Showing posts with label jyothirmayi sankaran. Show all posts
Showing posts with label jyothirmayi sankaran. Show all posts

Saturday, 14 January 2012

അഞ്ചാംഭാവം



 ജ്യോതിർമയി ശങ്കരൻ


സ്ത്രീ സ്വന്തം കഴിവിനെ മറക്കുന്നോ?

Cc: JYOTHIRMAYI SANKARAN <jyothirmayi.sankaran@gmail.com>


ഇതാ ചിന്തോദ്ദീപകമായ മറ്റൊരു ഇ-മെയിൽ സന്ദേശം കൂടി മെയിൽ ബോക്സിൽ. സ്ത്രീയെക്കുറിച്ചു തന്നെ. അവളുടെ ഒട്ടനവധി കഴിവുകളെ ചൂണ്ടിക്കാട്ടിയ ശേഷം  അവൾ സ്വന്തം കഴിവിനെ മറക്കുന്നുവെന്നതാണവളുടെ കുറ്റമായി ഇവിടെ കണ്ടെത്തിയിരിയ്ക്കുന്നത്.അഞ്ചാം ഭാവത്തിന്റെ ആദ്യ ലേഖനത്തിൽ സ്ത്രീയെക്കുറിച്ചും അവളുടെ സൃഷ്ടി സമയ്ത്തു അവൾക്കു ദൈവത്തിൽ നിന്നും  കിട്ടാനിടയായ പല പ്രത്യേകതകളെക്കുറിച്ചും ഞാൻ വിശദമായി എഴുതിയിരുന്നുവല്ലോ.

പ്രത്യേക സമ്മാനമായി അവൾക്ക് കിട്ടിയ കണ്ണുനീരിന്റെ സ്ഥാനത്തും അസ്ഥാനത്തുമായ  ഉപയോഗങ്ങളെക്കുറിച്ചും  നമുക്കറിയാത്തതല്ല. സ്ത്രീ സ്വന്തം കഴിവിനെ തിരിച്ചറിയുന്നില്ലേയെന്ന ചോദ്യവും  പലപ്പോഴും മനസ്സിൽ തോന്നാറുള്ളതു തന്നെയാണ്. ഏതായാലും ആരുടേയോ ഭാവനയിൽ നിന്നും ഉരുത്തിരിഞ്ഞ ഈ കഥ   ഇ-മെയിൽ ആയി വായിച്ചപ്പോൾ അതെന്നെ എന്നെ ഏറെ ഇരുത്തിച്ചിന്തിപ്പിച്ചു.

കഥ ഇങ്ങിനെയാണ്. തുടർച്ചയായ ആറാം ദിവസവും രാത്രി വളരെ വൈകി സ്ത്രീയുടെ സൃഷ്ടിയിൽത്തന്നെ മുഴുകിയിരിയ്ക്കുന്ന ദൈവത്തിനോട് മാലാഖ ആ സൃഷ്ടിയുടെ പ്രത്യേകതയെപ്പറ്റി ചോദിയ്ക്കുമ്പോൾ ദൈവം വാചാലനാകുന്നു. സ്ത്രീരൂപത്തിനേകേണ്ടുന്ന പ്രത്യേകതകളെക്കുറിച്ച് പറയുന്നു. ഈ സൃഷ്ടി പ്രക്ഷാളനം ചെയ്യാൻ കഴിയുന്ന ഒന്നാകണം,200ൽ അധികം മാറ്റാനാകുന്ന ഭാഗങ്ങളാൽ നിർമ്മിതമാകണം,എന്തു ഭക്ഷണവും കഴിച്ചു പ്രവർത്തന ശേഷി നിലനിർത്താൻ കഴിയുന്നതാകണം, ഒരേ സമയത്ത് ഒട്ടനവധി കുഞ്ഞുങ്ങളെ ആശ്ലേഷിയ്ക്കാനാകുന്ന വിധത്തിലുള്ളതാകണം, പൊട്ടിയ കാൽമുട്ടു മുതൽ പൊട്ടിത്തകർന്ന ഹൃദയത്തെ വരെ ഒരു ആലിംഗനത്താൽ  സുഖപ്പെടുത്താനുള്ള കഴിവുണ്ടാകണം.

ഇവയെല്ലാം തന്നെ രണ്ടു കൈകളാൽ ചെയ്യാനാകുകയും  വേണം. സ്ത്രീകളുടെ സവിശേഷതകളെക്കുറിച്ചുള്ള ദൈവത്തിന്റെ ഈ  വിവരണം മാലാഖയിൽ മതിപ്പുളവാക്കുന്നു. ബാക്കി സൃഷ്ടി നാളെപ്പോരേ എന്ന ചോദ്യത്തിന് ഈ സൃഷ്ടി തനിയ്ക്കേറെ പ്രിയമാർന്നതാ‍ണെന്നായിരുന്നു ഉത്തരം.അസുഖം വന്നാൽ ആരോഗ്യം വീണ്ടെടുക്കാനും ദിവസം 18 മണിക്കൂർ പണിയെടുക്കാനും ഇവൾക്കാകുമെന്നും ദൈവം മറുപടി പറയുന്നു. തൊട്ടാൽ മൃദുലമാണല്ലോ എന്ന ചോദ്യത്തിനു മൃദുലമെങ്കിലും എന്തും സഹിയ്ക്കാനും അതിജീവിയ്ക്കാനുമുള്ള ശക്തിയും  താനിവൾക്കു നൽകിയിട്ടുണ്ടെന്നു ദൈവം പറയുന്നു. ആലോചനാശക്തിയുണ്ടോ എന്ന ചോദ്യത്തിനു ചിന്തിയ്ക്കാൻ മാത്രമല്ല, യുക്താനുസരണം തിരിച്ചറിയാനും ധാരണയിലെത്തിയ്ക്കാനും ഇവൾക്കാകുമെന്നായിരുന്നു മറുപടി. 

