Showing posts with label jyothibhayi pariyatath. Show all posts
Showing posts with label jyothibhayi pariyatath. Show all posts

Saturday, 14 January 2012

നാളേക്കുള്ള ചില പെണ്‍കരുതലുകള്‍

ജ്യോതിഭായി പരിയാടത്ത്

പ്രസിഡണ്ടാണ്‌ വിഷയം നിർദ്ദേശിച്ചത്‌
വിമന്‍സ്‌ ഡേ സെമിനാറിനു
ഇതിൽപ്പരം റെലവന്റും സ്യൂട്ടബ്‌ളൂം ആയ
സബ്ജക്ട്‌ ഇനിയെന്തുള്ളൂ എന്ന്‌
സെക്രട്ടറി സെക്കൻഡ്‌ ചെയ്തതോടെ
ടോപിക്കിന്‌ അംഗീകാരമായി.

അബലയെന്നും ചപലയെന്നും
കണ്ണീർത്തുടരിലെ നായികയെന്നും
സ്ഥിരമായി അടയാളപ്പെടുത്തി
ചർവ്വിതചർവ്വണങ്ങളാൽ
പീഡിപ്പിക്കുകയാണ്‌
ആൺകോയ്മയുടെ സമൂഹമെന്നും
നാടിന്റെ വികസനവഴികളിൽ
മുൻനടക്കാൻ പ്രാപ്തിയുണ്ടോ
എന്ന വെല്ലുവിളീ
ഏറ്റെടുക്കുകയാണ്‌
ഈ വനിതാദിനത്തിൽ
ഉയർന്നചിന്താഗതിക്കരായ
നമ്മെപ്പോലുള്ളവർക്ക്‌ കരണീയമെന്നും
ഭാഷയുടെ അസ്കിത അൽപസ്വൽപമുള്ള
ഉപകാര്യദർശി ചൊല്ലിയാടി

ഫ്യൂച്ചറിലേയ്ക്കുള്ള പ്ലാനിംഗിൽ
കിച്ചൺ മാറ്റിനിർത്തിക്കൂടെന്നും
ഇഷ്ടവിഷയം തന്റെ കയ്യിൽ സെയ്ഫ്‌ എന്നും
മുടമ്പല്ലിൽ കുരുങ്ങിയ ചില്ലിചിക്കൻ
സുക്ഷ്മതയോടെ കുത്തിയെടുത്ത്‌
വൈസ്പ്രസിഡണ്ട്‌
വാക്കിനൊപ്പം ചവച്ചുതുപ്പി.

സമയബോധമാണു മസ്റ്റ്‌ എന്നും
അതിനാൽ
ടൈംമാനേജ്‌മന്റ്‌ ഹാൻഡിൽ ചെയ്തുകൊള്ളാമെന്നും
സൽവാറിന്റെ നെറ്റെഡ്‌ മേലാട വലിച്ചിട്ട്‌
മാറുയരം ഒളികണ്ണാൽ ഒന്നുംകൂടിയളന്ന്‌
ആത്മവിശ്വാസമുറപ്പിച്ചു ട്രാഷറർ

ഭാവിയിലേയ്ക്കുള്ള
പെൺകരുതലിന്റെ
പ്രബന്ധവശങ്ങൾ
കണ്ടും കേട്ടും
അസ്തപ്രജ്ഞരായ കാണികളെ
താൻപോരിമയിൽ നോക്കുന്ന
വേദിയിലെ സിംഹികളെ
സ്വപ്നംകണ്ട്‌ നിർവൃതിക്കൊണ്ടവരോടൊപ്പം
പ്രസംഗപരിചയം തീരെക്കുറഞ്ഞ
പ്രായോഗികബോധം കൂടിയ മറ്റൊരുവൾ
ഭാവിയിലേയ്ക്കായി തന്നെത്താൻ
കരുതലായത്‌
മാർച്ച്‌ എട്ടിലെ പത്രങ്ങൾ
പ്രാദേശികപേജ്‌ നിവർന്ന്
അവരേയും അറിയിക്കുമായിരിക്കും

Wednesday, 14 December 2011

അക്വേറിയം

ജ്യോതിഭായി പരിയാടത്ത്

ഏതോ ഒച്ച കാതു തുളച്ചപ്പോള്‍
ഉറക്കം ഞെട്ടി .
കമ്പനി സൈറണാവില്ല .
മെര്‍ക്കുറി പ്ലൈവുഡ്സ്
ചിതലരിച്ചുപോയിട്ടു കൊല്ലം നാലഞ്ചായി.
കറുത്ത-വെളുത്ത കുഞ്ഞാലിമാരുടെ
പങ്കുതീപ്പെട്ടിക്കമ്പനി പൂട്ടിപ്പോയിട്ടും .

*നിലാവില്‍ റാ...റാ എന്ന് തലയാട്ടി
കഥയിലെ കുരുമുളകുവള്ളിപ്പാട്ടാണോ?
ഏതിനും വണ്ടിച്ചൂളമാവില്ല
വീതികൂട്ടാനിട്ട റെയിലുവഴി
കന്നുപൂട്ടിയ പാടംപോലെ കിടപ്പാണ്.
ഹൈവേപ്പാതയിലെ ആംബുലന്‍സ്‌വണ്ടിയും
വെറുതേ ചങ്കിടിപ്പിക്കലാണു പതിവ് .

പുറത്ത്‌
നിലച്ച മഴയും നിറഞ്ഞ നിലാവും
അവസ്ഥകള്‍ വെച്ചുമാറിയിരിക്കുന്നു .
ചൂളമിട്ടത്‌ കള്ളനോ കാറ്റോ?

അകത്ത്‌
മൂലയ്ക്കലെ മീന്‍കൂട്ടില്‍
മഞ്ഞവെളിച്ചത്തില്‍ കണ്ണു പുളിച്ച്
പൂഞ്ചെകിള പലവുരു തുറന്നടച്ച്
ശ്വാസം മാത്രം കുമളിപ്പിച്ച്
തുഴച്ചില്‍ നിര്‍ത്തി
മീനുകള്‍ നിശ്ചലരായി .

പ്രജ്ഞയിലെ മിന്നലിനും മുന്‍പേ
മൂളക്കത്തിന്റെ രണ്ടാമൂഴം .
വെളിച്ചം കെട്ടു.
അക്വേറിയത്തിന്റെ
മേല്‍മൂടി മലര്‍ന്നതും
കുത്തൊഴുക്കില്‍
കാല്‍ത്തണുവില്‍
വഴുവഴുത്തെന്തോ
പുളഞ്ഞതും
അറിഞ്ഞു .

കവിള്‍കൊണ്ട നീരില്‍
ഒരുവീര്‍പ്പ് കുമിള
ഇല്ലാച്ചെകിളയിലൂടെ
പുറംവഴി തേടി .

അതിരില്ലാപ്പരപ്പില്‍
അന്തേവാസികള്‍ നീന്തിപ്പുളച്ചു .


*ഉറൂബിന്റെ 'മുളകുവള്ളി'  എന്ന കഥ