Showing posts with label sathyan thannippuzha. Show all posts
Showing posts with label sathyan thannippuzha. Show all posts

Wednesday, 14 December 2011

മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട്‌


സത്യൻ താന്നിപ്പുഴ
       ദേവദാസ്‌ സാഹിത്യകാരനാണ്‌; റയോൺസിലെ ഉദ്യോഗസ്ഥനായിരുന്നു. സപ്തതി കഴിഞ്ഞ
ദേവദാസ്‌ മുഴുവൻ സമയവും സാഹിത്യരചനയ്ക്കുവേണ്ടി വിനിയോഗിച്ചു വരുന്നു.
ബാലസാഹിത്യ രംഗത്താണ്‌ രചന നടത്തുന്നത്‌. നാൽപതോളം ബാലസാഹിത്യ കൃതികൾ
പ്രസിദ്ധീകരിച്ചു.
       ദേവദാസിന്റെ ബാലസാഹിത്യകൃതികൾ പലതും എസ്‌.എസ്‌.എ സ്കീമിൽ ഉണ്ട്‌.
കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ്‌. പുസ്തകങ്ങൾ വായിച്ച്‌
കുട്ടികൾ ദിവസവും സാഹിത്യകാരന്‌ ഫോൺ ചെയ്യാറുണ്ട്‌.
       പുതിയ പുസ്തകങ്ങൾക്ക്‌ വേണ്ടി പ്രസാധകർ പലരും സമീപിക്കാറുണ്ട്‌.
എല്ലാവർക്കും വേണ്ട പുസ്തകങ്ങൾ എഴുതികൊടുക്കാൻ കഴിയാതെ വന്നു.
എഴുതികൊണ്ടിരിക്കുമ്പോൾ കൈയുടെ തള്ളവിരൽ കോച്ചിപിടിക്കും. തുടർന്ന്‌
എഴുതാൻ പ്രയാസ്സമായി.
       ഇനി എന്തു ചെയ്യും? ദേവദാസ്‌ ആലോചിച്ചു.
       ആ സന്ദർഭത്തിലാണ്‌ അക്ഷയ വഴി കമ്പ്യൂട്ടർ ഗ്രാമങ്ങളിൽ പഠിപ്പിക്കുവാൻ
തുടങ്ങിയത്‌. ദേവദാസ്‌ കമ്പ്യൂട്ടർ പഠിക്കുവാൻ അക്ഷയയിൽ ചെന്നു. അവിടെ
ജോലിയില്ലാതിരുന്ന വീട്ടമ്മമാരാണ്‌ പഠിക്കുവാൻ വന്നത്‌. അവരുടെ
കൂട്ടത്തിലേക്ക്‌ ഒരു വയസ്സൻ ചെന്നപ്പോൾ വീട്ടമ്മമാർക്ക്‌ ചിരിവന്നു."
       "എന്തിനാണ്‌ ഈ വയസ്സുകാലത്ത്‌ കമ്പ്യൂട്ടർ പഠിക്കുന്നത്‌" അവർ ചോദിച്ചു.
       ദേവദാസ്‌ പ്രതികരിച്ചില്ല. ജീവിതം വച്ചു നീട്ടുന്ന അവസരങ്ങൾ ദേവദാസ്‌
വേണ്ടപോലെ ഉപയോഗപ്പെടുത്തി. ശരീരത്തിന്‌ പ്രായമായെങ്കിലും അയാളുടെ
മനസ്സിനു ചെറുപ്പമായിരുന്നു. വയസ്സായി എന്നു പറഞ്ഞ്‌ വീട്ടിൽ അടങ്ങി
ഒതുങ്ങി ഇരിക്കുവാൻ ദേവദാസ്‌ തയ്യാറായില്ല. അൽപം അറിവു കൂടിപോയതു കൊണ്ട്‌
ഒരുദോഷവും വരാനില്ലെന്ന്‌ അയാൾക്കറിയാമായിരുന്നു. പുത്തൻ അറിവുകൾ നേടാനും
കാലത്തിനനുസരിച്ച്‌ ജീവിക്കാനും അയാൾ തയ്യാറായി. കമ്പ്യൂട്ടർ പഠിച്ച്‌
എഴുത്ത്‌ കമ്പ്യൂട്ടറിലാക്കി. ഡി.ടി.പി. എടുത്ത്‌ പ്രിന്റു ചെയ്തു കഥകൾ
മാധ്യമങ്ങൾക്ക്‌ അയച്ചു കൊടുത്തു. പുസ്തകം ഡി.ടി.പി എടുത്ത്‌ ലേഔട്ട്‌
ചെയ്തു സി.ഡി.യിലാക്കി പ്രസാധകർക്കു കൊടുത്തു. എഴുത്ത്‌ വളരെ എളുപ്പമായി.
       സാഹിത്യകാരനായ ഒരു സുഹൃത്ത്‌ ദേവദാസിന്റെ വീട്ടിൽ വന്നു. ദേവദാസ്‌
കമ്പ്യൂട്ടറിൽ വളരെ വേഗത്തിൽ ടൈപ്പ്‌ ചെയ്യുന്നതു കണ്ടു. അയാൾ ചോദിച്ചു:
"ഈ വയസ്സുകാലത്ത്‌ എങ്ങിനെ ഇതു പഠിച്ചു."
ദേവദാസ്‌ പറഞ്ഞു:"മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്‌. വയസ്സായി
എന്നെക്കൊണ്ട്‌ കഴിയില്ല എന്നുവിചാരിച്ചിരുന്നാൽ ഒന്നിനും കഴിയില്ല.
എനിക്കു കഴിയും ഞാൻ ഇതു പഠിക്കും എന്നു വിചാരിച്ചു പഠിക്കാൻ തയ്യാറായാൽ
താങ്കൾക്കും പഠിക്കാൻ കഴിയും. പുതിയ അറിവുകൾ നേടാൻ പലരും
തയ്യാറാകുന്നില്ല. വയസ്സായി ഇനി ഇതുമതി എന്നുവിചാരിച്ചിരിക്കുന്നവരാണ്‌
പലരും. അവർക്ക്‌ പുതിയതൊന്നും നേടാൻ കഴിയില്ല. അവസരങ്ങൾ വേണ്ടപോലെ
ഉപയോഗിക്കാൻ പഠിക്കണം.

