Showing posts with label kunjus. Show all posts
Showing posts with label kunjus. Show all posts

Friday, 13 January 2012

നിഴല്‍ ചായങ്ങള്‍




കുഞ്ഞൂസ് 


കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ അനസൂയക്ക്‌ ആകെ വെപ്രാളമായിരുന്നു .ബാബു ഒന്നും കഴിച്ചിട്ടുണ്ടാവില്ല, താന്‍ എത്തുന്നതും നോക്കി ഇരിക്കുന്നുണ്ടാവും. താന്‍ വാരി ഊട്ടിയാലെ എന്തേലും കഴിക്കു.ആകാശുമായി വഴക്കുണ്ടാക്കി കാണുമോ എന്തോ?ഇന്നു ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ഒരുപാടു വൈകി. നായകന് നാളെമുതല്‍ പുതിയ പടത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതു കൊണ്ട്, അദ്ധേഹത്തിന്റെ കൂടെയുള്ള സീനുകള്‍ ഇന്നു തന്നെ തീര്‍ക്കണമെന്നു സംവിധായകനു നിര്‍ബന്ധം. അതിനാല്‍ ഷൂട്ടിംഗ് രാത്രിയിലേക്കും നീണ്ടു. തന്നെ പോലുള്ള ചെറിയ നടീനടന്മാര്‍ അതനുസരിച്ചല്ലേ പറ്റു ….. പെട്ടെന്നു തീര്‍ന്നു കിട്ടാനുള്ള വ്യഗ്രതയില്‍ , ഇടക്കൊക്കെ ചുവടുകള്‍ തെറ്റിക്കുന്നുണ്ടായിരുന്നു.


സംവിധായകന്റെ ചീത്ത വേറെയും.അറിയാഞ്ഞിട്ടല്ല, മനസ് മുഴുവന്‍ ബാബുവിന്റെ അടുത്തു തന്നെയായിരുന്നു. എന്തെങ്കിലും  കുഴപ്പങ്ങള്‍ ഉണ്ടാക്കുമോ എന്ന ഭയം. നടികള്‍ക്ക് പ്രായം കൂടുംതോറും റോളുകളുടെ എണ്ണം കുറയുമല്ലോ. സഹതാപം കൊണ്ടാണു പലരും റോളുകള്‍ തരുന്നതെന്നും അറിയാം . ചിലരൊക്കെ അതിന്റെ പ്രതിഫലം വേണമെന്നു സൂചിപ്പിക്കുകയും ചെയ്യാറുണ്ട്. പിടിച്ചു നില്‍ക്കുന്നത് എങ്ങിനെയെന്ന് തനിക്കു മാത്രമേ അറിയൂ.


10 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. അനസൂയ എന്ന ഐറ്റം നമ്പര്‍ നര്‍ത്തകിക്ക് നിന്നു തിരിയാന്‍ നേരമില്ലാത്തത്ര തിരക്കായിരുന്നു. തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന അനസൂയ...!!! അനസൂയയുടെ ഡാന്‍സ് ഇല്ലാതെ ഒരു തെന്നിന്ത്യന്‍ സിനിമയും ഇറങ്ങിയിരുന്നില്ല എന്നു തന്നെ പറയാം. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ്, ബാബുവുമായുള്ള വിവാഹം. വളരെ സന്തോഷപൂര്‍ണമായ ജീവിതം. അഭിനയം നിര്‍ത്തി, തികഞ്ഞ ഒരു വീട്ടമ്മയായി മാറി. ദാമ്പത്യവല്ലരിയിലെ പനിനീര്‍പുഷ്പങ്ങളായി ആകാശും അപര്‍ണയും.



