Showing posts with label jikku varghese. Show all posts
Showing posts with label jikku varghese. Show all posts

Tuesday, 15 November 2011

ബ്ലോഗ്ഗര്‍ ഓണ്‍ ദി ഡയസ്:അനില്‍കുമാര്‍ സി പി

ജിക്കു വർഗ്ഗീസ്


ബ്ലോഗ്ഗര്‍ ഓണ്‍ ദി ഡയസ്:അനില്‍കുമാര്‍ സി പി

ദുബായിയില്‍ ക്വാളിറ്റി മാനേജര്‍ ആയി ജോലി ചെയ്യുന്ന
അനില്‍കുമാര്‍ സി പി വേറിട്ട കഥകളിലൂടെയാണ് ബ്ലോഗ് ലോകത്ത് പ്രസിദ്ധനായത്. വൈഖരി എന്ന ബ്ലോഗിലൂടെ അനേകം ഹൃദയ സ്പര്‍ശിയായ കഥകളിലൂടെയും,ഗ്രാമീണതയുടെ സൌന്ദര്യം കഥകളില്‍ ആവാഹിച്ചും മലയാളികളുടെ മനസ്സില്‍ നിലയുറപ്പിച്ച കഥാകാരനാണ് ശ്രീ അനില്‍കുമാര്‍ സി പി.അറിയപ്പെടുന്ന ഓണ്‍ലൈന്‍ മാഗസിനുകളിലും മറ്റും പ്രവാസത്തിന്റെ ചൂടും ചൂരുമുള്ള കഥകളും കവിതകളും എഴുതുന്നു.രണ്ടുലക്ഷത്തിലധികംമെമ്പര്‍മാരുള്ള ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ മലയാളി
കൂട്ടായ്മയായ കൂട്ടത്തിന്റെ പ്രധാന ഭാരവാഹികളില്‍ ഒരാളാണ് ശ്രീ അനില്‍കുമാര്‍ . ബൂലോകം ഓണ്‍ലൈന്‍ നടത്തിയ വോട്ടെടുപ്പില്‍ അനില്‍ കുമാര്‍ ഫസ്റ്റ് റണ്ണര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ബ്ലോഗ്ഗര്‍ ഓണ്‍ ദി ഡയസ് എന്ന പംക്തിയില്‍ ഈ ആഴ്ച നമ്മോടൊപ്പം ശ്രീ.അനില്‍കുമാര്‍ സി പി യാണ്.
അവധിക്കാലത്തിനു ശേഷം തിരിച്ചെത്തിയ അനില്‍ ചേട്ടനുമായി സംസാരിക്കുന്നതില്‍ സന്തോഷമുണ്ട്.നാട്ടിലെ വര്‍ത്തമാനങ്ങള്‍ വായനക്കാരുമായി പങ്കു വെക്കാമോ?
തീര്‍ച്ചയായും സന്തോഷത്തോടെ പങ്കുവെക്കാം.
ഒരുപാട് ഗൃഹാതുരതകള്‍ മറ്റാരേക്കാളും കൂടുതല്‍ മനസ്സില്‍ സൂക്ഷിക്കുന്നവരാണ് പ്രവാസികള്‍ എന്ന് പറയാറുണ്ട്. പതിവുപോലെ അത്തരം ഒരുപാട് ഗൃഹാതുരതകളും മനസ്സില്‍ സൂക്ഷിച്ചാണ് ഇത്തവണയും നാട്ടിലെത്തിയത്. ഏറെനല്ല നിമിഷങ്ങള്‍ ഈ അവധിക്കാലവും തന്നെങ്കിലും മലയാളിജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന അഴിമതിയുടേയും, പീഡനങ്ങളുടേയും, അക്രമങ്ങളുടേയും ഒക്കെ കഥകള്‍ വല്ലാത്തൊരു അമ്പരപ്പാണ് തന്നത്. അതോടൊപ്പം ഉള്ളിയുടെ വിലകേട്ട് വാ പൊളിച്ചുനിന്നുപോയ എന്നെ നോക്കിയ പച്ചക്കറി കച്ചവടക്കാരന്റെ കണ്ണുകളിലെ സഹതാപവും, മീനിനു വില പറഞ്ഞ എന്റെ നേര്‍ക്ക് ‘ഇയ്യാള് ആരുവ്വേ’ എന്നൊരു നോട്ടം വലിച്ചെറിഞ്ഞ മീന്‍‌‌കച്ചവടക്കാരന്റെ പുച്ഛത്തോടെയുള്ള നോട്ടവും എന്ത് വികാരമാണ് എന്നില്‍ ഉണ്ടാക്കിയത് എന്നെനിക്കറിയില്ല!