Friday, 14 October 2011

കെണിയിൽ വീണ പുലി


സത്യൻ താന്നിപ്പുഴ


മേക്കാലടിപ്പാടത്ത്‌ കന്നിക്കൊയ്ത്ത്‌ കഴിഞ്ഞപ്പോൾ കറുമ്പിപ്പശു പാടത്ത്‌ മേഞ്ഞു നടന്നു. പശു മേഞ്ഞു നടക്കുന്നതു കണ്ട വെള്ളകൊക്കമ്മ കറുമ്പിപ്പശുവിന്റെ അടുത്ത്‌ പറന്നു വന്നിരുന്നു. കറുമ്പിപ്പശു തലയാട്ടി കൊക്കമ്മയോട്‌ വിശേഷങ്ങൾ ചോദിച്ചു.

 കൊക്കമ്മ തവളക്കുളത്തിൽ തവളകളെ പിടിച്ച കാര്യവും കുട്ടികൾ കല്ലു വലിച്ചെറിഞ്ഞപ്പോൾ അവിടെ നിന്ന്‌ പറന്നു പോന്ന വിവരവും പറഞ്ഞു. കറുമ്പിപ്പശു തിന്നുന്നതിനിടയിൽ തലയാട്ടി കൊണ്ട്‌  കൊക്കമ്മയുടെ വിശേഷങ്ങളെല്ലാം കേട്ടു. കറുമ്പിപ്പശു കറവക്കാരന്റെ സ്നേഹമില്ലാത്ത പെരുമാറ്റത്തെക്കുറിച്ചും വിവരിച്ചു. ഇങ്ങനെ കറമ്പിപ്പശുവും കൊക്കമ്മയും പരസ്പരം അവരുടെ സുഖദുഃഖങ്ങൾ പങ്കുവച്ചു.

