Showing posts with label sunny thayankari. Show all posts
Showing posts with label sunny thayankari. Show all posts

Saturday, 14 January 2012

സാംസ്കാരിക മേള


സണ്ണി തായങ്കരി

       ഉമ്രാനാവ്‌ മയ്തീൻ എന്ന പേര്‌ കേൾക്കുമ്പോൾ അയൽരാജ്യത്തുനിന്നും
നുഴഞ്ഞുകയറിയ തീവ്രവാദിയാണോയെന്ന്‌ ആരും സംശയിക്കേണ്ട. ആൾ
തനിദേശസ്നേഹിയും മിതവാദിയുംതന്നെ. വേഷത്തിലും രൂപത്തിലും ഒരു
ബുദ്ധിജീവിജാടയുണ്ടെന്ന്‌ തോന്നുമെങ്കിലും സ്വഭാവത്തിൽ അത്‌ ഒട്ടുമേ
ഇല്ലാത്തവൻ. ചെറുപ്പംമുതലേ സാഹിത്യരോഗം ഉണ്ടായിരുന്നതിനാലാവാം ബുദ്ധിജീവി
പരിവേഷം ആരൊക്കെയോ അയാൾക്ക്‌ കൽപിച്ചുനൽകിയത്‌. എന്നാൽ സാഹിത്യരോഗം
കലശലായുള്ള പലർക്കുമുള്ള മൈനസ്‌ പോയ്ന്റുകളൊന്നും അയാൾക്കില്ലതാനും!
    കക്ഷിയുടെ യഥാർത്ഥപേര്‌ ഉമ്രാവ്‌ നൈനാൻപറമ്പിൽ മൊയ്തീൻ എന്നാണ്‌.
ചെറുപ്പത്തിൽ എങ്ങനെയും ഒരെഴുത്തുകാരനാകണമെന്ന മോഹം കൊടുമ്പിരികൊണ്ടപ്പോൾ
കക്ഷി ഒരു സാമൂഹിക വിമർശനകഥയെഴുതി പ്രശസ്തമായ വാരികയ്ക്ക്‌
അയച്ചുകൊടുത്തു. അയാളെപ്പോലും ഞെട്ടിച്ചുകൊണ്ട്‌ കഥ വൈകാതെ
പ്രസിദ്ധീകരിച്ചുവന്നു. കഥയും ശീർഷകവും മാത്രമല്ല, സംവിധായകൻ
സിനിമാനടിയുടെ പേര്‌ മാറ്റുന്ന ലാഘവത്തോടെ പത്രാധിപർ എഴുത്തുകാരന്റെ
പേരും 'പേനാപ്രയോഗ'ത്താൽ അടിമുടി പരിഷ്ക്കരിച്ചുകളഞ്ഞു. അങ്ങനെ ഉമ്രാവ്‌
നൈനാൻപറമ്പിൽ മൊയ്തീൻ ലോപിച്ച്‌ ഉമ്രനാവ്‌ മയ്തീനായി. അതോടെ
ആനുകാലികക്കാരെ വല്ലാതങ്ങ്‌ വെറുത്ത മയ്തീൻ പിന്നീട്‌ ഒരൊറ്റ സൃഷ്ടിപോലും
പ്രസിദ്ധീകരണത്തിന്‌ അയച്ചില്ല.
   ചില ജനിതകവൈകല്യങ്ങൾ സാമൂഹിക പ്രതിബദ്ധതയോട്‌ ആവശ്യത്തിലധികം
കൂറുപുലർത്തുന്നതിനാൽ പൊതുസമൂഹത്തിലെ ഏത്‌ അനഭിലഷണീയമായ സംഭവത്തോടും
മയ്തീൻ തീഷ്ണമായി പ്രതികരിക്കും. എന്നാൽ പ്രതികരണം പരസ്യമായി
സമൂഹമദ്ധ്യത്തിൽ പ്രകടിപ്പിക്കില്ല. സാമൂഹികാവബോധത്തിനുതകുംവിധം
രൂക്ഷമായി സൃഷ്ടികളിലൂടെയാവും പ്രതികരിക്കുക. സൃഷ്ടി മറ്റുള്ളവർ
വായിക്കപ്പെടുന്നില്ലെങ്കിൽ അത്‌ സ്രഷ്ടാവിന്റെ തൂലികത്തുമ്പിലൂടെ
തിരിച്ചുകയറിപ്പോകുമെന്ന ഭയമൊന്നും അയാൾക്കില്ല. ഓരോ സാമൂഹിക
പ്രശ്നങ്ങളോടും അപ്പപ്പോൾ പ്രതികരിച്ച സൃഷ്ടികൾ സമാഹരിച്ചാൽ കുറഞ്ഞത്‌
രണ്ടുമൂന്ന്‌ പുസ്തകങ്ങളെങ്കിലും പുറത്തിറക്കാൻ സാധിക്കുമെന്ന
യാഥാർത്ഥ്യം സുഹൃത്തുക്കളായ ഞങ്ങൾ ഓർമിപ്പിക്കാതെയല്ല. പണം മുടക്കാൻ
തയ്യാറുള്ള പ്രസാധകർ ഇന്ന്‌ വിരളമായതിനാൽ ഉമ്രനാവ്‌ മയ്തീൻ എന്ന സാമൂഹിക
പ്രതിബദ്ധതാ എഴുത്തുകാരന്‌ സ്വന്തം സൃഷ്ടികളിൽ അച്ചടിമഷി പുരണ്ട്‌
കാണുവാനുള്ള യോഗമുണ്ടായില്ല എന്നുവേണം പറയാൻ. എന്നാൽ അതിലൊന്നും സാധാരണ
എഴുത്തുകാർക്കുള്ള നിരാശയോ അവസരം ലഭിച്ചവരോട്‌ സ്പർധയോ അയാൾക്കില്ല.
   കുറെ ദിവസങ്ങളായി മയ്തീന്റെ മുഖം കാർമേഘംമൂടിയ ആകാശംപോലെയായിരുന്നു.
അതങ്ങനെയാണ്‌. സമൂഹത്തെ വിഷലിപ്തമാക്കുന്ന എന്തെങ്കിലും സംഭവമുണ്ടായാൽ
അയാളുടെ ബോഡിലാംഗുവേജുപോലും അത്‌ വിളിച്ചറിയിക്കും. പിന്നെ തുടർന്നുവരിക
മഹാമൗനത്തിന്റെ നീണ്ട ദിനങ്ങളായിരിക്കും. കക്ഷി ഏകാന്തത്തയിലേക്ക്‌
ഉൾവലിയും. ഒരു സൃഷ്ടികർമത്തിലൂടെയേ യഥാർത്ഥ മയ്തീൻ പിന്നീട്‌ പുറത്തുവരൂ.
    ഏകാന്തത്തയുടെ കനമേറിയ പുറംകുപ്പായം വലിച്ചെറിഞ്ഞ ദിവസമാണ്‌ ഞാൻ
മയ്തീനെ കണ്ടുമുട്ടുന്നത്‌. അപ്പോൾ അയാൾ കടപ്പുറത്തെ
ബഹളത്തിൽനിന്നൊഴിഞ്ഞ്‌, കശേരുക്കൾ തകർന്ന്‌ അടിത്തൂൺ പറ്റാറായ ഏതോ
നീളമേറിയ വന്യജീവിയുടെ അസ്ഥിപഞ്ജരംപോലെ നിലകൊള്ളുന്ന കടൽപാലത്തിനു സമീപം
സ്വസ്ഥമായി ഇരിക്കുകയായിരുന്നു. തിരമാലകൾ വന്നലയ്ക്കുമ്പോൾ
അസ്ഥിപഞ്ജരത്തിന്റെ കാലുകൾക്കൊപ്പം കശേരുക്കളും വിറയൽകൊണ്ടു. അപ്പോൾ
പടിഞ്ഞാറ്‌ കടൽപരപ്പിനുമുകളിൽ സൂര്യൻ പകുതി മറഞ്ഞുനിന്ന്‌ ഞങ്ങളെ നോക്കി.
  "പരശുരാമൻ മഴുവെറിഞ്ഞ്‌ നേടിയതാണോ കേരളം?"
  കണ്ടയുടനെയുള്ള മയ്തീന്റെ തുറന്നടിച്ചുള്ള ചോദ്യം എന്നെ തെല്ലൊന്ന്‌
അമ്പരിപ്പിക്കാതിരുന്നില്ല.
  "അങ്ങനെ ഐതിഹ്യം പറയുന്നു."
  മയ്തീന്‌ സമീപമിരുന്ന്‌ കൈയിലുള്ള കപ്പലണ്ടിപ്പൊതി അയാളുടെ നേരെ
നീട്ടിക്കൊണ്ട്‌ ഞാൻ പറഞ്ഞു.
  "എങ്കിൽ പരശുരാമൻ ഒരു ദ്രോഹിയായിരുന്നു."
  "അതെന്താ അങ്ങനെ തോന്നാൻ...?"
  "കേരളം സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണല്ലോ മലയാളിയെന്ന സമൂഹം ഉണ്ടായത്‌."

