Showing posts with label malayalam. Show all posts
Showing posts with label malayalam. Show all posts

Wednesday, 14 December 2011

തോനെ

 
               തോനെ               
ഡോ.കെ.ജി.ബാലകൃഷ്ണൻ              


ഈ കടലോരത്തിരുന്ന്              
കാഴ്ചയുടെ അതിരുതേടി              
നടവഴിയുടെ നീളമളന്ന്              
വീതിക്കണക്ക് കൂട്ടിക്കിഴിച്ച്              
രണ്ടും ഒന്നെന്നോ,ഒപ്പമെന്നോ,             
തിട്ടമില്ലെന്നോ,             
തിന്തനത്തോമെന്നോ;-             
തോനെയെന്നോ.             
ആകാശപ്പെരുക്കം;             
ആവനാഴിയിലെ             
അമ്പുകളുടെ എണ്ണം              
അറിയില്ലെന്നോ,അറിഞ്ഞാൽത്തന്നെ              
ഏത് വില്ലേറ്റി               
അന്തമില്ലായ്മയിലേയ്ക്ക് പായിച്ച്              
അല്ലയോ അർജജുന!             
നിനക്ക് ഈ ഇരുൾപ്പരപ്പിനെ              
പിളർക്കാനാവും?             
ആറടി മണ്ണിന്ന് അധിപൻ               
അല്ലെങ്കിൽ,             
ആയിരം കാതം              
അറിയുവതെന്തിന്ന്?             
രാവും പകലും ചേർന്ന്,             
നൂറ്റൊന്നും നൂറായിരത്തൊന്നും              
ആവർത്തിച്ച്,             
നിന്റെ മോഹപ്പരപ്പ്.                          
കാലത്തിന് കാലനില്ലെന്ന്              
എന്തുറപ്പ്?                         
ഉണ്ടാകാം,             
വിളിക്കാൻ പേരില്ലെന്ന് മാത്രം.             
അഥവാ,ഉണ്ടെങ്കിൽത്തന്നെ,             
ഉച്ചരിക്കരുത്.             
അതൊരു പക്ഷെ നിന്നെ              
കോൾമയിർകൊള്ളിക്കുമെങ്കിലും              
ഒപ്പംഉറപ്പായും,              
അമ്പരപ്പിക്കാം!             
വേണ്ട,                
നീലിമലയിൽപ്പോയി              
തപസ്സനുഷ്ടിക്കാം.                 
നിനക്ക് നിത്യതയുടെ              
സാന്ത്വനമരുളാൻ,             
അവിടെ,വിശറികളുമേന്തി             
വനദേവതകളുണ്ടല്ലോ!             
പാട്ട് പാടിത്തരാൻ കിളികളും              
ഒരു കുമ്പിൽ നീർ പകരാൻ അരുവിയും.             
നിനക്ക് നിഴലായി അഞ്ച് ഭൂതങ്ങളും!             
ഉള്ളിൽ ഒരു കനവുണരുന്നു.              
പാതയുടെ             
അളവുകളറിയാതെ                 
ഗതിയറ്റ വഴിപോക്കൻ.             
മരുപ്പരപ്പ്.             




+++  +++ +++ +++ +++               


പിന്നെ,മനസ്സിലൊരാശയമുദിചു.             
ആശ്വാസം.              
ഞാൻ എന്തിന്ന് വഴി തേടണം?             
തേരാളിയുണ്ടല്ലോ?             
കൂടാതെ,ഇരുട്ടിൽ വഴിവിളക്കും                   
ചൂണ്ടുപലകയും നാഴികക്കല്ലും.               

Wednesday, 14 September 2011

മുഖക്കുറിപ്പ്/september 2011







ഓരോ മാസവും നൂറ് എഴുത്തുകാർ

എല്ലാ മാസവും 15 നു പുറത്തിറങ്ങുന്നു

സെപ്റ്റംബർ 15-ഒക്ടോബർ 15 ലക്കം
 ഇവിടെ വായിക്കാം  click here

മലയാളസമീക്ഷയുടെ മൂന്നാം  ലക്കമാണിത്.
വായനക്കാരുടെയും എഴുത്തുകാരുടെയും
പിന്തുണ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നേടാനായത്
കൂടുതൽ പ്രവർത്തിക്കാനുള്ള പ്രചോദനമാണ്.
മലയാളത്തിലെ എല്ലാ എഴുത്തുകാരെയും ഇന്റർനെറ്റിൽ
കൊണ്ടുവരുകയാണ് ഞങ്ങളുടെ ലക്ഷ്യം.
എഴുത്തുകാരുടെ രചനകളോടൊപ്പം അവരുടെ ചിത്രങ്ങളും നെറ്റിൽ ലഭ്യമാകണം.
മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ
എഴുത്തുകാരുടെ കൃതികൾ മാസംതോറും പ്രസിദ്ധീകരിക്കുന്നത് മലയാളസമീക്ഷയാണ്.
പല അച്ചടി മാസികകളിലും ഇന്ന് ഇടം കുറവാണ്.
സാഹിത്യത്തിനുള്ള ഇടം മറ്റു വിഷയങ്ങൾ കൊണ്ടുപോകുന്നു.
പത്രങ്ങളാകട്ടെ, സാംസ്കാരിക വാർത്തകൾ പ്രാദേശിക
 താളുകളിൽപ്പോലും കൊടുക്കാൻ മടികാണിക്കുന്നു.
ഇതു തീർച്ചയായും തെറ്റായ സന്ദേശമാവും നൽകുക.
മലയാളം എല്ലാ ക്ലാസ്സുകളിലും പഠിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത് നന്നായി.
എന്നാൽ നമ്മുടെ ഭാഷയോടുള്ള മനോഭാവം മാറുന്നില്ല.
അതാണ് ഇനി മാറേണ്ടത്.
ഒരു സാംസ്കാരിക വികാരം ഇനിയും ശക്തിപ്പെട്ടിട്ടില്ല.
എഡിറ്റർ