കവിളിലെ നനവ് ചോർച്ചയല്ലെന്നും കണ്ണുനീരാണെന്നും അത് അവളിലെ സങ്കടത്തേയും സന്ദേഹത്തേയും സ്നേഹത്തേയും നിസ്സഹായതയേയും ക്ലേശങ്ങളേയും അഭിമാനത്തേയും ദ്യോതിപ്പിയ്ക്കുന്നതിനുള്ള വഴി മാത്രമാണെന്നും ചോദ്യങ്ങൾക്കുത്തരമായി ദൈവം പറയുന്നു. ദൈവത്തിന്റെ സൃഷ്ടിയിൽ മതിപ്പാർന്ന മാലാഖ സ്ത്രീ സൃഷ്ടി ഏറെ വൈശിഷ്ട്യമാർന്നതു തന്നെയെന്നു പറയുമ്പോൾ ദൈവം എന്തു പറയുന്നുവെന്നു കേൾക്കൂ:
“സ്ത്രീയുടെ സൃഷ്ടി വൈശിഷ്ട്യമാർന്നതു തന്നെ. അവളുടെ കഴിവുകൾ പുരുഷനെ അതിശയിപ്പിയ്ക്കുന്നു.പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനും ഭാരം കൂടിയ പ്രാരാബ്ധങ്ങളെ ചുമക്കാനും അവൾക്കാകുന്നു. സന്തോഷവും സ്നേഹവും അഭിപ്രായങ്ങളും അവളുടെ മുഷ്ടിയ്ക്കുള്ളിലാണ്.അട്ടഹസിയ്ക്കണമെന്നു തോന്നുന്ന സമയത്ത് അവൾക്ക് പുഞ്ചിരിയ്ക്കാനാകുന്നു. കരയണമെന്നു തോന്നുമ്പോൾ അവൾക്ക് പാടാനാകുന്നു.

സന്തോഷം വരുമ്പോൾ കരയുന്നു, പേടി തോന്നുമ്പോൾ ചിരിയ്ക്കുന്നു.വിശ്വസിച്ചതിനായി അവൾ പൊരുതുന്നു. അന്യായത്തിന്നെതിരായി നിലപാടെടുക്കുന്നു. മെച്ചമായ മറ്റൊരു പോംവഴി കാണുന്ന പ്രശ്നങ്ങളിൽ നിഷേധാത്മകമായ മറുപടിയെ അവൾക്കുൾക്കൊള്ളാനാകില്ല.കുടുംബത്തിന്റെ ഉന്നതിയ്ക്കായി സ്വയം ബലിയർപ്പിയ്ക്കാനവൾ തയ്യാറാകുന്നു. അസുഖമുള്ള സുഹൃത്തിനെ ഡോക്ടറുടെ സമീപമെത്തിയ്ക്കാൻ അവൾക്കു കഴിയുന്നു. അവളുടെ സ്നേഹം നിരുപാധികമാണ്. സ്വന്തം മക്കൾ വിജയശ്രീലാളിതരാകുമ്പോൾ അവൾ കരയുന്നു.സുഹൃത്തുക്കളുടെ ഉയർച്ച അവളിൽ സന്തോഷമുളവളാക്കുന്നു.ഒരു ജനനമോ വിവാഹമോ അവൾക്ക് സന്തോഷപ്രദമാകുന്നു. അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ മരണം അവളെ ദു:ഖിതയാക്കുന്നു. 

പക്ഷേ എല്ലാം സഹിച്ചു ജീവിതം മുന്നോട്ടു നീക്കാൻ അവൾ ശക്തി കണ്ടെത്തുന്നു.  കാരണം അവൾക്കറിയാം എത്ര തകർന്ന ഹൃദയത്തേയും സുഖപ്പെടുത്താൻ ഒരു ചുംബനമോ ആശ്ലേഷമോ മതിയെന്ന്.പക്ഷേ ഒരു കുറ്റം മാത്രമേ അവൾക്കുള്ളൂ, സ്വന്തം മൂല്യം പലപ്പോഴും അവൾ മറന്നുപോകുന്നു.“

ആരുടേയോ ഭാവനയിൽ നിന്നും മിനഞ്ഞെടുക്കപ്പെട്ട ഈ കഥ എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു. സ്ത്രീയെ ശരിയായി പഠിച്ചെഴുതിയതാണിതെന്നു പറയാനാകുമോ?. അപ്പോൾ പിന്നെ ഇത്  സ്ത്രീ ആരായിരിയ്ക്കണമെന്ന സന്ദേശമാണോ തരുന്നത്? ആരുടെ അഭിപ്രായമാണെങ്കിലും ഇതിൽ കഴമ്പുണ്ടോ എന്നതാണ് നമുക്കറിയേണ്ടത്. മാറിക്കൊണ്ടിരിയ്ക്കുന്ന സാമൂഹിക വ്യവസ്ഥിതിയിൽ ഇതിനെത്രത്തോളം പ്രസക്തിയുണ്ടെന്നതും നോക്കേണ്ടിയിരിയ്ക്കുന്നു. പണ്ട് കുടുംബത്തിന്റെ മുഴുവൻ ഭാരവും തലയിലേറ്റാൻ അവൾക്കു കഴിഞ്ഞിരുന്നുവെന്നത് നേരുതന്നെ. 

സമൂഹത്തിന്റെ കാഴ്ച്ചപ്പടും ഘടനാരീതിയും ഒക്കെ മാറിക്കഴിഞ്ഞിരിയ്ക്കുന്നു. പഴയതുപോലെ ഒതുങ്ങിക്കഴിയാനവൾക്കാവില്ല. പണ്ട് ധനസമ്പാദനം പുരുഷന്മാരുടെ കുത്തകയായിരുന്നതിനാൽ വീടു വിട്ട് അതിനായി പുറത്തു പോകേണ്ട ആവശ്യം അവൾക്കുണ്ടായിരുന്നില്ല. ഇന്നാണെങ്കിൽ ഗ്ലോബലൈസേഷന്റെ ആകർഷകത കനമുള്ള ശമ്പളപ്പാക്കറ്റുകളായി അവൾക്കു മുന്നിലെത്തുമ്പോൾ  അതിനെ നിരസിയ്ക്കാനവൾക്കാകുന്നില്ല. 

ആവശ്യത്തിന്നനുസൃതമായി ആ ചുമതല കൂടി തലയിലേറുമ്പോൾ കൂടുതൽ തിരക്കാർന്ന ജീവിതരീതി പലതും ത്യജിയ്ക്കാനവളെ പ്രേരിപ്പിയ്ക്കുന്നു.ഭൌതികമായ വസ്തുക്കളോടുള്ള ആകർഷണം അവളെ കൂടുതൽ ഉത്ക്കർഷേച്ഛുവാക്കി മാറ്റിയെന്നും വരാം. പക്ഷേ കാലാനുസൃതമായ മാറ്റങ്ങൾ അവൾ ചെയ്യുമ്പോൾ അതു സ്വന്തം കഴിവുകളെ മറക്കലല്ല, മറിച്ച് ശരിയായി ഉപയോഗിയ്ക്കലാണ് എന്നാണെനിയ്ക്കു തോന്നിയിട്ടുള്ളത്.പഴയ് രീതിയിൽ നിന്നും ചട്ടക്കൂടുകളിൽ നിന്നും പുറത്തു വരാനും കാലത്തിനനുസരിച്ചു മാറാനും പഠിയ്ക്കുക തന്നെയാണല്ലോ പുരോഗതിയുടെ ലക്ഷണം.
കാലത്തിന്നനുസരിച്ച് മാറാനും വെല്ലുവിളികളെ നേരിടാനും കഴിയുന്ന സ്ത്രീ എങ്ങിനെ സ്വന്തം കഴിവുകളെ മറക്കും?

