Showing posts with label raseed punnasery. Show all posts
Showing posts with label raseed punnasery. Show all posts

Tuesday, 15 November 2011

ഡെലിവറി ബോയ്‌


രശീദ് പുന്നശേരി



ഒരു മാസം കൊണ്ട് നടന്നു തീര്‍ക്കുന്ന ദൂരം നേരെ നടന്നിരുന്നെങ്കില്‍ ഞാനിപ്പോള്‍ നാട്ടിലെത്തിയേനെ'. റാസല്‍ഖൈമയിലെ റസ്റ്റോറന്റിന് മുന്നില്‍ വീണു കിട്ടിയ ഒരിടവേളയില്‍ വിയര്‍പ്പു കണങ്ങള്‍ തുടച്ചു കൊണ്ട് മുഹമ്മദിക്ക പറഞ്ഞു. 20 കൊല്ലം മുമ്പ് ഇവിടെയെത്തുമ്പോള്‍ കിട്ടിയ പണിയാണ് ഡെലിവറി ബോയിയുടേത്. നാട്ടിലെ നാലു മക്കളും അവരുടെ മക്കള്‍ക്കുമെല്ലാം മുഹമ്മദിക്ക ഉപ്പയും വല്യുപ്പയുമൊക്കെയാണെങ്കിലും ഇവിടുത്തെ ജോലിയും രേഖകളും പ്രകാരം ഇദ്ദേഹം ഇപ്പോഴും വെറും 'ബോയ്' ആണ്. ഡെലിവറി ബോയ്. അതിജീവനത്തിനുള്ള നെട്ടോട്ടത്തിനിടയില്‍ ബാല്യ, കൗമാരങ്ങള്‍ മരുഭൂമിയിലെ വെയിലും തണുപ്പുമേറ്റ് മറ്റുള്ളവരുടെ 'സൗകര്യ'ത്തിനായി ഉഴിഞ്ഞു വെച്ചവരുടെ ഒരു പ്രതിരൂപം മാത്രമാണിദ്ദേഹം. കഥകള്‍ പറഞ്ഞു തുടങ്ങും മുമ്പേ വിളി വന്നു. മുഹമ്മദിക്കാ, 302ല്‍ ഒരു ചായ. അദ്ദേഹമപ്പോള്‍ ഒന്നു ചിരിച്ചു. പറയാന്‍ ബാക്കിവെച്ച കഥകളുടെ തിര തല്ലി മറയുന്ന ഓളങ്ങള്‍ അദ്ദേഹത്തിന്റെ മുഖത്തെ ഭാവത്തില്‍ നിന്ന് അപ്പോള്‍ വായിച്ചെടുക്കമായിരുന്നു.

തപിച്ചു വേവുന്ന ഉച്ച നേരങ്ങളില്‍ എ സിയുടെ തണുപ്പില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴായിരിക്കും കുടിക്കാന്‍ വെള്ളമില്ലല്ലോയെന്ന കാര്യമറിയുന്നത്. ഉടനെ ഫോണെടുത്ത് ഒരു വിളിയാണ് ഗ്രോസറിയിലേക്ക്, 'ഒരു ബോട്ടില്‍ വെള്ളം'. പിന്നെ ഡെലിവറി ബോയ് വരുന്നതു വരെ ഒരു തരം ആധിയാണ്. വൈകുന്ന ഓരോ നിമിഷവും മണിക്കൂറുകളുടെ ദൈര്‍ഘ്യമായിരിക്കും. അല്‍പ്പമകലെയുള്ള ഗ്രോസറിയില്‍ നിന്നും ഒരു ബോട്ടില്‍ വെള്ളം ചുമലിലേറ്റി വിയര്‍ത്തു കുളിച്ച് ഗോവണി കയറി വരുന്ന ഡെലിവറി ബോയിക്ക് നേരെ കൊല്ലാനുള്ള ദേഷ്യവുമായാണ് ചെല്ലുക. വൈകിയതിനുള്ള കാരണ വിസ്താരങ്ങള്‍ അവതരിപ്പിക്കുകയാണ് ഏറെ ശ്രമകരം. ഓരോ ഡെലിവറിയും അവസാനിക്കുന്നത് പുതിയൊരു ശത്രുവിനെ സൃഷ്ടിച്ചുകൊണ്ടായിരിക്കുമെന്നതാണ് ഈ തൊഴിലിന്റെ ഏറ്റവും വലിയ സവിശേഷത.

