍ദേശീയ വിപണികളിലെ വര്‍ത്തമാനകാല സംഭവങ്ങളും സമീപഭാവിയിലെ സാധ്യതകളും അറിഞ്ഞ്‌ വേണം ഇനി കര്‍ഷകര്‍ക്ക്‌, പ്രത്യകിച്ച്‌ തെങ്ങ്‌ കൃഷി ചെയ്യുന്നവര്‍ക്ക്‌ മുന്നോട്ട്‌ പോകാന്‍. ഈ സാഹചര്യത്തിലാണ്‌ ഈ ലക്കം മാസികആഗോളവത്ക്കരണം - ലോകവ്യാപാര സംഘടനയും നാളികേരവും' എന്ന വിഷയത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നത്‌. 
കേരളത്തിലെ കേരോത്പാദനത്തിന്റെ ഏകദേശം 9൦ ശതമാനവും ആഭ്യന്തര ഉപഭോഗത്തിലേക്കാണ്‌ പോകുന്നത്‌. വിപണിയിലെ നാളികേരത്തിണ്റ്റേയും നാളികേര ഉല്‍പന്നങ്ങളുടേയും ഡിമാണ്റ്റ്‌ മുകളിലേക്ക്‌ തന്നെ. ഉല്‍പാദനമാണെങ്കില്‍ അതിനനുസരിച്ച്‌ വര്‍ദ്ധിക്കുന്നില്ല എന്ന്‌ മാത്രമല്ല, മറിച്ച്‌ അടുത്ത കാലങ്ങളില്‍ ഉല്‍പാദനം കുറയുകയാണുണ്ടായത്‌. എന്നിട്ടുമെന്തേ, നാളികേര കര്‍ഷകര്‍ക്ക്‌ ലാഭകരവും, സ്ഥിരവുമായ വില ലഭ്യമാകാത്തത്‌?
ഇത്തരുണത്തിലാണ്‌, കൃഷിയേയും കാര്‍ഷികവിപണിയേയും നിയന്ത്രിക്കുന്ന ആന്തരികവും ബാഹ്യവുമായ വിവിധ ഘടകങ്ങളെക്കുറിച്ച്‌ നാം ഗൌരവമായി അറിയുകയും പഠിക്കുകയും ചെയ്യേണ്ടതിണ്റ്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്‌. ലോകവ്യാപാരസംഘടനയില്‍ ൧൯൯൫ ജനുവരി മാസം ൧-ാം തീയതി മുതല്‍ ഇന്ത്യയും അംഗമാണ്‌. ലോക വ്യാപാര സംഘടന നമ്മുടെ മുമ്പില്‍ ഒരു വലിയ വാതില്‍ തുറന്നിരിക്കുകയാണ്‌. മുന്‍പ്‌ ഇല്ലാതിരുന്ന വാതിലാണത്‌. 
അന്താരാഷ്ട്ര വിപണിയില്‍ മറ്റു രാജ്യങ്ങളുമായി നമുക്ക്‌ മത്സരിക്കാം. വിപണികളെ അറിഞ്ഞ്‌ ഉല്‍പാദനം നടത്തുകയും വാങ്ങുകയും വില്‍ക്കുകയും ആവാം. മുന്‍കാലങ്ങളിലേതുപോലെയുള്ള നിയന്ത്രണങ്ങളും സംരക്ഷണങ്ങളുമില്ല; അഥവാ കുറവാണ്‌. എന്നാല്‍ ഇതേ വാതിലിലൂടെ തന്നെ അസംഖ്യം മത്സരാര്‍ത്ഥികള്‍ നമ്മുടെ രാജ്യത്തിണ്റ്റെ വിപണിയിലേക്കും കടന്ന്‌ വരുന്നു. ഇറക്കുമതിക്ക്‌ ലോകവ്യാപാര സംഘടന നിഷ്ക്കര്‍ഷിക്കുന്ന പരിധിയില്‍ കൂടുതല്‍ നികുതി ഈടാക്കാനാവില്ല. അങ്ങനെയാണ്‌ ഫിലിപ്പീന്‍സ്‌, ശ്രീലങ്ക, തായ്ലന്‍ഡ്‌, ഇന്തോനേഷ്യ, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന്‌ പായ്ക്കറ്റിലാക്കിയ കരിക്കിന്‍ വെള്ളവും, തേങ്ങാപ്പാലും, തേങ്ങാപ്പൊടിയും, എണ്ണയും, നീരയുമെല്ലാം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും വിപണിയിലെത്തിയത്‌. 
കൂടിയ ഉല്‍പാദനക്ഷമതയും കുറഞ്ഞ ഉല്‍പാദനച്ചെലവുമുള്ള രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ മൂല്യവര്‍ദ്ധന വരുത്തിയ, ഗുണമേന്‍മയും മികച്ച പാക്കേജിംഗുമുള്ള ഉല്‍പന്നങ്ങളും വിപണിയിലെത്തുന്നു. വിലയേക്കാളും ഗുണമേന്‍മയ്ക്കും സൌകര്യപ്രദമായ ഉപയോഗത്തിനുമാണ്‌ ഉപഭോക്താക്കള്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്നത്‌. ഒരു വിദേശരാജ്യത്തിനും, തങ്ങളുടെ വിപണിയിലേക്ക്‌ കടന്നുവരുന്ന രാജ്യങ്ങളെ വിവേചനത്തോടെ കാണാന്‍ പറ്റില്ല. അതായത്‌ യുഎസ്‌എയിലേക്ക്‌, ബ്രസീലില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നും ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും ഓരേ ഉല്‍പന്നം എത്തിയാല്‍ വ്യത്യസ്ത ഇറക്കുമതി ചുങ്കം ചുമത്താനാവില്ല. ഏതെങ്കിലും രാജ്യത്തിന്‌ പ്രത്യേക പരിഗണനയും ലഭിക്കുന്നില്ല. എല്ലാവര്‍ക്കും ഒരേപോലെയുള്ള നികുതിയും നിരക്കും ഉണ്ടാവണം, അതുപോലെതന്നെ ലോകവ്യാപാര സംഘടന നിശ്ചയിച്ചിരിക്കുന്ന ഉയര്‍ന്ന പരിധിക്ക്‌ മുകളില്‍ ഇറക്കുമതിച്ചുങ്കം ചുമത്താനുമാവില്ല.
