Showing posts with label reghunath paleri. Show all posts
Showing posts with label reghunath paleri. Show all posts

Saturday, 14 January 2012

വയറില്‍ തീയായ് മാറുന്ന കാലം

രഘുനാഥ് പലേരി




കടയില്‍ സ്വല്‍പ്പം ചെറു പഴം വാങ്ങിക്കാന്‍ കയറിയപ്പോള്‍ നല്ല കപ്പ കണ്ടു. കുട്ടിക്കാലത്ത് കപ്പ ഞങ്ങളുടെ ഒരു നിത്യ ഭക്ഷണം ആയിരുന്നു. വില തുച്ഛം എന്നതാണ് ഒരു ആകര്‍ഷണം. ഒന്ന് പുഴുങ്ങിയെടുത്ത് തളിച്ചാല്‍ വിശപ്പും ചേര്‍ത്ത്‌ കഴിക്കുന്നതോടെ വയര്‍ നിറയും. അക്കാലത്ത്‌ വിശപ്പ് തന്നെ ആയിരുന്നു ഭക്ഷണത്തിന്‌ രുചി തരുന്ന അജ്നാമോട്ടോ. ഇന്ന് നക്ഷത്ര ഹോട്ടലിലെ മെനുവില്‍ തൂവല്‍ തൊപ്പിയും വെച്ച് ഗമയില്‍ ഇരിക്കുന്ന കപ്പയും വാങ്ങി പുറത്തിറങ്ങി ഹൈവേ മുറിച്ചു കടന്ന്‍ ഇടനിരത്തില്‍ ഇറങ്ങിയപ്പോള്‍ മുന്നില്‍ ഒരു പുരുഷനും സ്ത്രീയും തമ്മില്‍ ചെറിയൊരു കുടുംബ തര്‍ക്കം. കീശയില്‍ വിരല്‍ ഇട്ട് പുറത്തേക്ക് മറിച്ചിട്ട് കാണിച്ച് അയാള്‍ അവരെ ശാസിക്കുന്നു … എന്റെ കയ്യില്‍ ഇല്ല. ഉള്ളതൊക്കെ തീര്‍ന്നു…

അവര്‍ വിടാന്‍ ഭാവമില്ല. വീട്ടില്‍ ഒന്നും ഇല്ല. കുട്ടികള്‍ക്ക്‌ എന്തെങ്കിലും കൊടുത്തേ പറ്റൂന്നു അവരും..
ഈ വാക്കുകളും പരിഭവങ്ങളും ഇടര്‍ച്ചയും എല്ലാം നിമിനേരത്തില്‍ തീരുകയും അയാള്‍ ഞാന്‍ നടക്കുന്ന വഴിയെ എങ്ങോട്ടെന്നില്ലാതെ നടക്കുകയും.. പിറകെ എന്തോ പറഞ്ഞു കൊണ്ട് വന്ന ആ സ്ത്രീ നടത്തം നിര്‍ത്തി നിശ്ചലയായതും എല്ലാം പെട്ടെന്ന്…
എന്തോ എന്റെ മനസ്സ് ഒന്ന് പിടച്ചു. പണ്ട് ‘വക്ക് പൊട്ടിയ ചീനച്ചട്ടിയില്‍ ‘ ഉപ്പുമാവ്‌ പാകം ചെയ്ത് മക്കള്‍ക്ക്‌ വിളമ്പുന്ന അമ്മ മനസ്സില്‍ വന്നു. മുന്നില്‍ നടക്കുന്ന അയാളെ ഞാന്‍ വിളിച്ചു. കാര്യം തിരക്കി. ഇന്ന്‍ പണി ഉണ്ടായിരുന്നെന്നും കിട്ടിയത്‌ പകുത്ത് തീര്‍ന്നെന്നും ഇനി രാത്രിക്ക് ഒന്നും ഇല്ലെന്നു പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യാനാണെന്നും, അയാള്‍ എന്നോട് തുറന്നു ചോദിച്ചു.

