Showing posts with label p sujathan. Show all posts
Showing posts with label p sujathan. Show all posts

Saturday, 14 January 2012

പൈങ്കിളി നാടിന്‌ നമസ്ക്കാരം



പി.സുജാതൻ

രണ്ടു മാസങ്ങൾക്കുള്ളിൽ മലയാളത്തിൽ മൂന്ന്‌ ടെലിവിഷൻ ചാനലുകൾ
കത്തിത്തുടങ്ങി. പുതിയ ദർശനങ്ങളും ആശയങ്ങളുടെ മഴവില്ലുകളും
തീർക്കുമെന്ന്‌ വാഗ്ദാനം. കൂടാതെ ഏതാനും ചാനലുകൾ കൂടി വരാൻ ഒരുങ്ങുന്നു.
ഒരു ഡസൻ മലയാളം ചാനലുകളിലൂടെ മൂന്നുകോടി ജനങ്ങൾ സ്വന്തം ബോധനിലവാരം
പരിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നു

. പതിനഞ്ചു വർഷം കൊണ്ട്‌ ദൃശ്യമാധ്യമങ്ങൾമലയാളി സമൂഹത്തിൽ വരുത്തിയ സ്വാധീനങ്ങളുടെ കൃത്യമായ വിവരങ്ങൾ തിട്ടപ്പെടുത്താൻ പ്രയാസം. എങ്കിലും സാമൂഹിക ജീവിത രംഗങ്ങളിൽ
ദൃശ്യസംസ്ക്കാരമുണ്ടാക്കിയ മാറ്റങ്ങൾ അവഗണിക്കാനാവാത്ത തരത്തിൽ വലുതാണ്‌.
ആശാസ്യമായതും അനാശാസ്യമായതും ഉൾക്കൊള്ളാൻ തീരെ പാടില്ലാത്തതുമായ നിരവധി
പ്രവണതകൾ സമൂഹത്തിൽ ദൃശ്യമാധ്യമങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്‌. ബൗദ്ധിക
ചിന്താധാരകളെ തകിടം മറിച്ച ദുഷ്പ്രവണതകളാണ്‌ പലതും.

വാർത്താ വിവരങ്ങളുടെ വിനിമയത്തിൽ ദൃശ്യമാധ്യമങ്ങൾ കൈവരിച്ച വേഗതയും
വിശ്വാസ്യതയും സ്വാധീനവും ആർക്കും വിസ്മരിക്കാനാവില്ല. അതു നൽകുന്ന
അറിവിലൂടെ വ്യക്തിക്കും സമൂഹത്തിനും ഉണ്ടാകുന്ന മാറ്റം ത്വരിതഗതിയിലാണ്‌.
അച്ചടി മാധ്യമങ്ങൾ ദീർഘകാലം കൊണ്ട്‌ സൃഷ്ടിച്ച വലിയൊരു സംസ്ക്കാരത്തിന്റെ
പാരമ്പര്യത്തെ ടെലിവിഷൻ തൂത്തെറിഞ്ഞു. വായിച്ചറിഞ്ഞതിനേക്കാൾ വേഗത്തിൽ
കണ്ണുകളിലൂടെ ആശയങ്ങൾ മനുഷ്യബുദ്ധിയിൽ പ്രവേശിക്കുന്നതിനാൽ ആബാലവൃദ്ധം
ജനങ്ങൾ നവമാധ്യമധാരയിലേക്ക്‌ ഒഴുകിപ്പോയി. 
ബോധപൂർവ്വമായും അല്ലാതെയുംസംഭവിച്ച ഈ വിപ്ലവത്തിന്‌ പരിമിതികൾ ഉണ്ടായിരുന്നു. അവയെല്ലാം മറന്ന്‌ ഭൂരിപക്ഷം ജനങ്ങളും വിജ്ഞാനത്തിനും വിനോദത്തിനും ടെലിവിഷന്റെ
മുന്നിലിരുന്നു സ്വയം മറക്കുന്നു. ഈ ആത്മവിസ്മൃതി കേരളത്തെ വലിയ
അപകടത്തിലേയ്ക്ക്‌ നയിച്ചുകൊണ്ടിരിക്കുകയാണ്‌. വിദ്യാഭ്യാസപരമായും
സാംസ്ക്കാരികമായും കേരളം രാജ്യത്തെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച്‌ മുമ്പേ
തന്നെ കൈവരിച്ചിരുന്ന പ്രബുദ്ധത തകിടം മറിയുകയാണ്‌. ഈ അധഃപതനത്തിന്റെ ആഴം
വേണ്ടവിധം തിരിച്ചറിയപ്പെടുന്നില്ല.

മലയാളികളുടെ ജീവിതം നാലാംകിട തട്ടുപൊളിപ്പൻ സിനിമ പോലായിരിക്കുന്നു.
മലയാള സിനിമയാകട്ടെ വെറും തെരുവ്‌ യുദ്ധവും. ഈ മായിക വലയത്തിന്‌ പൊലിമ
നൽകുന്നത്‌ മലയാളത്തിലെ ഒരു ഡസൻ ടെലിവിഷൻ ചാനലുകളാണ്‌.

പത്രപ്രവർത്തനത്തിന്റെ നല്ല മൂല്യങ്ങളെ ചാനൽ കുഞ്ഞുങ്ങൾ
അറിവില്ലായ്മയുമായി ചുറ്റി നടന്ന്‌ അഴുക്ക്‌ ചാലിൽ കൊണ്ടെറിഞ്ഞു.
പത്രങ്ങൾ ടെലിവിഷനെ തോൽപ്പിക്കാനെന്ന ഭാവത്തിൽ മത്സരിച്ചു
നശിച്ചുകൊണ്ടിരിക്കുന്നു. പ്രതിഭയും വൈഭവവും ആത്മാഭിമാനവും ഉള്ളവർക്ക്‌
കേരളത്തിൽ പത്രപ്രവർത്തനം പറ്റിയ പണിയല്ലാതായിക്കഴിഞ്ഞു. സമൂഹത്തിന്റെ
അധ്യാപകർ എന്ന സ്വയം കൽപ്പിത ഭാവത്തിൽ നിന്ന്‌ പത്രപ്രവർത്തകർ
ഇടനിലക്കാരുടെ തലത്തിലേയ്ക്ക്‌ താഴുകയാണ്‌. ദൃശ്യമാധ്യമങ്ങൾ സൃഷ്ടിച്ച
അധമസംസ്ക്കാരത്തിന്റെ ഭീകരമായ കെടുതിയിലാണ്‌ കേരളം. 
ഭരണാധികാരികൾ മുതൽബൗദ്ധികരംഗത്തു പ്രവർത്തിക്കുന്നവരെന്ന്‌ കരുതേണ്ട അക്കാദമീഷ്യന്മാർ വരെആഴമില്ലാത്ത ചിന്തയുടെ മായിക വലയത്തിലാണ്‌ കഴിയുന്നത്‌. കേരളത്തിന്റെ പ്രബുദ്ധത വെറും പൊങ്ങച്ചവും പച്ചക്കള്ളവുമായിത്തീർന്നു. വെറും പൈങ്കിളി
സമൂഹമാണ്‌ ഇന്നത്തെ കേരളം. ഇത്തരത്തിൽ കേരളത്തെ മാറ്റിയെടുത്തതിൽ  കഴിഞ്ഞ
പതിനഞ്ചു കൊല്ലം കൊണ്ട്‌ നമ്മുടെ ദൃശ്യമാധ്യമങ്ങൾ വഹിച്ച പങ്ക്‌ വളരെ
വലുതാണ്‌.

ആശയരൂപീകരണ രംഗത്ത്‌ അർത്ഥവത്തായ സ്വാധീനം ചെലുത്താൻ കഴിയുന്നവർ
കേരളത്തിൽ ഉണ്ട്‌. അവരെ ആരെയും പൊതു മാധ്യമങ്ങളിൽ കാണാറില്ല.
വാർത്താവിശകലനങ്ങളും ചർച്ചകളും വിലകെട്ട നേരമ്പോക്കായി
തീർന്നിരിക്കുന്നു. വാണിജ്യ സിനിമയിലെ വിശേഷങ്ങളാണ്‌ ദൃശ്യമാധ്യമങ്ങളുടെ
പ്രധാന വാർത്ത. നടീനടന്മാരുടെ കൊച്ചുവർത്തമാനങ്ങളാണ്‌ മുഖ്യചർച്ചകൾ.

റിലീസ്‌ ചിത്രങ്ങൾക്ക്‌ പ്രേക്ഷകരെ കൂട്ടിക്കൊടുക്കുന്ന
കൂട്ടുകച്ചവടത്തിന്‌ ടെലിവിഷൻ  പ്രവർത്തകർ അഭിമുഖ സംഭാഷണമെന്നാണ്‌
പേരിട്ടിരിക്കുന്നത്‌. വാർത്തകളെന്ന ലേബലിൽ വരുന്നത്‌ പലതും വേഷം മാറിയ
പരസ്യങ്ങളാണ്‌. പെയ്ഡ്‌ ന്യൂസ്‌ എന്ന വകയിൽപ്പെടുത്താൻ സാധാരണ
പ്രേക്ഷകർക്ക്‌ പറ്റാത്തവിധമാണ്‌ അവതരണം. പോലീസുകാർക്കിടയിൽ ധാരാളം
കള്ളന്മാരുള്ളതിനാൽ കള്ളനെയും പോലീസിനെയും തിരിച്ചറിയാൻ വയ്യാതെ
കുഴങ്ങുന്നു. കേരളത്തിലെ ദൃശ്യമാധ്യമങ്ങൾക്കു മുന്നിൽ കാഴ്ചക്കാർ ഇങ്ങനെ
അന്ധാളിച്ചിരിക്കുമ്പോൾ പൊതുസമൂഹത്തിന്‌ സംഭവിക്കുന്ന തകർച്ചയെന്തെന്ന്‌
നോക്കുക.