‘ബൂലോകം ഓണ്‍ലൈനിന്റെ’ സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിഞ്ഞതും, ‘കൂട്ടം’ കുടുംബത്തിന്റെ തൃശൂരില്‍ നടന്ന മീറ്റില്‍ പങ്കെടുക്ക്നുംക്കാന്‍ കഴിഞ്ഞതും ഈ അവധിക്കാലത്തിന്റെ മധുരമുള്ള ഓര്‍മ്മകളായി മനസ്സില്‍ ശേഷിക്കുന്നു.
തിരുവനന്തപുരത്ത് നടന്ന ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ്‌ അവാര്‍ഡ് നിഷ എങ്ങനെ തോന്നി?
സാഹിത്യ, സാംസ്കാരിക ലോകത്തെ പല പ്രശസ്തരുടെയും സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായ ഒരു
അവാര്‍ഡ്‌ നിശയയിരുന്നു. ബൂലോകം ഓണ്‍ലൈനിന്റെ മികച്ച ഈ സംരംഭം ബ്ലോഗ്ഗര്‍മാര്‍ക്ക്, പ്രത്യേകിച്ചും നവാഗതര്‍ക്ക് വലിയ പ്രചോദനമാണ്..
അവാര്‍ഡ് ഏറ്റു വാങ്ങുമ്പോള്‍ എന്തായിരുന്നു താങ്കളുടെ വികാരം?
തികച്ചും അപ്രതീക്ഷിതമായി ലഭിച്ച അംഗീകാരത്തിന്റെ അതിശയം നിറഞ്ഞ സന്തോഷമായിരുന്നു. ഇത്രയും വലിയ ബൂലോകത്ത് എന്റെ ബ്ലോഗുകള്‍ കുറേയേറെപ്പേര്‍ ഇഷ്ടപ്പെടുന്നു എന്ന അറിവ് ഹൃദയത്തില്‍ നനവ്‌ പടര്‍ത്തുന്ന അനുഭവം ആയിരുന്നു.
നാട്ടില്‍ പോയപ്പോള്‍ താങ്കള്‍ ചെയര്‍മാനായ ‘കൂട്ടം’ കൂട്ടായ്മയിലെ അംഗങ്ങളെ കണ്ടപ്പോള്‍ എന്ത് തോന്നി?
‘കൂട്ടം’ വെറുമൊരു സൌഹൃദക്കൂട്ടായ്മ അല്ല, അതൊരു കുടുംബമാണ്. ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളി ഉണ്ടാവും എന്ന്
പറയുന്നതിന് അടിവരയിടുന്നതാണ് കൂട്ടത്തിന്റെ കൂട്ടായ്മ. പ്രവാസികള്‍ക്കിടയില്‍ സ്വന്തം നാട്ടുകാരെ കാണുമ്പൊള്‍ നമുക്ക് വളരെ
സന്തോഷം തോന്നും. പക്ഷെ നാട്ടില്‍ പോയാലും നമ്മുടെ പ്രിയപ്പെട്ടവരെ പോലെ തന്നെ കൂട്ടത്തിലെ അംഗങ്ങളും ഒത്തുചേരുന്നതും, പലതരം
നന്മകളില്‍ പങ്കാളികാവുകയും ചെയ്യുന്നതും ഏറെ സന്തോഷം തരുന്നു. എനിക്ക് തോന്നുന്നത് ഇത് കൂട്ടത്തിന്റെ മാത്രം പ്രത്യേകതയാണ് എന്നാണ്.
