Showing posts with label sudhakaran chanthavila. Show all posts
Showing posts with label sudhakaran chanthavila. Show all posts

Saturday, 14 January 2012

പ്രണയം



  സുധാകരൻ ചന്തവിള
     

 ജീവിതാഭിനയം

കുടുംബബന്ധങ്ങളുടെ ദൃഢത വല്ലാതെ കുറഞ്ഞുവരുന്ന കാലത്താണ്‌ നാം
ജീവിക്കുന്നത്‌. ബന്ധങ്ങൾ ഉണ്ടാകുന്ന സമയം പോലും പിരിയുവാൻ
വേണ്ടിവരുന്നില്ല എന്നതാണ്‌ അതിന്റെ ഏറ്റവും വലിയ പ്രത്യേകത. കുടുംബം
എന്നതിന്റെ അർത്ഥമെന്ത്‌? ജീവിതത്തിന്റെ ധർമ്മമെന്ത്‌? എന്നിങ്ങനെയുള്ള
നിരവധി ചോദ്യങ്ങൾ ഇന്ന്‌ പുതുതായി ഉയർന്നുകൊണ്ടിരിക്കുന്നു. നാം
ധരിച്ചുവച്ചിട്ടുള്ള ജീവിതരീതികളും നിർവ്വചനങ്ങളും മാറപ്പെടുകയോ
മാറ്റപ്പെടുകയോ ചെയ്യുന്നു.

       അറിവിന്റെ ആധിക്യം കൊണ്ട്‌ ഉണ്ടാകേണ്ട അവബോധം ദാമ്പത്യത്തിന്റെ
അടിത്തറയാകുന്നില്ല എന്നതാണ്‌ ഇതിനെല്ലാം പ്രധാന കാരണമായി പറയുന്നത്‌.
പഴയ കാലത്തേതിൽനിന്നു വ്യത്യസ്തമായി, ഇപ്പോൾ സ്ത്രീ-പുരുഷന്മാർ വേണ്ടത്ര
വിദ്യാസമ്പന്നരാണ്‌. തുല്യതയുടെ തുലാസിൽ തൂങ്ങി ജീവിക്കേണ്ടുന്ന
ദമ്പതിമാർ പലപ്പോഴും തുല്യതയുടെ കയറിൽ കുരുങ്ങേണ്ടിവരുന്ന
സാഹചര്യാണുള്ളത്‌.
       "ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെ
       ഉഴിഞ്ഞാലാക്കിത്തീർക്കാൻകഴിഞ്
ഞതല്ലേ ജയം"-എന്നാണല്ലോ കവിവാക്യം.
ഉയിരിനെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന കയർ കൊണ്ട്‌ ഉഞ്ഞാലുണ്ടാക്കാൻ
കഴിഞ്ഞാൽ അത്‌ വൻവിജയമാണ്‌. സ്നേഹിച്ചും അറിഞ്ഞും ചിന്തിച്ചും
പങ്കുവച്ചും കഴിയേണ്ടുന്ന ജീവിതത്തെ നിമിഷനേരംകൊണ്ട്‌ ഉപയോഗിച്ച്‌
വലിച്ചെറിയുന്ന ഐസ്ക്രീം പോലെ വിനിയോഗിക്കണോ?

       നമ്മുടെ നാട്ടിലെ പല വിവാഹങ്ങളും ഉണ്ടാകുന്നത്‌
വിവാഹമോചനത്തിനുവേണ്ടിയാണെന്നു തോന്നും. എന്താണ്‌ ഇത്രയ്ക്ക്‌
വിവാഹമോചനക്കേസുകൾ ഉണ്ടാകാൻ കാരണം? ഏതുതരം മനുഷ്യരിലാണ്‌ വിവാഹമോചനം
കൂടുതൽ ഉണ്ടാകുന്നത്‌? ഇതെല്ലാം വേവ്വേറെ പഠിക്കപ്പെടേണ്ടുന്ന
വിഷയങ്ങളാണ്‌. സാമാന്യമായ അന്വേഷണത്തിൽ ഉന്നതവിദ്യാഭ്യാസമുള്ളവരും
നിശ്ചിതവരുമാനക്കാരുമായവരിലാണ്‌ വിവാഹമോചനം കൂടുതലായി ഉണ്ടാകുന്നതെന്നു
കാണാം. പണം, പദവി, തുല്യതകളെക്കുറിച്ചുള്ള അഹംഭാവജഢിലമായ മാനസികാവസ്ഥ,
പരസ്പരം മനസ്സിലാക്കാത്ത സ്വഭാവഗരിമ ഇങ്ങനെ എണ്ണിപ്പറയാൻ
നിരവധികാരണങ്ങളുണ്ട്‌. സർവ്വോപരി പുറമേ എല്ലാം ഭദ്രമാണെന്നു പറയുന്ന
ഇത്തരക്കാരിൽ അകമേ  നീറുന്ന പ്രധാനപ്രശ്നം ലിംഗപരമായ
അടുപ്പമില്ലായ്മയാണെന്നും കാണാം.

       കുടുംബം, കുട്ടികൾ, ഉദ്ദ്യോഗം ഇങ്ങനെ സമയബന്ധിതമായി ജീവിക്കുന്ന
ആധുനികജീവിതചുറ്റുപാടിൽ  ഇത്തിരി ആശ്വസിക്കാൻ, സല്ലപിക്കാൻ
ഭാര്യാഭർത്താക്കന്മാർക്ക്‌ സമയമില്ല. ഒന്നിനും സമയമില്ലാതെ തീവണ്ടിപോലെ
അവർ പായുന്നു. കഴിയുന്നതും അവർ ഇരുമുറികളിലിരുന്ന്‌ സെൽഫോണിലൂടെ
ആശയവിനിമയം ചെയ്യുന്ന സ്ഥിതിവരെയെത്തിയിട്ടുണ്ട്‌. കുട്ടികൾ
അച്ഛനമ്മമാരോടും അച്ഛനമ്മമാർ കുട്ടികളോടും ഇടപഴകുന്ന
കുടുംബാന്തരീക്ഷങ്ങളുടെ കുറവ്‌ നമ്മുടെ പുതിയ സമൂഹത്തെ വല്ലാതെ
സ്നേഹരഹിതമാക്കുന്നു.

       വിവാഹത്തോടെ സ്ത്രീപുരുഷന്മാരിൽ പൊതുവിൽ ചിലമാറ്റങ്ങൾ ഉണ്ടാകുന്നു. അതിൽ
പ്രധാനം സ്വാർത്ഥത വർദ്ധിക്കുന്നു എന്നുള്ളതാണ്‌. മാത്രമല്ല ഇന്നലെവരെ
സ്നേഹിച്ചിരുന്ന-ബഹുമാനിച്ചിരുന്ന മാതാപിതാക്കളെ വിട്ടകളാണും പിണങ്ങാനും
ഇടയാകുന്നു. കൂട്ടുകുടുംബജീവിതമാണെങ്കിൽ വളരെവേഗത്തിൽ ഇതുസംഭവിക്കുന്നു.
വിവാഹത്തോടെ പല പുരുഷന്മാരും പരിമിതപ്പെടുന്നു. "വീടാം കൂട്ടിൽ കുടുങ്ങും
തത്തമ്മകൾ" എന്ന്‌ സ്ത്രീകളെക്കുറിച്ചു പണ്ടുപറഞ്ഞിരുന്ന അവസ്ഥയാണ്‌
ഇന്ന്‌ പല പുരുഷന്മാർക്കും സംഭവിക്കുന്നത്‌. പലപ്പോഴും പലരും
പറഞ്ഞുകേൾക്കാറുണ്ട്‌: "വിവാഹത്തോടെ അയാൾ വല്ലാതെ ഒതുങ്ങിപ്പോയി"എന്ന്‌.
എന്നാൽ ഇങ്ങനെ സ്ത്രീകളെക്കുറിച്ച്‌ പറയാറില്ല. മാത്രമല്ല വിവാഹത്തോടെ
സ്ത്രീകൾ കൂടുതൽ സ്വാതന്ത്ര്യമുള്ളവരും തന്റേടമുള്ളവരുമായി
മാറുകകൂടിചെയ്യുന്നതായി കാണാം. ഇത്‌ നമ്മുടെ നാട്ടിലെ ഫെമിനിസക്കാർ
സമ്മതിക്കിക്കണമെന്നില്ല.

       ഒരുപക്ഷേ നിയമങ്ങൾ സ്ത്രീക്കനുകൂലമായി തീരുന്നതുകൊണ്ടാകാം, ശൂരത്വമുള്ള
പുരുഷന്മാർ പോലും വിവാഹാനന്തരം സമാധാനപ്രിയരാകുന്നത്‌. സ്ത്രീകളാകട്ടെ
നിയമങ്ങളുടെ സാധുത തങ്ങൾക്കുണ്ടെന്ന അഹംഭാവവും ക്ഷമയില്ലായ്മയും
മുഖവിലയാക്കുന്നു. സൂക്ഷ്മാന്വേഷണത്തിൽ പല കുടുംബങ്ങളിലും ഇപ്പോൾ
സംഭവിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾക്ക്‌ കാരണം സ്ത്രീകളുടെ
അനവസരത്തിലുള്ള ഇടപെടലുകളും പുരുഷനെ മനസ്സിലാക്കാത്തതുവഴിയണ്ടാകുന്ന
വീഴ്ചയുമാണെന്ന്‌ ബോധ്യപ്പെടും.

       സ്നേഹം, പ്രേമം എന്നത്തെല്ലാം അൽപായുസ്സുള്ള വാക്കുകളായി മാറി. ദീർഘനാൾ
പ്രേമിച്ചുനടന്നവർ വിവാഹം കഴിച്ചശേഷം വളരെപ്പെട്ടെന്ന്‌
തെറ്റിപ്പിരിയുന്നത്‌ കാണാം.  ഇതിനായിരുന്നോ ഇവർ ഇത്രനാൾ
പ്രേമിച്ചതെന്ന്‌ ചിലരെങ്കിലും പറഞ്ഞേക്കാം. അടുപ്പമെന്നത്‌
ശരീരങ്ങളുടേതുമാത്രമല്ല; മനസ്സിന്റേതാണ്‌ എന്ന തിരിച്ചറിവ്‌ ഇവർക്ക്‌
ഉണ്ടാകുന്നില്ല. പുറംമോടിയല്ല ജീവിതം, അകംമോടിയാണ്‌. ഇതിനെയാണ്‌ പഴമക്കാർ
അടക്കവും ഒതുക്കവും എന്നെല്ലാം പറയുന്നത്‌. ആര്‌ ആരെ അനുസരിക്കണം
എന്നതാണ്‌ ഇവിടത്തെ പ്രശ്നം. സ്ത്രീ പുരുഷനെ പൂർണ്ണമായി അനുസരിച്ചാൽ അത്‌
അടിമത്തമാണെന്ന്‌ ഫെമിനിസ്റ്റുകൾ പറയും. പുരുഷൻ സ്ത്രീയെ അനുസരിച്ചാൽ
അത്‌ പൗരുഷമില്ലായ്മയാണെന്ന്‌ മുദ്രകുത്തപ്പെടും. മിക്കവാറും
സ്ത്രീകൾപോലും ഇത്‌ പറയാറുണ്ട്‌. പരസ്പരം അംഗീകരിക്കുകയും അറിയുകയും
സ്നേഹിക്കുകയും ചെയ്യുകയാണ്‌ ഒരു യഥാർത്ഥ കുടുംബവിജയത്തിനാധാരം.

        ഇരയുടെ ദാഹംപോലെ ഇണയുടെ മോഹവും അറിയണം. ഇത്‌ ശരീരദാഹം മാത്രമല്ല,
ജീവിതത്തിന്റെ ആകെയുള്ള ചലനങ്ങളുടെ, ആവേഗങ്ങളുടെ ആത്മശ്രുതികൂടിയാണ്‌.
പുസ്തകത്തിൽ നിന്നുപഠിക്കുന്നതല്ല ജീവിതമെന്ന്‌ അറിയണം. പുറത്തുനിന്നും
അകത്തുനിന്നും അറിയുന്ന അറിവുകളുടെ അനുരഞ്ജനമാണ്‌ ജീവിതത്തിന്റെ താളം
ചിട്ടപ്പെടുത്തുന്നത്‌. ഇത്‌ അനുഭവിക്കാൻ എല്ലാവർക്കും എപ്പോഴും
സാധ്യമല്ല. ചിലർക്കെല്ലാം കുറച്ചൊക്കെ കഴിയുന്നു എന്നു മാത്രം.
അധികംപേരും പുറത്തറിയാതെ, അറിയിക്കാതെ അഭിനയിക്കുന്നു.  ഇങ്ങനെ
അഭിനയിക്കാൻ കഴിയുന്നതുകൊണ്ടാണ്‌ പലരുടെയും ജീവിതനാടകത്തിന്റെ തിരശ്ശീല
വേഗത്തിൽ വീഴാത്തത്‌.