ഗള്‍ഫുകാരന്റെ നേരമില്ലായ്മയുടെയും മടിയുടെയും സാധ്യതകള്‍ 
 ഏറ്റവും മനോഹരമായി മാര്‍ക്കറ്റു ചെയ്യപ്പെട്ടിടത്തു നിന്നായിരുന്നു 'ഹോം ഡെലിവറി' എന്ന ആശയവും 'ഡെലിവറി ബോയ്' എന്ന തസ്തികയും സൃഷ്ടിക്കപ്പെട്ടത്. നാദാപുരത്തെയും മലപ്പുറത്തെയുമെല്ലാം ഗ്രാമാന്തരങ്ങളില്‍ നിന്ന് വിമാനം കയറിയെത്തിയവര്‍ കാല്‍നടയായും സൈക്കിളിലും അല്‍പം കൂടെ ഉയര്‍ന്നവര്‍ കാറിലും വാനിലുമൊക്കെയായി സാധന സാമഗ്രികള്‍ വീട്ടു പടിക്കല്‍ എത്തിച്ചു കൊടുക്കാന്‍ നിയോഗിക്കപ്പെട്ടു.

മഴയും തണുപ്പും വെയിലും വേനലുമൊന്നും ഈ സേവനത്തിന്റെ നിഘണ്ടുവില്‍ രേഖപ്പെട്ടു കിടക്കാത്തതിനാല്‍ നാട്ടില്‍ നിന്ന് വിമാനം കയറിയതു മുതല്‍ തിരിച്ചിറങ്ങുന്നതുവരെ ഇവരില്‍ പലര്‍ക്കും എല്ലാം മറന്നൊന്നുറങ്ങാന്‍ പോലും നേരം കിട്ടാറില്ല എന്നതാണ് വാസ്തവം. ഗ്രോസറികളിലേയും സൂപ്പര്‍മാര്‍ക്കറ്റുകളിലേയും കച്ചവടത്തിന് പരസ്പരമുള്ള കിടമത്സരത്തിനിടയില്‍പ്പെട്ട് നെട്ടോട്ടമോടേണ്ടി വരുന്നത് ഒരര്‍ഥത്തില്‍ ഹോം ഡെലിവറിയുടെ ചുമതലയുള്ളവരാണ്. ടെലിഫോണില്‍ വിളിച്ചുപറയുന്ന ഉത്പന്നങ്ങള്‍ ഗുണവും തൂക്കവും വിലയും തെറ്റാതെ കണക്കാക്കി ക്യാഷ് കൗണ്ടറിലെ പുസ്തകത്തില്‍ പറ്റു ചേര്‍ത്ത് ഉപഭോക്താവിന്റെ കൈകളിലെത്തിച്ച ശേഷമായിരിക്കും അറിയുന്നത് എന്തെങ്കിലും ഒരു സാധനം കുറവാണെന്ന്. പിന്നെ തിരികെ പോയി അതു കൂടെ കൊണ്ടു കൊടുക്കണം. അപ്പോഴേക്കും ഒന്നിനു പിറകെ മറ്റൊന്നായി പുതിയ ഓര്‍ഡറുകള്‍ വന്നു കിടക്കുന്നുണ്ടാവും. 'കുപ്പിയില്‍ നിന്നു വന്ന ഭൂതങ്ങളാണ്' ഹോം ഡെലിവറി ബോയികളെന്നാണ് സരസനായ ഒരു തൊഴിലാളി പറഞ്ഞത്.
ഒരു പണി കഴിയുമ്പോഴേക്കും അടുത്തത് റെഡിയായിട്ടുണ്ടാവും. ഒരു തൊഴിലെന്ന നിലയില്‍ ഇതെല്ലാം ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഉപജീവനത്തിന്റെ മാര്‍ഗമാണ് തുറന്നിട്ടത്. ഹോം ഡെലിവറി എന്ന സംവിധാനം കൊണ്ടു മാത്രമാണ് ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ഇന്ന് ചെറുകിട കച്ചവടക്കാരും ഹോട്ടലുകളും മറ്റും പിടിച്ചു നില്‍ക്കുന്നതു തന്നെ.