  "അത്‌ അങ്ങനെതന്നെയാണല്ലോ."
  "മലയാളി എല്ലാ രംഗത്തും അഗ്രഗണ്യരാണെന്നല്ലേ പറയാറ്‌?"
  അതേയെന്ന്‌ ഞാൻ സമ്മതിച്ചു.
  "അപ്പോൾ ഈഗോയുടെ കാര്യത്തിലോ? രാഷ്ട്രീയ-കലാ-സാഹിത്യ-സാംസ്കാ
രിക
രംഗത്തെ കള്ളനാണയങ്ങളുടെ ലജ്ജയില്ലാത്ത സമൂഹനൃത്തം മറയില്ലാതെ
ആടിത്തിമിർക്കുന്ന ഇടം പരശുരാമന്റെ മഴു കാരണമല്ലേ ഉണ്ടായത്‌?" അയാൾ
തുടരുകയാണ്‌-
  "ഇവിടമെല്ലാം ചീഞ്ഞുനാറുകയാ. എന്നെക്കാൾ വലിയവനാരെടാ എന്ന ഭാവമല്ലേ
ഞാഞ്ഞൂലിനുപോലും...!"
  അത്‌ പരമസത്യമാണെന്ന്‌ ഞാൻ തലകുലുക്കി സമ്മതിച്ചു.
  "ആരിൽനിന്നും ഒന്നും പഠിക്കാൻ ഇക്കൂട്ടർ തയ്യാറല്ല. എന്നാൽ
മറ്റുള്ളവരെ പഠിപ്പിക്കാൻ തിടുക്കമാണുതാനും."
  മയ്തീൻ ദിവസങ്ങളായി അനുഭവിച്ച പേറ്റുനോവിന്റെ ബാക്കിപത്രത്തിലേക്ക്‌
ഞാൻ കണ്ണോടിച്ചു.
സീൻ ഒന്ന്‌-
  പ്രസ്ക്ലബ്‌. പത്രസമ്മേളനവേദി. സമയം രാവിലെ പത്തുമണി.
  നഗരത്തിൽ അവയ്ബളായ എല്ലാ പത്ര-ദൃശ്യ മാധ്യമ പ്രതിനിധികളും
എത്തിച്ചേർന്നിട്ടുണ്ട്‌. ബ്രൂകോഫിയും ചിക്കൻ പഫ്സും(പത്രസമ്മേളനങ്ങളുടെ
അഭിഭാജ്യഘടകം) ആദ്യമേ വിതരണം ചെയ്തുകഴിഞ്ഞു.
  ഡയസ്സിൽ എഴുപതിനോടടുത്ത പ്രായമുള്ള വെള്ളികെട്ടിയ മുടിയുള്ള തടിച്ച
ശരീരത്തിന്‌ ഉടമയായ മലയാളത്തിന്റെ മഹാനടൻ, പൊട്ടണ്ണൻ. ഇടതുവശത്ത്‌
രണ്ടാമത്തെ വലിയ കക്ഷിയുടെ സിനിമാ ട്രേഡ്‌യൂണിയൻ നേതാവ്‌. വലതുവശത്ത്‌
പ്രസ്ക്ലബ്‌ സെക്രട്ടറി. സെക്രട്ടറി മൈക്ക്‌ കൈയിലെടുത്തു.
  "നമുക്ക്‌(മലർന്ന്‌ കിടന്നുതുപ്പൽ) ആരംഭിക്കാം."
  പൊട്ടണ്ണൻ വികാരവിക്ഷോഭനായി പറഞ്ഞുതുടങ്ങി-
  "മലയാള സിനിമാരംഗമിന്ന്‌ ഉച്ചനീചത്വങ്ങളുടെ കൂടാരമാണ്‌. അവിടെ
വരേണ്യവർഗ ജാതിമേൽക്കോയ്മ കൊടികുത്തി വാഴുകയാണ്‌. കൊച്ചുമക്കളുടെ
പ്രായംപോലുമില്ലാത്ത പെങ്കൊച്ചുങ്ങളുമായി ശൃംഗാരമാടുന്ന
സൂപ്പർതാരങ്ങളാണ്‌ മലയാള സിനിമയുടെ ശാപം. ഇവർ തട്ടിയെടുക്കുന്ന കോടികൾ
സിനിമാ വ്യവസായത്തെ ബാലികേറാമലയാക്കിയിരിക്കുന്നു. ഇത്തരക്കാർ
വഴിമാറിക്കൊടുത്ത്‌ പുതുതലമുറയ്ക്ക്‌ അവസരം കൊടുക്കണം. വളരെ കുറഞ്ഞ
പ്രതിഫലത്തിന്‌ നന്നായി അഭിനയിക്കുന്ന പ്രതിഭാധനരായ അനേകം
യുവാക്കളുണ്ടിവിടെ. ഈ സൂപ്പർതാരകശ്മലന്മാരും സിനിമയുടെ ബാലപാഠംപോലും
വശമില്ലാത്ത സംവിധാനകുണാണ്ടർമാരുമാണ്‌ എനിക്ക്‌ ഭ്രഷ്ട്‌
കൽപിച്ചിരിക്കുന്നത്‌. മുഹമ്മിദിക്കയുമായി അഭിനയിച്ച സിനിമകളിൽ
അഭിനയത്തിന്റെ രസതന്ത്രം (സൾഫ്യൂറിക്കാസിഡ്‌ നിർമാതാവ്‌
എത്തിച്ചുകൊടുത്തുകാണില്ല) ശരിയാകാഞ്ഞത്‌ ഈഗോ(എനിക്കല്ല) കാരണമാണ്‌. ഈ
സൂപ്പർസ്റ്റാറുകൾ പിടിച്ചുനിൽക്കുന്നത്‌ അവരുടെ ഫാൻസ്‌ അസോസിയേഷനെന്ന
ഗുണ്ടാസംഘങ്ങളെകൊണ്ടാണ്‌."
  അപ്പോൾ മലേയിൽ('മ' യെന്ന അക്ഷരത്തിൽ തുടങ്ങുന്ന പത്രങ്ങളുടെ
ലേഖകന്മാരെ പൊതുവിൽ വിളിക്കുന്നത്‌) ഒരാൾ:
  "താങ്കൾക്ക്‌ എഴുപത്‌ കഴിഞ്ഞല്ലോ. സൂപ്പർ താരങ്ങൾ വഴിമാറണമെന്ന്‌
പറയുന്ന താങ്കൾ എന്തുകൊണ്ട്‌ വഴിമാറുന്നില്ല?"
  "ഞാൻ കൊച്ചുപെമ്പിള്ളേരോടൊപ്പം തുള്ളാറില്ലല്ലോ."
   "സൂപ്പർ താരങ്ങൾ കൈയടക്കിവച്ചിരിക്കുന്നുവേന്ന്‌ പറയുന്ന സംഘടന എല്ലാ
മാസവും തരുന്ന ധനസഹായം അങ്ങ്‌ കൈപ്പറ്റാറുണ്ടല്ലോ."
   "പണം ആരുടേതായാലും നിരസ്സിക്കരുത്‌. ഇതേ പണം നാളെ നമുക്ക്‌ ഭ്രഷ്ട്‌
കൽപിച്ചാലോ?"
  "താങ്കൾ ഒരു സിനിമയ്ക്ക്‌ എത്ര പ്രതിഫലം വാങ്ങും?"
  "കഞ്ഞി കുടിക്കാനുള്ളതേ വാങ്ങാറുള്ളു."
  "ടി.വി. പ്രോഗ്രാമുകളിൽ അവതാരകരാകുന്നതിൽനിന്ന്‌ സിനിമാ താരങ്ങളെ
വിലക്കിയതിനെക്കുറിച്ച്‌ എന്തു പറയുന്നു?"
   "എന്റെ മുഖമല്ല, കണ്ണാടിയാണ്‌ കോടിയതെന്ന്‌ പറഞ്ഞിട്ടും ആരും
അപ്പരിപാടികൾക്കൊന്നും വിളിക്കാത്തതുകൊണ്ട്‌ അക്കാര്യത്തിൽ എനിക്ക്‌
അഭിപ്രായമില്ല."
   "മന്ത്രവാദികളുടെ റോളുകൾ അങ്ങയെ മനസ്സിൽ കണ്ടാണ്‌ തിരക്കഥാകൃത്തുക്കൾ
രചിക്കുന്നതെന്നും മന്ത്രവാദിയും യക്ഷിയുമുള്ള പടങ്ങളിലാണ്‌ അഭിനയമികവ്‌
കൂടുതൽ പ്രകടമാകുന്നതെന്നും സംവിധായകർക്കിടയിൽ സംസാരമുണ്ടല്ലോ.
അതെപ്പറ്റി..."
    "അഭിനയത്തിന്റെ എബിസിഡി അറിയാത്തവർക്ക്‌ യക്ഷികളെ കുറെനാൾ
കൂട്ടത്തിൽ പാർപ്പിച്ച്‌ നോക്കാവുന്നതാണ്‌. പേടിച്ചെങ്കിലും എന്തെങ്കിലും
പഠിച്ചേക്കാം. ഈ ആരോപണങ്ങളൊക്കെ തലയിൽ ഒന്നുമില്ലാത്തവരുടെ മാസമുറയാണ്‌.
വല്ലപ്പോഴുമൊക്കെ ദുഷ്ടഹൃദയങ്ങളിൽ തളംകെട്ടിക്കിടക്കുന്ന അശുദ്ധരക്തം
വിസർജിക്കണമല്ലോ."
സീൻ രണ്ട്‌ -
    ദിവസങ്ങൾക്കുശേഷം അതേ വേദി, അതേ സമയം. പ്രശസ്ത സാഹിത്യകാരനും
പണ്ഡിതശ്രേഷ്ഠനും കൃശഗാത്രനുമായ കുമാർമാഷ്‌ വിളിച്ചുചേർത്ത
വാർത്താസമ്മേളനം. ഇഷ്ടന്റെ സ്വഭാവത്തിലെ പിശുക്ക്‌
പ്രത്യക്ഷീഭവിപ്പിച്ചുകൊണ്ട്‌ വാർത്താലേഖകർക്ക്‌ വിതരണം ചെയ്തത്‌
കട്ടൻകാപ്പിമാത്രം!(അഭിഭാജ്യഘടകമെന്ന മുൻപ്രയോഗം പിൻവലിക്കുന്നു).
കുമാർമാഷ്‌ വയർലെസ്‌ മൈക്ക്‌ കൈയിലെടുത്ത്‌ കണ്ഠശുദ്ധി വരുത്തി.
  "എന്നെപ്പോലെയുള്ള ഒരു മഹാപണ്ഡിതനെ മലയാള സിനിമയിലെ സൂപ്പർതാരമെന്ന്‌
വിശേഷിപ്പിക്കപ്പെടുന്ന ഒരാൾ ആക്ഷേപിച്ചതിലൂടെ എന്റെ ഒരു വാക്കിനായി
കാതോർത്തിരിക്കുന്ന പ്രബുദ്ധരായ മലയാളികളെ ഒന്നടങ്കമാണ്‌
അധിക്ഷേപിച്ചിരിക്കുന്നത്‌. യഥാർത്ഥത്തിൽ ഈ
ചോക്ലേറ്റുവൃദ്ധന്മാർക്കുള്ളത്‌ ഉദ്വിഗ്നതയെന്ന വികാരമാണ്‌. എനിക്കതില്ല.
കാരണം എനിക്കുപകരംവയ്ക്കാൻ ആരാണ്‌ ഇവടെയുള്ളത്‌?"
 "ക്ഷണിക്കാതെ സദ്യയുണ്ണാനെത്തിയത്‌ ശരിയായില്ലെന്നാണല്ലോ സൂപ്പർതാരം പറഞ്ഞത്‌?"
  "ആരു പറഞ്ഞു ക്ഷണിച്ചില്ലെന്ന്‌? സിനിമക്കാരുടെ സംഘടന പൊട്ടണ്ണനെ
ഒതുക്കിയപ്പോൾ, സിനിമാ വ്യവസായത്തിന്‌ അത്‌ നല്ലതല്ലെന്നുകണ്ട്‌
ഇടപെടാമെന്ന്‌ പറഞ്ഞു. വി.എസ്‌. മത്സരിക്കാതിരിക്കാമെങ്കിൽ ചാണ്ടിയേയും
ചെന്നിത്തലയേയും ഞാൻ പറഞ്ഞ്‌ മത്സരിപ്പിക്കാതിരിക്കാമെന്ന്‌ പറഞ്ഞപോലെ
ഒരു സാമൂഹ്യപ്രശ്നം മാത്രമേയുള്ളു അതും. അല്ലെങ്കിൽതന്നെ എന്നെ
ക്ഷണിക്കേണ്ട കാര്യമെന്താ? കേരള സമൂഹത്തിന്റെ ഏതുകാര്യത്തിലും എനിക്ക്‌
ഇടപെടാം. ഇടപെടണം. ഇടപെട്ടേപറ്റൂ. ഞാനില്ലെങ്കിൽ സാംസ്കാരിക കേരളത്തിന്‌
തെളിച്ചമുണ്ടോ? എന്റെ ബൗദ്ധികസ്വരം കേൾക്കാത്ത ദിനം ദുഃഖവെള്ളിപോലെ
മ്ലാനമല്ലേ?"
  "മഹാപണ്ഡിതനായ അങ്ങയെ ചിത്രകഥയിലെ ഉദ്ദണ്ഡന്റെ കഴുതയോട്‌
ഉപമിച്ചതിനെക്കുറിച്ച്‌...?"
  "ആ പിതൃശൂന്യതയ്ക്ക്‌ മറുപടി അർഹിക്കുന്നില്ല."
  "സൂപ്പർസ്റ്റാറുകൾ വാങ്ങുന്ന ഭീമമായ പ്രതിഫലമാണ്‌ മലയാള സിനിമയുടെ
ഇന്നത്തെ പ്രതിസന്ധിക്ക്‌ കാരണമെന്ന്‌ അങ്ങ്‌ പറഞ്ഞല്ലോ. പ്രസംഗത്തിന്‌
എന്തിനാണ്‌ അങ്ങ്‌ പ്രതിഫലം വാങ്ങുന്നതെന്നാണ്‌ അവർ ചോദിക്കുന്നത്‌."
  "ഞാൻ പ്രസംഗത്തിന്‌ ഒരു ചില്ലിക്കാശ്‌ പ്രതിഫലം വാങ്ങാറില്ല.
വണ്ടിക്ക്‌ പെട്രോളടിക്കാനള്ള കാശ്‌ വാങ്ങും. ഓയിൽ കമ്പനികളൊന്നും(ഞാൻ
വിവാഹം കഴിക്കാത്തതിനാൽ) എന്റെ ഭാര്യാപിതാവിന്റേതല്ലല്ലോ. ഈ
സൂപ്പർസ്റ്റാറുകൾക്ക്‌ പ്രതിഫലം വാങ്ങാതെ ഒരു പടത്തിലെങ്കിലും
അഭിനയിക്കാൻ പറ്റുമോ? ഞാൻ വെല്ലുവിളിക്കുകയാണ്‌. ചെയ്യാമ്പറ്റ്വോ?"
  "ഒരു സൂപ്പർസ്റ്റാറിനെ അങ്ങ്‌ വിമർശിച്ചപ്പോൾ തൊഴിലിൽ ബദ്ധവൈരിയായ
അപരൻ അയാളുടെ സഹായത്തിനെത്തിയല്ലോ."
  "അതുമൊരാഭാസംതന്നെ. പരസ്പരമുള്ള പുറം ചൊറിച്ചിൽ!"
  "സംസ്കൃത യൂണിവേഴ്സിറ്റി സൂപ്പർതാരത്തിന്‌ ഡി.ലിറ്റ്‌ കൊടുത്തതിനെ
അങ്ങ്‌ വിമർശിച്ചല്ലോ?"
  "ഈ പി.എച്ച്‌.ഡി.പോലെ പണം കൊടുത്താൽ കിട്ടുന്നതാണോ ഡി.ലിറ്റ്‌? ങാ,
ആർക്കറിയാം. കാലംപോയപോക്കേ... ഞാനവിടെ വി.സി.യായിരുന്ന കാലത്ത്‌
എന്തിനുമൊരു ക്വാളിറ്റിയൊക്കെ ഉണ്ടായിരുന്നു. മാർക്കറ്റിൽ ചെന്ന്‌
പണംകൊടുത്ത്‌ ആർക്കും വാങ്ങാൻ കിട്ടുന്ന ഒരൈറ്റമാണ്‌ ഡി.ലിറ്റെന്ന്‌
ഇപ്പോഴാണ്‌ മനസ്സിലായത്‌."
  "അങ്ങയെ സിസ്റ്റത്തിൽനിന്ന്‌ ഡിലീറ്റുചെയ്തെന്ന്‌ സൂപ്പർസ്റ്റാർ പറഞ്ഞല്ലോ."
  "ഈ താരരാജാവിനെ നാടുമുഴുവൻ നടന്ന്‌ പ്രസംഗിച്ചു നാറ്റിച്ച്‌
ജനത്തിന്റെ സിസ്റ്റത്തിൽനിന്ന്‌ ഞാൻ ഡി.ലിറ്റല്ല, ഡിലീറ്റുചെയ്യിക്കും."
   "ഉണ്ണുണ്ണിത്താന്റെ പരസ്ത്രീഗമനവിഷയത്തിൽ സാഹിത്യകാരൻ ചേക്കറിയായുടെ
നിരീക്ഷണത്തെക്കുറിച്ച്‌...?"
    "അയാൾക്ക്‌ സംഗതിയുടെ ഗുട്ടൻസ്‌ പിടികിട്ടിയിട്ടില്ല. കല്യാണം
കഴിക്കാത്ത എനിക്കത്‌ പെട്ടെന്ന്‌ മനസ്സിലാകും. അടിക്കടി മലപ്പുറത്ത്‌
പോകേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ അയാൾക്ക്‌? വല്ല ആലപ്പുഴയിലോ
കുമരകത്തോ മൂന്നാറിലോ പോയിക്കൂടായിരുന്നോ. ഹൗസ്‌ ബോട്ടുകളൊക്കെ എത്രയാ
ഇമ്മാതിരി കലാപരിപാടികളുമായി കായലിൽ ചാഞ്ചാടി ഒഴുകുന്നത്‌? കാടിയായാലും
മൂടിക്കുടിക്കണമെന്നല്ലേ പഴമക്കാര്‌ പറയാറ്‌?"
    "ഭൂപരിഷ്ക്കരണത്തിന്റെ പിതൃത്വാവകാശ വിവാദത്തെക്കുറിച്ച്‌...?"
   "ഇത്രയുമൊക്കെയായ സ്ഥിതിക്ക്‌ രണ്ടുപേരെയും പൊൻകുന്നത്തിന്റെ
കഥാപാത്രമാക്കി നാറ്റിക്കണ്ട. അവകാശം രണ്ടുപേർക്കും തുല്യമായി
പങ്കിട്ടുകൊടുത്ത്‌ സർക്കാർ പ്രശ്നം രമ്യമായി പരിഹരിക്കട്ടെ."
   "അങ്ങിപ്പോൾ സർക്കാരിന്റെ പക്ഷത്തോ പ്രതിപക്ഷത്തോ?"
   "അത്‌ പ്രത്യേകിച്ച്‌ പറയേണ്ട കാര്യമുണ്ടോ സുഹൃത്തേ? എന്റെ
പ്രവൃത്തികളും വാക്കുകളുംകൊണ്ട്‌ തിരിച്ചറിഞ്ഞുകൊള്ളുവിൻ. ക്രിസ്തുവും
അങ്ങനെയല്ലേ പറഞ്ഞത്‌?"
  അടുത്ത പ്രസംഗത്തിനുള്ള സമയമായെന്നറിയിച്ച്‌ കുമാർമാഷ്‌ സ്ഥലംവിടുന്നു.
സീൻ മൂന്ന്‌-
   വാർത്താസമ്മേളനം. പ്രസ്ക്ലബ്‌. സമയം രാവിലെ പതിനൊന്നുമണി.
വർത്താലേഖകർക്കുള്ള സ്പേഷ്യൽ ചിക്കൻ ബിരിയാണി നഗരത്തിലെ സ്റ്റാർ ഹോട്ടലിൽ
ഒരുങ്ങുന്നുണ്ടെന്നും ഭക്ഷണത്തിനുമുമ്പ്‌ ആവശ്യമുള്ളവർക്ക്‌ ഹോട്ടലിലെ
എ.സി.ബാർ സന്ദർശിക്കാവുന്നതുമാണെന്നും അറിയിപ്പുണ്ടായി.
     ഡയസ്സിൽ പൊട്ടണ്ണൻ, കുമാർ മാഷ്‌, ചേക്കറിയ, മോഹനേട്ടൻ,
മുഹമ്മദിക്കാ, വിനയേന്ദ്രൻ, ഇൻസേൻസ്‌, കർണേഷ്‌ കുമാർ, ഉണ്ണുണ്ണിത്താൻ,
വി.എസ്‌, ചാണ്ടി, ചെന്നിത്തല, മുൻമന്ത്രി ഗോമതിയമ്മ, അഡ്വ.രാമയ്യർ
തുടങ്ങിയ പ്രമുഖരെല്ലാം നിരന്നിരിക്കുന്നു. പ്രസ്ക്ലഭാൾ
നിറഞ്ഞുകവിഞ്ഞിട്ടുണ്ട്‌.
 സമ്മേളനവേദിയിൽ പ്രാദേശിക-ദേശിയ പത്ര-ദൃശ്യമാധ്യമങ്ങളുടെ പ്രതിനിധികൾ
പേനയും റൈറ്റിംങ്ങ്പാഡും വീഡിയോഗ്രാഫറന്മാർ സ്റ്റാൻഡിൽ ഉറപ്പിച്ച വീഡിയോ
ക്യാമറകളുമായി നേതാക്കളുടെ പരിപാവനമായ നാവുകളിൽനിന്ന്‌ വീഴുന്ന
തിരുമൊഴികൾ ഒപ്പിയെടുക്കാൻ കണ്ണും കാതും കൂർപ്പിച്ച്‌
സന്നദ്ധരായിരിക്കുന്നു. പത്രസമ്മേളനം ഔദ്യോഗികമായി ആരംഭിച്ചെന്ന്‌
പ്രസ്ക്ലബ്‌ സെക്രട്ടറി അറിയിച്ചിട്ടും ഡയസ്സിൽനിന്ന്‌ ആരുടെയും
പ്രസ്താവനയോ പത്രലേഖകരിൽനിന്ന്‌ ചോദ്യങ്ങളോ ഉണ്ടായില്ല. നിശ്ശബ്ദതയ്ക്ക്‌
ആയിരം നാവുകളുടെ പ്രകീർത്തനംപോലെ വന്യമായിക്കൊണ്ടിരുന്നു, ബഹിർഗമിക്കാത്ത
ആശയങ്ങളുടെ അന്തരാർഥങ്ങൾ.
    പൊടുന്നനെ വേദിയിലേക്ക്‌ ഉമ്രനാവ്‌ മയ്തീനെന്ന നിർഭയനായ കഥാകൃത്ത്‌
തന്റേതന്നെ കഥയിലെ ഒരു കഥാപാത്രമായി കടന്നുചെല്ലുന്നു. അയാൾ
കൈയിലുണ്ടായിരുന്ന കെട്ടുതുറന്ന്‌, പുറം ചൊറിയാനുള്ള പ്ലാസ്റ്റിക്കിൽ
നിർമിച്ച ഏതാനും 'ചൊറിയൻ' നേതാക്കന്മാരുടെ മുമ്പിൽ നിരത്തിവച്ചു. മൈക്ക്‌
കൈയിലെടുത്ത്‌ അയാൾ വിളിച്ചുപറഞ്ഞു-
  "കലാ-സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ നേതാക്കൾ കേരള ജനതയോട്‌
ചെയ്തുകൊണ്ടിരിക്കുന്ന കൊഞ്ഞനം കുത്തൽകണ്ട്‌ മനസ്സ്‌ തകർന്ന
ജമീലതാത്തയുടെ ശരീരസംഘടനയാണ്‌ ഈ ചൊറിയൻ സംഭാവന ചെയ്തത്‌.
സഹസ്ത്രീശരീരങ്ങളിൽനിന്ന്‌ പരിവെടുത്താണ്‌ ഇത്‌ വാങ്ങിയത്‌.
സ്ത്രീശരീരങ്ങളുടെ വിയർപ്പ്‌ പറ്റിപ്പിടിച്ച ഇതുപയോഗിച്ച്‌ സ്വയം ചൊറിയാൻ
നേതാക്കന്മാർ തയ്യാറാകണമെന്ന്‌ ജമീലതാത്തയുടെ പേരിൽ അപേക്ഷിക്കുന്നു."
ക്ലൈമാക്സ്‌ സീൻ
    അപ്പോഴേയ്ക്കും ഇലക്ഷൻ കമ്മീഷന്റെ പ്രഖ്യാപനംവന്നു.
മന്ത്രിക്കുപ്പായം തയ്പിച്ചുകാത്തിരുന്ന രാഷ്ട്രീയക്കാർ രണ്ടായി
പിരിഞ്ഞ്‌ ആരോപണപ്രത്യാരോപണ കമ്മറ്റികളുടെ രൂപീകരണത്തിനും പരസ്പരം
പാരവയ്പ്‌ പരിപാടികൾക്കുമായി ഝടുതിയിൽ ഇറങ്ങിപ്പോയി. അവരുടെ
പാദരക്ഷകൾ(അഡീഷണൽ)തലയിലേറ്റുന്നവർ ഇരുവശത്തുമായി തലയിൽ മുണ്ടിട്ട്‌ അവരെ
അനുഗമിച്ചു. പോകുന്ന പോക്കിൽ അവർ വിളിച്ചു പറഞ്ഞത്‌ അവിടെ
പ്രതിധ്വനിച്ചു:
  "കുറുക്കച്ചാ, തത്ക്കാലം ഞങ്ങളുടെ വഴക്കുതീർന്നു. ബാക്കി തെരഞ്ഞെടുപ്പിനുശേഷം."