ഇന്നും കുടുംബത്തിന്റെ കടിഞ്ഞാൺ അവൾക്ക് കയ്യിൽ തന്നെ. കൂടുതൽ സങ്കീർണ്ണമായ ജീവിതരീതി പുരുഷനൊത്ത് തോളോട് തോൾ ചേർന്ന് നീങ്ങാൻ അവൾ പഠിച്ചുവെങ്കിൽ അവൾ സ്വന്തം കഴിവിനെക്കുറിച്ച് സദാ ബോധവതിയാണെന്നുതന്നെയാണ് കാണിയ്ക്കുന്നത്. അവളുടെ ഉത്ക്കർഷേച്ഛയെ സ്വന്തം ലാഭേച്ഛയെന്നു മുദ്രകുത്താനാകില്ല.സ്വന്തം കുടുംബത്തിന്റെ ഉന്നമനം തന്നെ അവളുടെ ലക്ഷ്യ്യം. സമീപനരീതിയിലെ വ്യത്യാസം അത്യന്താപേക്ഷികവും. അത് അവളുടെ കുറ്റമാണെന്നും പറയാനാവില്ല. പലപ്പോഴും അന്യർക്കായി ജീവിച്ചു സ്വയം ജീവിയ്ക്കാൻ മറന്നുപോകുന്നവരുടെ കാലം കഴിഞ്ഞിരിയ്ക്കാം.


പുരോഗതിയിലേയ്ക്കുള്ള വഴിയിൽ കാലഭേദങ്ങൾക്കനുസൃതമായ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടേയിരിയ്ക്കും. അവ നമുക്ക് ദോഷകരമായി ഭവിയ്ക്കുന്നത് വരെ തുടരുന്നതിൽ തെറ്റുണ്ടെന്നും തോന്നുന്നില്ല. കൂട്ടലുകളും കിഴിയ്ക്കലുകളും ഉൾക്കൊണ്ട് ജീവിതം മുന്നോട്ട് പോകുക തന്നെ ചെയ്യും.ഇടയിലെന്തെങ്കിലും സംഭവിയ്ക്കുകയാണെങ്കിൽ തീർച്ചയായും അതിനെ സ്ത്രീ നേരിട്ടു കൊള്ളും , അവൾ ബോധവതിയാകും, അവൾക്കറിയാം എത്ര തകർന്ന ഹൃദയത്തേയും സുഖപ്പെടുത്താൻ ഒരു ചുംബനമോ ആശ്ലേഷമോ മതിയെന്ന്....

Tuesday, 15 November 2011

അഞ്ചാംഭാവം


(സ്ത്രീഭ്രൂണഹത്യയും ഫെർട്ടിലിറ്റി റേറ്റും)
ജ്യോതിർമയി ശങ്കരൻ






ആൺകുട്ടിയുണ്ടാവാനായുള്ള സ്പെഷ്യൽ ട്രീറ്റ്മെന്റിനായി പരസ്യം ചെയ്ത ഡോക്ടറെ കുറ്റക്കാരിയെന്നു കണ്ട് 3 വർഷത്തെ തടവിനും 30,000 രൂപ പിഴയും വിധിച്ചപ്പോൾ പ്രീ-കൺസെപ്ഷൻ & പ്രീ നാറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് (പ്രൊഹിബിഷൻ ഓഫ് സെക്സ് സെലെക്ഷൻ ) ആക്റ്റ്-2003 വന്നതിന്റെ ആദ്യഫലമായിരിയ്ക്കാം നമുക്കു കിട്ടിയത്. 

മുംബെയിലെ ഡോക്ടർമാരായ ഛായ ടാറ്റെഡ്, ഡോക്ടർ ശുഭാംഗി അഡ്കർ എന്നിവർക്കെതിരെ ഫയൽ ചെയ്യപ്പെട്ട ഈ കേസിൽ തെളിവുകളുടെ അഭാവത്തിൽ ഡോക്ടർ ശുഭാംഗിയെ വെറുതെ വിട്ടിരുന്നു. മെഡിക്കൽ അടിയന്തരാവസ്ഥയ്ക്കു പുറത്തുള്ള പ്രീ-നാറ്റൽ സെക്സ് ഡിറ്റർമിനേഷൻ ടെസ്റ്റുകളെ പാടെ തടയുന്നതിനുള്ള ഇത്തരം നീക്കങ്ങൾ ഏറെ സ്വാഗതാർഹം തന്നെ.

നിയമാനുസൃതമല്ലാതെയായുള്ള ഇത്തരം ടെസ്റ്റുകൾ നടത്തുന്ന പല ക്ലിനിക്കുകളിലും ഈയിടെ റെയ്ഡ് നടക്കുകയും സോണോഗ്രാഫി യന്ത്രങ്ങൾ സീൽ ചെയ്യപ്പെടുകയുമുണ്ടായി. അതുകൊണ്ടു സ്ത്രീഭ്രൂണഹത്യകൾ തടയാനാവില്ലെങ്കിലും ഒരു പരിധി വരെ നിയന്ത്രിയ്ക്കാൻ കഴിയുമായിരിയ്ക്കാം. റേഡിയോളജിസ്റ്റുകൾക്ക് ഒരൽ‌പ്പം ഭീതിയും ഉണ്ടായിട്ടുണ്ടാവാം. പക്ഷേ ഗർഭിണിയായ സ്ത്രീയുടെ രക്തത്തിന്റെ സാമ്പിൾ അയച്ചു കൊടുത്താൽ 12 ദിവസങ്ങൾക്കുള്ളിൽ അതിന്റെ റിസൽറ്റ് പ്രോമിസ് ചെയ്യുന്ന അമേരിയ്ക്കൻ ലാബോരറ്ററികളെ നമുക്കു നിയമത്തിനു കീഴിൽ കൊണ്ടു വരാനാകില്ലല്ലോ? വെറും 16,800 രൂപ ചിലവ് വരുന്ന ഈ ഫോയറ്റൽ ഡി.എൻ.ഏ ടെസ്റ്റ് കൂടുതൽക്കൂടുതൽ ഇന്ത്യക്കാരെ ആകർഷിച്ചുകൊണ്ടിരിയ്ക്കുന്നു.

