Showing posts with label sreekrishnadas mathur. Show all posts
Showing posts with label sreekrishnadas mathur. Show all posts

Saturday, 14 January 2012

വെയിലിൽ പൊതിഞ്ഞ്‌.



ശ്രീകൃഷ്ണദസ്‌ മാത്തൂർ



കക്കൂസിൽ നിന്നു ട്രെയിനിന്റെ
തെറിപ്പാട്ടുകേട്ടിറങ്ങി.
ബർത്തിൽ കയറിക്കിടന്നു.
(ട്രെയിനിനു
കക്കൂസിലൊരു പാട്ട്‌
ബർത്തിൽ മറ്റൊരു പാട്ട്‌)

ഉള്ളിൽ കുടുങ്ങിപ്പോയ മുടി
പറിച്ചെടുത്തു രാത്രിയലറി.
രാത്രിഞ്ചരർ
തള്ളിയിട്ടോരെ പോലെ
പൊന്തകൾ വാവിട്ടുകരയുന്നു.

കൂടെ വരുമോ?
സർവ്വത്ര തിരസ്കൃതമന്റെ ചോദ്യം.
കാറ്റായൊരാൾ മാത്രം
ജന്നലഴിയിൽ തട്ടിമുട്ടിച്ചതഞ്ഞ്‌
കൂടെ വരുന്നെന്ന്..
ഹ്ഹ്‌.. സാഹസീകം..!

പൊതി തന്നുവിടാൻ മറന്ന
വീടിന്റെ വിളി 'ടിടി ഇ' യെപ്പോലെ
പലപ്പൊഴും വന്നു തട്ടുന്നു,
ടിക്കറ്റു ചോദിക്കുന്നു..

പുറത്തെ കുറ്റിരുട്ടിൻ ചില്ലയിൽ
വെയിലിൽ പൊതിഞ്ഞു തൂങ്ങുന്നു
ശാസ്ത്രം കൊത്തിയെടുത്തതിൻ ബാക്കി
ഒരുപൂളു ചന്ദ്രക്കല.

ഈ രാത്രിമുഴുവൻ
എനിക്കിതു മതി
സുഭിക്ഷം, സ്വപ്നം കാണുവാൻ..
******



Wednesday, 14 December 2011

അടിമ




ശ്രീകൃഷ്ണദാസ്‌ മാത്തൂർ

ഞാനിപ്പൊഴും നിനക്കടിമ,
ക്രൂശിതരേക്കുറിച്ചുള്ള
കഥകളുടെ മുഖവുരയിലേ
ദുഷിച്ചു മണക്കും ചോര.

താജ്മഹാലിൻ പ്രണയചേഷ്ട-
യ്ക്കടിയിൽ പെട്ടൊരു കീടം,
പ്രണയത്തിന്റെ വെറും ഫോസ്സിൽ.

ചവുട്ടിക്കലക്കിയ നെഞ്ചിൽ
കെട്ടിക്കിടക്കും പഴുപ്പുപോലെ,
ഭാഗ്യദേവത തെന്നിവീഴുന്ന
നിനക്കുള്ള തീറ്റ പൂക്കുന്ന പാടം.

മാതൃഭാഷ ഛർദ്ദിച്ചാൽ
ചവുട്ടിക്കലക്കാൻ മാത്രം നീചം
ഇപ്പൊഴുമന്റെ മലയാളഗർഭം.
എന്റെ സ്വത്വവും നിനക്കടിമ.

എന്റെ ജീവിതവിജയമെന്ന
നട്ടാൽ കുരുക്കാത്ത കള്ളം
ഒരു അടിമയുടെ വെറും
സ്ഥലകാല വിഭ്രാന്തി..!

Tuesday, 15 November 2011

എലിമണം



ശ്രീകൃഷ്ണദാസ്‌ മാത്തൂർ 


വാടകവീടു മാറുമ്പോൾ 
പകപ്പുറപ്പാടുപോലെ 
എലിമണം മീശവിറപ്പിക്കുന്ന 
കോണുകളെയൊന്നടങ്കം 
വെല്ലുവിളിച്ചു. 


കുറഞ്ഞ വാടകയ്ക്കിടിഞ്ഞ 
തറയും, എലിയോട്ടവും, 
ചുവരുകളുടെ കൊഞ്ഞനവും 
ഒക്കെ സഹിക്കണമെന്ന് 
ചെണ്ടവയറിനോടു ചേർത്ത്‌ 
വാടകക്കാശിന്റെ മടിക്കുത്തുകുത്തി 
ഓക്കാനിക്കുന്ന ചിരിയുമായ്‌ 
വീട്ടുടമ... 