Wednesday, 14 December 2011

പ്രണയം


സുധാകരൻ ചന്തവിള
പ്രണയമെന്ന സവിശേഷത

       പ്രണയാഭിമുഖ്യം പ്രകടിപ്പിക്കത്തവരാരുണ്ട്‌ ജീവിതത്തിൽ. ഏതൊരു മനുഷ്യനും
ഓമനിക്കാൻ ഒരു കുഞ്ഞുപ്രണയമെങ്കിലും കണ്ടേക്കാം. കൗമാരത്തിൽ,
യൗവ്വനത്തിൽ, ചിലപ്പോൾ യൗവ്വനാനന്തരത്തിലെല്ലാം പ്രണയാനുഭവങ്ങളുണ്ടാകാം.
ജീവിതത്തിന്റെ ആകെത്തുകതന്നെ സെക്സാണെന്ന ഫ്രോയിഡിയൻ സങ്കൽപത്തെ
എല്ലാവരും അറിയുന്നില്ലെങ്കിലും സെക്സിനെക്കുറിച്ച്‌ ചിന്തിക്കാതെ
ചിന്തിച്ചുപോകുന്നവരാണ്‌ നമ്മിൽ പലരും.

       മതിവരാത്ത പ്രണയം എന്നത്‌ പ്രണയത്തെ സംബന്ധിച്ച്‌ എപ്പോഴും പറയാവുന്ന ഒന്നാണ്‌.
  'വിശപ്പിനു വിഭവങ്ങൾ വെറുപ്പോളമശിച്ചാലും
 വിശിഷ്ട ഭോജ്യങ്ങൾ കാൺകിൽ കൊതിയമാർക്കും' എന്നതുപോലെയാണത്‌.
സൗന്ദര്യത്തിന്റെ പരമാവധി എന്നത്‌ എന്താണെന്ന്‌ ഏറ്റവും വലിയ
സൗന്ദര്യവാദികൾക്കുപോലും പറയാനാകില്ല. എങ്കിലും ഓരോ സ്ത്രിയും പുരുഷനും
വിചാരിക്കുന്നത്‌ താനാണ്‌ ഏറ്റവും വലിയ സുന്ദരൻ/സുന്ദരി എന്നാണ്‌.
       സൗന്ദര്യം എന്നത്‌ ലോകത്തെ മാറ്റിത്തീർക്കുന്ന പ്രധാനപ്പെട്ട ഒരു
ഘടകമാണ്‌. സൗന്ദര്യബോധമുള്ള മനുഷ്യനു മാത്രമേ സ്വപ്നങ്ങളുണ്ടാകൂ. സ്വപ്നം
എന്നത്‌ ഭാവിയിലേയ്ക്കുള്ള വഴികൂടിയാണല്ലോ. ലോകത്തിന്റെയും
കാലത്തിന്റെയും തന്റേതന്നെയും സൗന്ദര്യം മനസ്സിലാക്കാൻ കഴിയുമ്പോഴാണ്‌
ഓരാൾ ജീവിതത്തെ തൊട്ടറിയുന്നത്‌. അഥവാ ലോകമനസ്സാക്ഷിയുടെ ഭാഗമാകുന്നത്‌.
       'മർത്ത്യസൗന്ദര്യബോധങ്ങൾ പെറ്റ
       മക്കളല്ലീ പുരോഗമനങ്ങൾ'-എന്ന്‌ വൈലോപ്പിള്ളി എഴുതിയത്‌ അതുകൊണ്ടാണ്‌.
എന്നാൽ ഇത്തരമൊരു സൗന്ദര്യബോധവും സ്ത്രീപുരുഷപ്രണയത്തിന്റെ സൗന്ദര്യവും
ഒന്നല്ലെന്നതാണ്‌ സത്യം.
       മുമ്പ്‌ സൂചിപ്പിച്ചതുപോലെ വിശിഷ്ട വസ്തുവിനെ കണ്ടാൽ ആരാണ്‌
നോക്കാത്തത്‌? വിശിഷ്ട ആഹാരം കണ്ടാൽ ആർക്കാണ്‌ ഭക്ഷിക്കാൻ തോന്നാത്തത്‌?
വിശിഷ്ടത അല്ലെങ്കിൽ സവിശേഷത സമാകർഷകമാവുന്നു. അങ്ങനെയുള്ള സവിശേഷമായ
കാഴ്ചയും വേഴ്ചയും ആഗ്രഹവുമാണ്‌ ജീവിതത്തെ ധന്യമാക്കുന്നതെങ്കിൽ
അതുതന്നെയാണ്‌ പലപ്പോഴും ജീവിതത്തെ നീചമാക്കുന്നതെന്നും കണാൻ കഴിയും.

       ഈ സവിശേഷതയിൽ പൊലിഞ്ഞുപോകുന്ന എത്രയെത്ര ജീവിതങ്ങളുണ്ട്‌!  സൗന്ദര്യബോധം
ജീവിതത്തിന്‌ ആവശ്യമാണെങ്കിലും അത്‌ ചിലപ്പോഴെല്ലാം അപകടകരവുമാകുന്നതും
അതുകൊണ്ടാണ്‌. ഒരാൾക്ക്‌ മറ്റൊരാളിനോടുള്ള സവിശേഷമായ സ്നേഹത്താൽ
സംഭവിക്കുന്നതെന്തെന്ന്‌ പരസ്പരമറിയാത്തവരല്ല സ്ത്രീപുരുഷന്മാർ
എന്നിരിക്കെ, സഹകരിക്കുക-സാന്നിദ്ധ്യമാവുക, സമ്പർക്കത്തിലാവുക എന്നതൊക്കെ
മുറക്ക്‌ സംഭവിച്ചുകൊണ്ടേയിരിക്കുന്നു
.
       സവിശേഷ സ്നേഹമാണ്‌ പിന്നീട്‌ പ്രണയമായി
പരിണമിക്കുന്നതെന്ന്പറയപ്പെടുന്നു. എല്ലാപ്രണയങ്ങളും സാഹചര്യങ്ങളുടെ
സൃഷ്ടികളാണ്‌. വാക്കിലും നോക്കിലും ആംഗ്യങ്ങളിലുമെല്ലാം അത്‌
പ്രകടമാകുന്നു. ഇത്‌ പരസ്പരമറിയാൻ കുറച്ചുകാലമെടുക്കുമെങ്കിലും
കാഴ്ചക്കാരും കേൾവിക്കാരും അതിനുമുമ്പേ അറിഞ്ഞേക്കാം. അതിലും
ഒരുതരത്തിലുള്ള സവിശേഷത ഒളിഞ്ഞിരുക്കുന്നുവേന്നു കാണാം. പ്രണയത്തിന്റെ
കണ്ണ്‌ എപ്പോഴും പരസ്യമാക്കാറില്ലല്ലോ? പ്രണയിക്കുന്നവരുടെ കണ്ണിനെക്കാൾ
ആഴത്തിൽ, പ്രണയത്തെ പകർത്തുന്നവരുടെ കണ്ണ്‌ കടന്നുപോകുന്നതായി കാണാം.

        ആരെങ്കിലും പ്രണയിക്കുന്നുണ്ടോയെന്ന്‌ ഗവേഷണം
ചെയ്തുകൊണ്ടിരിക്കുന്നവരുണ്ട്‌ നമ്മുടെ സമൂഹത്തിൽ. അവർക്കും
എന്തെങ്കിലുമൊക്കെ ജോലിവേണ്ട? പ്രണയിക്കാൻ കഴിയാത്തവരോ,
പ്രണയിക്കപ്പെടാത്തവരോ പ്രണയവിരോധികളോ ആയിരിക്കാം ഇവരിൽ അധികം പേരും.
പിണങ്ങുന്നതിനെക്കാൾ, വിരോധിക്കുന്നതിനെക്കാൾ എത്രയോ നല്ലതാണ്‌
സ്നേഹിക്കുന്നത്‌? സ്നേഹംകൊണ്ട്‌ സ്നേഹത്തെയല്ലേ സൃഷ്ടിക്കാനും
നിലനിർത്താനും കഴിയുന്നത്‌.  വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും
ഒരുതരത്തിലും ഉപദ്രവമുണ്ടാക്കുന്നില്ലെങ്കിൽ ആരുടെ പ്രണയത്തെയും
തടയാതിരിക്കുന്നതല്ലേ നല്ലത്‌.

       പക്ഷേ ,ചില സ്ഥാപിതത്താൽപര്യക്കാരായ വ്യക്തികൾ, പ്രസ്ഥാനങ്ങൾ, സ്ഥാപനങ്ങൾ
എന്നിവരെല്ലാം സ്നേഹത്തെ/പ്രണയത്തെ വളരെ മോശമായിട്ടാണ്‌ കണ്ടുവരുന്നത്‌.
ജീവിതത്തിന്‌ ആർദ്രതയും ഉണർവ്വും ഉത്സാഹവും ഉണ്ടാക്കുന്ന ഉത്തമമായ
ഗുണമാണല്ലോ പ്രണയം. നന്മയുടെ വിളഭൂമിയായ പ്രണയത്തെ തിന്മയുടെ
മൂടുപടമിട്ടാണ്‌ കാലം കണുന്നത്‌.
       ഈ ലോകം പുരുഷനെ മാത്രം സൃഷ്ടിക്കാത്തതെന്ത്‌? സ്ത്രീയെക്കൂടി
സൃഷ്ടിച്ചില്ലായിരുന്നെങ്കിൽ എന്തായിരുന്നു ലോകത്തിന്റെ സൗന്ദര്യം?
യാത്രയിൽ, തൊഴിലിടങ്ങളിൽ, തിയ്യറ്ററിൽ, അരങ്ങിൽ, വേദിയിൽ, അസുഖത്തിൽ,
സുഖത്തിൽ, ആശുപത്രിയിൽ, അങ്ങാടിയിൽ, ആരാധനാലയത്തിൽ, ആഘോഷങ്ങളിൽ.. ഇങ്ങനെ
എവിടെയാണ്‌ പുരുഷൻ സ്ത്രീയെ തിരയാത്തത്‌? സ്ത്രീ പുരുഷനെയും
അന്വേഷിക്കാത്തത്‌. സാധാരണ പ്രവർത്തിയിലും ചിന്തയിലുമെല്ലാം
വ്യാപരിക്കുമ്പോഴും മനുഷ്യരിൽ ചിലപ്പോഴൊക്കെ ആത്മാവിഷ്കാരമായിത്തീരുന്ന
'സവിശേഷമായ പ്രണയ'ത്തെ മാനിക്കാതിരിക്കേണ്ടണ്ടതുണ്ടോ?

Friday, 14 October 2011

വിറ്റഴിക്കപ്പെടുന്ന സ്ത്രീത്വം


സുധാകരൻ ചന്തവിള
ആഗോളവൽക്കരണവും കമ്പോളവൽക്കരണവും വഴി ഏറെ വിറ്റഴിക്കപ്പെടുന്ന  സ്ത്രീത്വംത്‌ സ്ത്രീകളാണ്‌.  സ്ത്രീ എല്ലാക്കാലത്തും പുരുഷന്റെ ദൗർബല്യങ്ങളിൽ പ്രധാനപ്പെട്ടതാണെങ്കിലും, സ്ത്രീ കമ്പോളാധിഷ്ഠിത ഉൽപന്നമായി മാറപ്പെട്ടത്‌ ആധുനികകാലഘട്ടത്തിലാണ്‌.
 'ആരാകിലെന്ത്‌ മിഴിയുള്ളവർ നോക്കിനിന്നിരിക്കാം'-എന്ന്‌ നൂറുവർഷം മുമ്പ്‌ കുമാരനാശാൻ 'വീണപൂവി'ലൂടെ പറഞ്ഞപ്പോഴും അതിനുമുമ്പ്‌ വേണ്മണിക്കവികളും ചമ്പൂകാരന്മാരും എന്തിന്‌ കാളിദാസൻ വരെ സ്ത്രീകളുടെ സൗന്ദര്യസൗഷ്ഠവങ്ങളെ വർണ്ണിച്ചപ്പോഴും സ്ത്രീ കമ്പോളോൽപന്നമാണെന്ന ഉദ്ദേശമുണ്ടായിരുന്നില്ല.