അവിടെ അതു നിയമപരമായതിനു കാരണം പലപ്പോഴും അവിടെ ഇത്തരം സെക്സ് ഡിറ്റർമിനേഷൻ ടെസ്റ്റുകളുടെ ഉദ്ദേശം പിറക്കാനിരിയ്ക്കുന്ന കുഞ്ഞിനായുള്ള മുറി ഒരുക്കുന്നതിനും ഷോപ്പിംഗിനും ആയിരിയ്ക്കുമെന്നതിനാലാണ്. നാം ഇന്ത്യക്കാരെപ്പോലെ പിറക്കാനിരിയ്ക്കുന്ന കുഞ്ഞു പെണ്ണാണെന്നറിഞ്ഞാൽ അതിനെ നശിപ്പിയ്ക്കാൻ വേണ്ടിയല്ല. കഷ്ടം! നാം ഇത്രമാത്രം താഴ്ന്ന നിലവാരത്തിലേയ്ക്കെത്തിപ്പെട്ടല്ലോയെന്നോർക്കുമ്പോൾ ദു:ഖം തോന്നുന്നു.
“അവെയർനെസ്സ് ഇയർ ഓഫ് ഫീമെയിൽ ഫൊയെറ്റിസൈഡ്” ആയി പ്രഖ്യാപിച്ച 2007 കടന്നു പോയിട്ട് 4 വർഷം കഴിയാറായി. ഇക്കാലത്തിന്നിടയിൽ നമുക്കെന്തു നേട്ടങ്ങൾ കൈവരിയ്ക്കാനായി? ട്രഡീഷനുകളും ആചാരാനുഷ്ഠാനങ്ങളും ഇന്നും അവളെ തളച്ചിടുന്നു. എത്രയോ പെൺകുഞ്ഞുങ്ങളുടെ ജീവനുകൾ ഇപ്പോഴും ഗർഭ സഞ്ചികൾക്കുള്ളിൽത്തന്നെ ഒടുങ്ങുന്നു. ഇന്നും സമൂഹത്തിന് ആൺകുഞ്ഞുങ്ങൾക്കു സമമായി എന്തു കൊണ്ട് പെൺകുഞ്ഞുങ്ങളെ കാണാനാകുന്നില്ല? ചോദ്യങ്ങൾ മാത്രം ബാക്കി.

സേവ് ദ ഗേൾ ചൈൽഡ്” പദ്ധതി വളരെയേറെ പ്രതീക്ഷകളൊടെ തുടങ്ങിയ ഒന്നാണ്. ജനുവരി 24 നെ നമ്മൾ ‘നാഷനൽ ഗേൾ ചൈൽഡ് ഡെ” ആയും പ്രഖ്യാപിചിട്ടുണ്ട്. മദ്ധ്യപ്രദേശ് ഗവണ്മെന്റിന്റെ പുതിയ പദ്ധതി ‘ബേഠീ ബചാവോ അഭിയാൻ”പെൺകുട്ടികളെ നേരിടുന്നപ്രശ്നങ്ങളിലേയ്ക്കും അവർക്ക് വീടുകളിൽ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങൾ, പോഷകാഹാരക്കുറവ്,വിദ്യാഭ്യാസം,ബാല്യ വിവാഹം സ്ത്രീഭ്രൂണഹത്യ എന്നിവയ്ക്കും പ്രാധാന്യം കൊടുക്കുന്നു. 

അതേ സമയം യാഥാസ്ഥിതികത്വത്തിന്റെ പിടി മുറുക്കെപ്പിടിയ്ക്കുന്ന തമിൾനാട്ടിൽ നിന്നുമെത്തുന്ന വാർത്തകൾ നമ്മെ ഞെട്ടിപ്പിയ്ക്കുന്നവയാണ്. തലൈക്കൂന്തൽ എന്ന ആചാരത്തെക്കുറിച്ച് മുൻപൊരിയ്ക്കൽ ഞാൻ ഈ കോളത്തിൽ എഴുതിയിരുന്നുവല്ലോ? അതുപോലെത്തന്നെ കാലാകാലങ്ങളായുള്ള, വംശം നിലനിർത്താനായുള്ള ആൺ കുഞ്ഞുങ്ങൾക്കായുള്ള മോഹവും, വർദ്ധിച്ചുകൊണ്ടേയിരിയ്ക്കുന്ന പെൺകുട്ടികളുടെ സ്ത്രീധനഭാരവും എത്രയെത്ര കുരുന്നു പെൺകുഞ്ഞുങ്ങളെയാണ് ഇരുചെവിയറിയാതെ ഇല്ലാതാക്കിയതെന്നു പറയാനാവില്ല. പക്ഷെ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ‌പ്പെടാതിരുന്നിട്ടില്ലെന്നതാണ് സത്യം. ഇന്നും ആൺകുട്ടികൾക്കായുള്ള ദാഹം തുടരുന്നു.32 ഗ്രാമങ്ങളിലായി ഈയിടെ നടത്തിയ സർവ്വേയിൽ 333 ഭ്രൂണഹത്യ/ഇൻഫാന്റിസൈഡ് രേഖപ്പെടുത്താനായെന്നറിയുമ്പോൾ അതിന്റെ വൈപുല്യം മനസ്സിലാക്കാനാവുന്നു. 2001ലെ 20 സ്കാൻ സെന്ററുകളിൽ നിന്നും 2011ൽ 212 സ്കാൻ സെന്റ്റുകളായെന്നതും ശ്രദ്ധേയമാണ്. 

രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കാണുന്ന സ്ത്രീ-പുരുഷ ജനസംഖ്യയിലെ വ്യതിയാനം നമ്മെ ഇരുത്തിച്ചിന്തിപ്പിയ്ക്കാൻ ഇടവരുത്തുന്നു. കുറഞ്ഞു കൊണ്ടിരിയ്ക്കുന്ന  ജനന നിരക്ക് സമൂഹത്തിന്റെ നിലനിൽ‌പ്പിനെ ഏതെല്ലാം വിധത്തിൽ ബാധിയ്ക്കുമെന്നു ചിന്തിച്ചു തുടങ്ങാറായിരിയ്ക്കുന്നു.