എലികളോടു വൈരാഗ്യം മൂത്ത്‌ 
വീടുമാറ്റം പടിയ്ക്കൽ ഹോണടിക്കുന്നു, 
മക്കളേ, എലികളേ ഇനി 
ഏഗ്രിമന്റിന്റെ കാലാവധി കഴിയുന്നു, 
നാറ്റിച്ചു മടുപ്പിച്ച ജീവിതത്തിന്റെ 
നിങ്ങൾ കടിച്ച വക്ക്‌ നന്നാക്കണം, 
സലാം പറഞ്ഞിറങ്ങുന്നു. 


പുതിയ വീടെത്ര സുന്ദരം, 
ഉടമയ്ക്കെത്ര ഭവ്യഭാവം, 
(പണത്തിനു മേലേ 
ആരോ പറന്നെന്നാരുപറഞ്ഞു..?) 
എലിയിൽ നിന്നു വിടുതലായതിന്റെ 
ഗരിമ, പാതികീറിയ പുസ്തക- 
ക്കെട്ടിലേയക്ഷരങ്ങൾക്ക്‌! 


തടവറക്കാലം കഴിഞ്ഞ 
ജയിൽപ്പുള്ളി കണക്കെ 
സാധനസാമഗ്രികൾ നടുവു നിവർത്തുന്നു. 
ഇവിടൊരു സൂര്യനുണ്ടായിരുന്നെന്ന് 
പുതിയജാലകങ്ങൾ പറയുന്നു. 




അനശ്വരതയുടെ കമ്യൂണിസ്റ്റു സ്വപ്നം 
ചുവന്ന പ്‌ ളാസ്റ്റിക്‌ പൂക്കളാവുന്നു- 
കിടപ്പുമുറിയിനി അവൾക്കേറെ പിടിക്കും 
(ചുവപ്പ്‌ വേണമായിരുന്നോ?) 


സൂര്യൻ കുമിളകളെറിയുന്ന 
"കിഴക്ക്‌" എന്നൊന്നുണ്ടായിരുന്നോ- 
ഉദയം കൈയ്യെത്തും ദൂരെ! 
ഒന്നാം നിലയിലെ ജാലക- 
ക്കണ്ണാടിയുരസി ഭൂമി, 
ശ്വാസോഛ്വാസത്തിനുമപ്പുറമൊരു 
ചുടുകാറ്റ്‌ ഇവിടുണ്ടെന്ന്.. 


വിട്ടുപോന്ന വാടക മുറിയുടെ 
ഉന്തുംതള്ളും കൊണ്ട്‌ 
നീയാകെ ചുരുങ്ങിയല്ലോ, 
നിലക്കണ്ണാടി കാരണവരെപ്പോലെ 
അടിമുടിയുഴിഞ്ഞു ചോദിക്കുന്നു. 


ചുരുട്ടിവച്ച ദൈവങ്ങളെ നിവർത്തി 
ഭിത്തിയിലൊട്ടിച്ചു തുടങ്ങുമ്പോൾ 
ആനയെ പുറത്തേറ്റുമൊരെലി 
നിവർന്നു വരുന്നു!! 
കണ്ണുരുട്ടുന്നു. 
വിട്ടുപോകാത്തൊരെലിപ്പട 
രഹസ്യമാളങ്ങളിലൂടെ 
പടനയിച്ചെത്തുന്നു. 


ഈ വീട്ടിലും നിറയെ 
എലിമണം, പൊന്നേ...! 
********* 

Friday, 14 October 2011

പുളിമരം.

ശ്രീകൃഷ്ണദാസ്‌ മാത്തൂർ



എന്റെ വീടിന്റെ പിന്നാമ്പുറത്താണു
ഒരുകോടി ജീവൻ
ഇലകളിൽ പിടയ്ക്കുന്ന
പുളിമരം.

മരിച്ചുപോയ ആർക്കൊക്കെയോ
എന്തൊക്കെയോ
പുളിച്ചുതികട്ടിയത്‌
പൊതിഞ്ഞുതൂക്കി പുളി നിൽക്കുന്നു.
എന്റെ ഉമിനീർപ്പൊതികളെ വെറുതെ
പിഴിഞ്ഞുപിഴിഞ്ഞെടുക്കാൻ...

ഒടുവിൽ
വറ്റിപ്പോയ നാക്കിനടിയിൽ
വാക്കുകളില്ലാതെ എരിയാൻ..

ഭൂപാളം പാടാനൊരുങ്ങിയ
കിളിയിൽ നിന്ന് ശബ്ദം അലിയിച്ച്‌
കൊതിവെള്ളം ഇറ്റിക്കുന്നതിന`.
പാട്ടുമുടക്കുന്നതിന`...

പഴമയുടെ നറും പുളിയിൽ
ഇങ്ങനെ വായിനോക്കി
സ്വയം മുടങ്ങി
കൊതിയൂറിത്തീർന്നോ-
പുളിമരത്തിനു ചിലപ്പോൾ
കലി.