ബ്ലോഗുകള്‍ ഇന്ന് ഒരു മാന്ദ്യഅവസ്ഥയിലാണ് എന്നൊരു അടക്കം പറച്ചിലുണ്ട്.താങ്കള്‍ യോജിക്കുന്നുണ്ടോ?
ഇതോരബദ്ധ ധാരണ എന്നാണ് എനിക്ക് തോന്നുന്നത്. എത്രയോ ബ്ലോഗ്ഗര്‍മാര്‍ ഓരോ ദിവസവും ബൂലോഗത്തേക്ക്
പുതിയതായി കടന്ന് വരുന്നു.
അടുത്തയിടക്ക്‌ ഒരു മാധ്യമത്തില്‍ സാഹിത്യകാരന്‍ ശ്രീ.സന്തോഷ്‌ എച്ചിക്കാനം പറയുകയുണ്ടായി ബ്ലോഗ്‌ എഴുത്തുകാര്‍ കേവലം വാല്‍ നക്ഷത്രങ്ങള്‍ പോലെ എരിഞ്ഞ് തീരുന്നവരാണ് എന്ന്.എങ്ങനെ പ്രതികരിക്കുന്നു?

സാഹിത്യലോകത്തെ മികച്ച എഴുത്തുകാരുടെ സൃഷ്ടികളെപ്പോലെതന്നെ മേന്മയുള്ള പലസൃഷ്ടികളും ബ്ലോഗ്‌ ലോകത്തും കാണാന്‍ കഴിയും. അതിനു കണ്ണ് തുറന്നു തന്നെ അവ കാണാന്‍ കഴിയണം..ഇപ്പോള്‍ റിയാലിറ്റി ഷോകള്‍ വന്നപ്പോഴാണ് നമ്മള്‍ അറിയുന്നത് കലയുടെ ലോകത്ത് സമ്പന്നമായ ഒരു ഭാവി തലമുറ നമുക്കുണ്ടെന്ന്. വെറും കഴിവുകൊണ്ട് മാത്രം ആരും അറിയപ്പെടണമെന്നില്ല, അതിനുള്ള
അവസരങ്ങളും ഭാഗ്യവും ഒത്തുവരുമ്പോള്‍ മാത്രമേ അവരുടെ കഴിവ് ശ്രദ്ധിക്കപ്പെടുകയുള്ളു എന്ന് മാത്രം.
മുഖ്യ ധാരാ മാധ്യമങ്ങളും,മുഖ്യ ധാരാ എഴുത്തുകാരും ബ്ലോഗിനെ എങ്ങനെ സമീപിക്കുന്നതായി തോന്നുന്നു?
പലരും ബ്ലോഗിനു നേരെ മുഖം തിരിക്കുന്നതായി തോന്നുന്നു. മാതൃഭൂമിക്ക് ബ്ലോഗന എന്ന പംക്തിയിലൂടെ വേറിട്ട സമീപനമുണ്ട്. ക്രമേണ മറ്റുള്ളവരും അവരുടെ ഇപ്പോഴത്തെ മനോഭാവത്തല്‍ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇ-ലോകം അത്രയും വേഗത്തില്‍ മാറിക്കൊണ്ടിരിക്കയാണല്ലോ.
ബ്ലോഗിന്റെ ഭാവിയെ കുറിച്ച് താങ്കളുടെ സങ്കല്പം?
ഒരുപാടു വര്‍ണ്ണങ്ങള്‍ എഴുതിച്ചേര്‍ത്ത ബൂലോഗത്തെ സ്വപ്നം കാണാനാണെനിക്കിഷ്ടം. ബ്ലോഗിന്റെ ഭാവി ശോഭനമാണ് എന്ന് തന്നെയാണ് എന്റെ വിശ്വ്വാസം.
http://www1.picturepush.com/photo/a/5088154/640/5088154.jpg
ബ്ലോഗിലെ ഗ്രൂപ്പിസത്തോട്‌ എങ്ങനെ പ്രതികരിക്കുന്നു?ഗ്രൂപ്പുകള്‍ ഉള്ളതായി അനുഭവപ്പെട്ടിടുണ്ടോ?
