Showing posts with label sunny thayankary. Show all posts
Showing posts with label sunny thayankary. Show all posts

Tuesday, 13 September 2011

എട്ടാമത്തെ അത്ഭുതം




സണ്ണി തായങ്കരി



പ്രവേശം
   അല്ലെങ്കിലും മനുഷ്യരുടെ കാര്യം അങ്ങനെയാണ്‌. ഒന്ന്‌ മറ്റൊന്നിനോട്‌ പരിപൂർണമായി യോജിക്കാനാവാത്ത ജനിതകഘടനയുടെ വ്യത്യസ്ത രൂപഭാവങ്ങൾ. ബഹുമുഖത്തമുള്ള വ്യതിരിക്തത്തയുടെ വക്താക്കൾ. ഭാവങ്ങളും മനോഭാവങ്ങളും വ്യത്യസ്തമാകുന്ന ബഹുസ്വരതയുടെ മായക്കാഴ്ചയകളാണെങ്ങും!

   ഉദാഹരണമായി അമേരിക്കയെ ലോകപോലീസെന്നാണ്‌ വിശേഷിപ്പിക്കാറ്‌. എന്നാൽ എല്ലാ അമേരിക്കൻ പൗരന്മാരും ആ വിശേഷണത്തിന്‌ അർഹരല്ലെന്ന്‌ ബിൻലാദൻപോലും സമ്മതിക്കും. ചുക്കുചേരാത്ത കഷായമില്ലാത്തതുപോലെ കോൺഗ്രസില്ലാതെ അഴിമതിയില്ലെന്നാണ്‌ ആഗോളതലത്തിലുള്ള വയ്പ്‌. എന്നാൽ എല്ലാ കോൺഗ്രസുകാരും അഴിമതിക്കാരല്ല എന്നതും സത്യം. അതേപോലെ ബി.ജെ.പി.ക്കാരെല്ലാം ഹിന്ദുത്വവാദികളാണെന്ന്‌ പൊതുവെ പറയുമെങ്കിലും ഹിന്ദുത്വവിരോധികളായ എത്രയോ പേർ മറ്റ്‌ ലക്ഷ്യങ്ങൾ മനസ്സിൽ ഗോപ്യമായിവച്ച്‌ അതിൽ പ്രവർത്തിക്കുന്നു(ലക്ഷം രാമകേശവഗോപാലന്മാർക്കിടയിൽ ഒരു തോമസും അഹമ്മദുംപോലെ). സമാനമായി പറയാവുന്ന മറ്റൊരു കാര്യം കമ്യൂണിസ്റ്റുകാരുടെ മാറിയ ഭൗതിക സാഹചര്യത്തിലുള്ള ജീവിതശൈലിയാണ്‌. സാമ്പത്തികമായ സൗകര്യമുള്ള കമ്യൂണിസ്റ്റുകാരെല്ലാം ബീഡിവലി നിർത്തിയെന്നോ കട്ടൻകാപ്പിയും പരിപ്പുവടയും വർജിച്ചെന്നോ ആർക്കെങ്കിലും പറയാനാകുമോ? ഒരു ഗോവിന്ദച്ചാമിയോ മുൻ എം.പി.യോ മുൻമന്ത്രിയോ ബലാൽസംഗമോ പെൺവാണിഭമോ നടത്തിയെന്നുകരുതി ഭൂമി മലയാളത്തിലുള്ള എല്ലാ പുരുഷന്മാരും കാമവെറിയന്മാരാണെന്ന്‌ പറയുന്നത്‌ ശുദ്ധ അസംബന്ധമല്ലേ?
ആരോഹണം
  ശിരസ്‌ ഭിത്തിയിലിടിച്ച്‌ വീണതുമൂലം ഉണ്ടായ തീവ്രവേദനയും മന്ദതയുമായി ആതുരാലയത്തിലേക്കുള്ള യാത്രയിലായിരുന്നു കഥാകാരൻ. കഥയും കഥാപാത്രങ്ങളും മെനയുന്ന സർഗാത്മകതയുടെ മസ്തിഷ്കത്തിനേറ്റ ആഘാതം മാരകമാണെന്ന്‌ തിരിച്ചറിഞ്ഞ ന്യൂറോളജിസ്റ്റ്‌ അയാളെ ന്യൂറോ വാർഡിന്റെ നാല്‌ ചുവരുകൾക്കുള്ളിലേക്ക്‌ അയച്ചു.
     പരസ്പര പൂരകങ്ങളായ പ്രൈവറ്റ്‌ പ്രാക്ടീസും അത്താഴപ്പട്ടിണിക്കാരന്റെ കവറും വിലക്കി, നിശ്ചിത സമയം മുഴുവൻ ആശുപത്രിയിൽ ഇരുന്ന്‌ പാവപ്പെട്ട രോഗികളെ പരിശോധിക്കുന്നതിന്‌ ഇരട്ടി ശമ്പളം അനുവദിച്ചുകൊടുത്ത സർക്കാരിനെ പറ്റിച്ച്‌ ഇന്ന്‌ പരിശോധനയില്ലെന്ന്‌ എഴുതി മുന്നിൽതൂക്കി രോഗികളെ ഒളിവിൽ പരിശോധിക്കുന്ന ഡോക്ടർ കവർ ധരിപ്പിക്കാത്ത ഗാന്ധിത്തലയുള്ള നോട്ട്‌ കൈയിൽ വാങ്ങാതെ(വിജിലൻസിനെ ഭയന്ന്‌ ആരും ഇക്കാലത്ത്‌ നോട്ട്‌ കൈയിൽ വാങ്ങില്ലല്ലോ) എം.ആർ.ഐ.യും ഇ.ഇ.ജി.യും നിർദേശിച്ചു(പ്രൈവറ്റ്‌ കമ്പനിയുടെ റിക്വസിഷൻ ഫോമിലാകുമ്പോൾ നാൽപതു ശതമാനം ഡോക്ടറുടെ അക്കൗണ്ടിൽ ഈശ്വരൻപോലുമറിയാതെ എത്തിക്കൊള്ളുമെന്ന സാമ്പത്തിക ശാസ്ത്രം ഇപ്പോൾ ബന്ധപ്പെട്ടവരെല്ലാം അംഗീകരിച്ച സത്യം. അതിനുവേണ്ടിമാത്രം സ്കാനിംഗ്‌ കുറിക്കുന്ന ഭിഷഗ്വരശ്രേഷ്ഠന്മാർക്ക്‌ നമോവാകം).
    എം.ആർ.ഐ.യുടെ ഹുങ്കാരസ്വരമുയർത്തുന്ന ടണൽപോലെയുള്ള യന്ത്രത്തിൽ ഭീകരമായ മാഗ്നറ്റിക്‌ സ്വരം ശ്രവിച്ച്‌ തണുത്തുമരവിച്ച്‌ ശവംകണക്കെ കഥാകാരൻ കിടന്നപ്പോൾ തലച്ചോറിൽ രക്തം കട്ടിപിടിച്ചുകിടക്കുന്നതായി താത്ക്കാലിക വിധിയെഴുത്തുണ്ടായി. പിന്നീട്‌ പ്രഫഷണൽ ജലസിയുടെ മൂർത്തീമത്ഭാവങ്ങളായ എച്ച്‌.ഒ.ഡി.യും അസിസ്റ്റന്റും തമ്മിലെ കിടമത്സരം കൂടുതൽ അനുഭവവേദ്യമായ ദിനങ്ങൾ. ആതുരതയ്ക്കുമേൽ ആകുലത പരിധിയില്ലാത്ത മരുഭൂമിപോലെ ചുട്ടുപഴുത്തുകിടക്കുകയെന്നത്‌ നിസ്വന്റെ ജീവിതവ്യഥകളുടെ അടയാളമാണല്ലോ.
   ഡയഗനോസിൽതന്നെ വ്യത്യസ്താഭിപ്രായങ്ങൾ! ഒരാൾ കുറിക്കുന്ന മരുന്ന്‌ അപരൻ വെട്ടിക്കളഞ്ഞ്‌ തനിക്ക്‌ കമ്മീഷൻ നൽകുന്ന കമ്പനിയുടേത്‌ കുറിക്കുന്നു! ഒരാളുടെ രോഗനിർണയം അപരൻ ഖണ്ഡിക്കു ന്നു!! ഇരുവരും പഠിച്ചതു ഒരേ വൈദ്യശാസ്ത്രമല്ലേ എന്ന കഥാകാരന്റെ സംശയത്തിന്‌ സാംഗത്യം നഷ്ടപ്പെടുന്നു. ജനാധിപത്യത്തിൽ ചോദ്യങ്ങൾക്ക്‌ പ്രസക്തിയില്ല. മാത്രമല്ല, മറ്റെല്ലാ മേഖലയിലുമെന്നപോലെ ഇവിടെയും ഡോക്ടറും രോഗിയും ഉടമയും അടിമയുമാകുന്നു. അതുകൊണ്ടുതന്നെ രോഗി ഡോക്ടറുടെ പരീക്ഷണശാലയായി മാറുന്നു.
   രക്തം അലിയിച്ചുകളയാൻ തലച്ചോറിലേക്ക്‌ ഞരമ്പുകളിലൂടെ വീര്യമേറിയ മരുന്നുകൾ നിരന്തരം ഒഴുകി. അതിന്റെ എണ്ണത്തിലും സമയക്രമത്തിൽപോലും വ്യത്യസ്താഭിപ്രായങ്ങൾ! അറുപതുദിവസങ്ങൾക്കുള്ളിൽ ചെയ്യേണ്ട മറ്റൊരു എം.ആർ.ഐ.യിലൂടെ തലച്ചോറിലുള്ള കറുപ്പിന്റെ ഗ്രോത്ത്‌ പരിശോധിച്ച്‌ അന്തിമ തീരുമാനത്തിലെത്താമെന്ന ഈഗോയിസ്റ്റുകളിൽ ഒരാളുടെ ഏകപക്ഷീയമായ തീരുമാനം സ്വീകരിക്കുകയേ തത്ക്കാലം കരണീയമായിട്ടുള്ളുന്നുവേന്ന്‌ കഥാകാരന്‌ ബോധ്യപ്പെട്ടു.
   കഠിനമായ ഉത്ക്കണ്ഠയും വേദനയും ഉറക്കഗുളികകളുടെ പ്രലോഭനത്തിലും നിദ്രയുടെ ആഗമനത്തെ തടഞ്ഞുനിർത്തിയ രാപ്പകലുകളിൽ ഇടത്തും വലത്തും കിടന്ന രോഗികൾ വിലാപത്തിന്റെ സ്വരത്തിൽ കഥാകാരന്റെ സർഗാത്മകതയെ വെല്ലുവിളിച്ചുകൊണ്ടിരുന്നു.
യോഗഗുരു

   കഥാകാരന്‌ ആരായിരുന്നു യോഗാചാര്യൻ നീലോൽപദൻമാഷ്‌? അറിയില്ല. ആദ്യമായി കാണുന്നവൻ. ഇനിയും മറ്റെവിടെയെങ്കിലുംവച്ച്‌ കണ്ടുമുട്ടിയാലും ഒരു പക്ഷേ, തിരിച്ചറിയാൻ സാധിച്ചെന്നുവരില്ല. രോഗമെന്ന യാഥാർഥ്യം രണ്ടുപേരെയും വേദനകളുടെ ഒരേ മേൽക്കുരയ്ക്കുകീഴിൽ എത്തിച്ചിരിക്കുന്നു എന്നതുമാത്രമാണ്‌ ഇരുവരും തമ്മിലുള്ള സമാനത.
   അന്യന്റെ വേദനയിൽ, രോദനത്തിൽ, ഏകാന്തത്തയിൽ നാം അറിയാതെ അപരന്‌ ആരൊക്കെയോ ആയിത്തീരാറില്ലേ? അപ്പോൾ അന്യന്റെ വേദന നമ്മുടേതായി മാറുന്നു. രോദനം സ്വന്തം രോദനമാകുന്നു. ഏകാന്തത്ത നമ്മെ ഭീതിപ്പെടുത്തും. അപരിചിതത്വത്തിന്റെ പുറംതോട്‌ ആകുലതയുടെ ഇടങ്ങളിൽ എത്ര പെട്ടെന്നാണ്‌ മനുഷ്യർക്കിയിൽ കൊഴിഞ്ഞുവീഴുന്നത്‌!
   ആശുപത്രി കിടക്കയിൽവച്ചാണ്‌ കഥാകാരൻ യോഗോചാര്യനെ ആദ്യമായി കാണുന്നതെന്ന്‌ പറഞ്ഞല്ലോ. എന്നാലും ന്യൂറോവാർഡിലെ ആ മുപ്പത്തിനാലാം നമ്പർ കിടക്ക ഒരിക്കലും സ്മരണയിൽനിന്ന്‌ മായില്ല. രോദനം കാതുകളിൽനിന്ന്‌ പിൻവാങ്ങില്ല. ഏകാന്തത്തയിൽ മുഖം മറച്ച നീലോൽപദൻ മാഷും സാധ്വിയായ അദ്ദേഹത്തിന്റെ ഭാര്യയും ജീവിക്കുന്ന കഥാപാത്രങ്ങളായി ജ്വലിച്ചുനിൽക്കും.
   ഒരു ചെറിയ മനുഷ്യൻ. ഒരാൾക്ക്‌ കഷ്ടിച്ചുകിടക്കാവുന്ന അളന്നുതിട്ടപ്പെടുത്തിയ ആ ഇരുമ്പുകട്ടിൽ അദ്ദേഹത്തിന്‌ ആവശ്യത്തിലേറെയായിരുന്നു. അതിൽ കിടന്ന്‌ മതങ്ങളുടെ തടങ്കൽപ്പാളയം ഭേദിച്ചെത്തിയ ഈശ്വരന്മാരെ വിളിച്ചുകേണു. മരണം ഏതോ കാലങ്ങളിൽ കടത്തിക്കൊണ്ടുപോയ അച്ഛൻ, അമ്മ, വലിയമ്മ, ചെറിയമ്മമാർ തുടങ്ങി മാഷിന്‌ ഏറ്റവും പ്രിയങ്കരരായ ഒരുപറ്റം ആത്മാക്കളെ വിളിച്ച്‌ നിരന്തരം വിലപിക്കുന്നു! തലച്ചോറിൽ വിഹ്വലതകൾ വിസ്മയം തീർക്കുമ്പോൾ സ്വയം വിവസ്ത്രനാകുന്നു!!
   അതിരുകൾ തീർക്കാത്ത സ്വന്തം വേദനകൾക്കിടയിലും കഥാകാരൻ ആ വേദനകളുടെ നേർസാക്ഷിയായി. ഉറക്കം ഉൾക്കയത്തിലേക്ക്‌ മുങ്ങിയ രാവുകൾക്ക്‌ വേദന നിറഞ്ഞ രോദനവും പരിദേവനവും ഹൃദയം നുറുങ്ങുന്ന കദനകാവ്യമായി. പരസഹായത്തോടെപോലും എഴുന്നേൽക്കാനാവാതെ സ്വയം പരാജയം ഏറ്റുചൊല്ലി, ഇനിയൊരു തിരിച്ചുവരവില്ലെന്ന്‌ പ്രഖ്യാപിക്കുമ്പോൾ രോഗങ്ങളിലും ആകുലതകളിലും മനുഷ്യൻ എത്ര നിസ്സഹായൻ എന്നോർത്ത്‌ കണ്ണുകൾ നിറഞ്ഞ നിമിഷങ്ങൾ!
   കിടക്കയിൽതന്നെ പ്രാഥമിക കർമങ്ങൾപോലും നിറവേറ്റുന്ന ബലഹീനനായ മനുഷ്യനെക്കാൾ നിർഭാഗ്യവാൻ ആരുണ്ട്‌? 'എന്നെയൊന്ന്‌ കൊന്നുതായോ ഭഗവാന്മാരേ'യെന്ന്‌ ബോധാവബോധങ്ങൾക്കിടയിൽ കേഴുമ്പോൾ ഏതു ശിലാഹൃദയവും ഒന്നു പിടയ്ക്കും.
   ബഡ്സ്പാനും യൂറിനറും ഉപയോഗമില്ലാത്ത പാഴ്‌വസ്തുക്കളായി കിടക്കയ്ക്കുകീഴിൽ വിശ്രമിച്ചു. മൂത്രത്തിൽ നനഞ്ഞതും അമേദ്യത്തിൽ കുഴഞ്ഞതുമായ മുണ്ടും ബഡ്ഷീറ്റും അദ്ദേഹത്തിന്റെ ഭാര്യ പരസഹായമില്ലാതെ മാറ്റിക്കൊണ്ടിരുന്നു. മനസ്സിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ട ഭർത്താവിനെ രോഗശയ്യയിൽ ചിലപ്പോൾ തനിയെവിട്ടും മറ്റു ചിലപ്പോൾ മനുഷ്യപ്പറ്റുള്ള ആരോടെങ്കിലും 'ഒന്നുനോക്കിക്കോണേ'യെന്ന്‌ അഭ്യർഥിച്ചും അവർ പോകും. വസ്ത്രം കഴുകിയുണക്കാനും, അഞ്ചാംനിലയിൽനിന്ന്‌ നീരുവച്ച്‌ വീർത്ത കാലുകളുമായി ആയാസപ്പെട്ട്‌ താഴെയെത്തി മരുന്നും ആഹാരവും വാങ്ങിക്കൊണ്ടുവരാനും അവർക്ക്‌ മറ്റു മാർഗമില്ലായിരുന്നു. അവർ പോയിക്കഴിയുമ്പോൾതന്നെ ഉടുത്തവസ്ത്രങ്ങളും പുതപ്പും രോഗി ചുരുട്ടിയെറിയും. അതുകണ്ട്‌ ആർത്തുചിരിക്കുന്ന ചുറ്റിലുമുള്ള വികളജന്മങ്ങളെ അദ്ദേഹം മിഴിച്ചുനോക്കി കൂടുതൽ ഉച്ചത്തിൽ കേഴും. മനസ്സിൽ നന്മയുടെ തന്മാത്രയെങ്കിലും അവശേഷിച്ചവർ വസ്ത്രമെടുത്ത്‌ ഉടുപ്പിച്ചാലും നിമിഷങ്ങൾക്കുള്ളിൽ പറിച്ചെറിയും.
   ഭർത്താവിന്റെ വിസർജ്യങ്ങൾ മാറ്റി ശരീരവും കിടക്കയും വൃത്തിയാക്കുക, വസ്ത്രം ധരിപ്പിക്കുക, ഭക്ഷണം നിർബന്ധിച്ച്‌ വാരികൊടുക്കുക, മരുന്ന്‌ കഴിപ്പിക്കുക, വെള്ളം കുടിപ്പിക്കുക, ഡോക്ടർ നിർദേശിച്ചതനുസരിച്ച്‌ പത്തു ചുവടെങ്കിലും നടത്തിക്കുക(മുഖാമുഖംനിന്ന്‌ രോഗിയുടെ കൈകളിൽ പിടിച്ച്‌ അവർ പിന്നോട്ടുനടക്കും, പാദങ്ങൾ ആദ്യമായി നിലത്തുറപ്പിക്കുന്ന ശിശുവിനെപ്പോലെ രോഗിയും!) ഉപ്പൂറ്റി സ്പർശിക്കാതെ തള്ളവിരൽമാത്രം നിലത്തുചവിട്ടുകമൂലം ഭൂമിയെ വിറകൊള്ളിക്കുന്ന വിധമാണ്‌ നടപ്പ്‌. പത്തടിയെങ്കിലും നടത്തി തിരിച്ച്‌ കിടക്കയിലെത്തിക്കുക ഒരു ഭഗീരഥപ്രയത്നംതന്നെ. ഇവയൊക്കെ പരാതിയില്ലാതെ എപ്പോഴും ചിരിക്കുന്ന മുഖത്തോടെ ഒരു പുണ്യകർമംപോലെ അവർ ചെയ്യുന്നത്‌ അത്ഭുതമായിരുന്നു.
   