കേരളത്തിൽ ആറേഴ്‌ സർവകലാശാലകളുണ്ട്‌. ആൽബർട്ട്‌ ഐൻസ്റ്റയിനെ വൈസ്‌ ചാൻസലർ
ആക്കാൻ ഒരിക്കൽ തീരുമാനിച്ച കേരള സർവകലാശാലയാണ്‌ കൂട്ടത്തിൽ ഏറ്റവും വലിയ
പാരമ്പര്യ മഹിമ അവകാശപ്പെടുന്നത്‌. അവിടുത്തെ നിയമന ക്രമക്കേടിന്‌
മാർക്ക്സിസ്റ്റ്‌ ഭൂരിപക്ഷ സിണ്ടിക്കേറ്റും മുൻ വൈസ്‌ ചാൻസലറും കോടതി
കയറുകയാണ്‌. സാമൂഹിക ചലനങ്ങളെ സസൂക്ഷ്മം ഉൾക്കൊള്ളുന്ന പാഠ്യ
പദ്ധതികൾക്കു കേഴ്‌വികേട്ട കലിക്കട്ട്‌  സർവകലാശാലയുണ്ട്‌. സാക്ഷാൽ
മുണ്ടശ്ശേരി മാസ്റ്റർ തലതൊട്ടപ്പനായി രൂപം കൊണ്ട്‌ ശാസ്ത്ര - സാങ്കേതിക
സർവകലാശാല കൊച്ചിയിലാണ്‌. മഹാത്മാഗാന്ധിയുടെ പേരിൽ കോട്ടയം
സർവകലാശാലയുണ്ട്‌. കൃഷിയുടെ പേരിലും വൈദ്യശാസ്ത്രത്തിന്റെ പേരിലും
സംസ്കൃത ഭാഷയുടെ പേരിലും കേരളത്തിൽ ഓരോ സർവകലാശാല പ്രവർത്തിക്കുന്നു.
ഈ സർവകലാശാലകളിൽ ഒന്നിലെങ്കിലും അണുജീവശാസ്ത്ര ഗവേഷകൻ വേങ്കട്ടരാമൻ
രാമകൃഷ്ണൻ വരുകയോ അധ്യാപകരോടും വിദ്യാർഥികളോടും സംസാരിക്കുകയോ
ചെയ്തിട്ടില്ല. 2009 ൽ നോബൽ സമ്മാനം ലഭിച്ച വിഖ്യാതനായ ഈ ശാസ്ത്രജ്ഞൻ
ദക്ഷിണേന്ത്യയിലെ ചിദംബരം സ്വദേശിയാണ്‌. ബറോഡ സർവകലാശാലയിൽ പഠിച്ച്‌,
അമേരിക്കയിലെ ഒഹായോ യൂണിവേഴ്സിറ്റിയിൽ നിന്ന്‌ ഗവേഷണ ബിരുദം നേടി ഇപ്പോൾ
കേംബ്രിഡ്ജിൽ ന്യൂക്ലിയർ ബയോളജിയിൽ റിസേർച്ച്‌ തുടരുന്നു. വേങ്കട്ടരാമൻ
രാമകൃഷ്ണന്‌ കഴിഞ്ഞവർഷം ഇന്ത്യ പത്മവിഭൂഷൻ ബഹുമതി നൽകി ആദരിച്ചു. ഈയിടെ
അദ്ദേഹത്തിന്‌ ഇംഗ്ലണ്ട്‌ 'സർ' പദവിയും നൽകി.

ഇതിനകം അനേകം തവണ ഇന്ത്യയിൽ വന്നുപോയിട്ടുള്ള വേങ്കട്ടരാമൻ രാമകൃഷ്ണൻ
ശാസ്ത്ര ലോകത്തെപ്പറ്റി പറയുന്നതു കേൾക്കാൻ നമ്മുടെ വിദ്യാർഥികൾക്കും
അധ്യാപകർക്കും മാത്രമല്ല, സാധാരണക്കാരായ നാട്ടുകാർക്കു പോലും
താൽപ്പര്യമുണ്ടാകും. നമ്മുടെ സർവകലാശാലകളുടെ ഭരണം നിയന്ത്രിക്കുന്ന
ആർക്കും ഈ ശാസ്ത്രജ്ഞനെ ക്ഷണിച്ചു വരുത്തി സംസാരിപ്പിക്കാൻ ഇതുവരെ
കഴിഞ്ഞില്ല. മലയാളം ടെലിവിഷൻ ചാനലുകളിലൊന്നിലും അദ്ദേഹവുമായി ഒരു
ഇന്റർവ്യൂ കണ്ടില്ല.

ശാസ്ത്രത്തിലും സാഹിത്യത്തിലും നോബൽ സമ്മാനം ലഭിച്ച ഇന്ത്യക്കാർ വിരലിൽ
എണ്ണാവുന്നത്ര പോലും  ഇല്ല. ഡൽഹിയിലും അണ്ണാമലയിലും വേങ്കട്ടരാമൻ
രാമകൃഷ്ണൻ വിദ്യാർഥികളുമായി ആശയ വിനിമയം നടത്തി. കേരളത്തിലെ സർവകലാശാലകൾ
അദ്ദേഹത്തെ ക്ഷണിച്ച്‌ ആദരിക്കേണ്ടതല്ലേ? പകരം സിനിമാ നടന്മാർക്ക്‌
ബഹുമതി ബിരുദം നൽകാൻ മത്സരിക്കുകയാണ്‌ നമ്മുടെ സർവകലാശാലകൾ. ഇത്‌ നമ്മുടെ
ടെലിവിഷന്റെ ദുസ്വാധീനമല്ലാതെ മറ്റെന്താണ്‌? വാണിജ്യ സിനിമയുടെ
നിലവാരത്തകർച്ചയിലേക്ക്‌ പൊതുസമൂഹത്തെ മാത്രമല്ല, ബുദ്ധിജീവികളുടെ
കേദാരമായ സർവകലാശാലകളെപ്പോലും കൊണ്ടെത്തിച്ച ടെലിവിഷൻ ചാനലുകൾക്കു നന്ദി,
നമസ്ക്കാരം.

Wednesday, 14 December 2011

ഉപ്പുതിന്നാതെ വെള്ളം കുടിച്ചവർ


പി.സുജാതൻ
മുല്ലപ്പെരിയാർ കേരളീയർക്ക്‌ കേവലം ഒരു നദിയല്ല. ശിവഗിരി മലകളിൽ
നിന്നുത്ഭവിക്കുന്ന മുല്ലയാറും പെരിയാറും ചേർന്നൊഴുകുന്ന നദിയെ
മുല്ലപ്പെരിയാർ എന്ന്‌ ആദ്യം വിളിച്ചതു ആരാകും? ആരായാലും അത്‌
കേരളത്തിന്റെ ഉറക്കം കെടുത്തുന്ന ഒരുവാക്കായി മാറുമെന്ന്‌ ആ സഹൃദയൻ
വിചാരിച്ചിട്ടുണ്ടാകില്ല.

പ്രകൃതി കേരളത്തോടുകാട്ടിയ കനിവ്‌ കേരളീയർ തന്നെ കളഞ്ഞുകുളിച്ചതിന്റെ
കഥയാണ്‌ മുല്ലപ്പെരിയാർ ഇന്ന്‌ ഓർമ്മിപ്പിക്കുന്നത്‌. ജലസമൃദ്ധി നാടിന്‌
ഒരു ശാപമായിത്തീർന്നതുപോലെ. ഇറാക്ക്‌ യുദ്ധകാലത്ത്‌ ബാഗ്ദാദിൽ നിന്ന്‌
ഒരു കവി ഇങ്ങനെ എഴുതി?" ദൈവമേ എന്തിനാണ്‌ ഞങ്ങളുടെ മണ്ണിനടിയിൽ ഇത്രയും
എണ്ണ നിക്ഷേപിച്ചതു?".

 അറബ്‌ രാഷ്ട്രങ്ങളിലെ സമ്പത്തിന്റെയും  ഐശ്വര്യങ്ങളുടെയും ഉറവിടമായിത്തീർന്ന എണ്ണ നിക്ഷേപം ഇറാക്കിലെ ജനങ്ങൾക്ക്‌ തീരാശാപമായിമാറിയെന്നാവും ആ കവിയുടെ വിവക്ഷ. അമേരിക്കൻ  സാമ്രാജ്യത്തിന്റെ നിരന്തര ആക്രമണത്തിനുള്ള അടിസ്ഥാന ഹേതു ഇറാക്കിന്റെ
മണ്ണിനടിയിലെ എണ്ണ സമ്പത്താണെന്ന്‌ ആർക്കാണറിയാത്തത്‌. അതുപോലെ
കേരളത്തിന്‌ പ്രകൃതി അനുഗ്രഹമായി ചൊരിഞ്ഞ ജലസമൃദ്ധി ഇപ്പോൾ വലിയ ആശങ്കയും
പേടിസ്വപ്നവും ഉണ്ടാക്കുന്ന ശാപമായി മാറിയിരിക്കുന്നു. മുല്ലപ്പെരിയാർ
എന്ന വാക്ക്‌ കേരളത്തിലെ ഏതു സ്കൂൾകുട്ടിയെയും ഇടുക്കിയിലെ വീട്ടമ്മയെയും
കോട്ടയത്തെ വൃദ്ധപിതാവിനെയും ആലപ്പുഴയിലെ തൊഴിലാളിയേയും കൊച്ചിയിലെ
വ്യാപാരിയേയും അമ്പരപ്പിക്കുന്നു. മലായളിയുടെ മനസ്സിൽ മുല്ലപ്പെരിയാർ
ഭയത്തിന്റെ ചിഹ്നമായി വളർന്നുകഴിഞ്ഞിരിക്കുന്നു, ഇതെന്തുകൊണ്ട്‌?.
പർവത നിരയുടെ പനിനീരുപോലെ കുളിർകോരുന്ന ഒരു ഗാനാനുഭവമായിരുന്നു
മലയാളിക്കു പെരിയാർ. അതിൽ ഒരു മുല്ല വീണാൽ എങ്ങനെ പൊള്ളുന്ന അനുഭവമാകും?
കുളിരും സൗരഭവും ആകേണ്ട മുല്ലപ്പെരിയാർ പേടിസ്വപ്നമായതിന്റെ പിന്നിൽ
ഇന്നാരും ഇഷ്ടപ്പെടാത്ത ഒരു ഹീനചരിത്രമുണ്ട്‌. ഇറാക്കിൽ അമേരിക്കൻപട
ഇരച്ചുകയറിയതുപോലൊരു കഥ.