മഹാരാഷ്ട്രയുടെ കാര്യമെടുക്കൂ.. പെൺകുഞ്ഞുങ്ങൾക്കു പ്രാധാന്യം നൽകാനാണെങ്കിലും മൂന്നാമത്തെ കുഞ്ഞു പെണ്ണായാൽ ഇൻസെന്റീവ്സ് വാഗ്ദാനം ചെയ്യുന്നതിലെ പൊരുത്തക്കേട് അധികൃതർ കാണുന്നില്ലെന്നോ? കുറയുന്ന ഫെർട്ടിലിറ്റി റേറ്റ് ചിന്ത്യ്ക്കു വകതരുന്നെന്നില്ല. ലോകമെമ്പാടും ചിന്തയ്ക്കു വക നൽകുന്ന ഒന്നാണല്ലോ കുറയുന്ന ഫെർട്ടിലിറ്റി റേറ്റ്. പക്ഷേ രണ്ടുകുട്ടികളെ വളർത്തുകയും വിദ്യാഭ്യാസം നൽകുകയെന്നതുപോലും ഭാരമാകുന്നതിനാൽ ഒരു കുട്ടി മതിയെന്ന ചിന്തയിലാണ് പലരുമിവിടെ. ഇനി അഥവാ മൂന്നാമത്തെ കുട്ടിയ്ക്കായി തയ്യാറാവുന്നവർക്ക് ആൺ കുഞ്ഞാണുണ്ടാകുന്നതെങ്കിലോ? അതു വീണ്ടും ആൺ-പെൺ റേഷ്യോവിന്റെ വിടവ് കൂട്ടുകയല്ലേ ചെയ്യുകയുള്ളൂ? 2001 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ആയിരം ആൺകുട്ടികൾക്ക് 927 പെൺകുട്ടികൾ എന്നത് 2011 ആയപ്പോഴേയ്ക്കും 914 ആയിക്കുറഞ്ഞു. മഹാരാഷ്ട്രയിൽ ഇന്നിത് അതിലും കുറഞ്ഞു 883 ലെത്തിക്കഴിഞ്ഞിരിയ്ക്കുന്നു.പൊതു പ്രവർത്തകർക്കും ഗവണ്മെണ്ട് ജീവനക്കാർക്കും മൂന്നു കുട്ടികളുണ്ടായാൽ അവരുടെ പ്രവർത്തന മേഖലയിൽ പലതിനും അയോഗ്യത കൽ‌പ്പിച്ചിരുന്നത് മാറ്റാൻ ഗവണ്മെന്റ് തീരുമാനിച്ചിരിയ്ക്കുകയാണ്. രണ്ടു പെൺകുഞ്ഞുങ്ങൾക്കുശേഷം ആൺകുഞ്ഞിനെ കൊതിയ്ക്കുന്നവർക്കിതേറെ അഭികാമ്യമാകും. എന്നാൽ മൂന്നാമതായി പെൺകുഞ്ഞു പിറന്നാൽത്തന്നെ മാത്രമേ സെക്സ് ഡിറ്റർമിനേഷൻ ടെസ്റ്റ് അവർ നടത്തിയിട്ടാണ്ടാവാനിടയില്ലെന്ന് നമുക്കു മനസ്സിലാകാൻ കഴിയുകയുള്ളൂ. ഈ നിലയ്ക്കു നോക്കുമ്പോൾ മൂന്നു കുഞ്ഞുങ്ങളാകാമെന്ന തീരുമാനം കൊണ്ട് മാത്രം ഫലം കിട്ടുന്നില്ലെന്നു കാണാം.

മറ്റേണ്ടതു നിയമങ്ങളല്ല, സമൂഹത്തിന്റെ കാഴ്ച്ചപ്പാടാണെന്നിവിടെ എല്ലാവർക്കും അറിയാം. കണ്ണടച്ചിരുട്ടാക്കുന്നവരോടെന്തു പറയാൻ? ജനിച്ച നിമിഷം മുതൽ അവളെ ഭാരമായിക്കാണാനേ സമൂഹത്തിനാകുന്നുള്ളൂ. എന്നാൽ അവളില്ലാത്ത ഒരു സമൂഹത്തെ വിഭാവനം ചെയ്യാനും സമൂഹത്തിന്നാകുന്നില്ല. കുടുംബത്തിന്റെ, സമൂഹത്തിന്റെ , നാടിന്റെ തന്നെ പുരോഗതിയിൽ സ്ത്രീ വഹിയ്ക്കുന്ന പങ്ക് പുരുഷനേക്കാൾ കൂടുതലെന്നതും സത്യം.. എന്നിട്ടും ഗർഭപാത്രത്തിന്നകത്തു കിടക്കുന്ന സമയത്തുപോലും  അവളെങ്ങിനെ ക്രൂരതയ്ക്കിരയാകുന്നു?

മറ്റു പല രാജ്യങ്ങളും ചെയ്യുന്നതുപോലെ ചെയ്യാമെങ്കിലും ഇൻസെന്റീവ്സ് കൊണ്ടു മാത്രം ഫെർട്ടിലിറ്റി റേറ്റ്  കൂട്ടാനോ പെൺ- ഭ്രൂണഹത്യകളെ തടയാനോ കഴിയുമെന്ന് വിചാരിയ്ക്കുന്നത് ശരിയാകണമെന്നില്ല.   സെക്സ് സെലെക്റ്റീവ് അബോർഷൻ തെറ്റാണെന്ന് സമൂഹം സ്വയം മനസ്സിലാക്കുന്നതുവരെ പാത്തും പതുങ്ങിയും അതു നടക്കുക തന്നെ ചെയ്യും. അതേ സമയം പെൺകുഞ്ഞുങ്ങൾ ഒരുകാര്യത്തിലും ആൺകുഞ്ഞുങ്ങളിൽ നിന്നും മോശമല്ലെന്നംഗീകരിയ്ക്കാൻ സമൂഹം പഠിയ്ക്കണം. വംശപാരമ്പര്യങ്ങളുടെ മഹത്വം നിലനിർത്തുന്നതിനേക്കാൾ സ്വന്തം മക്കളുടെ സന്തോഷവും സംതൃപ്തിയുമാകട്ടെ നമ്മുടെ ലക്ഷ്യം. ഒരു പക്ഷെ മൂന്നോ നാലോ കുട്ടികൾ വേണമെന്നു മോഹിയ്ക്കുന്നവർക്ക് നിയമം എതിരാകാതിരിയ്ക്കുന്നതും നല്ലതാകും. 