അതേസമയം, മറ്റുള്ളവരെ സേവിക്കാനുള്ള മരണപ്പാച്ചിലിനിടയില്‍ അപകടങ്ങല്‍ പതിയിരിക്കുന്ന മുള്‍വഴികളിലൂടെയാണ് ഓരോ ഡെലിവറി ബോയിയും കടന്നുപോകുന്നത്. സൈക്കിളിലും ബൈക്കിലും കാല്‍നടയായും പോകുന്നവരെ അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ എത്രയോ തവണ മരണത്തിന്റെ വഴിയിലേക്ക് തള്ളി വിട്ടിട്ടുണ്ട്. അപകടങ്ങളില്‍ ശരീരം തളര്‍ന്ന് സ്വപ്‌നങ്ങളുടെ ചിറകറ്റവരും അനവധിയാണ്. മഹാ നഗരങ്ങളിലെ കഫ്റ്റീരിയകളില്‍ 'ബാഹര്‍വാല'കള്‍ എന്ന ഓമനപ്പേരിലാണ് ഡെലിവറി ബോയികള്‍ അറിയപ്പെടുന്നത്.

ഡെലിവറി ബോയിയില്‍ തുടങ്ങി പടിപടിയായുയര്‍ന്ന് വലിയ വലിയ സ്ഥാപനങ്ങളുടെ ഉടമസ്ഥരായി മാറിയവരുടെ വീരസാഹസിക ജീവിത കഥകള്‍ ഇവരില്‍ ചിലര്‍ക്കെങ്കിലും മുന്നോട്ടുള്ള പ്രയാണത്തിന്റെ പ്രേരകചാലകമാണെന്ന കാര്യം വിതര്‍ക്കമാണ്. ഇന്നല്ലെങ്കില്‍ നാളെ ഐശ്വര്യപൂര്‍ണമായൊരു പുലരി പിറക്കുമെന്ന പ്രതീക്ഷയാണ് രാപ്പകല്‍ ഭേദമന്യേ വാതിലുകളില്‍ നിന്ന് വാതിലുകളിലേക്ക് യാത്ര ചെയ്യുന്നവരുടെ ഊര്‍ജവും ഇന്ധനവും.
ചില വാതിലുകളെങ്കിലും ഡെലിവറി ബോയിക്കു നേരെ സൗമ്യമായ പുഞ്ചിരിയും സൗഹൃദവും കൊണ്ട് എതിരേല്‍ക്കാറുണ്ട്, ബാക്കി വരുന്ന നാണയത്തുട്ടുകള്‍ 'താങ്കള്‍ തന്നെ വെച്ചോളൂ' എന്നു പറയാറുണ്ട്. ആശയറ്റവന്റെ മരുഭൂമിയില്‍
വെറുതെ പൊഴിക്കുന്ന ഒരു പുഞ്ചിരിപോലും മനസ്സില്‍ കുളിര്‍മഴ പെയ്യിക്കാന്‍ പോന്നതാണെന്ന സത്യം പലപ്പോഴും മറന്നുപോകാറുണ്ട് പലരും. ഒരു തൊഴിലെന്നതിലപ്പുറം വേതനം പറ്റുന്ന ഒരു സാമൂഹ്യസേവനമെന്ന ഒന്നുണ്ടെങ്കില്‍ അതില്‍പ്പെടുത്താം ഹോം ഡെലിവറിയെന്ന വിഭാഗത്തെ.

ഒരു വിളിക്കപ്പുറം ആവശ്യക്കാരന്റെ അഭിരുചികളറിഞ്ഞ് അവര്‍ക്കു വേണ്ടി നേരവും കാലവും നോക്കാതെ ഭാരം ചുമക്കുന്നവരുടെ തോളില്‍ ജന്മനാട്ടിലെ എടുത്താല്‍ പൊങ്ങാത്തത്ര അദൃശ്യ ഭാരം കൂടെയുണ്ടെന്നതാണ് സത്യം.
സൈക്കിള്‍ സവാരിയെന്ന മിനിമം യോഗ്യതയുമായി കടല്‍കടക്കുന്നവര്‍ക്കു മുന്നില്‍ ഹോം ഡെലിവറിയുടെ വാതായനങ്ങള്‍ എന്നും തുറന്നു തന്നെ കിടപ്പുണ്ടാകുമെന്ന് പ്രത്യാശിക്കാം. ഒരുപാട് കവാടങ്ങളിലേക്കു തുറക്കുന്ന പ്രധാന കവാടം മാത്രമാണീ തൊഴിലും വിശ്രമമില്ലാത്ത ജീവിതവുമെന്ന് സമാശ്വസിക്കാം...