ഇത്‌ വലിയൊരു അവസരവും സാധ്യതയും നമുക്ക്‌ നല്‍കുകയാണ്‌. ഇവിടെയാണ്‌ ഉല്‍പന്നത്തിണ്റ്റെ മൂല്യവര്‍ദ്ധനവ്‌, ഗുണമേന്‍മ, പാക്കേജിംഗ്‌, മൂല്യക്ഷമത എന്നിവ പ്രസക്തമാവുന്നത്‌. ലോകവ്യാപാര സംഘടനയുടെ നിരവധിയായ നിയന്ത്രണങ്ങളും അവസരങ്ങളും വളരെ സങ്കീര്‍ണ്ണമാണ്‌. അവയില്‍ ഒന്നോ രണ്ടോ കാര്യങ്ങളെക്കുറിച്ച്‌ പരാമര്‍ശിച്ചു എന്ന്‌ മാത്രം. ഈ അവസരങ്ങളെ, നമ്മുടെ കര്‍ഷകര്‍ക്ക്‌ എങ്ങനെ എത്രമാത്രം പ്രയോജനപ്രദമാക്കുവാന്‍ കഴിയും. ഇന്ത്യയിലെ നാളികേര കര്‍ഷകര്‍ക്ക്‌ ഈ അവസരങ്ങള്‍ എങ്ങനെ സാധ്യതകളാക്കി മാറ്റാം? കേരളത്തിലെ കേരകര്‍ഷകര്‍ക്ക്‌ ഇക്കാര്യത്തില്‍ എങ്ങനെ മുന്നേറാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ ഗഹനമായ ചിന്തകളും പഠനങ്ങളും ചര്‍ച്ചകളും ആവശ്യമാണ്‌. അതിനാണ്‌ വിദഗ്ദ്ധരായവരുടെ ആശയങ്ങളും, ലേഖനങ്ങളും ഈ ലക്കത്തില്‍ സമാഹരിക്കുവാന്‍ ശ്രമിക്കുന്നത്‌. ആഗോളവത്ക്കരണത്തിണ്റ്റെ കാലഘട്ടത്തിലെ അവസരങ്ങളുടെ മറുവശം തന്നെയാണ്‌ നാം നേരിടുന്ന വെല്ലുവിളികള്‍. കാലഹരണപ്പെട്ട കൃഷിരീതികളും, പരമ്പരാഗതമായ സാങ്കേതിക വിദ്യകളും, തുണ്ടുതുണ്ടാക്കപ്പെട്ട ഭൂമിയും, ആധുനിക യന്ത്രസാമഗ്രികളുടെ അഭാവവും നമ്മുടെ കാര്‍ഷിക മേഖലയിലെ ഉത്പാദനക്ഷമതയെ ബാധിക്കുന്നു. ശാസ്ത്രീയ കാര്‍ഷിക ഗവേഷണങ്ങളുടെ വേഗതക്കുറവും, ഗവേഷണഫലങ്ങള്‍ ലാബില്‍ നിന്നും ഫാമിലെത്താനുള്ള നീണ്ട കാലാവധിയും തടസ്സങ്ങളും, മാറ്റങ്ങളുടെ മുമ്പില്‍ പകച്ചുനില്‍ക്കുന്ന കാര്‍ഷിക രീതികളും എല്ലാം നമ്മുടെ വെല്ലുവിളികള്‍തന്നെ.
തെങ്ങുകൃഷി ചെയ്യുന്ന മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ ഉത്പാദനത്തിലും, ഉല്‍പന്ന വൈവിധ്യവല്‍ക്കരണത്തിലും മികവുപുലര്‍ത്തുന്ന അഞ്ച്‌ പ്രധാന രാജ്യങ്ങളുണ്ട്‌. ഫിലിപ്പീന്‍സ്‌, ഇന്തോനേഷ്യ, മലേഷ്യ, തായ്ലണ്ട്‌, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങളാണവ. ഇവിടെ നിന്നുള്ള നാളികേരോല്‍പന്നങ്ങള്‍ ഇന്ത്യയിലെയും വികസിത രാജ്യങ്ങളിലെയും വിപണിയില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഈ രാജ്യങ്ങളിലെ തെങ്ങുകൃഷി തെങ്ങ്ണ്ണതേങ്ങണ്ണ കൊപ്രണ്ണ വെളിച്ചെണ്ണ എന്ന പാടിപ്പഴകിയ താളത്തിലല്ല പോവുന്നത്‌. വെളിച്ചെണ്ണയുള്‍പ്പെടെ അഞ്ചോ ആറോ മികച്ച ഉല്‍പന്നങ്ങള്‍ വിളഞ്ഞ നാളികേരത്തില്‍ നിന്നുണ്ടാക്കി അന്താരാഷ്ട്ര വിപണിയില്‍ ഈ രാജ്യങ്ങള്‍ മികച്ച സ്ഥാനം നേടിയിട്ടുണ്ട്‌. ഉത്പാദിപ്പിക്കപ്പെടുന്ന നാളികേരത്തില്‍ നാല്‍പത്‌ ശതമാനവും കരിക്കായി ഉപയോഗിക്കുന്നതിനു ലക്ഷ്യമിട്ടിരിക്കുന്ന രാജ്യങ്ങളു മുണ്ടിതില്‍.
ഇവയൊക്കയാണ്‌ നമ്മുടെ രാജ്യത്തിനു പുറത്തുള്ള വെല്ലുവിളികള്‍. കേരളത്തിലെയും, രാജ്യത്തിനുള്ളിലെയും വെല്ലുവിളികള്‍ ഏവര്‍ക്കും അറിയാവുന്നവയും പലതവണ ചര്‍ച്ച ചെയ്തിട്ടുള്ള തുമാണ്‌. ലോകവ്യാപാര സംഘടനയുടെ നിഴലില്‍ പ്രവര്‍ത്തിക്കു മ്പോഴും, അവസരങ്ങളുടെയും വെല്ലുവിളികളുടെയുമൊപ്പം നമ്മുടെ ശക്തികള്‍ എന്തൊക്കെയെന്ന്‌ തിരിച്ചറിഞ്ഞ്‌ ആ ശക്തികളെ വര്‍ദ്ധിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിനാകണം ഇനി നമ്മുടെ ശ്രദ്ധ പതിയേണ്ടത്‌. നമ്മുടെ ദൌര്‍ബല്യങ്ങള്‍ ഈ രംഗത്ത്‌ എന്തൊക്കെയാണ്‌? അവയെപ്പറ്റി അറിഞ്ഞു മനസ്സിലാക്കി, ഈ ദൌര്‍ബല്യങ്ങളെ തരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ കൂട്ടായി ഒരുക്കുകയും ചെയ്താല്‍ നമ്മെ സംബന്ധിച്ചിടത്തോളം, അന്താരാഷ്ട്ര നാളികേര ഉല്‍പന്ന രംഗത്ത്‌ ഒരു ശക്തിയായി മാറാനും, അതുവഴി സംസ്ഥാനത്തെ നാളികേരകര്‍ഷര്‍ക്ക്‌ ഭേദപ്പെട്ട വിലനിലവാരവും മെച്ചെപ്പെട്ട സ്ഥിര വരുമാനവും ഉറപ്പുവരുത്താനും കഴിയും എന്ന്‌ പ്രതീക്ഷിക്കുന്നു.
ഉത്പാദനച്ചിലവ്‌ കുറച്ചുകൊണ്ടും, ഉത്പാദനക്ഷമത വര്‍ദ്ധിപ്പിച്ചുകൊണ്ടും, ഉല്‍പന്നങ്ങളുടെ വൈവിധ്യ വല്‍ക്കരണം കൊണ്ടും, നൂതന സാങ്കേതിക വിദ്യയുപയോഗിച്ചു കൊണ്ടും, ഒറ്റ ഉല്‍പന്നതിനുമേലുള്ള അമിതമായ ആശ്രിതത്വം കുറച്ചുകൊണ്ടും, കര്‍ഷക കൂട്ടായ്മകള്‍ വളര്‍ത്തിക്കൊണ്ടും മാത്രമെ നമുക്ക്‌, ഈ രംഗത്ത്‌ ഇനി മുന്നേറാനാവൂ. ലോകവ്യാപാര സംഘടനയുടെ കാലഘട്ടത്തില്‍ നാം സ്വയം കൂടുതല്‍ അറിയുകയും സഹ ഉത്പാദകരെയും മത്സരാര്‍ത്ഥികളെയും കൂടുതല്‍ ആഴത്തില്‍ അറിഞ്ഞു മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്‌. നമ്മുടെ ശക്തി ദൌര്‍ബല്യങ്ങളറിയുന്നതുപോലെ തന്നെയോ അതിനേക്കാള്‍ പ്രധാനമോ ആണ്‌, സഹ ഉത്പാദക രാജ്യങ്ങളെ അറിഞ്ഞു മനസ്സിലാക്കുന്നത്‌. അതുപോലെ തന്നെ പ്രധാനമാണ്‌ സ്വദേശത്തെയും വിദേശത്തെയും വിപണിയെ അടുത്തറിയുക എന്നത്‌. വിപണിയുടെ ചലനങ്ങളെ അടുത്തറിഞ്ഞ്‌ നിരീക്ഷിച്ചു പഠിക്കേണ്ടതും അതേപോലെ തന്നെ പ്രധാനമാണ്‌. ഇന്ത്യയിലെ, ഗ്രേപ്പ്‌ ഗ്രോവേഴ്സ്‌ അസോസിയേഷന്‍ ഇപ്രകാരമുള്ള വിപണി പഠനത്തില്‍ വളരെ പ്രാഗത്ഭ്യം നേടിക്കഴിഞ്ഞ കര്‍ഷക കൂട്ടായ്മയാണ്‌.
ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ, വാഴപ്പഴ കൃഷിക്കാരും ഈ രംഗത്ത്‌ നേട്ടങ്ങള്‍ സ്വന്തമാക്കി യവരാണ്‌. ഇത്തരത്തിലുള്ള വിപണിസ്പന്ദനങ്ങള്‍ മനസ്സിലാക്കിത്തന്നെയാണ്‌ പല വിദേശ രാജ്യങ്ങളും, ആപ്പിളും, ഓറഞ്ചും, മറ്റു നിരവധി പഴവര്‍ഗ്ഗങ്ങളും സാമാന്യേന സ്ഥിരതയാര്‍ന്ന നിരക്കില്‍, (എന്നാല്‍ ആഭ്യന്തര ഉല്‍പന്നത്തേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക്‌) ഇന്ത്യന്‍ വിപണിയിലെത്തിച്ച്‌, വില്‍പ്പന നടത്തുന്നത്‌. 
നമ്മുടെ ഉല്‍പന്നങ്ങളുടെ ഗുണമേന്‍മയാണ്‌ അടുത്ത പ്രധാനപ്പെട്ട രംഗം. ശാസ്ത്ര സാങ്കേതികവിദ്യയിലെ നൂതന മുന്നേറ്റങ്ങളെ സ്വാംശീകരിച്ചും ഉപഭോക്താവിണ്റ്റെ ആവശ്യങ്ങളറിഞ്ഞും വിപണിക്കുവേണ്ട ഉല്‍പന്നങ്ങ ളുണ്ടാക്കാന്‍ നമുക്ക്‌ കഴിയണം. 
ഇങ്ങനെ, അറിവും സാങ്കേതികവിദ്യയും നൂതന ഗവേഷണങ്ങളും ഉപയോഗപ്പെടുത്തി ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കര്‍ഷക കൂട്ടായ്മകള്‍ വളര്‍ത്തി വലുതാക്കി, വിപണിയില്‍ വിജയിക്കുകയും വിപണിയെ നിയന്ത്രിക്കുകയും ചെയ്യുന്നവരാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. നാളികേരോത്പാദക സംഘങ്ങളും അവയുടെ ഫെഡറേഷനുകളും ഉത്പാദക കമ്പനികളും വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാനും പ്രവൃത്തിപഥത്തിലേക്ക്‌ കൊണ്ടുവരാനും കഴിഞ്ഞാല്‍ മാത്രമേ നമുക്ക്‌ ഈ രംഗത്ത്‌ മുന്നേറാനാകൂ. അതിനായി കേരളത്തിലെ കേര കര്‍ഷകരുടെയും കൃഷിയെ സ്നേഹിക്കുന്നവരുടെയും ശ്രദ്ധയും സഹായവും പ്രതീക്ഷിച്ചുകൊണ്ട്‌,
സ്നേഹാദരങ്ങളോടെ, 
ടി.കെ. ജോസ്‌ ഐഎഎസ്‌ 