നൂറ്റി ഇരുപത്തിയഞ്ച്‌ വർഷം മുമ്പ്‌ കേരളം എന്ന സംസ്ഥാന മില്ല. എങ്കിലും
മലയാളി വസിക്കുന്ന ഭൂപ്രദേശമുണ്ട്‌. തിരുവിതാംകൂർ, കൊച്ചി, മലബാർ
എന്നിങ്ങനെ മലയാളികളുടെ മാതൃഭൂമി മൂന്നായി വിഭജിക്കപ്പെട്ടുകിടന്നു. അതിൽ
തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ വടക്കുകിഴക്കേ അതിർത്തിയിലുള്ള ഒരു
നദിയായിരുന്നു പെരിയാർ.  പമ്പ, കല്ലട, അച്ചൻകോവിൽ,  നെയ്യാർ എന്നീ
പ്രസിദ്ധ നദികളേക്കാൾ നീളവും ആഴവും പറപ്പും ഉള്ള മഹാജല പ്രവാഹം.
ആദിശങ്കരൻ ആദ്വൈത ചിന്താ പദ്ധതികൾക്ക്‌ രൂപം കൊടുത്തത്‌ പെരിയാറിന്റെ
തീരത്തുവച്ചാണ്‌. ശ്രീനാരായണ ഗുരു സർവമതസാരവും ഏകം എന്ന്‌ സൗമ്യമായി
ഉരുവിട്ടത്‌ പെരിയാറിന്റെ കരയിൽ നിന്നുകൊണ്ടാണ്‌. ഈ മനോഹരതീരത്ത്‌
വീണ്ടും ജനിച്ചു ജീവിക്കാൻ വയലാർ എന്ന ഗാനകവിയെ കൊതിപ്പിച്ച ചന്ദനശീതള
മണൽപ്പുറം ഇവിടെയാണ്‌. മലയാളിയുടെ സംസ്കാരത്തിന്റെ പരിണാമചിത്രം രചിച്ച
ജലപ്രവാഹം ചെറിയ ആറാകില്ല, പെരിയ ആറു തന്നെ ആകണം. ആ പെരിയാറും മുല്ലയാറും
ചേർന്നൊഴുകുന്ന നദിയും പ്രദേശവും  മലയാളിയുടെ ഉറക്കം കെടുത്തുന്ന
'ജലബോംബ്‌?' ആയിത്തീർന്നിരിക്കുന്നു. ഒന്നേകാൽ നൂറ്റാണ്ടുമുമ്പ്‌ ഉണ്ടായ
ഒരു പാതകത്തിന്റെ പരിണതഫലം.


1886 ഒക്ടോബർ 29ന്‌ തിരുവിതാംകൂർ രാജാവ്‌ വൈശാഖം തിരുനാളും ബ്രിട്ടീഷ്‌
ഭരണകൂടവും മുല്ലപ്പെരിയാർ ജലം അന്നത്തെ  മദ്രാസ്‌ സംസ്ഥാനത്തേക്ക്‌
കൊണ്ടുപോകാൻ ഒരു കരാർ ഉണ്ടാക്കി. 'പെരിയാർ ലീസ്‌ ഏഗ്രിമന്റ്‌' എന്നാണ്‌ ആ
പാട്ടക്കാരാർ വിളിക്കപ്പെട്ടത്‌. മദ്രാസ്‌ ബ്രിട്ടീഷ്‌
ഭരണത്തിലായിരുന്നു. തിരുവിതാംകൂറിനുമേൽ കോളനിവാഴ്ചക്കാലത്ത്‌ മേൽക്കോയ്മ
ഉണ്ടായിരുന്നു. മദ്രാസ്‌ സ്റ്റേറ്റിനുവേണ്ടി സെക്രട്ടറി ജെ.സി.
ഹാനിംഗ്ടണും തിരുവിതാംകൂറിനുവേണ്ടി ദിവാൻ വി.രാമയ്യങ്കാറും കരാറിൽ
ഒപ്പുവെയ്ക്കുമ്പോൾ വിശാഖം തിരുനാൾ നൊമ്പരത്തോടെ ഇങ്ങനെ പറഞ്ഞതായി
രേഖപ്പെടുത്തപ്പെട്ടു. "എന്റെ ഹൃദയ രക്തം കൊണ്ടാണ്‌ ഈ കരാർ
ഉണ്ടാക്കിയിരിക്കുന്നത്‌". ബ്രിട്ടീഷ്‌ കോളനി ഭരണകൂടം നാട്ടുരാജാവിന്റെ
നിസ്സഹായത എങ്ങനെ മുതലെടുത്തുഎന്ന്‌ ഊഹിക്കാവുന്ന വാക്കുകൾ.

ചെറുത്തുനിന്നിരുന്നെങ്കിൽ ആ പാവം രാജാവ്‌ സദ്ദാംഹുസൈന്റെ
മുൻഗാമിയാകുമായിരുന്നു. തിരുവിതാംകൂർ ഒരു ഇറാക്കും. 999 കൊല്ലം
നീണ്ടുനിൽക്കുന്ന പാട്ടക്കരാർ ലോകചരിത്രത്തിൽ അതിനുമുമ്പോ പിമ്പോ വേറെ
ഉണ്ടായിട്ടില്ല. മദ്രാസ്‌ പ്രവിശ്യയിലെ രാമനാഥപുരം, ദിണ്ടിക്കൽ, തേനി,
മധുര, ശിവഗംഗ എന്നീ ജില്ലകളിലെ ജനങ്ങൾക്ക്‌ കുടിവെള്ളവും കൃഷിക്ക്‌
ജലസേചനവും കരാർ വഴി അവിരാമം ലഭിക്കും. അതിനായി മുല്ലപ്പെരിയാറിനുകുറുകെ
പടുകൂറ്റൻ അണക്കെട്ടുനിർമ്മിച്ചു. 1200 അടി നീളവും 155 അടി ഉയരവും ഉള്ള
മുല്ലപ്പെരിയാർ അണക്കെട്ട്‌ 1895-ൽ കമ്മീഷൻ ചെയ്തു. തിരുവിതാംകൂറിന്റെ
അധീനതയിലുള്ള എണ്ണായിരം ഏക്കർ സ്ഥലത്ത്‌ ജലം സംഭരിച്ചു നിറുത്താനും
അണക്കെട്ടിന്റെ ഷട്ടർ തുറന്ന്‌ ആവശ്യാനുസരണം വെള്ളം മദ്രാസിലേക്ക്‌
ഒഴുക്കിക്കൊണ്ടുപോകാനും തുടങ്ങിയിട്ട്‌ 116 വർഷം പിന്നിട്ടു.


അതിനിടെ ലോകത്തിന്റെ രാഷ്ട്രീയ ഭൂപടം മാറി. ഇന്ത്യ വിദേശാധിപത്യത്തിൽ
നിന്നും സ്വതന്ത്രമായി. പരാമാധികാര ജനാധിപത്യ റിപ്പബ്ലിക്‌ എന്ന നിലയിൽ
നമ്മുടെ രാജ്യത്ത്‌ പുതിയ  ഭരണ വ്യവസ്ഥയും നീതിന്യായ സംവിധാനങ്ങളും
വന്നു. ഭാഷാസംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോൾ കേരളവും തമിഴ്‌ നാടും ഉണ്ടായി.
പക്ഷേ മുല്ലപ്പെരിയാർ അണക്കെട്ടുവഴി തമിഴ്‌ നാട്ടിലേക്ക്‌ തടസ്സമില്ലാതെ
വെള്ളം ഒഴുകിക്കൊണ്ടിരുന്നു.

കേരളത്തിൽ 1957-ൽ നിലവിൽ വന്ന ആദ്യ  കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മന്റിനോ അതിനുമുമ്പ്‌ തിരുവിതാംകൂറിലും  തിരുക്കൊച്ചിയിലും മാറിമാറിവന്ന ജനാധിപത്യ ഭരണകൂടങ്ങൾക്കോ മുല്ലപ്പെരിയാർ പാട്ടക്കരാർ തിരുപാധികം റദ്ദാക്കാമായിരുന്നു. ആദ്യത്തെ ഇ.എം.എസ്‌.
മന്ത്രിസഭയിൽ നിയമം-ജലസേചന വകുപ്പുകളുടെ ചുമത വഹിച്ചിരുന്നത്‌ വി.ആർ.
കൃഷ്ണയ്യർ ആയിരുന്നു.

തമിഴ്‌നാടിന്‌ കുടിവെള്ളം കൊടുക്കുന്നതിലോ കൃഷിക്കു ജലം നൽകുന്നതിലോ പഴയ മദ്രാസ്‌  സ്റ്റേറ്റിൽപ്പെട്ട തലശ്ശേരി സ്വദേശിയായ കൃഷ്ണയ്യർ അപാകതയൊന്നും കണ്ടില്ല. ആയിരത്തോളം വർഷം നീളുന്ന അയുക്തികമായ കരാർ കാലാവധി പുനപരിശോധിക്കണമെന്ന്‌ പോലും ഒരു ജനാധിപത്യസർക്കാരിനും തോന്നിയില്ല. 1970-ൽ എം.ജി.രാമചന്ദ്രന്റെ ആഗ്രഹപ്രകാരം കേരളത്തിലെ സി.അച്യുതമേനോൻ സർക്കാർ പെരിയാർ ലീസ്‌ ഏഗ്രിമന്റിലെ വ്യവസ്ഥകൾക്കൊന്നും യാതൊരു കോട്ടവും തട്ടാതെ കരാറിനു പുതുജീവൻ നൽകി. 2000-മാണ്ടിൽ നായനാർ സർക്കാർ മുല്ലപ്പെരിയാറിൽ വൈദ്യുത പദ്ധതികൾ തുടങ്ങാൻ തമിഴ്‌നാടിനെ
അനുവദിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ട്‌ സുർക്കിയും കുമ്മായവും ചേർത്ത്‌ ബ്രിട്ടീഷ്‌
സാങ്കേതിക വിദഗ്ദ്ധർ നിർമ്മിച്ചതാണ്‌. സിമന്റിലും കമ്പിയിലും തീർക്കുന്ന
കോൺക്രീറ്റ്‌ അണക്കെട്ടിന്‌ 50 വർഷത്തെ നിലനിൽപ്പും ആയുസുമാണ്‌
കൽപ്പിച്ചിട്ടുള്ളത്‌.


മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളൽ വീഴുകയും ഇടയ്ക്കിടെ ചോർച്ച
കാണപ്പെടുകയും ചെയ്തപ്പോഴാണ്‌ കേരളത്തിന്റെ  ശ്രദ്ധ അങ്ങോട്ടു
തിരിഞ്ഞത്‌. 18വൻകിട ജലവൈദ്യുതപദ്ധതികളും അവയുടെ കൂറ്റൻ അണക്കെട്ടുകളും
നിറഞ്ഞ നാടാണ്‌ ഇടുക്കി ജില്ല. അവിടെ കൂടെക്കൂടെ അണക്കെട്ടുമൂലം
ഉണ്ടാകുന്ന ഭൊ‍ാചലനങ്ങൾ പതിവാണ്‌. ആ സാഹാചര്യത്തിൽ 116 വർഷം പിന്നിട്ട
മുല്ലപ്പെരിയാർ അണക്കെട്ട്‌ ഒരു വൻ ഭൂകമ്പത്തിൽ തകർന്നാൽ
എന്തുസംഭവിക്കുമെന്ന്‌ പലതരം വിദഗ്ദ്ധ പഠനങ്ങൾ ഇതിനകം നടന്നിട്ടുണ്ട്‌.
വൻവിപത്തിന്‌ ഇടവരുമെന്നാണ്‌ എല്ലാ പഠനറിപ്പോർട്ടുകളും പറയുന്നത്‌.,
ഇടുക്കി, കോട്ടയം എറണാകുളം, ആലപ്പുഴ ജില്ലകളിലെ ഒരു കോടിയോളം മനുഷ്യരെ
കഷ്ടത്തിലാക്കാം, 35,000 മുതൽ 60,000 വരെ ആളുകൾ അണക്കെട്ടുകൾ
തകർന്നൊഴുകിയെത്തുന്ന പ്രളയജലത്തിൽ മുങ്ങിമരിക്കാം. ചാലക്കുടിക്കും
കായംകുളത്തിനും ഇടയിലുള്ള ഭൂപ്രദേശം എന്നേയ്ക്കുമായി തകർന്നുപോയെന്നും
വരാം, അങ്ങനെ ഇന്നത്തെ കേരളം പഴയ മലബാറും തിരുവിതാംകൂറും മാത്രം
ശേഷിക്കുന്ന രണ്ട്‌ ഭൂപ്രദേശങ്ങളായി വേർപെടുത്തപ്പെടും.


ഇതെല്ലാം അനാവശ്യമായ ഭയം മാത്രമാണെന്ന്‌ കരുതി തള്ളിക്കളയാൻ കഴിയില്ല.
ശക്തമായ മഴയുണ്ടായപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്‌ 136 അടി
കവിഞ്ഞു. നവംബർ അവസാനവാരം ഒരേ ദിവസം ആറുതവണ ഇടുക്കിയിൽ ജനങ്ങളെ
പരിഭ്രാന്തരാക്കിയ ഭൊ‍ാചലനം ഉണ്ടായി. അതിൽ ഒന്നിന്റെയെങ്കിലും തീവ്രത
വർദ്ധിച്ചാൽ മേൽപ്പറഞ്ഞ തരത്തിലുള്ള അത്യാഹിതങ്ങളിലേക്ക്‌ മദ്ധ്യകേരളം
പതിക്കും. ഇതാണ്‌ മുല്ലപ്പെരിയാർ ഉയർത്തുന്ന ആശങ്ക. കേരളീയരുടെ ഈ ആശങ്ക
പങ്കുവെയ്ക്കാനോ, പ്രശ്നത്തെ മാനുഷികമായി കാണാനോ അയൽസംസ്ഥാനമായ
തമിഴ്‌നാട്ടിലെ ഭരണാധികാരി ജയലളിത ഒരുക്കമല്ല. മുല്ലപ്പെരിയാർ
തർക്കപ്രശ്നം സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ കേരളത്തിന്റെ
ഭയത്തിനും കേരള നേതാക്കളുടെ വാദഗതികൾക്കും യാതൊരു അർത്ഥവും തമിഴ്‌നാട്‌
കൽപ്പിക്കുന്നില്ല. പ്രധാനമന്ത്രി വിളിച്ചിട്ട്‌ ഫോൺ എടുക്കാൻ പോലും
കൂട്ടാക്കാതെ മുഖ്യമന്ത്രി ജയലളിത ചെന്നൈ നഗരം വിട്ട്‌ ഊട്ടിയിലേക്ക്‌
പോയി.

ഭരണ ഘടനയുടെ 363-​‍ാം വകുപ്പു പ്രകാരം കോളനി വാഴ്ചക്കാലത്തെ ചട്ടങ്ങളും
വ്യവസ്ഥകളും കരാറുകളും സ്വതന്ത്ര ഇന്ത്യയിലെ കോടതിതൾ പരിശോധിക്കുന്നതിന്‌
വിലക്ക്‌ ഏർപ്പെടുത്തിയിട്ടുണ്ട്‌. അക്കാര്യം കൊണ്ടുതന്നെ 999 വർഷത്തെ
പെരിയാർ ലീസ്‌ ഏഗ്രിമന്റ്‌ രാജ്യത്തെ ഒരു കോടതിയിലും
പരിശോധിക്കപ്പെടേണ്ടതല്ല. പക്ഷേ 1970-ൽ കേരള സർക്കാർ പഴയകരാറിന്‌ നൽകിയ
പുതു ജീവനാണ്‌ തമിഴ്‌ നാടിന്റെ പിടിവള്ളി. ജലനിരപ്പ്‌ താഴ്ത്തി വെള്ളം
തമിഴ്‌നാടിന്‌ തടസ്സമില്ലാതെ നൽകാമെന്ന്‌ കേരളം ഉറപ്പു പറയുന്നു. ഡാം
പൊളിച്ചു പണിഞ്ഞ്‌ സുരക്ഷിതമാക്കണം. അത്‌ കേൾക്കാതെ കോടതി വിധി
മാനിക്കാനാണ്‌ തമിഴ്‌നാട്‌ നിർദ്ദേശിക്കുന്നത്‌. മുല്ലപ്പെരിയാർ പദ്ധതി
പ്രദേശം  കേരളത്തിൽ ഉൾപ്പെട്ടതാണെങ്കിലും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരുടെ
അധീനതയിലാണ്‌.

തമിഴ്‌ നാട്ടിലെ വാർഷിക ബജറ്റിൽ പോയ വർഷം മുന്നൂറുകോടി രൂപ
മുല്ലപ്പെരിയാർ പദ്ധതി സംരക്ഷണത്തിന്‌ നീക്കിവെച്ചു. വർഷം തോറും
ഇത്രത്തോളം തുക ചെലവഴിച്ച്‌ തമിഴ്‌ നാട്‌ മുല്ലപ്പെരിയാറിൽ നിന്നും
രഹസ്യമായും പരസ്യമായും ഒഴുക്കിക്കൊണ്ടുപോകുന്ന വെള്ളം ഉപയോഗിച്ച്‌ 1200
കോടി രൂപ ആദായമുണ്ടാക്കുന്നു.

കേരളം 44 നദികളിലൂടെ ഒഴുകിവരുന്നജലത്തിന്റെ വിലമറന്ന്‌ തെക്കുവടക്ക്‌ കക്ഷിരാഷ്ട്രീയം കളിച്ചു നടക്കുന്നു. തണ്ണീർ, തണ്ണീർ എന്ന സിനിമയെടുത്ത തമിഴർക്ക്‌ വെള്ളത്തിന്റെ
മൂല്യമറിയാം. മലയാളിയുടെ സിനിമാ സങ്കൽപം പോലും പ്രഭുത്വസംസ്കാരത്തിന്റെ
ജീർണ്ണിച്ചുദ്രവിച്ച തിണ്ണനിരങ്ങുകയാണ്‌. തേനി, കമ്പം പ്രദേശത്ത്‌
കൃഷിഭൂമി വാങ്ങിക്കൂട്ടിയ ആറാം തമ്പ്രാക്കന്മാരുടെ നാടാണ്‌ കേരളം.
അവർക്ക്‌ സൗജന്യ വൈദ്യുതിയും വെള്ളവും ജയലളിതയുടെ കൈക്കൂലിയായി
ലഭിക്കുന്നുണ്ട്‌. കേരളത്തിലെ ലക്ഷോപലക്ഷം പാവങ്ങൾ മുങ്ങിച്ചത്താൽ
അവർക്കെന്ത്‌?