ഫെർട്ടിലിറ്റി രേറ്റ് കൂടില്ലെങ്കിലും ഇതുകൊണ്ടു പെൺകുട്ടികളുടെ സംഖ്യ വർദ്ധിയ്ക്കാനേ വഴിയുള്ളൂ.എന്തായാലും കഴിഞ്ഞയാഴ്ച്ച ദെൽഹിയിൽ ചൈൽഡ്-സെന്റേർഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനായ പ്ലാൻ ഇൻഡ്യ പുറത്തു വിട്ട “സ്റ്റേറ്റ് ഒഫ് ദ ഗേൾ ചൈൽഡ് ഇൻ ഇന്ത്യ”  റിപ്പോർട്ട് പുരുഷന്മാരേയും ആൺകുട്ടികളെയും, gender Equality യെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനെക്കുറിച്ചായിരുന്നു. അതിനായി പ്രവർത്തിയ്ക്കേണ്ട ചുമതലയും അവർക്കു തന്നെ. ഒരു തുടക്കമെന്നോണം ഡെൽഹി, ഉത്തർപ്രദേശ്,ബീഹാർ, ഗുജരാത്ത്, കർണ്ണാടക എന്നീ സ്റ്റേറ്റുകളിലെ 10 നും 35നും ഇടയിലെ സ്ത്രീ-പുരുഷന്മാർക്കിടയിലാണിതിന്റെ ബോധവൽക്കരണം നടത്തിയത്.പ്ലാൻ ഇന്ത്യയുടെ മൂന്നാമത്തെ ഈ സംരംഭത്തിനു മുൻപായുള്ള “Because I am a Girl” (BIAG), ‘Girls in a changing Landscape: Urban and Digital Frontiers’ എന്നിവയും ഏറെ ശ്രദ്ധേയമായവയാണ്. ഇതാണ് രാജ്യത്തിനു ഇന്ന് ആവശ്യം.പെൺകുട്ടികൾ സമൂഹത്തിലനുഭവിയ്ക്കുന്ന പ്രശ്നങ്ങളെ ഇവിടെ ചൂണ്ടിക്കാട്ടുന്നുവെങ്കിലും ഇവിടെ സ്ത്രീകൾ ക്കായി പ്രത്യേകതമായെന്തിനെങ്കിലുമായി മുറവിളി കൂട്ടുകയല്ല ചെയ്യുന്നത്, മറിച്ചു എല്ലാവരേയും ഒരേപോലെ പരിഗണിയ്ക്കുന്നതിനുള്ള ആഹ്വാനമാണു കാണുന്നത്. അസമത്വത്തെ നിർമ്മാർജ്ജനം ചെയ്യുന്നതിനൊപ്പം സ്വന്തം അവകാശങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം കൂടിയാകുന്നതിനാൽ സമൂഹത്തിന്റെ കാഴ്ച്ചപ്പാട് മാറാമെന്നാണ്പ്രതീക്ഷ....നമുക്കാശിയ്ക്കാം...പെൺകുഞ്ഞുങ്ങൾക്കായി ഒരു നല്ല നാളെ അണയാറായെന്നോർത്ത്..

Friday, 14 October 2011

അഞ്ചാംഭാവം

 ജ്യോതിർമയി ശങ്കരൻ

അമ്മമാർ അശരണരും അനാഥരുമാകുമ്പോൾ.....



അശരണരും ഉപേക്ഷിയ്ക്കപ്പെട്ടവരുമായ അമ്മമാരെ സഹായിയ്ക്കുന്നതിനായി ബോബെ പബ്ലിക് ട്രസ്റ്റ് ആക്റ്റ് 1950 നു കീഴിൽ രൂപീകരിയ്ക്കപ്പെട്ട മലയാളം ഫൌണ്ടേഷനിൽ നിന്നും വന്ന ഈ-മെയിൽ എന്നെ ഇരുത്തിച്ചിന്തിപ്പിച്ചു. മുംബെയിലെയല്ല, മറിച്ച് കേരളത്തിലെ അമ്മമാരെ സഹായിയ്ക്കുന്ന കാര്യമായിരുന്നു അതിൽ പരാമർശിച്ചിരുന്നത്.ഒരു തുടക്കമെന്ന നിലയിൽ ഇന്ത്യയിലെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള മറ്റു ചാരിറ്റബിൾ ഇൻസ്റ്റിസ്റ്റ്യൂഷനുകൾക്കുമൊത്തു പ്രവർത്തിയ്ക്കുന്ന ഈ സംഘടന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളിക്കൂട്ടായ്മകളിലൂടെ ഇത്തരം സഹായം ആവശ്യമുള്ളവരെ കണ്ടെത്താൻ ശ്രമിയ്ക്കുകയാണ്.ഇങ്ങനെ കണ്ടെത്തിയ അർഹതയുള്ളവർക്കായി ഓരോ മാസവും നിശ്ചിതമായ ഒരു ചെറിയ തുക കൊടുക്കുവാനും ഇവർ തുടങ്ങിക്കഴിഞ്ഞു. ഏറെ പ്രശംസാർഹമായ ഈ ശ്രമത്തിനു പുറകിലുള്ള നല്ല മനസ്സുകൾ നമ്മെ സന്തോഷിപ്പിയ്ക്കുന്നു. ഒരു ദിവസം ഒരു രൂപയെങ്കിലും ഇത്തരം പ്രവർത്തനങ്ങൾക്കായി ആർക്കും മാറ്റി വയ്ക്കാവുന്നതേയുള്ളൂ എന്ന ഇവരുടെ ചൂണ്ടിക്കാട്ടലുകളും ഏറെ ശ്രദ്ധയാകർഷിയ്ക്കുന്നതു തന്നെ. 