ഗ്രൂപ്പുകളും, ക്ലിക്കുകളും ബൂലോഗത്തുണ്ട് എന്നത് ഒരു വസ്തുത തന്നെയാണ്. ഇവ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ബൂലോഗത്ത് പുതിയതായി കടന്ന് വരുന്നവരെയാണ്. പല നല്ല എഴുത്തുകാര്‍ക്കും ശ്രദ്ധ കിട്ടാതെ പൊകുന്ന അവസ്ഥയും ഇതുകാരണ ഉണ്ടാകുന്നു. നല്ലവിമര്‍ശനങ്ങള്‍ ഉണ്ടാവണം, അവ എഴുത്തുകാരന് ഊര്‍ജ്ജം പകരുന്നവയുമാകണം.
ബ്ലോഗ്‌ പുതു തലമുറ ഉപയോഗിക്കാതെ പോകുന്നു എന്നൊരു ന്യൂനത കാണുന്നു,ആളുകളിലേക്ക്‌ ബ്ലോഗ്‌ എന്ന ആശയം എങ്ങനെ എത്തിക്കാം?
അതൊരു ന്യുനതയായി കാണേണ്ടതില്ല. എന്തുകൊണ്ടും പുതിയ തലമുറ നമ്മളെക്കാള്‍ വളരെ മുന്നിലാണ്. അവര്‍ ജീവിതം ആഘൊഷമാക്കുന്നു. അപ്പോള്‍ സമയക്കുറവില്‍ ഇവിടെ വന്നുപോകാന്‍ മടികാണിക്കുന്നവര്‍ ഉണ്ട്. എങ്കിലും ബൂലോഗത്തും
ധരാളം ചെറുപ്പക്കാര്‍ ഉണ്ട് . കുറച്ചുകൂടി സാങ്കെതികമികവ് ബ്ലോഗ്‌ ഉണ്ടാക്കുന്നതില്‍ കൊണ്ടുവന്നാല്‍ കൂടുതല്‍
ആളുകള്‍ ഇതിലേക്ക് വരും. ബ്ലോഗ്‌ പേപ്പര്‍ അച്ചടി പതിപ്പുകള്‍ ഇറങ്ങിയാല്‍ തീര്‍ച്ചയായും നല്ല പ്രചാരം ലഭിക്കും.മാത്രമല്ല ഇന്ന് IT
യക് വലിയ പ്രാധാന്യം സ്കൂള്‍ തലം മുതല്‍ നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് ബ്ലോഗ്‌ ലോകം പരിചയപ്പെടുത്തുക വഴി അവരുടെ എഴുതാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യാം.
പുതു തലമുറയിലെ എഴുത്തുകാരോട് എന്താണ് പറയാനുള്ളത്?
എഴുത്തിന്റെ ലോകത്ത് ഒരു പുതുമുഖം ആണ് ഞാന്‍. വലിയ അനുഭവത്തിന്റെ അറിവൊന്നും എനിക്കില്ല, എന്റെ പരിമിതമായ അനുഭവത്തില്‍ നിന്നു പറഞ്ഞാല്‍, ആത്മവിശ്വാസത്തോടെ എഴുതാന്‍ കഴിയണം. തിരസ്കാരങ്ങളിലോ, നിരാസങ്ങളിലോ, വിമര്‍ശനങ്ങളിലോ
മടുപ്പുതോന്നാതെ എഴുതുക, നിങ്ങളെ സാഹിത്യലോകം തിരിച്ചറിയുകതന്നെ ചെയ്യും.