മറ്റൊന്നും ചിന്തിക്കാതെ കയ്യിലെ സഞ്ചി ഞാന്‍ അയാള്‍ക്ക് നല്‍കി. കപ്പയാണ്. കഴിക്കാറുണ്ടെങ്കില്‍ കൊണ്ടുപോയ്ക്കോളൂ …
അന്തസ്സും ആഭിജാത്യവും പറഞ്ഞ് അയാള്‍ എന്നെ ദേഷ്യപ്പെടും എന്നാണു വിചാരിച്ചത്. എന്നാല്‍ സാറെന്ത് ചെയ്യും എന്ന ഒരു ചോദ്യമേ അയാളില്‍ നിന്നും വന്നുള്ളൂ. സഞ്ചിയും വാങ്ങി ആ അച്ഛന്‍ വന്ന വഴി പോയി. അയാള്‍ അവരുടെ കുട്ടികളുടെ അമ്മയെ കണ്ടിരിക്കാം.
വിലക്കയറ്റം വളരെ സാധാരണക്കാരന്റെ വയറില്‍ തീയായ് മാറുന്ന കാലം തിരിച്ചു വരുകയാണോ…. ?

Tuesday, 15 November 2011

ശാന്തമാകുന്ന സമുദ്രങ്ങള്‍

രഘുനാഥ് പലേരി





നാലഞ്ച് ദിവസമായി ഞാൻ അയാളെ ആ വീടിന്നു മുന്നിലെ വ്യക്ഷത്തണലിൽ രാവിലെയും വൈകീട്ടും കാണുന്നു. വീടാണെങ്കിൽ അടഞ്ഞു കിടക്കുന്നു. നല്ല വേഷം. വയ്യായ്ക ഉണ്ടെങ്കിലും ആരോഗ്യമുള്ള ശരീരം. കയ്യിൽ ഒരു ചെറു തുണി സഞ്ചി. സ്വൽ‌പ്പം മാറി ചായയും ഉഴുന്നു വടയും പനിയാരവും വിൽക്കുന്ന ചെല്ലദുരൈയുടെ ഉന്തുവണ്ടി. ആ വണ്ടിക്കടയുടെ മുന്നിൽ എത്തുമ്പോൾ സ്റ്റൌവിന്റെ ശ്.. ശബ്ദവും എണ്ണയിൽ വേവുന്ന കറിവേപ്പിലയുടെ വാസനയും തലോടുന്നതും ആരും നടത്തത്തിന്റെ വേഗത പതിയെ ആക്കും. ആ വണ്ടി തള്ളി നീക്കാൻ സാധിക്കില്ല.

അതിന്റെ ചക്രങ്ങൾ ഉറപ്പിച്ച ഇരുമ്പ് ചട്ടക്കൂട്, ഒരിക്കൽ ഒരു ലോറി പിറകോട്ടെടുക്കുമ്പോൾ ഇടിച്ച് വളഞ്ഞു പോയിരുന്നു. അന്നു മുതൽ ചക്രങ്ങൾ തെന്നാതിരിക്കാൻ പഴയ ആട്ടുകല്ലും കരിങ്കൽ കഷ്ണങ്ങളും വെച്ച് താങ്ങിയിരിക്കയാണ്. ലോറിക്കാരൻ പണം കൊടുത്തെങ്കിലും ആ പണം ചെല്ലദുരൈ മറ്റാവശ്യത്തിന് ചിലവാ‍ക്കിപ്പൊയി. അതിന്റെ പേരിൽ കടയിൽ ഒപ്പം പണിയെടുക്കുന്ന ഭാര്യയുമായി ഇടക്കിടെ വഴക്കാണ്. വഴക്കുള്ള ദിവസം കച്ചവടം കൂടും. കാരണം വഴക്ക് കാ‍ണാൻ ആളുകൾ കൂടും. രസിക്കുന്നത് പാവങ്ങളുടെ വേദന ആണെങ്കിലും അവർക്ക് അവരുടെ പലഹാരങ്ങളുടെ വാസനക്കു മുന്നിൽ അധിക നേരം വാ അടച്ചു പിടിക്കാൻ കഴിയില്ല.

അവർ കീശയിൽ കയ്യിടും. വടയും പനിയാരവും വാങ്ങും. വാ തുറക്കും. തിന്നും. ആദ്യമൊക്കെ ചെല്ലദുരൈക്ക് ഭാര്യ ഇങ്ങിനെ പരസ്യമായി വഴക്കു പറയുന്നതിൽ വിഷമം തോന്നിയിരുന്നു. പക്ഷെ വടയുടെ ഷെയർ വിൽ‌പ്പനയെ അത് അനുകൂലമായി ബാധിക്കുന്നു എന്ന് മനസ്സിലായതും, വഴക്ക് അധികം ആളിക്കത്തിക്കാതെ ഏതാണ്ട് ഒരു മീഡിയം സ്ട്രോങ്ങ് ചായപോലെ ചെല്ലദുരൈ നിലനിർത്തും.