 കറുമ്പിപ്പശു വിശേഷങ്ങൾ പറഞ്ഞുകൊണ്ട്‌ പുല്ലു തിന്നു നടന്നു. കൊക്കമ്മ പശുവിനോട്‌ വിശേഷങ്ങൾ പറഞ്ഞു കൊണ്ടു പശുവിനൊപ്പം നടന്നു. അങ്ങനെ നടന്നപ്പോൾ ഒരു മൃഗം അവരുടെ നേരെ ഓടിവരുന്നത്‌ കൊക്കമ്മ കണ്ടു. കൊക്കമ്മ ചോദിച്ചു: "ആ ഓടിവരുന്നത്‌ എന്ത്‌ മൃഗമാണ്‌? ഇതുപോലെ ഒന്നിനെ ഇതിനു മുമ്പ്‌ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ?"
 " ഒരു പുലി നാട്ടിലിറങ്ങിയിട്ടുണ്ടെന്ന്‌ പറയുന്നതു കേട്ടു. അത്‌ ആടിനെ പിടിച്ചു തിന്ന കാര്യം കറവക്കാരൻ വന്ന്‌ എന്റെ വീട്ടമ്മയോട്‌ പറഞ്ഞു. ഒരു പക്ഷെ പുലിയായിരിക്കാം. നമുക്ക്‌ ഇവിടെ നിന്നു ഓടി പോകാം. അല്ലെങ്കിൽ നമ്മളെ അവൻ ഉപദ്രവിച്ചാലോ?" കറുമ്പിപ്പശു പറഞ്ഞു.
 "എന്നാൽ പോകാം." എന്നു പറഞ്ഞ്‌ കൊക്കമ്മ പറന്നു പോയി. കറുമ്പിപ്പശു വീട്ടിലേക്ക്‌ ഓടി. പോകുന്ന വഴി മാണിക്യമംഗലം ചിറയുടെ അടുത്ത്‌ ഇരുമ്പു കമ്പി കൊണ്ടുള്ള ഒരു വീടു കണ്ടു. അതിൽ ഒരാട്‌ നിന്ന്‌ പ്ലാവില തിന്നുന്നുണ്ടായിരുന്നു. ഈ കാഴ്ച കണ്ടിട്ടും കറുമ്പിപ്പശു ശ്രദ്ധിക്കാതെ ഓടി വീട്ടിൽ ചെന്നു.

 പശുവിന്റെ പിന്നാലെ ആ മൃഗം ഓടി വരുന്നുണ്ടായിരുന്നു അത്‌ ആട്‌ നിന്നു തിന്നുന്നതു കണ്ടു. ആടിനെ തിന്നാണായി ഓടി ചെന്നു. ആടിനെ കടിച്ചു കൊന്നു. അപ്പോൾ ഒരു വലിയ ശബ്ദം കേട്ടു. അത്‌ ഇരുമ്പു കൂട്‌ അടഞ്ഞ ശബ്ദമായിരുന്നു. ആടിനെ എടുത്തുകൊണ്ട്‌ പുറത്തു കടക്കാൻ നോക്കി. സാധിച്ചില്ല. പുലിയെ പിടിക്കാൻ വച്ചിരുന്ന കെണിയായിരുന്നു. വയനാട്ടിൽ നിന്നും ഫോറസ്റ്റ്‌ ഡിപ്പാർട്ടുമന്റുകാർ കൊണ്ടുവന്ന വച്ച കെണി. കെണിയിൽ അകപ്പെട്ട പുലി പുറത്തു കടക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റിനോക്കി. പരാജയപ്പെട്ടു. തലയിൽ കൈവച്ച്‌ കരഞ്ഞു.
 ഒരു ദിവസം കാഴ്ചകൾ കണ്ട്‌ കറങ്ങി നടക്കാൻ പുലിക്ക്‌ ആഗ്രഹം തോന്നി. പുലി അങ്ങനെ നടന്നു മലയാറ്റൂർ മലയിറങ്ങി നാട്ടിൽ വന്നു. നാട്ടിൽ മനുഷ്യരെ കണ്ടു. മനുഷ്യരുടെ കൺവെട്ടത്തു നിന്ന്‌ പുലി ഒഴിഞ്ഞുമാറി. നടന്നു. വീടുകളിൽ വളർത്തിയിരുന്ന ആടുകളെ രാത്രി കാലങ്ങളിൽ പിടിച്ചു തിന്നു. മേക്കാലടിയിലെ ഒരു വീട്ടിലെ ആടിനെ പിടിച്ചു തിന്ന സ്ഥലത്ത്‌ പുലിയുടെ കാൽപ്പാടുകണ്ടു നാട്ടുകാർ വിവരം ഫോറസ്റ്റു ഡിപ്പാർട്ടുമന്റിലറിയിച്ചു. അവർ വന്നു നോക്കി. പുലിയെ പിടിക്കാൻ കെണിയൊരുക്കി.
 കെണിയിൽ വീണ പുലി ' കാഴ്ചകൾ കണ്ടു കറങ്ങി നടക്കാൻ ആഗ്രഹിച്ചതു വിനയായല്ലോ' എന്നോർത്തു വിലപിച്ചു.
 പരിധി വിട്ടുള്ള ആഗ്രഹം ആപത്താണ്‌.