Friday, 14 October 2011

തെങ്ങിന്റെ ചങ്ങാതിമാർ; കേരകർഷകരുടെയും കേരളത്തിന്റെയും


ടി.കെ.ജോസ് ഐ എ എസ്
 ചെയർമാൻ
 നാളികേര വികസന  ബോർഡ്

പ്രിയപ്പെട്ട കേര കർഷകരേ,

നാളികേര കർഷകർക്ക്‌ ഒരു കൈത്താങ്ങും, സഹായവുമായി ചങ്ങാതിക്കൂട്ടം വരവായി.  തെങ്ങിന്റെ ചങ്ങാതിക്കൂട്ടമെന്ന ആശയത്തിന്റെ ബീജാവാപംതന്നെ നാളികേര കർഷകരുടെ ആവശ്യങ്ങളിൽ നിന്നുമാണ്‌.  കഴിഞ്ഞ ആറുമാസമായി ഞാൻ തേങ്ങയിട്ടിട്ടില്ല; പണത്തിനാ വശ്യമില്ലാഞ്ഞിട്ടല്ല; തെങ്ങുകയറ്റക്കാരുടെ സമയം കിട്ടാത്തതുകൊണ്ടുമാത്രം. നിരവധി കർഷകരുടെ ഈ വനരോദനം ഞങ്ങൾക്കും വേദനതന്നെയാണ്‌;  ഒപ്പം വെല്ലുവിളിയും.  ആ വെല്ലുവിളി ധൈര്യപൂർവ്വം ഏറ്റെടുക്കാൻ നാളികേര വികസന ബോർഡിനോടൊപ്പം കേരള കാർഷിക സർവ്വകലാശാലയും, കൃഷിവിജ്ഞാന കേന്ദ്രങ്ങളും നിരവധി സന്നദ്ധ സംഘടനകളും തയ്യാറായി.


പങ്കുവച്ചാൽ പ്രശ്നങ്ങൾ ലഘുതമമാകുമെന്ന പ്രമാണം ഇവിടെയും അർഥവത്തായി.  നിരവധി ചർച്ചകളും ആലോചനകളും, ഈ ആശയത്തിന്‌ ഭേദപ്പെട്ട രൂപഭാവങ്ങൾ നൽകുന്നതിനുപകരിച്ചു.  അങ്ങനെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടമെന്ന ആശയത്തിന്‌ ഇന്നു കാണുന്ന രൂപഭാവങ്ങൾ ലഭിച്ചു. ചുരുങ്ങിയത്‌ 5000 തെങ്ങിന്റെ ചങ്ങാതിമാരെ ഈ സാമ്പത്തിക വർഷം തന്നെ പരിശീലിപ്പിച്ച്‌ പ്രവർത്തനസജ്ജരാക്കാൻ നാളികേര വികസന ബോർഡ്‌ തീരുമാനമെടുത്തു.