   വല്ലപ്പോഴുമൊരിക്കൽ അവരെ തേടിയെത്തിയത്‌ അന്യർമാത്രമായിരുന്നു. അദ്ദേഹത്തിൽനിന്ന്‌ ജീവിതായോധനകല യോഗയിലൂടെ ആർജിച്ച ശിഷ്യന്മാർ. മക്കളോ ബന്ധുക്കളോ ഒരിക്കലും തേടിയെത്തുകയോ ആശ്വാസവചനം ചൊരിയുകയോ ഉണ്ടായില്ല.

   വലിയ സമ്പത്തിന്റെയും സ്ഥാനമാണങ്ങളുടെയും ഉടമയായിരുന്ന മനുഷ്യൻ. ജീവിതസമസ്യകൾക്ക്‌ സന്തുലത കണ്ടെത്തുന്ന യോഗയുടെ നിസ്തുലപാഠങ്ങൾ അനേകങ്ങൾക്ക്‌ പകർന്നുകൊടുത്ത ഗുരുവിന്‌ ശരീരത്തിന്റെയും മനസ്സിന്റെയും കടിഞ്ഞാൺ നഷ്ടപ്പെടാൻ പാടില്ലാത്തത്താണ്‌. പക്ഷേ, അത്‌ എങ്ങനെയോ സംഭവിച്ചുപോയിരിക്കുന്നു!
    ഉറക്കം കൺപോളകളിൽനിന്ന്‌ ബഹുദൂരം പിന്നിലായ രാത്രികൾ ഒന്ന്‌... രണ്ട്‌... മൂന്ന്‌... നാല്‌... കഥാകാരന്‌ മാഷിന്റെ കരളലിയിക്കുന്ന കരച്ചിൽമാത്രം കൂട്ടായ അഞ്ചാം രാത്രി വളരുകയാണ്‌. ചുറ്റുമുള്ള കിടക്കകളിലും തറയിലുമായി രോഗികളും പരിചരണക്കാരും ഉറക്കത്തിന്റെ അർധമരണത്തിലേക്ക്‌ കൂപ്പുകുത്തി. രോഗികളെയും കിടക്കകളെയും അന്ധകാരത്തിൽമുക്കി കോറിഡോറിൽമാത്രം പ്രകാശത്തിന്റെ ചാരനിറം. വാർഡിന്റെ മദ്ധ്യത്തിലുള്ള നേഴ്സസ്‌ സ്റ്റേഷനിലും അത്യാവശ്യത്തിനുള്ള ഇരുണ്ട വെട്ടംമാത്രം. ഡ്യൂട്ടിയിലു ള്ള നേഴ്സ്‌ ഏകയായി ഓടിത്തളർന്ന്‌ ചെറിയൊരു മയക്കത്തിലേക്ക്‌ തലകുമ്പിട്ടു. വല്ലപ്പോഴും വാർഡിൽ അഡ്മിറ്റുചെയ്ത്‌ എത്തുന്ന ഗുരുതരാവസ്ഥയിലായ രോഗികളുടെ ബന്ധുക്കൾ നിശ്ശബ്ദതയിൽ കദനത്തി ന്റെ അടക്കിയ തേങ്ങലുകൾ ഉതിർത്തു. അപ്പോഴൊക്കെ നേഴ്സ്‌ ചാടിയെഴുന്നേറ്റ്‌ കർമനിരതയാകുന്നത്‌ കാണാമായിരുന്നു.

ആസുരതയുടെ ആലാപനം
   ശബ്ദം നിലച്ച ചെറിയൊരു ഇടവേളയ്ക്കുശേഷം വലിയൊരു ആരവം ഇരച്ചുവന്നു. വേദന കടിച്ചമർത്തി ഉറക്കത്തിലേക്ക്‌ മയങ്ങിവീണ രോഗികളെ വിളിച്ചുണർത്തുംവിധം ഉച്ചസ്വരത്തിൽ ആക്രോശിച്ച്‌ ഒരാളെ വീൽചെയറിൽ ഇരുത്തി ഏതാനും ചെറുപ്പക്കാർ ഉരുട്ടിക്കൊണ്ടുവരികയാണ്‌!
   പാതി ഭിത്തികൊണ്ട്‌ വേർതിരിച്ചതൊട്ടടുത്ത ഓർത്തോ വാർഡിലെ കിടക്കയിൽ അയാളെ കിടത്തി. പതിനെട്ടിനും ഇരുപതിനുമിടയിൽ പ്രായമുള്ള പത്തോളം ചെറുപ്പക്കാർ! അവർ വിവിധതരം പരിചരണങ്ങൾകൊണ്ട്‌ കൂട്ടുകാരനെ വീർപ്പുമുട്ടിക്കുന്നു. ബാൻഡേജിട്ട വലതുകരം കഴുത്തിൽ തൂക്കിയ ആൾ ഉൾപ്പെടെ എല്ലാവരും നന്നായി മദ്യപിച്ചിട്ടുണ്ട്‌. ഈച്ച അനങ്ങിയാലും കാരണമറിഞ്ഞേതീരൂവേന്ന്‌ വാശിയുള്ള ഇരുകാലിലും അരയ്ക്കുകീഴ്പോട്ട്‌ പ്ലാസ്റ്ററിട്ട തൊട്ടടുത്ത കിടക്കയിലെ രോഗി അന്വേഷിച്ചപ്പോൾ അറിഞ്ഞത്‌ മദ്യക്കുപ്പി പൊട്ടിച്ചപ്പോൾ കൈയിൽ ഗ്ലാസ്‌ ചീളുകുത്തിക്കയറി മുറിഞ്ഞതാണെന്നാണ്‌. പന്ത്രണ്ട്‌ സ്റ്റിച്ചുവേണ്ടിവന്നുവത്രേ. 'അൽപം' മദ്യപിച്ചിരുന്നതുകൊണ്ട്‌ വേദന അറിഞ്ഞില്ലപോലും! സംഘാംഗങ്ങളുടെ വീര്യമേറിയ സംഭാഷണം പുരോഗമിക്കുമ്പോൾ കാര്യകാരണങ്ങൾ മാറുന്നു. കഥയ്ക്കും പശ്ചാത്തലത്തിനും ചെറിയ ഭേദഗതി.
    പട്ടണത്തിലെ പ്രമുഖ ജൂവല്വറി ഉടമയുടെ ക്വട്ടേഷൻ ദൗത്യം വിജയകരമായി പുർത്തിയാക്കിയതിന്റെ ആഹ്ലാദം, മദ്യക്കുപ്പി പൊട്ടിച്ച്‌ ആഘോഷിക്കുന്നതിനിടെ, രണ്ട്‌ പേഗ്‌ അകത്തുചെന്നാൽ ഭ്രാന്തിളകുന്ന ബാൻഡേജ്‌ ഉടമ കുപ്പി പൊട്ടിക്കാൻ പുതിയ പരീക്ഷണം നടത്തിയതാണെന്ന പരിണാമഗുപ്തിയിലേക്ക്‌ തെന്നിവീണു!

   എല്ലാവരും നഗരത്തിലെ കോളേജ്‌ വിദ്യാർഥികൾ...! പ്രബലമായ ഒരു വിദ്യാർഥി യൂണിയന്റെ പ്രസിഡന്റാണത്രേ തലവൻ!!

   കാലിയായ ബഡ്ഡിൽ വട്ടമിരുന്ന്‌ നാളെ ഈ കാണായതും അല്ലാത്തതുമായ ജനത്തെ മുഴുവൻ ഭരിക്കേണ്ട ഏതോ നേതാവിന്റെ നാഭിയിൽനിന്ന്‌ പൊന്തിവന്ന പുതിയ കുപ്പി പഴയ രീതിയിൽ പൊട്ടിച്ച്‌ ലഹരിക്കുമേൽ ചിത്രവർണങ്ങൾ ചാർത്തി തുടങ്ങി സംഘാഗങ്ങൾ. നിറഞ്ഞ ഡിസ്പോസിബിൾ ഗ്ലാസുകൾ ഓരോ ചുണ്ടിലുമെത്തി ശൂന്യമായി. ആ മായികക്കാഴ്ചകണ്ട്‌ സഹിക്കാനാവാതെ ബാൻഡേജുകാരൻ വയലന്റായി. ശരീരത്തിലേക്ക്‌ കയറിക്കൊണ്ടിരുന്ന ഐ.വി. വലിച്ചുപറിക്കുമെന്ന്‌ ബോധ്യപ്പെട്ടപ്പോൾ സംഘനേതാവ്‌ ഒരു നിറഗ്ലാസ്‌ ആ ചുണ്ടോടും ചേർത്തുവച്ചു.

   ബഹളം ഗാനമേളയിലേക്ക്‌ കടന്നപ്പോൾ നേതാവ്‌ അനുയായികളെ ശാന്തരാക്കി. തുടർന്ന്‌ കാലിയായ കിടക്കകളിലും രോഗികൾമാത്രം ശയിക്കുന്ന കിടക്കകളിലുമായി നാളെയുടെ വാഗ്ദാനങ്ങൾ മലർന്നു.

   തൊട്ടടുത്ത്‌ നടക്കുന്നതൊന്നും നീലോൽപദൻമാഷ്‌ അറിഞ്ഞില്ല. പതംപെറുക്കുന്ന വിലാപം നിർലോഭം, നിർവിഘ്നം ഒഴുകിക്കൊണ്ടിരുന്നു. അദ്ദേഹത്തിൽനിന്ന്‌ പുറപ്പെട്ട ഓരോ വാക്കിനും യുവാക്കൾ കൂട്ടായി പ്രതികരിച്ചുതുടങ്ങി. ഏകസ്വരത്തിന്‌ ബഹുസ്വരത്തിലുള്ള പാരഡി. അത്‌ ഏറെ നേരംനീണ്ടുനിന്നു.

ഏകാന്തത്തയുടെ സ്വപ്നസ്പർശങ്ങൾ
   ബഹളം ഏതാണ്ടൊന്ന്‌ ശമിച്ചപ്പോഴും കഥാകാരനിൽനിന്ന്‌ നിദ്രയും നിദ്രയിൽനിന്ന്‌ കഥാകാരനും അകലെയായിരുന്നു.സന്ദർശിക്കാനെത്തിയ കവി സുഹൃത്ത്‌ സമ്മാനിച്ച മാർക്വേസിന്റെ തൂലിക മെനഞ്ഞെടുത്ത വർണസ്വപ്നങ്ങളുടെ അക്ഷരച്ചിറകുള്ള മാലാഖമാരുടെ സാമീപ്യത്തിലേക്ക്‌ മരിച്ചുതുടങ്ങുന്ന വെളി ച്ചത്തിലിരുന്ന്‌ ഒരു സാങ്കൽപിക യാത്ര...