ആ ജീവിതത്തിനു അധികം ആയുസുണ്ടായില്ല. രാത്രിയുടെ ഏതോയാമത്തില്‍ വന്ന ഫോണ്‍ കോള്‍ , തന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നതായിരുന്നു ….!!! ബാബുവിന്റെ കാര്‍ അപകടത്തില്‍ പെട്ടുവെന്ന വാര്‍ത്ത ഐസിയുവിനു മുന്നില്‍ നില്‍ക്കുമ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അപര്‍ണമോളുടെ ജന്മദിനമായിരുന്നു അതിനടുത്ത ദിവസം. അതിനാല്‍ ആ രാത്രി തന്നെ ബാബു വീട്ടില്‍ എത്തുമെന്നു പറഞ്ഞിരുന്നതിനാല്‍ , താനും മക്കളും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ദൈവങ്ങള്‍ക്കു പോലും അസൂയ തോന്നിയതാണോ ആ അപകടത്തിനു കാരണം?അല്ലാതെ അതിനു പിന്നില്‍ വേറെ കാരണങ്ങള്‍ ഒന്നും ഇല്ലായിരുന്നു.എന്നിട്ടും അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു പ്രാര്‍ത്ഥിച്ചു. അവസാനം ദൈവങ്ങള്‍ കനിയുക തന്നെ ചെയ്തു. ബാബുവിനെ തങ്ങള്‍ക്കു തിരിച്ചു കിട്ടി.
 ബാബു, നടക്കാന്‍ തുടങ്ങിയപ്പോള്‍ ഏറെ സന്തോഷിച്ചു. എന്നാലും ഒന്നും മിണ്ടാത്തതെന്തേ എന്നായിരുന്നു അടുത്ത ടെന്‍ഷന്‍ , നീണ്ട ടെസ്റ്റുകള്‍ ,ചികിത്സകള്‍ .... ബാബു സംസാരിച്ചു തുടങ്ങി.അക്ഷരങ്ങള്‍ പെറുക്കി പെറുക്കി കുട്ടികളെ പോലെ. ഡോക്ടര്‍ ആ സത്യം തുറന്നു പറഞ്ഞ നിമിഷം, ഒരു അഗ്നിപര്‍വതം തലയില്‍ പതിച്ചതുപോലെയായിരുന്നു ….!!! 


ബാബുവിന്റെ മസ്തിഷ്കത്തിനാണ് തകരാര്‍ എന്നും ഒരു കൊച്ചുകുട്ടിയുടെ എന്നപോലെ തീര്‍ത്തും ശൂന്യമാണാ മസ്തിഷ്കം എന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ , പകച്ച കണ്ണുകളോടെ നോക്കിക്കൊണ്ടിരിക്കാനേ കഴിഞ്ഞുള്ളൂ. എല്ലാം ഒരു കുഞ്ഞു പഠിക്കുന്നപോലെ ആദ്യം മുതല്‍ പഠിക്കണം. എന്നാലും 4 വയസുള്ള ഒരു കുട്ടിയുടെ വളര്‍ച്ചവരെയേ കാണു.എന്തു ചെയ്യണം എന്നറിയാതെ തകര്‍ന്നു പോയ നാളുകള്‍ …. ആകാശിനോടും അപര്‍ണയോടുമൊപ്പം മറ്റൊരു കുഞ്ഞായി ബാബുവും ….!

ചികിത്സയും ആശുപത്രിവാസവുമെല്ലാമായി ബാങ്ക് ബാലന്‍സ് കുറഞ്ഞു തുടങ്ങി.ജീവിതം വഴിമുട്ടി തുടങ്ങിയപ്പോള്‍ വീണ്ടും മുഖത്ത് ചായം തേക്കാന്‍ നിര്‍ബന്ധിതയായി.

കതകു തുറന്നതും “മമ്മീ ”എന്ന കരച്ചിലോടെ ബാബു വന്നു കെട്ടിപിടിച്ചു.

“ഈ ആകാശ് എനിക്കു പടം വരയ്ക്കാന്‍ ബുക്ക്‌ തരുന്നില്ല മമ്മി ”,ബാബുവിന്റെ പരാതി.

തന്റെ നോട്ടുബുക്കില്‍ മുഴുവന്‍ പപ്പ കുത്തിവരച്ചിട്ടിരിക്കുന്നത് കാണിച്ചു സങ്കടത്തോടെ ആകാശ് .

“സാരമില്ല, പപ്പക്ക് വയ്യാഞ്ഞിട്ടല്ലേ മമ്മി ”എന്നു സ്വയം സമാധാനം കണ്ടെത്തുന്ന മക്കള്‍ .

“മമ്മീ എനിക്കു വിശക്കുന്നു ” ബാബുവിന്റെ വിളി വീണ്ടും.


നിറഞ്ഞുവന്ന മിഴികള്‍ അമര്‍ത്തി തുടച്ചു, ക്ഷീണം വകവെക്കാതെ അടുക്കളയിലേക്കു കയറി. അപ്പോഴും ഉമ്മറത്തെ മുറിയില്‍ നിന്നും ബാബുവിന്റെ ചിരിയും കളിപ്പാട്ടങ്ങളുടെ കലമ്പലും കേള്‍ക്കാമായിരുന്നു..!!