Tuesday, 13 September 2011

കളിപ്പാട്ടങ്ങള്‍






രശീദ് പുന്നശ്ശേരി

മുഫീദും ഫിര്‍സാനും പിന്നെ ദേവി നന്ദനയുമൊക്കെയാണു ഇപ്പോള്‍ എന്റെ ഉറക്കം കെടുത്തുന്ന വില്ലന്മാര്‍. ഇവരൊക്കെ ആരാണെന്നായിരിക്കും.
സത്യത്തില്‍ ഇവരെയൊന്നും ഞാന്‍ നേരിട്ട് കണ്ടിട്ട് പോലുമില്ല. എനിക്കൊട്ട് പരിചയവുമില്ല. കേ ജി ക്ലാസ്സില്‍ മകന്റെ കൂട്ടുകാരാണിവര്‍. അവനിലൂടെയാണു ഇവരെ ഞാനറിയുന്നത്.
ഒരു കാര്യം എനികുറപ്പുണ്ട്. ഇവരെല്ലാം ഭാവിയില്‍ രാഷ്ട്രീയത്തിലോ, മാര്‍ക്കറ്റിങ്ങിലൊ, ഒക്കെ ഇറങ്ങിയാല്‍ 110% വിജയിക്കുമെന്നതില്‍ സംശയം വേണ്ട. കാരണം ഓരോ ദിവസവും ക്ലാസ്സ് കഴിഞ്ഞെത്തുമ്പോള്‍ മകന്‍ പറഞ്ഞു തരാറുള്ള കഥകളിലെ ഇവരുടെയൊക്കെ പെര്‍ഫോമന്‍സ് അത്രമേല്‍ മികച്ചതാണു.
ഒരു ചോക്കളേറ്റ് കൈക്കൂലി നല്‍കി ടീച്ചറുടെ കണ്ണ് വെട്ടിച്ച്നോട്ടുകള്‍ എഴുതിക്കുന്നതില്‍ വിരുതനാണു ഇവരിലൊരാള്‍. അതൊക്കെ സഹിക്കാം സ്വന്തമായി വലിയ ഹെലിക്കോപ്റ്ററും വിമാനവുമൊക്കെ ഉണ്ടെന്ന് വീമ്പടിച്ച് നടക്കുന്ന ഇവരിലെ ചില ഹീറോകളാണു എന്നെയിപ്പോള്‍ വെറും സീറോ ആക്കി കളയുന്നത്.
കഴിഞ്ഞ ദിവസം മകന്‍ അസന്നിഗ്ദമായി തന്റെ നയം വ്യക്തമാക്കി കഴി
ഞ്ഞു. നമ്മുടേ കാറു വിറ്റ് നമുക്കും ഒരു ഹെലിക്കോപ്റ്റര്‍ വാങ്ങണം. തികച്ചും ന്യായമായ ആവശ്യം. ഫിര്‍സാനും മുഫീദും മറ്റ് കൂട്ട്കാരുമൊക്കെ ഹെലിക്കോപ്റ്ററില്‍ പോകുമ്പോള്‍ നമ്മള്‍ മാത്രം എന്തിനു കാറില്‍ പോകണം.
പണം തികയില്ലല്ലോയെന്ന ഒരു മറു വാദമുന്നയിച്ചു നോക്കി. നോ രക്ഷ.
എന്റെ പേഴ്‌സില്‍ നിന്ന് ക്രഡിറ്റ് കാര്‍ഡ് തപ്പിയെടുത്ത് അവന്‍ ചോദിച്ചു. പൈസ എന്തിനാ ഇതു പോരെ? എന്ന്.

പ്രായത്തിന്റെ ഓരോരോ കുസ്ര്തികളെന്ന് ആശ്വസിക്കാന്‍ ശ്രമിക്കുമ്പോഴാണു, എനിക്കുമുണ്ടായിരുന്നല്ലോ ഇതു പോലൊരു പ്രായമെന്ന കൗതുക സത്യം മനസ്സില്‍ മിന്നിയത്. അന്ന് ആദ്യമായി സ്വപ്നം കണ്ട വാഹനം ഏതായിരുന്നു? കയ്യില്‍ കിട്ടിയ കളിപ്പാട്ടമേതായിരുന്നു?
പോയ കാലത്തിന്റെ പോക്കു വെയില്‍ കായുന്ന വെളുത്ത നിറമുള്ള ആ മരുന്നു പെട്ടിയും പച്ച നിറമുള്ള റാല്ലി സൈക്കിളും അപ്പോഴാണു മനസ്സില്‍ ഓടിയെത്തിയത്.