അങ്ങിനെ വഴക്കടിക്കുന്ന ഒരു ദിവസമാണ് അടച്ചിട്ട വീട്ടിലെ ഗ്യഹനാഥൻ പെട്ടെന്ന് ചെല്ലദുരൈക്ക് മുന്നിൽ നെഞ്ചിൽ അമർത്തിപ്പിടിച്ച് തളർന്നു വീണത്. വഴക്ക് നിർത്തി ഭാര്യ നിലവിളിച്ചത് മാത്രം ചെല്ലദുരൈക്ക് ഓർമ്മയുണ്ട്. തളർന്നു വീണ മനുഷ്യൻ ശ്വാസം തന്റെ കയ്യിൽ ഉപേക്ഷിച്ചുവെന്ന് ചെല്ലദുരൈക്ക് മനസ്സിലായിരുന്നു. ഒരാൾ യാത്രയായ വീടായതുകൊണ്ടും ധാരാളം ആളുകൾ വന്നതുകൊണ്ടും കച്ചവടം നന്നായെങ്കിലും ചെല്ലദുരൈയും ഭാര്യയും അന്നും തുടർന്നുള്ള ദിവസങ്ങളിലും അധികം സംസാരിച്ചില്ലെങ്കിലും വല്ലാതെ സ്നേഹിച്ചു. യാത്രയായ ആളെയുംകൊണ്ട് വീട്ടുകാർ അവരുടെ നാടായ യേർക്കാടേക്ക് പോയി. അതുകൊണ്ടാണ് ആ വീട് അടഞ്ഞുപോയത്. ആ വീടിന്നു മുന്നിലെ വ്യക്ഷത്തണലിൽ ആണ് നാലഞ്ച് ദിവസമായി കയ്യിൽ ചെറു തുണി സഞ്ചിയുമായി ഒരാൾ രാവിലെയും വൈകീട്ടും വരുന്നത്.
യാര് നീങ്കേ.. എന്ന് ചെല്ലദുരൈ പലതവണ ചോദിച്ചു.
ഉത്തരം കിട്ടിയില്ല.
സാപ്പിടുങ്കോ.. എന്നും പറഞ്ഞ് ഭാര്യ ചായയും വടയും കൊടുത്തു.
അയാൾ സാപ്പിട്ടില്ല.
വീട്ടിലേക്കും നോക്കി നിശ്ശബ്ദം ഇരിക്കും. ഇടക്കൊന്ന് കണ്ണു തുടക്കും. വലിയ എന്തോ സംഖ്യ പലിശക്ക് കടം കൊടുത്ത ആളായിരിക്കും എന്നും, വാങ്ങിയ ആൾ പോയ സ്ഥിതിക്ക് വീട്ടുപടിക്കൽ വന്ന് കരയുന്നതാണെന്നും ചെല്ലദുരൈ ഭാര്യയോട് അനുഭവം വെച്ച് പറഞ്ഞു.
എന്നാൽ കഴിഞ്ഞ ദിവസം അവിടെ ഒരു വാഹനം വന്നു നിന്നു. സ്ത്രീകളും പുരുഷന്മാരും ഉള്ള ഒരു സംഘം പുറത്തിറങ്ങി അയാളെ വാഹനത്തിൽ കയറ്റവേ രണ്ടും കൽ‌പ്പിച്ച് ചെല്ലദുരൈ ബഹളം വെച്ചു. ആളുകൾ കൂടി. വാഹനം തടഞ്ഞു. സഞ്ചിക്കാരനും വന്നവർക്കും സത്യം പറയാതെ നിവ്യത്തിയില്ലെന്നായി. അവർ സത്യം പറഞ്ഞു.
ആ സഞ്ചിക്കാരൻ യാത്രയായ ആ‍ളുടെ മൂത്ത സഹോദരൻ. ഇരുപത്താറ് വർഷമായി അനിയനുമായി പിണങ്ങി പരസ്പരം അറിയാത്തവരായി കഴിയുന്നു. പെട്ടെന്നൊരു ദിവസം അനിയൻ സ്ഥലം വിട്ടപ്പോൾ ഏട്ടന് ആകെ ഒരു മരവിപ്പ്. കഠിനമായ കുറ്റബോധത്താൽ അനിയനെ കാണണമെന്ന തോന്നലിൽ വീട്ടിൽ നിൽക്കാൻ കഴിയാതെ ഇടക്കിടെ അടച്ചിട്ട വാതിൽക്കലേക്ക് വന്നുകൊണ്ടിരിക്കുന്നു. അത്രയും അറിഞ്ഞിട്ടും വിശ്വാസം വരാതെ ചെല്ലദുരൈ ആ സഞ്ചി തുറപ്പിച്ചു. സഞ്ചിയിൽ അനിയന്റെ ചുമലിൽ ഇടാൻ ഏട്ടൻ കൊണ്ടുവന്ന തുണ്ടു മുണ്ട്… ഏട്ടന് അനിയൻ പോയിട്ടില്ല..
സർവ്വ ആക്രോശങ്ങളും മരണം വരെ. ഒരാളുടെ യാത്രയോടെ ശത്രു മാഞ്ഞുപോകുന്ന ഭടനെപോലെ മറ്റു പലരിലെ സമുദ്രങ്ങളും ശാന്തമാകുന്നു..