Tuesday, 15 November 2011

ജനസേവന ബിസിനസ്സ്‌ എത്ര ആദായകരം


പി. സുജാതന്‍


കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഈയിടെ ദാരിദ്യ്രരേഖ മാറ്റിവരച്ച്‌ ഇന്ത്യയുടെ സമ്പല്‍സംഋദ്ധിക്ക്‌ പുതിയ മാനമുണ്ടാക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസം കമ്മീഷന്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഒരു ഗ്രാമീണന്‍ ദിവസം 15 രൂപയും നഗരവാസി 20 രൂപയും ചെലവഴിക്കാന്‍ ശേഷി നേടിയാല്‍ ദാരിദ്യ്രരേഖ കടന്നു എന്നാണ്‌ പറഞ്ഞിട്ടുള്ളത്‌. പിന്നീടത്‌ യഥാക്രമം 26 രൂപ, 36 രൂപ എന്നിങ്ങനെ കമ്മീഷന്‍ പുതുക്കി തീരുമാനിച്ചു. ഡോക്ടര്‍ അര്‍ജുന്‍ സെന്‍ ഗുപ്ത അദ്ധ്യക്ഷത വഹിക്കുന്ന മറ്റൊരു കമ്മീഷന്‍ ൮൩ കോടി ജനങ്ങള്‍ ഇത്രയും തുക പോലും ഒരു ദിവസം ചെലവാക്കാന്‍ ഇല്ലാത്തവരായി ഇന്ത്യയിലുണ്ടെന്ന്‌ കണ്ടെത്തുന്നു. ദാരിദ്യ്രരേഖ വരച്ചും മായിച്ചും ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേഗ്‌ സിംഗ്‌ അലുവാലിയയും കൂട്ടരും നമ്മുടെ രാജ്യത്ത്‌ നടത്തുന്ന ആസൂത്രണ പരിപാടിക്ക്‌ ഒരു മറുവശമുണ്ട്‌. സമ്പന്നര്‍ നാള്‍ക്കുനാള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. രണ്ട്‌ ദശാബ്ദക്കാലത്തെ സാമ്പത്തിക വളര്‍ച്ച ആര്‍ക്കും വിസ്മരിക്കാനാവില്ല. സമതുലിതവും സ്ഥായിയുമല്ല ഈ വളര്‍ച്ച എന്നുമാത്രം.
 അസോസിയേഷന്‍ ഓഫ്‌ ഡെമോക്രാറ്റിക്‌ റീഫോംസും നാഷണല്‍ ഇലക്ഷന്‍ വാച്ചും ചേര്‍ന്ന്‌ ഈയിടെ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കിലെ കൌതുകക്കാഴ്ചകള്‍ ഏത്‌ ഇന്ത്യന്‍ പൌരനെയും വിസ്മയിപ്പിക്കും. നിസ്വാര്‍ത്ഥമായ ജനസേവനത്തിനിറങ്ങി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന്‌ അധികാര പദവികളിലെത്തിയവരുടെ ആസ്തി വെളിപ്പെടുത്തപ്പെട്ടു. കേന്ദ്രമന്ത്രിമാരില്‍ ചിലര്‍ സ്വയം പ്രഖ്യാപിച്ച സ്വത്തുവിവരപ്രകാരം അവരുടെ പ്രതിദിന വരുമാനം പോലും പലലക്ഷങ്ങള്‍ വരുന്നു. അത്തരത്തില്‍ കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും സമ്പന്നനായ അംഗം പ്രഭുല്‍ പട്ടേല്‍ ആണ്‌. 2009ല്‍ പൊതുതെരഞ്ഞെടുപ്പുവേളയില്‍ അദ്ദേഹം തണ്റ്റെ പക്കല്‍ 75 കോടി രൂപയുടെ വസ്തുവകകള്‍ ഉണ്ടെന്ന്‌ ഇലക്ഷന്‍ കമ്മീഷന്‍ മുമ്പാകെ പ്രഖ്യാപിച്ചു. 
ഇലക്ഷനില്‍ ജയിച്ച പ്രഭുല്‍ പട്ടേല്‍ വ്യോമയാന വകുപ്പുമന്ത്രിയായി. കഴിഞ്ഞ മേയ്‌ മാസം വരെയുള്ള കണക്ക്‌ പ്രകാരം പ്രഭുല്‍ പട്ടേല്‍ 122 കോടി രൂപയുടെ ആദായനികുതി അടച്ച ഇന്ത്യന്‍ പൌരനാണ്‌. അതായത്‌ 28മാസം കൊണ്ട്‌ അദ്ദേഹത്തിന്റെ സ്വത്തില്‍ 46കോടി രൂപയുടെ വര്‍ദ്ധനവുണ്ടായി എന്ന്‌ സാരം. പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ നഷ്ടത്തില്‍ നിന്ന്‌ നഷ്ടത്തിലേക്ക്‌ പറക്കുമ്പോള്‍ വ്യോമയാനമന്ത്രി പ്രതിദിനം അഞ്ചുലക്ഷം രൂപ വീതം വരുമാനം ഉണ്ടാക്കിക്കൊണ്ടിരുന്നു. വ്യവസായ സ്ഥാപനം കടം കേറി നശിക്കുമ്പോള്‍ മുതലാളി സമ്പന്നനായിക്കൊണ്ടിരുന്നു. വ്യോമയാന വകുപ്പിലെ ഭരണമികവ്‌ പരിഗണിച്ച്‌ ക്യാബിനറ്റ്‌ പദവിയിലേക്ക്‌ പ്രഭുല്‍ പട്ടേല്‍ ഉയര്‍ത്തപ്പെട്ടു. വന്‍കിട വ്യവസായ വകുപ്പ്‌ മന്ത്രിയാണല്ലോ ഇപ്പോള്‍ അദ്ദേഹം. കേന്ദ്ര മന്ത്രിസഭയിലെ ഏറ്റവും സമ്പന്നന്‍ പ്രഭുല്‍ പട്ടേല്‍ ആണെങ്കില്‍ ചുരുങ്ങിയ കാലംകൊണ്ട്‌ കൂടുതല്‍ ആദായമുണ്ടാക്കി മുമ്പന്തിയിലെത്തിയത്‌ ഡി.എം.കെ അംഗമായ ഡോ. എസ്‌. ജഗത്രാക്ഷകന്‍ എന്ന സഹമന്ത്രിയാണ്‌.
പട്ടേല്‍ സാമ്പത്തിക വളര്‍ച്ചയില്‍ 53 ശതമാനം ഉയര്‍ച്ചയുണ്ടാക്കിയപ്പോള്‍ വാര്‍ത്താ വിനിമയ വകുപ്പിണ്റ്റെ സഹമന്ത്രിയായ ജഗത്രാക്ഷകന്‍ 1092 ശതമാനം ഉയര്‍ച്ച കൈവരിച്ചുകൊണ്ട്‌ തണ്റ്റെ സ്വത്ത്‌ 70 കോടി രൂപയാക്കി. 2009ല്‍ ഇദ്ദേഹത്തിദിവസം  ആസ്തി 5.9 കോടി രൂപയായിരുന്നു. വ്യോമയാന വകുപ്പ്‌ ഭരിക്കുന്നതിനേക്കാള്‍ ആദായകരമാണ്‌ വാര്‍ത്താവിനിമയ വകുപ്പിലെ സഹമന്ത്രി ഭരണമെന്ന്‌ പുഷ്പംപോലെ ജഗത്രാക്ഷകന്‍ തെളിയിച്ചു. പട്ടേല്‍ നാല്‌ കോടി രൂപ ഉണ്ടാക്കിയ കാലയളവില്‍ ജഗത്രാക്ഷകന്‍ 54 കോടിയിലധികം സമ്പാദിച്ചുകൊണ്ട്‌ രാജ്യത്തെ 'സേവിച്ചു'.
ചെറുപ്പക്കാരായ മന്ത്രിമാര്‍ ഊര്‍ജ്ജസ്വലരും ആദര്‍ശ നിഷ്ഠയുള്ളവരും ആയിരിക്കുമല്ലോ. ഐ.ടി വകുപ്പുമന്ത്രി മിലിന്‍ഡ്‌ ദോറെ 2009ല്‍ നിന്ന്‌ 2011൧ല്‍ എത്തുമ്പോള്‍ തണ്റ്റെ സ്വകാര്യ സമ്പാദ്യം 17 കോടി രൂപയില്‍ നിന്ന്‌ 33 കോടി രൂപയായി ഇരട്ടിപ്പിച്ചു. 2004ല്‍ ഈ കൊച്ചുമിടുക്കന്‍ വെറും 8.8 കോടി രൂപയാണ്‌ സ്വത്തായി പ്രഖ്യാപിച്ചിരുന്നത്‌. ദിവസം ഒരുലക്ഷം രൂപ ക്രമത്തില്‍ അദ്ദേഹത്തിണ്റ്റെ വരുമാനം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയവും മന്ത്രിപ്പണിയും പാഴ്‌വേലയാണെന്ന്‌ ആരുപറയും? താരതമ്യേന വളരെ ഉയര്‍ന്ന സ്വകാര്യ സ്വത്തുള്ള ശരത്‌ പവാറിനെപ്പോലും മിലിന്‍ഡ്‌ ദോറെ കടത്തിവെട്ടി. മറ്റൊരു മഹാരാഷ്ട്രക്കാരന്‍ വിലാസ്‌ റാവു ദേശ്മുഖ്‌ 28 മാസ കാലയളവില്‍ ഒന്നേമുക്കാല്‍ കോടി രൂപയേ ദേശസേവനത്തിലൂടെ മുതല്‍കൂട്ടിയുള്ളൂ. 
കേന്ദ്രമന്ത്രിമാരില്‍ പകുതിയിലേറെപ്പേര്‍ കോടിയിലേറെ സ്വത്തുണ്ടാക്കിയവരാണ്‌. ഏറ്റവും കുറഞ്ഞ സമ്പാദ്യം ഒരു കോടിയിലേറെ സൈനികശക്തിയുള്ള പ്രതിരോധവകുപ്പ്‌ ഭരിക്കുന്ന എ.കെ ആണ്റ്റണിയുടേതാണ്‌. വെറും രണ്ടുലക്ഷം രൂപ. കുട്ടികളില്‍ സമ്പാദ്യശീലം പോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന രക്ഷാകര്‍ത്താക്കള്‍ ഒരിക്കലും ആണ്റ്റണിയെ അവര്‍ മാതൃകയാക്കാന്‍ പ്രേരിപ്പിക്കരുത്‌. കേന്ദ്രമന്ത്രിമാര്‍ മാത്രമല്ല, സംസ്ഥാനം ഭരിക്കുന്നവരും ഭരിക്കാന്‍ നിശ്ചിതവകുപ്പ്‌ കിട്ടാത്ത എം.പിമാരും എം.എല്‍.എമാരും ജനസേവനത്തിലൂടെ സമ്പന്ന സോപാനങ്ങള്‍ കയറി. കൂടാതെ ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍, അവരുടെ ആശ്രിതര്‍, ബന്ധുക്കള്‍ തുടങ്ങിയവരും കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ ജീവിതനിലവാരം മെച്ചപ്പെടുത്തി രാജ്യപുരോഗതിയില്‍ ഭാഗഭാക്കായി. 
ആന്ധ്രയിലെ വൈ.എസ്‌ ജഗന്‍ മോഹന്‍ റെഡ്ഢി 30വയസ്സ്‌ കഷ്ടിച്ച്‌ എത്തിയ ഒരു യുവനേതാവാണ്‌. കടപ്പ മണ്ഡലത്തില്‍ നിന്നുള്ള എം.പി കഴിഞ്ഞ 28 മാസംകൊണ്ട്‌ തണ്റ്റെ സ്വത്ത്‌ 72 കോടി രൂപയില്‍ നിന്ന്‌ 425 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. ദിവസം ശരാശരി 50 ലക്ഷം രൂപയാണ്‌ അദ്ദേഹത്തിണ്റ്റെ വരുമാനമെന്ന്‌ അനുമാനിക്കാം. കോണ്‍ഗ്രസ്‌ നേതൃത്വവുമായി കലഹിച്ച്‌ പിരിഞ്ഞ്‌ ആന്ധ്രയില്‍ മാര്‍ച്ച്‌ നടത്തിയതാണ്‌ ഈ കാലയളവിലെ അദ്ദേഹത്തിണ്റ്റെ മുഖ്യസേവനം. 
ഇവിടെ എടുത്തെഴുതിയ വരുമാനക്കണക്കുകള്‍ ബഹുമാന്യരായ നമ്മുടെ നേതാക്കള്‍ സ്വയം വെളിപ്പെടുത്തിയവയാണ്‌. അവര്‍ നിയമപ്രകാരം ആദായനികുതി അടച്ച തുക. തീര്‍ച്ചയായും സ്വന്തം സ്വത്തുവിവരങ്ങളില്‍ അവര്‍ വെള്ളം ചേര്‍ത്ത്‌ കാണില്ലെന്ന്‌ വിശ്വസിക്കാം. എന്നാല്‍ പത്തും പന്ത്രണ്ടും വീടുകള്‍ വിവിധ നഗരങ്ങളില്‍ പല പേരുകളിലുള്ളവര്‍ ആദായക്കണക്കില്‍ അവയെല്ലാം ഉള്‍പ്പെടുത്തിയാല്‍ എന്തായിരിക്കാം യഥാര്‍ത്ഥ ചിത്രം?
ദിവസം   50 ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെ ശരാശരി വരുമാനമുള്ള നേതാക്കള്‍ നമുക്കുണ്ട്‌. ക്രിക്കറ്റ്‌ കളിക്കാരനും സിനിമതാരത്തിനും രാഷ്ട്രീയതാരങ്ങള്‍ക്കും ഉള്ളതാണ്‌ ഇന്ത്യാ മഹാരാജ്യം. പ്രശസ്തിയും പണവും അവരെ തേടിവരുന്നു. സിനിമയിലും ക്രിക്കറ്റിലും തിളങ്ങാന്‍ നൈസര്‍ഗ്ഗികമായ വാസനയുണ്ടാകണം. നീണ്ടകാല പരിശീലനം വേണം. രാഷ്ട്രീയതാരത്തിണ്റ്റെ നിക്ഷേപമെന്ത്‌? നേതൃപാടവം? അതായത്‌ ചര്‍മ്മബലം, തൊലിക്കട്ടി? വളരുന്ന ഇന്ത്യയ്ക്ക്‌ നമോവാകം. !