   ...വെള്ളവും അതിലെ ജീവികളും അടിത്തട്ടും സുതാര്യമാകുന്ന ഒരു സ്ഫടികപ്പുഴ. അതിന്റെ തീരത്തുള്ള സങ്കൽപ്പനഗരം. നദിക്കരയിലാകമാനം വെളുത്ത മുട്ടകൾപോലെ ഉരുണ്ട്‌ മിനിസ്സമാർന്ന മാർബിൾ കല്ലുകൾ. സങ്കൽപനഗരത്തിന്റെ ശിൽപി പുതുപരീക്ഷണങ്ങൾക്കായി എന്തും നഷ്ടപ്പെടുത്താൻ തയ്യാറുള്ള ജോസ്‌ ആർക്കേഡിയോ ബുവേൻഡിയ. സമ്പാദ്യം മുഴുവൻ ശാസ്ത്രഭ്രാന്തിനുവേണ്ടി നശിപ്പിക്കുന്നുവേന്ന്‌ പരാതിയുള്ള ഭാര്യ ഉർസുല. അവർക്കിടയിലേക്ക്‌ മെൽക്വിയാഡീസ്‌ എന്ന ജിപ്സി രംഗപ്രവേശനം ചെയ്യുന്നു, ലോകത്തിലെ സപ്താത്ഭുതങ്ങളെ തിരുത്തിക്കുറിക്കുവാൻ എട്ടാമത്തെ അത്ഭുതമെന്ന്അയാൾ വിശേഷിപ്പിച്ച അയസ്കാന്തവുമായി...! നഗരവാസികൾ നോക്കിനിൽക്കെ, അത്‌ തിരക്കേറിയ ചന്തയിലൂടെ വലിച്ചുകൊണ്ട്‌ മെൽക്വിയാഡീസ്‌ നടക്കുമ്പോൾ ഇരുമ്പുകലങ്ങളും പാത്രങ്ങളും എവിടെ നിന്നൊക്കെയോ പ്രത്യക്ഷപ്പെട്ട്‌ അയസ്കാന്തത്തിൽ ഒട്ടിപ്പിടിക്കുന്നു! മാക്കൊണ്ടൊയിലെ ജനം അന്നുവരെ ദർശിച്ചിട്ടില്ലാത്ത അതിശയക്കാഴ്ച! ജോസ്‌ ആർക്കേഡിയോ ബുവാൻഡിയയ്ക്ക്‌ ഒരാശയം പെട്ടെന്ന്‌ തലയിലുദിച്ചു. അയസ്കാന്തം സ്വന്തമാക്കി എന്തുകൊണ്ട്‌ ഭൂഗർഭത്തിലുള്ള സ്വർണഖനികളിൽനിന്ന്‌ സ്വർണം വലിച്ചെടുത്തുകൂടാ... സമ്പന്നതയെ കൈയെത്തിപ്പിടിച്ചുകൂടാ...
അവരോഹണം
   "ലൈറ്റണയ്ക്കടാ ....മോനെ"
   മാർക്വേസിന്റെ ഉത്പതിഷ്ണുവായ കഥാപാത്രം ജോസ്‌ ആർക്കേഡിയ ബുവൻഡിയയും ഭർത്താവിന്റെ ചെയ്തികളിൽ അസംതൃപ്തയായ ഭാര്യ ഉർസുലയും ജിപ്സികളുടെ തലവൻ മെൽക്വിയാഡീസും സ്ഫ ടികനദിയും സങ്കൽപനഗരമായ മാക്കൊണ്ടൊയുമെല്ലാം കഥാകാരന്റെ സർഗാത്മകതയിൽനിന്ന്‌ പൊടുന്നനെ പടിയിറങ്ങിപ്പോയി. കൺമുമ്പിൽ വിഡ്ഢിവേഷം കെട്ടിച്ച പരിഹാസ്യച്ചിരിയുമായി അനുഗ്രഹീത തൂലികയുടെ ഉടമ മാർക്വേസ്‌...!
  "വീട്ടിൽ പോയിരുന്ന്‌ വായിക്കെടാ... മോനേ. ഇത്‌ ആശുപത്രിയാണെടാ. ഞങ്ങൾക്ക്‌ ഉറങ്ങാനുള്ള സ്ഥലം... വെളക്കണക്കടാ... മോനേ..."

   മുന്നിൽ ചിരിച്ചുനിന്ന മാർക്വേസിൽനിന്നുതന്നെയാണോ ആ വികളസ്വരമുയർന്നത്തെന്ന്‌ കഥാകാരൻ ഒരു നിമിഷം സംശയിച്ചു. വേദനകളുടെ ലോകത്തിരുന്ന്‌ സ്വപ്നതുല്യമായ തന്റെ ഏകാന്തത്തയിലേക്ക്‌ കടന്നത്‌ അദ്ദേഹത്തിന്‌ ഇഷ്ടമായില്ലെന്നുണ്ടോ? അതോ എല്ലാ ഏകാന്തത്തയെയും നിഷ്ക്രിയമാക്കുന്ന മാഷിന്റെ വേദന നിറഞ്ഞ രോദനം സഹിക്കാനാവാതെ മഹാനായ മാർക്വേസ്‌ വിലപിച്ചുപോയതോ?

   ഭീഷണിയുടെ സ്വരം ഒന്നിലേറെ ഗളങ്ങളിൽനിന്ന്‌ ഉയർന്ന്‌ സഭ്യതയെ വിവസ്ത്രമാക്കിയപ്പോഴാണ്‌ മദ്യം കുടിച്ചുവറ്റിച്ച യുവതയുടെ മിനിമം മര്യാദയുടെ ബഹിർസ്ഫുരണമാണതെന്ന്‌ കഥാകാരന്‌ മനസ്സിലായത്‌.

   കോറിഡോറിലെ വിളക്ക്‌ അണയുന്നു. രോദനങ്ങൾക്ക്‌ പ്രകാശത്തിന്റെ കൈത്താങ്ങ്‌ ആവശ്യമില്ലല്ലോ. മരണംപോലെ ഇരുട്ടിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ അലിഞ്ഞുചേരുന്നതാണത്‌.
   വേദനകളുടെ കൂടാരം പൂർണമായും ഇരുട്ടിലായി. നേഴ്സസ്‌ സ്റ്റേഷന്റെ നാലു ചുവരുകൾക്കുള്ളിലെ ശക്തി ക്ഷയിച്ച പ്രകാശം രോഗികളിലേക്ക്‌ എത്തിപ്പെടാനാവാനാവാത്തവിധം അവിടെത്തന്നെ തളംകെട്ടി കിടന്നു.

   യോഗാചാര്യന്റെ വിലാപം വേദനകളുടെ തിരിച്ചറിയാനാവാത്ത രൂപവും ഭാവവുമായി നിശബ്ദതയെ അപ്പോഴും വെല്ലുവിളിച്ചുകൊണ്ടിരുന്നു.


Sunday, 14 August 2011

ബെസ്റ്റുസെല്ലർ



 

സണ്ണി തായങ്കരി
    

പല കാര്യങ്ങളിലും തെറ്റായ ധാരണകൾ കാത്തുസൂക്ഷിക്കാൻ ക്ലേശിക്കുന്നവരാണ്‌ മനുഷ്യർ. അത്‌ നിയമപാലകരായ പോലീസുകാരെപ്പറ്റിയാകുമ്പോൾ പറയുകയും വേണ്ടാ. അക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ട്‌ കാര്യമില്ലെന്ന്‌ രണ്ടാമതൊരു വിചിന്തനത്തിൽ ബോധ്യമാകും.
   പോലീസുകാരെല്ലാം കൊള്ളരുതാത്തവരും വെറുക്കപ്പെട്ടവരുമാണെന്നാണ്‌ മനുഷ്യരുടെ പൊതുവായ ധാരണ. അതിന്‌ ഓരോരുത്തർക്കും അവരുടേതായ ന്യായീകരണങ്ങളും ഉണ്ടാവും. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ തിക്താനുഭവങ്ങൾ ഇക്കൂട്ടരിൽനിന്ന്‌ അനുഭവിച്ചിട്ടില്ലാത്തവർ വിരളമായിരിക്കും. അനുഭവസ്ഥർ പറഞ്ഞുകേട്ട കാര്യങ്ങൾവച്ച്‌ പോലീസിന്റെ അഞ്ചയലത്തുപോലും ചെല്ലാൻ ഭാഗ്യം സിദ്ധിക്കാത്ത വരും ഒരു മുൻവിധി സൂക്ഷ്മമായി തയ്യാറാക്കിവച്ചിരിക്കും എന്നതാണ്‌ വാസ്തവം.



   സാടാ ജനത്തെപ്പോലെത്തന്നെ പോലീസിനെ വെറുക്കുന്നവരാണ്‌ മോഷ്ടാക്കളും. അതിലെന്ത്‌ അത്ഭുതമെന്ന്‌ ഇപ്പോൾതന്നെ പലരും സംശയിച്ചിട്ടുണ്ടാവും.നിയമനിഷേ
ധം നടത്തുന്നവർ പോലീസിനെ പേടിക്കേണ്ടവർതന്നെയാണ്‌ എന്നതിന്‌ രണ്ടുപക്ഷമില്ല. എന്നാൽ മോഷ്ടാക്കൾ പോലീസിനെ ബദ്ധവൈരികളായി കാണുന്നത്‌ അതുകൊണ്ടൊന്നുമല്ല എന്ന യാഥാർഥ്യവും നാം അറിയേണ്ടതുണ്ട്‌.


   കള്ളനും പോലീസും പരസ്പരപൂരകങ്ങളാണ്‌, കള്ളന്മാരാണ്‌ പോലീസിനെ പുലർത്തുന്നത്‌ എന്നൊക്കെയുള്ള ധാരണകളാണ്‌ പൊതുസമൂഹത്തിൽ പടർന്നിട്ടുള്ളത്‌.അതിനെ സാധൂകരിക്കുന്ന പലതും നിത്യ ജീവിതത്തിൽ കാണുകയും കേൾക്കുകയും ചെയ്യുന്നു.കള്ളന്മാർ പോലീസിനെ വെറുക്കാൻ കാരണം കൊള്ളമുതൽ വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള സങ്കീർണതയാണ്‌.പങ്കുവയ്ക്കൽ കഴിഞ്ഞാൽ കുടും ബം പുലർത്താൻ പല മോഷ്ടാക്കൾക്കും പോലീസ്‌ അറിയാതെ മറ്റൊരു അദ്ധ്വാനത്തിലേക്ക്‌ വിയർപ്പുചാൽ ഒഴുക്കേണ്ടിവരും.അത്തരം അൺഓതറൈസ്ഡ്‌ മോഷണത്തിന്‌ പിടിക്കപ്പെട്ടാൽ യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ട. മോഷണവസ്തുക്കൾ കണികാണാൻ കിട്ടില്ലെന്നുമാത്രമല്ല, മോഷ്ടാവിനുമേൽ അറിയാത്ത കുറ്റകൃത്യങ്ങളുടെപോലും വൻഭാരം ചാർത്തപ്പെട്ടേക്കാം.



   പോലീസ്‌ സ്റ്റേഷൻ പെറ്റമ്മവീടും ജയിൽ പോറ്റമ്മവീടുമെന്ന്‌ സ്വയം വിശേഷിപ്പിക്കാറുള്ള കള്ളൻ ചിന്നരശിന്റെ അനുഭവം തികച്ചും വ്യത്യസ്ഥമാണ്‌. ചിന്നരശിന്റെ നിഘണ്ഡുവിൽ പോലീസെന്ന വാക്കിന്‌ കടവുളെന്നാണ്‌ അർഥം! മറ്റു കള്ളന്മാരുടെ ദോഷൈക്ദൃക്ക്‌ ചിന്തകളെ അപഹസിക്കാനും അപലപിക്കാനും അയാൾ സദാ തയ്യാർ. കടപ്പാട്‌ അത്രമാത്രമുണ്ട്‌ അയാൾക്ക്‌ പോലീസ്​‍്‌ വർഗത്തോട്‌. ആദ്യമോഷണശ്രമം അതിദയനീയമായി പരാജയപ്പെട്ട പതിമൂന്നാം വയസ്സിൽ തുടങ്ങിയ വിധേയത്വം അൻപതുകൾ പിന്നിട്ടിട്ടും അഭംഗുരം തുടരുന്നു.



    ഒരു ചിന്നപ്പയ്യനെ കയ്യാമംവച്ച്‌ പോലീസുകാരുടെ അകമ്പടിയോടെ സർക്കാർ ബസ്സിൽ കയറ്റിയാൽ സ്വാഭാവികമായും യാത്രക്കാർ ശ്രദ്ധിക്കുമല്ലോ. അതാണ്‌ ഇവിടെയും സംഭവിച്ചതു. ഇരുകാലിൽ നിൽക്കാൻ വിധിക്കപ്പെട്ട യാത്രക്കാർ കണ്ണിലെണ്ണയൊഴിച്ച്‌ സീറ്റൊഴിയാനായി കാത്തുനിൽക്കുമ്പോൾ, കയറിയപാടെ പിറകിലത്തെ മൂന്ന്‌ സീറ്റുകൾ കാലിയാക്കിച്ച്‌ കള്ളനെ നടുക്കിരുത്തി പോലീസുകാർ ഇരുവശത്തുമായി സ്ഥാനം പിടിച്ചു. നിയമം നടപ്പാക്കാൻ ബാദ്ധ്യസ്ഥരായവർ ചെയ്യുന്നതൊന്നും ചോദ്യം ചെയ്യാനാൻ പാടില്ലല്ലോ. അതിനാൽ സീറ്റൊഴിഞ്ഞവർ മൗനം പാലിച്ചതു സ്വാഭാവികം. അത്‌ പോലീസിൽനിന്ന്‌ കള്ളന്‌ കിട്ടിയ രണ്ടാമത്തെ ആശ്വാസം. ഒന്നാമത്തെ ആശ്വാസത്തിന്‌ അതിലും വലിയ മാനുഷിക മുഖമുണ്ട്‌. കള്ളന്മാർക്ക്‌ കഞ്ഞിമാത്രമല്ല, പയറും പപ്പടവുംകൂടി ഉണ്ടാക്കി കൊടുക്കുന്ന ഭരണകക്ഷിയിലെ രാഷ്ട്രീയ പ്രമുഖന്റെ വീട്ടിലെ അടുക്കളയിൽ പശിയടക്കാനാണല്ലോ കയറിപ്പറ്റിയത്‌. മോഷണത്തിന്‌ അക്കാലത്ത്‌ രാഹുകാലം നോക്കുന്ന ഏർപ്പാടില്ല. അതുകൊണ്ടാവാം, ഒരു റൊട്ടിക്കഷണമെങ്കിലും കയ്യിൽ തടയുംമുമ്പ്‌ പിടിക്കപ്പെട്ടത്‌. പയ്യനായതിനാൽ നിയമം അനുവദിക്കുന്നില്ലെന്ന്‌ പറഞ്ഞിട്ടും കയ്യാമംവച്ചേതീരുവേന്ന്‌ പശമുക്കി ഇസ്തിരിയിട്ട ജുബ്ബധരിച്ച കശ്മലന്‌ ഒരേ നിർബന്ധം! പോലീസല്ലേ പാർട്ടി? തൊപ്പിയെ ഏറെ സ്നേഹിക്കുന്ന വർഗമാണല്ലോ. 



കയ്യാമംവെച്ചപ്പോൾതന്നെ പോലീസുകാർ നോക്കിനിൽക്കെ രണ്ടു കരണത്തും കൊടുത്തു രാഷ്ട്രീയക്കാരൻ ഓരോ പെട! സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ, ആദ്യം കണ്ട ചായക്കടയിൽ നിന്ന്‌ പോലീസുകാരൻ സ്വയം യൂറിഞ്ഞ നേന്ത്രപ്പഴങ്ങളിൽ ഒന്ന്‌ കള്ളനും കിട്ടി. കൂടെ ഒരു പാലുംവെള്ള വും! അതിന്റെ സ്വാദ്‌ ഇന്നും നാവിൻതുമ്പിലുണ്ട്‌,പോലീസ്‌ വർഗത്തോടുള്ള ഒടുങ്ങാത്ത കടപ്പാടുപോലെ. അതാണ്‌ ചിന്നരശിന്റെ മോഷണകഥാപരമ്പരയിലെ ആദ്യപേജ്‌. അതിനുശേഷം ആയിരക്കണക്കിന്‌ പേജുകളിലായി കള്ളനും പോലീസും തമ്മിലുള്ള ആത്മബന്ധത്തിന്റെ ചൂടും ചൂരും നഷ്ടപ്പെടാത്ത മോഷണകലയുടെ മിഴിവുറ്റ രൂപകങ്ങൾ സങ്കീർണതയുടെ മഷിയിൽമുക്കിയ അക്ഷരങ്ങളിൽ തപിച്ചുകിടക്കുന്നു.