Friday, 14 October 2011

ഫൈവ് പോയിന്റ്‌ സംവണ്‍

ജിക്കു വർഗ്ഗീസ്


Chetan Bhagath
Chetan Bhagath
ഒരു നോവലെന്നതിലുപരി സമകാലിക ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ നേര്കാഴ്ചയാണ് ചേതന്‍   ഭഗത്തിന്റെ “ഫൈവ് പോയിന്റ്‌ സം വണ്‍ ,വാട്ട്‌ നോട്ട്  ടു  ഡൂ അറ്റ് IIT “(Five Point Someone,what not to do at IIT .)ഒരു പ്രത്യേക കാര്യത്തില്‍ എന്തൊക്കെ ചെയ്യണം, എന്തൊക്കെ മാത്രമേ ചെയ്യാവൂ  എന്ന് പ്രതിപാദിക്കാറുണ്ട്.എന്നാല്‍ പതിവിനു വിപരീതമായി എന്ത് ചെയ്യരുത് എന്ന് പറയുമ്പോള്‍ വായനക്കാരില്‍ അതൊരു പുതുമയുള്ളതും ,വൈവിധ്യവുമായ ഒരു അനുഭൂതി സൃഷ്ട്ടിക്കുകയാണ്.ഡല്‍ഹി IIT യുടെ പശ്ചാത്തലത്തില്‍ മൂന്നു വ്യതസ്ത ജീവിതങ്ങളുടെ കഥ പറയുകയാണ്‌ ചേതന്‍ .തന്റെ സാഹിത്യ ജീവിതത്തില്‍ ആകെ കൂടി 4 പുസ്തകങ്ങള്‍(Five Point Someone – What not to do at IIT! , One Night @ the Call Center, The 3 Mistakes of My Life , 2 States: The Story of My Marriage.) മാത്രം രചിച്ച ചേതന്റെ ഈ ‘വിസ്മയം’ പോയ വര്‍ഷങ്ങളിലെ ബെസ്റ്റ് സെല്ലര്‍ ആയി മാറിയതില്‍ എനിക്കത്ഭുതമില്ല.കാരണം എനിക്കറിയാം ചേതന്റെ വാക്കുകളുടെ ശക്തി.ഇത് വായിച്ചവര്‍ ഒരിക്കലും ഒരു ‘വെറും നോവലായി’ ഇതിനെ കാണാന്‍ ഇടയില്ല .മറിച്ച് ഒട്ടനേകം സന്ദേശങ്ങള്‍ നല്‍കുന്ന ഒരു അക്ഷയ നിധിയായി ഇതിനെ കണ്ടിട്ടുണ്ടാവും.ചേതന്റെ IIT  വിദ്യാഭ്യാസ കാലഘട്ടത്തെ അടിസ്ഥാനമാക്കിയാണ് ഈ കഥ എഴുതപെട്ടിരിക്കുന്നത്.ഈ നോവലാണ്‌ രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത 3-idiots  എന്ന പേരില്‍ വമ്പന്‍ ഹിറ്റായ സിനിമയായി മാറിയത്.ഒരു പക്ഷെ ദ്രിശ്യാവിഷ്ക്കാരം കണ്ട ശേഷം മൂലകഥ വായിക്കുമ്പോള്‍ മടുപ്പിക്കുന്ന അനുഭവം അനുവാചകരില്‍ ഉണ്ടാക്കാം.എന്നാല്‍ 3-idiots കണ്ട ശേഷം നോവല്‍ വായിക്കുന്നവര്‍ക്കായി കാത്തിരിക്കുന്നത് സിനിമയില്‍ അവര്‍ കാണാത്ത ഒരു ക്ലൈമാക്സും മട്ടു ഘടകങ്ങളുമാണ്.

