Showing posts with label janardanan vallathery. Show all posts
Showing posts with label janardanan vallathery. Show all posts

Wednesday, 14 December 2011

പൊടിക്കൈ


ജനാർദ്ദനൻ വല്ലത്തേരി

പുഴു തിന്ന മുപ്പത്തിരണ്ടു പല്ലുകളും മാറ്റിവച്ചുകൊണ്ട്‌,
ദന്താശുപത്രിയിൽനിന്നും മടങ്ങുന്ന വഴിയാണ്‌, നമ്മുടെ കള്ളൻ ഗോപാലൻ ആ
കവലക്കച്ചവടക്കാരന്റെ വാചകത്തിൽ കുടുങ്ങിപ്പോയത്‌. കച്ചവടക്കാരനു ചുറ്റും
ആളുകൂടിയിട്ടുണ്ട്‌. കാര്യമെന്തെന്നറിയാൻ ഗോപാലനും
കാഴ്ചക്കാർക്കിടയിലേക്ക്‌ ഇടിച്ചുകയറി. കച്ചവടക്കാരൻ ചുമ്മാ നിന്നു
വാചകമടിക്കുകയാണ്‌. നിലത്ത്‌ കുറെ കുപ്പികളും ടിന്നുകളും
നിരത്തിയിട്ടുണ്ട്‌.
'മാന്യമഹാജനങ്ങളേ, നിങ്ങൾക്കു തോന്നുന്നുണ്ടാവും ഞാനൊരു
മരുന്നുകച്ചവടക്കാരനാണെന്ന്‌'. കച്ചവടക്കാരൻ ഒരു ടിന്നെടുത്ത്‌
എല്ലാവരേയും കാണിച്ചുകൊണ്ട്‌ പ്രഖ്യാപിച്ചു. 'ഇതിലൊരു മരുന്നുമില്ല,
മന്ത്രവുമില്ല.'
കാഴ്ചക്കാർ ഒന്നടങ്കം നിരാശരായി. കച്ചവടക്കാരന്റെ കൈയ്യിൽ എന്തു
മരുന്നുണ്ടെങ്കിലും അതിനുപറ്റിയ രോഗം ഞങ്ങൾക്കുണ്ട്‌, എന്നാണ്‌
കാഴ്ചക്കാരുടെ നിലപാട്‌.
കച്ചവടക്കാരൻ ടിന്നു നിലത്തുവച്ചുകൊണ്ട്‌ സഞ്ചിയിൽനിന്നൊരു കൂടയും
മകുടിയും പുറത്തെടുത്തു. ഓഹോ, അപ്പോൾ ഇയാൾ മരുന്നു കച്ചവടക്കാരനല്ല,
പാമ്പാട്ടിയാണ്‌. പാമ്പുകളിയെങ്കിൽ, പാമ്പുകളി. ഇത്തിരി കണ്ടുകളയാം.
പക്ഷേ, പാമ്പാട്ടി മകുടി ഊതുന്നതല്ലാതെ കൂടു തുറന്ന്‌ പാമ്പിനെ
പുറത്തുവിടുന്നില്ല. ചുരുങ്ങിയത്‌ എന്തു പാമ്പാണ്‌ കൂടയിലുള്ളത്‌
എന്നൊന്നു കണ്ടിട്ടുപോകാം എന്നു കരുതി വായുഗുളികയ്ക്കു വന്നവർപോലും
കാത്തുനിൽക്കുകയാണ്‌.

പക്ഷേ, പാമ്പാട്ടിയുണ്ടോ വിടുന്നു. കക്ഷി മകുടി നിലത്തിട്ട്‌ വീണ്ടും
പ്രസംഗമാരംഭിച്ചു. 'മഹാമാന്യജനങ്ങളേ, നിങ്ങൾക്കു തോന്നുന്നുണ്ടാവും
ഞാനൊരു പാമ്പുകളിക്കാരനാണെന്ന്‌. അല്ല, സുഹൃത്തുക്കളേ, അല്ല.
നീർക്കോലിപ്പാമ്പിനെക്കാണിച്ച്‌ മൂർഖനാണെന്നു തട്ടിവിട്ട്‌ മനുഷ്യരെ
കളിപ്പിക്കുന്ന പല പാമ്പാട്ടികളേയും നിങ്ങൾ കണ്ടിട്ടുണ്ടാവും, പക്ഷേ,
അത്തരം തട്ടിപ്പുകാരുടെ കൂട്ടത്തിൽ നല്ലവരായ നിങ്ങൾ എന്നെ
പെടുത്തിയേക്കരുത്‌ കേട്ടോ!'
പാമ്പാട്ടിയും മരുന്നു കച്ചവടക്കാരനുമല്ലെങ്കിൽപ്പിന്
നെ താൻ ആരുടെ
അമ്മേടെ നായരാണ്‌?