   ബസ്സിൽനിന്നും ഇറക്കിയ കള്ളനെ പോലീസുകാർ എസ്‌.ഐ. പരീതുപിള്ളയുടെ മുമ്പിൽ എത്തിച്ചു. വസൂരിക്കലകൾ കീഴടക്കിയ പരീതുപിള്ളയുടെ വലിയ കറുത്ത മുഖത്തേയ്ക്ക്‌ നോക്കിയപ്പോഴേ പോലീസുകാർ കുലയിൽനിന്ന്‌ യൂറിഞ്ഞുകൊടുത്ത നേന്ത്രപ്പഴത്തിന്റെയും പാലിൻവെള്ളത്തിന്റെയും ബലമെല്ലാം ആ തീക്കണ്ണുകളും വിറകൊള്ളുന്ന കപ്പാടാമീശയയുംകൂടി വീതിച്ചെടുത്തുകളഞ്ഞു. അടിവയറ്റിൽനിന്ന്‌ മുകളിലേക്ക്‌ ഒരു കയറ്റമായിരുന്നു പിന്നീട്‌. ആധിയുടെയോ വ്യാധിയുടെയോ കയറ്റം!
   "നീ എന്തു മോഷ്ടിക്കാനാടാ കഴുവേറി അവിടെ പോയത്‌?"
   വള്ളിനിക്കർ നനച്ച്‌ കാലുകളിലൂടെ മൂത്രം ഒലിച്ചിറങ്ങി ഇഷ്ടിക പാകിയ തറയിൽ വീണു. അതുകണ്ട്‌ പോലീസുകാർ ശബ്ദമടക്കി ചിരിച്ചു.
   "പശിയെടുത്തപ്പം... കൊഞ്ചംവല്ലോം കെടയ്ക്കുവോന്നറിയാൻ..." സങ്കരഭാഷയിൽ കള്ളൻ വാചകം പാതിയിൽനിർത്തി.
   "നേരെ ചെന്ന്‌ പശിക്കുന്നെന്ന്‌ പേശാമായിരുന്നില്ലേടാ..."
   "ആമാ. പേശിയാച്ച്‌. നായീന്റെ എറച്ചിവേസ്റ്റ്‌ പോതുമെന്ന്‌ ശൊല്ലിയപ്പോ നായെ അഴിച്ചുവിട്ടറേൻ."
   "കഷ്ടംംംം..." പരീതുപിള്ളയുടെ കഷ്ടത്തിന്‌ നീളമേറെയുണ്ടായിരുന്നു. പിന്നെ അയാൾ എന്തോ ആലോചിക്കും മട്ടിൽ ഇരുന്നു. ഒരു മാതൃകാ പോലീസ്‌ സ്റ്റേഷനിലെ എസ്‌.ഐ.യുടെ ലാളിത്യത്തോടെ തന്റെ കപ്പടാമീശയിൽ മൃദുവായി തലോടി, മൃദുവായിതന്നെ 'കഷ്ട'ത്തിന്റെ അതേ നീട്ടലോടെ അയാൾ വിളിച്ചു-
   "എടാ​‍ാ​‍ാ​‍ാ... ചിന്നപ്പെയിലേ വെറുതെ എന്തിനാ ജന്മം പാഴാക്കുന്നേ? പശിയടക്കാൻ കക്കുന്നവനാടാ ഇന്തഊരിലെ പെരിയ ക്രിമിനൽ. കോടികൾ കക്കുന്നവൻ ഊരിപ്പോരും. ആനാ പെരിയ മോഷണം നടത്തിയാച്ച്‌ പിടിക്കക്കൂടാതെ. തെരിയുമോടാ പയലേ?"
   "ആമാ... തെരിഞ്ഞാച്ച്‌ യേമാനേ..."
   ചിന്നരശുവിന്‌ അത്‌ പുതിയ അറിവായിരുന്നു. വലിയ തെറ്റിന്‌ വലിയ ശിക്ഷ എന്നായിരുന്നു അവന്റെ അന്നുവരെയുണ്ടായിരുന്ന ധാരണ. അതേതായാലും മാറിക്കിട്ടി.
   കയ്യറുത്താൽ ഉപ്പുതേക്കാത്ത പരീതുപിള്ളയുടെ പോക്കറ്റിൽനിന്ന്‌ പൊന്തിവന്ന ചീഞ്ഞുനാറിയ അഞ്ചു രൂപാ നോട്ടിന്റെ വിലയായി കോൺസ്റ്റബിൾ വാങ്ങിക്കൊണ്ടുവന്ന തട്ടുദോശയുടെ രുചിയാണ്‌ മറക്കാനാവാത്ത രണ്ടാമത്തെ രുചി. അന്ന്‌ പരീതുപിള്ള വാങ്ങിക്കൊടുത്ത ദോശ ആമാശയത്തിലെ തീയണച്ചു. സരോപദേശം ആപ്തവാക്യമായി ഹൃദയത്തിൽ പുതിയൊരു ഉൾക്കാഴ്ച നൽകി.അന്നുമുതൽ ഇന്നുവരെ പോലീസിന്‌ ചിന്നരശുവും ചിന്നരശുവിന്‌ പോലീസും കൈത്താങ്ങായി. വല്ലപ്പോഴുമൊക്കെ പിടിക്കപ്പെട്ട്‌ സ്റ്റേഷനിലെത്തുമ്പോൾ മോഷണത്തിന്റെ പുത്തൻ സാങ്കേതികവിദ്യകൾ പകർന്നുനൽകി ചിന്നരശുവിന്റെ മോഷണവിജ്ഞാനത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ പരീതുപിള്ളയും പരീതുപിള്ളയ്ക്കുശേഷം കായംകുളം മനോഹരനും വികടസരസ്വതി മേത്തറും മറ്റ്‌ പോലീസുകാരും സമയാസമയങ്ങളിൽ വേണ്ടവണ്ണം ശ്രദ്ധിച്ചു.
   വിവാഹത്തെപ്പറ്റി ചിന്നരശ്‌ ചിന്തിച്ചിട്ടുപോലുമില്ല എന്നതാണ്‌ വാസ്തവം. സ്ത്രീവിഷയങ്ങളിൽ പണ്ടും അയാൾക്ക്‌ വട്ടപ്പൂജ്യമായിരുന്നു മാർക്ക്‌.എന്നാൽ പലപ്പോഴും ആഗ്രഹിക്കാത്ത കാര്യങ്ങളാണല്ലോ മനുഷ്യ ന്മാരുടെ ജീവിതത്തിലേക്ക്‌ ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെ കയറിവരുന്നത്‌. പ്രമാദമായ ഏതോ കേസൊതുക്കാൻ ലക്ഷങ്ങൾ കൈക്കൂലിവാങ്ങിയെന്ന ആരോപണത്തിന്‌ വിധേയനായ മജിസ്ട്രേറ്റിന്റെ വീട്ടിൽ കയറിപ്പറ്റിയപ്പോഴാണ്‌ സംഗതികൾ ആകെ തകിടംമറിഞ്ഞത്‌. പതിവുശൈലിക്ക്‌ മാറ്റം വരുത്താതെ അടുക്കളവാതിൽ തകർത്താണ്‌ അകത്തുകയറിയത്‌. പ്രവർത്തനം തുടങ്ങുംമുമ്പ്‌ കരണ്ടുപോയി. അത്യാവശ്യാവസരങ്ങളിൽ ഉപയോഗിക്കാൻ കരുതിയിരുന്ന ലൈറ്റർ-കം-ടോർച്ച്‌ എവിടെയോ നഷ്ടപ്പെട്ടതിനാൽ ഇതികർത്തവ്യതാമൂഢനായി ഇരുട്ടിൽ അന്തിച്ചുനിൽക്കുമ്പോൾ ആരോ ഒരാൾ പിറകിൽനിന്ന്‌ ഇറുമ്പടക്കം പിടിച്ചു. കുതറിമാറാൻ ഒരു ശ്രമം നടത്തിയെങ്കിലും കാച്ചിയ എണ്ണയുടെ മണം മൂക്കിലേക്ക്‌ അടിച്ചുകയറിയതിനാൽ നിശ്ചലനായിപ്പോയി. 



തന്നെ വരിഞ്ഞുമുറുക്കിയിരിക്കുന്നത്‌ ഒരു സ്ത്രീയാണെന്ന യാഥാർഥ്യം അയാളെ പ്രത്യുൽപ്പന്നമതിത്വം നശിച്ചവനാക്കി. നെഞ്ചിനെ ചുറ്റിയ സമൃദ്ധമായ മുടിയിൽനിന്ന്‌ നിർഗമിച്ച സ്ത്രൈണതയുടെ മാദകഗന്ധം നവ്യമായ ഒരു അനുഭൂതിയിലേക്ക്‌ അയാളെ ആനയിച്ചു. സ്ത്രീയുടെ മാറിലെ അർധഗോളങ്ങൾ ശരീരത്തിൽ ശക്തമായി അമർന്നുഞ്ഞെരിഞ്ഞപ്പോൾ അന്നുവരെഅന്യമായിരുന്ന വികാരങ്ങളുടെ വേലിയേറ്റംതന്നെയുണ്ടായി. കരങ്ങൾ പിന്നിലേക്ക്‌ വളച്ച്‌ ശക്തമായി സ്ത്രീശരീരത്തെ ചേർത്തുപിടിക്കാനുള്ള ശ്രമം ഉണ്ടായപ്പോൾ അവൾ ശക്തമായി തടഞ്ഞു. അപ്പോഴേയ്ക്കും വെളിച്ചം തിരികെയെത്തിയിരുന്നു. അയാൾ അവളെ ഉള്ളിലുയർന്ന ആവേശത്തോടെ നോക്കി. മജസ്ട്രേറ്റിന്റെ അടുക്കളക്കാരി കറുത്തവളെങ്കിലും ഇത്ര സുന്ദരിയോയെന്ന്‌ വിചാരിക്കുകയും ചെയ്തു.

   "ബഹളംകൂട്ടി എല്ലാവരെയും ഞാനിപ്പോൾ ഉണർത്തും." സ്ത്രീ ഭീഷണിപ്പെടുത്തി.
   "അരുത്‌. ബഹളംവയ്ക്കരുത്‌..." അപേക്ഷയോടെ അയാൾ നാലുപാടും രക്ഷപ്പെടാനുള്ള പഴുതുകൾ പരതി.
   "രക്ഷപ്പെടാൻ ഒരു വഴിയുമില്ല പെരിങ്കള്ളാ. നിങ്ങൾ തകർത്ത വാതിൽ ഞാൻ അടച്ചുപൂട്ടി. ഇനിയൊന്ന്‌ തുറക്കാൻ നിങ്ങൾക്കാവില്ല. രണ്ട്‌ ജർമ്മൻ ഷെപ്പേഡുകളാണ്‌ പുറത്ത്‌ കടിച്ചുകീറാൻ കാത്തുനിൽക്കുന്നത്‌."
   പിടിക്കപ്പെടുമെന്ന്‌ ബോധ്യമായി. രാഷ്ട്രീയക്കാരനെപ്പോലെത്തന്നെ മജസ്ട്രേറ്റും ശൗര്യം കൂടുതലുള്ള വർഗമാണ്‌. തെളിയാത്ത കേസുകളെല്ലാം തന്നിൽ ചേർത്ത്‌വയ്ക്കുമെന്ന്‌ ഉറപ്പ്‌. വർഷങ്ങൾ അഴിയെണ്ണേണ്ടിവരും.
   "എന്നെ രക്ഷപ്പെടാൻ അനുവദിക്കണം. ഇനിയൊരിക്കലും ഞാനിവിടെ വരില്ല."
   "മജിസ്ട്രേറ്റദ്ദേഹം ഉണർന്നാൽ ഇനി ഇവിടെന്നല്ല, നിങ്ങൾക്ക്‌ ഒരിടത്തും മോഷ്ടിക്കേണ്ടിവരില്ല."
   "എന്നോട്‌ കരുണ കാണിക്കണം. നിങ്ങൾക്ക്‌ ഞാനെന്തുവേണമെങ്കിലും..."
   "എനിക്കെന്തുതരും?"
   "എന്തും."
   "എന്നെ... എന്നെ കല്യാണം കഴിക്കാമോ...?"
   കള്ളൻ അക്ഷരാർഥത്തിൽ ചലനമറ്റുപോയി. വിവാഹത്തെപ്പറ്റിയോ സ്ത്രീകളെപ്പറ്റിയോ ചിന്തിച്ചിട്ടില്ലാത്ത ഒരുവനോട്‌ സുന്ദരിയായ ഒരു യുവതി... അതും ഒരു പെരുങ്കള്ളനോട്‌... വിഭ്രാത്മകമായ വൈജാത്യങ്ങളുടെ വേലിയേറ്റം അയാളെ ഉലച്ചു. സ്ത്രീയുടെ കവിളിൽ മൂവന്തിയിലെ പടിഞ്ഞാറെ ചക്രവാളം വികസിക്കുന്നത്‌ അയാൾ മനക്കണ്ണിൽ കണ്ടു.
   "ഞാനൊരു കള്ളനാണ്‌. ജീവിക്കാൻ എനിക്ക്‌ മറ്റു ജോലികൾ ഒന്നുമറിയില്ല."
   "സാരമില്ല. ഒരാളും കള്ളനായി ജനിക്കുന്നില്ലല്ലോ."
   മോഷണവസ്തുവായി കിട്ടിയ സ്ത്രീയുടെ മനവും കനവുമായി അയാൾ തിരിച്ചുപോയി. കല്യാണി വൈകാതെ ചിന്നരശിന്റെ ഭാര്യയായി.
   മോഷണം അത്ര നല്ല തൊഴിലല്ലെന്ന്‌ കല്യാണി പണ്ടേ പറഞ്ഞതാണ്‌. ഭർത്താവിനെ അതിൽനിന്ന്‌ പൈന്തിരിപ്പിക്കാൻ അവൾ ആദ്യരാത്രിയിൽതന്നെ ശ്രമമാരംഭിച്ചു. അതിലവൾ വിജയിച്ചില്ലെങ്കിലും അവർ ക്കുണ്ടായ രണ്ട്‌ ആൺമക്കളെയും അച്ഛന്റെ വഴികളിൽനിന്ന്‌ അകറ്റിനിർത്താൻ അവൾക്കു കഴിഞ്ഞു. 


   മൂത്തവൻ ദാരുവേന്നുവിളിക്കപ്പെടുന്ന ദാരുശീലൻ പഠനകാര്യങ്ങളിൽ മഹാ ഉഴപ്പനായിരുന്നു. എല്ലാ തോന്ന്യാസങ്ങളുടെയും പ്രഭവകേന്ദ്രമാണ്‌ താനെന്ന്‌ കുറഞ്ഞ കാലംകൊണ്ട്‌ അവൻ നിഷ്പ്രയാസം തെളിയിച്ചു. സഹപാഠികളുടെ ബാഗുകളിൽനിന്ന്‌ ചില്ലറത്തുട്ടുകൾ ചൂണ്ടുക അവന്റെ ദൗർബല്യമായിരുന്നു. യുവതിയായ ക്ലാസ്ടീച്ചറുടെ കസേരയിൽ ചുവന്ന മഷിയൊഴിച്ച്‌, പൃഷ്ഠത്തിൽപുരണ്ട മഷി സ്വയം ചൂണ്ടിക്കാട്ടി അവരെ ചമ്മിപ്പിച്ചപ്പോൾ എന്നന്നേക്കുമായി ദാരു സ്കൂളിന്റെ പടികളിറങ്ങി



.
    ഇളയവൻ ചാരുവേന്ന്‌ വിളിക്കപ്പെടുന്ന ചാരുശീലന്‌ എല്ലാക്കാര്യങ്ങളിലും അച്ഛന്റെയും ദാരുവിന്റെയും എതിർചേരിയിൽ നിൽക്കാനായിരുന്നു താത്പര്യം. പഠനകാര്യങ്ങളിൽ കേമനായിരുന്നില്ലെങ്കിലും സദ്ഗുണങ്ങളും നേതൃപാടവവും ചെറുപ്രായത്തിൽതന്നെ അവനിൽ ദൃശ്യമായിരുന്നു. കള്ളന്മാരെയും കൊള്ളക്കാരെയും സാമൂഹ്യദ്രോഹികളെയും അവന്‌ വെറുപ്പായിരുന്നു. അധികാരക്കസേര അഞ്ചുവർഷത്തിലൊരിക്കൽ ഒരു നിയോഗംപോലെ വീണുകിട്ടുന്ന രാഷ്ട്രീയപ്പാർട്ടിയുടെ പ്രാദേശിക നേതാവ്‌ വലവീശിയപ്പോൾ മടിയൊട്ടും കാണിക്കാതെ അവൻ അതിന്റെ ഭാഗമായി. വിദ്യാർഥിനേതാവായി. എതിർചേരിയിലെ രാഷ്ട്രീയക്കാരെ ഒതുക്കാൻ മുതിർന്ന നേതാക്കൾക്കൊപ്പം ചാരുവും തലയുയർത്തിനിന്നു.
   ചാരുവിന്‌ എന്തുകൊണ്ടോ ഫ്രഞ്ച്‌ നോവലിസ്റ്റ്‌ വിക്ടർ ഹൂഗോയുടെ 'പാവങ്ങൾ' എന്ന നോവൽ
വലിയ ഇഷ്ടമായിരുന്നു. സാഹിത്യകുതുകിയായ മാങ്കോടൻമാഷാണ്‌ അതവന്‌ വായിക്കാൻ കൊടുത്ത്‌. 