3-Idiots
ര്യാന്‍,ആലോക്,ഹരി -മൂന്നു യുവാക്കള്‍.അവര്‍ ജീവിത ലക്ഷ്യമെന്നോണം ഡല്‍ഹി IIT യിലെ പഠനത്തിനെത്തുന്നു .ആദ്യ ദിവസത്തെ റാഗിങ്ങില്‍ നിന്നും അതിവിദഗ്ദമായി ര്യാന്‍ -ആലോകിനെയും,ഹരിയും രക്ഷപ്പെടുത്തുന്നു.തുടര്‍ന്നുള്ള ഹോസ്റ്റെല്‍,കോളജ് ജീവിതത്തില്‍ അവരുടെ അതിശക്തമായ സുഹൃത്ത് ബന്ധം ആരംഭിക്കുകയാണ്.മൂന്നു വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വന്നവര്‍ ,മൂന്നു വ്യത്യസ്ത രീതികളിലുള്ളവര്‍ ,പരിമിതികള്‍ ഉള്ളവര്‍  ,പക്ഷെ പോരാടുകയാണ് പരിമിതികളെ തോല്‍പ്പിച്ചു കൊണ്ട് ,ഒറ്റ ലക്‌ഷ്യം മാത്രം -ജീവിത വിജയം.അതില്‍ അവര്‍ക്ക് അനേകം പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു ,ഇതാണ് ഫൈവ് പോയിന്റ്‌ സം വണ്‍ എന്ന സൃഷ്ട്ടിയുടെ പ്രമേയം.പുസ്തകം ആരംഭിക്കുന്നത് മുതല്‍ വായനക്കാരെ ഈ സൃഷ്ട്ടി അതിയായി രസിപ്പിക്കുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത് .കടപ്പാട് പേജില്‍ നോവലിലെ അക്ഷര പിശകുകള്‍ തിരുത്താന്‍ സഹായിച്ച MS വേര്‍ഡ്‌ ന്റെ മുതലാളിയായ ബില്‍ ഗേറ്റ്സിനും
മൈക്രോസോഫ്ട്‌ കോര്‍പ്പറേഷനും വരെ നന്ദി പറഞ്ഞാണ് ചേതന്‍ എഴുതി തുടങ്ങുന്നത്.മൂന്നു പേരില്‍ ഹരിയാണ് കഥ പറയുന്നത്.ആലോകിനു ഒരു അപകടം സംഭവിച്ചപ്പോള്‍ ആംബുലന്‍സില്‍ ഇരുന്നുകൊണ്ട്  ആലോക് രക്ഷപ്പെട്ടാല്‍ ആരും മറക്കാത്ത ഈ കോളജ് ദിനങ്ങള്‍ പുസ്തകമാക്കുമെന്നു പറഞ്ഞു കൊണ്ട് കഥയിലേക്ക് വായനക്കാരെ അദ്ദേഹം ക്ഷണിക്കുന്നു.പോസ്റ്റ് മോഡേണ്‍ നോവലിസ്റ്റുകളെ പോലെ ഒരു നോവല്‍ എന്നത് മാത്രമല്ല ഉദേശിക്കുന്നത്,മറിച്ച് അത് എങ്ങനെ വായിക്കണം,എങ്ങനെ എഴുതപെട്ടു എന്നൊക്കെ ചേതന്‍ നമ്മുക്ക് വിവരിച്ചു തരുന്നു.
തികച്ചും സ്വാഭാവികമായ ആഖ്യാന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്.ഇന്നത്തെ സാങ്കേതിക /ഉന്നത പഠന രീതികള്‍ എങ്ങനെയാണ് എന്ന് അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്-”ഒരാള്‍ക്ക്‌ IIT പാസാകണമെന്നു തീവ്രാഭിലാഷമുണ്ടെങ്കില്‍ രണ്ടു വര്‍ഷത്തേക്ക് ഒരു മുറിക്കുള്ളില്‍ കുറെ പുസ്തകങ്ങളുമായി ചടഞ്ഞു കൂടിയിരുന്നു താക്കോല്‍ കൊണ്ട് മുറി പൂട്ടി ,ആ താക്കോല്‍ എറിഞ്ഞു കളയാനുള്ള മനസ് വേണം”.