കള്ളൻ ഗോപാലന്റെ ക്ഷമകെട്ടു. ആ ദരിദ്രവാസിയുടെ കൈയിൽനിന്നും
പൊക്കാൻപറ്റിയ വല്ലതുമുണ്ടോ എന്നായി പിന്നെ പുള്ളിയുടെ ആലോചന. ആകെ
കാണുന്നത്‌ ഒരു കൂടയാണ്‌. അതിൽ പാമ്പുണ്ടോ എന്നുതന്നെ സംശയം. ഇനി
ഉണ്ടെങ്കിൽതന്നെ കട്ടുകൊണ്ടു പോകാൻ പറ്റിയ ഒരു സാധനമല്ലല്ലോ പാമ്പ്‌.
പാമ്പാട്ടി അതിനിടയിൽ ഒരു കുത്തു ചീട്ടെടുത്തു കശക്കിക്കൊണ്ടു പറഞ്ഞു:
'ഞാനിപ്പോൾ ഈ ചീട്ടുകൊണ്ട്‌ ഒരു നമ്പർ വേല കാണിക്കാം. ഇതൊരു
ജാലവിദ്യയാണ്‌. നിങ്ങൾ കണ്ണടച്ചു തുറക്കുന്നതിനുമുമ്പ്‌ ഞാനീ ചീട്ടു
ഒരുകെട്ട്‌ നൂറുരൂപനോട്ടാക്കാം. പക്ഷേ, മാന്യരായ സുഹൃത്തുക്കളാരും ആ രൂപ
തട്ടിപ്പറിച്ചുകൊണ്ടോടിക്കളഞ്ഞേക്കരുതെന്ന്‌ ഒരപേക്ഷയുണ്ട്‌!'
അതുശരി. കളിച്ചുകളിച്ച്‌ ചീട്ടാണ്‌ കളിക്കുന്നത്‌. പന്നിമലത്തിൽ
ഗോപാലനറിഞ്ഞുകൂടാത്ത ഒരു ജാലവിദ്യയും ഈ ഭൂലോകത്തില്ല. കളി കാണാൻനിന്ന
നേരംകൊണ്ട്‌ കാഴ്ചക്കാരുടെ കീശ തപ്പിയിരുന്നെങ്കിൽ, വല്ലതും തടഞ്ഞേനെ.
കള്ളനാണെങ്കിലും ഗോപാലന്‌ പോക്കറ്റടിയിൽ തീരെ വശവും വിശ്വാസവുമില്ല.
ഗോപാലൻ  പൈന്തിരിഞ്ഞ്‌ ആളുകൾക്കിടയിലൂടെ തിക്കിത്തിരക്കി പോവാനാഞ്ഞപ്പോൾ,
ജാലവിദ്യക്കാരൻ, ഗോപാലനെ മെല്ലെത്തോളിൽ തോണ്ടിവിളിച്ചുകൊണ്ട്‌ ചോദിച്ചു:
'സ്നേഹിതാ, നിങ്ങൾക്കെന്തിന്റെ രോഗമാണ്‌?'
കാഴ്ചക്കാർ ഉറക്കെ ചിരിച്ചു. ഗോപാലൻ ആദ്യം ഒന്നു ചമ്മിപ്പോയി.
പെട്ടെന്നുതന്നെ തന്റെ തൽസ്വരൂപം വീണ്ടെടുത്തുകൊണ്ടു പറഞ്ഞു: 'എനിക്കു
വയറ്റിനകത്ത്‌ ഭയങ്കര തലവേദനയാ. എന്താ, ഒന്നു മാറ്റിത്തരാമോ?
ജാലവിദ്യക്കാരൻ ഉടനെ ഗോപാലന്റെ അടുത്തുനിന്നും അകന്നുമാറിയിട്ട്‌, മറ്റു
കാഴ്ചക്കാരോടായി പറഞ്ഞു: 'എന്റെ സുഹൃത്തു പറഞ്ഞത്‌ നിങ്ങൾ കേട്ടില്ലേ..
പക്ഷേ, നിർഭാഗ്യകരമെന്നു പറയട്ടെ. എന്റെ കൈയിൽഅദ്ദേഹത്തിന്റെ
രോഗത്തിനെന്നല്ല, ഒരു രോഗത്തിനുമുള്ള മരുന്നുമില്ല. പിന്നെ, എന്ത്‌
പിണ്ണാക്കാണ്‌ എന്റെ കൈയിലുള്ളതെന്ന്‌ നിങ്ങൾ ചോദിച്ചേക്കാം. അതിനുള്ള
മറുപടി ഇതാണ്‌.'
അയാൾ വീണ്ടും പഴയ ടിന്നെടുത്തുകൊണ്ട്‌ ചോദിച്ചു: 'ഇതെന്താണ്‌?'
'ഒരു ടിന്ന്‌'
മറുപടിയും അയാൾതന്നെയാണ്‌ പറയുന്നത്‌. ടിന്നുതുറന്ന്‌ കുറച്ചുപൊടി കൈയിൽ
കുടഞ്ഞിട്ടുകൊണ്ട്‌ അയാൾ വീണ്ടും ചോദിച്ചു.
'ഇതെന്താണ്‌?'
'പൊടി'
കൈയിലിട്ട പൊടി എല്ലാവരേയും കാണിച്ചുകൊണ്ട്‌ പൊടിയൻ വീണ്ടും സ്വയം ചോദിച്ചു.
'ഇതെന്തുപൊടിയാണ്‌?'
'മൂക്കിൽപ്പൊടി' എന്നാരോ വിളിച്ചു പറഞ്ഞപ്പോഴും പൊടിയൻ പറഞ്ഞു: 'അല്ല,
സുഹൃത്തേ! ഇതു മൂക്കിൽ വലിക്കുന്ന പൊടിയൊന്നുമല്ല.'
ആ പൊടി എന്തോ മരുന്നാണെന്ന്‌ തിരിച്ചറിയാനുള്ള ബുദ്ധിയും ബോധവും
കാഴ്ചക്കാർക്കുണ്ട്‌. അതോടെ പലർക്കും പലവിധത്തിലുള്ള രോഗങ്ങളുടേയും
ഉപദ്രവമാരംഭിച്ചു.
ഏതു മരുന്നു കച്ചവടക്കാരനും മരുന്നിന്റെ ഗുണമറിയിക്കാൻ ഇത്തിരി സാമ്പിൾ
വെറുതെ തരുമല്ലോ. മരുന്നു കണ്ടതോടെ സ്വതേ വായുരോഗികളായവർക്കു വായു
കോപിച്ചു. നെഞ്ചുവേദന സഹിക്കാതെ ചിലർ നെഞ്ചു തിരുമ്മി. ഒരാൾ
പൊടിക്കച്ചവടക്കാരൻ കാൺകെ തന്റെ മേലാസകലം പടർന്നു പിടിച്ച പുഴുക്കടി
മാന്തി. നീരിളക്കംകൊണ്ടും മൂക്കടപ്പുകൊണ്ടും വിഷമിച്ചവരൊക്കെ പടക്കം
ചീറുന്നതുപോലെ മൂക്കു ചീറ്റുകയും തുമ്മുകയും ചെയ്തു.
തുമ്മലിന്റെ കാഠിന്യംകൊണ്ട്‌ ആരുടേയോ ഒരു മൂക്ക്‌ തെറിച്ചു പോയി.
'എങ്കിൽപ്പിന്നെ ഇതെന്തു പൊടിയാണ്‌?' ക്ഷണനേരംകൊണ്ട്‌ മാറാരോഗികളായി
മാറിയ കാഴ്ചക്കാരോട്‌ പൊടിയൻ പറഞ്ഞു: 'പൊടിയെപ്പറ്റി പറയുന്നതിനുമുമ്പ്‌
ഞാനീ പൊടികൊണ്ട്‌ ഒരു പൊടിക്കൈ കാണിക്കാം. എല്ലാവരുമൊന്നു കൈനീട്ട്യേ!'
എല്ലാവരും കൈനീട്ടി. പൊടിയൻ ഓരോ നുള്ളു പൊടി ഓരോരുത്തരുടേയും
കൈയിലിട്ടുകൊടുത്തു. ആ പൊടികൊണ്ട്‌ എന്തു ചെയ്യണമെന്നറിയാതെ ഓരോരുത്തരും
പൊടിക്കൈയുമായി നിൽപായി.
ഇതാണ്‌ എന്റെ പൊടിക്കൈ. പൊടിക്കൈ പ്രയോഗിക്കുക എന്നുപറഞ്ഞാൽ എന്താണെന്ന്‌
നിങ്ങൾക്കിപ്പോൾ മനസ്സിലായിക്കാണുമല്ലോ. ഞാൻ തന്നു; നിങ്ങൾ വാങ്ങി.