പുളിയിലയിലെഴുതിയ
ശംഖുവരയന്റെ ഇഴവകഞ്ഞ്‌,
പുലിയായിരുന്നവരുടെ സ്വരസ്തരം
പുറത്തേക്കിട്ട്‌ ഒരു കാലം
ഗർജ്ജിക്കുന്നു, ഉളുപ്പില്ലേ, നിനക്ക്‌?

എലിമീശ പിരിയ്ക്കാൻ?

കൊതിച്ചുകൊതിച്ച്‌ അവസാനപങ്കും
കടിച്ചെടുത്ത്‌ കാലം വിടാൻ?

വേരുകൾ ചോരയൂറുന്ന
ഒരുകുത്തു മണ്ണിന്റെ വേദന
വിറ്റു തിന്നാൻ?

പിന്നിലൊരു നല്ലകാലത്തിന്റെ
പുളിപ്പുളിയും
മുന്നിലൊരു 'കെട്ട കാലത്തിന്റെ'
പുളിക്കൊതിയും-
എല്ലാം വെറുമൊരു കൊതിയരങ്ങെന്ന്
കളംവിടുന്ന കിളികൾ
കാറിക്കാഷ്ടിക്കുമ്പോൾ..


പിന്നോട്ടു പിളർന്നിരിക്കുന്ന വായിൽ
കപ്പലോടിച്ചു പുളിമരം
മുടിയഴിച്ചിട്ടു പൊട്ടിച്ചിരിക്കുന്നു
ഈ കപ്പൽ നിന്നെയൊരു
കരയെത്തിക്കട്ടെ..!

മുമ്പിൽ തകരാറുപറ്റിക്കിടക്കുന്ന
മുറ്റത്ത്‌
മറ്റൊരു പുളി നടാൻ തോന്നട്ടെ..

കപ്പൽ മുന്നോട്ടല്ലേ പോകേണ്ടത്‌..

Tuesday, 13 September 2011

പ്രതിരോധം.




ശ്രീകൃഷ്ണദാസ് മാത്തൂർ

'ഞാനും മാമ്പൂക്കളും കിളികളും
ഇടിഞ്ഞു താഴട്ടെ ഭൂമിയിലേക്ക്‌.."
മാവു പറയുന്നു.

'ജീവൻ ചുരത്തി മടുത്തിനി
കീടനാശിനി കിനിയട്ടെ ഞാൻ.'
മുല മുറുമുറുക്കുന്നു.

ഒരിടത്തു 'ചെർണ്ണോബിൽ' നിന്ന
നിൽപതേപടി, അണുവികിരണം
മാത്രമത്തിന്റെ നെഞ്ചിടിപ്പുമനക്കവും.

ഒരിടത്തു കാട്ടുപന്തലിൽ മഴ
എൻഡോസൾഫാനൊപ്പം പെയ്യുന്നു.
മനുഷ്യൻ മൃഗമായി തിരിച്ചുപോയതിൻ
വടുക്കളിൽ അർബുദം പഴുക്കുന്നു.

വയറ്റുപ്പിഴപ്പിന്റെ നേരിൽ കൂഴച്ചക്ക
തുന്നിയ്ക്കും കിളിയേ,
മുമ്പിൽ കുലം മുടിയും നേരുകണ്ട്‌
പിടഞ്ഞുവീണാലും
മനുഷ്യരെയൊന്നോടെ പ്രാകല്ലേ,

മുഷ്ടിചുരുളുന്ന കൈകളിൽ നിന്ന്
ചിതറിത്തെറിക്കുന്നുണ്ടേനിപ്പൊ
ഴും
കുറെ 'മാറ്റുവിൻ ചട്ടങ്ങളേ..'

Monday, 15 August 2011

ബോൾസുകൾ



ശ്രീകൃഷ്ണദാസ് മാത്തൂർ
ചെംകാന്തി, ചുവട്ടിലും,
ശിഖരങ്ങൾ തുടങ്ങുന്നിടത്തും
ചെന്നധ:പതിച്ചിരിക്കുന്നു.

ഗ്ലാസ്നോസ്തും
പേരെസ്ത്രോയിക്കയും കഴിഞ്ഞ
റഷ്യക്കാരനെപ്പോലെ
ഇലയിടുക്കിൽ ചുവപ്പൊളിപ്പിച്ച്‌
പച്ചക്കൊടികൾ പാറിച്ചു
നിൽക്കുന്നു..

എങ്കിലും, വീർത്തുനിൽക്കും
വീർപ്പുമുട്ടലിൽ ചെ-
ന്നാരാനുമൊന്നു തൊട്ടാൽ...

മുഷ്ടിചുരുട്ടിപ്പൊട്ടി-
ച്ചിങ്ക്വിലാബു വിളിക്കുന്നു
മുറ്റത്തെ ബോൾസുകൾ*..!

(ശ്രീകൃഷ്ണദാസ്‌ മാത്തൂർ)
----------
കുറിപ്പ്‌:
* - ബോൾസ്‌ എന്ന വീട്ടുചെടി.
----------------