പലയാവർത്തി വായിച്ചുകഴിഞ്ഞിട്ടും പുസ്തകം തിരിച്ചുകൊടുക്കാൻ അവന്‌ തോന്നിയില്ല. ഒരു നിധിപോലെ അത്‌ സൂക്ഷിച്ചു. സന്തത്തസഹചാരിയാക്കി. അവസരം കിട്ടിയപ്പോഴൊക്കെ വീണ്ടും വീണ്ടും വായിച്ചു. ഒരുപക്ഷേ, നോവലിസ്റ്റിൻക്കാൾ നോവലിനെ അറിയുന്നവനായി ചാരു മാറി. വെള്ളിമെഴുകുതിരി

ക്കാൽ മോഷ്ടിച്ച ഴാങ്ങ്‌ വാൽഴാങ്ങ്‌ എന്ന കള്ളനും മനുഷ്യസ്നേഹിയായ ബിഷപ്പും ചാരുവിന്റെ ഇടതും വലതും നിന്നു. ബിഷപ്പായിരുന്നു അവന്റെ റോൾമോഡൽ. മാർക്ക്സിയൻ തത്വശാസ്ത്രത്തിൽ 'മൂലധന' ത്തിനുള്ള പ്രസക്തിപോലെ ഒരു കള്ളനെ എങ്ങനെ മനഃശാസ്ത്രപരമായി ഇല്ലാതാക്കാം എന്നതിന്റെ പ്രമാണരേഖയായി അവൻ പാവങ്ങളെ കരുതി. പിന്നീട്‌, നിരവധി പതിപ്പുകൾ പിന്നിട്ട ബസ്റ്റുസെല്ലറുകളായ ഡോ. സിസ്റ്റർ ജസ്മിയുടെയും ജമീലയുടെയും ആത്മകഥകൾപോലെ ഒരുപെരുങ്കള്ളൻ റിട്ടയർ ചെയ്ത ശേഷം എഴുതിയ, മോഷണകലയുടെ എല്ലാം വശങ്ങളേയും സവിസ്തരം പ്രതിപാദിക്കുന്ന 'കള്ളന്റെ സുവിശേഷം' എന്ന ഗ്രന്ഥം അവന്റെ രണ്ടാമത്തെ സന്തത്തസഹചാരിയായി. കള്ളനെയും പോലീസിനെയും സംബന്ധിക്കുന്ന പുസ്തകങ്ങൾ എവിടെ കണ്ടാലും അത്‌ സ്വന്തമാക്കുന്നതും അവന്റെ ശീലമായി.
  കല്യാണിയുടെ ആകസ്മിക മരണം ചിന്നരശുവിനെ വല്ലാതെ തളർത്തി. മരണം ഒന്നിനും അവസാനമാകുന്നില്ല എന്നതിനെ അനുസ്മരിപ്പിക്കുമാറ്‌ മോഷണം ഉപേക്ഷിക്കാനുള്ള കല്യാണിയുടെ ആത്മാവിന്റെ പ്രേരണ തുടർന്നു. ആദ്യമൊക്കെ നിർവികാരനായി അത്‌ സ്വീകരിച്ചെങ്കിലും ക്രമേണ നിരന്തരശല്യമായി അനുഭവപ്പെട്ടുതുടങ്ങി. പിന്നീടത്‌ വളരെപ്പെട്ടെന്നാണ്‌ ഭയാനകതയുടെ തലത്തിലേക്ക്‌ കടന്നത്‌. അതോടെ ജീവിച്ചിരുന്ന കല്യാണിയെക്കാൾ മരിച്ച കല്യാണി അയാൾക്ക്‌ മുമ്പിൽ പ്രതിസന്ധികളുടെ വൻമതിലായി. കല്യാണിയുടെ സുന്ദരമായ മുഖം വികൃതമാകുന്നുണ്ടോയെന്നും യക്ഷിയുടേതുപോലെ ചിറിയുടെ ഇരുവശങ്ങളിലും ദംഷ്ട്രകൾ മുളയ്ക്കുന്നുണ്ടോയെന്നും ചിന്നരശുവിന്‌ സംശയമായി. അതയാളുടെ ഉറക്കം കെടുത്തിക്കളഞ്ഞു. മാഫിയാസംഘത്തിലും കൊള്ളസംഘത്തിലും അകപ്പെട്ടുപോയാൽ മോചനം സാധ്യ മല്ല എന്നപോലെ മോഷണം അത്ര പെട്ടെന്നൊന്നും ഉപേക്ഷിക്കാൻ പറ്റുന്ന ഒന്നല്ലെന്ന്‌ ചിന്നരശുവിന്‌ നല്ല നിശ്ചയമുണ്ട്‌. എത്ര പേരാണ്‌ 'രത്നാകര'ന്റെ ഭാര്യയെയും മക്കളെയുംപോലെ തന്റെ കനിവിനായി കാത്തിരിക്കുന്നത്‌! എന്നാലത്ത്‌ ആത്മാവിന്‌ മനസ്സിലാവണ്ടേ? ഇനി രണ്ടും കൽപിച്ച്‌ മോഷണമങ്ങ്‌ നിർത്താമെന്നുവച്ചാലോ? പിന്നെ എന്തുണ്ട്‌ വരുമാനം? മൂത്തവൻ താന്തോന്നി. ഒരു പണിയും ചെയ്യില്ല. അല്ലറചില്ലറ മോഷണമേ അറിയൂ. അതുകൊണ്ട്‌ ഇക്കാലത്തെന്തു കാര്യം? ഇളയവൻ രാഷ്ട്രീയക്കാരനായി നല്ല സെറ്റപ്പിലും ഗെറ്റപ്പിലും നടക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ കുടുംബത്തിലേക്ക്‌ കൊണ്ടുവന്നിട്ടില്ല. ഏതായാലും കല്യാണിയുടെ ഉപദേശത്തിൽ വളർന്നതുകൊണ്ട്‌ മോശമായതൊന്നും അവൻ ചെയ്യില്ല എന്നൊരു ആശ്വാസമുണ്ട്‌. ഒരുപക്ഷേ, സമീപഭാവിയിൽ തിരുവനന്തരപുരത്ത്‌ ഒരു'കസേര'യിൽ ഇരുന്നുകൂടെന്നുമില്ല. അങ്ങനെങ്കിൽ കള്ളനെന്നതിനേക്കാൾ മന്ത്രിയുടെ അച്ഛനെന്ന ഇമേജോടെ പരലോകം പൂകാം. 


   മോഷണം അവസാനിപ്പിക്കാനുള്ള മാർഗം അന്വേഷിക്കേണ്ടതും കണ്ടുപിടിക്കേണ്ടതും അനിവാര്യമായപ്പോൾ ഒരുവഴി കൺമുമ്പിൽ തെളിഞ്ഞു. പിടികൊടുക്കാനായി മോഷണത്തിനുപോകുക എന്ന അത്യപൂർ വമായ ദൗത്യത്തിലേക്ക്‌ ചിന്നരശ്‌ കടന്നു. കള്ളന്റെ ഉപജ്ഞാതാവ്‌ എന്നറിയപ്പെടുന്ന, മനുഷ്യപ്പറ്റില്ലാത്ത രാഷ്ട്രീയ നേതാവിന്റെ കൊട്ടാരത്തിലേക്ക്‌ അയാൾ കാലെടുത്തുവച്ചു. കണക്കുകൂട്ടലുകൾ തെറ്റിയില്ല. മോഷണചരിത്രത്തിൽ തെളിയാതെ കിടന്ന കേസുകളുടെ ഭാരവുമേറി ചിന്നരശ്‌ ജയിലിലേക്ക്‌...
   ലോകത്തിൽ ആരൊക്കെ പട്ടിണി കിടന്നാലും കള്ളൻ ചിന്നരശിന്റെ വീട്ടിലെ അടുപ്പിൽ തീ പുകയണമെന്നാണ്‌ മനുഷ്യസ്നേഹികളായ പോലീസുകാരുടെ ആഗ്രഹം. പോലീസിന്‌ നന്ദിയും കടപ്പാടും അന്യമല്ലെന്ന്‌ തെളിയിച്ചുകൊണ്ട്‌ എസ്‌.ഐ. വേഞ്ഞാറൻമൂട്‌ വർഗീസിന്റെ നിർദേശപ്രകാരം കോൺസ്റ്റബിൾമാർ ചിന്നരശിന്റെ ഭവനത്തിലെത്തി. പാതിരാത്രിവരെ കാത്തിരുന്നപ്പോഴാണ്‌ ദാരുവിന്റെ വരവ്‌. പോലീസിനെക്കണ്ട്‌ അവൻ വന്നവഴിക്ക്‌ ഇരുട്ടിലേക്ക്‌ ഊളിയിട്ടു. പോലീസുണ്ടോ വിടുന്നു? ഓടിച്ചിട്ട്‌ പിടിച്ച്‌, ഉപദ്രവിക്കാനല്ല സഹായിക്കാനാണെന്ന്‌ തങ്ങൾ വന്നത്തെന്ന്‌ ദാരുവിനെ അറിയിച്ചു. പിറ്റേന്ന്‌ പോലീസ്‌ സ്റ്റേഷനിലെത്തിയ ദാരുവിന്‌ അച്ഛൻ ചിന്നരശിന്‌ കൊടുത്ത അതേ ശാസ്ത്രീയപാഠങ്ങൾ കാലാനുസൃതമായ മാറ്റങ്ങളോടെ സമർപ്പിച്ചു. പദ്ധതികളുടെ ബ്ലൂപ്രിന്റ്‌ ജൂണിയർ കള്ളന്റെ മസ്തിഷ്കത്തിൽ നിയമപാലകർ നിരത്തിവച്ചു.


   പരിസരങ്ങളിലുള്ള ആളൊഴിഞ്ഞ സമ്പന്നരുടെ വീടുകൾ കണ്ടുപിടിക്കുകയായിരുന്നു ആദ്യപടി. വീട്‌ പൂട്ടിപ്പോകുമ്പോൾ പരിധിയിലുള്ള പോലീസ്‌ സ്റ്റേഷനിൽ അറിയിക്കണമെന്നത്‌ നിർബന്ധമാക്കിയതുകൊണ്ട്‌ വീടുകളുടെ ലിസ്റ്റ്‌ കിട്ടും. യാത്ര എവിടേയ്ക്ക്‌, എത്ര ദിവസത്തേക്ക്‌ എന്നുതുടങ്ങി സ്വർണം, വെള്ളി, പണം തുടങ്ങിയവ കള്ളന്മാരെ പേടിച്ച്‌ ഇക്കാലത്ത്‌ എവിടെയൊക്കെയാണ്‌ സൂക്ഷിക്കുക എന്നുള്ള കാര്യങ്ങളെപ്പറ്റി അയൽക്കാരോടെങ്കിലും നേരെചൊവ്വേ ചിന്തിക്കുന്നവർ മനസ്സ്‌ തുറക്കും. മനസ്സ്‌ തുറക്കാത്ത വിളഞ്ഞവിത്തുകളുടെ വിളയാത്ത വിത്തുകളിൽനിന്ന്‌ അത്തരം രഹസ്യാത്മകമായ കാര്യങ്ങൾ ചോർത്തിയെടുക്കുന്ന അയൽവാസികൾ ചുരുക്കമല്ല. അത്തരം വിലയേറിയ രഹസ്യങ്ങൾ ശേഖരിക്കുന്ന

തിന്‌ മുൻസഹപാഠികളുടെ സേവനം നിഷ്പ്രയാസം ലഭ്യമാക്കാം. പലർക്കും വിലയേറിയ മൊബെയിൽ ഫോൺ, ലാപ്ടോപ്പ്‌ തുടങ്ങി ബൈക്കുവരെ സ്വന്തമാക്കാൻ പണം അത്യാവശ്യമായ കാലമാണിത്‌. പണത്തിനാണെങ്കിൽ ഇക്കാലത്ത്‌ നല്ല വലിവും. ഉള്ളതിന്‌ ചവറുവിലയും. അതുകൊണ്ട്‌ കാര്യങ്ങൾക്ക്‌ വലിയ ബുദ്ധിമുട്ട്‌ ഉണ്ടായില്ല. ഇനി പിഴവ്‌ കൂടാതെ പദ്ധതികൾ ആവിഷ്കരിക്കുക എന്നതുമാത്രമാണ്‌ കരണീയം. റിസ്കും വളരെ കുറവുള്ള കാര്യമാണല്ലോ. ഒരു ലേഷർ ട്രിപ്പിനുപോകുന്ന ലാഘവത്തോടെ സമാധാനമായി കാര്യങ്ങൾ നടപ്പിലാക്കാം.
   പാലങ്ങളുടെയും റോഡുകളുടെയും ദൈനംദിന അവസ്ഥവച്ച്‌ അരിയാഹാരത്തിനും ഗോതമ്പ്‌ ആഹാരത്തിനും പകരം അഴിമതിയാഹാരം നിത്യവും ഭക്ഷിക്കുന്നുവേന്ന്‌ കരുതപ്പെടുന്ന പി.ഡബ്ലു.ഡി. എഞ്ചിനീയർ കശ്മലമോനോന്റെയും പെരുകി വരുന്ന രോഗികളുടെയും രോഗങ്ങളുടെയും കണക്കുവച്ച്‌ രോഗികളുടെ ചോരയൂറ്റുന്നുവേന്ന്‌ ആക്ഷേപിക്കപ്പെടുന്ന ഭാര്യ ഡോക്ടർ കുശലകുമാരിയുടെയും വീടാണ്‌ ആദ്യ കൃത്യനിർവഹണത്തിനായി തെരഞ്ഞെടുത്തത്‌. സ്വർണാഭരണങ്ങളും സ്വർണക്കട്ടികളും അപൂർവ രത്നങ്ങളും നോട്ടുകെട്ടുകളും ഗോപ്യമായി സൂക്ഷിക്കുന്നത്‌ അപ്സ്റ്റെയറിലെ കാർപ്പറ്റിനടിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിലാണെന്ന്‌ സഹപാഠിയായിരുന്ന, മന്ദബുദ്ധിയും വലിയ ശരീരത്തിന്‌ ഉടമയുമായ, ചാക്കുപോലെ തടിച്ച ബർമൂഡമാത്രം ധരിക്കുന്ന അവരുടെ ഏകമകനിൽനിന്ന്‌ കിട്ടിയ അറിവ്‌ സംഘം പങ്കുവച്ചു. ബാംഗ്ലൂരിലെ കുശലകുമാരിയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി കുടുംബം യാത്രയാവുന്നു.


   നാൽവർ സംഘം ക്രിക്കറ്റ്‌ ബോളും ബാറ്റുമായി താഴിട്ട വലിയ ഗേറ്റിനുമുമ്പിൽ അണിനിരന്ന്‌ കളിയാ രംഭിച്ചു. വഴിവിട്ട ക്രിക്കറ്റിൽ ടീമിന്റെ സച്ചിനാണ്‌ ദാരു. അതുകൊണ്ട്‌ സിക്സർ അടിക്കാൻ എന്നും കേമൻ ദാരുതന്നെ. അന്നും ദാരു അടിച്ചുപായിച്ചു, ഒരു സിക്സർ. ലക്ഷ്യം എഞ്ചിനീയറുടെ ഒന്നാം നില. ബോൾ ചീറിപ്പാഞ്ഞത്‌ അവിടേക്ക്തന്നെ. കെട്ടിടത്തോട്‌ ചേർന്ന്‌, മുകൾനിലയും കടന്ന്‌ വളർന്ന്‌ തണൽ വരിച്ചുനിൽക്കുന്ന പേരയിലൂടെ ഓരോരുത്തരായി ബോൾ തെരയാനായി കയറിപ്പോയി.
   നാൽവർ സംഘത്തിന്‌ ക്ലേശിക്കേണ്ടിവന്നില്ല. തയ്യാറാക്കിവച്ചിരുന്ന ലൊട്ടിലൊടുക്ക്‌ ആയുധങ്ങളൊന്നും ഉപയോഗിക്കേണ്ടിയും വന്നില്ല. കതക്‌ സ്വാഗതമോതി മലർക്കെ തുറന്നുകിടന്നിരുന്നു. തെറുത്തുവച്ചിരുന്ന വിലയേറിയ ഫോറിൻ കാർപ്പറ്റ്‌ അവരെ നോക്കി പല്ലിളിച്ചു. ശൂന്യതയെ സുതാര്യമാക്കുമ്പോലെ സ്വർണ വും രത്നങ്ങളും സ്വദേശ-വിദേശ കറൻസികളും നിറഞ്ഞ അറ മലർക്കെ തുറന്നുകിടന്നു!