പട്ടിക്കു മുഴുവൻ തേങ്ങ കിട്ടിയിട്ട്‌ എന്താ കാര്യം! ഈ പൊടികൊണ്ട്‌ എന്തു
ചെയ്യണമെന്ന്‌ നിങ്ങൾക്കറിഞ്ഞുകൂടാ. അല്ലേ, പേടിക്കണ്ടാ. ഞാൻ പറഞ്ഞുതരാം.
കണ്ണിൽ പൊടിയിട്ടു എന്നു നാം പറഞ്ഞുകേൾക്കാറുണ്ട്‌. പക്ഷേ, എന്താണ്‌ ആ
സാധനം  - കണ്ണിലിടുന്ന ആ പൊടി നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ല. എങ്കിൽ
കണ്ടോളൂ; കണ്ണു തുറന്നു കണ്ടോളൂ. ഞാൻ നിങ്ങൾക്കു ഒരു വിലയും വാങ്ങാതെ
തന്നതും നിങ്ങളുടെ കൈയിലിരിക്കുന്നതുമായ ഈ പൊടിയാണ്‌ ആ പൊടി - അതായത്‌
കണ്ണിലിടുന്ന പൊടി. ഏതു കാര്യസാദ്ധ്യത്തിനും ഈ പൊടി ലേശം കണ്ണിലിട്ടാൽ
മതി. വിശ്വാസം വരുന്നില്ലെങ്കിൽ ഞാൻ തന്ന പൊടി നിങ്ങൾതന്നെ
കണ്ണിലിട്ടുനോക്ക്‌ - ഞാൻ നിങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന്‌ വരരുത്‌.
അതുകൊണ്ട്‌ നിങ്ങൾതന്നെ ആ പൊടി കണ്ണിലിട്ടാൽ മതി!'
അതു കേൾക്കേണ്ട താമസം.
എല്ലാവരും പൊടി കണ്ണിലിട്ടു.
ഇതൊരു വേലയല്ല, വേലവയ്പാണ്‌ എന്നുതോന്നിയ കള്ളൻ ഗോപാലൻ മാത്രം കണ്ണിൽ
പൊടിയിട്ടില്ല.
അതുകൊണ്ടെന്തു കാര്യം?
അതിനകം നാലുപാടും പറന്നുപൊങ്ങിയ പൊടി ഗോപാലന്റെ കണ്ണിലുംകേറി.
പിന്നെ നടന്നത്തെന്തെന്ന്‌ പറഞ്ഞറിയിക്കാൻ പ്രയാസം. അതു കണ്ടുതന്നെ
അറിയണം. പൊടിയിട്ട കണ്ണുകൾ താനേ അടഞ്ഞുപോയതും തെല്ലിട കഴിഞ്ഞ്‌ അടഞ്ഞ
കണ്ണുകൾ താനേ തുറന്നതും എല്ലാവർക്കും നല്ല ഓർമ്മയുണ്ട്‌. ആർക്കും
കണ്ണിനൊരു കുഴപ്പവും പറ്റിയില്ല. പണ്ടത്തേക്കാൾ നല്ല കാഴ്ചയുമുണ്ട്‌.
എല്ലാം നന്നായി കാണാം.
പക്ഷേ, പൊടിയിട്ട കണ്ണുകൾകൊണ്ട്‌ ആർക്കും പൊടിക്കൈയനെ മാത്രം കാണാൻ
പറ്റുന്നില്ല. എന്തൊരു മായാജാലം. അയാളെ കാണാനേയില്ല. പൊടിയുടെ മായയിൽ,
അയാൾ മറഞ്ഞു.
ഉഗ്രൻ പൊടിതന്നെ. എല്ലാവരും സമ്മതിച്ചു.
അപ്പോഴാണ്‌ കൂട്ടത്തിൽനിന്നു ആരുടെയോ ഒച്ച പൊങ്ങിയത്‌:
'അയ്യോ, എന്റെ വാച്ചു കാണാനില്ല'.
അതുകേട്ടതോടെ എല്ലാവരും അവരവരുടെ കൈയിലേക്കു നോക്കി. കൈയ്ക്ക്‌
കുഴപ്പമൊന്നുമില്ല. ദൈവസഹായം കൊണ്ട്‌ ആർക്കും സ്വന്തം കൈ കൈമോശം
വന്നിരുന്നില്ല. ചിലരുടെ കൈവിരയിലെ സ്വർണ്ണമോതിരം കാണാനില്ലെന്നു മാത്രം.
പലരും പോക്കറ്റു തപ്പിനോക്കി. പോക്കറ്റും യഥാസ്ഥാനത്തുതന്നെയുണ്ട്‌.
പക്ഷേ, അതിലുണ്ടായിരുന്ന പണം കാണാനില്ലെന്നേയുള്ളൂ.
മറ്റൊരാൾ മടിയിൽവച്ചിരുന്ന പണയപ്പണ്ടം തപ്പിനോക്കിയപ്പോഴാണ്‌,
മടിപോയിട്ട്‌ ഉടുത്തിരുന്ന മുണ്ടുപോലുമില്ലാതെ താൻ നഗ്നനായിട്ടാണ്‌
നിൽക്കുന്നതെന്ന നഗ്നസത്യമറിയുന്നത്‌.
ഇതെല്ലാം കണ്ടപ്പോൾ ഇത്തരം കാര്യങ്ങളിൽ അനുഭവസമ്പന്നനായ കള്ളൻ ഗോപാലന്‌
ചിരിയാണ്‌ വന്നത്‌. ഗോപാലന്‌ മാത്രമാണ്‌ ഒരു നഷ്ടവും പറ്റാതിരുന്നതെന്ന്‌
എല്ലാവർക്കും മനസ്സിലായി. കള്ളനേ കള്ളന്റെ കാലറിയൂ.
എന്നാൽ, ആ കൂട്ടക്കളവിൽ ഏറ്റവും വിലപിടിപ്പുള്ള മുതൽ കളവുപോയതു
തനിക്കുതന്നെയാണെന്ന്‌ വീട്ടിലെത്തുന്നതുവരെ കള്ളൻ ഗോപാലനൊട്ട്‌
അറിഞ്ഞതുമില്ല. കള്ളൻ കേറി, മൂന്നാം ദിവസമാണ്‌ പട്ടി കുരച്ചതെന്ന്‌ പറഞ്ഞ
മാതിരി പൊടിക്കൈയൻ തന്റെ പക്കൽനിന്ന്‌ കട്ടുകൊണ്ടു പോയതെന്താണെന്ന്‌
ഉണ്ണാനിരുന്നപ്പോഴാണ്‌ കള്ളൻ ഗോപാലൻ അറിഞ്ഞത്‌.
പെണ്ണംപിള്ള ഉലത്തിവച്ചിരുന്ന കോഴിയിറച്ചി തിന്നാൻ വായ തുറന്നപ്പോൾ തന്റെ
വായിൽ ഒറ്റ പല്ലുമില്ലെന്ന്‌ ഗോപാലൻ അറിഞ്ഞു!
ഇത്തിരി മുമ്പു വച്ച രണ്ടു സെറ്റു പല്ലും വായിൽ കാണാനില്ല. ഒരു കഷണം
ഇറച്ചിതിന്നിട്ടു കാലമേറെയായി; പുതിയ പല്ലുവച്ചതുതന്നെ ഇറച്ചി
തിന്നാനുള്ള കൊതികൊണ്ടാണ്‌. ഇറച്ചിക്കറിയുടെ മുമ്പിൽ മിഴിച്ചിരിക്കുന്ന
സ്വഭർത്താവിനോട്‌ ഗോപസ്ത്രീ ചോദിച്ചു: 'എന്താ തിന്നാത്തെ? പുതിയ
പല്ലുകൊണ്ട്‌ കടിക്കാൻ പറ്റുന്നില്ലേ?'
'ഓ.....' പല്ലില്ലാത്ത വപ്പിയായ മോണ ഇളിച്ചു കാട്ടിക്കൊണ്ട്‌, ഗോപാലൻ
ഭാര്യയോട്‌ പറഞ്ഞു: 'ആ ഡോക്ടറ്‌ പല്ല്‌ ശരിക്കും ഉറപ്പിച്ചുവച്ചില്യാടീ.
ഒരു കഷണം ഇറച്ചി കടിച്ചപ്പോഴേക്കും പല്ലുമുഴുവനും
വയറ്റിലേക്കിറങ്ങിപ്പോയി!'