Wednesday, 14 December 2011

ഹോറബിലെ അഗ്നി


സണ്ണി തായങ്കരി
മതവിമര്‍ശനം ദൈവനിന്ദയോ എന്നതായിരുന്നു ഞങ്ങളുടെ അന്നത്തെ സുഹൃദ്സംഗമത്തിലെ ചൂടേ റിയ ചര്‍ച്ചാവിഷയം. വര്‍ത്തമാനകാലവിഹ്വലതകള്‍ യുവത്വത്തിണ്റ്റെ ചിന്താമണ്ഡലത്തെ തീപിടിപ്പിക്കുക സ്വാഭാവികം. സമകാലിക വ്യവസ്ഥിതിയുടെ വ്യത്യസ്ത ആശയങ്ങള്‍ രാവേറെച്ചെല്ലുന്ന ഇത്തരം സംഗമങ്ങളില്‍ വാളും പരിചയുംകൊണ്ട്‌ നിഷ്ക്കരുണം ആക്രമിക്കുകയും തടുക്കുകയും ചെയ്യാറുണ്ട്‌. ഒരു കാര്യത്തില്‍ ഞങ്ങളെന്നും ഏകാഭിപ്രായക്കാരായിരുന്നു. 
ഒരിക്കല്‍ അമിതാവേശത്തോടെ ആശ്ളേഷിച്ചതിനെയെല്ലാം പിന്നൊരിക്കല്‍ നിര്‍ലജ്ജം തള്ളിപ്പറഞ്ഞ്‌ സമൂഹത്തില്‍ സ്ഥാനമാനങ്ങള്‍ കൈക്കലാക്കി ജീവിതം സുരക്ഷിതമാക്കി സായൂജ്യമടയുന്ന കപടവിപ്ളവത്തിണ്റ്റെ സടകൊഴിഞ്ഞ വൃദ്ധക്കോമരങ്ങള്‍ ഞങ്ങള്‍ക്കുമുമ്പില്‍ അപനിര്‍മിക്കപ്പെട്ട ദുരന്തസ്മാരകങ്ങളായിരുന്നു. വിപ്ളവത്തോടൊപ്പം മുഖം നഷ്ടപ്പെട്ടവര്‍ ഒരിക്കല്‍ എവിടെയോ വലിച്ചെറിഞ്ഞ മാരകായുധങ്ങള്‍ ആധുനികതയുടെ ആയിരം മടങ്ങ്‌ ശക്തിയോടെ ഉയര്‍ത്തെഴുന്നേറ്റ്‌ വരണ്ട കാലത്തിനുമേല്‍ ഘോരാവേശത്തോടെ വന്യമായി പെയ്തിറങ്ങുന്നു. അവര്‍ ഒരിക്കല്‍ സ്വപ്നംകണ്ട മാനവിക നന്‍മകള്‍ക്ക്‌ പകരംവയ്ക്കുന്നതോ തിന്‍മയുടെ സര്‍വസംഹാരിയായ മതസ്പര്‍ധ! പ്രാഗ്‌ വസന്തത്തെ സ്വപ്നംകണ്ടവര്‍ അതിനെ തള്ളിപ്പറയുന്നവരുടെ ഉപാസകരാകുന്നു!! 
ജനതയുടെ വിഹ്വലതയായി മാറുകയാണ്‌ ദുരന്തക്കാഴ്ചകള്‍. വിശ്വാസത്തെ ഭീകരതയുടെ ഭണ്ഡാരത്തില്‍ ഒളിപ്പിച്ചുവയ്ക്കുന്ന മതതീവ്രവാദത്തിണ്റ്റെ ആസുരതാണ്ഡവം. രാവേറെച്ചെന്ന വാശിയേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ക്ഷീണം ആസുരതയോടെ എന്നെ കീഴ്പ്പെടുത്തി. ബോധാവബോധങ്ങളുടെ നേര്‍ത്ത അതിര്‍രേഖ കടക്കവേ, തളര്‍ന്നുവീണ എന്റെ  ഇടനെഞ്ചില്‍ ആരോ അപായമണിയുടെ ചരടുവലിച്ചു. തികച്ചും അപരിചിതവും വിഭ്രമജനകവുമായ ഭ്രമണത്തിന്റെ  ചുഴിയില്‍ ഞാന്‍ ഉന്‍മീലിതനായി... ഹോറബ്‌ ചെങ്കുത്തായ ഒരു ഭീമന്‍ പര്‍വതമാണ്‌. ഏതിനോടും ഇഴുകിച്ചേരുന്ന ഹരിതവര്‍ണമോ ഒന്നി നോടും ചേരാന്‍ മടിക്കുന്ന തവിട്ടുനിറമോ ഏതാണ്‌ ഇപ്പോള്‍ അതിനെന്ന്‌ നിശ്ചയമില്ല. എന്നാല്‍ ഹോറബിണ്റ്റെ താഴ്‌വാരങ്ങള്‍ നേര്‍ത്ത ഇരുട്ടിണ്റ്റെ സ്വാഭാവികതയില്‍ വിള്ളല്‍ വീഴ്ത്തിയില്ല. അടിവാരത്തില്‍നിന്ന്‌ നോക്കിയാല്‍ കൊടുമുടി കാണാനാവില്ല. ആകാശത്തില്‍ ഒരു ബിന്ദുവായി അതെപ്പോഴെങ്കിലും മാറിയിട്ടുണ്ടാവും. അല്ലെങ്കില്‍ ആകാശം താഴ്ന്നിറങ്ങി വന്നിരിക്കണം.
അവിടെ പരന്നൊഴുകുന്ന കാര്‍മേഘത്തുണ്ടുകള്‍ അല്‍പംകൂടിതാഴേയ്ക്കുചാഞ്ഞ്‌,രഹസ്യമായി കണ്ടുമുട്ടുന്ന കാമുകിയെപ്പോലെ ചടുലമായ ഒരു ചലനത്തിലൂടെ കൊടുമുടിയുടെ മൂര്‍ധാവില്‍ ഉമ്മവച്ച്‌ ഓടിപ്പോകുന്ന കാഴ്ച ആരുടെയുംമനംമയക്കും.അപ്പോഴൊക്കെ വൈകാരികമായ ഉള്‍പ്പുളകം ഒരു വൈബ്രേഷനിലൂടെ ഹോറബ്‌ പര്‍വതം ഭൂമിയുടെ പ്രതലത്തില്‍ കുറിച്ചിട്ടു. ഹോറബിന്റെ നെറുകയില്‍ ഇന്നുവരെ ആരും എത്തിപ്പെട്ടതായി മനുഷ്യചരിത്രം പ്രഖ്യാപിക്കുന്നില്ല. അഥവാ എത്തിപ്പെട്ടിട്ടുണ്ടെങ്കില്‍തന്നെ അവരോഹണംചെയ്ത വ്യക്തിയുടെ ചരിത്രം രേഖപ്പെടുത്താന്‍ കാലം മറന്നുപോയിട്ടുണ്ടാവും. എന്നാല്‍ ഇതൊക്കെ ഓരോരുത്തരുടെയും കാലം സാക്ഷ്യപ്പെടുത്താത്ത നിഗമനങ്ങള്‍ മാത്രം! 
ഏതായാലും മറ്റൊരു വിശ്വമഹാത്ഭുതംപോലെ എന്റെ  മുമ്പിന്‍ പ്രപഞ്ചംനിറഞ്ഞ്‌ ഹോറബ്‌ തലയുയര്‍ത്തി നില്‍ക്കുകയാണ്‌. ഇവിടെ ഞാന്‍ എങ്ങനെ എത്തിപ്പെട്ടെന്നോ എന്റെ  നിയോഗമെന്തന്നോ അറിയാതെ ആരോവലിക്കുന്ന ചരടിന്‍ തുമ്പത്ത്‌ ചാടിക്കളിക്കുന്ന ഒരു പാവയെപ്പോലെ നില്‍ക്കാനോ ഇരിക്കാനോ മനസ്സ്‌ നിര്‍ദേശം നല്‍കാത്തതിനാല്‍ ഞാന്‍ കുഴങ്ങി. ഹോറബിണ്റ്റെ മുന്‍പിന്‍ വശങ്ങളിലെന്നപോലെ എണ്റ്റെ ഇടതും വലതും കാഴ്ചകള്‍ സീമനിശ്ചയിക്കുന്നിടത്ത്‌ മഹാനഗരങ്ങളെ അടയാളപ്പെടുത്തുന്ന രേഖാചിത്രങ്ങള്‍ കാഴ്ചയില്‍ തെളിഞ്ഞു. ഹോറബിണ്റ്റെ പരിസരങ്ങളില്‍ വിളവെടുപ്പിനുശേഷം ശൂന്യമായിക്കിടന്ന ചോളവയലുകളെ ആശ്ളേഷിച്ചെത്തിയ തീക്കാറ്റ്‌ മനസ്സിനെയും ആത്മാവിനെയും വഹിക്കാത്ത എന്റെ  ശരീരത്തിലെ ദുര്‍ഗന്ധം വമിപ്പിക്കുന്ന വിയര്‍പ്പിനെ തീവ്രമാക്കി അഗ്നിനാളംപോലെ കടന്നുപോയി. 
ദൌത്യം തിരിച്ചറിയാനാവാത്ത ജന്‍മംപോലെ, കര്‍മങ്ങളുടെ കാണാച്ചരട്‌ നഷ്ടപ്പെട്ട പട്ടംപോലെ, ഊഷരമായ മരുഭൂമിക്കുമുകളില്‍ ഞാന്‍ ഉഴറിനിന്നു. എങ്ങോ എപ്പോഴോ മറന്നുവച്ച, അതല്ലെങ്കില്‍ ആരെങ്കിലും എപ്പോഴോ എന്നില്‍നിന്ന്‌ കവര്‍ന്നെടുത്ത ആത്മാവും മനസ്സും തിരികെകൊണ്ടുവരുന്ന ഒരു പ്രവാചകകരം എനിക്കുമുന്‍പില്‍ നീളുന്ന നിമിഷത്തെ ഞാന്‍ പ്രതീക്ഷിച്ചിരുന്നോ? അറിയില്ല. ഒന്നും അറിയില്ല. പെട്ടെന്ന്‌, നയനങ്ങള്‍ക്ക്‌ അപ്രാപ്യമായ ഹോറബിണ്റ്റെ കൊടുമുടി എണ്റ്റെ മനോമുകുരത്തില്‍ വ്യക്തമായി തെളിഞ്ഞു. താഴ്ന്നിറങ്ങിയ ആകാശവിതാനത്തെ ഒരു കൈകൊണ്ട്‌ ഉയര്‍ത്തിനിര്‍ത്തി, കൊടുമുടിയെ ആശ്ളേഷിക്കാന്‍ താഴ്ന്നിറങ്ങിയ കാര്‍മേഘത്തുണ്ടിനെ മറുകൈകൊണ്ട്‌ തട്ടിത്തെറുപ്പിച്ച്‌ ഒരു പ്രകാശരൂപം മുന്നില്‍ പ്രത്യക്ഷപ്പെട്ടു.ഇരുട്ടിണ്റ്റെ ചേലചുറ്റിയ ഹോറബിന്റെ താഴ്‌വാരത്തിലേക്ക്‌ പ്രകാശരൂപത്തിണ്റ്റെ ബലിഷ്ഠകരങ്ങള്‍ നീണ്ടുവന്നു. അതില്‍ പാപക്കറപോക്കിയ എണ്റ്റെ ആത്മാവും മനസ്സും! അത്‌ എന്നിലേയ്ക്ക്‌ വികിരണം ചെയ്യുമ്പോള്‍ അനിവാര്യമായ വിഹ്വലത എണ്റ്റെ പഞ്ചേന്ദ്രിയങ്ങളിലും തിമിര്‍ത്താടി. 
"അങ്ങ്‌ ആരാണ്‌?" ഞാന്‍ ചോദിച്ചു.
"ആരെന്നത്‌ അപ്രസക്തമല്ലേ? ദൌത്യമല്ലേ പ്രധാനം?" 
"എണ്റ്റെ ദൌത്യമെന്താണ്‌... ?" 
"നീ ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കണം. " 
"എന്താണ്‌ എണ്റ്റെ കര്‍മം... ?"
"മനുഷ്യണ്റ്റെ ധര്‍മാധര്‍മങ്ങളുടെ നാള്‍വഴികള്‍ നീ തുറക്കണം. 
നിണ്റ്റെ കണ്ണുകള്‍ക്ക്‌ ഗോചരമാകുന്നതൊക്കെയും രേഖപ്പെടുത്തുക. 
ഉണ്‍മയായത്‌ നിണ്റ്റെ ഭാണ്ഡത്തില്‍ ശേഖരിക്കണം. " 
"കേവലമനുഷ്യനായ എനിക്ക്‌ പ്രചണ്ഡമായ ആ നാള്‍വഴികള്‍ തുറക്കാനാവുമോ... ?"
"ആവും. മനുഷ്യവര്‍ഗത്തിണ്റ്റെ പ്രതിനിധിയായി, നന്‍മതിന്‍മകളുടെ നേര്‍സാക്ഷിയായി നീ മാറണം. എനിക്കും മനുഷ്യവര്‍ഗത്തിനും മദ്ധ്യേ അവരുടെ അപനിര്‍മിതിയുടെ അടയാളമായി നിന്നെ നാംനിര്‍ത്തും. "
"പിന്നെ...?" 
ഭീതി എണ്റ്റെ ശബ്ദത്തെ തൊണ്ടയില്‍വച്ചുതന്നെ കുരുക്കിയതായി ഞാനറിഞ്ഞു. പര്‍വതത്തോളം വളര്‍ന്ന നിശബ്ദതക്കൊടുവില്‍ പ്രകാശരൂപം തുടര്‍ന്നു
. "ചൂളയിലെന്നപോലെ ഭൂമി കത്തുന്ന ദിനം പിന്നീട്‌ ആസന്നമാകും. അന്ന്‌ ഹോറബിണ്റ്റെ ഈ താഴ്‌വാരം മാത്രം അഗ്നിനാവുകളില്‍നിന്ന്‌ മുക്തമായിരിക്കും. അപ്പോള്‍ ഹോറബ്‌ മനുഷ്യപാദങ്ങള്‍ക്ക്‌ അപ്രാപ്യമായ വന്‍മതില്‍ തീര്‍ക്കും. " 
"അങ്ങ്‌ വീണ്ടും അവര്‍ക്കായി ഒരു പേടകമൊരുക്കുമോ?" "തീര്‍ച്ചയായും.
"നിശ്ചയദാര്‍ഢ്യമുള്ള ആസ്വരം ഹോറബിന്റെ  ഇരുട്ടുപടര്‍ന്ന മലമടക്കുകളില്‍പ്രതിധ്വനിച്ചു.
"മനുഷ്യന്‍ തീര്‍ത്ത എല്ലാ പേടകങ്ങളും നിഷ്ഫലമാകുമ്പോള്‍ അവനുവേണ്ടി നാം മറ്റൊരു പേടകംകൂടി നിര്‍മിക്കും. അത്‌ നിന്റെ  മടക്കത്തിനായി കാത്തിരിക്കും. നീ ഭാണ്ഡത്തില്‍ നിറയ്ക്കുന്നതിനെ കടത്തിവിടാന്‍ പേടകത്തിന്റെ  കിളിവാതില്‍ ഒരിക്കല്‍മാത്രം തുറക്കും. 
" "ഭാണ്ഡം ശൂന്യമാണെങ്കിലോ... ?"
"മനുഷ്യന്റെ  നാസാരന്ധ്രങ്ങള്‍ പിന്‍തള്ളിയ കൃതഘനതയുടെ ഉച്ഛ്വാസവായുവുമായി പേടകം ഉയരും. അതിനുശേഷം ഹോറബിന്റെ താഴ്‌വാരത്തില്‍ നീ ഒരു സ്മാരകം പണിയും. മനുഷ്യവര്‍ഗത്തിന്റെ  പാപഗോപുരമെന്ന്‌ അത്‌ വിളിക്കപ്പെടും. ഈ പ്രപഞ്ചത്തിലെ എല്ലാ ഗോപുരങ്ങള്‍ക്കും മേലെയായിരിക്കും അതിണ്റ്റെ ഉയരം. ബാബേല്‍ ഗോപുരംപോലെ. എന്നാല്‍ അതൊരിക്കലും തകര്‍ക്കപ്പെടുകയില്ല. എനിക്കും മനുഷ്യവര്‍ഗ്ഗത്തിനും നടുവില്‍ വാഗ്ദാനലംഘനത്തിന്റെ  സ്മാരകമായി അത്‌ ഉയര്‍ന്നുനില്‍ക്കും.
" ഹോറബില്‍ കൂരിരുട്ട്‌ പടര്‍ന്നിരുന്നു. ശൂന്യതനിറഞ്ഞ ചോളവയലുകളിലെ കനത്ത ഇരുട്ടില്‍ ചുടുകാറ്റ്‌ വഴിയറിയാതെ പകച്ചുനിന്നു. അകലങ്ങളില്‍കണ്ട നഗരങ്ങളില്‍ അന്ധകാരം പ്രകാശമായും പ്രകാശം അന്ധകാരമായും പരിണമിച്ച്‌ ആഘോഷനൃത്തം ചവിട്ടിത്തുടങ്ങി. പ്രകാശരൂപം ഹോറബിന്റെ  മടക്കുകളില്‍ അപ്രത്യക്ഷനായി. ദൌത്യവാഹകണ്റ്റെ മേലങ്കിയണിഞ്ഞ്‌ നഗരങ്ങള്‍താണ്ടി, രാജ്യസീമകള്‍ പിന്നിട്ട്‌ ഞാന്‍ സഞ്ചരിച്ചു. മനുഷ്യണ്റ്റെ നാള്‍വഴികളില്‍ എന്റെ  കാഴ്ച ചലനമറ്റു. ഭാണ്ഡക്കെട്ടിണ്റ്റെ കുടുക്കില്‍ ഒരിക്കല്‍പോലും എണ്റ്റെ വിരല്‍ സ്പര്‍ശിച്ചതേയില്ല.
ഭീകരക്കാഴ്ചകള്‍ രേഖപ്പെടുത്തലിനായി വീണ്ടും ബാക്കിയായിരുന്നു. ഹോറബിലേക്കുള്ള മടക്കയാത്രയില്‍ എണ്റ്റെ പാദങ്ങള്‍ ചലനമറ്റു. എനിക്കു മുമ്പില്‍ വന്നുവീണ വലിച്ചെറിയപ്പെട്ട ചോരയൊലിക്കുന്ന ഒരു കൈപ്പത്തി! വെട്ടിമാറ്റപ്പെട്ട ആ കൈപ്പത്തി കിടന്നുപിടച്ചു. ദുര്‍ഗ്രാഹ്യമായ ഒരു ഞെട്ടലില്‍നിന്ന്‌ മുക്തമാകുംമുമ്പ്‌ ഒരു വിറയാര്‍ന്ന സ്വരം കേട്ടു. "ദൈവത്തിന്റെ  സംരക്ഷകന്‍ മനുഷ്യനോ... ?
" മുന്നില്‍ കിടന്നുപിടയുന്ന കൈപ്പത്തിയിലെ തള്ളവിരലാണ്‌ ആ ചോദ്യമെറിഞ്ഞത്‌. പിന്നീട്‌ മറ്റു വിരലുകള്‍ അതേ ചോദ്യം ആവര്‍ത്തിച്ചു. അതൊരു വിലാപത്തിന്റെ ഇരമ്പലായി ദിഗംബരങ്ങളില്‍ പ്രതിധ്വനിച്ചു.. മനുഷ്യശരീരങ്ങളില്‍നിന്ന്‌ മുറിച്ചുമാറ്റപ്പെട്ട അനേകം കൈപ്പത്തികളും കാല്‍പ്പാദങ്ങളും ശിരസ്സുകളും ഒരു മണല്‍ക്കൂനപോലെ എന്നെ പൊതിഞ്ഞു. ഹോറബിന്റെ  അകലങ്ങളിലെ നഗരങ്ങളിലും അവയെ ഗര്‍ഭത്തിലാക്കിയ രാജ്യങ്ങളിലും അഗ്നിനാവുകള്‍ അപ്പോള്‍ പടര്‍ന്നിറങ്ങിയിരുന്നു.മനുഷ്യദുരയുടെ പ്രതീകങ്ങള്‍ കബന്ധങ്ങളായി, കത്തുന്ന നഗരവീഥികളില്‍ കിടന്നുരുകി. മനുഷ്യന്റെ സ്വാര്‍ഥവിഗ്രഹങ്ങള്‍ ഉരുകിയൊലിച്ച്‌ കബന്ധങ്ങളെമൂടി. ഹോറബിലേക്ക്‌ ഞാന്‍ അവസാനവട്ടം മിഴികള്‍ പായിച്ചു.
രണ്ടാം പേടകം ശൂന്യമായി, ഗഗനതയിലേക്ക്‌ ഉയരുന്ന മങ്ങിയ ചിത്രം കാഴ്ചയുടെ അവസാനഫ്രെയിമില്‍ രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. ഹോറബിണ്റ്റെ കൊടുമുടിയെ വെല്ലുവിളിച്ചുകൊണ്ട്‌ ഉയര്‍ന്ന വാഗ്ദാനലംഘനത്തിണ്റ്റെ ഉത്തുംഗതയില്‍ എണ്റ്റെ ശിരസ്‌ ലോകത്തിന്റെ  പാപമാപിനിയായി.