പരിശീലനംതന്നെയായിരുന്നു ആദ്യ വെല്ലുവിളി. പരിശീലനത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളെക്കുറിച്ചും, അതിന്റെ ഘടനയെ സംബന്ധിച്ചും മുൻവിധികളില്ലാതെ താൽപര്യമുള്ളവരുടെയെല്ലാം ആശയങ്ങൾ സ്വീകരിക്കാൻ ബോർഡും തയ്യാറായി. തെങ്ങുകയറ്റ പരിശീലനത്തിനെ ന്തിനാണ്‌ ഇത്രയും ക്ലാസ്സുകൾ  ?ജോഗിംഗും വ്യായാമവും, ശ്വസന പരിശീലനവും ആവശ്യമുണ്ടോ?  ഇതെല്ലാം തെങ്ങുകയറ്റമെന്ന മുഖ്യവിഷയത്തിന്റെ പ്രാധാന്യത്തെ കുറയ്ക്കുകയില്ലേ?  നിരവധി സംശയങ്ങളുടെ കടന്നൽ കൂടുകളിളകി.



ഏതു കൃഷിയിലും കൃഷിക്കാരും തൊഴിലാളികളും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾതന്നെ. പരസ്പരപൂരകമായ പ്രവർത്തനമില്ലാതെ ഇരുകൂട്ടരുടെയും ജീവിതം ഭദ്രമാവില്ല എന്ന തിരിച്ചറിവും ഇതിനു പിന്നിലുണ്ട്‌.  മണ്ണിനെയും കൃഷിയെയും മറക്കുന്ന ഈ തലമുറയിലും കൃഷിയോടും തെങ്ങിനോടുമുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള ശ്രമമുണ്ട്‌.  ഏതു ജോലിയുംചെയ്യാനുള്ള മനസ്സും ആരോഗ്യവുമുള്ള ഏതൊരാൾക്കും, വിദ്യാഭ്യാസ യോഗ്യതയും മുൻപരിചയവും നോക്കാതെ, വിദേശത്തുപോയി കഷ്ടപ്പെട്ടു ജോലി ചെയ്താൽ കിട്ടുന്ന വരുമാനം വൈകുന്നേരങ്ങളിൽ  സ്വഭവനങ്ങളിലെത്തി അത്താഴം കഴിച്ചുകൊണ്ടുതന്നെ നേടാനുള്ള അവസരമുണ്ട്‌.


  ആത്മാർത്ഥമായി അദ്ധ്വാനിച്ചാൽ  ലഭിക്കുന്ന പണം വിവേകപൂർവ്വം ഉപയോഗിച്ചാൽ മികച്ച സർക്കാർ / സ്വകാര്യ ജോലിയിൽ നിന്നും ലഭിക്കുന്നതു പോലെയുള്ള വരുമാനവുമുണ്ടാക്കാം. കേവലം തെങ്ങു കയറ്റത്തിനപ്പുറത്ത്‌ ഏതൊരു സ്പോർട്ട്സ്‌ ടീമിലേയും അംഗങ്ങളെപ്പോലെ മനോഹരമായ ജഴ്സിയണിഞ്ഞ്‌, മൊബെയിൽ ഫോണുമായി, ഇരുചക്രവാഹനങ്ങളിലെത്തി തെങ്ങിന്റെ വിവിധ കാർഷിക പ്രവർത്തനങ്ങൾ നടപ്പാക്കുന്ന - വിളവെടുപ്പ്‌ അതിലൊന്നുമാത്രം - ഒരു പറ്റം പ്രോഫഷണലുകളുടെ കൂട്ടം;  അവരാകുന്നു തെങ്ങിന്റെ ചങ്ങാതിക്കൂട്ടം.  അവർ കർഷകരുടെയും ചങ്ങാതിമാരാവണം, അങ്ങനെ കേരളത്തിന്റെ സമ്പട്‌ വ്യവസ്ഥയുടെതന്നെയും ചങ്ങാതിമാരാവണം.

ആധുനിക കാലഘട്ടത്തിലെ കാർഷിക പ്രവർത്തനങ്ങളിൽ സാങ്കേതിക വിദ്യയും സാമ്പത്തികാവസരവും സാമുഹ്യ പദവിയും സാമുഹ്യ സുരക്ഷിതത്വവും സമന്വയിപ്പിക്കേണ്ട തുണ്ട്‌. കർഷകർക്കും തൊഴിലാളികൾക്കും ഭാവിയെക്കുറിച്ച്‌ ശുഭപ്രതീക്ഷയോടെ, സമൃദ്ധിയുടെ സ്വപ്നങ്ങൾ നെയ്യാനുമാവണം.  അത്തരത്തിലുള്ള ഒരു ആദ്യശ്രമം നാളികേര മേഖലയിൽ തുടങ്ങാനായാൽ കാർഷിക മേഖലയിലെ മറ്റുവിളകളിലേക്കും വ്യാപിപ്പിക്കാനാവും.