കണ്ണുകളില്‍ തൂങ്ങി വരുന്ന ഉറക്കത്തിനു പിടി കൊടുക്കാത്ത കാത്തിരിപ്പിന്റെ രാത്രികള്‍. ഓലച്ചൂട്ടിന്റെ വെളിച്ചം മിന്നി മിന്നി അടുത്ത് വരുന്നതും ഒടുവില്‍ ഒതുക്കു കല്ലുകളില്‍ തല്ലിക്കെടുത്തുന്നതും സിഗരറ്റിന്റെ നേരിയ ഗന്ധത്തിനൊപ്പം കടന്നു വരുന്ന ഉപ്പ ഒരു പേക്ക് റൊട്ടിയോ,ബിസ്‌കറ്റോ സ്‌നേഹപൂര്‍വം കൈകളില്‍ വച്ചു തരുന്നതുമെല്ലാം ഓര്‍മയില്‍ ഓടിയെത്തി. ബാര്‍ സോപ്പ് കമ്പനി ''ഉടമയായ'' ബാപ്പക്ക് സഞ്ചരിക്കാന്‍ അന്നൊരു വാഹനമുണ്ടായിരുന്നു. പിറകില്‍ ''ഹെവി കാരിയര്‍'' ഉള്ള ഒരു റാല്ലി സൈക്കിള്‍. അതിന്റെ മുന്നിലെ തണ്ടിലിരുന്ന് യാത്ര ചെയ്തപ്പോഴെല്ലാം എന്തൊരഭിമാനമായിരുന്നെന്നോ?. പിന്‍ വശം വേദനിക്കാറുണ്ടായിരുന്നെങ്കിലും ആ ''സുഖമുള്ള നോവ്''
സൈക്കിള്‍ സവാരിയുടേ ത്രില്ലിനു മുന്നില്‍ ഒന്നുമല്ലായിരുന്നു. വേദനിക്കുന്നെന്ന് പറഞ്ഞാല്‍ ഉപ്പ പിന്നെ സൈക്കിളില്‍ കയറ്റിയില്ലെങ്കിലോ എന്നായിരുന്നു ഭയം. എന്നാല്‍ എന്റെ അസ്വസ്ഥത മനസ്സിലാക്കിയാവണം പുതിയ സൈക്കിള്‍ വാങ്ങുമ്പോള്‍ മുന്നില്‍ നിനക്കൊരു ''കുട്ടി സീറ്റ് '' വെപ്പിക്കാമെന്ന് ഉപ്പ പറഞ്ഞതോടെ ഞാന്‍ ശരിക്കും ''മുതലാളി''യുടെ മകനാണെന്ന് എനിക്കും തോന്നി.

കളിപ്പാട്ടങ്ങളെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും ആയിടെ ഒരു രാവില്‍ ഉപ്പ കൊണ്ടു വന്ന് തന്ന ഒരു ടോണിക്കിന്റെ വെളുത്ത കവറിലാണു. അത് കിട്ടിയ ദിവസംഉറക്കം വന്നതേയില്ല. ഞാന്‍ കളിച്ച് കൊണ്ടെയിരുന്നു. അടുത്ത ദിവസം രാവിലെ അത് കൊണ്ട് ഒരു ബസ്സ് ഉണ്ടാക്കാമെന്ന പ്ലാനിങ്ങുമായാണു ഉറങ്ങാന്‍ കിടന്നത്. കവുങ്ങിന്റെ പാളയും ഓലച്ചക്രങ്ങളും പപ്പായ മരത്തിന്റെ തണ്ടുമൊക്കെ ഉപയോഗിച്ച് അമ്മാവന്‍ ഉണ്ടാക്കി തന്നിരുന്ന കളിവണ്ടികള്‍ ശരിക്കും മടുത്ത് തുടങ്ങിയിരുന്നു എന്നതാണു വാസ്തവം.