  ഇപ്പോൾ തൊഴിൽശാലകളിലും വ്യവസായശാലകളിലും കച്ചവടസ്ഥാപനങ്ങളിലുമെല്ലാം പണിയെടുക്കപ്പെടുന്ന സ്ത്രീകൾക്ക്‌ ണല്ലോരളവോളം 'ഉൽപന്ന'മെന്ന  അവസ്ഥ നേരിടേണ്ടിവരുന്നു. വലിയ വലിയ സ്വർണ്ണമാളികകളും വസ്ത്രമാളികകളും മറ്റു ആഢംബരകച്ചവടശാലകളുമെല്ലാം സുന്ദരികളായ സ്ത്രീകളെ പ്രദർശിപ്പിച്ച്‌ പരോക്ഷമായി കമ്പോളം ചെയ്യപ്പെടുന്നു. അവിടങ്ങളിൽ സ്ത്രീകൾ കഴിവുള്ളതുകൊണ്ടുമാത്രം അംഗീകരിക്കപ്പെടുന്നില്ല. അതിനനുസരിച്ച്‌ അവർക്ക്‌ സൗന്ദര്യവുമുണ്ടാകണം.
കഴിവിനെ ചൂഷണം ചെയ്യപ്പെടുന്നതിനെക്കാൾ ശരീരസൗന്ദര്യത്തെ ചൂഷണം ചെയ്യപ്പെടുക എന്ന തന്ത്രമാണ്‌ മുതലാളിത്വം സ്വീകരിക്കുന്നത്‌. ഒരു സ്ത്രീക്കുനൽകുന്ന  വേതനം (രൂപ) പോലും അവൾ ചെയ്യുന്ന ജോലിക്കല്ല, മറിച്ച്‌ ആ സ്ത്രീയുടെ സൗന്ദര്യത്തിനാണെന്നും  വരുത്തിതീർക്കുന്നു. സൗന്ദര്യത്തെ പ്രദർശിപ്പിക്കുന്നതിനും അതുവഴി കമ്പോളം വർദ്ധിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള വേഷമണിയുന്നതിനും സംസാരിക്കുന്നതിനുമെല്ലാം സ്ത്രീകളെ പരിശീലിപ്പിക്കപ്പെടുന്നു.

 പല ആശ്രമങ്ങളിലേയും ആരാധാനാലയങ്ങളിലേയും പരിചാരികമാരുടെയും അവസ്ഥയും ഇതിൽ നിന്ന്‌ വ്യത്യസ്തമല്ല. സ്വാമിമാർക്കോ ആൾദൈവങ്ങൾക്കോ സേവകരായി നിയമിക്കപ്പെടുന്നതും ഏറ്റവുമധികം സൗന്ദര്യമുള്ള സ്ത്രീകളെയാണ്‌. അവിടെയെല്ലാം എത്തിച്ചേരുന്ന മറ്റു ഭക്തജനങ്ങൾക്ക്‌ നയനാനന്ദകരവും ആത്മാനന്ദകരവുമായ ആമോദമുണ്ടാകണമെങ്കിൽ ശരീരസൗന്ദര്യം പ്രദർശിപ്പിച്ചേ മതിയാകൂ എന്ന മനഃശ്ശാസ്ത്രം ഇവിടെ വിനിയോഗിക്കപ്പെടുന്നു.

 മാധ്യമങ്ങളുടെ കവർ പേജുമുതൽ അവസാനപേജുവരെ സ്ത്രീശരീരപ്രദർശനവേദിയായി മാറുന്നു. നമ്മുടെ മുഖ്യധാരാപ്രസിദ്ധീകരണങ്ങളുടെ വിശേഷാൽപ്പതിപ്പുകൾപോലും 'ലൈംഗികപ്പതിപ്പു'കളാക്കി മാറ്റുന്നു. സാഹിത്യത്തിനോ സംസ്കാരത്തിനോ സമകാലികവിഷയങ്ങൾക്കോ പ്രാധാന്യം നൽകാത്ത സ്ഥിതിയാണുള്ളത്‌. ഏതെങ്കിലും സ്ത്രീകളുടെ പൂർവ്വജീവിതകഥകൾ വർണ്ണിച്ചോ വിസ്തരിച്ചോ സ്ത്രീസമൂഹത്തെതന്നെ കമ്പോളവൽക്കരിക്കപ്പെടുന്നു. എന്തിനേറെപ്പറയുന്നു, നമ്മുടെ നാട്ടിൽ ഇപ്പോൾ ധാരാളമായി പ്രസിദ്ധീകരിക്കപ്പെടുന്ന ആരോഗ്യമാസികകൾപോലും ചിന്തിക്കുന്നത്‌ ആ വഴിക്കാണെന്നു കാണാം.  സ്ത്രീരോഗങ്ങളെയും ചികിത്സകളെയുംക്കുറിച്ച്‌ പ്രതിപാദിക്കുന്ന അവസരത്തിൽ സ്ത്രീകളുടെ സെക്സ്‌ എങ്ങനെ വൈറ്റ്ഴിക്കപ്പെടാം എന്നതാണ്‌ അവിടെ വിജയിച്ചുകാണുന്നത്‌.  അതുവഴി സെക്സ്‌ വായനയാണ്‌ ഏറ്റവുമധികം റീഡബിലിറ്റിയുള്ള വായന എന്നു വരുത്തുകയും മറ്റുള്ള പ്രസാധകർക്കുപോലും അങ്ങനെ ചെയ്യാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു.
 സിനിമയുടെ അവസ്ഥ ചർച്ചചെയ്യാതിരിക്കുകയാണ്‌ നല്ലത്‌. കാരണം അത്രയ്ക്കാണ്‌ അവിടെ ശരീരം കച്ചവടം ചെയ്യപ്പെടുന്നത്‌. ലൈംഗികത പഠിക്കപ്പെടേണ്ടുന്ന വിഷയം എന്നതിനപ്പുറം കമ്പോളം ചെയ്യപ്പെടേണ്ടുന്ന ഒന്നായിമാത്രം വാഴ്ത്തുന്നത്‌ ഏറ്റവും കൂടുതൽ സിനിമയിലാണ്‌. ഇവിടെയും ഭരിക്കപ്പെടുന്നത്‌ മുതലാളിത്തത്തിന്റെ സ്വാർത്ഥതത്തന്നെയെന്ന്‌ സൂക്ഷ്മമായ ചിന്തയിൽ ബോധ്യപ്പെടും.

  നമ്മുടെ നാട്ടിൽ ആവശ്യത്തിലധികം സ്ത്രീസംഘടനകളും പ്രവർത്തകരുമുണ്ട്‌. എന്നാൽ യഥാർത്ഥ സ്ത്രീവിഷയങ്ങളിൽ നിന്നും പിന്മാറിപ്പോകുന്ന സ്ത്രീവിമോചന സംഘടനകളെയാണ്‌ കാണാൻ കഴിയുന്നത്‌.  ഇത്രമാത്രം സ്ത്രീവിമോചനസംഘനകൾ ഇല്ലാത്ത നാട്ടിൽ സ്ത്രീകൾ രാത്രിസമയങ്ങളിൽപ്പോലും ഒറ്റയ്ക്ക്‌ സഞ്ചരിക്കുകയും സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യുന്നു. ഇവിടെ സ്ത്രീത്വം വൈറ്റ്ഴിക്കപ്പെടുന്നതിൽ പുരുഷന്മാർക്കുള്ള വിഷമംപോലും സ്ത്രീസംഘടനകൾ പ്രകടിപ്പിക്കുന്നില്ലല്ലോ?


Tuesday, 13 September 2011

സ്നേഹത്തെ തിരിച്ചു പിടിക്കുക




സുധാകരൻ ചന്തവിള

സേ​‍്നഹത്തിന്റെ കുറവ്‌ സമൂഹത്തിലും കുടുംബത്തിലും ഒരുപോലെ അനുഭവപ്പെടുന്ന കാലമാണിത്‌. പരസ്പര വിശ്വാസമില്ലാത്ത സഹോദരങ്ങളും അച്ഛനമ്മമാരും ഭാര്യാഭർത്താക്കന്മാരും നമ്മുടെ ചുറ്റുവട്ടത്ത്‌ സർവ്വസാധാരണമാണ്‌. കമ്പോള സംസ്കാരത്തിന്റെ വരവോടെ സ്നേഹവും കമ്പോളത്തിൽ ലഭിക്കുന്ന  ഒരു വസ്തുവായി മാറി.
'വേദനിക്കിലും വേദനിപ്പിക്കിലും
വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ'-എന്ന കവി വാക്യംപോലെ സ്നേഹത്തിലധിഷ്ഠിതമായ ജീവിതത്തിനു മാത്രമേ ആഴത്തിൽ അടുക്കാനും അൽപമൊക്കെ അകളാണും കഴിയൂ. ഓരോ മനുഷ്യനും ഓരോ ശരീരവും മനസ്സും പ്രകൃതിയുമാണ്‌. തമ്മിൽ അടുക്കാവുന്നതും പങ്കുവയ്ക്കാവുന്നതുമായ വിഷയങ്ങളിൽ ഒത്തുതീർപ്പ്‌ ചെയ്യുകയാണ്‌ പലരും പലപ്പോഴും ചെയ്യുന്നത്‌.

കുടുംബം എന്ന സങ്കൽപം പൂർവ്വനിശ്ചയപ്രകാരം ഉണ്ടാക്കപ്പെടുന്ന ഒരു സംവിധാനമായി നിലനിൽക്കുന്നു. ഇങ്ങനെയാകണം, അങ്ങനെയാകണം എന്നൊക്കെ പലരും പറഞ്ഞുപഠിപ്പിച്ച ഒരു പാഠപുസ്തകംപോലെ അത്‌ മുമ്പിൽ ഉണ്ട്‌. അതിലൊരു പാഠഭേദം വരുത്തിയാൽ എന്തോ സംഭവിച്ചു എന്ന തോന്നൽ ഉണ്ടാകുന്നു. പല ചടങ്ങുകളും സംവിധാനങ്ങളും കാലഹരണപ്പെട്ടതാണെങ്കിലും നല്ല ചില അംശങ്ങളും ഈ മുൻവിധികളിൽ ഉണ്ടെന്നു കാണാം. എങ്കിലും ആർക്കോവേണ്ടി ജീവിക്കുക എന്ന അവസ്ഥ അന്തസ്സുള്ള, അഭിമാനമുള്ള ഒരാൾക്ക്‌ സാധ്യമല്ല. ഏതു ജീവിതത്തിനും സ്വന്തമായൊരർത്ഥവും ഇടവും നേടാൻ കഴിയുമ്പോഴാണ്‌  ജീവിതം സന്തോഷനിർഭരമാകുന്നത്‌. അല്ലാതെ
'കരുതുവതിഹ ചെയ്യ വയ്യ ചെയ്യാൻ
വരുതി ലഭിച്ചതിൽ നിന്നിടാവിചാരം
പരമഹിതമറിഞ്ഞുകൂടായുസ്‌-സ്ഥിരതയുമില്ലതി നിന്ദ്യമീ നരത്വം' എന്നപോലെയാകരുത്‌. ആഗ്രഹിച്ചതു ചെയ്യാൻ കഴിയാതെയും വരുതി ലഭിച്ചതു ചെയ്യാൻ മനസ്സനുവദിക്കാതെയുമുള്ള അവസ്ഥ എല്ലാവരുടെ ജീവിതത്തിലും കുറെയൊക്കെ ഉണ്ടാകാം. ആയുസ്ഥിരതയില്ലാത്ത അതിനിന്ദ്യമായ ഈ ജീവിതം പരമമായ സ്വാതന്ത്ര്യത്തെ കാംക്ഷിക്കുന്നു. സ്വാതന്ത്ര്യമാണ്‌ മനുഷ്യമനസ്സിന്റെ, ജീവിതത്തിന്റെ ഏറ്റവും വലിയ സാക്ഷാത്കാരം എന്നാണ്‌ ഈ ശ്ലോകത്തിലൂടെ കുമാരനാശാനും പറയാൻ ശ്രമിച്ചതു.


 ഒരാളിന്റെ ജീവിതം എന്ന്‌ ആരംഭിക്കുന്നു എന്ന്‌ കൃത്യമായി പറയാൻ കഴിയില്ല. എങ്കിലും വിവാഹബന്ധത്തോടു കൂടി ജീവിതം ആരംഭിക്കുന്നതായി പൊതുവെ പറഞ്ഞുവരുന്നു. വിവാഹം അപ്രതീക്ഷിതമല്ല. വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പ്‌ സ്ത്രീപുരുഷന്മാരിൽ രൂപപ്പെട്ടുവരുന്നത്‌ യൗവ്വനാരംഭത്തോടെയാണല്ലോ? ഇങ്ങനെ ഊടുംപാവും വച്ചുവളരുന്ന, ജീവിതസ്വപ്നങ്ങൾ പൂവണിയുന്ന മുഹൂർത്തമായി വിവാഹം മാറുന്നു. നമ്മുടെ പരമ്പരാഗത കീഴ്‌വഴക്കങ്ങൾ അനുസരിച്ച്‌ വിവാഹജീവിതം മുതൽ പരസ്പരം പരിചയപ്പെട്ടുവരുന്ന  ദമ്പതിമാരെയാണ്‌ കണ്ടുവരുന്നതെങ്കിൽ, ഇന്ന്‌ സ്ഥിതി ഏറെ മാറി. അവരവർക്ക്‌ ഇഷ്ടപ്പെട്ട  വധൂവരന്മാരെ യഥേഷ്ടം തിരഞ്ഞെടുക്കാൻ സാധിക്കുന്നു. ആയതിനാൽ സ്ത്രീയും പുരുഷനും തമ്മിൽ മുൻകൂട്ടി അറിഞ്ഞും കേട്ടും ജീവിതത്തെ നിർമ്മിക്കാൻ ശ്രമിക്കുന്നു. എന്നിട്ടും ജീവിതത്തിൽ സ്നേഹരാഹിത്യം കൊണ്ടുള്ള വഴക്കും  വേർപിരിയലുകളും സംഭവിക്കുന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹബന്ധത്തിൽ സംഭവിക്കുന്നതിനെക്കാൾ എത്രയോ  ഇരട്ടി  പ്രശ്നങ്ങൾ പ്രേമവിവാഹ ദാമ്പത്യത്തിൽ സംഭവിക്കുന്നു.