Tuesday, 15 November 2011

സൂര്യതുഷാരം


ജനാര്‍ദ്ദനന്‍ വല്ലത്തേരി
അമ്മയ്ക്കു പിന്നില്‍ ഒരു ദേവീശില്‍പം പോലെ എന്നെത്തന്നെ കടാക്ഷിച്ചുകൊണ്ട്‌ നില്‍ക്കുകയായിരുന്നു, അവള്‍. ആദ്യദര്‍ശനത്തിണ്റ്റെ രാഗാനുഭൂതിയില്‍ നിന്നും സ്വയമുണര്‍ത്താന്‍, ഞാന്‍ അവളുടെ അമ്മയോട്‌ ചോദിച്ചു: 'എന്താ മോളുടെ പേര്‌?'അവള്‍ക്ക്‌ ചേരുന്ന ഒരു പേരും ഈ ഭൂമുഖത്തുണ്ടാവുകയില്ലെന്ന്‌ എനിക്ക്‌ തോന്നി. അത്‌ ശരിയുമായിരുന്നു. വളരെ പതുക്കെ, ഒരു നെടുനിശ്വാസത്തിണ്റ്റെ നനവു മുറ്റിയ സ്വരത്തില്‍ അവളുടെ അമ്മ പറഞ്ഞു: 'ഇവള്‍ക്ക്‌ പേരൊന്നും ഇട്ടില്യ!' 'പത്തു പതിനേഴ്‌ വയസ്സായിട്ടും പേരിടാത്തൊരു ശിശുവാണോ ഈ നില്‍ക്കുന്നത്‌?'തെല്ലൊരമ്പരപ്പോടെ ഞാന്‍ ചോദിച്ചുപോയി. 
തമാശ പറയുകയായിരുന്നില്ല. ഒന്നു ചിരിക്കാന്‍, അവള്‍ക്കു ചിരിക്കേണ്ടതുപോലുമില്ലായിരുന്നു. അവളുടെ ചുണ്ടുകളില്‍ ഒരു വിചിത്രശലഭം എപ്പോഴും ചിറകു വിരിച്ചു നിന്നിരുന്നു. അവളെ കണ്ടിരിക്കുമ്പോള്‍, എനിക്കൊന്നും കേള്‍ക്കണമെന്നേ ഇല്ലായിരുന്നു. അപ്പോഴാണ്‌ എനിക്കറിഞ്ഞു കൂടാത്ത ഏതോ ബധിരഭാഷയില്‍ അവളെന്തോ മന്ത്രിച്ചത്‌ പരിഭാഷപ്പെടുത്തുന്നപോലെ അവളുടെ അമ്മ പറഞ്ഞത്‌:
'ഇവള്‍ക്ക്‌ ഒരു പേരിണ്റ്റെ ആവശ്യോല്യാ, മോനെ!' അത്രയും കൂടി കേട്ടപ്പോള്‍, എനിക്ക്‌ ബോധ്യമായി: അമ്മയും മോളും കൂടി എന്നെ വാരുകയാണെന്ന്‌, വിഷണ്ണനായി, ഞാനൊരു തത്വം പറഞ്ഞു: 
'പൊന്നുംകുടത്തിനെന്തിനാ പൊട്ട്‌!'അമ്മയുടെ മുഖമൊന്നു തെളിഞ്ഞു, അതു കേട്ടപ്പോള്‍, പക്ഷേ, അവളുടെ മുഖത്തെ മയില്‍പ്പീലികണ്ണുകള്‍ വിടരുകയോ കൂമ്പുകയോ ചെയ്തില്ല. ആരും ചോദിക്കാത്ത ഏതോ ഒരു ചോദ്യത്തിനുള്ള മറുപടി ഒരു രഹസ്യമായി അവളുടെ മന്ദഹാസത്തില്‍ തൂവിനിന്നു. അവള്‍ ഒന്നും മിണ്ടുന്നില്ല. 
കേള്‍ക്കാത്ത സ്വരത്തിണ്റ്റെ മാധുര്യം. ഒന്നറിയണമല്ലോ. എന്നും കാണാറുള്ള പരസ്യചിത്രത്തിലെ ആ മണ്ടന്‍ ചോദ്യമാണ്‌, അപ്പോഴെണ്റ്റെ വായില്‍ വന്നത്‌: 'ഏതു കോളേജിലാ പഠിക്കുന്നത്‌?" 
'അവള്‍ക്ക്‌ ചെവി കേട്ടുകൂടാ, 
കുട്ടി!' എനിക്ക്‌ എണ്റ്റെ കേള്‍വി നശിച്ചത്‌ പോലെ തോന്നി, അമ്മ അതു പറഞ്ഞു കേട്ടപ്പോള്‍:
'അവള്‍ സംസാരിക്ക്യേംല്യാ.
'എനിക്കു എണ്റ്റെ സംസാരശേഷിയും നശിച്ചപോലെ തോന്നി, അതുകൂടി കേട്ടപ്പോള്‍. ഇതു കേള്‍ക്കാനല്ല ഞാന്‍ വന്നതും കൊതിച്ചതും. ഞാനറിയാതെ ഞാന്‍ എണീറ്റു പോയി.
അവള്‍ക്കു പറയാനും എനിക്കു കേള്‍ക്കാനും ഇനി എന്താണുള്ളത്‌. 
യാത്ര ചോദിക്കാന്‍ ഒരു വാക്ക്‌ പോലും വേണ്ട. ഒരു നോട്ടം മതി. ഞാന്‍ അവളുടെ കണ്ണുകളിലേക്കുറ്റു നോക്കി. എങ്കിലും ആ സൂര്യതുഷാരങ്ങള്‍ വിടരുകയോ കൂമ്പുകയോ ചെയ്തില്ല. അപ്പോള്‍ അവള്‍ക്കുവേണ്ടി അവളുടെ അമ്മതന്നെ എന്നോട്‌ പറഞ്ഞു:
'എണ്റ്റെ മോള്‍ക്ക്‌ കണ്ണും കണ്ടൂടാ, എണ്റ്റീശ്വരാ..... ! ' ഹ