Tuesday, 15 November 2011

ശീര്‍ഷകമില്ലാത്ത ജീവിതം




സണ്ണി തായങ്കരി

 
സ്വപ്നത്തിലെ ഭൂതം 
പുന്നപ്ര കടപ്പുറത്ത്‌ ചാകരവീണുവെന്ന വെളിപാട്‌ അദ്രുമാന്‍ റാവുത്തരുടെ മനസ്സിലേക്ക്‌ കുടഞ്ഞിട്ടുകൊണ്ട്‌ മധ്യാഹ്നം പ്രലോഭനംതീര്‍ത്ത്‌ പുറത്ത്‌ കാവല്‍നിന്നു. ഒറ്റക്കണ്ണന്‍ മാങ്ങാ ഫ്രെഞ്ചിയെയും ഗോവിന്ദപ്പിഷാരടിയെയുംകൂട്ടി ആക്രിപ്പരുവമായ സൈക്കിളില്‍ നേരെ കടപ്പുറത്തേക്ക്‌വെച്ചുപിടിച്ചു. ചാകര വീണിട്ടുണ്ടെങ്കില്‍ ഒരു കറിക്കുള്ളവക കിട്ടാതിരിക്കില്ലെന്ന്‌ അദ്രുമാന്‌ നല്ല ഉറപ്പുണ്ട്‌. തങ്ങളെക്കാള്‍ അനേകമടങ്ങ്‌ കേവുഭാരമുള്ള ജീവിതത്തെ വലിക്കാന്‍ പെടാപ്പാട്പെടുന്നവരാണല്ലോ മൂവരും.


ആശാന്‍ കളരിമുതല്‍ മൂന്നാം ക്ളാസില്‍ മൂന്നുകൊല്ലംവരെ തറയിലും ബഞ്ചിലുമായി ഇരുന്നവരുമാണ്‌. മാങ്ങാ ഫ്രെഞ്ചിയുടെ ഏക ഏര്‍പ്പാട്‌ മാങ്ങാക്കച്ചവടമാണ്‌. അതല്ലാതെ മറ്റൊരു തൊഴിലിനെപ്പറ്റിയും ഫ്രെഞ്ചി നാളിതുവരെ ചിന്തിച്ചിട്ടില്ല. മാവ്‌, മാങ്ങ, തോട്ടി എന്നിവയോട്‌ അത്രയ്ക്കുണ്ട്‌ അയാള്‍ക്ക്‌ ആത്മബന്ധം. നിവര്‍ത്തിയില്ലാതെ വരുമ്പോള്‍ മീന്‍വില്‍പനയ്ക്കായി വല്ലപ്പോഴും അദ്രുമാനൊപ്പം കൂടിയാലായി. അതും നിര്‍ബന്ധം സഹിക്കാനാവാതെ വരുമ്പോള്‍ മാത്രം. മാവുകള്‍ ഋതുമതികളാകുമ്പോള്‍ ഫ്രഞ്ചി സൈക്കിളില്‍ കറക്കംതുടങ്ങും. വീടുകളുടെ സ്ഥാനവും മാവുകളുടെ എണ്ണവും മനസ്സില്‍ കുറിച്ചുവയ്ക്കും.


മൂവാണ്ടനും കിളിച്ചുണ്ടനുമാണ്‌ നാട്ടില്‍ മുമ്പന്‍മാര്‍. മാമ്പൂവുകള്‍ കണ്ണിമാങ്ങയുടെ രൂപ പരിണാമത്തിലേക്ക്‌ വളര്‍ന്ന്‌ പൊഴിച്ചില്‍ അവസാനിപ്പിക്കുമ്പോള്‍ വിലപേശി അഡ്വാന്‍സ്‌ കൊടുക്കും. ഫ്രെഞ്ചിക്ക്‌ അതിനുള്ള കൈമുതല്‍ ഒറോതയുടെ നൂല്‍കനമുള്ള മിന്നുമാലയാണ്‌. അത്‌ ചിട്ടിക്കാരന്‍ ഔസേഫ്‌ മാപ്ളയുടെ ഇരുമ്പുപെട്ടിക്കുള്ളിലാണെങ്കില്‍ മത്സ്യമൊത്തവ്യാപാരിയായ ബീരാന്‍മുതലാളിക്ക്‌ കൊടുക്കാനുള്ള മത്സ്യത്തിന്റെ  പണം മറിക്കുകയേ നിര്‍വാഹമുള്ളു. അദ്രുമാന്‌ അതിന്‌ മടിയില്ല. ആലപ്പുഴ ഡാറാമാര്‍ക്കറ്റിലെ വിലയനുസരിച്ചാണ്‌ മാങ്ങ പറിക്കല്‍. തമിഴ്‌ നാട്ടില്‍നിന്ന്‌ വരവ്‌ കുറയുമ്പോള്‍ വിലകുതിച്ചുയരും. അപ്പോള്‍ നീളമുള്ള തോട്ടിയും ചാക്കുകെട്ടുമായി പരപരാന്ന്‌ വെളുക്കുംമുമ്പ്‌ പുറപ്പെടും.


സഹായത്തിന്‌ ഇരുവരെയുംകൂട്ടും.മാവുകള്‍ പൂക്കാത്ത കാലത്തെ കെട്ടകാലമെന്നും ഒരിക്കലും പൂക്കാത്ത മാവുകളെ മച്ചികളെന്നുമാണ്‌ ഫ്രെഞ്ചി വിളിക്കാറ്‌. ഫ്രെഞ്ചിയുടെ ശരീരം മുഴുവന്‍ മാങ്ങാച്ചൊനവീണ പാടുകളാണ്‌. കണ്ടാല്‍ പുണ്ണാണെന്നേ തോന്നൂ. കാലം കുറെയായില്ലോ ഈ പണി തുടങ്ങിയിട്ട്‌. പതിമൂന്നുവയസ്സുകാരന്റെ  പരിചയക്കുറവൊന്നും തോട്ടിയുടെ ആക്രമണത്തില്‍ പൊക്കിള്‍ക്കൊടി ബന്ധം വേര്‍പെടുന്ന വേദന അനുഭവിക്കുന്ന മാവിനറിയില്ലല്ലോ. ചുന സംഋദ്ധമായി താഴേയ്ക്ക്‌ ഒഴുകും. 
ശരീരത്തില്‍ അത്‌ പതിക്കാതിരിക്കാനുള്ള പ്രായോഗിക ബുദ്ധിയുടെ അഭാവം ഫ്രെഞ്ചിയുടെ ശരീരത്തെ പൊള്ളിച്ചു. അത്‌ ക്രമേണ പുണ്ണായി. കൈനകരി കൊവേന്ത ജട്ടിയുടെ വടക്കുള്ള നേര്യമംഗലം ഇല്ലത്തെ ഇലകാണാന്‍ സാധിക്കാത്തവിധം നിറഞ്ഞുകിടന്ന മാവില്‍നിന്ന്‌ മാങ്ങ പറിക്കുമ്പോള്‍ ഇടത്തെ കണ്ണിലേക്ക്‌വീണ ഒരു തുള്ളിചുന കാഴ്ചശക്തി കവര്‍ന്നെടുത്തുകളഞ്ഞു. നഷ്ടക്കച്ചവടമായതുകൊണ്ട്‌ വിഷ്ണുനമ്പൂതിരി കൂടോത്രം ചെയ്തെന്നാണ്‌ ഇന്നും ഫ്രെഞ്ചിയുടെ വിശ്വസം. അദ്രുമാനെയും ഫ്രെഞ്ചിയെയും സഹായിക്കുകയെന്ന ഏകലക്ഷ്യമാണ്‌ ഗോവിന്ദപ്പിഷാരടിയുടെ ജീവിതത്തിനുള്ളത്‌.അതൊരു വല്ലാത്ത ജന്‍മംതന്നെ!


ജാതീയമായ വലുപ്പമൊന്നും അയാള്‍ക്കില്ല.ദാരിദ്യ്രത്തിനുമുമ്പില്‍ ജാതിക്കുംമതത്തിനും കുലമഹിമക്കും എവിടെയാണ്‍സ്ഥാനമെന്ന്‌ സ്വന്തംസമുദായക്കാരുടെ മുഖ ത്തുനോക്കി ചോദിക്കാനുള്ള ചങ്കൂറ്റമുണ്ട്‌ അയാള്‍ക്ക്‌.മാങ്ങപറിക്കാന്‍ മാത്രമല്ല, മീന്‍ ചുമക്കാനും അയാള്‍ തയ്യാര്‍.ലാഭത്തിന്റെ പങ്ക്‌ കൃത്യമായി അദ്രുമാനും ഫ്രെഞ്ചിയുംകൊടുക്കും.സ്വര്‍ണംകൊണ്ട്‌ തുലാഭാരം നടത്താമെന്ന്‌ പറഞ്ഞാലും അദ്രുമാനെയും ഫ്രെഞ്ചിയെയുംവിട്ടുള്ള ഒരേര്‍പ്പാടിനും പിഷാരടിയെ കിട്ടില്ല. പുന്നപ്ര കടപ്പുറം ചാകരയുടെ ഉത്സാഹത്തിമിര്‍പ്പിലാണ്‌. മത്തിയും ഐലയും പൊടിമീനുമാണ്‌ ചാകരയുടെ ഉത്പ്പന്നം. അദ്രുമാന്‍ ഫ്രെഞ്ചിയുടെയും പിഷാരടിയുടെയും സഞ്ചികള്‍ വാങ്ങി പരിചയക്കാരനെ ഏല്‍പ്പിച്ചു. അയാള്‍ സഞ്ചികളില്‍ മത്തി നിറച്ചുകൊടുത്തു.


കച്ചവടത്തിനായി ഇരുനൂറുരൂപയ്ക്ക്‌ മത്തിവാങ്ങി അദ്രുമാന്‍ സൈക്കിളില്‍വച്ചുകെട്ടി.
"പൂഹേ... മത്തി... മത്തിയേ... ബരീന്‍... പെടപെടക്കണ ബെള്ളികെട്ടിയ മത്തിയേ... "
ഫ്രെഞ്ചിയും പിഷാരടിയും പിരിഞ്ഞപ്പോള്‍ അദ്രുമാന്‍ മത്സ്യവില്‍പ്പനയുടെ താളത്തില്‍ നീട്ടിവിളിച്ചു. "ഇതെന്തര്‌ ബെടക്ക്‌ കെനാവാന്റെ  പടച്ചോനെ... ഇങ്ങക്ക്‌ പിരാന്തും പുടിച്ചോ? ഒരയ്മ്പത്‌ കൊല്ലം പെറകിലാണെന്നാ ഇങ്ങടെ വിജാരം. ഹെന്റെ  റബ്ബേ..." കായുമ്മബീബി അദ്രുമാനെ കുലുക്കി ഉണര്‍ത്തി.

വര്‍ത്തമാനത്തിലെ അദ്രുമാന്‍ 
പ്രഭാതം ഏറെ വളര്‍ന്നെങ്കിലും തുലാവര്‍ഷപ്രതീതിയോടെ ആകാശം മൂടിക്കെട്ടിനില്‍പാണ്‌. 
അദ്രുമാനും അങ്ങനെതന്നെ. ഏതോ ആലോചനയില്‍ വെള്ളികെട്ടിയ താടിതടവി കിഴക്കോട്ട്നോക്കി ഒറ്റയിരുപ്പാണ്‌. കിഴക്ക്‌ മെയിന്‍ റോഡിനോട്‌ ചേര്‍ന്നുള്ള ദാറുള്‍സലാം പള്ളിയില്‍ നിസ്കാരത്തിന്‌ വട്ടംകൂട്ടുന്നവരെ മങ്ങിയ നേത്രങ്ങളില്‍ നിഴല്‍പോലെ കാണാം. പള്ളിയുടെ ഉയര്‍ന്നുനില്‍ക്കുന്ന സ്തംഭങ്ങളിലെ കോളാമ്പികള്‍ തഗ്ബീര്‍ വിളികള്‍ മുഴക്കുന്നു. എന്നാല്‍ ആ ഇരുപ്പില്‍നിന്ന്‌ അനങ്ങാന്‍പോലും അദ്രുമാന്‌ തോന്നിയില്ല. വെള്ളിയാഴ്ചയാണെന്ന്‌ ഓര്‍ക്കായ്കയല്ല. എന്നും അഞ്ചുനേരം നിസ്കരിക്കുന്ന യഥാര്‍ഥ മുസല്‍മാനാണ്‌. എന്നിട്ടും ഇന്ന്‌... ഒരുതരം നിസ്സംഗത... മനസ്സില്‍ ഒരു മുള്ളുടക്കിയതുപോലെ... രാവിലെ ഉറക്കമുണരുമ്പോള്‍ അദ്രുമാന്‌ ഒരു ഗ്ളാസ്‌ കടുംകാപ്പി നിര്‍ബന്ധമാണ്‌. അത്‌ കുടിച്ച്‌ ഒരു ബീഡി കത്തിച്ചെങ്കില്‍മാത്രമേ മുന്‍സിപ്പാലിറ്റിവക ശൌചാലയത്തില്‍ കുത്തിരിക്കാന്‍ പറ്റു. കടുംകാപ്പി ഇതുവരെ വന്നില്ല. ബീബിമാരുടെ കുഴപ്പമല്ല. കാപ്പിപ്പൊടിയും പഞ്ചസാരയും തീര്‍ന്നെന്ന്‌ മറിയുമ്മ ബീബി പറഞ്ഞിരുന്നു. പാങ്ങുള്ള പലര്‍ക്കും ശരീരത്തില്‍ പഞ്ചസാരഫാക്ടറിയുണ്ടെങ്കിലും അദ്രുമാന്‌ അതുമില്ല. 
തേയിലേന്റെ പൊടിക്കും പഞ്ചാരയ്ക്കും ഇപ്പോ സ്വര്‍ണവെലയാ. എന്നാലും അതിന്‌ മുടക്കം വന്നിട്ടില്ല. ഇന്നലത്തെ സംഭവത്തോടെ എല്ലാ മാര്‍ഗവും അടഞ്ഞു. ആദ്യ ബീബി കായുമ്മയെ നിക്കാഹ്കഴിച്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴും ഒരു കുഞ്ഞിക്കാല്‌ കാണായ്കയാലാണ്‌ മറിയുമ്മയെ രണ്ടാംഭാര്യയായി സ്വീകരിച്ചത്‌.വര്‍ഷമൊന്നുതികയുംമുമ്പ്‌ രണ്ടുപേരും പ്രസവിച്ചു. പിന്നീടങ്ങോട്ട്‌ കായുമ്മയും മറിയുമ്മയും പ്രസവകാര്യത്തില്‍ മത്സരമായിരുന്നു. പതിനെട്ട്‌ മക്കള്‍ ശടുശടേന്ന്‌ പെറ്റുവീണു! എല്ലാം ആണ്‍തരികള്‍. വിശപ്പറിയിക്കാതെ എല്ലാറ്റിനേയും വളര്‍ത്തി. അദ്രുമാന്റെ  ഭാഷയില്‍ പപ്പുംപൂടയുംവച്ചപ്പോള്‍ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട നെറിയില്ലാത്ത പരുന്തുകള്‍ പ്രലോഭപ്പിച്ച്‌ ഓരോരുത്തരെയായി കൊത്തിക്കൊണ്ടുപോയി. മറിയുമ്മയുടെ രണ്ടാമത്തെ മകന്‍ മുനീറ്‌ ആക്രിക്കച്ചവടംനടത്തി വാര്‍ധക്യത്തില്‍ താങ്ങും തണലുമായി കൂടെനിന്നു.
പക്ഷേ, കള്ളനോട്ടുമായി അവനെ പോലീസ്‌ പിടിച്ചപ്പോള്‍... ആ ഹിമാറ്‌ ഏതോ തീവ്രവാദിഗ്രൂപ്പിന്റെ  ഏജണ്റ്റാണത്രേ! തകര്‍ ന്നുപോയി. ബന്ധം വെട്ടിമുറിക്കാന്‍ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. പെറ്റുവീണ രാജ്യത്തെ ദ്രോഹിക്കുന്ന ഒരുത്തനും അദ്രുമാന്‍ ജന്‍മംകൊടുത്തിട്ടില്ലെന്നും അങ്ങനെയുള്ളവരുടെ ബാപ്പയാണ്‌ താനെന്നത്‌ യത്തീങ്ങളുടെ അവകാശവാദമാണെന്നും പ്രഖ്യാപിച്ച്‌ പുത്രസ്നേഹത്തെ ശവമഞ്ചത്തില്‍ അടക്കി. എന്നിട്ടും തീവ്രവാദികളുടെ ബാപ്പയെന്ന സ്ഥാനം... ആളുകള്‍ സംശയത്തോടെ നോക്കുമ്പോള്‍ നെഞ്ചുപൊട്ടുന്ന വേദന... അദ്രുമാന്‌ ആരുടെയും മുഖത്ത്‌ നോക്കാന്‍ സാധിക്കുന്നില്ല.