 ഓരോ ദമ്പതിമാരുടെയിടയിലും  പ്രശ്നങ്ങൾ വ്യത്യസ്തമാകാം.  എങ്കിലും പ്രധാനമായി കണ്ടുവരുന്നത്‌, വിശ്വാസമില്ലായ്മയും പരസ്പര സംശയവുമാണ്‌. ഇതിനുകാരണം, ഇവർ ആത്മാർത്ഥമായി സ്നേഹിക്കുന്നില്ല എന്നതാണ്‌. ഉണ്ടെങ്കിൽ തന്നെ  സ്നേഹിക്കാൻ വേണ്ടി, അല്ലെങ്കിൽ ഒരുമിച്ചു ജീവിക്കാൻ വേണ്ടി മാത്രം സ്നേഹിക്കുന്നു എന്നതാകാം. സാമ്പത്തികവും വിദ്യാഭ്യാസപരവും  തൊഴിൽപരവും ലൈംഗികപരവുമായ വിഷയങ്ങൾ ഇവയിൽ ഉൾച്ചേർന്നിരിക്കുന്നു. ഒരർത്ഥത്തിൽ ലൈംഗികതയാണ്‌ ജീവിതത്തിന്റെ അടിത്തറയെന്ന ഫ്രോയിഡിയൻ ചിന്ത കുടുംബബന്ധത്തെ എപ്പോഴും നയിക്കുന്ന ഘടകമാണെന്ന്‌ സമ്മതിച്ചേ പറ്റൂ. പ്രായബോധം, സൗന്ദര്യബോധം, അനുഭൂതി, ആസക്തി, വിഷാദം  ഇങ്ങനെ പലതും ബാധകമാകുന്നു. ഏറെ പ്രായം കൂടിയ പുരുഷനെ വിവാഹം കഴിക്കേണ്ടിവരുന്ന സ്ത്രീ, തുല്യ പ്രായക്കാരായി വിവാഹം ചെയ്യുന്ന ദമ്പതിമാർ ഇങ്ങനെ ജൈവപരമായ വ്യത്യാസങ്ങൾക്കപ്പുറത്ത്‌  ചിലതുകൂടി ഉണ്ടെന്നു കാണാം.  ഇണയെ തൃപ്തിപ്പെടുത്താനറിയാത്ത പുരുഷൻ, പുരുഷനെ ലൈംഗികകാര്യങ്ങളിൽ പ്രോത്സാഹിപ്പിക്കാത്ത സ്ത്രീ, കുട്ടികളുണ്ടായിക്കഴിഞ്ഞാൽ ലൈംഗിക കാര്യങ്ങൾ അനാവശ്യമാണെന്നു വിശ്വസിക്കുന്ന സ്ത്രീ, മുൻകൂട്ടിയുറപ്പിച്ച സമയത്തുമാത്രം ഭാര്യയെ പ്രാപിക്കണമെന്ന്‌ കരുതുന്ന ഭർത്താവ്‌, ഇതൊക്കെ  ഇന്നത്തെ കുടുംബങ്ങളിൽ ധാരാളമുണ്ടെങ്കിലും പലരും പുറത്തു പറയാതെ ജീവിക്കുകയാണ്‌. അദമ്യമായ ജീവിതരതിയും ആഴമേറിയ ലൈംഗിക തൃഷ്ണയും പേറി നടക്കുന്നവരാണ്‌ കേരളത്തിലെ ദമ്പതിമാരിൽ അധികവുമെന്ന്‌ കാണാൻ കഴിയും.


സ്ത്രീപുരുഷ തുല്യത പറഞ്ഞു നടക്കുന്ന ഇക്കാലത്ത്‌ തുല്യത എന്നത്‌ പൂർണ്ണമായി നടപ്പിലാക്കാൻ കഴിയില്ലെന്ന്‌ ഏവർക്കും അറിയാം. കുടുംബത്തെ മനോഹരവും ഭാവനാപൂർണ്ണവുമാക്കുന്നതിൽ പുരുഷനെക്കാൾ പങ്ക്‌ സ്ത്രീ ഏറ്റെടുത്തേ മതിയാവൂ. പരസ്പരം  മനസ്സിലാക്കാനും  ഉൾക്കൊള്ളാനുമുള്ള പാടവമാണ്‌ ഇരുപക്ഷവും  ആർജ്ജിക്കേണ്ടത്‌. വാക്കിലും നോക്കിലും സാമീപ്യസമ്പർക്കാദികളിലെല്ലാം ഒരുപോലെ ശ്രദ്ധിക്കേണ്ട ദാമ്പത്യം മനസ്സുകൾകൊണ്ട്‌  അകലുകയും ശരീരങ്ങൾ കൊണ്ട്‌ അടുക്കുകയും ചെയ്യുന്നതാകരുത്‌.
പരസ്പരം ക്ഷമിക്കാനും സഹിക്കാനുമുള്ള മനസ്സ്‌ ഉത്തമ ദാമ്പത്യത്തിന്‌  അത്യാവശ്യമാണ്‌. സഹധർമ്മിണി, ക്ഷമ, ധര, ധരിത്രി എന്നിങ്ങനെയുള്ള ഭൂമിയുടെ പര്യായങ്ങൾ സ്ത്രീക്കും ചേർന്നതാണ്‌.


ഇതിനർത്ഥം പുരുഷന്റെ ആട്ടും തുപ്പും സഹിച്ചു കിടക്കണമെന്നല്ല. പണത്തിനും പ്രതാപത്തിനും പ്രഭുത്വത്തിനും അപ്പുറമാണ്‌ ജീവിതമെന്ന്‌ സ്നേഹം കൊണ്ട്‌  തിരിച്ചറിയണം. അഹങ്കാരം, അൽപത്വം  അവകാശത്തിന്മേലുള്ള ധിക്കാരം ഇവ മാറ്റിവയ്ക്കണം. കുട്ടികളിൽ വളരെ ചെറുപ്പം മുതലേ സ്നേഹാദിവികാരങ്ങൾ വളർത്തിയെടുക്കാൻ അച്ഛനമ്മമാർ ശ്രദ്ധിക്കണം. ഓരോ പ്രായത്തിലും കുട്ടികൾ അറിയേണ്ടത്‌  അറിയാനും അറിയിക്കാനും  ശ്രമിക്കണം. ലൈംഗികത പാപമല്ലെന്നും ശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും  ബോധ്യപ്പെടുത്തണം.


സംസ്കാരത്തെയും സാഹിത്യത്തെയും മാനവികതയെയും സ്പർശിക്കുന്ന ചിന്തകളിലേക്കും വായനയിലേക്കും  നയിക്കാനുള്ള ദിശാബോധമുള്ള വിദ്യാഭ്യാസം വഴി കുട്ടികളിൽ നന്മയുടെ സ്നേഹമൂല്യങ്ങൾ സൃഷ്ടിച്ചെടുക്കാം. എങ്കിൽ ആത്മഹത്യകൾപോലുള്ള വലിയ വിപത്തുകളിൽ നിന്നും സമൂഹത്തെ ഒരളവോളം പിടിച്ചുനിർത്താൻ കഴിയും.

Sunday, 14 August 2011

മധ്യവയസ്സിന്റെ കാലുഷ്യം

 


സുധാകരൻ ചന്തവിള


പ്രായം എന്നത്‌ കാലം പോലെ മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്‌.  ഏവർക്കും അത്‌  അനുഭവിച്ചേ മതിയാവൂ.  പ്രായം കൂടിക്കൂടി വരുന്നതിൽ ആർക്കും അത്രയ്ക്ക്‌ സംതൃപ്തിയില്ല.  70-80 വയസ്സായവർ പോലും തങ്ങളുടെ പ്രായം തുറന്നു പറയാൻ  പലപ്പോഴും ബുദ്ധിമുട്ടുന്നവരാണ്‌.  ആശുപത്രികളിൽ രോഗികളായി എത്തുന്നവരിൽ അധികംപേരും യഥാർത്ഥ വയസ്സിൽ നിന്നും അഞ്ചു വയസ്സെയെങ്കിലും കുറച്ചു പറയുന്നവരാണ്‌.  കാരണം കൂടുതൽ വയസ്സായി എന്നറിഞ്ഞാൽ വേണ്ടത്ര ചികിത്സ കിട്ടില്ലെന്നു കരുതുന്നു.  പ്രായത്തെയും മരണത്തെയും ഒരുപോലെ ഭയക്കുന്നു എന്നർത്ഥം!  മറ്റുള്ളവർ വയസ്സായി എന്നു പറയുമ്പോഴും, തങ്ങൾ വയസ്സായില്ലെന്ന്‌  രൂപം കൊണ്ടും ഭാവം കൊണ്ടും അറിയിക്കുന്നവരാണ്‌  മനുഷ്യരിൽ അധികം പേരും. അതിനുള്ള പലവിധ സൗന്ദര്യവസ്തുക്കളും ഇപ്പോൾ നിലവിലുണ്ട്‌.


  ശരീരം വയസ്സാകുന്തോറും മനസ്സ്‌ ചെറുപ്പമാകുന്നു എന്നത്‌ പുതിയ കാര്യമല്ല. എല്ലാ പൂർണ്ണമനുഷ്യരിലും ഓരോ കുട്ടിമനസ്സ്‌ ജീവിച്ചു കൊണ്ടിരിക്കുന്നു. (Child is the Father of Man- William Wordsworth )  ഇരുപതുകളിലേയും മുപ്പതുകളിലേയും  മധുരസ്വപ്നങ്ങളും ചിന്തകളും മറക്കാതെ കൊണ്ടുനടക്കുന്ന നിത്യകാമുക മനസ്സിന്റെ ഉടമകളാണ്‌ മുതിർന്നവർ.  പുതിയ കുട്ടികൾ ചെയ്തുകൂട്ടുന്ന  കുസൃതിത്തരങ്ങൾ കാണുമ്പോൾ ദേഷ്യം വരുന്നതും കുറ്റം പറയാൻ തോന്നുന്നതും അസൂയ കൊണ്ടോ, നഷ്ടബോധംകൊണ്ടോ ആണ്‌. ഇരുപതുകളിലോ മുപ്പതുകളിലോ അൻപതുകളെ കുറിച്ച്‌ ആരും ചിന്തിക്കാറില്ല. എന്നാൽ 50 കഴിയുമ്പോൾ തങ്ങളുടെ നഷ്ടസ്വപ്നമായ 20-30 പ്രായത്തെ കുറിച്ച്‌  ഓർത്ത്‌ ദുഃഖിക്കാറണ്ട്‌. എല്ലാം ശക്തവും ഊഷ്മളവുമായി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്ന ക്ഷുഭിതയൗവ്വനം തിരിച്ചുകിട്ടുമോയെന്ന്‌ ആരാണ്‌ ആഗ്രഹിക്കാത്തത്‌. ?ലക്ഷ്മിയുമസ്ഥിരയല്ലോ മനുഷ്യർക്ക്‌/നിൽക്കുമോ യൗവ്വനവും പുനരധ്രുവം?-എന്ന കവിവാക്യം ഓർക്കുമ്പോഴും യൗവ്വനം തിരിച്ചു കിട്ടുമോ എന്നാലോചിക്കുന്നവർ വളരെ കൂടുതലാണ്‌.  ഇതിഹാസ പുരാണങ്ങളിൽ പോലും അങ്ങനെ ചിന്തിച്ച അനവധി കഥാപാത്രങ്ങളുണ്ട്‌. മകന്റെ യൗവ്വനം കണ്ട്‌ കൊതി തോന്നി അതെനിക്കു തരൂ, ഞാൻ നിനക്ക്‌ വാർദ്ധക്യം തരാം എന്നു പറഞ്ഞ ?യയാതിയും? വിവാഹപ്രായമായ മകനുള്ളപ്പോൾ തന്നെ സത്യവതിയിൽ പ്രണയാതുരനായ ?ശന്തനുമഹാരാജാവും? ഉൾപ്പെടെ എത്രയോ ഉദാഹരണങ്ങൾ എടുത്തു കാട്ടാവുന്നതാണ്‌.