   അറയ്ക്കുള്ളിൽ കിടന്ന രണ്ടു പുസ്തകങ്ങൾ ദാരു കൈയെത്തി എടുത്തു. അതിന്റെ പുറം ചട്ടയിലെ പേരുകൾ കണ്ട്‌ ദാരുവിന്റെ കണ്ണുകൾ തള്ളിപ്പോയി.
   ചിന്നരശ്‌ സെല്ലിന്റെ കരിങ്കൽ ഭിത്തിയിൽ ചാരിയിരുന്ന്‌ വായിച്ചുകൊണ്ടിരുന്നത്‌  'കള്ളന്റെ സുവിശേഷം' എന്ന ആത്മകഥയുടെ അവസാന പേജുകളായിരുന്നു! പേപ്പറും പേനയും ഭക്ഷണം കഴിക്കുന്ന അലൂമിനിയം പാത്രത്തിന്‌ സമീപം വിശ്രമിക്കുന്നു. മറ്റൊരു ബസ്റ്റുസെല്ലറെ പ്രസവിക്കാനുള്ള സമയത്തിന്‌ രാഹുകാലം നിശ്ചയിക്കുകമാത്രം അപ്പോൾ ബാക്കിയായിരു
ന്നു.

Friday, 8 July 2011

ക്ഷൗരക്കത്തി



സണ്ണി തായങ്കരി

  


മധ്യതിരുവതാംകൂറിലെ ഒട്ടുമിക്ക ഗ്രാമങ്ങൾക്കും ഉണ്ടായതുപോലെ വലിയ മാറ്റങ്ങളാണ്‌ ഞങ്ങളുടെ ഗ്രാമത്തിലും സംഭവിച്ചതു. ഇന്ന്‌ മറ്റേതൊരു ചെറുപട്ടണത്തിലേയും ആധുനികതയുടെ ആഡംബരക്കാഴ്ചകളെ ഈ കുട്ടനാടൻ ഗ്രാമവും ആർജിച്ചെടുത്തിരിക്കുന്നു. വീതിയേറിയ റോഡുകൾ, ചീറിപ്പായുന്ന വിലകൂടിയ കാറുകൾ, ഓട്ടോറിക്ഷകൾ, ചെത്തുബൈക്കുകൾ, ടിപ്പറുകൾ, ലോറികൾ, പ്രൈവറ്റ്‌ ബസ്സുകൾ, സർക്കാർ ബസ്സുകൾ എന്നിവ നിരന്തരം റോഡുകളെ സജീവമാക്കുന്നു.


കുട്ടനാടൻ പെരുമയുടെ അടയാളമായ നെൽപ്പാടങ്ങൾ നികത്തി ആധുനികതയുടെ പ്രൗഢിയോടെ ഉയർന്നുനിൽക്കുന്ന ബഹുനില കോൺക്രീറ്റുസൗധങ്ങളും ടൂറിസത്തിന്റെ ചിഹ്നമായ റിസോർട്ടുകളും പാരിസ്ഥിതിയിലും ഗ്രാമലാളിത്യത്തിലും നിഴൽ വീഴ്ത്തിയെങ്കിലും അത്‌ ആഗോളവത്ക്കരണ-കമ്പോളവ്യവസ്ഥിതിക്ക്‌ മുഖശോഭയേകുന്നുണ്ട്‌.
   മനുഷ്യൻ പുരോഗമിക്കുമ്പോൾ അവന്റെ ആവശ്യങ്ങളും വളരുക സ്വാഭാവികം. ഗൾഫ്‌ പണത്തിന്റെ അതിപ്രസരം അതിനുള്ള സാധ്യതയ്ക്ക്‌ ന്യായീകരണമാണ്‌. ഇന്ന്‌ ഉപഭോഗസംസ്കാരം നഗരങ്ങളിൽമാത്രം ഒതുങ്ങുന്നതല്ലല്ലോ. അതിനാൽ വാങ്ങൽശേഷി വർധിച്ചവർക്കായി വലിയ സൂപ്പർമാർക്കറ്റുകൾ മൂന്നാണ്‌ ഇവിടെ ഉയർന്നിരിക്കുന്നത്‌. റെസ്റ്റോറന്റുകൾ, സ്റ്റാർപദവി ഭാവിയിലെങ്കിലും അവകാശപ്പെടാവുന്ന ഹോട്ടലുകൾ, ബാങ്കുകൾ, ഏറ്റിയെമ്മുകൾ, നാടൻ കള്ള്‌ കൂടാതെ വിദേശമദ്യം സുലഭമായതും സാങ്കേതികമായി കള്ളുഷാപ്പുകളെന്ന്‌ അറിയപ്പെടുന്നതുമായ സെമിബാറുകൾ തുടങ്ങിയവ ഒന്നിലേറെ. എടുത്തുപറയേണ്ട മറ്റൊന്ന്‌ സ്ത്രീകൾക്കും പുരുഷന്മാർക്കുംവേണ്ടി പ്രവർത്തനമാരംഭിച്ച ബ്യൂട്ടി പാർലറുകളാണ്‌. അവിടെ യുവത്വം കൂടിയവിലയ്ക്ക്‌ വിൽപനയ്ക്കുവച്ചിരിക്കുന്നു! ബ്യൂട്ടിപാർലറുകൾ വന്നതിനുശേഷം വെളുത്ത തലകൾ ഈ ഗ്രാമത്തിൽനിന്ന്‌ അപ്രത്യക്ഷമായിട്ടുണ്ട്‌. തൊണ്ണൂറുകഴിഞ്ഞവർപോലും പുതുയുവത്വം മനസ്സിലേറ്റി കറുത്ത തല ഉയർത്തിപ്പിടിച്ച്‌ നടക്കുന്നു! 



 
   ഒരു ബൈക്ക്‌ പാഞ്ഞുവന്നു. സഡൻബ്രേക്കോടെ ഉയരംകൂടിയ മതിൽക്കെട്ടിന്‌ മധ്യത്തിലെ ആകാശത്തേയ്ക്ക്‌ കൂപ്പുകൈയോടെ നിൽക്കുന്ന വലിയഗേറ്റിനുമുമ്പിൽ അത്‌ ചലനമറ്റു.ജൂവൽബോക്സുപോലെ തോന്നിച്ച ചെറിയ ഒരുപെട്ടിയുമായി ഇടംവലം നോക്കാതെ അയാൾ ഗേത്തള്ളിത്തുറന്ന്‌ അകത്തേക്കുപോയി.തുടർന്ന്‌ ഒരാൾപ്പൊക്കമുള്ള രണ്ട്‌ ജർമൻ ഷെപ്പേഡുകളുടെ ഡ്യൂട്ടിയായിരുന്നു.ഏട്ടിലെ പശുപുല്ലുതിന്നില്ലെന്ന്‌ ആഗതന്‌ നിശ്ചയമുള്ളതുകൊണ്ടാവണം നായ്ക്കൂട്ടിലെ പരാക്രമം അയാൾ ഗൗനിച്ചതേയില്ല.നാലുകെട്ടിനെ അനുസ്മരിപ്പിക്കുന്ന,ആധുനികതയുടെ മുഖവും മുദ്രയുമുള്ള ആ വലിയ ബംഗ്ലാവിന്റെ വിശാലമായ പൂമുഖത്ത്‌ ചാരുകസേരയിൽ നീണ്ടുനിവർന്ന്‌ കിടക്കുകയാണ്‌ കൃഷ്ണൻമൂപ്പൻ. അകലെനിന്ന്‌ നോക്കിയാൽ ഒരു ഉണങ്ങിയ ചുള്ളിക്കമ്പാണെന്നേ തോന്നു.നരച്ച കുറ്റിത്താടിയിൽ ഇടയ്ക്കിടയ്ക്ക്തടവി ആരോടെന്നില്ലാതെ പിറുപിറുക്കുന്നുണ്ടായിരുന്നു അയാൾ. യുവാവ്‌ അടുത്തെത്തുംതോറും മുറുമുറുപ്പിന്റെ സ്വരംഉയർന്നു. അതവഗണിച്ച്‌ അയാൾ അടുത്തെത്തി ജൂവൽബോക്സ്‌ തുറന്നു. അതിൽനിന്ന്‌ പുറത്തെടുത്തത്‌ ഏതാനും ക്ഷൗരോപകരണങ്ങൾ!


   ഈ കഥയുടെ ഇതൾ വിരിയാൻ കാൽനൂറ്റാണ്ടുവരെ പിറകിലുള്ള ഞങ്ങളുടെ ഗ്രാമചരിത്രത്തിലേക്കൊന്ന്‌ കണ്ണോടിക്കേണ്ടതുണ്ട്‌. അന്നിവിടം കേവലമൊരു കുഗ്രാമമായിരുന്നു. റോഡോ വണ്ടിയോ മാർക്കെറ്റോ ഒന്നുമില്ലാത്തയിടം. എങ്ങോട്ടുനോക്കിയാലും വിശാലമായ നെൽപ്പാടങ്ങൾമാത്രം. ചിലപ്പോളത്‌ ഐശ്വര്യസമൃദ്ധിയുടെ അടയാളം തീർക്കും. മറ്റുചിലപ്പോൾ ഭീതിദമായ ദുരന്തക്കാഴ്ചയായി, പ്രളയജലആസുരതയായി വളരും. വാർക്കവീടുകൾ ഇല്ലേയില്ല. ഓടിട്ടത്‌ വിരളം. ഉള്ളതാകട്ടെ, ജന്മിമാരായ കർഷകരുടേത്‌. ബാക്കിയെല്ലാം ഓലയും പനമ്പും കുത്തിമുറുക്കിയ ചെറ്റപ്പുരകൾ. കാൽനൂറ്റാണ്ടിനപ്പുറത്തേയ്ക്ക്‌ തുറക്കുന്ന കോൺക്രീറ്റ്‌ കൊട്ടാരങ്ങളുടെ ചൂടിനെ വിച്ഛിന്നമാക്കുന്ന ഗ്ലാസിട്ട ജാലകക്കണ്ണുകൾക്ക്‌ തിരിച്ചറിയാനാവാത്ത ഓലപ്പുരകൾക്ക്‌ ചരിത്രത്തിൽപ്പോലും പ്രസക്തി നഷ്ടപ്പെടുന്നു! 

 
  പൊതുഇടങ്ങൾ മനുഷ്യന്റെ ആവശ്യങ്ങൾപോലെത്തന്നെ നന്നേശുഷ്കം. ആയിരത്തിനും രണ്ടായിരത്തി നും ഇടയിൽമാത്രം പുസ്തകശേഖരമുള്ള വിജ്ഞാനപ്രദായനി വായനശാലയാണ്‌ അതിലൊന്ന്‌. പത്രങ്ങൾ രണ്ടെണ്ണമേയുള്ളു. ഒന്നോ രണ്ടോ ആനുകാലികങ്ങളും. ലോകവിവരങ്ങൾ അറിയുന്നതിന്‌ താത്പര്യമുള്ളവർ രാവിലെത്തന്നെ ഘടികാരസൂചിയുടെ കൃത്യതയോടെ ഹാജരാകുമെങ്കിലും പത്രമെത്തുന്നതും കാത്ത്‌ മണിക്കൂറുകൾ ഇരിക്കണം. പത്രം ഏജന്റ്‌ കാൽനടയായി കിലോമീറ്റുകൾതാണ്ടി കൃത്യം അറുപത്തിമൂന്നുപത്രം രണ്ടുഗ്രാമങ്ങളിലായി വിതരണംചെയ്ത്‌ എത്തുമ്പോൾ ഉച്ചയെങ്കിലുമാകും. പത്രമെത്തിക്കഴിഞ്ഞാൽ പിന്നൊരുപിടിച്ചുപറിയാണ്‌. പിടിവലിക്കിടയിൽ കീറിയോ കീറാതെയോ കൈയിൽ കിട്ടുന്നവർ ഓരോ ഷീറ്റുമായി മാറിയിരിക്കും. അന്ന്‌ പത്രങ്ങൾക്ക്‌ പേജുകൾ കുറവാണ്‌. ഒരു വാർത്ത മുഴുവൻ അതേ ഷീറ്റിലുണ്ടാവില്ല. ഒരാൾ വായിച്ചതിന്റെ ബാക്കി മറ്റൊരാളിന്റെ കൈയിലെ ഷീറ്റിലാവും. അതു കിട്ടാൻ മുറുമറുപ്പോടെയുള്ള കാത്തിരിപ്പാണ്‌ പിന്നെ. വൈകുന്നേരങ്ങളിൽ ലൈബ്രറിയിൽനിന്ന്‌ പുസ്തകമെടുക്കാൻ കുട്ടികളുടെയും യുവാക്കളുടെയും തിരക്കുണ്ടാകുമെന്നത്‌ മറ്റൊരു സവിശേഷതയാണ്‌. തകഴിയും ബഷീറും പാറപ്പുറവും മുട്ടത്തുവർക്കിയുമെല്ലാം ഗ്രാമീണയുവതയുടെ ആരാധ്യപുരുഷന്മാർ!
   ഔതമാപ്ലയുടെ പലചരക്കുകട മറ്റൊരു കേന്ദ്രമാണ്‌. ഗ്രാമത്തിലെ ജനങ്ങളെ പശിയറിയിക്കാതെ ഫീഡ്‌ ചെയ്യുകയെന്നതാണ്‌ അയാളുടെ ധർമം. പലകക്കഷണത്തിൽ ചോക്കുകൊണ്ട്‌ ഇന്ന്‌ രൊക്കം നാളെ കടമെന്ന്‌(ഏതോ കുബുദ്ധി 'ക'യ്ക്ക്‌ കുനിപ്പിട്ടിരിക്കുന്നു) വടിവില്ലാത്ത അക്ഷരത്തിൽ എഴുതി തൂക്കിയിട്ടുണ്ടെങ്കിലും ആവശ്യക്കാർക്കുണ്ടോ ഔചിത്യം? അയാളുടെ കണക്കുബുക്കിലെ മുഷിഞ്ഞ പേജുകളിൽ പേരുകളുടെ നേർക്കുള്ള അക്കങ്ങൾക്ക്‌ ഏക്കാളവും പെരുക്കം ഉണ്ടായിട്ടേയുള്ളു. ഉള്ളതുപറയണമല്ലോ. ഇല്ലായ്മയെ കണ്ണീരുകൊണ്ട്‌ വരച്ചിടുന്ന ഒരാളെയും ഔതമാപ്ല വെറും സഞ്ചിയോടെ പറഞ്ഞയച്ചിട്ടില്ല. 



 
   ഗോപാലവിലാസം ചായക്കട മികച്ച ഒരു പൊതുഇടമായി കരുതപ്പെടുന്നു. ഓലമേഞ്ഞ ഷെഡിന്‌ പഴക്കമേറെയുണ്ട്‌.ഓലമേഞ്ഞിട്ടും ഏറെക്കാലമായി. മഴക്കാലമായാൽ ചോരുന്നിടത്ത്‌ ഓലതിരുകുകയാണ്‌ പതിവ്‌. ഗോപാലപിള്ളയുടെ മുത്തശ്ശൻ വാങ്ങി സ്ഥാപിച്ച മർഫിറേഡിയോ അവിടുത്തെ മുഖ്യആകർഷണമാണ്‌. ഇടയ്ക്കിടയ്ക്ക്‌ ശബ്ദത്തിന്‌ ഒരു പറുപറുപ്പ്‌ ഉണ്ടെന്നല്ലാതെ ഒരിക്കലുമത്‌ കേടായിട്ടില്ല. നേരം പരപരായെന്ന്‌ വെളുക്കുമ്പോൾ ഗോപാലപിള്ള കണ്ണുതിരുമ്മി എഴുന്നേൽക്കുന്നതോടെ മർഫി റേഡിയോയും ആകാശവാണി തിരുവനന്തപുരം,തൃശ്ശൂർ,ആലപ്പുഴയുമായി ഉണരും.പിന്നീട്‌ റേഡിയോ മുത്തശ്ശിയുടെവായ്‌ അടയണമെങ്കിൽ പിറ്റേദിവസത്തേയ്ക്കുള്ള ദോശയ്ക്കും ഇഡ്ഡലിക്കുമുള്ള അരിയും ഉഴുന്നും ആട്ടി ക്ഷീണിച്ച്‌ മൂപ്പീന്ന്‌ ബഞ്ചിലേക്ക്‌ ചെരിയണം.അതിനോടകം വാർത്താവായനക്കാരും ഗായകരും മറ്റ്‌ പുകൾപെറ്റ കലാകാരന്മാരും പലതവണ സ്റ്റേഷൻവഴി റേഡിയോയിലെത്തി ചായക്കടയെ ജീവസ്സുറ്റതാക്കി മടങ്ങിയിരിക്കും.