രാജ്യദ്രോഹിയുടെ ബാപ്പയെന്ന ബഹുമതി ജീവിക്കാനുള്ള സകല വഴികളെയും കൊട്ടിയടച്ചിരിക്കുന്നു. ആ ഇരിപ്പിലിരുന്ന്‌ അദ്രുമാന്‍ റാവുത്തര്‍ ഒന്നുമയങ്ങിപ്പോയി.

ഫ്രെഞ്ചിയും വേളാങ്കണ്ണി മാതാവും
കൊട്ടാരസദൃശ്യമായ വീടിന്റെ  വിശാലമായ സിറ്റൌട്ടിലിലെ വീട്ടിയില്‍ തീര്‍ത്ത ആട്ടുകട്ടിലില്‍ കിടന്ന്‌ ഫ്രെഞ്ചി ആരോടോ മൊബൈലില്‍ കയര്‍ത്തു സംസാരിക്കുകയാണ്‌. 
പുണ്ണുപിടിച്ച കറുത്തുതടിച്ച വലിയ ശരീരമാണ്‌ അയാളുടേത്‌. നെഞ്ചിലെ നരച്ചരോമങ്ങള്‍ക്കിടയില്‍ തൂങ്ങപ്പെട്ട രൂപമുള്ള കുരിശോടുകൂടിയ കനമേറിയ സ്വര്‍ണച്ചെയിന്‍ കിടന്ന്‌ തിളങ്ങുന്നു. പ്രൌഢിയുടെ ചിഹ്നമായി രണ്ടു വിദേശനിര്‍മിത ലക്ഷ്വറി കാറുകള്‍ പോര്‍ച്ചില്‍ വിശ്രമിക്കുന്നുണ്ട്‌. വടക്കുവശത്താണ്‌ ചാപ്പലും ധ്യാനകേന്ദ്രവും. അവിടുത്തെ ദൃശ്യങ്ങളെല്ലാം അപ്പപ്പോള്‍ കാണുന്നതിനായി സര്‍ക്യൂട്ട്‌ ടി.വി. സിറ്റൌട്ടില്‍ സ്ഥാപിച്ചിട്ടുണ്ട്‌. 

ഒരു ഡിക്ടറ്റീവിന്റെ  സംശയത്തോടെ ഫ്രെഞ്ചിയുടെ കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക്‌ ടി.വി.സ്ക്രീനിലേക്ക്പായും. ധ്യാനകേന്ദ്രം ഭക്തരെക്കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. തീയോളജി കലക്കികുടിച്ച ധ്യാനപ്രസംഗകന്‍ കഥ കളും ഉപകഥകളുമായി കത്തിക്കയറുകയാണ്‌. വെള്ളിയാഴ്ച ദിവസങ്ങളില്‍ തിരക്ക്‌ കൂടും.ഭക്തരുടെ മുഖ ഭാവത്തില്‍നിന്നറിയാം അന്നത്തെ സ്തോത്രകാഴ്ചയുടെ കനം.
പിരിവെടുക്കുന്നത്‌ ഭാര്യ ഒറോതയാണ്‌. മക്കള്‍ തോമസുകുട്ടിക്കും ജോയിച്ചനും ഫൈനാന്‍സിലും സ്വര്‍ണബിസ്സിനസ്സിലുമാണ്‌ കമ്പം. ധ്യാനം അവരുടെ അന്തസ്സിന്‌ ചേര്‍ന്നതല്ലത്രേ! എമ്പോക്കികള്‌... വന്ന വഴി മറന്നവര്‍... ഒറോതയെ സത്യത്തില്‍ സ്തുതിക്കണം. പെണ്‍ബുദ്ധി പിന്‍ബുദ്ധിയെന്ന്‌ പരിഹസിക്കുമെങ്കിലും ഒറോതയുടെ ബുദ്ധി പൊന്‍ബുദ്ധിതന്നെയാണ്‌ എന്നതാണ്‌ സത്യം. മാവുകളൊന്നും പൂക്കാത്ത ഒരുകാലം.നാടായ നാടൊക്കെ സൈക്കിള്‍ ചവിട്ടി മടുത്തു.ഒരു ചമ്മന്തിക്കു പോലും നാട്ടില്‍ മാങ്ങാ കിട്ടാനില്ല. പട്ടിണി അസഹ്യമായപ്പോഴാണ്‌ കാടുംപടലും പിടിച്ചുകിടന്ന ആ തുണ്ടുഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത്‌. പൂര്‍വികര്‍ പണ്ടെന്നോ അവിടെ ഒരു കുരിശടി സ്ഥാപിച്ചിരുന്നു. സിമിന്റില്‍തീര്‍ത്ത ആ കുരിശ്‌ കാലപ്പഴക്കത്തില്‍ സിമിന്റ് അടര്‍ന്ന്‌ ഒരു സ്കെല്‍ട്ടണ്‍പോലെ കാണപ്പെട്ടു.



"ഓ, അത്‌ മേടിക്കാന്‍ ശീമേന്ന്‌ വരും സായ്പ്‌... അവിടം വെട്ടിത്തെളിച്ച്‌ ഒരു ധ്യാനകേന്ദ്രം തൊടങ്ങിയാല്‍ എനിക്കീയോട്ടം നിര്‍ത്താം. " "ഒലക്കേടെ മൂട്‌. അണ്ണാക്കിലേക്കിടാന്‍ കുഴീപ്പോയ നിണ്റ്റെപ്പന്‍ കൊണ്ടുത്തരുമോടി?"
"ദേ, എണ്റ്റപ്പന്‌ പറഞ്ഞാലുണ്ടല്ലോ. നിങ്ങടെ തല വലുതാണേലും അതിന്ററെകത്ത്‌ ചകിരിച്ചോറാന്ന്‌ ഞാമ്പറേണത്‌ വെറുതെയല്ല. ധ്യാനകേന്ദ്രം തൊടങ്ങിയാല്‌ ജനത്തോടൊപ്പം പണോം വരും. നമ്മടവീതം എടുത്താ ആരാ കൈയേപ്പിടിക്കുന്നെ?




സീസര്‍ക്കൊള്ളത്‌ സീസറിന്‌, ദൈവത്തിനൊള്ളത്‌ ദൈവത്തിനെ ന്നല്ലേ നമ്മട ബൈബിളിത്തന്നെ പറഞ്ഞേക്കുന്നേ... " ഒറോതേടെ ബുദ്ധി തരക്കേടില്ലല്ലോയെന്ന്‌ ഫ്രെഞ്ചി ഓര്‍ത്തു. "ഞാന്‍ പോകാത്ത ധ്യാനകേന്ദ്രങ്ങള്‌ ഈ ഭൂമി മലയാളത്തിലെവടെക്കെടക്കുന്നു മനുഷേനെ. ഓരോത്തടത്തും നോട്ട്‌ കുമിഞ്ഞുകൂടുവാ. അല്ല, അതെങ്ങനാ. ഇതിയാന്‍ ഏതേലും ധ്യാനകേന്ദ്രം കണ്ടിട്ടു വേണ്ടേ? വയസ്സാന്‍ കാലത്തും നിരീശ്ശരത്തം പറഞ്ഞിരിപ്പല്ലേ? പ്രയോജനമുള്ള കാര്യമാണെങ്കില്‌ ഈശ്ശ രത്തം പറഞ്ഞാലും നിരീശ്ശരത്തം പറഞ്ഞാലും കൊഴപ്പമില്ല. എന്റെ വേളാങ്കണ്ണി മാതാവേ, ഈ മനുഷേനെക്കൊണ്ട്‌ ഞാന്‍ തോറ്റു. തോട്ടിയിട്ട്‌ നാലുമാങ്ങാ പറിക്കാനല്ലാതെ ഇതിയാനെക്കൊണ്ട്‌ എന്താ പ്രജോ യനം?" ഒറോത തലയില്‍ കൈവച്ച്‌ സ്വയം ശപിച്ചു. എന്തും അനുഭവിച്ചറിയുന്നതല്ലേ ബുദ്ധി?


ഫ്രെഞ്ചി വൈകാതെ ഒറോതയുടെ കൂടെ ധ്യാനകേന്ദ്രത്തിലേക്ക്‌ പോയി. നൂല്‍പരുവത്തില്‍ പൊട്ടിക്കിടന്ന മിന്നുമാല വിറ്റപ്പോള്‍ കുരിശടിയോട്‌ ചേര്‍ന്ന്‌ ഒരു ഓലഷെഡ്‌ തയ്യാറായി. കുരിശിന്റെ കേടുപാടുകള്‍ തീര്‍ത്തു. വികാരിയച്ചനെ സ്വാധീനിച്ച്‌ ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ ഇട്ട്പൂട്ടിയിരുന്ന കുശിനിയുടെമൂലയില്‍ ചപ്പുചവറുകള്‍ക്കിടയില്‍ അനാഥമായിക്കിടന്ന അംഗവൈകല്യ മുള്ള വേളാങ്കണ്ണി മാതാവിന്റെ പ്രതിമ സംഘടിപ്പിച്ചു. കേടുപാടുകള്‍തീര്‍ത്ത്‌ പെയ്ന്റടിച്ച്‌ കുരിശടിയില്‍ സ്ഥാപിച്ചു. മെഴുകുതിരി കത്തിക്കലും പ്രാര്‍ഥനയും ആരംഭിച്ചു. കിഴക്ക്‌ വെള്ളകീറിയിട്ടില്ല. വലിയ കരച്ചിലും അലര്‍ച്ചയും കേട്ടാണ്‌ അയല്‍ക്കാര്‍ ഞെട്ടിയുണര്‍ന്നത്‌. അവര്‍ ഫ്രെഞ്ചിയുടെ ധ്യാനകേന്ദ്രത്തിലേക്ക്‌ ഓടി. ഒറോതയും ഫ്രെഞ്ചിയും ഉന്‍മത്തരെപ്പോലെ മുട്ടിന്‍മേല്‍നിന്ന്‌ കൈകള്‍ വിരിച്ചുപിടിച്ച്‌ അലറിവിളിക്കുകയാണ്‌...


ജനം അമ്പരന്ന്‌ നോക്കുമ്പോള്‍ പ്രതിമയുടെ കണ്ണുകളില്‍നിന്ന്‌ രക്തം ഒലിച്ചിറങ്ങുന്നു... !

ഗോവിന്ദപ്പിഷാരടിയും ഗണപതിയും
വാസ്തുശാസ്ത്രം അണുവിട തെറ്റിക്കാതെയും ക്ഷേത്രമര്യാദകള്‍പാലിച്ചുകൊണ്ടും നിര്‍മിച്ച ഗോവിന്ദപ്പിഷാരടിയുടെ നാലുകെട്ടോടുകൂടിയ ബംഗ്ളാവ്‌ തെക്കോട്ട്‌ ദര്‍ശനമായി നിലകൊള്ളുന്നു. വാസ്തുശാസ്ത്രഗുരു തണ്ണീര്‍മുക്കം രാമപ്പൊതുവാളിന്റെ  കര്‍ശനനിയന്ത്രണത്തില്‍ ഭവനം നിര്‍മിച്ചതുകൊണ്ടാണ്‌ അടിക്കടി പുരോഗതി ഉണ്ടാകുന്നതെന്ന്‌ പിഷാരടി പലരോടും രഹസ്യമായും പരസ്യമായും സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും സത്യമതല്ലെന്ന്‌ അയാള്‍ക്കും കേള്‍ക്കുന്നവര്‍ക്കും അറിയാം. ടൂറിസ്റ്റുബിസ്സിനസ്സാണ്‌ മക്കള്‍ക്ക്‌. ഹൌസ്‌ ബോട്ടുകളും റിസോര്‍ട്ടുകളും നക്ഷത്രഹോട്ടലുകളുമായി അവര്‍ കോടികള്‍ കൊയ്യുന്നതു കാണുമ്പോള്‍ അസൂയപ്പെടുന്നവരോട്‌ പിഷാരടിക്ക്‌ സഹതാപമേയുള്ളു.



പിഷാരടി കുളിച്ച്‌ കുറിതൊട്ട്‌, തന്റെ ഇഷ്ടദേവനായ ഗണപതിയെ മനസ്സില്‍ ധ്യാനിച്ച്‌ തെക്കോട്ട്‌ മിഴികള്‍ പായിച്ച്‌ ഇരിക്കുകയാണ്‌. നേരെ കാണുന്നതാണ്‌ പിഷാരടിയുടെ കുടുംബവകയായ ശ്രീ ഗണപതി ക്ഷേത്രം. നൂറ്റാണ്ടകളായി പൂജ നടക്കാറില്ല.

വെളിച്ചം കടക്കാത്തവിധം പാഴ്മരങ്ങളും ചെടികളും വളര്‍ന്ന്‌ പാമ്പുകളുടെ പ്രജനന കേന്ദ്രമായി മാറിയിരുന്നു അവിടം. താഴിക്കുടംപോലും പാഴ്മരങ്ങള്‍ മറച്ചുകളഞ്ഞു. അതിനുള്ളില്‍ ഒരു ക്ഷേത്രമുണ്ടായിരുന്നോ എന്നുപോലും പുതുതലമുറ സംശയിച്ചു.


അനാരോഗ്യം അദ്രുമാനെ മീന്‍ കച്ചവടത്തില്‍നിന്നും ധനം ഫ്രെഞ്ചിയെ മാങ്ങാ കച്ചവടത്തില്‍നിന്നും അകറ്റിയപ്പോള്‍ വലഞ്ഞുപോയത്‌ പിഷാരടിയാണ്‌. ജീവിതവും മരണവും തുല്യ ശക്തികളായി മുന്നില്‍നിന്ന്‌ വെല്ലുവിളിക്കുമ്പോള്‍ ഫ്രെഞ്ചി ദേവദൂതനെപ്പോലെ കയറിവന്നു. പിഷാരടിയുടെ ചെവിയിലേക്ക്‌ ചുണ്ടുകള്‍ചേര്‍ത്ത്‌ ഫ്രെഞ്ചി അയാളുടെ ഇല്ലായ്മയിലേക്ക്‌ സമ്പത്തിന്റെ  നിധികുഭം കുടഞ്ഞിട്ടു. ഗണപതി വിഗ്രഹം പാല്‍കുടിക്കുന്നുവെന്ന വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു.
ജനം ക്ഷേത്രത്തിലേക്ക്‌ ഓടി. നേരില്‍ കണ്ടവരും പരീക്ഷിച്ചവരും സാഷ്ടാംഗംവീണ്‌ തൊഴുതു. ക്ഷേത്രം തീര്‍ഥാടനകേന്ദ്രമായി.

മയക്കത്തില്‍നിന്ന്‌ ഉണര്‍ന്ന അദ്രുമാന്‍ റാവുത്തര്‍ അധര്‍മത്തിലേക്കുള്ള വാതായനങ്ങള്‍ തുറക്കുന്ന ഒരു ഭീകരശക്തി സമീപമെത്തിയതറിഞ്ഞ്‌ ഞെട്ടിവിറച്ചു. നിസ്കാരം കഴിഞ്ഞ്‌ ശൂന്യമായ പള്ളിയുടെ അകത്തളംപോലെ അയാളുടെ ഹൃദയം അപ്പോള്‍ ശൂന്യമായിരുന്നു.