 യൗവ്വനത്തെ എന്തുകൊണ്ട്‌ എല്ലാപേരും ഇഷ്ടപ്പെടുന്നു?  സ്വപ്നങ്ങളുടെ, കാമത്തിന്റെ, രതിയുടെ, ലൈംഗികതയുടെ മണിയറ തന്നെയാണ്‌ യൗവ്വനം.  നോക്കാനും നോക്കിപ്പിക്കാനും കൊതിക്കാനും കൊതിപ്പിക്കാനും കഴിയുന്ന മറ്റൊരുകാലം ജീവിതത്തിലില്ലതന്നെ. സ്വന്തം മകളുടെ സൗന്ദര്യവും അംഗലാവണ്യവും കാണുമ്പോൾ ഏതൊരമ്മയ്ക്കും ആനന്ദമുണ്ടാകുന്നതു പോലെ, തെല്ല്‌ അസൂയ തോന്നുന്നതും അതുകൊണ്ടാണ്‌. സ്ത്രീപുരുഷന്മാരിൽ പ്രകടമായ സൗന്ദര്യം സ്ത്രീക്കാണല്ലോ കൂടുതൽ?  ഒരേ പ്രായത്തിലുള്ള സ്ത്രീകൾ തന്നെ പലപ്പോഴും ഇണങ്ങുന്നതിനെക്കാൾ പിണങ്ങുന്നത്‌ സൗന്ദര്യത്തിന്റെ പേരിലാണ്‌. സൗന്ദര്യം എന്നത്‌ യൗവ്വനത്തിന്റെയും യൗവ്വനം സൗന്ദര്യത്തിന്റെയും പര്യായമായാണല്ലോ ആദികാലം മുതൽക്കേ കണ്ടു വരുന്നത്‌. 
 യൗവ്വനത്തിന്റെ സുഖസ്വപ്നങ്ങൾക്കും വാർദ്ധക്യത്തിന്റെ കറുത്ത ദിനങ്ങൾക്കും നടുവിൽ എല്ലാവരും എത്തിച്ചേരുന്ന ജീവിതത്തിന്റെ നട്ടുച്ചയാണ്‌ മധ്യവയസ്സ്‌.  40-50 വയസ്സ്‌ എന്നത്‌ ഏതൊരു മനുഷ്യനും കൂടുതൽ സങ്കീർണ്ണതകളുടെയും സംഘർഷങ്ങളുടെയും കാലമാണ്‌.

ചെയ്തുപോയതിനെ കുറിച്ചും ചെയ്യാനുള്ളതിനെ കുറിച്ചുമുള്ള വേവലാതികൾ കൂടുതലറിയുന്നതും അനുഭവിക്കുന്നതും ഈ കാലഘട്ടത്തിലാണ്‌.  ആദർശത്തിന്റെ ശുഭദിനങ്ങൾ കൊഴിഞ്ഞുവീഴുന്നതും ബാഹ്യാഭ്യന്തര പ്രതീക്ഷകളുടെ  വെള്ളിനക്ഷത്രങ്ങൾ ഇളകിവീഴുന്നതും വിപ്ലവത്തിന്റെ കൊടിപിടിച്ച മനസ്സ്‌  ആത്മീയതയെ തേടിപ്പോകുന്നതുമെല്ലാം ഈ കാലഘട്ടത്തിലാണ്‌.  മാത്രമല്ല നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൗന്ദര്യത്തെയും ലൈംഗികതയേയും കുറിച്ചുള്ള  ഉൽക്കണ്ഠകൾ, സ്വയമല്ലാതെ മെരുക്കിയെടുക്കപ്പെടേണ്ടുന്ന സാഹചര്യം, കുട്ടികളുടെ, കുടുംബത്തിന്റെ സാമ്പത്തികവും വൈകാരികവുമായ പ്രശ്നങ്ങൾ ഇതൊക്കെ ഇക്കാലഘട്ടത്തിലെന്നതു പോലെ മറ്റൊരു കാലഘട്ടത്തിലുമില്ല. ആയതിനാൽ കൗമാരം പോലെ തന്നെ മധ്യവയസ്സും കടന്നുകിട്ടുകയെന്നത്‌ കൂടുതൽ ശ്രമകരമാണ്‌.


 പ്രതീക്ഷകളില്ലാത്ത ജീവിതം കുറവാണല്ലോ? പക്ഷേ പ്രതീക്ഷകളെല്ലായിപ്പോഴും പൂർണ്ണമാകാറില്ല. കുറെയൊക്കെ പൂർത്തീകരിച്ചതും പൂർത്തീകരിക്കപ്പെടേണ്ടതുമായാണ്‌ എല്ലാ മനുഷ്യരും മുന്നോട്ടു പോകുന്നത്‌. മധ്യവയസ്സിൽ എത്തുന്നതോടെ, ഇനി പ്രതീക്ഷകൾക്ക്‌ വിലയില്ലെന്നും ജീവിതത്തിന്‌ വല്ലാത്ത മടുപ്പും വിരസതയും അനുഭവപ്പെടുന്നുവേന്നും പറയുന്നവരുണ്ട്‌. പ്രശ്നങ്ങളില്ലാത്ത ദാമ്പത്യങ്ങളില്ല.  എന്നാൽ ദാമ്പത്യം തന്നെ പലർക്കും മധ്യവയസ്സിൽ പ്രശ്നമാണ്‌.  ഒരുപാട്‌ സഹിക്കുകയും പുറമേ എല്ലാം ഭദ്രമെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയുംം അതനുസരിച്ച്‌  അഭിനയിക്കുകയും  ചെയ്യുന്ന എത്രയോ ദാമ്പത്യങ്ങൾ ഉണ്ട്‌.  ഇരയുടെ പ്രശ്നത്തെക്കാൾ കൂടുതൽ പ്രശ്നം ഇണയുടേതാണെന്ന്‌ തിരിച്ചറിയുന്നു. തമ്മിലറിഞ്ഞതിലപ്പുറം അകലുന്നവരും കലഹം കാട്ടുന്നവരുമാണ്‌ മധ്യവയസ്സായ ദാമ്പതികൾ. ?പിറക്കാതിരുന്നെങ്കിൽ പാരിൽ നാം സ്നേഹിക്കുവാൻ/വെറുക്കാൻ തമ്മിൽ കണ്ടുമുട്ടാതെയിരുന്നെങ്കിൽ?-എന്നു പറഞ്ഞു പോകുന്നവരാണ്‌ അവരിൽ ഏറിയകൂറും. അതായത്‌ കയ്ച്ചിട്ട്‌ ഇറക്കാനും മധുരിച്ചിട്ട്‌ തുപ്പാനും വയ്യ എന്ന രീതിയിൽ ജീവിക്കുന്നു.

സേ​‍്നഹവും പ്രണയവും  ഭ്രാന്തു പോലെ കൊണ്ടു നടക്കുകയും ഇഷ്ടക്കേടുകളുടെ ഭാണ്ഡം ചുമക്കുകയും ചെയ്യുന്ന ദമ്പതികൾ ജീവിത മധ്യാഹ്നത്തിലെ സ്നേഹവിരഹങ്ങളുടെ ദ്വന്ദ്വങ്ങളാണ്‌.
  മധ്യാഹ്ന ജീവിതത്തിലെ മനുഷ്യരിൽ ഏറ്റവും അധികം കണ്ടുവരുന്ന ഗുണമാണ്‌ പരസ്പരസംശയം. സംശയം എപ്പോഴും സത്യത്തിന്റെ പ്രതീകമല്ല. ബലഹീനതയുടെയും അസംതൃപ്തിയുടെയും പ്രതീകം കൂടിയാണ്‌.  അനാവശ്യമായി ഭാര്യയെ സംശയിക്കുന്ന ഭർത്താവും ഭർത്താവിനെ സംശയിക്കുന്ന ഭാര്യയും കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നവരാണ്‌. ഭർത്താവ്‌ ഏതെന്തിലും പരസ്ത്രീയോട്‌ സംസാരിക്കുന്നതു കണ്ടാൽ വെറുതെ മുറുമുറുക്കുന്ന ഭാര്യ, ഭാര്യ ഏതെങ്കിലും പുരുഷനോട്‌ സംസാരിക്കുന്നതിൽ നീരസം കാണിക്കുന്ന ഭർത്താവ്‌  ഇങ്ങനെ  അവസാനിക്കാത്ത സംശയത്തിന്റെ നിഴൽ ബാക്കിയാക്കി ജീവിക്കുന്നു, യൗവ്വനം കഴിഞ്ഞതിൽ പരിതപിക്കുന്ന മധ്യവയസ്ക്കരുടെ  സഞ്ചാരപഥം.  സ്പർദ്ധയും സ്വാർത്ഥതയും സ്വത്വത്തെക്കുറിച്ചുള്ള ഉൽക്കണ്ഠയുമെല്ലാം പരമോന്നതാവസ്ഥയിലെത്തുന്ന ജീവിത കാലഘട്ടവും മധ്യവയസ്സാണ്‌.

ആഗ്രഹത്തിനനുസരിച്ച്‌ എത്തിച്ചേരാൻ കഴിയാത്തതിലുള്ള വിഷമം, കൂടെ പഠിച്ചവരും കളിച്ചവരും തന്നെക്കാൾ വലിയ നിലയിലെത്തുന്നതു കാണുമ്പോഴുള്ള സ്വയം ജാള്യതയുടെ തിരിച്ചറിവ്‌, എന്നിങ്ങനെ  എത്തിച്ചേർന്നതിൽ നിന്നും എത്തിച്ചേരാൻ കഴിയാത്തതിലുള്ള ദൂഃഖസ്വപ്നങ്ങളുടെ വിരസകാലഘട്ടമായി മധ്യവയസ്സ്‌ ഒറ്റപ്പെട്ടു നിൽക്കുന്നു. ചുരുക്കത്തിൽ ജീവിക്കാൻ മറന്നുപോയ കൗമാര-യൗവ്വനങ്ങളുടെ പാപക്കറ  മനസ്സിൽ സൂക്ഷിക്കുന്ന ഒറ്റപ്പെടലിന്റെ കൂട്ടുകാരനാണ്‌ മധ്യവയസ്സ്‌. സ്നേഹവിരഹങ്ങളുടെ, രാഗദ്വേഷങ്ങളുടെ കൊടുംകയ്പ്‌ കുടിക്കുന്ന ഈ കാലഘട്ടം സ്വയമറിയലിന്റെ, അനുഭവിക്കലിന്റെ സാക്ഷിയായി പരിമിതപ്പെടുന്നു.