--

Friday, 14 October 2011

കടൽച്ചിത


ജനാർദ്ദനൻ വല്ലത്തേരി


അസ്തമയം കാണാതിരിക്കാൻ ഞാൻ തിരയെണ്ണിക്കൊണ്ടിരുന്നു; 1, 2, 3, 4, ......
അന്നേരമാണ്‌ നിങ്ങൾ വന്നത്‌.
അടിവസ്ത്രം ഊരിപ്പോവുന്നതുപോലെ തിരയിറങ്ങുമ്പോൾ, കടൽത്തീരത്തിന്റെ അരക്കെട്ട്‌ നഗ്നമാവുന്നു. അതും നോക്കിയിരിക്കുന്നത്‌ എനിക്കെന്നുമൊരു ഹരമാണ്‌.
'അസ്തമയം കാത്തിരിക്കുകയാണോ?'
എന്റെ എണ്ണം മുറിഞ്ഞു. നിങ്ങൾ അടുത്തു വന്നിരുന്നുകൊണ്ട്‌ ചോദിച്ചപ്പോൾ.
തെല്ലു നീരസത്തോടെ ഞാൻ സ്വയം പറഞ്ഞു: 'അസ്തമയം എപ്പഴേ കഴിഞ്ഞു!'
'ഞാനിന്നു വൈകി.' നിങ്ങൾ ഒരു ചിരകാല സുഹൃത്തിനെപ്പോലെ കുശലം ചോദിച്ചുകൊണ്ടിരുന്നു: 'എന്നും കാണാറുണ്ടല്ലോ, ഇവിടെ?'
'എന്നും കടലും കടൽത്തീരവുമുണ്ടല്ലോ!'
കെട്ടടങ്ങിയ കടൽച്ചിതയിലേയ്ക്കു നോക്കിക്കൊണ്ട്‌ ഞാൻ നിശ്വസിച്ചു. നിങ്ങളെ ഈ, കടൽത്തീരത്ത്‌ ഒരിക്കൽപ്പോലും കണ്ടിട്ടില്ലല്ലോ, എന്നോർത്തുകൊണ്ട്‌, പറഞ്ഞു പോവുകയും ചെയ്തു:
'സമയം കൊല്ലാൻ മറ്റെന്തു വഴി!'
'ഒരു ജാതി സ്വയം കൊല്ലൽ. അല്ലേ!'
ഞാൻ ചിരിച്ചുപോയി. ആ വഴിക്കു ചിന്തിച്ചിരുന്നില്ല.
'എന്താ പേര്‌ പറഞ്ഞത്‌?'
'അതിന്‌ ഞാൻ പേര്‌ പറഞ്ഞുമില്ല. നിങ്ങളോട്ടു ചോദിച്ചുമില്ല.'
'അതിലിത്ര ചിരിക്കാനുള്ള ഫലിതമുണ്ടോ?'
എന്നും ചോദിച്ച്‌ എന്നോടൊപ്പം നിങ്ങളും ചിരിച്ചു. ഒരേ സമയത്തു തന്നെയാണ്‌ നമ്മൾ രണ്ടുപേരും പറഞ്ഞത്‌: 'വളരെക്കാലമായി ഒന്നു ചിരിച്ചിട്ട്‌!'
~ഒന്നോർത്താൽ മതി. കരയാനിഷ്ടം പോലെയുണ്ട്‌. പക്ഷേ. ചിരിക്കാൻ ചിരിപ്പിക്കുന്നതായിട്ടെന്തെങ്കിലും വേണ്ടേ! അതുകൊണ്ടാവുമോ, കരയേണ്ടിടത്തുപോലും, പലപ്പോഴും നാം സ്വയമറിയാതെ ചിരിച്ചു പോവുന്നതെന്ന്‌ നിങ്ങൾ ചോദിച്ചു.
പിന്നീടാണ്‌ നാം പരസ്പരം പേര്‌ പറഞ്ഞതും ശരിക്കും പരിചയപ്പെട്ടതും.
എങ്കിലും ഞാൻ ആരാണെന്നു നിങ്ങൾക്കോ, നിങ്ങളാരാണെന്ന്‌ എനിക്കോ ശരിക്കും മനസ്സിലായോ, എന്നു സംശയം.
എന്നാലും അത്രയും മതി.
കടൽ കാണാൻ വന്ന രണ്ടാൾക്കാർ.
പിരിയുമ്പോൾ, നിങ്ങൾ ഉറപ്പിച്ചു പറഞ്ഞു:
'ശരി. നാളെക്കാണാം.'
'ഞാൻ ഇവിടെത്തന്നെയുണ്ടാവും, പതിവുപോലെ.'
'ഞാൻ അസ്തമയത്തിനു മുമ്പേ എത്തും. കണ്ടിട്ടേ പോകാവൂ!'
പിറ്റേന്നും യഥാസമയം ഞാൻ സമുദ്രസന്നിധാനത്തിലെത്തി. പക്ഷേ, പറഞ്ഞപോലെ നിങ്ങൾ വന്നു കണ്ടില്ല. വൈകിയാലും നിങ്ങൾ വരുമായിരിക്കും. നിങ്ങൾക്കായി കാത്തിരുന്നതുകൊണ്ട്‌, തിരയെണ്ണാൻ നേരം കിട്ടിയില്ല.
അന്നാദ്യമായിട്ടാണ്‌, ഞാൻ ഒരു സൂര്യാസ്തമയം പൂർണ്ണമായും കണ്ടത്‌.
പകലിന്റെ സമാധി കുണ്ഠം. സമുദ്രം പട്ടടപോലെ ആളിക്കൊണ്ടിരുന്നു. ജലാഗ്നിത്തിരകൾ ആകാശം മുട്ടെ ഉയർന്നുകൊണ്ടിരുന്നു.
നിങ്ങളെ തേടിപ്പറന്നുപറന്ന്‌ എന്റെ കണ്ണുകൾ രണ്ടു കടൽപ്പറവകളേപ്പോലെ തളർന്നു മടങ്ങി. കാത്തിരുന്നു മടുത്തിട്ടും നിങ്ങൾ വന്നില്ല. ഇനി നിങ്ങൾ വരാൻ പോണില്ലെന്നു എനിക്കുറപ്പായി.
എങ്കിലും ഒടുവിൽ നിങ്ങൾ വന്നു.
തീർത്തും അപ്രതീക്ഷിതവും സംഭീതവുമായ ഒരു തിരിച്ചുവരവ്‌.
മണൽച്ചുഴിയിൽ പൂണ്ട കാലുകൾ പറിച്ചെടുത്തു ഞാൻ മെല്ലെമെല്ലെ പൈന്തിരിഞ്ഞു നടക്കുമ്പോൾ, കൈകാലുകളലച്ച്‌, നെഞ്ചത്തടിച്ച്‌ നിലവിളിച്ചുകൊണ്ടോടിക്കേറി വന്ന ഒരു തിരമാലയോടൊപ്പമാണ്‌, നിങ്ങൾ വന്നത്‌.
തിരയിറക്കത്തിൽ, ചവിട്ടടിയിലെ വേരുപൊട്ടുന്നതുപോലെ, മണൽവെള്ളം കാൽക്കീഴിലൂടെ ഊതി ഊർന്നൊലിച്ചുപൊയ്ക്കൊണ്ടിരുന്നു. വീഴുമെന്നായപ്പോൾ, എങ്ങുമില്ലാത്ത പിടിവിട്ടുപോവാതിരിക്കാൻ ഞാൻ വായുവിൽ ബലം പിടിച്ചു നിന്നു; നിൽപുറയ്ക്കാതെ.
കാൽമുട്ടോളം പൊങ്ങിയ കടൽവെള്ളമിറങ്ങിയപ്പോൾ അയ്യോ, ഞാൻ നിങ്ങളെ കണ്ടു.
എപ്പോഴോ കടലെടുത്തുപോയ നിങ്ങൾ, അപ്പോൾ കരയ്ക്കടിഞ്ഞ്‌ കിടക്കുകയായിരുന്നു; എന്റെ കാലുകളിൽ തടഞ്ഞ്‌.