Thursday, 13 October 2011

മൃത്യുദൂരങ്ങളിലെ യാത്രികർ


സണ്ണി തായങ്കരി
 
മുനിയാണ്ടിയുടെ വലിയ വട്ടക്കണ്ണുകൾ കോൺക്രീറ്റ്‌ തൂണുകൾക്കിടയിലുള്ള ദ്വാരത്തിലൂടെ ദൂരെ തിരതെറുക്കുന്ന കടലിന്റെ ഇരുൾ നിറഞ്ഞ അഗാധതയിൽ തുറിച്ചുനിൽക്കുകയായിരുന്നു.

   തിരമാലകൾ ക്രൂരമായ ആവേശത്തോടെ ആലിംഗനം ചെയ്ത്‌ ദുർബലമാക്കിയ അസംഖ്യം ഇരുമ്പുതൂണുകളിൽ ഉയർന്നുനിൽക്കുന്ന കടൽപ്പാലം മാംസം അഴുകി കശേരുക്കൾ തകർന്ന ഒരു ജിറാഫിന്റെ അസ്ഥിപജ്ഞരംപോലെയുണ്ട്‌. കടൽപ്പാലത്തിന്‌ കിഴക്ക്‌ കപ്പലുകൾക്ക്‌ ദിശാബോധം നൽകി നിരന്തരം ചുറ്റിയടിക്കുന്ന ചുവപ്പും വെള്ളയും പെയ്ന്റിൽ തിളങ്ങുന്ന ലൈറ്റ്‌ ഹൗസിന്‌ വടക്കായി തകർന്നുതുടങ്ങിയ പാണ്ടികശാലക്ക്‌ പിന്നിലാണ്‌ ആ ഇടം. ഇഴജന്തുക്കളും ക്ഷുദ്രജീവികളും നിർഭയം രാപ്പാർക്കുന്നിടം. നൂറ്റാണ്ടുകൾക്കുമുമ്പ്‌ പാണ്ടികശാലയ്ക്കുവേണ്ടി നിർമിച്ചതിൽ മിച്ചംവന്ന കോൺക്രീറ്റുതൂണുകൾ മണ്ണിനടിയിൽനിന്ന്‌ പൊക്കിയെടുത്ത്‌ സമചതുരാകൃതിയിൽനാട്ടി മുകളിലും ചുറ്റിലും ഓലഷീറ്റുമേഞ്ഞ്‌ ബന്ധവസ്സാക്കി. അന്യരുടെ കണ്ണും കാൽപ്പാദവും എത്തിപ്പെടാത്ത സുരക്ഷിതസങ്കേതം തയ്യാറാക്കിയെടുത്തത്‌ മുനിയാണ്ടിയാണ്‌.മേൽക്കൂരയും ഭിത്തിയും കാലപ്പഴക്കത്തിൽ പാഴ്ച്ചെടികൾ ചുറ്റിവരിഞ്ഞ്‌ സുരക്ഷിതമാക്കി! നിബിഢവനംപോലെ തോന്നിക്കുമാറ്‌ വളർന്നുനിൽക്കുന്ന ഒരാൾ പൊക്കമുള്ള പാഴ്ച്ചെടികൾ വകഞ്ഞുമാറ്റി അവിടെയെത്താൻ മുനിയാണ്ടിക്കല്ലാതെ മറ്റാർക്കാണ്‌ കഴിയുക? ആ പ്രദേശത്തിന്റെ കാളിമതന്നെയാണ്‌ അവിടെ പകലിനെ രാത്രിയായും രാത്രിയെ അമാവാസിയാക്കിയും മാറ്റിയത്‌.

   ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാ വിഘാതങ്ങളെയും അതിജീവിച്ച്‌ ഇടിഞ്ഞുവീഴാറായ കാടും പട ലും നിറഞ്ഞ തുറമുഖ ഓഫീസിനും ജീർണിച്ച പാണ്ടികശാലയ്ക്കും ഇടയിലൂടെ കടൽക്കാഴ്ചകളിലേ ക്കും കടപ്പുറക്കാഴ്ചകളിലേക്കും തുറക്കുന്ന ഋജുവായ ഒരു ദൃശ്യമാപിനി ആ രഹസ്യസങ്കേതത്തിനുണ്ടായിരുന്നു. മുനിയാണ്ടി തെളിച്ചെടുത്തുവേന്ന്‌ പറയുന്നതാകും ഉചിതം.
   മുനിയാണ്ടിയുടെ വട്ടക്കണ്ണുകൾക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. അത്‌ അയാളുടെ കണ്ണുകളുടെ ജനിതക വിശേഷമോ ശ്രുതിഭംഗംവന്ന കാലത്തിന്റെ പ്രത്യേകതയോ എന്നറിയില്ല. ഏതായാലും രാത്രികാലങ്ങളിലേക്ക്മാത്രം തുറക്കുന്ന ആ കണ്ണുകളുടെ റെറ്റിനയിൽ തെളിയുന്നതെല്ലാം അരുതായ്മകളായിരുന്നു. വൈ.എം.സി.എയ്ക്ക്‌ കിഴക്ക്‌ വാടക്കനാലിന്റെ വടക്കേ തീരത്തുണ്ടായിരുന്ന പഴയ രാധാ ടാക്കിസിന്റെയും കൈചൂണ്ടി ജംഗ്ഷനിലുള്ള വിദ്യാ തീയറ്ററിന്റെയും(ടാക്കീസും തീയറ്ററുമെല്ലാം അടിപൊളി സൂപ്പർ മാർക്കറ്റുകളായി രൂപാന്തരപ്പെടുന്ന കാലമാണല്ലോ ഇത്‌) പ്രോജക്ടറിന്റെ കണ്ണുകൾ പതിയുന്ന വെളുത്ത സ്ക്രീനിൽ അശ്ലീലവും കൊള്ളയും കൊലയും മാത്രം നിറയുന്നതുപോലെ!

   രാത്രീഞ്ചരനായ മുനിയാണ്ടിയുടെ കണ്ണുകളിൽനിന്ന്‌ അരുതാക്കാഴ്ചകളൊന്നും ഒരു കാലത്തും തെന്നിമാറിയിട്ടില്ല. കടൽപ്പാലത്തിന്റെ മുകളിൽ പാതിദ്രവിച്ച തേക്കിൻ പലകയിൽ കമഴ്‌ന്നുകിടന്ന്‌, തിരമാലകൾ തല്ലിയാർക്കുമ്പോൾ ചിതറിത്തെറിക്കുന്ന ഉപ്പുവെള്ളത്തിന്റെ സൂക്ഷ്മകണികകളിൽ കുതിർന്ന്‌, കടൽപ്പാലത്തിനടിയിൽ തെളിമണലിൽ സൃഷ്ടിക്കപ്പെടുന്ന കാമിനീയതയുടെ രതിക്രീഡകൾ ആവോളം ആസ്വദിച്ചിട്ടുണ്ട്‌. വിജയാപാർക്കിന്‌ സംരക്ഷണ ഭിത്തിയായി അടക്കിയിരിക്കുന്ന കരിങ്കൽവിടവിൽ ഇണചേരുന്ന രഹസ്യകാമുകരേയും മുനിയാണ്ടിയുടെ വട്ടക്കണ്ണുകൾ കാണാതിരുന്നിട്ടില്ല. തട്ടിക്കൊണ്ടുവന്ന പെൺകുട്ടിയെ മദ്യപിച്ച്‌ ലക്കുകെട്ട മന്ത്രിപുത്രന്മാരടങ്ങിയ കുബേരകുമാരന്മാർ ലക്ഷ്വറികാറിലിട്ടും ചൊരിമണലിലിട്ടും മാറിമാറി ബലാൽസംഗം ചെയ്യുന്നതും ജീവനും മരണവും പെൺകുട്ടിയിൽ കൊമ്പുകോർക്കുമ്പോൾ ഇരുകൈകളിലും കൊലുസ്സിട്ട കാലുകളിലും പിടിച്ച്‌ ഊഞ്ഞാലാട്ടി കടലിലേക്ക്‌ എറിയുന്ന ദൃശ്യവും മുനിയാണ്ടിയുടെ കണ്ണുകളിൽനിന്ന്‌ വഴുതിപ്പോയിട്ടില്ല. നിയമപാലകരെ സാക്ഷിനിർത്തി(നക്കാപ്പിച്ച കിട്ടിയാൽ കണ്ണടച്ചും അടയ്ക്കാതെയും വിട്ടുവീഴ്ചചെയ്യാത്ത എത്ര പോലീസുകാരുണ്ട്‌ ഈ രാജ്യത്ത്‌) സർക്കാരിന്റെ വകയായ കടൽപ്പാലത്തിൽനിന്ന്‌ നട്ടുംബോൾട്ടുമിളക്കി കൂറ്റൻ തേക്കിൻകഴകളും ഇരുമ്പുകേഡറുകളും ചുമന്ന്‌ ലോറിയിൽ കയറ്റി കൊണ്ടുപോകുന്നതും നിരവധി തവണ കണ്ടു.

   നടുക്കടലിൽ അർധരാത്രിയിൽ സ്പീഡുബോട്ടുകളിൽനിന്ന്‌ പത്തേമാരികളിലേക്ക്‌ കടത്തുന്ന ഭീമൻ പെട്ടികൾ നഗരമധ്യത്തിലേക്ക്‌ കൊണ്ടുപോകുന്നത്‌, പത്തേമാരികളിൽ കയറ്റുന്ന വലിയ പെട്ടികൾ പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ എത്തിക്കുന്നത്‌, കൊലചെയ്യപ്പെട്ടവരുടെ ശവം കല്ലുകെട്ടി കടലിൽ താഴ്ത്തുന്നത്‌ തുടങ്ങി വൈവിധ്യമുള്ള അരുതാക്കാഴ്ചകളുടെ എത്ര ഫ്രെയിമുകളാണ്‌ മുനിയാണ്ടിയുടെ കണ്ണുകളിൽ സജീവമായി നിലനിൽക്കുന്നത്‌!

   മാഫിയ സംഘങ്ങളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും അഴിഞ്ഞാട്ടം രാത്രികാലങ്ങളിൾ കൂടുതൽ രൗദ്രവും ഭീകരവുമാകും.വേട്ടക്കാരും ഇരകളും ഓട്ടമത്സരം നടത്തുന്ന വേദിയും ഇതുതന്നെ.നഗരത്തിലെ ഏതെങ്കിലും ബാറിൽനിന്ന്‌ ഓട്ടം ആരംഭിച്ച്‌ പടിഞ്ഞാറേയ്ക്കോടി ആസ്പിൻവാൾ കമ്പനിയും ഗുജറാത്തി സ്ട്രീറ്റിലെ ജയിൻ മന്ദിറിന്റെമുമ്പിലെ ഇടുങ്ങിയ റോഡുംകടന്ന്‌ മുപ്പാലത്തിലെത്തുമ്പോൾ ഇരയ്ക്ക്‌ സംശയം.

ഒരു രക്ഷയ്ക്കെന്നോണം എസ്‌.പി. ഓഫീന്‌ മൂന്നുവട്ടംവലംവച്ച്‌ വീണ്ടും പടിഞ്ഞാറേക്ക്‌.നിലം പൊത്താ റായ പഴയ കൺസ്യൂമർ പ്രോട്ടക്ഷൻ കോടതികെട്ടിടവും രാജാകേശവദാസ്‌ സ്വിമ്മിംഗ്പൂളും പിന്നിട്ട്‌ ചെല്ലുമ്പോൾ അതാ, മുന്നിൽ വിഘാതമായി മതിൽ! ദുർബമായ പൊട്ടിപ്പൊളിഞ്ഞ മതിൽ ചാടിയിറങ്ങുമ്പോഴേയ്ക്കും ഇരട്ടപ്പാതയുടെ അഭാവത്തിൽ സിംഗിൾ ട്രാക്കുനിറഞ്ഞ്‌ ചലിക്കുന്ന വൻമതിൽപോലെ ആർത്തലച്ചെത്തുന്ന രാത്രിവണ്ടികണ്ട്‌ ഇര അന്ധാളിച്ചു നിൽക്കും. റെയിൽപ്പാളത്തിന്റെ ഇടത്തെ കേഡറിനിപ്പുറം പണ്ടെന്നോ വിരിച്ച ചിതറിത്തെറിച്ച വലിയ മെറ്റൽ കഷണങ്ങൾക്കു മുകളിലൂടെ ഓടി, റെയിൽ ഗേറ്റ്‌ കടന്ന്‌ സ്റ്റേറ്റ്ബാങ്കും പിന്നിട്ട്‌ കടപ്പുറത്തിന്റെ വിശാലതയിലെത്തും. ഇന്ദിരാഗാന്ധി എഴുപത്തേഴിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി വന്നിറങ്ങിയ തകർന്നുതരിപ്പണമായ ഹെലിപ്പാഡ്‌ ചുറ്റുന്നതിനപ്പുറത്തേയ്ക്ക്‌ ഇരയ്ക്ക്‌ പിടിച്ചുനിൽക്കാനാവില്ല. അപ്പോഴേയ്ക്കും തൂവെള്ള മണൽ പുന്നപ്ര വയലാർപോലെ ചുവക്കും.

   അവസാന ഫ്രൈമിൽ ഒന്നുകൂടി കണ്ടു. മൂന്നു പൂവാലന്മാർ ക്ലാസ്മേറ്റുകളായ മൂന്ന്‌ കിളുന്ത്‌ ഗ്രാമീണ പെൺകുട്ടികളെ പ്രലോഭിപ്പിച്ചുകൊണ്ടുവന്ന്‌ ഇടിഞ്ഞുപൊളിഞ്ഞ തുറമുഖ വകുപ്പിന്റെ മേൽക്കൂരയില്ലാത്ത കെട്ടിടത്തിൽവച്ച്‌ പെൺനഗ്നതയുടെമേൽ പ്രായത്തിന്‌ അനുയോജ്യമല്ലാത്ത പുരുഷകൊടുങ്കാറ്റ്‌ അഴിച്ചുവിടുന്നത്‌. അപരന്മാർ അത്‌ മൊബെയിൽ ക്യാമറയിൽ ദൃശ്യാവിഷ്കാരം നടത്തുന്നതും...
                                    ***                ***               ***
    തിരുനൽവേലിയിലെ ഏതോ കുഗ്രാമത്തിൽനിന്നെത്തിയ അനാഥബാലൻ ചിന്നാണ്ടി മേട്ടുപ്പാളയം കാലിച്ചന്തയിൽ തന്റെ മുപ്പതുകളിൽ മുടിചൂടാമന്നനായിരുന്നു. കാളക്കൂറ്റനുതുല്യം ശക്തൻ. എന്തിനുംപോന്നവൻ. ആരേയും കൂസാത്ത പ്രകൃതം. കൊമ്പൻ മീശയും വലിയ കൃതാവും പഴയ ഹിപ്പിസ്റ്റൈലിൽ വെട്ടിനിർത്തിയ മുടിയും ചിന്നാണ്ടിയെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കി. ചിന്നാണ്ടിയുടെ നിയമം കാലികൾക്കും കാലികളുടെ നേർസ്വഭാവമുള്ള മനുഷ്യർക്കും ലംഘിക്കാൻ ധൈര്യമുണ്ടായില്ല. വഞ്ചനയ്ക്ക്‌ കഠാരിപ്പിടിയുടെ ചൂടാണ്‌ പ്രതിഫലമായി അയാളെന്നും വിധിച്ചതു. 

   ഒരിക്കൽ  ചിന്നാണ്ടിയുടെ അഭാവത്തിൽ അയാളുടെ ഇളക്കമുള്ള പൊണ്ടാട്ടിയെ അപരിചിതമായ പുരുഷസുഖം നൽകി കയ്യടക്കിക്കളഞ്ഞു കാമത്തിൽ എന്നും കഴുകക്കണ്ണുള്ള പങ്കുകാരൻ അണ്ണാച്ചി വേലുച്ചാമി. വേലുച്ചാമിയുടെയും പൊണ്ടാട്ടിയുടെയും സ്ഥൂലിച്ച ശരീരപ്രകൃതിവച്ച്‌ കഠാരിയുടെ നീളം ഇരുവർക്കും തികയില്ലെന്നറിയുന്ന ചിന്നാണ്ടി കൊല്ലക്കുടിയിൽ സൂചി വിൽക്കാനെത്തി അവിടുത്തെ മൂപ്പനായി മാറിയ തങ്കയ്യമൂപ്പൻ പഴുപ്പിച്ച്‌ തല്ലി മൂർച്ചവരുത്തി നൽകിയ വാൾ രതിക്രീഡ ഉത്തുംഗതയിലെത്തിയ വേളയിൽ ഇരുമെയ്യകളേയും കോർമ്പിലിൽ മത്സ്യമെന്നപോലെ കോർത്തുനിർത്തി. തെളിവുകൾ നശിപ്പിക്കാൻ ചിന്നാണ്ടിക്ക്‌ സമയം കിട്ടുംമുമ്പ്‌ പോലീസിന്റെ പിടിയിൽനിന്ന്‌ തലനാരിഴയ്ക്ക്‌ രക്ഷപ്പെട്ടു. കരുതിക്കൂട്ടിയുള്ള ഇരട്ടക്കൊലപാതകത്തിന്റെ ശിക്ഷ കൊലക്കയറിൽ കുറഞ്ഞതൊന്നുമാവില്ലെന്ന ബോധ്യത്തോടെ ഒളിവുസങ്കേതംതേടി അലയുമ്പോഴാണ്‌ കാലിബ്രോക്കർ കാളയവുതയെ കണ്ടുമുട്ടുന്നത്‌.