   ഗോപാലപിള്ളയുടെ ചായ മുതലാളി-തൊഴിലാളി വ്യത്യാസമില്ലാതെ ഏവർക്കുംജീവനും ഉണർവുമേകുന്ന മൃതസഞ്ജീവനിയാണ്‌. പാൽചായ കൃത്യമായി ലഭിക്കുക രാവിലെമാത്രം. മുന്നൂറ്റി അറുപത്തിയഞ്ചുദിവസവും കാലിൽ വാതനീരുള്ള നാറാപിള്ളയാണ്‌ രാവിലെത്തെ പാൽ വിതരണക്കാരൻ. വാതനീര്‌ കൊടുമ്പിരികൊള്ളുന്ന ദിവസങ്ങളിൽമാത്രം ഭാര്യ ലക്ഷ്മിയമ്മയോ പേരക്കുട്ടിയോ പാലെത്തിക്കും. ഒറ്റക്കണ്ണൻ പപ്പുവിന്റെ ഡ്യൂട്ടി ഉച്ചയ്ക്കുശേഷമാണ്‌. പപ്പുവിന്റെ പകുതിയിൽ താഴെമാത്രം പ്രായമുള്ളവളും ആലില വയറിന്റെ മാദകത്വവും നിതംബവിശാലതയും പ്രദർശിപ്പിക്കാൻ പുക്കിളിന്‌ രണ്ടിഞ്ചുതാഴെവെച്ച്‌ മുണ്ടുടുക്കുന്നവളും നല്ല തുടമുള്ളതും മക്കൾ കുടിക്കാത്തതുമായ മുലകളുള്ളവളുമായ ഭാര്യ കനകമ്മയ്ക്ക്‌ 'വയറുവേദന'ഉത്ഭവച്ചിട്ടില്ലെങ്കിൽ പശുവിനെ കൃത്യമായി കറക്കും. കനകമ്മയെപ്പോലെത്തന്നെ കനകമ്മയുടെ പശുവിനും പപ്പു അകിടിൽ പിടിക്കുന്നത്‌ അലർജിയാണ്‌.അത്‌ മനസ്സിലാക്കാതെ ഒരിക്കൽ കറക്കാൻശ്രമിച്ചപ്പോൾ പശുകാലുപൊക്കി തൊഴിക്കുകയും കുളമ്പുകൊണ്ട്‌ ഇടതുകണ്ണ്‌ നഷ്ടപ്പെടുകയും ചെയ്തു. കനകമ്മ നിത്യവയറുവേദനക്കാരിയാണെന്ന്‌ തെറ്റിദ്ധരിക്കരുത്‌. 



കരുവാറ്റയിലുള്ള'അകന്നബന്ധു'വായ എസ്‌.ഐ.സോമശേഖരൻ കനകമ്മയെ കാണാനെത്തുന്ന ദിവസങ്ങളിൽമാത്രമേ വയറുവേദനയുണ്ടാകു.എസ്‌.ഐ.യുടെ തല ദൂരെക്കാണുമ്പോഴേ പോലീസിനെ പേടിയുള്ള പപ്പു സ്ഥലംകാലിയാക്കി കമലമ്മയുടെ വയറുവേദനക്കാര്യം ഗോപാലപിള്ളയെ അറിയിക്കും.

     ഇവർ കുപ്പിയിൽ വെള്ളമൊഴിച്ചിട്ടാണോ പാലൊഴിക്കുക, അതോ പാലൊഴിച്ചിട്ടാണോ വെള്ളമൊഴിക്കുക എന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താൻ ഗോപാലപിള്ളയ്ക്കോ സ്ഥിരം ചായമോന്തികൾക്കോ കഴിഞ്ഞിട്ടില്ല. ഏതായാലും പാലിന്റെ വില വർധിപ്പിക്കുന്നതനുസരിച്ച്‌ വെള്ളത്തിന്റെ അളവും ഇരുവരും കൂട്ടിക്കൊണ്ടിരുന്നു എന്നതാണ്‌ വസ്തുത.
    ഗോപാലവിലാസത്തിലെ ദോശ, ഇഡ്ഡലി, ഇന്നത്തെപ്പോലെ അന്നും ഫ്രീയായികിട്ടുന്ന തേങ്ങാചമ്മന്തി,പുട്ട്‌,കടലക്കറി, ശുദ്ധവെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന ബോണ്ട, പരിപ്പുവട, പഴംപൊരി, സുഖിയൻ, മടക്കുകേക്ക്‌ എന്നീ ബ്രാണ്ടുകളുടെ രുചി മറക്കാവതല്ലെന്ന്‌ ഗ്രാമീണർ പറയും. രാഷ്ട്രീയചർച്ച, വള്ളംകളിചർച്ച എന്നിവ പാടില്ലെന്ന്‌ എഴുതിവച്ചിട്ടുണ്ടെങ്കിലും ഗ്രാമത്തിലെ രാഷ്ട്രീയക്കാരുടെയും അനുഭാവികളുടെയും കൂത്തരങ്ങാണവിടം. വള്ളംകളി സീസണായാൽ ചർച്ച നതോന്നതയുടെ താളാത്മകത വെടിഞ്ഞ്‌ അയ്യോപോയേയെന്ന പിരിമുറുക്കത്തിലേക്ക്‌ നയമ്പെറിയും. വള്ളംകളി കുട്ടനാടിന്റെ തനതുസംസ്കാരത്തിൽ പെടുന്ന വകുപ്പായതിനാൽ ചർച്ചയ്ക്ക്‌ ലഹരികൂടുക സ്വാഭാവികം. ഒരേ കരക്കാരാണെങ്കിലും ക്ലബുകൾ രണ്ടുള്ളതാണ്‌ പ്രശ്നം.വെള്ളത്തിലും കരയിലുമിരുന്ന്‌ വള്ളം തുഴയുന്നവരും രാഷ്ട്രീയത്തിൽ തുഴയാത്തവരും ചേരിതിരിഞ്ഞ്‌ പൊരിഞ്ഞ അടിവരെ നടത്തിയത്‌ ഗ്രാമത്തിന്റെ പൂർവകാലചരിത്രം.


    എടുത്തുപറയേണ്ട മറ്റൊരു പൊതുഇടം ടി.എസ്‌. 62-​‍ാംനമ്പറ്‌ കള്ളുഷാപ്പാണ്‌. ചാത്തുണ്ണി ചാന്ദാനാണ്‌ ലൈസൻസി. ചാന്ദാന്റെ മൂന്നാം കെട്ടിയോളായ ലീലാമണിയുടെ നഗ്നമായ വയറും നേർത്ത അരമുഴം തുണിയിൽ മറയ്ക്കാതെമറച്ച നിറമാറും കുടിയന്മാരുടെ ലഹരികൂട്ടാൻ പര്യാപ്തമായ ടച്ചിംഗ്സാണ്‌. ഇളംപുലരിമുതൽ മൂപ്പേറിയ അന്തിവരെ തരാതരത്തിന്‌ കിട്ടുമവിടെ. കപ്പകുഴച്ചതും നാണാത്തരം മത്സ്യങ്ങൾ നല്ല എരിവും പുളിയും ലീലാമണിയുടെ വിയർപ്പും കൈപ്പുണ്യവും സമംചേർത്ത്‌ ഉണ്ടാക്കുന്നതും ലീലാമണിയോളംതന്നെ ലഹരിക്ക്‌ മാറ്റുകൂട്ടുമെന്ന്‌ കുടിയന്മാർ സാക്ഷ്യപ്പെടുത്തുന്നു!


കിണ്ണൻമൂപ്പർ അമ്പതുകൾ പിന്നിട്ടകാലം. മൂപ്പര്‌ കിഴക്ക്‌ വെള്ളകീറുന്നതിനുമുമ്പ്‌ ഉണരും. കടുപ്പത്തിലൊരു ചക്കരക്കാപ്പിമോന്തി കുടിലിന്റെ കഴുക്കോലിൽ തൂങ്ങിയാടുന്ന കൈപ്പെട്ടി കക്ഷത്തിലിടുക്കി, ഒറ്റ മുണ്ടും തോർത്തുമായി ഒരു മൊബെയിൽ ക്ഷൗരവണ്ടിയായി ഗ്രാമവീഥിയിലേക്കിറങ്ങും. ഗ്രാമത്തിലെ ബഹുഭൂരിപക്ഷത്തെയുംപോലെ കിണ്ണൻ മൂപ്പരും ചെരുപ്പ്‌ ധരിക്കില്ല. അത്തരം ആർഭാടങ്ങൾ ശുദ്ധഗ്രാമീണർക്ക്‌(ഗ്രാമീണവിശുദ്ധിയെന്ന്‌ സാഹിത്യകാരന്മാർ കാച്ചും)അന്യമാണല്ലോ. തലയുംതാടിയും ഓഫർ ചെയ്തവരുടെ ലിസ്റ്റ്‌ മൂപ്പരുടെ ഓർമയിൽ ചുരുൾനിവരും.മുൻഗണന എഴുത്താശാന്റെ കളരിയിലും സർക്കാർവക പ്രൈമറിയിലും പഠിക്കുന്ന കുട്ടികൾക്കാണ്‌. 



പറമ്പുകളും പാടത്തിന്റെ പുറംബണ്ടുകളും കടന്ന്‌ മെയിലുകൾ താണ്ടിയാലേ കുട്ടികൾക്ക്‌ എഴുത്താശാൻ കളരിയിലും സ്കൂളിലും എത്താനാവു. അതിന്‌ മണിക്കൂറുകൾമുമ്പേ പുറപ്പെടണം. കൈയിൽ ചോറ്റുപാത്രവും ആശാന്റെ നാരായത്തിന്റെ കിഴുക്കേറ്റ്‌ തുളഞ്ഞ, അക്ഷരങ്ങൾ പതിഞ്ഞ ഓലയുമായി ഒരു ഘോഷയാത്രപോലെയാണ്‌ പോക്ക്‌! പോകുന്ന പോക്കിൽ ബാല്യചപലതയെ ആകർഷിക്കുന്ന എന്തൊക്കെ വഴിയോരക്കാഴ്ചകളെയാണ്‌ അവർക്ക്‌ തരണംചെയ്യാനുള്ളത്‌! പോത്തിന്റെകഴുത്തിൽ കലപ്പവച്ചുപൂട്ടി നിലമുഴുന്നത്കണ്ടുനിൽക്കുക ഒരുഹരമാണ്‌.പുഞ്ചയിലെ മോട്ടോർ ചാലുകൾ വറ്റുമ്പോൾ കോരുവലയും മുപ്പല്ലിയും കൂടയുമായി മത്സ്യം പിടിക്കാനിറങ്ങുന്ന കിടാങ്ങളുടെകൂടെ ചെളിനിറഞ്ഞ വരമ്പിലൂടെ എത്ര നടന്നാലും മതിവരില്ല. 


കൂടകളിൽ പിടയുന്ന വരാലും കരിമീനും നീളമേറിയമുഷിയും നീണ്ടകാലുകൾകൊണ്ട്‌ ഇറുക്കുന്ന കുട്ടനാടൻകൊഞ്ചും! മോട്ടോർ ചാലിന്റെ വരമ്പിന്റെ അള്ളകളിൽ കൈയിട്ട്‌ വഴുവഴുപ്പുള്ള വലിയവരാലിന്റെ തലയിൽ പിടിച്ച്‌ കീഴ്പ്പെടുത്താൻ നല്ല ആരോഗ്യം വേണം. മടവല മറ്റൊരാകർഷണമാണ്‌. അമ്പതും അറുപതും കുതിരശക്തിയുള്ള മോട്ടോറും പെട്ടിയും പറയും പറയ്ക്കുള്ളിലെ പങ്കയും ഉപയോഗിച്ചാണ്‌ വെള്ളം ആറ്റിലേക്ക്‌ തള്ളുക. പെട്ടിക്ക്‌ മുമ്പിൽകെട്ടുന്ന വലയിൽ നാണാത്തരം മത്സ്യങ്ങൾ നിറയും. അതൊരു ഉത്സവക്കാഴ്ചയാണ്‌. അവിടെനിന്ന്‌ വല്ലവിധേനയും പൈന്തിരിഞ്ഞാൽ വഴിവക്കിൽ കാണുന്ന പൂത്തമാവും പുളിമരവുമുണ്ടോ കുട്ടികളെ വെറുതെ വിടുന്നു!

   താമസിച്ചെത്തിയാൽ ആശാന്റെ കഠിനശിക്ഷ ഉറപ്പാണ്‌. കുഞ്ഞുചെവി നാരായത്തിനും ആശാന്റെ വിരലുകൾക്കുമിടയിൽ ഞെരിഞ്ഞമരുമ്പോൾ പ്രാണൻപോകും. പ്രൈമറിക്കാർക്ക്‌ സാറന്മാരുടെ ചൂരൽകഷായത്തിന്റെകൂടെ ബഞ്ചിൽ കയറ്റിനിർത്തലോ ക്ലാസിന്‌ പുറത്ത്‌ നിർത്തലോ ആണ്‌ ശിക്ഷ. 
  ഒരു രൂപയാണ്‌ മുടിവെട്ടുകൂലി. ക്ഷൗരത്തിന്‌ അമ്പതുപൈസയും. രണ്ടും മൂന്നും മാസം കൂടുമ്പോഴേ കുട്ടികളുടെ മുടിവെട്ടിക്കു. അത്‌ ഇരട്ടിപ്പണിയാണെന്ന്‌ കിണ്ണൻമൂപ്പർ ശബ്ദമടക്കി പിറുപിറുക്കും. അൽപം സാമ്പത്തികമുള്ളവരുടെ വീട്ടിലാണ്‌ ആദ്യവെട്ടോ വടിയോ ആരംഭിക്കുക. അത്‌ കൈനീട്ട ശാസ്ത്രമാണെന്ന്‌ മൂപ്പർക്കറിയാം. തലേന്ന്‌ പറഞ്ഞുറപ്പിച്ച വീട്ടിലെത്തി കതകിൽ മുട്ടുന്നതോടെ മൂപ്പരുടെ കൃത്യാന്തരബാഹുല്യലിസ്റ്റിൽ ആദ്യത്തെ ടിക്‌വീഴും. ഉറക്കച്ചടവോടെ കണ്ണുതിരുമ്മി ഇറങ്ങിവരുന്ന കുട്ടി യമരാജനെ നേരിൽകണ്ടപോലെ അലറിക്കരയും. മൂപ്പരുടെ കൈയിൽ കുട്ടിയെ ഏൽപ്പിക്കാൻ ഭഗീരഥപ്രയത്നംതന്നെവേണം.