Tuesday, 13 September 2011

ഇരുളില്‍ തെളിയും തിരിനാളം




കുഞ്ഞൂസ് 

മേരിയെ അന്വേഷിച്ചാണ് ആന്‍ തോമസ്‌ ആ കോളനിയില്‍ എത്തിയത്. ഇടുങ്ങിയതും വൃത്തിഹീനവുമായ വഴികള്‍ ...കലപില കൂട്ടുന്ന സ്ത്രീ പുരുഷന്മാര്‍ .അടിപിടി കൂടുകയും കളിക്കുകയും ചെയ്യുന്ന കുട്ടികള്‍ ‍... വഴിനീളെയുള്ള കാഴ്ചകള്‍ മനസിനെ അലോസരപ്പെടുത്തിയെങ്കിലും  മേരിയെക്കുറിച്ചോര്‍ത്തപ്പോള്‍ മുന്നോട്ടു തന്നെ നടന്നു. 

അടുത്തു കണ്ട ഒരു സ്ത്രീയോട് മേരിയുടെ വീടെവിടെയാണ് എന്ന്‌ അന്വേഷിച്ചതിന്, താന്‍ ആരാണ്, എവിടെ നിന്നും വരുന്നു, മേരിയെ എന്തിനു കാണണം എന്നൊക്കെ വിശദീകരിക്കേണ്ടി വന്നുവെങ്കിലും അവര്‍ മേരിയുടെ വീട് കാണിച്ചു തന്നു.
"മേരിയേ...ടീ മേരിയേ, ദാണ്ടേ നിന്നെ കാണാന്‍ ഒരു കൊച്ചമ്മ വന്നിരിക്കുന്നു" ആ സ്ത്രീ വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ ആകെ അസ്വസ്ഥത തോന്നി.

അകത്തു നിന്നും "ആരാത്?" എന്ന ക്ഷീണിച്ച ശബ്ദം മേരിയുടേത്  തന്നെ എന്ന്‌ തിരിച്ചറിയുമ്പോള്‍ ഉള്ളില്‍ ഒരാശ്വാസം!

"മേരീ,ഇത് ഞാനാ, ആന്‍ .." പറയുകയും തല കുനിച്ചു ആ വീടിനുള്ളിലേക്ക് കയറുകയും  ചെയ്തു.

"മേരിയെ, ജോലിക്ക് കാണുന്നില്ലല്ലോ, എന്തു പറ്റി എന്നറിയാനാണ് ഞാന്‍ വന്നത്"

"ഒരു പനി വന്നതാ കുഞ്ഞേ... കഷ്ടപ്പെടുത്തി കളഞ്ഞു ഈ പനി.അതാ വരാന്‍ പറ്റാതിരുന്നത്‌.എന്നാലും എന്നെ അന്വേഷിച്ചു ഇവിടെ വന്നല്ലോ..." ഗദ്ഗദം കൊണ്ട് ശബ്ദം പുറത്തു വരാനാവാതെ വിഷമിക്കുന്ന മേരിയെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു.

ചുറ്റുപാടും കണ്ണോടിച്ചപ്പോള്‍  മേരിയുടെ സമ്പന്നത മക്കളില്‍ മാത്രമാണെന്ന് മനസിലായി.... അവരില്‍ മുതിര്‍ന്ന കുട്ടി എന്ന്‌ തോന്നിച്ച, പത്തോ പന്ത്രണ്ടോ വയസുള്ള ഒരാണ്‍കുട്ടി ഒരു സ്റ്റൂള്‍ കൊണ്ട് വന്നിട്ട് ഇരിക്കാന്‍ പറഞ്ഞത്, അതിശയമായി. അല്‍പ നേരത്തിനുള്ളില്‍  അതിലും ചെറിയ ഒരു പെണ്‍കുട്ടി,ഒരു ഗ്ലാസ്‌ ചായ ഒരു പ്ലേറ്റില്‍ ഒക്കെ വച്ചു കൊണ്ടുവന്നതും വളരെ കൌതുകകരമായ കാഴ്ചയായി.

മേരി,മക്കളെയൊക്കെ നന്നായി വളര്‍ത്തുന്നല്ലോ എന്ന്‌ ഉള്ളില്‍ തോന്നിയത്, വാക്കുകളായി പുറത്തു വന്നു,ഒപ്പം അവര്‍ക്കായി ഒന്നും കരുതിയില്ലല്ലോ എന്ന കുറ്റബോധവും!

"മേരിയുടെ മക്കള്‍ നല്ല മിടുക്കരാണല്ലോ" 

ഒരു പുഞ്ചിരി മാത്രമായിരുന്നു മേരിയുടെ മുഖത്ത്....