   ചങ്ങനാശ്ശേരി ചന്തപ്പുറത്തെ മാട്ടിറച്ചി വെട്ടുകാരൻ കോന്ത്രൻ കീവറീതിന്റെ ദ്വിതീയ പുത്രൻ അവുത വട്ടിപ്പലിശക്കാരനെ കുത്തിമലർത്തി ഒളിച്ചോടി രായ്ക്കുരാമാനം മേട്ടുപ്പാളയം കാലിച്ചന്തയിൽ എത്തിയത്‌ ഫ്ലാഷ്‌ ബാക്ക്‌. അന്ന്‌ കഥയറിഞ്ഞ്‌ തുണച്ചതു ചിന്നാണ്ടി. അവുത വൈകാതെ മേട്ടുപ്പാളയത്തിന്റെ സ്വന്തം കാളയവുതയായി.

   പ്രത്യുപകാരമെന്നേ പറയേണ്ടു. കാളയവുത ഒരു ആജാനബാഹുവിനെ പരിചയപ്പെടുത്തുന്നു. മലയാളത്താനാണ്‌. മുട്ടോളമെത്തുന്ന സ്വർണവർണമുള്ള മൽമൽ ജൂബ്ബയും നീലക്കരയൻ തൂവെള്ള ഡബിൾ വേഷ്ടിയുമാണ്‌ വേഷം. കഴുത്തിൽ കട്ടിയേറിയ കയർപിരിയൻ സ്വർണച്ചെയിൻ. വിരലുകളിൽ നിറയെ തിടിച്ച മോതിരങ്ങൾ. ഇടതുകൈയിൽ ബ്രേസ്ലെറ്റ്‌. ആളൊരു പണച്ചാക്ക്‌! സ്വതസിദ്ധമായ കൂസലില്ലായ്മയോടെ ചിന്നാണ്ടി അപരിചിതന്റെ മുമ്പിൽ തലയുയർത്തി നിന്നു.
   "ആലപ്പൊഴേലെ പെരുത്ത കയറുമൊതലാളിയാ..." കാളയവുത പരിചയപ്പെടുത്തി.
   ചിന്നാണ്ടി താത്പര്യമില്ലായാമയോടെ ഇരുന്നതേയള്ളു. പണച്ചാക്കുകളുടെ പെരുമ കേൾക്കുന്നത്‌ ചിന്നാണ്ടിക്ക്‌ പണ്ടേ റൊമ്പപൈത്യം.
   "ചിന്നാണ്ടിക്ക്‌ ഇനി അധികകാലം ഇവിടെങ്ങും ഒളിച്ചു കഴിയാമ്പറ്റത്തില്ല. എന്നേലും പോലീസുപിടിക്കും. പിടിച്ചാ കഴുമരം ഒറപ്പാ. കേസുകെട്ട്‌ എരട്ടക്കൊലയാ."
   കാളയവുത അപ്പോഴും കാര്യമെന്താണെന്ന്‌ പറയുന്നില്ല.
   "എനിക്ക്‌ ചിന്നനെ ആവശ്യമുണ്ട്‌." കയർ മുതലാളി ഇടപെട്ടു.

   "എന്റെ കയർ ഫാക്ടറിയിൽ ആയിരത്തിനുമേൽ തൊഴിലാളികളുണ്ട്‌. ചില യൂണിയൻ നേതാക്കന്മാർക്കും തൊഴിലാളി സഖാക്കൾക്കും എല്ലേൽ ചോറുകൊള്ളുന്നതാ അവിടുത്തെ പ്രശ്നം."
   ചിന്നാണ്ടി നിശ്ശബ്ദം കേട്ടിരുന്നു.
   "നിന്റെ തടിമിടുക്ക്‌ എനിക്കിഷ്ടപ്പെട്ടു. ഒരു പോലീസും തൊടാതെ നിന്നെ ഞാൻ നോക്കിക്കൊള്ളാം."   
        
   ചിന്നാണ്ടിക്ക്‌ ആ ഉറപ്പ്‌ നന്നേ ബോധിച്ചു. തീരദേശ പാളത്തിലൂടെ ട്രെയിൻ കൂവിപ്പായും മുമ്പായിരുന്നു ആ സംഭവം. അന്നത്തെ മുന്തിയ കാറായ ബെൻസിൽ പുറപ്പെടുമ്പോൾ മുതൽ അർധരാത്രിയിൽ കയറിന്റെ തലസ്ഥാനത്ത്‌ എത്തുംവരെ ചിന്നാണ്ടി മൂടിപ്പുതച്ച്‌ ഡിക്കിയിൽ ചുരുണ്ടുകിടന്നു. പരിശോധിച്ച ഉദ്യോഗസ്ഥർക്കെല്ലാം തോനെകിട്ടി, തമിഴകം പിന്നിടുംവരെ.
   ആലപ്പുഴയിലെത്തിയ ചിന്നാണ്ടി മുനിയാണ്ടിയായി. മുനിയാണ്ടിക്കുവേണ്ടി മുതലാളി പകലിന്‌ രാവെ ന്നും രാവിന്‌ പകലെന്നും പേരിട്ടു. വാസസ്ഥലം സ്വയം കണ്ടുപിടിക്കാനുള്ള നിർദേശം ആദ്യമത്ര രസിച്ചില്ലെങ്കിലും പിന്നീടത്‌ നന്നായെന്നുതോന്നി. ശത്രുവിന്റെ മിത്രത്തേയും മിത്രത്തിന്റെ ശത്രുവിനെയും നമ്പാൻ കൊള്ളില്ലെന്നാണല്ലോ ശത്രുമിത്രബന്ധങ്ങളിലെ രീതിശാസ്ത്രം!
   മുതലാളിയുടെ അദ്ധ്യക്ഷതയിൽ സ്കെച്ച്മാനേജ്‌ കമ്മറ്റി രൂപംകൊണ്ടു. മുതലാളിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരും യൂണിയനിലെ മേൽത്തട്ട്‌ സഖാക്കളും അതിലെ തന്ത്രപധാന അംഗങ്ങളായി. പരമരഹസ്യമായി അണുവിട തെറ്റാത്ത പദ്ധതികൾ ആവിഷ്ക്കരിക്കപ്പെട്ടു. കയർ ഫാക്ടറിയിലെ ഉശിരന്മാരും പോരാട്ടവീര്യമുള്ളവരുമായ തൊഴിലാളി സഖാക്കൾ ഒന്നൊന്നായി സ്കെച്ചുചെയ്യപ്പെട്ടുതുടങ്ങി.

   പദ്ധതി നടപ്പാക്കൽ രീതി ഇങ്ങനെയായിരുന്നു. ക്രമനമ്പർ അനുസരിച്ച്‌ ഓരോരുത്തരെയായി പ്രലോഭിപ്പിച്ച്‌ നഗരത്തിലെ മുന്തിയ മദ്യശാലയിലേക്ക്‌ ഇടവിട്ട വേളകളിൽ ആനയിക്കും. മുന്തിയയിനം സ്കോച്ചും മൃഷ്ടാന്നഭോജനവും നൽകി ഒരു പരുവത്തിലാക്കും. കടപ്പുറം ശൂന്യമായി മണിക്കൂറുകൾ പിന്നിടുമ്പോൾ പാഴ്ച്ചെടികളും ഉറക്കംതൂങ്ങി മരങ്ങളും വിഷസർപ്പങ്ങളും സംഘനൃത്തം നടത്തുന്ന കുറ്റിക്കാട്ടിലെ കനത്ത ഇരുട്ടിൽ നിവർന്നുനിൽക്കാനാവാത്ത നിലയിൽ ആളെ എത്തിക്കും. പിന്നീട്‌ ഇരയെ ഏകനായി വിട്ട്‌ ബ്രൂട്ടസ്സുകൾ അപ്രത്യക്ഷരാകും. ദിക്കറിയാതെ, വെളിവറിയാതെ ഇരുട്ടിൽ പകച്ചുനിൽക്കുമ്പോഴേയ്ക്കും എവിടെനിന്നോ ചിത്രഗുപ്തൻ മരണപാശവുമായി പ്രത്യക്ഷപ്പെടും. വൈകാതെ ചെറുതിരയിൽ കടൽതീരത്തോടൊട്ടി ചാഞ്ചാടുന്ന സ്പീഡ്‌ ബോട്ടിൽ ഉശിരൊഴിഞ്ഞ ദേഹംകയറ്റി ഒരു വലിയ കല്ലുംവടവുമായി ആഴക്കടലിലേക്ക്‌...
    വീര്യമുള്ള യൂണിയൻ നേതാക്കൾ ഓരോരുത്തരായ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.
കാണാതാകുന്നവരെ കണ്ടുപിടിക്കാൻ മുതലാളിതന്നെ പോലീസിനൊപ്പം പണവും മദ്യവുമായി മുഖ്യഅന്വേഷകസഹായിയായി. അപ്രത്യക്ഷരാകുന്ന തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ മുതലാളി ഉദാരമതിയും തൊഴിലാളി സ്നേഹിതനുമായി നിറഞ്ഞുനിന്നു.

    കാണാതാകുന്നവരുടെ ദുരൂഹതനിറഞ്ഞ ദുരന്തകഥകൾ അറിയാതെ തൊഴിലാളികൾ ഭയവിഹ്വലരായി. പിന്നീട്‌ ഫാക്ടറിയിൽ സമരമെന്ന മൂന്നക്ഷരം ഉച്ചരിക്കാൻപോലും ആർക്കും ധൈര്യമില്ലാതായി. മുറുമുറുപ്പുകൾ കെട്ടടങ്ങി. തൊഴിലാളികൾ വീണ്ടും അടിമകളായപ്പോൾ പ്രോഡക്ഷൻ ഇരട്ടിയായി. നിത്യേന അഞ്ചും ആറും കണ്ട്‌യ്നറുകൾ സ്റ്റഫ്‌ ചെയ്യപ്പെട്ടുതുടങ്ങി. പരമ്പരാഗത ബയേഴ്സായ യൂറോപ്യൻ രാജ്യങ്ങളെക്കൂടാതെ അമേരിക്ക ഉൾപ്പെടെയുള്ള വികസിതരാജ്യങ്ങളിൽനിന്നും സായ്പുമാർ മുന്തിയ ഇനം കയർ ഉൽപ്പന്നങ്ങൾ തേടിയെത്തി. അന്ന്‌ ഹൗസ്‌ ബോട്ടുകളും റിസോർട്ടുകളും സ്റ്റാർ ഹോട്ടലുകളും തുറമുഖനഗരത്തിന്‌ സ്വപ്നക്കനിയായിരുന്നതിനാൽ സായ്പുമാർ വിശ്രമത്തിനും മദ്യത്തിനും പെണ്ണിനുമായി വൈകുന്നേരങ്ങളിൽ എറണാകുളത്തേയ്ക്ക്‌ വെച്ചുപിടിച്ചു. ഏതായാലും അക്കാലങ്ങളിൽ ഓർഡറുകൾ ഫയലിൽ വിശ്രമിക്കാതെ അതിവേഗം എക്സിക്യൂട്ടീവ്‌ ചെയ്യപ്പെട്ടു.

    മുനിയാണ്ടിയുടെ പ്രസക്തി എത്രപെട്ടെന്നാണ്‌ നഷ്ടപ്പെട്ടത്‌! രാത്രിയുടെ യാമങ്ങളിൽ ഗസ്റ്റുഹൗസിന്റെ അണ്ടർഗ്രൗണ്ടിൽ മുനിയാണ്ടിയുമായി നടത്താറുള്ള രഹസ്യകൂടിക്കാഴ്ച മുതലാളി ഉപേക്ഷിച്ചു. താനൊരു അവശ്യവസ്തുവല്ലാതായി തീർന്നിരിക്കുന്നവേന്ന സത്യം മുനിയാണ്ടി വളരെ പെട്ടെന്ന്‌ തിരിച്ചറിഞ്ഞു. പരമരഹസ്യമായി മുതലാളിയിൽനിന്ന്‌ ലഭിച്ചുകൊണ്ടിരുന്ന സൗകര്യങ്ങളെല്ലാം ഒരുനാൾ നഷ്ടപ്പെട്ടപ്പോൾ കരാർ ലംഘിച്ച്‌ കാടിറങ്ങാൻ മുനിയാണ്ടി തീരുമാനിച്ചു.

   അലിഖിതനിയമം തെറ്റിച്ച്‌ മൂവന്തിക്കുമുമ്പ്‌ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിന്റെ തെക്കുവശമുള്ള മുതലാളിയുടെ ബംഗ്ലാവിലേക്ക്‌ മുനിയാണ്ടി തലയിൽ മുണ്ടിട്ട്‌ കയറിച്ചെന്നു. ഏക്കറുകൾ വിസ്തീർണമുള്ള മതിൽക്കെട്ടിന്റെ ഒത്തനടക്കാണ്‌ കൊട്ടാരസദൃശ്യമായ കൂറ്റൻ ബംഗ്ലാവ്‌. ഒന്നരയാൾ പൊക്കത്തിൽ  കരിങ്കല്ലിൽ തീർത്ത മതിലും കറുപ്പിലും ഗോൾഡനിലും അഴകുവിരിച്ച ഭീമൻ ഇരുമ്പുഗേറ്റും പുറംലോകത്തുനിന്നുള്ള കടന്നുകയറ്റത്തിൻനിന്ന്‌ ബംഗ്ലാവിന്‌ സംരക്ഷണം നൽകിയിരുന്നു. ബ്രിട്ടീഷ്‌ സായ്പന്മാരുടെ വാസ്തുശിൽപകലയുടെ പൗരാണിക സൗന്ദര്യസങ്കൽപ്പം നിലനിർത്തിക്കൊണ്ട്‌ ലക്ഷങ്ങൾ ചിലവിട്ട്‌ വർഷാവർഷം നടത്തുന്ന അറ്റകുറ്റപ്പണികൾ ബംഗ്ലാവിന്‌ പൗരാണികയും ആധുനികതയും ഇഴചേർന്ന അത്ഭുതാവഹമായ സൗകുമാരതയുടെ പരിവേഷം നൽകി. സാധാരണക്കാർക്കായി ആ കൂറ്റൻഗേറ്റ്‌ ഒരിക്കൽപോലും തുറന്നതായി ജീവിച്ചിരിക്കുന്ന ആരും ഓർമിക്കുന്നില്ല. മുതലാളിയുടെ ബെൻസ്‌ കാർമാത്രമാണ്‌ അനുവാദമില്ലാതെ അകത്തുകടന്നിരുന്ന ഏക വാഹനം.

   മുനിയാണ്ടി അനിയന്ത്രിതമായ രോഷത്തോടെ ഗേറ്റിൽ പിടിച്ചുകുലുക്കി. അത്‌ അസാധാരണമാംവിധം ആടിയുലഞ്ഞു. പതിവില്ലാത്തത്താണത്‌. ആരും ഒരിക്കലും ധൈര്യപ്പെടാത്തത്‌. സെക്യൂരിറ്റി ഓടിയെത്തി. അവശ്യഘട്ടങ്ങളിൽ ആളിനെ തിരിച്ചറിയാനായി ഗേറ്റിന്റെ ഇടത്തേപ്പാളിയിൽ നിർമിച്ച പുറം ലോകംമാത്രം ദൃശ്യമാകുന്ന ദ്വാരത്തിലൂടെ നോക്കി.
   "നീയാര്‌... എന്തുവേണം?" സെക്യൂരിറ്റി.
   "എനക്ക്‌ മൊയലാളീനെ പാക്കണം." മുനിയാണ്ടി.
   സെക്യൂരിറ്റി മുനിയാണ്ടിയെ ഒറ്റക്കണ്ണുകൊണ്ട്‌ അടിമുടി ചുഴിഞ്ഞു. ഒരു കള്ളന്റെ സർവലക്ഷണവുമുണ്ട്‌. കൂട്ടുകള്ളന്മാർ ഗേറ്റ്‌ തുറക്കാനായി മാറിനിൽക്കുകയാവും.
   "എന്നതാടാ കാര്യം?"
   "നീയ്‌ മൊതലീലെ കൂപ്പിട്‌രാ കഴുവേറി..." മുനിയാണ്ടി അലറി. പിന്നീട്‌ ആ നാവ്‌ തമിഴിൽ പേശിയത്‌ ഏഴുകുളത്തിൽ കുളിച്ചാലും നാറ്റംമാറാത്ത തെറികൾ! സെക്യൂരിറ്റിക്ക്‌ അയാളുടെ അഹന്ത സുഖിച്ചില്ല.
   "മുതലാളി മലേഷ്യയിലാ. മര്യാദക്ക്‌ പോയിനെടാ അണ്ണാച്ചി ശവമേ." അയാൾ കോപത്തോടെ വീണ്ടും എന്തൊക്കെയോ വിളിച്ചുപറഞ്ഞു. മുനിയാണ്ടിയുടെ ഒറ്റത്തൊഴി മതിയായിരുന്നു ഇരുമ്പുഗേറ്റിന്റെ പാളി മലർക്കെ തുറക്കാൻ. പാളിക്ക്‌ സമീപം നിന്ന സെക്യൂരിറ്റി ദൂരെ തെറിച്ചുവീണു. സഹേസ്യൂരിറ്റിക്കാർ ഓടിയെത്തിയെങ്കിലും കൂസലന്യേ അകത്തുകടന്ന അപരിചിതന്റെ ഭീകരരൂപവും രൗദ്രഭാവവും കണ്ട്‌ പകച്ചുനിന്നതേയുള്ളു. മുനിയാണ്ടിയെ പിന്നീട്‌ എതിരേറ്റത്‌ കൂടുതുറന്നുവിട്ട ഒരാൾ പൊക്കമുള്ള ഇറക്കുമതിചെയ്ത രണ്ട്‌ നായ്ക്കളാണ്‌. അരയടി നീളമുള്ള നീട്ടിയ നാവും കൂത്തുവളഞ്ഞ പല്ലുകളുമായി തീ പാറുന്ന കണ്ണുകളോടെ വായ്പിളർന്ന്‌ കുതിച്ചുചാടിയ അവറ്റയെ ആനയെ കയ്യിലെടുക്കുന്ന നിത്യാഭ്യാസിയെപ്പോലെ രണ്ടുകയ്യിലും താങ്ങിയെടുത്ത്‌ കഴുത്തുഞ്ഞെരിച്ച്‌ ഒരേറ്‌! ദൂരെച്ചെന്നുപതിച്ചിടത്തു കിടന്ന്‌ ഞരങ്ങി, രണ്ടും തലചായ്ച്ചു.
   ഏതോ മഹാത്ഭുതം കൺമുമ്പിൽ അരങ്ങേറുംപോലെ ബംഗ്ലാവിലെ ജോലിക്കാർ സ്തംഭിച്ചുനിന്നു. പുതിയൊരു ഗോലിയാത്തോയെന്ന്‌ അവരിൽ പഴയനിയമത്തിലെ പുറപ്പാട്‌ പുസ്തകം വായിച്ചിട്ടുള്ളവരെങ്കിലും ചിന്തിച്ചുകാണും.