Tuesday, 13 September 2011

പല്ലിയും പൂച്ചയും






സത്യൻ താന്നിപ്പുഴ


കർക്കിടകമാസം. ആയത്തുപടിയിലെ അയ്യപ്പൻമാഷ്‌ സന്ധ്യക്ക്‌ നിലവിളക്ക്‌ കൊളുത്തി വച്ചു. രാമായണം വായിച്ചു കേൾക്കാൻ ഭാര്യയും മരുമകളും പേരക്കുട്ടികളും വന്നിരുന്നു.
 രാമായണം വായിച്ചിരുന്നപ്പോൾ ഒരു പച്ചപ്പശു പറന്നുവന്ന്‌ ചുമരിലിരുന്നു. ചുമരിൽ ഒരു പല്ലി പ്രാണികളെ നോക്കി നടക്കുന്നുണ്ടായിരുന്നു. പച്ചപ്പശുവിനെ കണ്ടപ്പോൾ പല്ലി ഓടിച്ചെന്നു ചാടിപ്പിടിക്കാൻ നോക്കി. പല്ലി താഴെ വീണു. പച്ചപ്പശുവിനെ പിടിക്കാൻ കഴിഞ്ഞില്ല. അതു പറന്നു പോയി.
 താഴെ വീണ പല്ലിക്ക്‌ ഓടി ചുമരിൽ കയറാൻ കഴിഞ്ഞില്ല. പല്ലി വീണു കിടക്കുന്നത്‌ കുറിഞ്ഞിപ്പൂച്ച കണ്ടു. പൂച്ച പല്ലിയെ പിടിക്കാൻ ചെന്നു. പൂച്ചയെ കണ്ടപ്പോൾ പല്ലി പേടിച്ചു വിറച്ചു. പൂച്ചയുടെ വായിൽ നിന്ന്‌ രക്ഷപ്പെടാൻ പല്ലി ഒരു ബുദ്ധി ഉപയോഗിച്ചു. പല്ലി കരഞ്ഞു കൊണ്ടു പറഞ്ഞു.
"പൂച്ചമ്മേ, പൂച്ചമ്മേ, എന്നെ കൊല്ലരുത്‌
എനിക്ക്‌ പന്നിപ്പനി പിടിപ്പെട്ടിരിക്കുകയാണ്‌
ഞാൻ പട്ടിവൈദ്യന്റെ അടുത്തുപോകുകയാണ്‌"
"അതിന്‌ നീ എന്തിനാണ്‌ ഇവിടെ ഇറങ്ങിയത്‌? എനിക്കും പന്നിപ്പനി പകർത്താനോ?" പൂച്ച ചോദിച്ചു.
 ഞാൻ ഒരു പച്ചപ്പശിവിനെ പിടിക്കാൻ ചാടിയപ്പോൾ താഴെ വീണു പോയതാണ്‌. എന്നെ തിന്നാൽ പൂച്ചമ്മക്ക്‌ പന്നിപ്പന്നി വറൂം. ഞാൻ ഒരു പാവം പല്ലിക്കുഞ്ഞാണ്‌ എന്നെ കൊല്ലരുത്‌." പല്ലി കേണപേക്ഷിച്ചു.