തക്കാളിപ്പെട്ടിയുടെ മരവും പൗഡറിന്റെയും കോള്‍ഗേറ്റിന്റെയും മറ്റും ടിന്‍ തകിടുകളും ഉപയോഗിച്ച് മനോഹരമായ ലോറികളുടെ തനത് മാത്ര്കകള്‍ ഉണ്ടാക്കുന്നതില്‍ അതിവിദഗ്ദരായ ചില മുതിര്‍ന്ന സംഘങ്ങള്‍ അമ്മാവന്മാരുടേ കൂട്ടുകാരായി ഉണ്ടായിരുന്നു. തങ്ങളുടെ വണ്ടികള്‍ ഏറ്റവും പൂര്‍ണ്ണത നിറഞ്ഞതാക്കാന്‍ അവര്‍ തമ്മില്‍ വലിയ മത്സരം തന്നെ നടന്നിരുന്നുവത്രെ. കറുത്ത ഹവായ് ചെരിപ്പും ബാറ്ററിയുടെ ചുവന്ന ടോപ്പും മറ്റുമുപയോഗിച്ചായിരുന്നു ടയറുകളുടെ നിര്‍മ്മാണം.രാത്രിയില്‍ കത്തുന്ന ഹെഡ് ലൈറ്റുകള്‍ പോലും അവയില്‍ പലതിനും ഉണ്ടായിരുന്നു.
വയലും റോഡും തോടും തിരിച്ചറിയപ്പെടാതെ കിടക്കുന്ന ഗ്രാമത്തിലെ ചെമ്മണ്‍ പാതയിലൂടെ തടി കയറ്റാനായി ആഴ്ചയിലൊരിക്കലോ മറ്റോ വരുന്ന ലോറികള്‍ സസൂക്ഷ്മം നിരീക്ഷിച്ചായിരുന്നു ഈ ലോറി നിര്‍മ്മാണം നടന്നിരുന്നതെന്നറിയുമ്പോഴാണു അവരുടെ വൈദഗ്ദ്യം നമ്മള്‍ അംഗീകരിച്ചു പോകുന്നത്. വലുതാകുമ്പോള്‍ എനിക്കും അത്തരമൊരെണ്ണം ഉണ്ടാക്കിത്തരാമെന്ന് അവര്‍ സമ്മതിച്ചിട്ടുമുണ്ട്.
പിറ്റേന്ന് നേരം പുലര്‍ന്നതും ആദ്യമന്വേഷിച്ചത് രാത്രി തലയണക്കരികെ വെച്ച് കിടന്നുറങ്ങിയ പെട്ടിയായിരുന്നു. പക്ഷെ അതവിടെ കാണാനില്ല.
പടച്ചോനെ ഇതെവിടെപ്പോയി?. പല്ല് പോലും തേക്കാതെ തിരച്ചിലാരംഭിച്ചു. പക്ഷെ എവിടെയും കാണാനില്ല. ഉമ്മയോട് ചോദിക്കാനാണു അടുക്കളയിലേക്ക് ഓടിയത്. അപ്പോഴാണു ഞെട്ടിപ്പിക്കുന്ന ആ സത്യം ഞാനറിയുന്നത്. എനിക്ക് മുമ്പെ തന്നെ ആ വീട്ടിലെ ഇളയവനായ, എളാപ്പയുടെ മകന്‍ ഉണര്‍ന്ന് കളി തുടങ്ങിക്കഴിഞ്ഞിരുന്നു. രാത്രി അവന്‍ നേരത്തെ ഉറങ്ങിയത് കാരണം അത്രയും സമയം കളിച്ചത് മിച്ചം. ഇപ്പോള്‍ ആ മരുന്നു പെട്ടി കുരങ്ങന്റെ കയ്യില്‍ കിട്ടിയ പൂമാല പോലെ ആയിക്കഴിഞ്ഞിരിക്കുന്നു. ഞാന്‍ സ്വപ്നം കണ്ട ഹയ്‌ടെക് ബസ് പഴയ ആനവണ്ടി പാണ്ടി ലോറിക്കിടിച്ച പോലെ കിടക്കുന്നു.
ദേശ്യവും സങ്കടവും സഹിക്കാനാവാതെ ഞാന്‍ പൊട്ടിക്കരഞ്ഞു. ഉപ്പയും ഉമ്മയും മറ്റും ആ പെട്ടി അവനില്‍ നിന്ന് വാങ്ങിത്തരാന്‍ പതിനെട്ടടവുമെടുത്തെങ്കിലും എല്ലാം വിഫലമായി. ഒടുവില്‍ വൈകുന്നേരത്തിനു മുമ്പായി മറ്റൊരെണ്ണം സംഘടിപ്പിച്ച് തരാമെന്ന വ്യവസ്ഥയില്‍ തല്‍ക്കലം പ്രശ്‌നം ഒത്തു തീര്‍പ്പായി.