Saturday, 9 July 2011

ലൈംഗികത പ്രശ്നമാകുന്നു

സുധാകരൻ ചന്തവിള
പ്രണയത്തിനു പ്രായവും കാലവും ദേശവുമില്ലെന്നു പറയാറുണ്ട്‌. പ്രണയം എപ്പോൾ തുടങ്ങുന്നു, എവിടെ തുടങ്ങുന്നു, എന്നതും പ്രവചനാതീതമാണ്‌. യാദൃച്ഛികതകളുടെ കൂടിച്ചേരലാണ്‌ ജീവിതത്തെ സമ്പന്നമാക്കുന്നതെങ്കിൽ, അത്തരം യാദൃച്ഛികതകൾ പലതും പ്രണയസമ്പന്നമായി തീരാറുണ്ട്‌. സർവ്വവ്യാപിയായ പ്രണയം, പ്രായാനുസാരിയായി ലോകത്തിന്‌ മാധുര്യവും മഹത്വവും നൽകിക്കൊണ്ടിരിക്കുന്നു. ഒരാൾ വിവാഹിതനോ  അവിവാഹിതനോ എന്നതല്ല പ്രശ്നം, ഒരാളിൽ പ്രണയം എന്ന വികാരം എത്രമാത്രം ജൈവസാന്നിദ്ധ്യമാകുന്നു എന്നതാണ്‌. വികാരവും വിചാരവും ക്രമമായി ഉദ്ബുദ്ധമാകുന്ന ജീവിതമാണല്ലോ ശ്രേഷ്ഠമാകുന്നത്‌.
പ്രണയം, ഒരാളിൽ ദർശനത്തിന്റെയും ജീവിത സ്വപ്നസാക്ഷാത്ക്കാരത്തിന്റെയും പ്രതീകമായി തീരുന്നത്‌ കൗമാരത്തിലാണ്‌. കൗമാരം കൗതുകത്തിന്റെയും കാതരമായ അലച്ചിലിന്റെയും കാലം കൂടിയാണല്ലോ? വെറും തമാശയിൽ നിന്നും വെല്ലുവിളിയിൽ നിന്നും ആരംഭിക്കുന്ന പ്രണയം പലപ്പോഴും വാസ്തവമായിത്തീരുന്നു. കലാലയ ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ആരംഭിക്കുന്ന ഇത്തരം പ്രണയം സ്വപ്നവും ഉന്മേഷവും ഉന്മാദവും കൂടിക്കലരുന്നു. ചിലപ്പോഴൊക്കെ അത്‌ കടുത്ത എതിർപ്പിന്റെ കവചം അണിയേണ്ടിവരികയും അതുവഴി നിരാശയുടെ നീർച്ചുഴികളായി മാറുകയും ചെയ്യും.
ജീവിതത്തിന്റെ മധ്യാഹ്നമായ യൗവ്വനം പ്രണയത്തിന്റെയും മധ്യാഹ്നമാണ്‌. മധ്യാഹ്ന ജീവിതത്തിലാണ്‌ പ്രണയം പൂത്തുലഞ്ഞു സുന്ദരമാകുന്നത്‌. വിവാഹമെന്ന സാമ്പ്രദായിക ചട്ടക്കൂടിനപ്പുറത്താണ്‌ യഥാർത്ഥ പ്രണയം കുടികൊള്ളുന്നത്‌. പക്ഷേ പലരുടെയും പ്രണയം വിവാഹാനന്തര ജീവിതത്തിന്റെ ഔപചാരികതകളിൽ മാത്രം തളം കെട്ടിനിൽക്കുന്നു. കുട്ടികളുണ്ടാകുന്നതിനു വേണ്ടിമാത്രം ലൈംഗികവേഴ്ചയിലേർപ്പെടുന്നവരും കുട്ടികളുടെ ജീവിതത്തിനു വേണ്ടിമാത്രം പിന്നീടു ജീവിക്കുന്നവരുമായ ദമ്പതികൾ നമ്മുടെ നാട്ടിൽ ധാരാളമാണ്‌. അവരെയാണ്‌ മാതൃകാദമ്പതികളെന്നു നാം വാഴ്ത്തിക്കൊണ്ടിരിക്കുന്നത്‌. യൗവ്വനജീവിതം സ്നേഹാദിവികാരങ്ങളാൽ തീക്ഷ്ണവും സമ്പന്നവുമാകേണ്ടതിനു പകരം, ജീവിതത്തിന്റെ നിത്യമായ പ്രശ്നച്ചൂടിൽപ്പെട്ടുകരിയുന്നു
. ലോകത്തിന്റെ പൊതുവായ ജീവിതരീതിക്കനുസരിച്ചു ജീവിക്കാനുള്ള വ്യാമോഹം, സമ്പത്തിനെക്കുറിച്ചുള്ള ഉൽക്കണ്ഠ, കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആഡംബരസമൃദ്ധമായ ഭാവിക്കും വേണ്ടിയുള്ള നെട്ടോട്ടം ഇങ്ങനെ പല ദാമ്പത്യങ്ങളും ജീവിക്കാതെ ജീവിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതിനെല്ലാം അപ്പുറത്തേക്ക്‌ ജീവിതത്തെയും യൗവ്വനത്തെയും നിലനിർത്താൻ ആഗ്രഹിക്കുന്നവരും ഇല്ലാതില്ല. എന്നാൽ അത്തരക്കാരെ സമൂഹം അംഗീകരിക്കണമെന്നില്ല.
  ദാമ്പത്യജീവിതത്തെ സുഖകരമാക്കിത്തീർക്കുന്നതിലാണ്‌ ജീവിതത്തിന്റെ മഹത്ത്വമെന്ന്‌ ചിലർ പറയാറുണ്ട്‌. അത്‌ എത്രയോ ശരിയുമാണ്‌. ഒരു സമയവിവരപ്പട്ടികയോ, എഴുതിയുണ്ടാക്കിയ കരാറോ കൊണ്ട്‌ ഒരിക്കലും ജീവിക്കാൻ കഴിയില്ല. രണ്ടുവ്യത്യസ്തരായ വ്യക്തികളുടെ രണ്ടു സാഹചര്യങ്ങളിൽ ജനിച്ചുവളർന്നവരുടെ കൂട്ടായ ജീവിതമാണല്ലോ ദാമ്പത്യം. ഒരുപാട്‌ ഒത്തുതീർപ്പുകളും സമ്മതക്കേടുകളും സഹിക്കലുകളും ഉണ്ടാകാം. ഇതിനെയെല്ലാം താങ്ങിനിർത്തുന്നത്‌ സംശയരഹിതമായ വിശ്വാസവും സ്നേഹവുമായിരിക്കണം.
ദാമ്പത്യത്തിന്റെ ആദ്യനാളുകളിൽ പൊട്ടിത്തെറികൾ അധികമുണ്ടാകാറില്ല. കയ്പും മധുരവും കൂടുതലറിയുന്നത്‌ കുറച്ചുകാലം ഇടപഴകുമ്പോഴാണ്‌. ലൈംഗികാസക്തി കുറയുന്നതായുള്ള തോന്നൽ ആദ്യമുണ്ടാകുന്നത്‌ സ്ത്രീക്കാണ്‌. ഇത്‌ പുരുഷനെ കൂടുതൽ അസ്വസ്ഥനാക്കുന്നു. പ്രായത്തെക്കുറിച്ചും ജരാനരയെക്കുറിച്ചുമുള്ള ബോധം ആദ്യം കീഴ്പ്പെടുത്തുന്നതും സ്ത്രീകളെത്തന്നെയാണ്‌. പ്രണയവിവാഹങ്ങളുടെ എണ്ണം കൂടുന്ന ഇക്കാലത്ത്‌ പല ദമ്പതികളും തുല്യപ്രായക്കാരോ വലിയ പ്രായവ്യത്യാസമില്ലാത്തവരോ ആയിത്തീർന്നിട്ടുണ്ട്‌. ഇത്‌ ഒരു പ്രധാനഘടകമാണ്‌. നാൽപത്തഞ്ച്‌ അൻപത്‌ വയസ്സോടെ കെട്ടടങ്ങുന്ന ലൈംഗികാസക്തിയാണ്‌ സ്ത്രീകളിൽ കണ്ടുവരുന്നത്‌. പുരുഷനിൽ ലൈംഗികത കൂടുതൽ തീക്ഷ്ണമാകുന്നത്‌ മിക്കവാറും ഈ പ്രായത്തിലുമാണ്‌. അതുകൊണ്ടാകാം ശാസ്ത്രീയമായ വലിയ അറിവൊന്നുമില്ലാതിരുന്ന പഴയ ആളുകൾ,പത്തുപതിനഞ്ചുവയസ്സിന്റെ വ്യത്യാസത്തിൽ വിവാഹബന്ധം സ്ഥാപിച്ചിരുന്നത്‌.
നമ്മുടെ പത്രമാധ്യമങ്ങളിൽ ഏറെ ഇടം നേടിക്കൊണ്ടിരുന്ന വാർത്തകൾ ലൈംഗികതയുമായി ബന്ധപ്പെട്ടതാണല്ലോ? 'മധ്യവയസ്കൻ പരസ്ത്രീയുമായീ ഒളിച്ചോടി', 'യുവതി ഭർത്താവിനെയും കുട്ടികളെയുമുപേക്ഷിച്ച്‌ കാമുകനോടൊപ്പം കടന്നു'- തുടങ്ങി എത്രയെത്ര വാർത്തകളാണ്‌ പുറത്തു വരുന്നത്‌?. ആരെയാണ്‌ ഇവിടെ പഴിപറയേണ്ടത്‌. ലൈംഗിക പൂർവ്വ ജീവിതത്തെയും സ്വതന്ത്രലൈംഗിക സമൂഹത്തെയും (എ​‍ൃലല ടലഃ ടീരശല​‍്യേ) കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന ഇക്കാലത്ത്‌, ഇവ എന്തുകൊണ്ടുണ്ടാകുന്നു എന്നു കൂടുതൽ  പഠിക്കേണ്ടിയിരിക്കുന്നു.
പഴയകാലത്ത്‌ പുരുഷന്മാർ മാത്രമായിരുന്നു ഇത്തരം സംഭവങ്ങളിൽ കുരുങ്ങിക്കൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ സ്ത്രീകളും അതിൽ ഉൾപ്പെട്ടുകൊണ്ടിരിക്കുന്നു. പുറം ലോകവുമായുള്ള സ്ത്രീകളുടെ സഹവാസം, മാധ്യമങ്ങളുടെ സ്വാധീനം വിദ്യാഭ്യാസ-സാമൂഹിക മുന്നേറ്റം തുടങ്ങി പല ഘടകങ്ങളും സ്ത്രീയെ അത്തരം ചിന്തകളിലേക്ക്‌ എത്തിക്കുവാൻ കൂടുതൽ സഹായിച്ചു. താൽകാലികമായുള്ള വേർപിരിയലുകൾ, പിണക്കങ്ങൾ, എന്നിവ വളരെ പെട്ടെന്ന്‌, വിവാഹ മോചനക്കേസുകളായി മാറുന്നതു കാണാം. നമ്മുടെ കുടുംബ കോടതികളിലെ കേസുകളിൽ ണല്ലോരു ശതമാനവും ദാരിദ്ര്യവും പട്ടിണിയും കൊണ്ടുണ്ടാകുന്ന കുടുംബപ്രശ്നങ്ങളല്ലെന്നു മനസിലാക്കാവുന്നതാണ്‌. മിക്കവാറും കേസുകളുടെ ഉത്ഭവവും ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാകുന്നതാണ്‌. ഭർത്താവു നാട്ടിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും  ഭാര്യയിൽ നിന്നുണ്ടാകുന്ന ചലനങ്ങൾ, സംസാരങ്ങൾ, സംശയങ്ങൾ തുടങ്ങി നിരവധി ലൈംഗിക പ്രശ്നങ്ങൾ കുടുംബ കോടതി  കേസുകളായി എത്തപ്പെടുന്നു. അതുപോലെ തന്നെ ഭർത്താവിൽ നിന്നുള്ള ചെറുവാക്കുകൾ, സംസാരങ്ങൾ എല്ലാം വലിയ പ്രശ്നങ്ങളായി ഭാര്യ കണക്കിലെടുത്തു വലിയ പൊട്ടിത്തെറിക്ക്‌ ഇടവരുത്തുന്നു. പണം കൊണ്ടും പദവികൊണ്ടുമുള്ള ലൈംഗിക പ്രശ്നങ്ങൾ മറ്റൊരുവശത്ത്‌ ഉണ്ടാകുന്നുണ്ട്‌. ചുരുക്കത്തിൽ കുടുംബ കോടതികളിലെ കേസുകളിൽ അധികവും സാധാരണയിൽ കവിഞ്ഞ നിലവാരമുള്ള സ്ത്രീപുരുഷന്മാർക്കിടയിൽ നിന്നുമാണ്‌ വരുന്നതെന്ന്‌ മനസ്സിലാക്കാം.
 കത്തിയമരുന്ന യൗവ്വന തൃഷ്ണകളെ പൂർണ്ണമായി മറച്ചുവച്ചുകൊണ്ട്‌ ഒരു പുരുഷനും സ്ത്രീക്കും ജീവിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടേ മതിയാകു. പണത്തെയും പദവിയേയും മാറ്റിവച്ച്‌  ജീവിതത്തെ മാനിക്കേണ്ടതാണ്‌. ചിലരൊക്കെ പറയുന്നത്‌ കേൾക്കാമല്ലോ "അവൾക്കെന്താ ഒരു കുറവ്‌ അയാൾ വിദേശത്തുനിന്നും ധാരാളം പണവും പൊന്നുമെല്ലാം യഥാസമയത്ത്‌ എത്തിച്ചുകൊടുക്കുന്നില്ലേ, അവൾക്ക്‌ അടങ്ങി ഒതുങ്ങി കഴിഞ്ഞാലെന്താ"?-ഇങ്ങനെ ജീവിക്കാൻ കഴിയുന്നതല്ല ജീവിതം. മൂക്കുകയറിട്ടാലും പൊട്ടിപ്പോകുന്ന ഒന്നാണ്‌ ലൈംഗികതയെന്ന്‌ അറിഞ്ഞേ മതിയാകൂ. കേരളത്തിലെ കുടുംബപ്രശ്നങ്ങൾക്കു കാരണവും അതുതന്നെയാണ്‌.
ലൈംഗികസദാചാരത്തെക്കുറിച്ചും ലൈംഗിക ജീവിതാവബോധത്തെക്കുറിച്ചുമുള്ള കേരളീയരുടെ ധാരണകളെ പൊളിച്ചെഴുതേണ്ടുന്ന കാലം കഴിഞ്ഞിരിക്കുന്നു. അതിനർത്ഥം കുത്തഴിഞ്ഞ ലൈംഗിക ജീവിതം ഉണ്ടാകണമെന്നല്ല. മറിച്ച്‌ പ്രായപൂർത്തിയായ ഒരു പുരുഷൻ പ്രായപൂർത്തിയായ സ്ത്രീയോടൊപ്പം പരസ്പര ഇഷ്ടത്തോടെ ഒന്നോ രണ്ടോ മണിക്കൂറോ, ദിവസമോ എവിടെയെങ്കിലും താമസിച്ചാൽ അതിനെ ചികഞ്ഞു കണ്ടുപിടിച്ച്‌ കേസാക്കി മാറ്റുന്ന രീതിയാണ്‌ നമ്മുടെ നാട്ടിൽ ഇപ്പോഴുമുള്ളത്‌. പോലീസ്‌ കേസെടുക്കുമെന്നുറപ്പാകുമ്പോൾ സ്ത്രീ മിക്കവാറും കാലുമാറുകയും കുറ്റം മുഴുവനും പുരുഷന്റെമേൽ ചുമത്തപ്പെടുകയും ചെയ്യുന്നു. അങ്ങനെ അയാൾ സ്ത്രീ പീഡനക്കഥയിലെ ഇരയായി-സാമൂഹ്യ ദ്രോഹിയായിത്തീരുന്നു. ഒരുപക്ഷേ സ്വന്തം ഭാര്യയോടുള്ള സ്നേഹക്കുറവോ, ഭാര്യക്ക്‌ ഭർത്താവിനോടുള്ള ഇഷ്ടക്കുറവോ, ലൈംഗിക താൽപര്യക്കുറവോ, സമാനപ്രണയ സൗഹൃദയക്കുറവോ ഒക്കെയാവാം അയാളുടെ പ്രശ്നങ്ങൾ. ഒരു കൊലപാതകക്കേസിലെ പ്രതിക്ക്‌ പോലും ഉണ്ടാകാത്തത്തരത്തിലുള്ള മാനക്കേട്‌ സ്ത്രിപീഡനക്കേസ്സിലെ പ്രതിക്ക്‌ നൽകി നാം മാധ്യമങ്ങളെ വാഴ്ത്തുന്നതെന്തിന്‌?. മതപരവും രാഷ്ട്രീയവും ഭീകരവാദപരവുമായ ആക്രമണങ്ങളെക്കാളും കൂട്ടക്കൊലകളെക്കാളും വലുതാണോ ഇത്തരം സ്ത്രീപീഡനക്കേസുകൾ?
ലൈംഗികതയെക്കുറിച്ചുള്ള ഇടുങ്ങിയ മാനസിക ചിന്തകൾ മാറേണ്ടിയിരിക്കുന്നു. സ്ത്രീപുരുഷന്മാർ, വിദ്യാർത്ഥികളായാലും, യുവതീയുവാക്കളായാലും സൗഹൃദപൂർവ്വം  സംസാരിക്കാനും ഇടപഴകാനുമുള്ള അവസരം കൂടണം. ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ സംസാരിച്ചാൽ അതെല്ലാം ശാരീരിക ബന്ധത്തിലധിഷ്ഠിതമായ ലൈംഗികയാണ്‌ എന്ന്‌ പറയുന്ന അവസ്ഥ മാറേണ്ടിയിരിക്കുന്നു. പ്രണയമെന്നത്‌ പലപ്പോഴും നിർവ്വചിക്കാൻ കഴിയാത്ത മാനസികാവസ്ഥയാണെന്നും അത്‌ ജീവിതത്തെ, സമ്പന്നമാക്കുന്ന നന്മയുടെ നിറവാണെന്നും നാം പഠിക്കേണ്ടിയിരിക്കുന്നു. ഇണകളുടെ പ്രായം,താൽപര്യം, സമ്മതം എന്നിവയെല്ലാം വ്യക്തമാക്കി ഒരു വിശ്രമംപോലെ, വിനോദം പോലെ അംഗീകരിക്കപ്പെടുന്ന സൗഹൃദ ചങ്ങാത്തസ്ഥലങ്ങൾ (ഞലറ ടൃലല​‍േ നു സമാനമല്ല) ഉണ്ടാകേണ്ടിയിരിക്കുന്നു. ലൈംഗികത പാപമല്ലെന്നും കുറ്റമല്ലെന്നും എന്നാൽ അത്‌ വിവാഹപൂർവ്വബന്ധമായി തീരേണ്ടതല്ലെന്നും ഉറപ്പിക്കണം.
ഇത്തരം തുറന്ന സംവാദങ്ങളും ചർച്ചകളും സൗഹൃദങ്ങളും ഉണ്ടാകാത്തതിന്റെ കുറവാണ്‌, മലയാളികൾ അധികമായി ലൈംഗിക വാർത്തകൾ ശ്രദ്ധിക്കാനും ലൈംഗികച്ചിത്രങ്ങൾ കാണാനുമുള്ള കാരണങ്ങൾ. സ്ത്രീപ്രതിജ്ഞാവാദികളും സ്ത്രീശാക്തീകരണവാദികളുമെല്ലാം ഗൗരവമായി ചർച്ചചെയ്യേണ്ടുന്ന വിഷയമാണിത്‌. പലതരത്തിലും സ്ത്രീകൾ പുരുഷന്മാരോടൊപ്പം എത്തിക്കഴിഞ്ഞ സ്ഥിതിയാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. എന്നാൽ സ്ത്രീ ലൈംഗികത എന്നത്‌ പുരുഷന്‌ പീഡിപ്പിക്കാനുള്ള എന്തോ ഒരു അമൂല്യ സാധനമാണെന്ന ചിന്ത ഇപ്പോഴും നിലനിൽക്കുന്നു.
സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ള സ്ത്രീ മുതൽ ഐ. എ. എസ്സുകാരിവരെ പീഡനക്കഥകളുമായി ഇപ്പോഴും പുറത്തുവരുന്നതിന്റെ ഉള്ളുകള്ളികൾ നാം തിരിച്ചറിയണം. പീഡനങ്ങൾക്ക്‌ ശിക്ഷ വിധിക്കപ്പെടുമ്പോഴും പീഡനം എന്തുകൊണ്ടുണ്ടാകുന്നുവേന്നു നാം കൂടുതൽ ചിന്തിക്കുന്നില്ല.