പല്ലി എന്തു പറഞ്ഞിട്ടും പൂച്ചയുടെ മനസ്സു മാറിയില്ല. പൂച്ച ചോദിച്ചു: "പച്ചപ്പശു നിനക്ക്‌ എന്തു ദ്രോഹം ചെയ്തിട്ടാണ്‌ അതിനെ പിടിക്കാൻ ചെന്നത്‌? അതൊരു പാവമല്ലേ? നിന്റെ സുഖത്തിനു വേണ്ടി ആ പാവത്തിനെ കൊല്ലാം അല്ലേ? ഇത്‌ എന്തു ന്യായമാണ്‌? കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ അല്ലേ? ആ വാദഗതി ശരിയല്ല. എന്റെ ജോലിയാണ്‌ പല്ലിയേയും പാറ്റയേയും എലിയേയും നിഗ്രഹിക്കുക എന്നത്‌. അതിനുവേണ്ടിയാണ്‌ മനുഷ്യർ എന്നെ വളർത്തുന്നത്‌. ഞാൻ എന്റെ കടമ നിർവ്വഹിക്കട്ടെ. നീ മരിക്കാൻ തയ്യാറായി കൊള്ളുക. ഞാൻ നിന്നെ കൊല്ലാൻ പോകുകയാണ്‌.
അയ്യോ! എന്നെ കൊല്ലല്ലേ. ഞാൻ പൂച്ചമ്മക്ക്‌ ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ? എന്ന്‌ പറഞ്ഞ്‌ പല്ലി കരഞ്ഞു.
"നിനക്ക്‌ എന്തു ദ്രോഹം ചെയ്തിട്ടാണ്‌ പച്ചപ്പശുവിനെ നീ കൊല്ലാൻ പോയത്‌?" പൂച്ചമ്മ ചോദിച്ചു.
പല്ലിക്ക്‌ മറുപടി ഉണ്ടായില്ല.
പൂച്ച പറഞ്ഞു:"ഇവിടെ മേശയുടെ മുകളിൽ പല്ലിക്കാട്ടം കാണുമ്പോൾ വീട്ടമ്മ എന്നെയാണ്‌ വഴക്കു പറയുന്നത്‌. ഈ പൂച്ച പല്ലിയെ പിടിക്കാത്തതെന്താ? എന്നു ചോദിക്കും. ഏതായാലും നീ കാരണം എനിക്ക്‌ വഴക്കു കേൾക്കാൻ കഴിയില്ല. ഞാൻ നിന്നെ കൊല്ലാൻ പോകുകയാണ്‌. എന്നു പറഞ്ഞ്‌ പൂച്ച ചാടി പല്ലിയെ പിടിച്ചു.
അയ്യോ എനിക്ക്‌ പന്നിപ്പനിയാണ്‌ എന്നെ വിട്‌. പനി പകരും - പല്ലി പറഞ്ഞു.
"എനിക്ക്‌ പനി പകർന്നാലും വേണ്ടില്ല എന്റെ ജോലി നിർവ്വഹിക്കാതെ നിവർത്തിയില്ല. നിന്നെ കൊല്ലാൻ പോകുകയാണ്‌" എന്നു പറഞ്ഞ്‌ പൂച്ച പല്ലിയെ ചാടിപ്പിടിച്ചു.
കൊല്ലുന്നവനെ കൊല്ലാൻ മറ്റൊരാൾ ഉണ്ടെന്നുള്ള കാര്യം അപ്പോൾ പല്ലി ഓർത്തു.