Friday, 14 October 2011

അദ്ധ്വാനിക്കുന്നവരും മോഡികൂട്ടുന്നവരും


പി. സുജാതൻ



ചരിത്രത്തിലൂടെ തേരോടിച്ചുപോയ നാടുവാഴികളുടെ വിജയകഥ ഇന്ത്യൻ പ്രധാനമന്ത്രിപദം സ്വപ്നം കാണുന്ന അദ്വാനിയെ ആവേശഭരിതനാക്കുന്നുണ്ടാകണം. അലക്സാണ്ടറുടെ ദിഗ്‌വിജയങ്ങൾ, മഹാത്മജിയുടെ ദണ്ഡിയാത്ര, ഹൈദരാലിയുടെയും മകൻ ടിപ്പുവിന്റെയും പടയോട്ടങ്ങൾ, എൻ.ടി.രാമറാവുവിന്റെ ചൈതന്യരഥയാത്രകൾ എന്നിവയെല്ലാം വെറുതെയിരിക്കുമ്പോൾ അദ്വാനി ആലോചിച്ചു രസിക്കുന്ന ചരിത്രസംഭവങ്ങളാണ്‌. മോട്ടോർ വാഹനങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്
ത കാലത്ത്‌ പ്രമാണിമാർ കുതിരവലിക്കുന്ന തേരിൽ സഞ്ചരിച്ചു. മോട്ടോർ വാഹനത്തിൽ അദ്വാനി നടത്തുന്ന രാഷ്ട്രീയ യാത്രകളെ ചരിത്രസ്മൃതികളോടെ രഥയാത്ര എന്ന്‌ വിളിക്കാനാണ്‌ അദ്ദേഹത്തിന്‌ ഇഷ്ടം. പടയോട്ടമോ രഥയാത്രയോ പദയാത്രയോ കൊണ്ട്‌ എൽ.കെ.അദ്വാനിക്ക്‌ തന്റെ ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കാൻ കഴിയുമോ? ബി.ജെ.പിക്ക്‌ 2014ൽ തിരഞ്ഞെടുപ്പുജയിക്കാനായാലും അദ്വാനി പ്രധാനമന്ത്രിയാകുമോ?


ഒക്ടോബർ പതിനൊന്നാം തീയതി അദ്വാനി ആരംഭിക്കാനിരിക്കുന്ന രഥയാത്രയെ ബി.ജെ.പി.യിലെ അദ്ദേഹത്തിന്റെ ശിഷ്യന്മാർ തന്നെ തകിടം മറിക്കുവാൻ ഒരുങ്ങുകയാണ്‌. ഗുജറാത്തിൽ മുഖ്യമന്ത്രി നരേന്ദ്ര ദാമോദർ ദാസ്‌ മോഡി നടത്തിയ ഉപവാസ സമരം വെറും നിഴൽ യുദ്ധമല്ല. അറുപതാം പിറന്നാൾ പ്രമാണിച്ച്‌ മോഡി തന്റെ നാട്ടിൽ സ്വന്തം ഭരണകൂടത്തിനും പ്രവൃത്തിക്കുമെതിരെ ആളുകളെ പറ്റിക്കാൻ മൂന്നുദിവസം പട്ടിണി സമരം നടത്തുന്നതെന്തിന്‌? ബി.ജെ.പി.യുടെ ദേശീയ നേതൃനിരയിലേക്ക്‌ ചുവടുയർത്തുകയാണ്‌ നരേന്ദ്രമോഡി. ഗുജറാത്തിലെ പത്തുവർഷത്തെ ഭരണം 'ലോകമാതൃക'യാണെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ മുഖ്യമന്ത്രി മോഡി ആരംഭിച്ചതും ഒരു രാഷ്ട്രീയയാത്രയാണ്‌.


അഹമ്മദാബാദിൽ നിന്ന്‌ ന്യൂഡെൽഹിയിലേക്കുള്ള അദൃശ്യമായ ആ യാത്ര അദ്വാനിക്കുള്ള വെല്ലുവിളിയാണ.​‍്‌ ബി.ജെ.പി.യിലെ അധികാരകാംക്ഷികളെയെല്ലാം അവിചാരിത സന്ദർഭത്തിലെ ഉപവാസയജ്ഞത്തിലൂടെ മോഡി അസ്വസ്ഥരാക്കിയിരിക്കുന്നു. ബി.ജെ.പി.യുടെ ആശയ അടിത്തറ പണിയുന്ന ആർ.എസ്‌.എസ്സിന്റെ പൈന്തുണയോടെ മോഡി ആരംഭിച്ച രാഷ്ട്രീയ കരുനീക്കങ്ങൾ ശ്രദ്ധേയമാകുന്നത്‌ പല കാരണങ്ങൾകൊണ്ടാണ്‌.


രണ്ടായിരത്തി നാലുമുതൽ ദേശീയ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ബി.ജെ.പി. പരാജയപ്പെടുന്നു. എൽ.കെ. അദ്വാനിക്ക്‌ അടൽ ബിഹാരി വാജ്പേയിയെപ്പോലെ ഒരു സെക്യുലർ ഛായ നിലനിറുത്താൻ കഴിയുന്നില്ല. രണ്ടാംനിരനേതാക്കൾ തമ്മിൽ കലഹിച്ച്‌ മുഖം തിരിച്ച്‌ നിൽക്കുന്നു. അദ്വാനിയെ മാറ്റിയാൽ ആശ്വാസമായി എന്ന്‌ വിശ്വസിക്കുന്ന നാലഞ്ചുനേതാക്കളുണ്ട്‌. അവരുടെയെല്ലാം ലക്ഷ്യം ഒന്നായതിനാൽ ആരും തമ്മിൽ ചേരില്ല. ലോക്‌ സഭയിലെ പ്രതിപക്ഷനേതാവ്‌ സുഷമ സ്വരാജിന്‌ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌ അരുൺ ജെയ്റ്റിലിയെ കണ്ടുകൂട. ബി.ജെ.പി. മുൻ പ്രസിഡന്റ്‌ രാജ്‌ നാഥ്‌ സിംഗിന്‌ തന്റെ പിൻഗാമി വേങ്കയ്യ നായ്ഡുവിനെ ഇഷ്ടമല്ല. അനന്തകുമാറിന്‌ ദക്ഷിണേന്ത്യയിലെ അനിക്ഷേധ്യ നേതാവാകണം. അതിനാൽ യുഡിയൂരപ്പയെ അടിച്ചു താഴെയിടാൻ നിതിൻ ഗഡ്ക്കരിയെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ബി.ജെ.പി.യുടെ തുടർ തോൽവികൾക്ക്‌ മുഖ്യകാരണക്കാരൻ നരേന്ദ്രമോഡിയാണെന്ന്‌ കുറ്റപ്പെടുത്തുന്ന രാജ്‌ നാഥ്‌ സിംഗ്‌ യാത്രകളിൽ അദ്വാനിയുടെ 'ലക്ഷ്മണൻ' എന്നാണ്‌ കരുതപ്പെടുന്നത്‌.