കേരളത്തിൽ 10 ജില്ലകളിലെങ്കിലും ഒരു ബാച്ചിൽ ശരാശരി 20 പേർവീതമുള്ള 25 ബാച്ചുകൾക്ക്‌ പരിശീലനം നൽകിയാൽ മാത്രമെ ചുരുങ്ങിയത്‌ 5000 തെങ്ങിന്റെ ചങ്ങാതിമാരുടെ പരിശീലനം പൂർത്തിയാക്കാൻ കഴിയൂ.  വളരെ കർശനമായി നിർബന്ധബുദ്ധിയോടെ ഇക്കാര്യം നിർവ്വഹിക്കാൻ കഴിഞ്ഞാൽ മാത്രമേ തുടർച്ചയായി 25 ബാച്ചുകളെ പരിശീലിപ്പിച്ചു പുറത്തിറക്കാനാവൂ.
കേരളത്തിൽ ഒരു പണിക്കും ആളെക്കിട്ടാനില്ല; പിന്നെങ്ങനെ തെങ്ങുകയറ്റപരിശീലനത്തിന്‌ ആളെ കിട്ടും?  ആരംഭശൂരത്വത്തിനപ്പുറത്ത്‌ ഒന്നുമുണ്ടാവില്ല. നിങ്ങൾ ഒറീസയിൽ നിന്നും, ആസ്സാമിൽ നിന്നും ജാർഖണ്ഡിൽ നിന്നും, ഛത്തീസ്ഗഡിൽ നിന്നും ആളെ കൊണ്ടു വരേണ്ടിവരും,ഇത്തരം ആശങ്ക പലരും പ്രകടിപ്പിക്കുകയു ണ്ടായി.  എങ്കിലും ആദ്യ സൊ‍ാചനകൾ നൽകുന്നത്‌ കേരളത്തിൽ നിന്നുതന്നെ 5000 പേരെ കണ്ടെത്താനാവുമെന്നുതന്നെ.  പരിശീലനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹമുള്ള യുവതീയുവാക്കളെ കണ്ടെത്തി, പരിശീലനത്തിനായി പേര്‌ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിന്‌ കേരകർഷകരുടെ ഭാഗത്തുനിന്ന്‌ താൽപര്യമുണ്ടാകണമെന്ന്‌ അഭ്യർത്ഥിക്കുന്നു. കൂടാതെ നിലവിലുള്ള സിപിഎസ്കളും നാളികേര ക്ലസ്റ്ററുകളും അർഹരായ യുവതീയുവാക്കളെ കണ്ടെത്തുന്നതിന്‌ ശ്രമിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇതിനുപുറമെ, സഹകരണ സംഘങ്ങൾ, ഗ്രാമ-ബ്ലോക്ക്‌ പഞ്ചായത്തുകൾ, നഗരസഭകൾ, സന്നദ്ധ സംഘടനകൾ, യുവജന ക്ലബ്ബുകൾ, നെഹൃ യുവകേന്ദ്രത്തിന്റെ യൂത്ത്‌ ക്ലബ്ബുകൾ തുടങ്ങിയവർക്കും പരിശീലനത്തിനു താൽപര്യമുള്ളവരെ കണ്ടെത്തി പേര്‌ രജിസ്റ്റർ ചെയ്യിപ്പിക്കാൻ കഴിഞ്ഞാൽ നമ്മുടെ 5000 കേര ചങ്ങാതിമാർ എന്ന ലക്ഷ്യം അതിവേഗത്തിൽ നേടാനാവും.


ആദ്യ അഞ്ചു ബാച്ചുകളിൽ പരിശീലനം കഴിഞ്ഞവരെല്ലാം ആവേശഭരിതരായിരുന്നു;  പരിശീലകരും.  സാങ്കേതിക ക്ലാസ്സുകളിൽപോലും ഔപചാരികവിദ്യാഭ്യാസം കുറഞ്ഞവർ വരെ ആവേശഭരിതരാവുന്ന കാഴ്ചയാണ്‌ കാണാൻ കഴിഞ്ഞത്‌.  ഗൗരവകരമായ ഒരു പരിശീലനമായി ചങ്ങാതിക്കൂട്ടം പരിശീലനത്തെ മാറ്റിയെടുക്കുന്നതിന്‌, പരിശീലകരും, പരിശീലക സ്ഥാപനങ്ങളായ, കൃഷിവിജ്ഞാന കേന്ദ്രങ്ങളും, കാർഷിക സർവ്വകലാശാലയും, മൈത്രിയും, മാർഷൽ ഇൻഡസ്ട്രീസും എല്ലാം വലിയ പങ്കാണ്‌ വഹിച്ചു കൊണ്ടിരിക്കുന്നത്‌. ഇതു കേവലം നാളികേര  വികസന ബോർഡിന്റെ മാത്രം പദ്ധതിയല്ല; മറിച്ച്‌ തെങ്ങിനെയും തെങ്ങു കൃഷിയെയും സ്നേഹിക്കുന്ന, തെങ്ങിന്‌ കേരളത്തിന്റെ സമ്പട്‌വ്യവസ്ഥയെ സ്വാധീനിക്കാൻ കഴിയുമെന്നു മനസ്സിലാക്കുന്ന എല്ലാവരും ഒത്തൊരുമയോടെ ഏറ്റെടുക്കുന്ന ഒരു പ്രസ്ഥാനമായി ഞങ്ങൾ ഇതിനെ കാണുന്നു.  തെങ്ങുകൃഷി ആദായകരമാക്കി മാറ്റണമെങ്കിൽ ചെയ്യേണ്ട എല്ലാ പ്രവർത്തനങ്ങളെയുംപറ്റിയുള്ള പ്രാഥമിക അറിവ്‌ മാത്രമാണ്‌ മേഷീൻ ഉപയോഗിച്ച്‌ തെങ്ങുകയറ്റ പരിശീലനം നടത്തിയതിനോടൊപ്പം നൽകുവാനായിട്ടുള്ളു. ഇനി തെങ്ങിന്റെ ചങ്ങാതിമാർ അവരുടെ പ്രവർത്തനങ്ങൾക്കിടയിൽ പഠിക്കുന്ന അനുഭവ പാഠങ്ങൾ കൂടി നേടിക്കഴിയുമ്പോൾ അടുത്ത ഘട്ടം പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നു.