ഉപ്പ വാക്ക് പാലിച്ചെങ്കിലും തലേന്ന് കിട്ടിയ പെട്ടിയോളം ആകര്‍ഷകമായിരുന്നില്ല അത്. പിന്നീടൊരിക്കലും അത്രമേല്‍ കൗതുകം മറ്റൊരു കളിപ്പാട്ടത്തോട് തോന്നിയിട്ടുണ്ടോ എന്നതും സംശയമാണു.
പക്ഷെ ഒരുപാട് നിറങ്ങളുടെ ധാരാളിത്തമില്ലാതിരുന്ന കുഞ്ഞു നാളിന്റെ കനലെരിയൂന്ന ഓര്‍മ്മകളിലെ ആ സ്‌നേഹ നിമിഷങ്ങള്‍ക്ക് മാത്രം മരണമുണ്ടാവില്ല. കാരണം ഞാന്‍ ഏറെ ഭാഗ്യവാനായിരുന്നു.

എനിക്ക് താഴെയുള്ള മൂന്ന് പേര്‍ക്കും ഉപ്പയുടെ സാമീപ്യവും സ്‌നേഹവും വിധിച്ചിട്ടുണ്ടായിരുന്നില്ല. ഒരു റമസാന്‍ പതിനേഴിനു മയ്യിത്ത് കട്ടിലില്‍ വെള്ള പുതച്ച് യാത്രയായ ആള്‍ക്കൊപ്പം ലഭിക്കാനുള്ള പണത്തിന്റെ കണക്കും മാഞ്ഞ് പോയപ്പോള്‍ കടം കിട്ടാനുള്ളവരുടെ കണക്ക് കിറു ക്ര്ത്യമായിരുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായ ഉമ്മയെയും അനുജത്തിയെയും തനിച്ചാക്കി ഞാനും അനുജനും അതിജീവനത്തിന്റെ അകലങ്ങള്‍ തേടി. കളിപ്പാട്ടങ്ങളും
കളികളുമൊക്കെ അവിടം കൊണ്ടവസാനിച്ചു കഴിഞ്ഞിരുന്നു. സ്വയമൊരു കളിപ്പാട്ടമാണെന്ന തിരിച്ചറിവിനിടയിലും ഞാന്‍ അസൂയപ്പെടാറുള്ളത് ഒന്നിനെക്കുറിച്ച് മാത്രമായിരുന്നു. അച്ചനും അമ്മക്കുമൊപ്പം ജീവിക്കാന്‍ ഭാഗ്യം ലഭിച്ച കൂട്ട്കാരെക്കുറിച്ച്. അനുജത്തിമാരുടെ നിക്കാഹിനു കൈ കൊടുക്കാനിരിക്കുമ്പോള്‍ ഞാന്‍ വെറുതെ കൊതിച്ച് പോയിട്ടുണ്ട് ഈ സദസ്സിലേക്ക് എന്റെ ഉപ്പ കയറി വന്നിരുന്നെങ്കിലെന്ന്.

ഉപ്പയുടെ സൈക്കിള്‍ തണ്ടിലിരുന്ന് യാത്ര ചെയ്ത ഇടവഴികളും തോടുകളുമെല്ലാം ഇപ്പോള്‍ റോഡുകളായി മാറി. മോട്ടോര്‍ ബൈക്കിന്റെ മുന്‍ സീറ്റില്‍ അച്ചനും അമ്മക്കും സഹോദരങ്ങള്‍ക്കുമൊപ്പം സകുടുംബം യാത്ര ചെയ്യാന്‍ ഭാഗ്യം കിട്ടിയവരുടേതാണിപ്പോള്‍ ഈ വഴികള്‍. വേഗത കുറഞ്ഞവന്‍ പിന്‍ തള്ളപ്പെടുന്ന പ്രക്രതിയുടെ വിഭിന്നവഴികള്‍. കാലത്തിനൊപ്പം കളികളും കളിപ്പാട്ടങ്ങളുമെല്ലാം വളറ്ന്നു കഴിഞ്ഞു. അമ്മിഞ്ഞപ്പാല്‍ സമ്മാനം വാങ്ങാന്‍ മത്സരിക്കുന്നലോകത്തിന്റെ കളിപ്പാട്ടങ്ങളാവുകയാണോ നമ്മള്‍ ?