മറ്റൊരു കൂട്ടം അമ്മമാരുടെ എണ്ണം കൂടി കേരളത്തിൽ ഈയിടെയായി വർദ്ധിച്ചുകൊണ്ടിരിയ്ക്കുന്നതായി കാണുന്നു. അവർക്കാവശ്യം പണമല്ല. സാമ്പത്തികമായി അവർക്ക് ബുദ്ധിമുട്ടില്ലെങ്കിലും  ഉറ്റവരും ബന്ധുക്കളും ഉപേക്ഷിയ്ക്കപ്പെടുന്ന ഇത്തരക്കാർക്ക് ജീവിതത്തിന്റെ അവസാനനാളുകളിൽ വളരെയേറെ യാതനകൾ അനുഭവിയ്ക്കേണ്ടി വരുന്നു. പണം കൊടുത്താലും കിട്ടാൻ കഴിയാത്ത സ്നേഹബന്ധങ്ങൾക്കു വേണ്ടിയാണിവർ യാചിയ്ക്കുന്നത്. അവരുടെ തന്നെ ചെയ്തികളുടെ ഫലമാകാം, അഥവാ മറ്റു പലരുടെയും കള്ളക്കളികൾക്കു കൂട്ടു നിൽക്കാഞ്ഞതിലാകാം. എന്തായാലും സഹോദരങ്ങളും മക്കളുമെല്ലാം ഉണ്ടായിട്ടു കൂടി നാട്ടുകാരുടെ കാരുണ്യത്തിനു വഴിപ്പെടേണ്ടി വരുന്ന ഇത്തരം അമ്മമാർ തകർന്നുകൊണ്ടിരിയ്ക്കുന്ന നമ്മുടെ സാമൂഹികവ്യവസ്ഥിതികളുടെ അനന്തരഫലത്തെ ചൂണ്ടിക്കാട്ടുന്നവ തന്നെ.

പക്ഷേ ഇതിലെല്ലാമേറെ എന്നെ ചിന്തിപ്പിച്ചതു മറ്റൊന്നായിരുന്നു. ഇങ്ങനെയൊരു ഗതികേടിനെ കേരളത്തിനു നേരിടേണ്ടി വരുന്നതിലെ സാംഗത്യം. അഭ്യസ്തവിദ്യരും ബുദ്ധിജീവികളും സാക്ഷരതയിൽ മുന്നിൽ നിൽക്കുന്നവരെന്നു ഇന്ത്യ മുഴുവനുമറിയപ്പെടുന്നവരുമായ  കേരളീയർക്കീ ഗതികേടെങ്ങിനെ  വന്നു? നമ്മുടെ സംസ്ക്കാരത്തിലും ഇഴയടുപ്പമുള്ള കുടുംബ ബന്ധങ്ങളിലും ഊറ്റം കൊണ്ടിരുന്നവരാണല്ലോ നമ്മൾ? അതു തകരുന്നതു കാണുമ്പോൾ ഇവിടെ ആർക്കും വിഷമം തോന്നുന്നില്ലേ?ഇതിനൊരറുതി വരുത്തുന്ന കാര്യത്തെക്കുറിച്ചാരും ചിന്തിയ്ക്കുന്നില്ലേ? ന്യൂക്ലിയർ കുടുംബങ്ങളായി മാറിയെങ്കിലും ബന്ധങ്ങൾ നിഷ്ക്കരുണം വലിച്ചെറിയാവുന്നതല്ലെന്ന് ഭവിഷ്യത്തുക്കളിലൂടെ നമ്മൾ അറിഞ്ഞു തുടങ്ങിയിരിയ്ക്കുന്നു. അങ്ങു ദൂരെയിരുന്നു കേരളത്തെപ്രതി അഭിമാനം പൂണ്ടിരുന്നവർക്കു, നാളികേരത്തിന്റെ നാട്ടിൽ എനിയ്ക്കും നാഴിയിടങ്ങഴി മണ്ണുണ്ടെന്നഭിമാനിച്ചിരുന്നവർക്ക്, ഇന്നു കേരളത്തിന്റെ സ്ഥിതിയോർക്കുമ്പോൾ ലജ്ജയാണു തോന്നുന്നത്. അവഗണിയ്ക്കപ്പെടുന്ന അമ്മമാർ അവരുടെ ശ്രദ്ധയിൽ പെടാനും അതായിരുന്നിരിയ്ക്കാം കാരണം.

അതുകൊണ്ടു തന്നെയാകാം പണ്ട് കേരളത്തിനു പുറത്തോ ഇന്ത്യയ്ക്കു പുറത്തോ ജോലി ചെയ്തിരുന്നവർ അവസാനകാലം കഴിച്ചു കൂട്ടാൻ   കേരളത്തിൽ എത്തിയിരുന്നത് പോലെ ഇന്നത്തെ പ്രവാസികൾ അതിനു തയ്യാറാകാത്തത്. നാട്ടിൽ പകൽ പോലും സുരക്ഷിത്ത്വമില്ലെന്ന ഒരു ചിന്ത അവരിൽ ഉരുത്തിരിഞ്ഞു കഴിഞ്ഞിരിയ്ക്കുന്നു. എല്ലാം വിറ്റുപെറുക്കി അന്യ സംസ്ഥാനത്ത് കുടിയേറാൻ അവരെ പ്രേരിപ്പിയ്ക്കുന്നതിനും ഇതു തന്നെ കാരണം. ഒരു പക്ഷേ മലയാളം തീരെയറിയാത്ത മലയാളികളുടെ സംഖ്യ കൂടിക്കൊണ്ടേയിരുന്നുവെന്നും വരാം.ശിഥിലമായിക്കൊണ്ടിരിയ്ക്കുന്ന കുടുംബബന്ധങ്ങൾക്ക് ഇത് മറ്റൊരു കനത്ത ആഘാതമാവാം.

അമ്മ -   നിർവച്ചിയ്ക്കാനാവാത്ത ഒരു പ്രതിഭാസമായിട്ടേ എന്നും അവരെ നമുക്കു കാണാനാകൂ. കുടുംബത്തിന്റെ നെടുന്തൂണിളകിയാൽ വീഴ്ച്ച തന്നെ ഫലം. തമാശരൂപത്തിലാണെങ്കിൽ‌പ്പോലും ഹിന്ദി സിനിമയിലെ ഡയലോഗ് ഓർമ്മ വരുന്നു: ‘മേരെ പാസ് മാ ഹൈ’. അമ്മയ്ക്കു മുന്നിൽ മറ്റെന്തും നിഷ്പ്രഭമെന്ന ഈ ചിന്ത ഭാരതീയത്വത്തിന്റെ പ്രതീകമായിരുന്ന നാളുകൾ നമുക്കിനി ഓർമ്മയിൽ മാത്രം.ഇവിടെ അമ്മമാരും ജീവിതത്തിന്റെ ചതുരംഗക്കളികളിലെ കരുക്കൾ മാത്രം. സ്വയം നീങ്ങാനും നീക്കാനും അവർക്ക് കഴിയുന്നതു വരെ അവർക്കും കളികളിൽ ഭാഗഭാക്കാവാം.

