Showing posts with label karur sasi. Show all posts
Showing posts with label karur sasi. Show all posts

Saturday, 14 January 2012

നീ എവിടെയായിരുന്നു?


കരൂർ ശശി

നീ എവിടെയായിരുന്നു?
നീ ഇതേവരേയ്ക്കുമെങ്ങായിരുന്നു?
എന്നുകണ്ടതെന്നോർമ്മയില്ല
എങ്ങുവെച്ചെന്നും
നിന്നെ മറന്നു ഞാനെങ്കിലും
നീയുണ്ടെന്നും
എന്നെയോർത്തജ്ഞാത സങ്കേതത്തിൽ
ജന്മാന്തരബന്ധവിസ്മയം പൂണ്ടു
നീ കഴിഞ്ഞെന്നും ഞാനെ-
ന്നിന്ദ്രിയാതീത പ്രജ്ഞാ-
സ്പർശത്താലൊരു മൊട്ടു
മന്ദമാരുതനേറ്റുവിടരുന്ന പോലാത്മ-
സ്പണ്ടത്താലറിഞ്ഞിരു-
ന്നെന്നുനീയറിഞ്ഞാലും
ഇന്നലെയൊരു സ്വപ്നദർശനം?
നീയെന്നടുത്തെന്നൊരുതണുസ്പർശം:
"ഞാനിതാവന്നു"നിന്റെ
നന്മൊഴി! സുഗന്ധപ്പൂ-
രിതമെന്നാത്മം; നില-
വിളക്കിൻ തെളിനാളം
എന്നിലേയ്ക്കണഞ്ഞുവോ
ഞാൻ തപിച്ചതാം സ്നേഹ-
സ്പന്ദസാർഥകം? വാഴ്‌വി-
ന്നുയിരാം സ്നേഹം? സഖീ,
നന്ദി നന്ദി!- നീ വന്നെൻ
മുന്നിലിന്നലെ രാവിൽ
നീ എവിടെയായിരുന്നു?
കാറ്റായൊരേടത്തൊളിച്ചിരുന്നോ?
മഴത്തുള്ളിയായിലക്കുമ്പിളിൽ
ലജ്ജാഭയം പൂണ്ടിരുന്നോ?
വേനലായ്‌ കത്തിപ്പടർന്നോ?
ഏതോ കയത്തിൽ വാഴ്‌വിൻ നിരാശത
പേറിത്തളർന്നിരുന്നോ?
ഇന്നുവന്നെൻ മുന്നിൽ നീചൊന്നു
"നിന്നെയറിയുമെനി"ക്കെന്നു;
നീയെന്നെപ്പുണരുന്ന വേളയിൽ
ജനമാർത്ഥസാർഥകമായെന്നു
ചൊന്നിടുന്നെൻ പിടയുന്ന ജീവൻ.