Showing posts with label p k gopi. Show all posts
Showing posts with label p k gopi. Show all posts

Saturday, 14 January 2012

പ്രാണന്റെ തൂലിക


പി.കെ .ഗോപി 
ആഴത്തില്‍ മുങ്ങിത്തപ്പി 
ആദിത്യശിലയെടു-
ത്താത്മാവില്‍ ശിവലിംഗ-
മാരൊരാളുറപ്പിച്ചു ..

ആദിനാദത്തിന്നാഴ -
മോങ്കാരമന്ത്രപ്പൊരുള്‍
നാമെന്നു നാമം ചൊല്ലി 
ആരൊരാള്‍ സമര്‍ത്ഥിച്ചു ..

ജീവന്റെ മലര്‍ക്കുട-
മില്ലാതെ വേദത്തിന്റെ 
ഭൂപടങ്ങളില്‍ ജ് ഞാന-
മില്ലെന്നു പഠിപ്പിച്ചു ..

ശാരദോദയത്തിന്റെ 
താമരത്താളില്‍ വിശ്വ - 
മാനവ മഹാസൂക്ത -
മാരൊരാള്‍ കുറിച്ചിട്ടു ..

ജാതിഭൂതങ്ങള്‍ മേഞ്ഞ 
കൂരിരുള്‍ കടന്നേതു 
സ്നേഹദൂതറിവിന്റെ
നാരായണങ്ങള്‍ ചൊല്ലി.. 

ആ  മഹാഗുരുവിന്റെ 
പാദത്തില്‍ വണങ്ങാതെന്‍  
പ്രാണന്റെ സാരസ്വത 
തൂലിക ചലിക്കില്ല!
  ------------------

Tuesday, 15 November 2011

സല്ലാപം





പി.കെ.ഗോപി


കരഞ്ഞു പിറക്കുന്ന
ജീവസല്ലാപങ്ങളിൽ
കവിഞ്ഞതല്ലാതൊന്നു-
മില്ലെന്റെ വാഗാർത്ഥത്തിൽ.
വൈദ്യം
അരഞ്ഞു തീർന്നാൽ
വീര്യമേറുന്ന മരുന്നുകൾ
അറിഞ്ഞ വൈദ്യന്മാർക്ക്‌
കാലത്തെ ചികിത്സിക്കാം
അദൃശ്യം
അദൃശ്യാകാശങ്ങളി-
ലാത്മസഞ്ചാരം ചെയ്ത 
മനുഷ്യാ,
നിന്നെ ഞാനൊന്നറിഞ്ഞു
വണങ്ങട്ടെ.
ഉദകം
ഉദിച്ചു നിൽക്കുമ്പോൾ നീ
ഉജ്ജ്വലപ്രതാപിയായ്‌
ഉദകക്രിയയ്ക്കുള്ള
മൺകുടംസൂക്ഷിക്കുക.
ബ്യൂട്ടിപാർലർ
അണിഞ്ഞുനടന്നിട്ടു-
മാത്മസൗന്ദര്യംനീറി-
പ്പുകഞ്ഞുകരിയുന്ന-
തറിയുന്നില്ലല്ലൊനീ
വിശ്വസ്നേഹം
കലങ്ങിത്തെളിയുന്ന
കണ്ണുനീരുമ്മയ്ക്കുണ്ട്‌ 
കറങ്ങിത്തീരാത്തൊരീ
ഭൂമിതൻസ്നേഹസ്പർശം
പൂന്തോട്ടത്തിലെ പക്ഷി
അളിഞ്ഞതെല്ലാം
ദൂരെക്കളഞ്ഞു...
അതിൽ നിന്നു
മുളച്ചുപൊന്തീ
ഞാനും മക്കളും
പൂവും കായും.
വിരിഞ്ഞതെല്ലാം
താഴെക്കൊഴിഞ്ഞു...
അതിൽനിന്നു
കരഞ്ഞുപൊങ്ങീ
കാവ്യപ്പക്ഷിയും
പാട്ടുംകൂട്ടും!
നവം
വാക്കിന്റെ
വാക്കിൽ നിന്നു
പിറന്നു
നവാദ്വൈതം!

Sunday, 14 August 2011

അസ്ത്രങ്ങൾ കുഴിച്ചിട്ടവർ



പി.കെ.ഗോപി

എറിഞ്ഞ കല്ലുകളായിരുന്നു
പൂമരങ്ങളെകുറിച്ച്‌
ആദ്യം പറഞ്ഞുതന്നത്‌.
എരിഞ്ഞ കണ്ണുകളായിരുന്നു
മുറിവുകളെക്കുറിച്ച്‌
മൂന്നാര്റിയിപ്പു തന്നത്‌.
നനഞ്ഞ പന്തങ്ങളായിരുന്നു
നാണം കെട്ട നഗ്നതയുടെ
കൂത്തരങ്ങിനെക്കുറിച്ച്‌
പാടി നടന്നത്‌.
അടഞ്ഞ വാതിലുകളായിരുന്നു
ശവങ്ങൾ നിലവിളിക്കാറുണ്ടെന്ന്‌
രാത്രികളോട്‌
പുലമ്പിയത്‌
ഉരുകിത്തെറിച്ച സ്വപ്നങ്ങൾ
നഷ്ടത്തോണിയിൽ കയറി
നാടുവിട്ടുപോയപ്പോൾ
ചിറകരിഞ്ഞ കിളികളെല്ലാം
മുറ്റത്തു വന്നിരുന്നു
കരയാൻ തുടങ്ങി
പിന്നെ
നാദരൂപങ്ങളുടെ
രാമായണത്തിൽ
വേദനയുടെ ആഴം കണ്ട്‌
അസ്ത്രങ്ങൾ കുഴിച്ചിട്ട്‌
വൃക്ഷങ്ങളെക്കുറിച്ച്‌
എഴുതിത്തുടങ്ങി!