Tuesday, 13 September 2011

ഉരുക്കുമുഷ്ടി




ജനാർദ്ദനൻ വല്ലത്തേരി




വർഷങ്ങളോളം അഭ്യസിച്ചാണ്‌, യുവാവ്‌ ഇരുമ്പിനേപ്പറ്റി ചില അറിവുകൾ കരസ്ഥമാക്കിയത്‌. പഠിച്ച വിദ്യകൾ പയറ്റാനായി ഒരു പഴുതും കിട്ടാതെ തുരുമ്പും പിടിച്ചിരിക്കുമ്പോൾ ഒരു ഇരുമ്പു കമ്പനി യുവാവിനെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു. പ്രധാന ഇരുമ്പു ബോർഡംഗം യുവാവിനെ ഇപ്രകാരം ചോദ്യം ചെയ്തു:
'ഇരുമ്പെങ്ങനെയാണ്‌ നിർമ്മിക്കുന്നത്‌?'
'ഇരുമ്പ്‌ ആരും നിർമ്മിക്കുന്നില്ല. ആത്മാവുപോലെ അദൃശ്യവും അരൂപവുമായ ഇരുമ്പിനെ നാം വാർത്തെടുക്കുക മാത്രമാണ്‌, ചെയ്യുന്നത്‌.'
'അതൊരു പുതിയ അറിവാണല്ലോ!' ഒരു ഇരുമ്പംഗം, തപ്പിത്തടഞ്ഞു ചോദിച്ചു: 'എന്തൊക്കെയാണ്‌ ഇരുമ്പിന്റെ രാസഗുണങ്ങൾ?'
'ഒന്ന്‌ : ഇരിമ്പു കുടിച്ച വെള്ളം കക്കുകയില്ല' യുവാവു പറഞ്ഞു:
'രണ്ട്‌ : ഇരുമ്പും പെണ്ണും ഇരിക്കെകെടും.'
മറ്റൊരു ഇരിമ്പുദ്യോഗസ്ഥന്‌ അറിയേണ്ടത്‌ ഇതായിരുന്നു:
'ഇരുമ്പു പഴുക്കുമ്പോൾ കൊല്ലനും കൊല്ലത്തീം ഒന്ന്‌ എന്നു പറയുന്നതെന്തുകൊണ്ടാണ്‌?'
'അതു അശ്ലീലമാണ്‌. പുറത്തു പറയാൻ കൊള്ളില്ല.'
'ചോരയും ഇരുമ്പും തമ്മിലുള്ള ബന്ധമെന്ത്‌?'
'ഇരുമ്പിന്റെ ദ്രവരൂപമാണ്‌, ചോര!'
'ഇരുമ്പിന്റെ ഉപയോഗങ്ങൾ പറയൂ!'
'ഇരുമ്പുകൊണ്ടു മനുഷ്യഹൃദയങ്ങൾ, ഉലയ്ക്കകൾ, ഉരുക്കുമുഷ്ടികൾ എന്നിവ ഉണ്ടാക്കാം.' യുവാവിന്‌ ആവേശം കേറി. 'ഇരുമ്പിന്റെ വംശാവലിയിൽ ഉടലെടുത്ത അതിശക്തരായ ചില ഉരുക്കുമനുഷ്യരെപ്പറ്റി ചരിത്രത്തിൽ വായിച്ചിട്ടില്ലേ?'
യുവാവിന്റെ ഉത്തരങ്ങൾ ചോദ്യശരങ്ങളായി തങ്ങൾക്കു നേരെ തന്നെ തിരിയുകയാണൊ എന്നു ചില ഇരുമ്പു ബോർഡംഗങ്ങളെങ്കിലും സംശയിച്ചു. ഈ ഉദ്യോഗാർത്ഥി വച്ചുപൊറുപ്പിക്കാൻ പറ്റിയ സൈസല്ല
അതുകൊണ്ട്‌ ചോദ്യങ്ങൾ തേച്ചു മൂർച്ച കൂട്ടി.
മുഖ്യഇരുമ്പംഗം: 'ഇരുമ്പു തുരുമ്പു പിടിക്കുന്നതെന്തുകൊണ്ട്‌?'
യുവാവ്‌ : മനുഷ്യരിൽ നിന്നു ഇരുമ്പിലേയ്ക്കു പകരുന്ന ഒരു വ്യാഥിയാണീ തുരുമ്പു എന്നു പറയുന്നത്‌?
ബോർഡ്‌ ചെയർമാൻ നെഞ്ചു തിരുമി. അകത്തൊരു കിരുകിരുപ്പ്‌.
'ഇരുമ്പുലയ്ക്ക വിഴുങ്ങിപ്പോയാൽ എന്തു ചെയ്യണം?'
'ചുക്കു വെള്ളം കുടിച്ചാൽ മതി!'
രക്തത്തിൽ പഞ്ചാരയുടെ ഉപദ്രവം കൂടിയതുകൊണ്ട്‌ ചുണ്ടും നാവും വരണ്ടു തുടങ്ങിയ കമ്പനി എം.ഡി. യുവാവിന്റെ മുമ്പിൽ ഒരു പ്രശ്നം അവതരിപ്പിച്ചു:
'യംഗ്‌ മാൻ, ഇരുമ്പു നിർമ്മാണത്തിനാവശ്യമായ ഒരു അസംസ്കൃതവസ്തുവിന്റെ ദൗർലഭ്യം നിമിത്തം കമ്പനിയുടെ ഇരുമ്പുനിർമ്മാണം സ്തംഭിച്ചിരിക്കുകയാണ്‌ എന്നു നിങ്ങൾ പത്രത്തിൽ വായിച്ചുകാണും. പ്രോഡക്ഷൻ പുനരാരംഭിക്കാൻ നിങ്ങൾക്കെന്തു നിർദ്ദേശമാണ്‌ മുന്നോട്ടു വയ്ക്കാനുള്ളത്‌?'
അതിന്‌ യുവാവ്‌ നിർദ്ദേശിച്ച പരിഹാരമാർഗ്ഗം ഇതത്രെ:
'ചോരയാണ്‌ ഇരുമ്പിന്റെ സത്തും ഏറ്റവും എളുപ്പത്തിൽ ലഭ്യവുമായ അസംസ്കൃത വസ്തു. യുവരക്തം തിളച്ചൊഴുകുന്ന നാടാണല്ലോ, നമ്മുടേത്‌. അതുകൊണ്ട്‌ ലക്ഷോപലക്ഷം വരുന്ന എല്ലാ തൊഴിൽരഹിതരേയും കമ്പനി ഏറ്റെടുക്കുക. അവരുടെ ചോര നീരാക്കിയാൽ മതി, ഈ പ്രതിസന്ധി പരിഹരിക്കാൻ!'
'ഗുഡ്‌.'
എം.ഡി. യുവാവിനെ അഭിനന്ദിച്ചു.
അവസാനമായി ഒരു ചോദ്യം കൂടി:
'ഇരുമ്പുകൊണ്ട്‌ നിങ്ങൾ സ്വന്തമായി എന്തോ ഒരു നൂതനവസ്തു ഉണ്ടാക്കിയിട്ടുണ്ടല്ലോ. ഇപ്പോൾ അതു നിങ്ങളുടെ കൈവശമുണ്ടോ?'
ഉണ്ടെന്നും പറഞ്ഞ്‌ യുവാവ്‌ കൈപൊക്കിക്കാണിച്ചു.
'ഈ കൈ തന്നെ! - ഇതു എന്റെ കയ്യല്ല - നോക്കൂ, ഉരുക്കുമുഷ്ടിയാണ്‌. എന്റെ സ്വന്തം സൃഷ്ടിയാണീ, മുഷ്ടി.'
'ഒന്നു കാണട്ടെ, ഉരുക്കുമുഷ്ടിയെന്നു കേട്ടിട്ടേയൊള്ളൂ. ഞങ്ങളാരും അതു കണ്ടിട്ടില്ല.'
കൂടിക്കാഴ്ചക്കാർ യുവാവിന്റെ ചുറ്റും വട്ടം കൂടി.
'ഇതെങ്ങനെയാ പ്രയോഗിക്കുന്നത്‌?'
'-- ഇങ്ങനെ!'
അങ്ങനെ ആ കൂടിക്കാഴ്ച അവസാനിച്ചു.
ഉരുക്കുമുഷ്ടിയുടെ പ്രയോഗം കണ്ടവരിലും കൊണ്ടവരിലും ആരുംതന്നെ ജീവനോടെ അവശേഷിച്ചില്ല.
ഉദ്യോഗാർത്ഥിയായ ആ യുവാവിനേയും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.
എങ്കിലും സംഭവസ്ഥലത്തുനിന്നും പ്രസ്തുത കൂട്ടക്കൊലയ്ക്ക്‌ ഉപയോഗിച്ച ആയുധമെന്ന്‌ സംശയിക്കപ്പെടുന്ന, രക്തം പുരണ്ട ഒരു ഒരുക്കുമുഷ്ടി പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.