ബി.ജെ.പി. നേതൃത്വത്തിലെ ചേരിതിരിവുകളെ ഗുജറാത്തിലെ ഭരണമികവുകാട്ടി വിസ്മയിപ്പിക്കുന്ന നരേന്ദ്രമോഡിക്ക്‌ 2002 ലെ വർഗ്ഗീയ കലാപം മൂലം വന്നുപെട്ട കറുത്തപാടുകൾ മാറ്റിയെടുത്താലേ ദേശീയ തലത്തിൽ ശോഭിക്കാൻ കഴിയൂ. സെപ്തംബർ 17 മുതൽ മൂന്നുദിവസം നിരാഹാരം സമരം നടത്തി രാജ്യത്തെ ജനങ്ങൾ തനിക്കെതിരെ പുലർത്തുന്ന ധാരണകൾ തിരുത്താൻ ശ്രമിച്ചു. ഗുൽബർഗ്ഗ വർഗ്ഗീയത കലാപത്തെക്കുറിച്ചുള്ള സുപ്രിംകോടതി നിരീക്ഷണം തനിക്ക്‌ അനുകൂലമാണെന്ന്‌ വ്യാഖ്യാനിച്ചായിരുന്നു മോഡിയുടെ പുറപ്പാട്‌. അഹമ്മദാബാദിലെ വിചാരണക്കോടതി മോഡിക്കെതിരായ ആരോപണങ്ങളിൽ തീർപ്പുകൽപ്പിക്കട്ടെ എന്നുമാത്രമേ സുപ്രിംകോടതി പറഞ്ഞിട്ടുള്ളു. ഗുൽബർഗ്ഗ കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ്‌ എം.പി. ഇസാൻകുഫ്രിയുടെ വിധവ സഖിയെ കുഫ്രി മോഡിക്കെതിരെ നൽകിയ ഹർജി കോടതിയിലുണ്ട്‌. നരേന്ദ്രമോഡി സംഭവത്തിൽ നിരപരാധിയാണെന്ന അന്വേഷണ റിപ്പോർട്ട്‌ പുന:പരിശോധിക്കാൻ അഭിഭാഷകനെ നിയോഗിച്ച സുപ്രിംകോടതി മുഖ്യമന്ത്രി മോഡിയെ കുറ്റവിമുക്തനാക്കിയിട്ടൊന്നുമില്ല. ഗുജറാത്തിലെ ഭരണപ്രവർത്തനങ്ങളെപ്പറ്റി മലയാള പത്രങ്ങളിലടക്കം ദേശവ്യാപകമായി പരസ്യ പ്രചാരണം നടത്തി സ്വന്തം പ്രതിച്ഛായ മിനുക്കൽ യജ്ഞത്തിലാണ്‌ മോഡി. അദ്വാനിയുടെ അടുത്ത രഥയാത്രയ്ക്ക്‌ മുന്നേയുള്ള ഒരേറ്‌.


അദ്വാനി അഴിമതിക്കെതിരെ രഥയാത്ര നടത്താനൊരുങ്ങുന്ന  കാര്യം പ്രഖ്യാപിച്ചപ്പോൾ ഒരു മാധ്യമ പ്രതിനിധി അദ്ദേഹത്തോടു ചോദിച്ചു; യാത്രബല്ലാരി വഴിയും പോകുമോ എന്നു അനധികൃത ഖാനനത്തിന്‌ കർണ്ണാടകത്തിലെ ബല്ലാരി സഹോദരന്മാർക്ക്‌ അനുവാദം നൽകിയ ബി.ജെ.പി. സർക്കാർ അഴിമതി ആരോപണത്തിൽ തകർന്നു വീണ സംഭവം അരും മറന്നിട്ടില്ല. ഉത്തരഖണ്ഡിലെ ബി.ജെ.പി. മുഖ്യമന്ത്രിക്കും അഴിമതി ആരോപണ വിധേയനായി ഒഴിയേണ്ടിവന്ന ദിവസമായിരുന്നു അദ്വാനിയുടെ രഥയാത്ര പരിപാടികളുടെ പ്രഖ്യാപനം. അഴിമതി വിരുദ്ധസമരം ഇരുതലവാളാണെന്ന്‌ അദ്വാനിക്ക്‌ അനുഭവപ്പെട്ടിരിക്കാം.


അണ്ണാഹസാരെ സമരം നടത്തി കേന്ദ്രസർക്കാരിനെ അഴിമതി വിരുദ്ധ ലോക്പാൽ ബിൽ കൊണ്ടുവരാൻ പ്രേരിപ്പിച്ച സംഭവം രാജ്യവ്യാപകമായി ജനപിന്തുണ നേടിയിരുന്നു. അതിൽ പ്രചോദിതനായിട്ടാവണം അദ്വാനിയും അതേ വിഷയവുമായി രംഗത്തുവന്നത്‌. അഴിമതിയുടെയും വർഗ്ഗീയതയുടെയും പാപഭാരങ്ങൾ ഒരുപോലെ വഹിക്കുന്ന ബി.ജെ.പി.യുടെ രഥത്തിൽ അദ്വാനിക്ക്‌ ധാർമ്മിക ശക്തിയോടെ ഒരു പ്രചരണയാത്ര നയിക്കാൻ പ്രയാസമാണ്‌. എന്നാൽ അധികാരക്കൊതിപൂണ്ട അദ്വാനി പലതവണ ആഞ്ഞിട്ടും ലഭിക്കാത്ത പ്രധാനമന്ത്രിപദം അദ്ദേഹത്തെ വസ്തുതകൾ മറക്കാൻ പ്രേരിപ്പിക്കുന്നുണ്ടാകണം.



1989-ൽ സോമനാഥ ക്ഷേത്രത്തിൽ നിന്ന്‌ അയോദ്ധ്യയിലേക്ക്‌ അദ്വാനി ആരംഭിച്ച രഥയാത്ര ലക്ഷ്യം കാണാൻ വി.പി.സിംഗ്‌ സർക്കാർ അനുവദിച്ചില്ല. പക്ഷേ രാജ്യത്ത്‌ ആ യാത്ര സൃഷ്ടിച്ച വർഗ്ഗീയ മുറിവുകൾ അർബുദ ബാധയെപ്പോലെ തുടരുകയാണ്‌. ആന്ധ്രയിലെ എൻ.ടി.ആറിന്റെ ചൈതന്യ രഥയാത്രയുടെ വികൃതാനുകരണമായിരുന്നു അദ്വാനിയുടെ രഥയാത്ര.


പുരാണകഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ച്‌ നടൻ രാമറാവു ഉണ്ടാക്കിയ പൊതുപ്രതിച്ഛായ ആന്ധ്രയിലെ ജനങ്ങൾക്കിടയിൽ രാഷ്ട്രീയ മുതലെടുപ്പിന്‌ ഉപകരിച്ചു. അതുകണ്ട്‌ രാമക്ഷേത്രം പണിയാൻ തേരോടിച്ചിറങ്ങിയ അദ്വാനിക്ക്‌ ചരിത്രം നൽകിയത്‌ ഒരു കോമാളിത്തൊപ്പിയാണ്‌. അഴിമതിക്കെതിരെ വീണ്ടും രഥമിറക്കുമ്പോൾ മോഡിയെപ്പോലെ അധികാരഭ്രമം പൂണ്ട നേതാക്കൾ അദ്വാനിയുടെ മോഹത്തിൻ പാല്‌ തട്ടിത്തെറിപ്പിക്കുമെന്ന്‌ തോന്നുന്നു.


Sunday, 14 August 2011

ഭാവനാശാലികളുടെ ഭാവിഭാരതം



പി. സുജാതൻ


നന്ദൻ നിലേക്കനിയുടെ 'വിഭാവന ചെയ്യുന്ന ഇന്ത്യ' എന്ന കൃതിയിൽ ഒരു അനുഭവ വിവരണമുൺ​‍്‌. ഇൻഫോസിസ്‌ കമ്പനിയുടെ ബാംഗ്ലൂർ കാമ്പസിൽ നന്ദനെ കാണാൻ ഒരു അമേരിക്കക്കാരൻ എത്തി. മൈസൂറിൽ നിന്ന്‌ ബാംഗ്ലൂർ സിറ്റി വരെ റോഡ്‌ മാർഗ്ഗം സഞ്ചരിച്ചാണ്‌ വിദേശി ഇൻഫോസിസിന്റെ വളപ്പ്‌ കടന്നത്‌. നന്ദനുമായുള്ള കൂടിക്കാഴ്ചയിൽ ഏറെ നേരവും റോഡ്‌ യാത്രയുടെ ക്ലേശങ്ങൾ അതിഥി വിസ്തരിച്ചുകൊൺ​‍ിരുന്നു. അയാൾ പറഞ്ഞു: "നന്ദൻ, നിങ്ങളുടെ ഈ കമ്പനി വളപ്പ്‌ എത്ര മനോഹരമായിരിക്കുന്നു. വൃത്തിയും വെടിപ്പും ഉള്ള വിശാല വീഥികൾ. മനോഹരമായ തൊഴിലിടങ്ങൾ, പക്ഷേ കമ്പനിക്ക്‌ പുറത്തുള്ള റോഡ്‌ ഇതുപോലാകാത്തത്‌ എന്ത്‌? ഹുസ്സൂർ റോഡുവഴി ബാംഗ്ലൂരിൽ എത്താൻ എത്രമാത്രം ഞാൻ കഷ്ടപ്പെടേണ്ടി വന്നു. തകർന്ന റോഡുകളിലെ വാഹനത്തിരക്ക്‌ ഭയങ്കരം തന്നെ. ഇൻഫോസിസിന്റെ കാമ്പസുപോലെ പൊതുറോഡുകളും നന്നാകാൻ എന്താണ്‌ തടസം?"