പക്ഷേ ഒന്നു തീർച്ച, വീഴ്ച്ച ഇവിടെ അനിവാര്യം.ഉറ്റവരോ ബന്ധുക്കളോ ഇല്ലാത്തവരാണ് അനാഥരും അശരണരും ആയിത്തീരുന്നത്. പണ്ടത്തെക്കാലത്തെല്ലാം അത്തരക്കാരെ എന്നും സമൂഹം ഉൾക്കൊണ്ടിരുന്നു. ആരുമില്ലെങ്കിലും എല്ലാവരുമുണ്ടെന്ന ചിന്ത അവരിലുണർത്തും വിധം സമൂഹത്തിൽ അവർക്കും വില കൊടുക്കപ്പെട്ടിരുന്നു. സാമ്പത്തികമായ സഹായങ്ങളും അവർക്ക് അപ്രാപ്യമായിരുന്നില്ല.   ഇന്ന് എല്ലാവരും ഉണ്ടായിട്ടുകൂടി അമ്മമാർ ഈ ഗതിയിലെത്തുമ്പോൾ പരിതപിയ്ക്കാനേ കഴിയുന്നുള്ളൂ. അനാഥാലയങ്ങളോ ഓൾഡ് ഏജ് ഹോമുകളോ ഇതിനൊരു പരിഹാരമായി മാറുമെന്നു തോന്നുന്നുണ്ടോ?മാറേണ്ടത് ഇവിടത്തെ മനുഷ്യരുടെ മനസ്സാക്ഷിയാണല്ലോ? സാമൂഹ്യപരിഷ്ക്കർത്താക്കന്മാരുടെ അഭാവം ഇവിടെ കാണാനാകുന്നു.

ആരാണ് ഇവിടെ തെറ്റുകാർ ?കുടുംബത്തിലെ അനൈക്യവും സഹകരണമില്ലായ്മയും അരക്ഷിതാവസ്ഥയും തന്നെയല്ലേ ഇന്ന് സമൂഹത്തിലും പ്രതിഫലിച്ചു കാണുന്നത്? എത്രയോ തലമുറകളുടെ കടന്നുപോക്കിലൂടെ ഉരുത്തിരിഞ്ഞ നമ്മുടെ കണ്മുന്നിൽത്തന്നെ തകർന്നുവീഴുമ്പോൾ നിസ്സഹായതയോടെ നോക്കി നിൽക്കാനേ നമുക്കാവുന്നുള്ളൂ എന്ന ദു:ഖസത്യം നമുക്കു മറച്ചു വയ്ക്കാനാവില്ല. എന്തിനേയും പ്രതിഫലേച്ഛയോടെ കാണാനും സ്വന്തം സുഖം മാത്രം തേടാനും എന്നു നാം തുടക്കം കുറിച്ചുവോ അന്നു നമ്മുടെ സംസ്ക്കാരത്തിന്റെ നെടുന്തൂൺ ഇളകാൻ തുടങ്ങിയെന്നതാണ് സത്യം. തലനരച്ചു പ്രായമായവർ ഗൃഹത്തിന്നു ഐശ്വര്യമാണെന്നു ചിന്തിയ്ക്കുന്ന തലമുറ നമുക്കെന്നേ നഷ്ടമായി. അവരെ ഭാരമായിക്കാണാനും നിഷ്ക്കരുണം അവഗണിയ്ക്കാനും നമ്മൾ പഠിച്ചു കഴിഞ്ഞു. അവരെ വഴിയിലുപേക്ഷിയ്ക്കാനോ തള്ളിപ്പറയാനോ നമുക്കു മനസ്സാക്ഷിക്കുത്തുണ്ടാകുന്നില്ല. ആർഷഭാരത സംസ്ക്കാരത്തിലൂറ്റം കൊണ്ടിരുന്ന നാമിന്നു പാശ്ചാത്യസംസ്ക്കാരത്തെ കണ്ണുമടച്ചു പിന്തുടരുമ്പോൾ ഒന്നു മനസ്സിലാക്കുന്നില്ല, ഇരിയ്ക്കുന്ന മരത്തിന്റെ കടയ്ക്കൽ തന്നെയാണു നാം കോടാലി വയ്ക്കുന്നതെന്ന്. 

മദ്യപാനത്തിന്റെ ആസക്തി പല കുടുംബ ബന്ധങ്ങളേയും ശിഥിലമാക്കുന്നു. കിട്ടുന്നതു മുഴുവനും വിറ്റുപെറുക്കി കുടിയ്ക്കുകയെന്ന  നിലയിലേയ്ക്കത് വളരുമ്പോൾ പണത്തിനു വേണ്ടി എന്തും ചെയ്യാമെന്ന ധൈര്യവും മനസ്സിലുറവെടുക്കാൻ കാരണമാകുന്നു. വീണ്ടു വിചാരമില്ലാത്ത പ്രവൃത്തികളും വാഗ്വാദങ്ങളും ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളിൽ അകൽച്ച സൃഷ്ടിയ്ക്കുന്നു. ഇരുന്നു സംസാരിച്ചു തീർക്കേണ്ട പ്രശ്നങ്ങൾ പെരുപ്പിച്ചു വലുതാക്കാനേ എല്ലാവരും തുനിയുന്നുള്ളൂ. ഉപദേശം കേൾക്കാൻ ആർക്കും സമയമോ സൌകര്യമോ ഇല്ല. അധ: പതനത്തിലേയ്ക്കല്ലാതെ മറ്റെങ്ങോട്ട് പോവാൻ?

സാമൂഹികമായി വരുന്ന മാറ്റങ്ങൾ ഒരു പരിധി വരെ ഉൾക്കൊള്ളാം.ഗ്ലോബലൈസേഷന്റെ നല്ല വശങ്ങൾക്കൊപ്പം ഉരുത്തിരിയുന്ന കാളകൂടം വിഴുങ്ങാൻ ആരെങ്കിലുമെത്തുന്നതു വരെ നമ്മുടെ ഉള്ളിലേയ്ക്കു തന്നെ അതു പടർന്നു കൊണ്ടേയിരിയ്ക്കും. നമ്മൾ അത് അറിഞ്ഞുവരുമ്പോഴേയ്ക്കും പലതും നഷ്ടപ്പെടാനാണ് സാധ്യത . നിശ്ശബ്ദമായ നിലവിളികൾ നമ്മുടെ ഉറക്കം നഷടപ്പെടുത്തുകയും ചെയ്യും.