A Scene From 3-Idiots
ര്യാന്‍ പുതിയ പുതിയ ആശയങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും സൃഷ്ട്ടാവാണ്.പഠനം മാത്രമായുള്ള ജീവിതത്തെ കുറിച്ച് അയാള്‍ക്ക്‌ ചിന്തിക്കാന്‍ പോലുമാകില്ല.നിലവിലുള്ള വിദ്യാഭ്യാസ രീതികളോട് അയാള്‍ക്ക്‌ എതിര്‍പ്പാണ്.ബ്രോയിലര്‍ ചിക്കന്‍ കണക്കെയുള്ള     കുറെ കുട്ടികളെ ടൈയും കെട്ടിച്ചു വിദേശ രാജ്യങ്ങളുടെ MNC(Multi National Companies)ലേക്ക് കൊടുക്കുന്നതല്ലാതെ അടിസ്ഥാനമായി രാജ്യത്തിന്റെ പുരോഗതിയിലേക്ക് IIT എന്ത് സംഭാവന ചെയ്യുന്നു എന്ന് ര്യാന്‍ ചോദിക്കുന്നു.കാണാതെ പഠിക്കുകയും ,എഴുതു പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം വര്‍ധിപ്പിക്കില്ല എന്ന അഭിപ്രായക്കാരനാണ് ര്യാന്‍.സ്വതന്ത്ര ചിന്തക്കും,ഭാവനകളുടെ  വികാസത്തിനും ഇവിടെ യാതൊരു സംവിധാനങ്ങളും ഇല്ലെന്നു  അയാള്‍ കൂട്ടി ചേര്‍ക്കുന്നു.പക്ഷെ രണ്ടാമനായ ആലോക് ആകട്ടെ വീട്ടിലെ പരാദീനതകള്‍  മൂലം എങ്ങനെയെങ്കിലും പഠിച്ചു ഈ കടമ്പ കടന്നു ഒരു ജോലി സമ്പാദിക്കുക എന്നത് മാത്രമാണ് ലക്‌ഷ്യം.കഥ പറയുന്ന മൂന്നാമന്‍ ഹരിയാകട്ടെ കഥയില്‍ ഒരു ന്യൂട്രല്‍ കഥാപാത്രമാണ്.രണ്ടു പേരുടെയും രീതികള്‍ കണ്ടു മനസിലാക്കുന്ന ഒരു കാഴ്ചക്കാരന്‍ അല്ലെങ്കില്‍ അവ അനുകരിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തി എന്ന് വായനക്കാരനെ തോന്നിപ്പിക്കും.ഹോസ്റ്റലില്‍ ഒരുമിച്ചു താമസിക്കുന്ന ഇവരുടെ സംഭവം ബഹുലമായ കഥ ;ഓരോ അദ്ധ്യായത്തിലും, അതിന്റെ തലക്കെട്ടില്‍ പോലും വലിയ അര്‍ഥങ്ങള്‍ ഒളിപ്പിച്ചു കൊണ്ട് പുരോഗമിക്കുകയാണ്.കുട്ടികളെ ജോലിഭാരം കൊണ്ട് പൊറുതി മുട്ടിക്കുന്ന പ്രൊഫസര്‍മാരും ,viva യില്‍ ക്രൂരമായി സ്‌ട്രെസ് കൊടുത്തു കുട്ടികളെ പ്രയാസപ്പെടുത്തുന്ന അധ്യാപകരെയും കാണാന്‍ കഴിയും.ഒരു സന്ദര്‍ഭത്തില്‍ ഒരു പ്രൊഫസര്‍ കുട്ടികളോട് പറയുന്ന ഒരു വാചകം വളരെയധികം ചിന്തിപ്പിക്കുന്നതാണ്.”if you have no grade,no job,no school,no future” ഗ്രേഡ് നേടുന്നതിലൂടെയും ജോലി സമ്പാദനം കൊണ്ടും മാത്രം വിദ്യാഭ്യാസം പൂര്‍ണമായോ എന്ന ചോദ്യം നമ്മളില്‍ ഇത്തരം അനേകം സന്ദര്‍ഭങ്ങള്‍ ഉയര്‍ന്നു വരും.കഥയില്‍ ഇതിന്റെയെല്ലാം  ഇടയില്‍ ഈ മൂവരുടെ സൗഹൃദം ആഴമേറിയതാണ്..ഇടക്കൊക്കെ ചില പിണക്കങ്ങള്‍ ഉണ്ടായിട്ടും അവര്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന ദൃശ്യം കഥയില്‍ കാണാന്‍ കഴിയും.