വിദേശിയുടെ ജിജ്ഞാസയ്ക്ക്‌ മറുപടിയായി നന്ദൻ നിലേക്കനി ഇങ്ങനെ പറഞ്ഞു: "രാഷ്ട്രീയം, ഉദ്യോഗസ്ഥ അഴിമതി, കരാറുകാരന്റെ തട്ടിപ്പ്‌". ആ ഉത്തരം അതിഥിക്ക്‌ പിടിച്ചില്ല. അദ്ദേഹം ശബ്ദമുയർത്തിപ്പറഞ്ഞു."എന്നാൽ താങ്കളെപ്പോലുള്ളവർ രാഷ്ട്രീയത്തിൽ വരണം. ദീർഘമായ ഒരു ചിരിയായിരുന്നു അതിന്‌ നന്ദന്റെ മറുപടി. അമേരിക്ക പോലെയാണ്‌ ഇന്ത്യയെന്ന്‌ സായിപ്പ്‌ ധരിച്ചുകാണും. ഒരു കമ്പനി എക്സിക്യൂട്ടീവിന്‌ പൊടുന്നനെ ഒരു ദിവസം രാഷ്ട്രീയത്തിലിറങ്ങി ശോഭിക്കാമെന്ന്‌ ഇന്ത്യയിൽ ആരും കരുതുന്നില്ല. അമേരിക്കയിൽ അങ്ങനെ സാധിക്കും. സാധിച്ചിട്ടുൺ​‍്‌. മൈക്കൾ ബ്ലുംബെർഗ്‌ വലിയൊരു കമ്പനിയുടെ മേധാവിയായത്‌ പൊടുന്നനെയാണ്‌. അതേ വേഗത്തിൽ പിറ്റേക്കൊല്ലം അദ്ദേഹം ന്യൂയോർക്ക്‌ നഗരത്തിലെ മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ ഒരു രാഷ്ട്രീയ ഭരണാധികാരിയാകാൻ ഒരാൾക്ക്‌ അത്രവേഗം കഴിയുമെന്ന്‌ തോന്നുന്നില്ല.


പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്‌ രാഷ്ട്രീയത്തിൽ യാദൃച്ഛികമായി വന്നുപെട്ട ഒരാളാണ്‌. സാമ്പത്തികശാസ്ത്രം പഠിച്ച്‌ കലാശാലാ അധ്യാപകനായി തുടങ്ങിയ ഡോ. സിംഗ്‌ ലോകബാങ്കിൽ പ്രവർത്തിച്ചു. ഇന്ത്യയിൽ മടങ്ങിവന്ന്‌ റിസർവ്വ്ബാങ്ക്‌ ഗവർണറായി. റിട്ടയർ ചെയ്ത്‌ പെൻഷൻവാങ്ങി വീട്ടിൽ വിശ്രമിക്കേൺ ഘട്ടത്തിലാണ്‌ അദ്ദേഹം അപ്രതീക്ഷിതമായി പി.വി. നരസിംഹറാവു മന്ത്രിസഭയിൽ ധനകാര്യവകുപ്പിന്റെ ചുമതല ഏറ്റെടുത്ത്‌ രാഷ്ട്രീയത്തിൽ എത്തിയത്‌. രാജീവ്ഗാന്ധിയുടെ ദുരന്ത മരണശേഷം രൂപം കൊൺ ന്യൂനപക്ഷ മന്ത്രിസഭയായിരുന്നു അത്‌. കാലാവധി പൂർത്തിയാക്കുമോ എന്ന്‌ സകലരും സന്ദേഹിച്ചു. നരസിംഹറാവുവിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ ഫലിച്ചു. പുത്തൻ സാമ്പത്തിക നയങ്ങൾക്ക്‌ ഉദാരപൂർവ്വം ഇന്ത്യയിൽ തുടക്കം കുറിച്ചതു റാവു പ്രധാനമന്ത്രിയയായിരുന്ന കാലത്താണ്‌. ധനമന്ത്രിയെന്ന നിലയിൽ മൻമോഹൻസിംഗ്‌ ആയിരുന്നു പരിഷ്കരണ പ്രക്രിയയുടെ ചുക്കാൻ പിടിച്ചതു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ലോകശ്രദ്ധയിൽകൊണ്ടുവന്നു.

വികസനരംഗത്ത്‌ പുതിയ കുതിച്ചുചാട്ടങ്ങളുൺ​‍ായി. പിന്നാലെ വന്ന എൻ.ഡി.എ സർക്കാരിന്‌ മാറ്റിമറിക്കാൻ പറ്റാത്തവിധം സുദൃഢമായ ഒരു തുടക്കമായിരുന്നു സിംഗിന്റെ പരിഷ്കരണങ്ങൾ. ലോക സാമ്പത്തിക കാലാവസ്ഥയുടെ ഗതി മനസിലാക്കി നടത്തിയ അർത്ഥവത്തായ ചുവടുവയ്പുകൾ ഫലം കൺ​‍ു. കോൺഗ്രസ്‌ നേതൃത്വത്തിൽ 2004ൽ യു.പി.എ അധികാരത്തിൽ വന്നപ്പോൾ സോണിയഗാന്ധിക്ക്‌ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക്‌ നിർദ്ദേശിക്കാൻ പറ്റിയ സ്വാഭാവിക പ്രതിനിധി ഡോ. മൻമോഹൻസിംഗ്‌ ആയി. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ ഇന്ത്യൻ പ്രധാനമന്ത്രി പദത്തിൽ നോട്ടമുള്ള പ്രണബ്‌ കുമാർ മുക്കർജിക്ക്‌ പോലും ലഭിക്കാതെ പോയ അവസരമാണത്‌. ഒരിക്കൽ പ്രണബ്‌ ധനമന്ത്രിയായിരുന്ന ഘട്ടത്തിൽ അദ്ദേഹത്തിന്റെ കീഴിൽ റിസർവ്വ്‌ ബാങ്ക്‌ ഗവർണർ എന്ന പദവിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു ഡോ. മൻമോഹൻസിംഗ്‌. പിന്നീട്‌ ക്യാബിനറ്റ്‌ കോളീഗും ഇപ്പോൾ പ്രധാനമന്ത്രിയെന്ന നിലയിൽ പ്രണബിന്റെ ബോസും ആണ്‌ സിംഗ്‌. ഇതെല്ലാം രാഷ്ട്രീയത്തിലെ യാദൃച്ഛികതകളാണ്‌. ഒരു കമ്പനി മേധാവിക്കോ അക്കാദമീഷ്യനോ പൊടുന്നനെ രാഷ്ട്രീയനയ തീരുമാനങ്ങളുടെ തലപ്പത്ത്‌ എത്താൻ ഇന്ത്യയിൽ അനേകം കടമ്പകളുൺ​‍്‌. അത്രത്തോളം വിശാലമായ പ്രോഫഷണലിസം ഇന്ത്യൻ ജനാധിപത്യം സ്വപ്നം കൺ​‍ുതുടങ്ങിയിട്ടുപോലുമില്ല.


രാജീവ്ഗാന്ധിയാണ്‌ രാഷ്ട്രീയത്തിൽ തൊഴിൽ പ്രാഗൽഭ്യത്തിന്‌ പ്രാധാന്യം നൽകിയ പ്രധാനമന്ത്രി. ശാസ്ത്രസാങ്കേതിക മികവിലൂടെ ഇന്ത്യയെ അടുത്ത നൂറ്റാണ്ടിലേക്ക്  നയിക്കണമെന്ന ഒരു ദർശനം അദ്ദേഹത്തിനുണ്ടായിരുന്നു. ഓരോ രംഗത്തും ഉജ്വലമായ പ്രവർത്തനാനുഭവമുള്ള വിദഗ്ധരെ അധികാരപദവികളിൽ കൊണ്ടുവരാൻ  കോൺഗ്രസിന്റെ കവാടം രാജീവ്ഗാന്ധി തുറന്നിട്ടു. അതിന്റെ മെച്ചവും ഇന്ത്യക്കുണ്ടായി.

നന്ദൻ നിലേക്കനി  യുനീക്ക് ഐഡ്ന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ എന്ന നൂതനമായ ഒരു പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷ പദവിയിൽ മഹത്തായ ഒരു പ്രവർത്തന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്‌. രാജ്യത്തെ എല്ലാ പൗരന്മാർക്കും തിരിച്ചറിയൽ കാർഡ്‌ നൽകുക എന്നതാണ്‌ ആ സ്ഥാപനത്തിന്റെ സമയബന്ധിത ലക്ഷ്യം. വ്യക്തിയെക്കുറിച്ച്‌ അറിയേൺ മുഴുവൻ വസ്തുതകളും രേഖപ്പെടുത്തിയ ഡിജിറ്റൽ രേഖയാണ്‌  അത്. UIDAI  വരുന്ന ഒരു വർഷത്തിനുള്ളിൽ കേരളത്തിലാണ്‌ ആദ്യമായി പദ്ധതി പൂർത്തിയാക്കുക. മൂന്നുകൊല്ലം കൊണ്ട്  എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലെ ജനസംഖ്യ എന്നും ഒരു അനുമാനമാണ്‌. 2011ലെ പ്രാഥമിക റിപ്പോർട്ട്‌ പ്രകാരം രാജ്യത്ത്‌ 121 കോടി ജനങ്ങളുണ്ടെന്ന്  കണക്കാക്കുന്നു. അലഞ്ഞുതിരിയുന്നവരും തെരുവിൽ ഉറങ്ങുന്നവരും ഈ കണക്കെടുപ്പിൽ വരില്ല. നാടോടികളും ഭവനരഹിതരുമായ കോടിക്കണക്കിനാളുകൾ രേഖയിലില്ല. ഇന്ത്യയിലെ വികസനാസൂത്രണ നയങ്ങളെ അട്ടിമറിക്കുന്ന ഒരു വസ്തുതയാണിത്‌. നന്ദന്റെ തിരിച്ചറിയൽ കാർഡ്‌ ഈ കുറവ്‌ എന്നേക്കുമായി പരിഹരിക്കും. ഇത്തരം നൂതനമായ ഒരു പദ്ധതിയുമായി ഇൻഫോസിസ്‌ വിട്ട്‌ കേന്ദ്രസർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഈ ടെക്നോക്രാറ്റിന്റെ ഉള്ളിൽ ഭാവനാശാലിയായ ഒരു രാഷ്ട്രീയ മനുഷ്യൻ ഒളിച്ചിരുപ്പുണ്ട്. കർണ്ണാടക സ്വദേശിയായ നന്ദൻ നിലേക്കനി എന്ന 56കാരൻ നാളത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാകില്ലെന്ന്‌ ആരുകണ്ടു?