Friday, 14 October 2011

അവനവന്റെ മുഖം

 

 

രഘുനാഥ് പാലേരി


മുന്നിൽ കാണുന്നവരുടെ മുഖം കാണുന്നതുപോലെ
കാണാൻ സാധിക്കാത്തതുകൊണ്ടാവും അവരെക്കാൾ ഉയരത്തിലാണ് താനെന്ന മിഥ്യാ ബോധത്തിലേക്ക് മനുഷ്യർ അറിയാതെ വഴുതിപ്പോകുന്നത്. അതുകൊണ്ടുതന്നെ, സ്തുതിക്കാൻ ഏറ്റവും ഉചിതം ഒരാളുടെ ‘മുഖകമലം‘ തന്നെ. എന്താണോ ഒരാളിൽ ‘പൂമുഖംപോലെ’ മുന്നിട്ടു നിൽക്കുന്നത് അതു തന്നെ ആ വ്യക്തിയുടെ മുഖവും. അത് ശരീരമാവാം, കാഴ്ച്ചയാവാം, കഴിവാവാം, സമ്പത്താവാം, ജ്ഞാനമാവാം…..

സ്തുതി വചനങ്ങളാൽ ധന്യരാണ് പലരും. കാര്യം നേടിയെടുക്കാനുള്ള വിഭ്രാന്തിയിൽ അവരിൽ ചിലർ മഹാകവികളെപ്പോലും അമ്പരപ്പിക്കും. ആഗ്രഹിച്ചത് നേടിക്കഴിഞ്ഞാൽ അടുത്ത മാത്രയിൽ ആ വാ‍ക്കുകളെല്ലാം നിന്ദാസങ്കീർത്തനങ്ങളും ആകും. സത്യത്തിൽ അതൊരു ഭീകരാവസ്ഥയാണ്. കാലാകാലങ്ങളായി യാതൊരു മാറ്റവുമില്ലാതെ അത് തുടരുന്നു. ഒന്നു താങ്ങി ഇത്തിരി ഉയർത്തിക്കൊടുത്താൽ ചിലർ തലകൊണ്ട് സുര്യനെ തട്ടും. എന്നിട്ട് സൂര്യനെക്കാൾ പ്രഭയേറിയവനായി നിലം തൊടാതെ “മങ്ങി” നിൽക്കും. വിണ്ടും ഏന്തിവലിഞ്ഞ് ഒന്നുകൂടി ഉയർത്തിക്കൊടുത്താൽ, ആ സുര്യനെ അവർ കാൽക്കിഴിലേക്കിട്ട് പന്തു തട്ടും. ഇതുപോലെ എത്ര സുര്യന്മരെ കണ്ടു ഹേ… എന്ന് സ്വയം നെറ്റിപ്പട്ടം കെട്ടി കൊമാളിയായി നിൽക്കും.
ഒടുക്കം, ഉയർത്തുന്ന താങ്ങ് അയഞ്ഞയഞ്ഞ് അറിയാതെ ഭൂമി തൊടുമ്പോൾ ശരിയായ സൂര്യനെ കണ്ട് അമ്പരന്ന് മരവിക്കും… സത്യത്തിൽ ഈ ഭൂമിയിലെ ജീവജാലങ്ങളിൽ ഏറ്റവും വലിയ വിഡ്ഡി മനുഷ്യനാണോ.. അറിയില്ല. മറ്റുള്ളവർ പരസ്പരം പറയുന്നത് കേട്ടു നോക്കണം.
ഒരു കുറുക്കനും ഒരു കാക്കയേയും ഇന്നുവരെ ഭൂമിയിൽ സ്തുതി പറഞ്ഞു പറ്റിച്ചിട്ടുണ്ടാവില്ല.. എല്ലാം അതു പറയുന്ന മനുഷ്യന്റെ മനസ്സിലിരുപ്പ്….