പരസ്പ്പരം എന്താവശ്യത്തിനും സജ്ജമായ എങ്ങും കാണാത്ത 3 കൂട്ടുകാര്‍.ഈ സംഭവങ്ങള്‍ക്ക് സമാന്തരമായി തന്നെ ഹരി തന്റെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ആയ പ്രൊഫ.ചെറിയാന്റെ മകളായ നേഹയുമായി  പ്രണയത്തിലാകുന്നു .കഥയെ പ്രേമസുരഭിലമാക്കുന്നതും ഇത് തന്നെയാണ്.സ്ത്രീകളുടെ അതിസൂക്ഷ്മമായ ഓരോ വികാര വിചാരങ്ങളും അവതരിപ്പിക്കുന്നതില്‍ ചേതന്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്.എഞ്ചിനീയറിംഗ് എന്ന്  പറഞ്ഞു പ്രൊഫ്‌.ചെറിയാന്‍ സമ്മര്‍ദത്തിലാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ തന്റെ മകന്‍ നേഹയുടെ സഹോദരന്‍ -സമീര്‍,ഇന്നത്തെ മാതാപിതാക്കളെ ഞെട്ടിപ്പിക്കുന്ന കഥാപാത്രമാകുന്നു.ഇഷ്ട്ട കരിയര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു ഉപദേശം കൂടിയാണ് ഈ നോവല്‍.എഞ്ചിനീയറിംഗ് സ്വപ്നം കാണുന്ന മക്കളെ അടിമകളാക്കുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും ഈ നോവല്‍ വായിച്ചിരിക്കണം എന്ന് ഞാന്‍ പറയും.
സ്വതന്ത്ര ചിന്തക്കും ഭാവനകള്‍ക്കും കുട്ടികളെ അനുവദിക്കുക എന്ന മഹാ സന്ദേശം ചേതന്‍ നല്‍കുന്നു .

കഥ ആദിയോടന്തം നര്‍മ്മത്തില്‍ ചാലിച്ച് എഴുതിയതാണെങ്കിലും ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന രംഗങ്ങളാണ് മുഴുവനും തന്നെ.സ്ട്രെസ്സില്‍ ആകുന്ന കുട്ടികളുടെ ദുരന്ത ചിത്രം,ഭാവനയും innovative ആശയങ്ങളും  അക്കാദമിക രംഗത്ത്‌ നിന്ന് തള്ളപ്പെട്ടു പോകുകയും പരീക്ഷകള്‍ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന അധ്യാപകരുടെ വിനോദങ്ങളും ദര്‍ശിക്കാന്‍ കഴിയും.എങ്കിലും അധ്യാപകരില്‍ ചിലര്‍ എങ്കിലും നല്ലതായിട്ടുണ്ടെന്നു നമ്മെ ബോധ്യപ്പെടുത്തുന്ന കഥാപാത്രമാണ് പ്രൊഫ.വീര.നോവലില്‍ സ്വന്തമായ ഒരു ആഖ്യാന രീതിയാണ് ചേതന്‍ സ്വീകരിച്ചിട്ടുള്ളത്.ഓരോ അധ്യായങ്ങളില്‍ ഒരു സന്ദര്‍ഭം പറഞ്ഞു വരുമ്പോള്‍ പെട്ടെന്ന് നിര്‍ത്തിയിട്ടു വേരെയൊരു  സന്ദര്‍ഭത്തിലേക്ക് പോകുന്നതും ഓരോ അദ്ധ്യായത്തിന്റെയും  പേരിന്റെ ഔചിത്യം എല്ലാ അധ്യായതിന്റെയും അവസാനം വെളിപ്പെടുത്തുന്നതും നാടകീയമായ അന്തരീക്ഷം വായനക്കാര്‍ക്ക് നല്‍കുന്നു.ഞാന്‍ എന്റെ വായനയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ട്ടപെടുന്ന സൃഷ്ട്ടിയായി ഇത് മാറാന്‍ ഇത്രയും കാരണങ്ങള്‍ മതിയെന്ന് തോന്നുന്നു.അവസാനമായി Times Of India  ഈ നോവലിനെ കുറിച്ച് പറഞ്ഞത് മാത്രമേ എനിക്ക് നിങ്ങളോട് പറയുവാനുള്ളു.