തെങ്ങിന്റെ വളപ്രയോഗം, മണ്ട വൃത്തിയാക്കൽ എന്നിവ അടിസ്ഥാന പാഠങ്ങളായിരിക്കും. വിത്തുതേങ്ങ ശേഖരണം, സങ്കരയിനം തൈകൾ ഉത്പാദിപ്പിക്കുന്നതിനു വേണ്ട കൃത്രിമ പരാഗണം നടത്തൽ തുടങ്ങിയവ അടുത്ത ഭാഗമാവാം. ഇളനീർ സംഭരണവും സംസ്ക്കരണവും വിപണനവും ഏറ്റെടുക്കാൻ താൽപര്യമുള്ളവർക്ക്‌ അതിനാവശ്യമായ പരിശീലനം നൽകുന്നതാണ്‌. കൂടാതെ വിളഞ്ഞ നാളികേരം സംഭരിച്ച്‌ വൃത്തിയും ശുചിത്വവും ഉറപ്പു വരുത്തി ആട്ടുകൊപ്രയും ഉണ്ടകൊപ്രയും ഉണ്ടാക്കുന്നതിനും എണ്ണയുത്പാദിപ്പിക്കുന്ന തിനും കൂടി പരിശീലനം നൽകാം.


എല്ലാ മാസവും മുൻകൂട്ടി തീരുമാനിച്ച ഒരു നിശ്ചിത ദിവസം - പരിശീലന കേന്ദ്രങ്ങളിൽ വച്ചുതന്നെ പ്രവർത്തന അവലോകനം നടത്തുന്നതിനുദ്ദേശിക്കുന്നു.  അടുത്ത മൂന്നു വർഷക്കാലം (ചുരുങ്ങിയത്‌ 36 മാസം) ഇത്തരത്തിലുള്ള അവലോകന-വിലയിരുത്തൽ യോഗങ്ങൾ ഉണ്ടാവണം.  തെങ്ങിന്റെ ചങ്ങാതിമാർ അവരുടെ അനുഭവങ്ങളും, അറിവുകളും, പരിശീലകരോടൊപ്പം പങ്കുവയ്ക്കുന്ന ഈ പ്രക്രിയയിലൂടെ കർഷകരുടെ കൃഷിസ്ഥലത്ത്‌ നടക്കുന്ന കാര്യങ്ങളും, കൃഷിയുടെ അവസ്ഥയും, തെങ്ങിന്റെ രോഗ-കീട ബാധകളും, നിയന്ത്രണ മാർഗ്ഗങ്ങളും, ഓരോ കർഷകരുടെയും വൈവിധ്യമാർന്ന കൃഷി അനുഭവങ്ങളും, മികച്ച ഉത്പാദനക്ഷമതയുള്ള തോട്ടങ്ങളും, തെങ്ങുകളും എല്ലാം ഒരു ഡാറ്റ ബേസിൽ ലഭ്യമാക്കാനുള്ള ശ്രമം കൂടി നടത്താനാവും.


പരിശീലനം പൂർത്തിയാക്കിയ തെങ്ങിന്റെ ചങ്ങാതിമാരെ ഇപ്പോൾ രൂപീകരിച്ചുകൊണ്ടിരിക്കുന്ന നാളികേരോത്പാദക സംഘങ്ങളുമായും, തൃത്താല പഞ്ചായത്തിരാജ്‌ - നഗരപാലിക സ്ഥാപനങ്ങളുമായും, കേര കൃഷി മുഖ്യമായി നടക്കുന്ന പ്രദേശങ്ങളിലെ പ്രാഥമിക സംഘങ്ങളുമായും ബന്ധപ്പെടുത്തി യാലോ? കൃഷിപണികൾക്കും വിളവെടുപ്പിനും ആളുകളില്ലെന്ന പ്രശ്നത്തിന്റെ പേരിൽ, കേര കൃഷിയെ അവഗണിക്കുന്ന പ്രവണത ഇല്ലാതാക്കണം. 5000 പേരുൾക്കൊള്ളുന്ന ഈ ചങ്ങാതിക്കൂട്ടം ഇതിന്റെ ആദ്യപടി മാത്രമേ ആവുന്നുള്ളു.  ഇതിന്റെ 5-6 മടങ്ങ്‌ ആളുകൾക്ക്‌ മാന്യമായ വരുമാനം നേടാനാവശ്യമായ തെങ്ങുകൾ നമ്മുടെ നാട്ടിലുണ്ട്‌.  അതോടൊപ്പം പരമ്പരാഗതമായി തെങ്ങുകയറ്റം നടത്തിക്കൊണ്ടിരിക്കുന്നവർക്കും അവർക്കു താൽപര്യ മുണ്ടെങ്കിൽ പരിശീലനവും, മേഷീനും നൽകാൻ കഴിയും.

ലക്ഷദ്വീപിൽ നിന്നും തമിഴ്‌നാട്‌, കർണ്ണാടക സംസ്ഥാനങ്ങളിൽനിന്നും ഇത്തരം പരിശീലനാവശ്യങ്ങൾ ഇതിനോടകം ഉയർന്നുവന്നിട്ടുണ്ട്‌. ആത്മാർത്ഥമായി പരിശീലനം നേടിയവർക്കും പരിശീലനത്തിനുശേഷം ഗൗരവകരമായി ഇതിനെ കണ്ടു പ്രവർത്തിക്കുന്നവർക്കും മികച്ച ഭാവികൂടി വിഭാവനം ചെയ്യുന്നുണ്ട്‌. തെങ്ങിന്റെ ചങ്ങാതിമാർ ആദ്യവർഷംതന്നെ 3 ലക്ഷം രൂപയുടെ വരുമാനം നേടിക്കഴിയുമ്പോൾ അവരെ ജൂനിയർ കോക്കനട്ട്‌ കൺസൾട്ടന്റ്‌ എന്ന സ്ഥാനപ്പേർ നൽകി ആദരിക്കുന്നതാണ്‌.  അവർ തെങ്ങു കയറുന്ന 50ൽ കൂടുതൽ തെങ്ങുകളുള്ള എല്ലാ കർഷകരെയും നാളികേര ജേർണലിന്റെ ഒരു വർഷത്തെ വരിക്കാരാക്കുമ്പോൾ അവർക്ക്‌ കോക്കനട്ട്‌ കൺസൾട്ടന്റു?മാരായി സ്ഥാനക്കയറ്റം നേടാം; ഇതിനോടൊപ്പം മൂന്നു വർഷം കൊണ്ട്‌ 10 ലക്ഷം രൂപയുടെ വരുമാനം നേടുന്നവർക്ക്‌ ?സീനിയർ കോക്കനട്ട്‌ കൺസൾട്ടന്റ്‌? എന്ന്‌ സ്ഥാനപ്പേർ നൽകിയാലോ? ഇങ്ങനെ, അവരുടെ ജീവിതത്തിൽ, സാമ്പത്തികവും സാമൂഹ്യവുമായ ഉയർച്ചയ്ക്കു കൂടിയുള്ള അവസരം ഉണ്ടാവുന്നതാണ്‌.