Friday, 8 July 2011

ലൈംഗികത പ്രശ്നമാകുന്നു

സുധാകരൻ ചന്തവിള






പ്രണയത്തിനു പ്രായവും കാലവും ദേശവുമില്ലെന്നു പറയാറുണ്ട്‌. പ്രണയം എപ്പോൾ തുടങ്ങുന്നു, എവിടെ തുടങ്ങുന്നു, എന്നതും പ്രവചനാതീതമാണ്‌. യാദൃച്ഛികതകളുടെ കൂടിച്ചേരലാണ്‌ ജീവിതത്തെ സമ്പന്നമാക്കുന്നതെങ്കിൽ, അത്തരം യാദൃച്ഛികതകൾ പലതും പ്രണയസമ്പന്നമായി തീരാറുണ്ട്‌. സർവ്വവ്യാപിയായ പ്രണയം, പ്രായാനുസാരിയായി ലോകത്തിന്‌ മാധുര്യവും മഹത്വവും നൽകിക്കൊണ്ടിരിക്കുന്നു. ഒരാൾ വിവാഹിതനോ  അവിവാഹിതനോ എന്നതല്ല പ്രശ്നം, ഒരാളിൽ പ്രണയം എന്ന വികാരം എത്രമാത്രം ജൈവസാന്നിദ്ധ്യമാകുന്നു എന്നതാണ്‌.

വികാരവും വിചാരവും ക്രമമായി ഉദ്ബുദ്ധമാകുന്ന ജീവിതമാണല്ലോ ശ്രേഷ്ഠമാകുന്നത്‌.
പ്രണയം, ഒരാളിൽ ദർശനത്തിന്റെയും ജീവിത സ്വപ്നസാക്ഷാത്ക്കാരത്തിന്റെയും പ്രതീകമായി തീരുന്നത്‌ കൗമാരത്തിലാണ്‌. കൗമാരം കൗതുകത്തിന്റെയും കാതരമായ അലച്ചിലിന്റെയും കാലം കൂടിയാണല്ലോ? വെറും തമാശയിൽ നിന്നും വെല്ലുവിളിയിൽ നിന്നും ആരംഭിക്കുന്ന പ്രണയം പലപ്പോഴും വാസ്തവമായിത്തീരുന്നു. കലാലയ ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ആരംഭിക്കുന്ന ഇത്തരം പ്രണയത്തിൽ  സ്വപ്നവും ഉന്മേഷവും ഉന്മാദവും കൂടിക്കലരുന്നു. ചിലപ്പോഴൊക്കെ അത്‌ കടുത്ത എതിർപ്പിന്റെ കവചം അണിയേണ്ടിവരികയും അതുവഴി നിരാശയുടെ നീർച്ചുഴികളായി മാറുകയും ചെയ്യും.

ജീവിതത്തിന്റെ മധ്യാഹ്നമായ യൗവ്വനം പ്രണയത്തിന്റെയും മധ്യാഹ്നമാണ്‌. മധ്യാഹ്ന ജീവിതത്തിലാണ്‌ പ്രണയം പൂത്തുലഞ്ഞു സുന്ദരമാകുന്നത്‌. വിവാഹമെന്ന സാമ്പ്രദായിക ചട്ടക്കൂടിനപ്പുറത്താണ്‌ യഥാർത്ഥ പ്രണയം കുടികൊള്ളുന്നത്‌. പക്ഷേ പലരുടെയും പ്രണയം വിവാഹാനന്തര ജീവിതത്തിന്റെ ഔപചാരികതകളിൽ മാത്രം തളം കെട്ടിനിൽക്കുന്നു. കുട്ടികളുണ്ടാകുന്നതിനു വേണ്ടിമാത്രം ലൈംഗികവേഴ്ചയിലേർപ്പെടുന്നവരും കുട്ടികളുടെ ജീവിതത്തിനു വേണ്ടിമാത്രം പിന്നീടു ജീവിക്കുന്നവരുമായ ദമ്പതികൾ നമ്മുടെ നാട്ടിൽ ധാരാളമാണ്‌. അവരെയാണ്‌ മാതൃകാദമ്പതികളെന്നു നാം വാഴ്ത്തിക്കൊണ്ടിരിക്കുന്നത്‌. യൗവ്വനജീവിതം സ്നേഹാദിവികാരങ്ങളാൽ തീക്ഷ്ണവും സമ്പന്നവുമാകേണ്ടതിനു പകരം, ജീവിതത്തിന്റെ നിത്യമായ പ്രശ്നച്ചൂടിൽപ്പെട്ടുകരിയുന്നു
. ലോകത്തിന്റെ പൊതുവായ ജീവിതരീതിക്കനുസരിച്ചു ജീവിക്കാനുള്ള വ്യാമോഹം, സമ്പത്തിനെക്കുറിച്ചുള്ള ഉൽക്കണ്ഠ, കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആഡംബരസമൃദ്ധമായ ഭാവിക്കും വേണ്ടിയുള്ള നെട്ടോട്ടം ഇങ്ങനെ പല ദാമ്പത്യങ്ങളും ജീവിക്കാതെ ജീവിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതിനെല്ലാം അപ്പുറത്തേക്ക്‌ ജീവിതത്തെയും യൗവ്വനത്തെയും നിലനിർത്താൻ ആഗ്രഹിക്കുന്നവരും ഇല്ലാതില്ല. എന്നാൽ അത്തരക്കാരെ സമൂഹം അംഗീകരിക്കണമെന്നില്ല.
  ദാമ്പത്യജീവിതത്തെ സുഖകരമാക്കിത്തീർക്കുന്നതിലാണ്‌ ജീവിതത്തിന്റെ മഹത്ത്വമെന്ന്‌ ചിലർ പറയാറുണ്ട്‌. അത്‌ എത്രയോ ശരിയുമാണ്‌. ഒരു സമയവിവരപ്പട്ടികയോ, എഴുതിയുണ്ടാക്കിയ കരാറോ കൊണ്ട്‌ ഒരിക്കലും ജീവിക്കാൻ കഴിയില്ല. രണ്ടുവ്യത്യസ്തരായ വ്യക്തികളുടെ രണ്ടു സാഹചര്യങ്ങളിൽ ജനിച്ചുവളർന്നവരുടെ കൂട്ടായ ജീവിതമാണല്ലോ ദാമ്പത്യം. ഒരുപാട്‌ ഒത്തുതീർപ്പുകളും സമ്മതക്കേടുകളും സഹിക്കലുകളും ഉണ്ടാകാം. ഇതിനെയെല്ലാം താങ്ങിനിർത്തുന്നത്‌ സംശയരഹിതമായ വിശ്വാസവും സ്നേഹവുമായിരിക്കണം.