    മുതലാളി പത്നിക്ക്‌ സൂര്യസ്തമയം ദർശിക്കാൻ ബംഗ്ലാവിന്റെ മധ്യഭാഗത്തെ വിശാലമായ ഹാളിന്റെ കടലിന്‌ അഭിമുഖമായ ഭിത്തി ഗ്ലാസ്സിൽ നിർമിച്ചിരുന്നു. സൂര്യൻ കടലിൽതാഴുന്ന കാഴ്ച ആസ്വദിക്കാൻ വൈകിട്ട്‌ ആറുമുതൽ ഏഴുവരെ അതിസുന്ദരിയും മദാലസയുമായ അവർ ഹാളിൽ ഉലാത്തുകയോ ഈട്ടിയിൽ തീർത്ത അതിമൃദുലമായ യൂറോപ്യൻ കുഷ്യനിട്ട ആടുന്ന സപ്രമഞ്ചകട്ടിലിൽ ശയിക്കുകയോ ചെയ്യും. തന്റെ സമൃദ്ധമായ അവയവങ്ങൾ ഓരോന്നും പ്രദർശിപ്പിക്കാനുതകുന്ന സുതാര്യമായ നേരിയ ഗൗൺ ധരിച്ചാണ്‌ അവരവിടെ പ്രത്യക്ഷപ്പെടുക. വിവാഹം കഴിഞ്ഞ്‌ വർഷങ്ങൾ ഏറെ കഴഞ്ഞിട്ടും പ്രസവിക്കാൻ അവസരം ലഭിക്കാത്തതിനാൽ അവയവങ്ങളുടെ മുഴപ്പും മിനുപ്പും വശ്യതയും നഷ്ടപ്പെട്ടിട്ടുമില്ല. സൂര്യാസ്തമയം കൃത്യമായി മാറ്റങ്ങളില്ലാതെ തുടരുന്നതിനാലും ദൂരെനിന്നുനോക്കിയാൽ മുതലാളി പത്നിയുടെ ശരീരത്തിൽ നൂൽബന്ധമില്ലെന്ന്‌ തോന്നുമെന്നതിനാലും ആ ദൃശ്യത്തിന്റെ മാദകഭംഗി ആസ്വദിക്കാൻ യുവാക്കൾ തവണവച്ച്‌ മുതുക്‌ ഏണിപ്പടിയാക്കി തല കൽമതിലിന്‌ മുകളിലെത്തിച്ച്‌ എത്തിനോക്കുക പതിവായിരുന്നു. അനേകം യുവകണ്ണുകൾ തന്റെ മാദകാവയവങ്ങളിൽ കാമപുഷ്പങ്ങൾ നിവേദിക്കുന്ന കാര്യം അറിയാവുന്ന മുതലാളി പത്നി കാഴ്ചാരാധകരുടെ ദൃശ്യഭംഗിയിൽ കൂടുതൽ മാദകത്വം നിറയ്ക്കാൻ ചില ചലനങ്ങളിലൂടെ ശ്രമിക്കാറുണ്ട്‌.

   അത്തരമൊരു കടൽക്കാഴ്ചയുടെ അന്ത്യത്തോട്‌ അടുക്കുമ്പോഴാണ്‌ മുനിയാണ്ടിയുടെ പരാക്രമം അരങ്ങേറിയത്‌. മുതലാളി പത്നി എല്ലാം ശ്വാസമടക്കിപ്പിടിച്ചുനിന്ന്‌ കണ്ടു. ഭീമൻ ഗേറ്റുപാളി ഒറ്റത്തൊഴിക്ക്‌ തുറന്നതും വാച്ചുമാൻ ആഘാതത്തിൽ തെറിച്ചുവീണതും അനേകരെ കടിച്ചുകീറിയിട്ടുള്ള ചെകുത്താന്റെ വർഗത്തിൽപ്പെട്ട നായ്ക്കളെ കഴുത്തുഞ്ഞെരിച്ച്‌ എറിഞ്ഞതും അവർക്ക്‌ വിശ്വസിക്കാനായില്ല. ഇത്ര ശക്തനായ ഒരു പുരുഷനെ ആദ്യം കാണുകയാണ്‌.
   ജോലിക്കാരെ രൂക്ഷമായ ഒരു നോട്ടംകൊണ്ട്‌ അവർ അകത്തളങ്ങളിൽ ഒളിപ്പിച്ചു.
   ചിത്രപ്പണികളുള്ള ഡോർ തുറക്കപ്പെട്ടു. സുതാര്യമായ ചാരുശിൽപംപോലെ നൃത്തച്ചുവടോടെ അടിവച്ചടിവച്ച്‌ നീങ്ങുന്ന മുതലാളി പത്നിക്ക്‌ പിന്നിൽ, അപൂർവകതയുടെ അസുലഭ കാഴ്ചയിൽ വട്ടക്കണ്ണുടക്കി മുനിയാണ്ടി ഉൾമുറിയിലേക്ക്‌ നടന്നുപോയി.

   മുതലാളിയുടെയും മുനിയാണ്ടിയുടെയും അലിഖിത നിയമങ്ങൾ ഇടവേളകളോടെ തെറ്റിക്കൊണ്ടിരുന്നു. എന്നാൽ മുനിയാണ്ടി നിയമം തെറ്റിക്കുന്നതായുള്ള സൊ‍ാചനപോലും ലഭിച്ചില്ല. മുനിയാണ്ടിയുടെ ശിരസ്സുമൂടിയുള്ള രഹസ്യസന്ദർശനത്തെ ജോലിക്കാർ കനത്ത കൈമടക്കോർത്ത്‌ കണ്ണടച്ചുകളഞ്ഞു.

   മുതലാളി പത്നി ഒരാൺകുട്ടിയെ പ്രസവിച്ചു.
  തന്റെ ഭീമമായ സമ്പത്തിന്‌ നേർഅവകാശിയായി ഒരു പുത്രനെ ലഭിച്ചതിൽ മുതലാളിക്ക്‌ സന്തോഷമൊന്നും ഉള്ളതായി ആർക്കും തോന്നിയില്ല. മാത്രമല്ല, കുട്ടിയുടെ ആഗമനത്തോടെ അയാളുടെ മനോഭാവങ്ങൾ കൂടുതൽ കാർക്കശ്യമാകുകയാണ്‌ ചെയ്തത്‌! വർഷങ്ങളായി അയാളുടെ ഉപ്പും ചോറും തിന്നവരൊക്കെ അതിൽ അതിശയിച്ചു. മുതലാളിയുമായി ബന്ധപ്പെട്ട എല്ലാവരും എല്ലായിടങ്ങളിലും അത്‌ രഹസ്യമായി ചർച്ച ചെയ്തു.

   ഈ ഭൂമിയിൽ അയാൾമാത്രം സൂക്ഷിക്കുന്ന ഒരു പരമരഹസ്യം ഉണ്ടായിരുന്നു. ആരുടെയും പിതൃത്വം അവകാശപ്പെടാൻ അയാൾക്കാവില്ലെന്ന സത്യം!
   രണ്ടുപേരുടെയും ദാമ്പത്യജീവിതത്തിൽ അപസ്വരങ്ങൾ പണ്ടും ഉണ്ടായിരുന്നല്ലോ. കുട്ടി ജനിച്ചതോടെ അതിന്‌ ആക്കംകൂടി. എത്ര സ്പൈവർക്ക്‌ നടത്തിയിട്ടും ഭാര്യയുടെ മകന്റെ രൂപീകരണത്തിന്‌ ഏത്‌ പുരുഷലിംഗത്തിൽനിന്നാണ്‌ ബീജം ഒഴുകിയതെന്ന്‌ കണ്ടെത്താൻ അയാൾക്കായില്ല.
   പുതിയതായി നിയമിച്ച, ഇരുപതുകളിലൂടെ കടന്നുപോകുന്ന, സ്ലീവിലെസ്‌ ബ്ലൗസിടുന്ന, ശരീരത്തിന്റെ നിമ്നോന്നതങ്ങൾ പ്രദർശിപ്പിക്കാൻമാത്രം വസ്ത്രം ധരിക്കുന്ന നല്ല ശരീരക്കറുള്ള പി.എ. മാർഗ്രറ്റുമായി മുതലാളി ബംഗ്ലാവിൽ വന്നുതുടങ്ങി.

   ബംഗ്ലാവിലെ ഓഫീസുമുറിയിൽ കയറി കതകടച്ചാൽ മണിക്കൂറുകൾ കഴിഞ്ഞേ പുറത്തിറങ്ങാറുള്ളു. കമ്പ്യൂട്ടറിലാണ്‌ പണി. കമ്പനിക്കാവശ്യമുള്ള പുതിയൊരു 'സോഫ്റ്റ്‌വെയർ' മെനഞ്ഞെടുക്കുകയാണത്രേ! ഒരു വിദേശയാത്രയിലും അവളെ ഒപ്പം കൂട്ടിയെന്നറിഞ്ഞപ്പോൾ മുതലാളി പത്നിക്ക്‌ അടക്കാനായില്ല. അതൊരു പൊട്ടിത്തെറിയുടെ ആരംഭമായിരുന്നു. വാക്പയറ്റിനിടയിൽ ഭാര്യയെ മാക്സിമം പ്രകോപിപ്പിച്ച്‌ തന്ത്രത്തിൽ കുടുക്കി അയാൾ.
   കുട്ടിയുടെ പിതൃത്വം അവകാശപ്പെട്ട്‌ സംസാരിച്ച അയാളോട്‌ പുച്ഛസ്വരത്തിൽ അവർ എടുത്തടിച്ചു-
   "പിതൃത്വം അവകാശപ്പെടാൻ തനൊരു ആണായിട്ടുവേണ്ടേ? ആ തമിഴൻ മുനിയാണ്ടി..."
   വിട്ടവാക്ക്‌ തിരിച്ചെടുക്കാനാവാതെ വായ്പൊത്തി കുനിഞ്ഞിരുന്ന ഭാര്യയെനോക്കി അയാൾ വിജയാഹ്ലാദത്തോടെ അലറിച്ചിരിച്ചു.

   മുനിയാണ്ടിയെ സ്കെച്ചുചെയ്യുകയെന്നതായി മുതലാളിയുടെ അടിയന്തര ദൗത്യം.
                                         ***            ***           ***
   ഏതു വിധേനയും അജ്ഞാത കൊലയാളിയെ സ്കെച്ചുചെയ്യുമെന്നും പുതിയൊരു കൊലയാളി ഉദയം കൊള്ളാൻ അനുവദിക്കില്ലെന്നും യൂണിയൻ നേതാക്കന്മാർ പ്രതിജ്ഞയെടുത്തു. കൊലയാളിയെ മാളത്തിൽനിന്നും പുറത്തുചാടിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഫാക്ടറിയിൽ ഏറെ വർഷങ്ങൾക്കുശേഷം സമരകാഹളം മുഴക്കിയത്‌. കമ്പനിപ്പടിക്കൽ കൊടികൾ വീണ്ടും ഉയർന്നു. സ്റ്റഫ്‌ ചെയ്യേണ്ട കണ്ടയ്നറുകളുടെ എണ്ണം ദിനംപ്രതി കുറഞ്ഞു. അതൊരു തന്ത്രത്തിന്റെ ഭാഗമായിരുന്നു. മുതലാളിയും തൊഴിലാളിയും ഒരേ ലക്ഷ്യത്തിനായി കൈകോർത്ത അപൂർവതന്ത്രം!
   കടപ്പുറത്ത്‌ രാത്രിയുടെയും കടൽക്കാറ്റിന്റെയും തണുപ്പിൽ ഉള്ളിൽ ജ്വലിക്കുന്ന പ്രതികാഗ്നിയുമായി അപ്രത്യക്ഷരായവരുടെ പിൻഗാമികൾ യൂദാസിന്റെയും അജ്ഞാതകൊലയാളിയുടെയും സ്ഥാനം ഏറ്റെടുത്തു. കൊലയാളിയുടെ വിഹാരകേന്ദ്രമെന്നുകരുതി കാടുപിടിച്ച പാണ്ടികശാലകളും ലൈറ്റുഹൗസിന്‌ നാലുവശവുമുള്ള കാടും നിലംപതിച്ച തുറമുഖ കെട്ടിടങ്ങളും അയ്യപ്പൻ പൊഴിയുടെ സമീപത്തെ ചാരായവാറ്റ്‌ ഷെഡുകളും അവരുടെ മിന്നൽ പരിശോധനാകേന്ദ്രങ്ങളായി.
                                         ***             ***            ***
   കുറ്റാക്കുറ്റിരുട്ടിൽ ടോർച്ചുമിന്നിച്ച്‌, മൂക്കും വായും തോർത്തുകൊണ്ട്‌ മൂടിക്കെട്ടി എസ്‌.ഐ.യുടെ നേതൃത്വത്തിൽ പോലീസുകാർ അന്വേഷണം തുടരുകയാണ്‌. മുകളിൽനിന്നുള്ള വിളിവന്നതിനാൽ ഡി.ജി.പി. തന്നെ നേരിട്ട്‌ ഇടപെട്ടതിനാലാണ്‌ രാത്രിയിലും തിരച്ചിൽ. വി.​‍െഎ.പി.കൾ അധിവസിക്കുന്ന ഏരിയായാണ്‌. മൂന്നുദിവസമായിട്ടും രൂക്ഷമായ ദുർഗന്ധത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.

   ഏറെ വർഷങ്ങളായി കാടുകയറി കിടക്കുന്നതിനാൽ പകൽപോലും ഉഗ്രവിഷമുള്ള പാമ്പുകൾ വിഹരിക്കുന്നിടമാണ്‌. ഒരു പക്ഷേ, കാലെടുത്തുവയ്ക്കുന്നത്‌ വഴുവഴുപ്പുള്ള അവറ്റയുടെ പുറത്താവും. അതിനാൽ ഓരോ അടിയും സൂക്ഷിച്ചാണ്‌വയ്ക്കുക.

   കോൺക്രീറ്റ്‌ തൂണുകൾക്കിടയിൽ ടോർച്ചിന്റെ വെട്ടത്തിൽ അടുത്തടുത്തുകണ്ട രണ്ടുദ്വാരങ്ങൾ... ദൃശ്യമാപിനിയുടെ ക്യാമറക്കണ്ണുകൾ... ഇരുണ്ട നിറമുള്ള എന്തോ വസ്തുകൊണ്ട്‌ ക്യാമറക്കണ്ണുകൾക്ക്‌ ഷട്ടറിട്ടതുപോലെ! വല്ല പാമ്പും ഭിത്തിയിൽ ഇഴയുകയാണോയെന്ന്‌ എസ്‌.​‍െഎ. ആദ്യം സംശയിച്ചു. അയാൾ ദ്വാരത്തിലേക്ക്‌ ലാത്തി കടത്തി ഒന്നു കുത്തി. ലാത്തി മാർദവമുള്ള എന്തിലോ തുളഞ്ഞുകയറിയതുപോലെ...! അത്‌ വലിച്ചെടുത്തപ്പോൾ എന്തോ വീണഴിയുന്ന അപരിചിതസ്വരം. ദുർഗന്ധം ആർഭാടമായി നാസാരന്ധ്രങ്ങളെ മറച്ചതുണിയും തുളച്ച്‌ ആക്രമിച്ചുകയറി. ഒരാൾക്ക്‌ കഷ്ടിച്ച്‌ കയറാവുന്ന കിളിവാതിലിലൂടെ ഉള്ളിലേക്ക്‌... അഴുകി മാംസം പാളികളായി വേർപെട്ട, എല്ലിൻകൂട്‌ തുളച്ച്‌ മുകളിലേക്ക്‌ തള്ളിനിൽക്കുന്ന മലപ്പുറം കത്തിയിൽ പറ്റിപ്പിടിച്ച രക്തത്തിന്‌ അപ്പോൾ നിറഭേദം സംഭവിച്ചിരുന്നു.

   അതേ രാത്രി കോരിയൊഴിച്ച കറുത്തചായം നിറഞ്ഞ അശാന്തമായ ഉൾക്കടൽപരപ്പിലേക്ക്‌ കല്ലുകെട്ടിയ ചെറുതും വലുതുമായ രണ്ടു ശവങ്ങളുടെ സംസ്കാരം ക്രിസ്തീയ ആചാരപ്രകാരം നടക്കുകയായിരുന്നു.