Sunday, 14 August 2011

ഉരുക്കുമുഷ്ടി



ജനാർദ്ദനൻ വല്ലത്തേരി


വർഷങ്ങളോളം അഭ്യസിച്ചാണ്‌, യുവാവ്‌ ഇരുമ്പിനേപ്പറ്റി ചില അറിവുകൾ കരസ്ഥമാക്കിയത്‌. പഠിച്ച വിദ്യകൾ പയറ്റാനായി ഒരു പഴുതും കിട്ടാതെ തുരുമ്പും പിടിച്ചിരിക്കുമ്പോൾ ഒരു ഇരുമ്പു കമ്പനി യുവാവിനെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു. പ്രധാന ഇരുമ്പു ബോർഡംഗം യുവാവിനെ ഇപ്രകാരം ചോദ്യം ചെയ്തു.
' ഇരുമ്പെങ്ങനെയാണ്‌ നിർമ്മിക്കുന്നത്‌?'
'ഇരുമ്പ്‌ ആരും നിർമ്മിക്കുന്നില്ല. ആത്മാവുപോലെ അദൃശ്യവും അരൂപവുമായ ഇരുമ്പിനെ നാം വാർത്തെടുക്കുക മാത്രമാണ്‌ ചെയ്യുന്നത്‌'
'അതൊരു പുതിയ അറിവാണല്ലോ!' ഒരു ഇരുമ്പംഗം, തപ്പിത്തടഞ്ഞു ചോദിച്ചു; എന്തൊക്കെയാണ്‌ ഇരുമ്പിന്റെ രാസഗുണങ്ങൾ?
ഒന്ന്‌ : ഇരുമ്പു കുടിച്ച വെള്ളം കക്കുകയില്ല - യുവാവു പറഞ്ഞു
രണ്ട്‌: ഇരുമ്പും പെണ്ണും ഇരിക്കെകെടും.
മറ്റൊരു ഇരിമ്പുദ്യോഗസ്ഥന്‌ അറിയേണ്ടത്‌ ഇതായിരുന്നു.
ഇരുമ്പു പഴുക്കുമ്പോൾ കൊല്ലനും കൊല്ലത്തീം ഒന്ന്‌ എന്നു പറയുന്നതെന്തുകൊണ്ട്‌?
അതു അശ്ലീലമാണ്‌. പുറത്തു പറയാൻ കൊള്ളില്ല.
ചോരയും ഇരുമ്പും തമ്മിലുള്ള ബന്ധമെന്ത്‌?
ഇരുമ്പിന്റെ ദ്രവരൂപമാണ്‌, ചോര!
ഇരുമ്പിന്റെ ഉപയോഗങ്ങൾ പറയൂ
ഇരുമ്പുകൊണ്ട്‌ മനുഷ്യഹൃദയങ്ങൾ, ഉലയ്ക്കകൾ, ഉരുക്കുമുഷ്ടികൾ എന്നിവ ഉണ്ടാകാം. യുവാവിന്‌ ആവേശം കേറി. ഇരുമ്പിന്റെ വംശാവലിയിൽ ഉടലെടുത്ത അതിശക്തരായ ചില ഉരുക്കുമനുഷ്യരെപ്പറ്റി ചരിത്രത്തിൽ വായിച്ചിട്ടില്ലേ?'
യുവാവിന്റെ ഉത്തരങ്ങൾ ചോദ്യശരങ്ങളായി തങ്ങൾക്കു നേരെ തന്നെ തിരിയുകയാണൊ എന്നു ചില ഇരുമ്പു ബോർഡംഗങ്ങളെങ്കിലും സംശയിച്ചു. ഈ ഉദ്യോഗാർത്ഥി വച്ചുപൊറുപ്പിക്കാൻ പറ്റിയ സൈസല്ല.
അതുകൊണ്ട്‌ ചോദ്യങ്ങൾ തേച്ചു മൂർച്ച കൂട്ടി.
മുഖ്യഇരുമ്പംഗം: 'ഇരുമ്പു തുരുമ്പു പിടിക്കുന്നതെന്തുകൊണ്ട്‌?
യുവാവ്‌: മനുഷ്യരിൽ നിന്നു ഇരുമ്പിലേയ്ക്കു പകരുന്ന ഒരു വ്യാഥിയാണീ തുരുമ്പു എന്ന്‌ പറയുന്നത്‌?
ബോർഡ്‌ ചെയർമാൻ നെഞ്ചു തിരുമി. അകത്തൊരു കിരുകിരുപ്പ്‌.
ഇരുമ്പുലയ്ക്ക വിഴുങ്ങിപ്പോയാൽ എന്തു ചെയ്യണം?
ചുക്കു വെള്ളം കുടിച്ചാൽ മതി.
രക്തത്തിൽ പഞ്ചസാരയുടെ ഉപദ്രവം കൂടിയതുകൊണ്ട്‌ ചുണ്ടും നാവും വരണ്ടു തുടങ്ങിയ കമ്പനി എം.ഡി യുവാവിന്റെ മുമ്പിൽ ഒരു പ്രശ്നം അവതരിപ്പിച്ചു.
യംഗ്‌ മാൻ, ഇരുമ്പു നിർമ്മാണത്തിനാവശ്യമായ ഒരു സംസ്കൃതവസ്തുവിന്റെ ദൗർലഭ്യം നിമിത്തം കമ്പനിയുടെ ഇരുമ്പുനിർമ്മാണം സ്തംഭിച്ചിരിക്കുകയാണ്‌ എന്നു നിങ്ങൾ പത്രത്തിൽ വായിച്ചുകാണും. പ്രോഡക്ഷൻ പുനരാരംഭിക്കാൻ നിങ്ങൾക്കെന്തു നിർദ്ദേശമാണ്‌ മുന്നോട്ടു വയ്ക്കാനുള്ളത്‌?
അതിന്‌ യുവാവ്‌ നിർദ്ദേശിച്ച പരിഹാരമാർഗ്ഗം ഇതത്രെ.
ചോരയാണ്‌ ഇരുമ്പിന്റെ സത്തും ഏറ്റവും എളുപ്പത്തിൽ ലഭ്യവുമായ അസംസ്കൃത വസ്തു. യുവ രക്തം തിളച്ചൊഴുകുന്ന നാടാണല്ലോ, നമ്മുടേത്‌. അതുകൊണ്ട്‌ ലക്ഷോപലക്ഷം വരുന്ന എല്ലാ തൊഴിൽരഹിതരേയും കമ്പനി ഏറ്റെടുക്കുക. അവരുടെ ചോര നീരാക്കിയാൽ മതി, ഈ പ്രതിസന്ധി പരിഹരിക്കാൻ!
'ഗുഡ്‌'.
എം.ഡി.യുവാവിനെ അഭിനന്ദിച്ചു.
അവസാനമായി ഒരു ചോദ്യം കൂടി:
'ഇരുമ്പുകൊണ്ട്‌ നിങ്ങൾ സ്വന്തമായി എന്തോ ഒരു നൂതനവസ്തു ഉണ്ടാക്കിയിട്ടുണ്ടല്ലോ. ഇപ്പോൾ അതു നിങ്ങളുടെ കൈവശമുണ്ടോ?
ഉണ്ടെന്നും പറഞ്ഞ്‌ യുവാവ്‌ കൈപൊക്കിക്കാണിച്ചു.
' ഈ കൈ തന്നെ!- ഇതു എന്റെ കൈയ്യല്ല - നോക്കൂ, ഉരുക്കുമുഷ്ടിയാണ്‌. എന്റെ സ്വന്തം സൃഷ്ടിയാണീ,മുഷ്ടി.'
ഒന്നു കാണട്ടെ, ഉരുക്കുമുഷ്ടിയെന്നു കേട്ടിട്ടേയൊള്ളൂ. ഞങ്ങളാരും അതു കണ്ടിട്ടില്ല.
കൂടിക്കാഴ്ചക്കാർ യുവാവിന്റെ ചുറ്റും വട്ടം കൂടി.
ഇതെങ്ങനെയാ പ്രയോഗിക്കുന്നത്‌?
'--ഇങ്ങനെ!'
അങ്ങനെ ആ കൂടിക്കാഴ്ച അവസാനിച്ചു.
ഉരുക്കുമുഷ്ടിയുടെ പ്രയോഗം കണ്ടവരിലും കൊണ്ടവരിലും ആരുംതന്നെ ജീവനോടെ അവശേഷിച്ചില്ല.
ഉദ്യോഗാർത്ഥിയായ ആ യുവാവിനേയും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.
എങ്കിലും സംഭവസ്ഥലത്തുനിന്നും പ്രസ്തുത കൂട്ടക്കൊലയ്ക്ക്‌ ഉപയോഗിച്ച ആയുധമെന്ന്‌ സംശയിക്കപ്പെടുന്ന, രക്തം പുരണ്ട ഒരു ഉരുക്കുമുഷ്ടി പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.