Friday, 8 July 2011

ആദിവേര്‌




പി.കെ.ഗോപി





ഭൂതകാലങ്ങൾ പെറ്റു
പോറ്റിയ മുത്തുച്ചിപ്പി
ഭൂമിയിലുപേക്ഷിച്ച കടലേ, നിന്നോടൊപ്പം
വാഴുവാൻ ചിതാഭസ്മ-
ഭാഷയായൊരാൾ കൂടി
വീടുവിട്ടിറങ്ങിപ്പോയ്‌...ഉദകച്ചോറിൽ കൊത്താ-
നാരുടെ ചുണ്ടാണാദ്യം
നീണ്ടതെന്നറിയാതെ
ഏതൊരു കർമ്മം ബാക്കി വച്ചതെന്നറിയാതെ
ഏകനായ്‌ ആൾക്കൂട്ടത്തി-
ലലിയും മുമ്പേ, ആരോ
ആലിംഗനത്തിൽ ചേർത്തു ചോദിച്ചു: സുഖമല്ലേ?
ആകാശ മഹാശൂന്യ-
മൂകതവാചാലമായ്‌
ആയിരംവട്ടം കാതിൽ മന്ത്രിച്ചു: മകനല്ലേ?
പ്രാചീനനടത്തത്തിൻ
നാൾവഴിച്ചൂട്ടും വീശി
പാപപുണ്യങ്ങൾ നട്ട നാട്ടുമ്പുറങ്ങൾ താണ്ടി
ചൂടേറ്റ മണൽകൂട്ടി-
ലൊളിക്കാനാരുണ്ടിനി?
തീകാഞ്ഞു തണുപ്പത്തു കിടക്കാനാരുണ്ടിനി?
ഓലകൾ മെടഞ്ഞാത്മ-
വേദനത്തോറ്റങ്ങൾക്ക്‌
രാവുറങ്ങുവാൻ കൂര കെട്ടുവാനാരുണ്ടിനി?
പാലപൂത്തപ്പോൾ ഗ്രാമ-
ഗന്ധർവ്വവീണക്കമ്പി
പ്രേമരാവിനെപ്പുൽകിക്കല്ല്യാണിരാഗം മീട്ടി
ചേറിൽ നിന്നതോ താള-
വിസ്മയക്കരുത്തിന്റെ
പ്രാണരൂപത്തിൽ പൊട്ടിമുളച്ച നവോദയം
രാജമുദ്രയിൽ തൊട്ടു
പൂജിച്ചു പുണ്യം ചെയ്തു
ദാനമായുള്ളിൽ വന്ന ജ്ഞാനശ്രീനാരായണം
നാവിൽനിന്നൂറിപ്പടർ-
ന്നേതു രാവിലും പെയ്ത
വേവലാതിയിൽ മുങ്ങിപ്പാടുവാനാരുണ്ടിനി?
പൂഴിയിൽ കുഴിച്ചിട്ട
സമുദ്രച്ചെപ്പിൽ നിന്നു
ഭൂമിദേവത നുള്ളിക്കൊടുക്കുമുപ്പും വറ്റും
താനൊഴിച്ചെല്ലാവർക്കും
പങ്കിട്ടു നൽകിത്താനേ
പാവിരിച്ചുറങ്ങാതെ കിടക്കാനാരുണ്ടിനി?
താഴത്തുപച്ചപ്പാട-
മാറ്റുനോറ്റരിച്ചിട്ട
നോവിന്റെ മുത്തും പൊന്നുമളക്കാനാരുണ്ടിനി?
ആഴത്തിലൂറ്റിക്കാച്ചി-
ക്കുറുക്കും കരിക്കാടി
ദാഹിച്ചു വിശന്നിട്ടും മറക്കാനാരുണ്ടിനി?
പ്ലാവിലക്കുമ്പിൾ കവി-
ഞ്ഞാവണിത്തുമ്പച്ചോറിൽ
പൂവിളിപ്പുരാവൃത്തം വിളമ്പാനാരുണ്ടിനി?
വീണുപോകുമ്പോൾ പൊങ്ങാൻ
നട്ടെല്ലു ചെത്തിക്കൂർമ്പി-
ച്ചൂന്നുകമ്പാക്കിപ്പാത കടന്നു പാലം കേറി
ആയുസ്സു നിക്ഷേപിച്ച
നിധികുംഭത്തിൽ ആരും
കാണാതെ പെയ്യും രണ്ടുകണ്ണുകളാർക്കാണിനി?
കാളയും കലപ്പയു-
മില്ലാത്ത കാലത്തിന്റെ
ചാണകച്ചിത്രക്കളമിങ്ങനെ വരയ്ക്കാനായ്‌
നൂറുനൂറുദ്ധ്യായത്തി-
ലെഴുതിപ്പതം വന്ന
ഗീതയുണ്ടെനിക്കെന്റെ പൈതൃകക്കാവ്യാംശമായ്‌
ആറടി മണ്ണിന്നുള്ളി-
ലല്ലതിൻ സനാതന
സ്നേഹവാത്സല്യം പൂത്ത ജീവന്റെ ബലിപ്പത്രം.
ചോരയ്ക്കു ചുവപ്പല്ല
വെളുപ്പല്ലാദിത്യന്റെ
ആദിവേരിലെ കണ്ണീർച്ചായമെന്നെഴുതിച്ച
താളിയോലയിൽ നിന്നു
താവഴിത്തൂവൽ തൊട്ട
കാവ്യമംഗളത്തത്തയെന്നിലുണ്ടരൂപിയായ്‌!