Showing posts with label krishi. Show all posts
Showing posts with label krishi. Show all posts

Wednesday, 14 December 2011

കരിക്ക്‌ വിപണിയിൽ തൊടിയൂർ ചങ്ങാതികളുടെ മാതൃക



ബോർഡിന്റെ കൊല്ലം ജില്ലയിലെ ചങ്ങാതിക്കൂട്ടം പരിശീലനപരിപാടിയിൽ
പങ്കെടുത്ത 12 ചങ്ങാതിമാർ തൊടിയൂർ ആസ്ഥാനമായി ഒരു ചങ്ങാതിക്കൂട്ടം
ക്ലബ്ബ്‌ രൂപീകരിച്ച്‌ ലഭ്യമായ അറിവുകൾ കർമ്മപഥത്തി ലെത്തിക്കുവാൻ
തീരുമാനിച്ചു. അതിന്റെ ഭാഗമായി മനോരമ ഇക്കഴിഞ്ഞ ഒക്ടോബർ 18-​‍ാം തീയതി
കൊല്ലത്ത്‌ നടത്തിയ വേണാട്‌ ഫെസ്റ്റിൽ കരിക്കും നാളികേരോൽപന്നങ്ങളും
വിൽക്കുന്ന ഒരു സ്റ്റാൾ ബോർഡിന്റെ പൈന്തുണയോടെ തുറന്നു.  കരിക്കിന്റെ
വിപണനസാധ്യതകളെക്കുറിച്ച്‌ കാര്യമായ ധാരണയൊന്നും ഇല്ലായിരുന്നുവേങ്കിലും
കരിക്കിന്‌ പുറമേ ഇളനീർ ഷേയ്ക്ക്‌, ഇളനീർ പ്രഥമൻ തുടങ്ങിയവും സ്റ്റാളിൽ
വിൽപ്പന നടത്തി. ചമ്മന്തിപ്പൊടി, തീയൽമിക്സ്‌ എന്നിവയുടെ വിപണനവും
ഉണ്ടായിരുന്നു. തുടക്കത്തിൽ മന്ദഗതിയിലായിരുന്നു വേങ്കിലും തിരക്ക്‌
കൂടിയ ദിവസങ്ങളിൽ കച്ചവടം തകൃതിയായി നടന്നു.  ദിവസേന 250ൽ കൂടുതൽ
കരിക്കിന്റെ വിൽപന നടന്നിരുന്നു. 10 മുതൽ 12 രൂപ വരെ നൽകി കെട്ടിയിറക്കിയ
കരിക്ക്‌ 20 രൂപയ്ക്കാണ്‌ വിപണനം നടത്തിയത്‌.


 
നഗരജീവിതത്തിൽ നാടൻ കരിക്കിനുള്ള സ്ഥാനം അടിവരയിടുന്നതായി തൊടിയൂർ
ചങ്ങാതികളുടെ കരിക്ക്‌ വൽപന. തമിഴ്‌നാട്ടിൽ നിന്ന്‌ വരുന്ന
കരിക്കിനേക്കാളും ജനത്തിന്‌ പ്രിയം മാധുര്യമേറിയ നാടൻ കരിക്ക്‌ തന്നെ.
കരിക്ക്‌ കുടിക്കുന്നതിനൊപ്പം അതിന്റെ കാമ്പ്കൂടി ഭക്ഷിച്ച ശേഷമാണ്‌
ഭൂരിപക്ഷം പേരും മടങ്ങിയത്‌. 10 ദിവസം നീണ്ടമേളയിൽ മൂവായിരത്തിലേറെ
കരിക്ക്‌ വിൽക്കുവാൻ അവർക്ക്‌ സാധിച്ചു. ലാഭം ഒട്ടും ചോർന്ന്‌ പോകാതെ
കരിക്ക്‌ കെട്ടിയിറക്കിയത്‌ മുതൽ വിപണനം വരെ ഒരു കുടക്കീഴിൽ
സമന്വയിപ്പിക്കുവാൻ ചങ്ങാതിക്കൂട്ടം പരിശീലനം വഴി സിദ്ധിച്ച
ആത്മധൈര്യത്താൽ സാധിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ്‌ തൊടിയൂർ
ചങ്ങാതിക്കൂട്ടം.