"ഈ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയാ മോളെ ഞാന്‍ പണിക്കു വരുന്നത്.ഒരു ദിവസം ഞാന്‍ പണിക്കു പോകാതിരുന്നാല്‍ ഇവര്‍ക്ക് പട്ടിണിയാ..."

"മേരിയുടെ  കെട്ടിയോന്‍ പണിക്കു പോകാറില്ലേ?"

"കെട്ടിയോനോ, അങ്ങിനെയൊരാള്‍ ഇവിടെ ഇല്ല കുഞ്ഞേ... "

എന്റെ നോട്ടം കുഞ്ഞുങ്ങളിലേക്ക്‌ നീണ്ടതിന്റെ അര്‍ഥം മനസിലായിട്ടാവും മേരിയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞത്.

"പ്രസവിച്ചാല്‍ മാത്രമേ അമ്മയാകൂ എന്നില്ല കുഞ്ഞേ... ഇവരൊക്കെ ഞാന്‍ പ്രസവിക്കാത്ത എന്റെ മക്കള്‍ ആണ്"

അന്ധാളിപ്പോടെ നോക്കിയ എന്നോട് മേരി പറഞ്ഞു,

" ഒരാളെ പ്രേമിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ എന്റെ വീട്ടില്‍ നിന്നും പുറത്താക്കാപ്പെട്ടവളാണ്, ഒരുപാട് സ്നേഹവും ഒരു കുഞ്ഞിനേയും തന്നിട്ട് അദ്ദേഹം അങ്ങ് പോയി കുഞ്ഞേ... ആദ്യം ഞാനും മരിച്ചാലോ എന്നോര്‍ത്തതാ, പക്ഷേ, എന്റെ കുഞ്ഞിനെ കൊല്ലാനും അവനെ ഉപേക്ഷിച്ചു പോകാനും എനിക്കാവില്ലായിരുന്നു.അതുകൊണ്ട് മാത്രമാണ്  ജീവിക്കാന്‍ തീരുമാനിച്ചത്. ഒരിക്കെ ജോലി കഴിഞ്ഞു മടങ്ങുമ്പോ നഗരത്തിലെ കുപ്പത്തൊട്ടിയില്‍  നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോ മറ്റൊന്നും ആലോചിച്ചില്ല.അതിനെ എടുത്തോണ്ട് പോന്നു....പിന്നെ, പലപ്പോഴായി കിട്ടിയവരാണ് ഇവരൊക്കെ... ആര്‍ക്കും വേണ്ടാതെ കുപ്പത്തൊട്ടിയിലും വഴിയരികിലും ഒക്കെ കിടന്നു കിട്ടിയവര്‍ ..!എന്നെ  കൊണ്ട് കഴിയുന്ന പോലെയൊക്കെ ഞാന്‍ അവരെ വളര്‍ത്തുന്നു."

"കുഞ്ഞിനെ വീട് കാണിച്ചു തന്ന ചേച്ചിയില്ലേ,അവരാണ് ഞാന്‍ ഇല്ലാത്തപ്പോള്‍ എന്റെ മക്കളെ നോക്കുന്നത്."

മേരിയോടു വളരെയേറെ ആദരവ് തോന്നി. സ്വന്തം കഷ്ടപ്പാടിലും അനാഥകുഞ്ഞുങ്ങളെ വളര്‍ത്തുന്നല്ലോ.എല്ലാ സുഖസൗകര്യത്തിലും  ജീവിക്കുന്ന താന്‍ , മേരിയുടെ മനസ്സിന്റെ നന്മയുടെ മുന്നില്‍ തീര്‍ത്തും ദരിദ്ര തന്നെ...

ശബ്ദമുഖരിതമായ ആ കോളനി, നന്മ നിറഞ്ഞ മനസുകളുടെയും ഒരു കോളനിയാണെന്നത്, സംസ്കാരസമ്പന്നരെന്നു പുറം ലോകത്തിനു അജ്ഞാതം തന്നെ...

അവിടെ നിന്നും തിരികെ പോരുമ്പോള്‍ ഒരു കുഞ്ഞിനെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിക്കണം എന്ന്‌ മനസ്സില്‍ പ്രതിജ്ഞ എടുത്തിരുന്നു,അപ്പോള്‍ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത് "പ്രസവിച്ചാല്‍ മാത്രമേ അമ്മയാകൂ എന്നില്ല"  എന്ന   മേരിയുടെ വാക്കുകള്‍ ആയിരുന്നു...!!