ഇരയെ കൈയിൽ കിട്ടിയാൽ മുറ്റത്തിന്റെ അറ്റത്തേയ്ക്ക്‌ ആഞ്ഞൊരുനടത്തമാണ്‌.ക്ഷൗരക്കത്തികൊണ്ട്‌ മുറിവേൽക്കുന്നതിനേക്കാൾ വേദനയുണ്ട്‌ മൂപ്പരുടെ കനത്ത തഴമ്പുള്ള കരം സ്പർശിക്കുമ്പോൾ!പിടുത്തം മുറുകുമ്പോൾ വേദന പതിന്മടങ്ങ്‌ വർധിക്കും. 
   വീടിന്റെ അടുക്കളവശമാണ്‌ കിണ്ണൻമൂപ്പരുടെ കത്രിക-കത്തിപ്പണിയുടെ സ്ഥാനം. അവിടെയിരുന്നാൽ അടുക്കളയിലെ വർത്തമാനവും പെരുമാറ്റവും ശ്രദ്ധിക്കാം. കുടുംബകലഹങ്ങൾ പലതും ഗ്രാമീണരുടെ ചെവിയിലെത്തുക മൂപ്പർ മുഖാന്തിരമാണെന്ന്‌ ദോഷൈകദൃക്കുകൾ പറയും. ഏതു പലഹാരത്തിന്റെയും മണം മൂപ്പർക്ക്‌ പെരുത്ത ഇഷ്ടമാണ്‌. ഭക്ഷണസമയത്ത്‌ കിണ്ണൻ മൂപ്പർ മനുഷ്യപ്പറ്റുള്ളവരുടെ വീട്ടിലായിരിക്കുമെന്ന്‌ നാട്ടുകാർ പറയും.ഭക്ഷണത്തിന്‌ ക്ഷണിക്കുമ്പോൾ അഭിമാനിയായ മൂപ്പർ ആദ്യമൊരുനമ്പരിടും. എന്നാൽ രണ്ടാമതൊന്ന്‌ വിളിക്കേണ്ട താമസം, ചമ്രംപടഞ്ഞ്‌ അടുക്കളവരാന്തയിൽ ഇരുന്നുകഴിഞ്ഞിരിക്കും.ഒറ്റവിളിയിൽ കാര്യമൊതുക്കുന്നവരെ കക്ഷിക്കറിയാം.അവരോട്‌ ഔചിത്യമൊന്നും പ്രകടിപ്പിക്കില്ല. കൈ കഴുകിയോയെന്ന്‌ ഏതെങ്കിലും വീട്ടമ്മ ചോദിച്ചാൽ മൂപ്പർ പറയും.
   "തമ്പ്രാട്ടി... എനക്ക ചോറാമുടിവെട്ടും ക്ഷെവരോം. അപ്പണിക്കേ ശുത്തോം അശ്ശുത്തോംന്നൂല്യാന്നാ ഞാമ്പടിച്ചേ... വെശപ്പന്‌ വല്ലോം അകത്താക്കാണ്‌ കയ്കളികേയേല്‌ തമ്പ്‌രാൻ അടിയാന്റെ ചോറങ്ങെട്ക്കും..." 



 
   മുറ്റത്തിന്റെ കോണിൽ, ഏതെങ്കിലും മരത്തിന്റെ ചുവട്ടിലോ മറ്റോ കൈപ്പെട്ടിവച്ച്‌ വലിച്ചിഴച്ചുകൊണ്ടുവന്ന ബാലനെ ബലമായിപിടിച്ചിരുത്തി മൂപ്പർ അഭിമുഖമായി കുന്തിച്ചിരിക്കും.പിന്നെ പെട്ടിതുറന്ന്‌ കത്രിക, കത്തി, ചീപ്പുകൾ, ആലംകല്ല്‌, കത്തി മൂർച്ചകൂട്ടാനുള്ള ലെത്തർ കഷണം, ഇത്യാദികളിൽ ആവശ്യമുള്ളവ പേപ്പർ വിരിച്ച്‌ പ്രതിഷ്ഠിക്കും. ക്ഷൗരക്കത്തി താഴെവയ്ക്കുംമുമ്പ്‌ കത്തിയിലേക്കും മുമ്പിൽ പേടിച്ചുവിറച്ച്‌ പതുങ്ങിയിരിക്കുന്ന ഇരയുടെ മുഖത്തേയ്ക്കും തറപ്പിച്ചൊരുനോട്ടമുണ്ട്‌.അതൊരു മൂന്നാര്റിയിപ്പാണ്‌.മുടിവെട്ടുകഴിയുംവരെ അനങ്ങരുതെന്ന കാർക്കശ്യംകലർന്ന മൂന്നാര്റിയിപ്പ്‌! കത്തികൊണ്ട്‌ സൈഡ്‌ വടിക്കുമ്പോൾ കുട്ടികൾ ഇക്കിളികൊണ്ട്പുളയും. അത്‌ മൂപ്പർക്ക്‌ ഇഷ്ടമല്ല. കത്തിപാളിയാൽ ആര്‌ സമാധാനം പറയുമെന്നചോദ്യം ന്യായവുമാണല്ലോ. കുഞ്ഞുങ്ങളുടെ ഉണർവിലും ഉറക്കത്തിലുമുള്ള പേടിസ്വപ്നങ്ങളാണ്‌ എഴുത്താശാന്റെ നാരായവും കിണ്ണൻമൂപ്പരുടെ കത്തിയും! അതുകേട്ടാൽ കുട്ടികൾ നിക്കറിൽ മൂത്രമൊഴിക്കും.ദുശ്ശാഠ്യത്തോടെ കരയുന്ന കുഞ്ഞുങ്ങളെ ഉറക്കാൻ അമ്മമാർ കിണ്ണൻമൂപ്പരെയൊന്ന്‌ വിളിച്ചാൽമതി.


   പണി ആരംഭിക്കുംമുമ്പ്‌ ആയുധങ്ങൾക്ക്‌ മൂർച്ചകൂട്ടണം. ലെത്തർ കഷണത്തിന്റെ ഒരറ്റം കാലിന്റെ തള്ളവിരൽകൊണ്ടും മറ്റേയറ്റം ഇടതുകൈപ്പത്തികൊണ്ടും അമർത്തിപ്പിടിച്ച്‌ അതിൽ കത്തിചേർത്ത്‌ മുകളിലേക്കും താഴേയ്ക്കും ഉരച്ച്‌ മൂർച്ചകൂട്ടുമ്പോൾ കിണ്ണൻമൂപ്പരുടെ കണ്ണ്‌ ഇരയുടെ മുഖത്തായിരിക്കും. മാംസം വലിഞ്ഞമുഖത്തെ കുഴികളിൽ കണ്ണുകൾ വികസിക്കുമ്പോൾ കുട്ടി ഇരിക്കുന്നയിടം നനഞ്ഞൊഴുകും. മൂർച്ചയായെന്ന്‌ ഉറപ്പുവരുത്തിയശേഷം കുട്ടിയുടെ തലപിടിച്ച്‌ എല്ലുംതോലുമായ കാൽമുട്ടിനുള്ളിൽവച്ച്‌ അമർത്തിപ്പിടിക്കും. അതാണ്‌ കത്രികപ്പൂട്ട്‌! മൂപ്പരുടെ കൃശഗാത്രത്തിൽനിന്നും വസ്ത്രത്തിൽനിന്നും പുറപ്പെടുന്ന രൂക്ഷഗന്ധം മനംപുരട്ടൽ ഉണ്ടാക്കുമെങ്കിലും സഹിക്കുകയേ നിർവാഹമുള്ളു. പിന്നീട്‌ ആ തലയൊന്നിളക്കണമെങ്കിൽ കത്രികപ്പണി കഴിയണം. മൂപ്പരുടെ കൈയിലും കൈയെത്തും ദൂരത്തുമിരിക്കുന്ന മൂർച്ചയുള്ള ആയുധമോർത്ത്‌ ശ്വാസമടക്കിയിരിക്കും. കത്രിക ചലിക്കുമ്പോഴുള്ള താളാത്മകസ്വരമാണ്‌ ഒരാശ്വാസം.
   മേപ്രം ഇല്ലത്തെ രാമൻനമ്പൂതിരിയുടെ മകൻ ഹരിയുടെ ഊഴമെത്തി. കൃത്യമായി എല്ലാ മാസവും മുടിവെട്ടാൻ കിണ്ണൻമൂപ്പരെത്തും. ദിവസം തെറ്റിയാൽ നമ്പൂരിച്ചൻ കാട്ടാളനാകുമെന്ന്‌ മൂപ്പർക്കറിയാം. കൂടുതൽ കൂലിയും പ്രഭാതഭക്ഷണവും ഉറപ്പായതിനാൽ മൂപ്പർക്കും താത്പര്യമാണ്‌. സ്വാഭാവിക മുശുക്കുമണം ശേഷിക്കുമെങ്കിലും കുളിച്ചുവൃത്തിയായി മുഷിഞ്ഞ വസ്ത്രംമാറി ചെല്ലുന്ന ഏകവീട്‌ അതുമാത്രമാണ്‌. 



 
    രാമൻനമ്പൂതിരി ഏറെ വിഷമിച്ചാണ്‌ മകനെ മൂപ്പരുടെ കൈയിൽ ഏൽപിച്ചതു. കിണ്ണൻ മൂപ്പർക്ക്‌ കോച്ചുവാതത്തിന്റെ ശല്യംതുടങ്ങിയ മേടമാസക്കാലം.രണ്ടുകാലിൽ കുന്തിച്ചിരിക്കുമ്പോൾ ചിലപ്പോഴൊക്കെ ബാലൻസുതെറ്റും. ഹരിയുടെ തല കാൽമുട്ടുകൾകൊണ്ട്പൂട്ടി കത്രിക ചലിപ്പിച്ചുതുടങ്ങിയപ്പോൾ നേരിയ തോതിൽ കോച്ചാൻതുടങ്ങി. ഒരുവിധം മുടിവെട്ടിതീർത്തു. കോച്ചിവലിക്കൽ അപ്പോഴേയ്ക്കും രൂക്ഷമായി. എങ്കിലും'രാമേശ്വരത്തെചെര'യെന്ന ഒരപഖ്യാതി മൂപ്പർക്ക്‌ കൽപിച്ചുകൊടുത്തിട്ടുള്ളതിനാലും നമ്പൂതിരിയെ ഭയമായതിനാലും വയ്യായ്മവകവയ്ക്കാതെ കത്തിയെടുത്ത്‌ സൈഡ്‌വടിക്കുമ്പോൾ ഇക്കിളിയോടെ കുട്ടിയൊൻഞ്ചലിച്ചു. ക്ഷൗരക്കത്തിപാളി. കിണ്ണൻമൂപ്പർ ബാലൻസുതെറ്റി പിറകിൽകിടന്ന മുള്ളുമുരിക്കിന്മേൽ മലർന്നടിച്ചുവീണു.ചോരയൊലിക്കുന്ന ചെവിപൊത്തിപ്പിടിച്ച്‌ അലറിക്കരഞ്ഞുകൊണ്ട്‌ കുട്ടി ഓടുമ്പോൾ ഉറക്കെ പിരാകിക്കൊണ്ട്‌ മൂപ്പർ എഴുന്നേൽക്കാൻ ശ്രമിക്കുകയായിരുന്നു. മൂപ്പരുടെ മുതുകിൽനിന്ന്‌ ഒലിച്ചചോര കൗപീനംനനച്ച്‌ താഴേയ്ക്ക്‌ ഇറ്റുവീണു.നമ്പൂതിരിയിൽനിന്ന്‌ പ്രഭാതഭക്ഷണവും വെട്ടുകൂലിയും കിട്ടിയില്ലെന്നുമാത്രമല്ല, തെറിയഭിഷേകം ചെയ്താണ്‌ മൂപ്പരെ അവിടെനിന്ന്‌ ആട്ടിപ്പായിച്ചതു. അന്ന്‌ കിണ്ണൻ മൂപ്പർ ശപഥമെടുത്തു.ഈ നമ്പൂരിച്ചെക്കനെക്കൊണ്ട്‌ ക്ഷൗരക്കത്തി എടുപ്പിക്കുമെന്ന്‌! കോച്ചുവാതം കലശലാകുംവരെ മൂപ്പർ നമ്പൂരിച്ചന്റെ വീട്ടിലൊഴികെ മറ്റെല്ലായിടത്തും മുടിവെട്ടുകയും താടിവടിക്കുകയും ബാലൻസുതെറ്റി പലവട്ടം വീഴുകയുംചെയ്തു.മൂപ്പര്‌ ക്ഷൗരപ്പെട്ടി കുടിലിന്റെമൂലയിലുള്ള വീഞ്ഞപ്പെട്ടിയിൽ സ്ഥിരമായി സ്ഥാപിക്കുംമുമ്പ്‌ പരമ്പരാഗതതൊഴിൽ പഠിച്ച മക്കൾ രണ്ടുപേരും കടൽകടന്ന്‌ ദുബായിലെത്തിയിരുന്നു. വൈകാതെ അറബിയുടെ സ്പോൺസർഷിപ്പിൽ ബ്യൂട്ടിപാർലർ തുറന്നു.അതൊരു കയറ്റത്തിന്റെ തുടക്കമായിരുന്നു. 



 
    രാമൻനമ്പൂതിരിയുടെ കഷ്ടകാലമെത്തിയത്‌ പലവിധ രോഗങ്ങളുമായാണ്‌. ക്ഷേത്രത്തിലെ പൂജാദികർമങ്ങൾക്ക്‌ സ്ഥിരമായിപോകാൻ സാധിക്കാതെയായി. ക്ഷേത്രത്തിൽനിന്നുള്ള വരുമാനം നിലച്ചപ്പോൾ  ഇല്ലത്തെ കാര്യങ്ങൾ കഷ്ടത്തിലായി. കഴകക്കാരന്റെ നിർബന്ധംമൂലമാണ്‌ മടിയോടെയാണെങ്കിലും അയാൾ കൃഷ്ണൻ മൂപ്പന്റെ ബംഗ്ലാവിലേക്ക്‌ കയറിച്ചെന്നത്‌. ഗേറ്റുകടന്ന്‌ നമ്പൂരിച്ചൻ വരുന്നത്‌ മൂപ്പൻകണ്ടു.പക്ഷേ,അത്‌ കണ്ടതായി നടിക്കാതെ അയാൾ കണ്ണടച്ചുകിടന്നു. അന്നത്തെ അവഹേളനത്തിന്റെ ഓർമ അയാളുടെ ഞരമ്പുകളെ ത്രസിപ്പിച്ചു. രാമൻനമ്പൂതിരി മൂപ്പന്റെ കസേരയ്ക്കരുകിൽ പരുങ്ങിനിന്നു. പിന്നീടെപ്പോഴോ അയാൾ കണ്ണുതുറന്ന്നോക്കി. കോളാമ്പിയെടുത്ത്‌ തുപ്പി, കിടന്ന കിടപ്പിൽ ആഗമനോദ്ദേശം ആരാഞ്ഞു.  

 
   "ഇല്ലത്തെ കാര്യങ്ങള്‌ ശ്ശി കുഴപ്പാണെന്നു കൂട്ടിക്കോളി. രോഗോം ആകുലതേം കാരണം പൂജക്കൊന്നും വയ്യാണ്ടായി. കഴിഞ്ഞതൊക്കെ മൂപ്പര്‌ അങ്ങട്‌ മറക്ക്വാ... ഹരിനമ്പൂരി തെണ്ടിനടക്ക്വാണേ... പറ്റ്വാല്‌ ഒന്നങ്ങട്‌ അക്കരക്കൊണ്ട്വോയ്‌ കരകേറ്റാൻ മക്കളോട്‌ പറയ്‌വാ..." രാമൻ നമ്പൂതിരി കൈകൂപ്പി അപേക്ഷിച്ചു. കിടന്നകിടപ്പിൽ മൂപ്പർ കനത്തിലൊന്നുമൂളി. പിന്നെ നിർദേശിച്ചു-
   "വെക്കം പേസ്പ്പാർട്ട്‌ എടത്തോളാൻ നമ്പൂരിച്ചൻ മഹനോട്‌ പറയ്‌." 
    വലിയൊരു ഭാരം നെഞ്ചിൽനിന്ന്‌ ഇറക്കിവച്ച ആശ്വാസത്തിൽ രാമൻ നമ്പൂതിരി മടങ്ങുമ്പോൾ  കൃഷ്ണൻ മൂപ്പന്റെ കുഴിയിൽപോയ കണ്ണുകൾ ജ്വലിച്ചു.

    ഹരിനമ്പൂതിരി വൈകാതെ ദുബായിലേക്ക്‌ പറന്നു. അതൊരു കെണിയാണെന്ന്‌ അയാൾ അറിഞ്ഞില്ല. മാസങ്ങൾ കഴിഞ്ഞിട്ടും ജോലിയൊന്നും തരപ്പെട്ടില്ല. ദിവസങ്ങൾ പട്ടിണികിടന്നു. അവസാനം പോലീസിന്റെ കൈയിൽ അകപ്പെടുമെന്നായപ്പോൾ കിണ്ണൻമൂപ്പരുടെ മക്കളുടെ ബ്യൂട്ടിപാർലറിൽ ചെന്നു. കട്ടിങ്ങും ഷേവിങ്ങും ഉപരിപഠനവിഷയമാക്കി. പിന്നീട്‌ അവിടെത്തന്നെ പണിയും ആരംഭിച്ചു. വൈകാതെ ഒരു ഉടമ്പടിയുടെ ഭാഗമായി ഞങ്ങളുടെ ഗ്രാമത്തിൽ ബ്യൂട്ടിപാർലർ പ്രവർത്തനം തുടങ്ങി.