ദാമ്പത്യത്തിന്റെ ആദ്യനാളുകളിൽ പൊട്ടിത്തെറികൾ അധികമുണ്ടാകാറില്ല. കയ്പും മധുരവും കൂടുതലറിയുന്നത്‌ കുറച്ചുകാലം ഇടപഴകുമ്പോഴാണ്‌. ലൈംഗികാസക്തി കുറയുന്നതായുള്ള തോന്നൽ ആദ്യമുണ്ടാകുന്നത്‌ സ്ത്രീക്കാണ്‌. ഇത്‌ പുരുഷനെ കൂടുതൽ അസ്വസ്ഥനാക്കുന്നു. പ്രായത്തെക്കുറിച്ചും ജരാനരയെക്കുറിച്ചുമുള്ള ബോധം ആദ്യം കീഴ്പ്പെടുത്തുന്നതും സ്ത്രീകളെത്തന്നെയാണ്‌. പ്രണയവിവാഹങ്ങളുടെ എണ്ണം കൂടുന്ന ഇക്കാലത്ത്‌ പല ദമ്പതികളും തുല്യപ്രായക്കാരോ വലിയ പ്രായവ്യത്യാസമില്ലാത്തവരോ ആയിത്തീർന്നിട്ടുണ്ട്‌. ഇത്‌ ഒരു പ്രധാനഘടകമാണ്‌. നാൽപത്തഞ്ച്‌, അൻപത്‌ വയസ്സോടെ കെട്ടടങ്ങുന്ന ലൈംഗികാസക്തിയാണ്‌ സ്ത്രീകളിൽ കണ്ടുവരുന്നത്‌. പുരുഷനിൽ ലൈംഗികത കൂടുതൽ തീക്ഷ്ണമാകുന്നത്‌ മിക്കവാറും ഈ പ്രായത്തിലുമാണ്‌. അതുകൊണ്ടാകാം ശാസ്ത്രീയമായ വലിയ അറിവൊന്നുമില്ലാതിരുന്ന പഴയ ആളുകൾ,പത്തുപതിനഞ്ചുവയസ്സിന്റെ വ്യത്യാസത്തിൽ വിവാഹബന്ധം സ്ഥാപിച്ചിരുന്നത്‌.
നമ്മുടെ പത്രമാധ്യമങ്ങളിൽ ഏറെ ഇടം നേടിക്കൊണ്ടിരുന്ന വാർത്തകൾ ലൈംഗികതയുമായി ബന്ധപ്പെട്ടതാണല്ലോ? 'മധ്യവയസ്കൻ പരസ്ത്രീയുമായീ ഒളിച്ചോടി', 'യുവതി ഭർത്താവിനെയും കുട്ടികളെയുമുപേക്ഷിച്ച്‌ കാമുകനോടൊപ്പം കടന്നു'- തുടങ്ങി എത്രയെത്ര വാർത്തകളാണ്‌ പുറത്തു വരുന്നത്‌?. ആരെയാണ്‌ ഇവിടെ പഴിപറയേണ്ടത്‌. ലൈംഗിക പൂർവ്വ ജീവിതത്തെയും സ്വതന്ത്രലൈംഗിക സമൂഹത്തെയും  കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന ഇക്കാലത്ത്‌, ഇവ എന്തുകൊണ്ടുണ്ടാകുന്നു എന്നു കൂടുതൽ  പഠിക്കേണ്ടിയിരിക്കുന്നു.

പഴയകാലത്ത്‌ പുരുഷന്മാർ മാത്രമായിരുന്നു ഇത്തരം സംഭവങ്ങളിൽ കുരുങ്ങിക്കൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ സ്ത്രീകളും അതിൽ ഉൾപ്പെട്ടുകൊണ്ടിരിക്കുന്നു. പുറം ലോകവുമായുള്ള സ്ത്രീകളുടെ സഹവാസം, മാധ്യമങ്ങളുടെ സ്വാധീനം വിദ്യാഭ്യാസ-സാമൂഹിക മുന്നേറ്റം തുടങ്ങി പല ഘടകങ്ങളും സ്ത്രീയെ അത്തരം ചിന്തകളിലേക്ക്‌ എത്തിക്കുവാൻ കൂടുതൽ സഹായിച്ചു. താൽകാലികമായുള്ള വേർപിരിയലുകൾ, പിണക്കങ്ങൾ, എന്നിവ വളരെ പെട്ടെന്ന്‌, വിവാഹ മോചനക്കേസുകളായി മാറുന്നതു കാണാം. നമ്മുടെ കുടുംബ കോടതികളിലെ കേസുകളിൽ നല്ലൊരു ശതമാനവും ദാരിദ്ര്യവും പട്ടിണിയും കൊണ്ടുണ്ടാകുന്ന കുടുംബപ്രശ്നങ്ങളല്ലെന്നു മനസിലാക്കാവുന്നതാണ്‌. മിക്കവാറും കേസുകളുടെ ഉത്ഭവവും ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാകുന്നതാണ്‌. ഭർത്താവു നാട്ടിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും  ഭാര്യയിൽ നിന്നുണ്ടാകുന്ന ചലനങ്ങൾ, സംസാരങ്ങൾ, സംശയങ്ങൾ തുടങ്ങി നിരവധി ലൈംഗിക പ്രശ്നങ്ങൾ കുടുംബ കോടതി  കേസുകളായി എത്തപ്പെടുന്നു. അതുപോലെ തന്നെ ഭർത്താവിൽ നിന്നുള്ള ചെറുവാക്കുകൾ, സംസാരങ്ങൾ എല്ലാം വലിയ പ്രശ്നങ്ങളായി ഭാര്യ കണക്കിലെടുത്തു വലിയ പൊട്ടിത്തെറിക്ക്‌ ഇടവരുത്തുന്നു. പണം കൊണ്ടും പദവികൊണ്ടുമുള്ള ലൈംഗിക പ്രശ്നങ്ങൾ മറ്റൊരുവശത്ത്‌ ഉണ്ടാകുന്നുണ്ട്‌. ചുരുക്കത്തിൽ കുടുംബ കോടതികളിലെ കേസുകളിൽ അധികവും സാധാരണയിൽ കവിഞ്ഞ നിലവാരമുള്ള സ്ത്രീപുരുഷന്മാർക്കിടയിൽ നിന്നുമാണ്‌ വരുന്നതെന്ന്‌ മനസ്സിലാക്കാം.
 കത്തിയമരുന്ന യൗവ്വന തൃഷ്ണകളെ പൂർണ്ണമായി മറച്ചുവച്ചുകൊണ്ട്‌ ഒരു പുരുഷനും സ്ത്രീക്കും ജീവിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടേ മതിയാകു. പണത്തെയും പദവിയേയും മാറ്റിവച്ച്‌  ജീവിതത്തെ മാനിക്കേണ്ടതാണ്‌. ചിലരൊക്കെ പറയുന്നത്‌ കേൾക്കാമല്ലോ "അവൾക്കെന്താ ഒരു കുറവ്‌ അയാൾ വിദേശത്തുനിന്നും ധാരാളം പണവും പൊന്നുമെല്ലാം യഥാസമയത്ത്‌ എത്തിച്ചുകൊടുക്കുന്നില്ലേ, അവൾക്ക്‌ അടങ്ങി ഒതുങ്ങി കഴിഞ്ഞാലെന്താ"?-ഇങ്ങനെ ജീവിക്കാൻ കഴിയുന്നതല്ല ജീവിതം. മൂക്കുകയറിട്ടാലും പൊട്ടിപ്പോകുന്ന ഒന്നാണ്‌ ലൈംഗികതയെന്ന്‌ അറിഞ്ഞേ മതിയാകൂ. കേരളത്തിലെ കുടുംബപ്രശ്നങ്ങൾക്കു കാരണവും അതുതന്നെയാണ്‌.


ലൈംഗികസദാചാരത്തെക്കുറിച്ചും ലൈംഗിക ജീവിതാവബോധത്തെക്കുറിച്ചുമുള്ള കേരളീയരുടെ ധാരണകളെ പൊളിച്ചെഴുതേണ്ടുന്ന കാലം കഴിഞ്ഞിരിക്കുന്നു. അതിനർത്ഥം കുത്തഴിഞ്ഞ ലൈംഗിക ജീവിതം ഉണ്ടാകണമെന്നല്ല. മറിച്ച്‌ പ്രായപൂർത്തിയായ ഒരു പുരുഷൻ പ്രായപൂർത്തിയായ സ്ത്രീയോടൊപ്പം പരസ്പര ഇഷ്ടത്തോടെ ഒന്നോ രണ്ടോ മണിക്കൂറോ, ദിവസമോ എവിടെയെങ്കിലും താമസിച്ചാൽ അതിനെ ചികഞ്ഞു കണ്ടുപിടിച്ച്‌ കേസാക്കി മാറ്റുന്ന രീതിയാണ്‌ നമ്മുടെ നാട്ടിൽ ഇപ്പോഴുമുള്ളത്‌. പോലീസ്‌ കേസെടുക്കുമെന്നുറപ്പാകുമ്പോൾ സ്ത്രീ മിക്കവാറും കാലുമാറുകയും കുറ്റം മുഴുവനും പുരുഷന്റെമേൽ ചുമത്തപ്പെടുകയും ചെയ്യുന്നു. അങ്ങനെ അയാൾ സ്ത്രീ പീഡനക്കഥയിലെ ഇരയായി-സാമൂഹ്യ ദ്രോഹിയായിത്തീരുന്നു. ഒരുപക്ഷേ സ്വന്തം ഭാര്യയോടുള്ള സ്നേഹക്കുറവോ, ഭാര്യക്ക്‌ ഭർത്താവിനോടുള്ള ഇഷ്ടക്കുറവോ, ലൈംഗിക താൽപര്യക്കുറവോ, സമാനപ്രണയ സൗഹൃദയക്കുറവോ ഒക്കെയാവാം അയാളുടെ പ്രശ്നങ്ങൾ. ഒരു കൊലപാതകക്കേസിലെ പ്രതിക്ക്‌ പോലും ഉണ്ടാകാത്തത്തരത്തിലുള്ള മാനക്കേട്‌ സ്ത്രിപീഡനക്കേസ്സിലെ പ്രതിക്ക്‌ നൽകി നാം മാധ്യമങ്ങളെ വാഴ്ത്തുന്നതെന്തിന്‌?. മതപരവും രാഷ്ട്രീയവും ഭീകരവാദപരവുമായ ആക്രമണങ്ങളെക്കാളും കൂട്ടക്കൊലകളെക്കാളും വലുതാണോ ഇത്തരം സ്ത്രീപീഡനക്കേസുകൾ?

ലൈംഗികതയെക്കുറിച്ചുള്ള ഇടുങ്ങിയ മാനസിക ചിന്തകൾ മാറേണ്ടിയിരിക്കുന്നു. സ്ത്രീപുരുഷന്മാർ, വിദ്യാർത്ഥികളായാലും, യുവതീയുവാക്കളായാലും സൗഹൃദപൂർവ്വം  സംസാരിക്കാനും ഇടപഴകാനുമുള്ള അവസരം കൂടണം. ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ സംസാരിച്ചാൽ അതെല്ലാം ശാരീരിക ബന്ധത്തിലധിഷ്ഠിതമായ ലൈംഗികയാണ്‌ എന്ന്‌ പറയുന്ന അവസ്ഥ മാറേണ്ടിയിരിക്കുന്നു. പ്രണയമെന്നത്‌ പലപ്പോഴും നിർവ്വചിക്കാൻ കഴിയാത്ത മാനസികാവസ്ഥയാണെന്നും അത്‌ ജീവിതത്തെ, സമ്പന്നമാക്കുന്ന നന്മയുടെ നിറവാണെന്നും നാം പഠിക്കേണ്ടിയിരിക്കുന്നു. ഇണകളുടെ പ്രായം,താൽപര്യം, സമ്മതം എന്നിവയെല്ലാം വ്യക്തമാക്കി ഒരു വിശ്രമംപോലെ, വിനോദം പോലെ അംഗീകരിക്കപ്പെടുന്ന സൗഹൃദ ചങ്ങാത്തസ്ഥലങ്ങൾ (ഞലറ ടൃലല​‍േ നു സമാനമല്ല) ഉണ്ടാകേണ്ടിയിരിക്കുന്നു. ലൈംഗികത പാപമല്ലെന്നും കുറ്റമല്ലെന്നും എന്നാൽ അത്‌ വിവാഹപൂർവ്വബന്ധമായി തീരേണ്ടതല്ലെന്നും ഉറപ്പിക്കണം.

ഇത്തരം തുറന്ന സംവാദങ്ങളും ചർച്ചകളും സൗഹൃദങ്ങളും ഉണ്ടാകാത്തതിന്റെ കുറവാണ്‌, മലയാളികൾ അധികമായി ലൈംഗിക വാർത്തകൾ ശ്രദ്ധിക്കാനും ലൈംഗികച്ചിത്രങ്ങൾ കാണാനുമുള്ള കാരണങ്ങൾ. സ്ത്രീപ്രതിജ്ഞാവാദികളും സ്ത്രീശാക്തീകരണവാദികളുമെല്ലാം ഗൗരവമായി ചർച്ചചെയ്യേണ്ടുന്ന വിഷയമാണിത്‌. പലതരത്തിലും സ്ത്രീകൾ പുരുഷന്മാരോടൊപ്പം എത്തിക്കഴിഞ്ഞ സ്ഥിതിയാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. എന്നാൽ സ്ത്രീ ലൈംഗികത എന്നത്‌ പുരുഷന്‌ പീഡിപ്പിക്കാനുള്ള എന്തോ ഒരു അമൂല്യ സാധനമാണെന്ന ചിന്ത ഇപ്പോഴും നിലനിൽക്കുന്നു.

സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ള സ്ത്രീ മുതൽ ഐ. എ. എസ്സുകാരിവരെ പീഡനക്കഥകളുമായി ഇപ്പോഴും പുറത്തുവരുന്നതിന്റെ ഉള്ളുകള്ളികൾ നാം തിരിച്ചറിയണം. പീഡനങ്ങൾക്ക്‌ ശിക്ഷ വിധിക്കപ്പെടുമ്പോഴും പീഡനം എന്തുകൊണ്ടുണ്ടാകുന്നുവേന്നു നാം കൂടുതൽ ചിന്തിക്കുന്നില്ല.