  പബ്ലിക്‌ പ്രോവിഡണ്ട്‌ ഫണ്ട്‌, റിക്കറിംഗ്‌ ഡിപ്പോസിറ്റ്‌ എന്നിവ ഇവർക്കോരോരു ത്തർക്കും ഉണ്ടായാൽ 20 വർഷത്തെ അവരുടെ പ്രവർത്തനം പൂർത്തിയാവുമ്പോഴേയ്ക്കും ഒരു നിശ്ചിതസമ്പാദ്യം അവർക്ക്‌ കൈമുതലായുണ്ടാവാം. സിപിഎസ്കളുടെ നിശ്ചിത പരിധിയിൽ പ്രവർത്തിക്കുമ്പോൾ, അവരുമായി നിർദ്ദിഷ്ട കാലയളവിലേയ്ക്ക്‌ പ്രവർത്തനക്കരാർകൂടി ഉണ്ടാക്കിയാൽ, സിപിഎസ്കളുടെ വിഹിതം കൂടി ചേർത്തുള്ള കോൺട്രിബ്യൂട്ടറി പ്രോവിഡണ്ട്‌ ഫണ്ടും ചിന്തിക്കാവുന്ന തേയുള്ളു. 60 വയസ്സ്‌ അഥവാ, 20 വർഷത്തെ സേവനം പൂർത്തിയാവുമ്പോൾ അവർക്ക്‌ പെൻഷൻ കൂടിയുണ്ടായാലോ?


പരിശീലനവും, മേഷീനും, രണ്ടു സെറ്റ്‌ യൂണിഫോമും സൗജന്യമായി നാളികേര വികസന ബോർഡ്‌ നൽകുന്നു.  ഇവർക്ക്‌ ഗതാഗത സൗകര്യത്തിനായി ഒരു ടൂ വീലർ കൂടിയുണ്ടായാൽ അവരുടെ പ്രവർത്തന പരിധിയും വ്യാപ്തിയും വർദ്ധിപ്പിക്കാനാവില്ലേ? സംസ്ഥാനതല ബാങ്കേഴ്സ്‌ സമിതിയിൽ ഇക്കാര്യം അവതരിപ്പിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്‌. ഇപ്രകാരം ലോണെടുത്ത്‌ അവർ വാങ്ങുന്ന ടൂ വീലറിന്‌, 25 ശതമാനം സബ്സിഡി നൽകുന്നതിന്‌ സംസ്ഥാന സർക്കാർകൂടി തയ്യാറായാൽ, മികച്ച പ്രചോദനമാവും.  വനിതകൾകൂടി ഈ രംഗത്തേയ്ക്ക്‌ കടന്നു വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തിനായി അവർക്ക്‌ അൽപംകൂടി ഉയർന്നതോതിൽ (50 ശതമാനം) സബ്സിഡി നൽകുന്നതും ഉചിതമായിരിക്കും.  ഓരോ ജില്ലയിലേയും പരിശീലനം പൂർത്തിയാക്കിയ തെങ്ങിന്റെ ചങ്ങാതിമാരുടെ ഡയറക്ടറി പ്രസിദ്ധപ്പെടുത്തി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും, പ്രാഥമിക സഹകരണ സംഘങ്ങളിലും, സിപിഎസ്കളിലും, മറ്റു പൊതുസ്ഥാപന ങ്ങളിലും ലഭ്യമാക്കുന്നതിനും ശ്രമിക്കുന്നതാണ്‌. 


അങ്ങനെ തെങ്ങിനും, തെങ്ങു കൃഷിക്കാർക്കും, ഒരു കൈത്താങ്ങും, തെങ്ങു കൃഷിയിൽ ഒരു പുത്തനുണർവ്വും, ആവേശവും തെങ്ങിന്റെ ചങ്ങാതിക്കൂട്ടം വഴിയുണ്ടാവും എന്ന്‌ പ്രതീക്ഷിക്കുന്നു.  സിപിഎസ്കളും, ചങ്ങാതിക്കൂട്ടവും, തൃത്താല പഞ്ചായത്തുകളും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ കേരളത്തെ, ലോകത്തിലെ ഏറ്റവും മികച്ച നാളികേര ഉത്പാദനക്ഷമതയുള്ള നാടായി അഞ്ചു വർഷംകൊണ്ടു മാറ്റിയെടുക്കാൻ നമുക്കു കഴിയും. തീർച്ച!
സ്നേഹാദരങ്ങളോടെ,
 ടി.കെ. ജോസ്‌ ഐഎഎസ്‌