Friday, 8 July 2011

കാഴ്ചശീവേലി



ജനാർദ്ദനൻ വല്ലത്തേരി 




അടുത്ത വീട്ടിൽ ഒരു കൊല നടന്നു. മോൻ അച്ഛനെ കുത്തിക്കൊന്നു. ഇരുചെവി അറിയാതെ നടന്ന ആ പിതൃഹത്യ കണ്ടത്‌ അയലത്ത്‌ വാടകയ്ക്കു താമസിച്ചിരുന്ന ഒരു യുവാവു മാത്രമാണ്‌. അയാൾ സ്വയമറിയാതെ ആ അരും കൊലയ്ക്കു ദൃക്‍സാക്ഷിയായിപ്പോയി. അയാൾക്കു ആരുമേതുമില്ല. ജന്മനാ അനാഥൻ. സങ്കടങ്ങളിൽ നിന്ന്‌, സങ്കടങ്ങളിലേക്ക്‌ ഊരും പേരുമില്ലാത്ത ഒരു അഗതിയുടെ അലച്ചിലായിരുന്നു ആ യുവാവിന്റെ ജീവിതം. വാടകയ്ക്കുള്ള ഒരു താമസം മാത്രമായിരുന്നു, ഈ ജന്മം. അയാൾ തന്റെ അച്ഛനെ കണ്ടിട്ടേയില്ല. പക്ഷേ, സ്വന്തം മകന്റെ കുത്തേറ്റു വീണു പിടയ്ക്കുന്ന അച്ഛന്റെ മോനേ എന്നുള്ള അന്ത്യനിലവിളികേട്ടപ്പോൾ അയാൾ രണ്ടു മനുഷ്യർക്കിടയിൽ ഒരച്ഛനേയും മോനേയും തിരിച്ചറിഞ്ഞു. ആ കാഴ്ച കണ്ട്‌ തന്റെ കണ്ണുകളെ വിശ്വസിക്കാൻ അയാൾക്കു കഴിഞ്ഞില്ല. പരിഭ്രാന്തിയോടെ നോക്കി നിൽക്കുമ്പോൾ, കുത്തേറ്റുവീണു പിടയ്ക്കുന്ന അച്ഛൻ താൻതന്നെയാണെന്ന്‌ അയാൾക്കു തോന്നി. അടുത്ത നിമിഷം അച്ഛന്റെ ചോര പുരണ്ട കത്തിയുമായി നിൽക്കുന്ന മോനല്ലേ താൻ എന്നും അയാൾ സംശയിച്ചു. താൻ കൊന്നവനോ കൊല്ലപ്പെട്ടവനോ അല്ലെന്നും കൊലയ്ക്കു സാക്ഷിമാത്രമാണെന്നും അയാൾക്കു ബോദ്ധ്യപ്പെട്ടത്‌, കൊലയാളി അയാളെത്തേടിയെത്തിയപ്പോഴാണ്‌. അച്ഛന്റെ മാറിടം പിളർന്ന മകൻ അയാളുടെ മുമ്പിൽ വന്നുനിന്നു. നേർക്കുനേരെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ. എന്നിട്ടും നോക്കെത്താതത്തത്ര അകലത്തു നിന്ന്‌ എത്തിനോക്കുന്നതുപോലെയാണ്‌ ഇരുവരും പരസ്പരം കണ്ടത്‌. രണ്ടു മനുഷ്യർ തമ്മിൽ ഇത്രത്തോളം അകലയുണ്ടെന്ന്‌ അയാൾ അറിഞ്ഞിരുന്നില്ല. മനുഷ്യബന്ധങ്ങളുടെ പൊരുൾ പോലെ, തെല്ലിട...മൗനം.
 നീ കണ്ടത്‌ ഞാൻ കണ്ടു; കൊലപ്പുള്ളി പറഞ്ഞു; കണ്ട കാര്യം പുറത്തു മിണ്ടിപ്പോകരുത്‌. നീയാണ്‌ , ഏകദൃക്സാക്ഷി.
കണ്ടത്‌ പറഞ്ഞുകൂടെ?
കണ്ടത്‌ പറഞ്ഞാൽ കണ്ണിന്‌ കേട്‌. കൊലപ്പുള്ളി ഭീഷണി മുഴക്കി; കത്തിമുന യുവാവിന്റെ കണ്ണിന്‌ നേരെ ചൂണ്ടിക്കൊണ്ട്‌: ഈ കണ്ണു കൊണ്ടല്ലേ, നീ കണ്ടത്‌. എന്നാൽ നോക്കിക്കോ - ഈ കത്തികൊണ്ടു തന്നെ ഞാനീ കണ്ണു കുത്തിപ്പൊട്ടിക്കും, കണ്ടത്‌ നീ പുറത്തു പറഞ്ഞാൽ.
 അയാൾക്കു മറ്റെന്തെങ്കിലും മിണ്ടാൻ ഇട കിട്ടുന്നതിനു മുമ്പ്‌ കൊലപ്പുള്ളി ഇരുട്ടത്തു മറഞ്ഞുകഴിഞ്ഞിരുന്നു. അയാളുടെ കണ്ണിമകൾ തല്ലി. കണ്ണുകൾ കണ്ണിൽത്തന്നെയുണ്ട്‌. കാഴ്ചയുമുണ്ട്‌. എന്നിട്ടും  കണ്ണുപൊട്ടിപ്പോയ അനുഭവം. പെട്ടെന്നു കുരുടനായതുപോലെ; ഊമയും ബധിരനുമായതുപോലെ. വായ്‌ മൂടപ്പെട്ടിരിക്കുന്നു; നാക്കൂ കെട്ടപ്പെട്ടിരിക്കുന്നു. എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ, എന്തെങ്കിലും കേട്ടില്ലെങ്കിൽ തനിക്കിനി ഒരിക്കലും അതിനു കഴിയില്ല; മിണ്ടാനോ, പറയാനോ, കാണാനോ, കേൾക്കാനോ!
 നേരം വെളുത്തപ്പോൾ ആദ്യമായി അയാൾ പോലീസ്‌ സ്റ്റേഷനിൽച്ചെന്നുകണ്ടതുമുഴുവനും അറിയിച്ചു; സ്വന്തം മരണമൊഴികൊടുക്കുന്നതുപോലെ. കൊലയാളി ഒളിവിലാണ്‌ എങ്കിലും പണയപ്പണ്ടം തിരിച്ചെടുക്കാൻ മുതലും പലിശയുമായി കൊലയാളി വരും എന്ന്‌ അയാൾക്കുറപ്പുണ്ട്‌. പിന്നീട്‌ അയാൾ നേരെ പോയത്‌ ആശുപത്രിയിലേക്കാണ്‌. നേത്രബാങ്കിലെ ഡോക്ടറോട്‌ യുവാവു പറഞ്ഞു: ഞാൻ എന്റെ കണ്ണുകൾ നേത്രബാങ്കിന്‌ നൽകാൻ വന്നതാണ്‌.
 നന്ദി, നിങ്ങളുടെ പേര്‌ രജിസ്റ്റർ ചെയ്യാം. അഡ്രസ്സ്‌?
 എനിക്ക്‌ അഡ്രസ്സ്‌ ഇല്ല-കണ്ണുകൾ ഇപ്പോൾ തന്നെ നൽകാനാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌, ഡോക്ടർ.
ഇപ്പോഴോ- നിങ്ങളൊരു ചെറുപ്പക്കാരനല്ലേ. ജീവിതം മുഴുവനും ബാക്കി കിടപ്പില്ലേ. 
എനിക്കൊന്നും കാണണ്ട.
സോറി. ജീവിച്ചിരിക്കുന്ന ആളുടെ കണ്ണെടുക്കുവാൻ നിയമതടസ്സമുണ്ട്‌.
ഇപ്പോൾ എന്റെ കണ്ണ്‌ എടുക്കുന്നതിനുള്ള നിയമതടസ്സം ഞാൻ ജീവിച്ചിരിക്കുന്നതാണോ, ഡോക്ടർ?
കണ്ണില്ലാതെ, കുരുടനായി നിങ്ങൾ പിന്നെ ജീവിച്ചിട്ടെന്ത്‌ കാര്യം?
ഡോക്ടറുടെ ഗൗരവം നിറഞ്ഞ ചോദ്യം കേട്ടപ്പോൾ, ആ യുവാവ്‌ അറിയാതെ പുഞ്ചിരിച്ച്‌ പോയി.
പിറ്റേന്ന്‌, ഒരു വാടകവീടിന്റെ മേൽവിലാസത്തിൽ താമസിച്ചിരുന്ന ആ യുവാവിന്റെ മൃതശരീരത്തിൽ നിന്ന്‌ അയാളുടെ കാഴ്ചയുള്ള കണ്ണുകൾ ഡോക്ടർ മുറിച്ചെടുക്കുമ്പോഴും ആ പുഞ്ചിരിമാഞ്ഞിരുന്നില്ല.