Showing posts with label james bright. Show all posts
Showing posts with label james bright. Show all posts

Saturday, 14 January 2012

റഷ്യന്‍ ബ്ലോഗു വിപ്ലവവും മുല്ലപ്പെരിയാറും

ജെയിംസ് ബ്രൈറ്റ്


 വിപ്ലവത്തിന്റെ നാടായ റഷ്യയും ബ്ലോഗു വിപ്ലവത്തില്‍ . ഈ മാസം നാലാം തീയതി നടന്ന ഇലക്ഷനില്‍ വ്ലാദിമിര്‍ പുട്ടിന്റെ പാര്‍ട്ടി ജയിച്ചത്‌ കള്ള വോട്ടിലൂടെയാണെന്ന് അവിടുത്തെ സോഷ്യല്‍ മീഡിയകള്‍ കണ്ടെത്തി. ഫേസ് ബൂക്കിലൂടെയും ബ്ലോഗിലൂടെയും ഇന്നവിടെ മറ്റൊരു വിപ്ലവം അരങ്ങേറുന്നു

അതിനു ചുക്കാന്‍ പിടിക്കുന്നയാളാണ് അലെക്സി നവാല്നി . അദ്ദേഹത്തെ റഷ്യന്‍ ഭരണകൂടം അറസ്റ്റു ചെയ്തിരിക്കുകയാണ്.
നവാല്‍നിയെപ്പറ്റി അല്പം.
ഒരു ബ്ലോഗറായ അദ്ദേഹം ഇന്ന് റഷ്യയിലെ ഏറ്റവും വലിയ നേതാവാണ്‌. ഈ കരുത്ത് അദ്ദേഹം ബ്ലോഗു ചെയ്തു മാത്രം നേടിയതാണ്. മാഫിയ നേതാവായ വ്ലാദിമിര്‍ പുട്ടിനോട് ഒരു കൈ നോക്കാനിറങ്ങിയ അദ്ദേഹം അപാര ധൈര്യത്തിന്റെ ഉടമയാണ്.
രണ്ടായിരത്തി എട്ടിലാണ്  ആദ്യമായി ബ്ലോഗുന്നത് . അഴിമതി ആയിരുന്നു പ്രധാന വിഷയം. എഴുത്തിലൂടെ വന്‍ ജന പിന്തുണ  നേടി.
ജോലി അഭിഭാഷകന്‍ . ഭാര്യും രണ്ടു കുഞ്ഞുങ്ങളും ഉണ്ട്.
ബ്ലോഗിലൂടെ അവവധി സമരങ്ങള്‍ അദ്ദേഹം സംഘടിപ്പിച്ചു . ബ്ലോഗറന്മാരുടെ സംഘങ്ങള്‍ പല വന്‍ അഴിമതികളും പുറത്തു കൊണ്ടുവരുകയും ചെയ്തു. നാല് ബില്യന്‍ റൂബിളിന്റെ ട്രാനസ്നേഫ്റ്റ് അഴിമതി ആയിരുന്നു അതില്‍ ഏറ്റവും പ്രധാനം.
അഴിമതി നിവാരണത്തിനായി ഒരു വെബ് സൈറ്റുതന്നെ ഉണ്ടാക്കി. അതില്‍ പരാതികള്‍ അപ്ലോട്‌ ചെയ്യുകയും അവ അന്വേഷണ വിധേയം ആക്കുകയും ചെയ്യുന്നു. വായനക്കാര്‍ ആളുകള്‍ക്ക് പരാതി സംബന്ധമായ കേസുകള്‍ നടത്താന്‍ സാമ്പത്തിക സഹായവും നല്‍കുന്നു. റഷ്യയിലും ലോകമെമ്പാടും ഈ സൈറ്റിന് വന്‍ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നു.
ഈ വര്ഷം ഫെബ്രുവരി മുതലാണ്‌ നവലാനി പുട്ടിനെതിരെ തിരിയുന്നത് . കള്ളന്മാരുടെയും മോഷ്ടാക്കളുടെയും പാര്‍ട്ടി എന്നാണു പുട്ടിന്റെ പാര്‍ട്ടിക്കെതിരെ അദ്ദേഹം പ്രതികരിച്ചത്.
അദ്ദേഹത്തെ ഒരു നവ മാര്‍ക്സ് എന്നോ ലെനിനെന്നോ നമുക്ക് വിളിക്കാം.
ഇനി വിപ്ലവങ്ങളും അഴിമതി വിരുദ്ധ പോരാട്ടങ്ങളും ബ്ലോഗിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും മാത്രമേ നടക്കുകയുള്ളു. നേതാക്കന്മാര്‍ അത് മനസ്സിലാക്കിയാല്‍ നന്ന്. അല്ല ഈ ബ്ലോഗിനെയും മറ്റും നിരോധിക്കാം എന്നാണു പരിപാടിയെങ്കില്‍ അതൊരിക്കലും നടക്കുവാന്‍ പോകുന്നില്ല.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു സൈബര്‍ കൂട്ടായ്മ ഉണ്ടായതും പല നേതാക്കളെയും ആളുകള്‍ പരസ്യമായി തള്ളിപ്പറയുന്നതും മറ്റും കാണുമ്പോള്‍ നമുക്കും ഒരു നല്ല കാലം വരും എന്ന നേരിയ ഒരു പ്രത്യാശ മനസ്സില്‍ മുളപൊട്ടുന്നു.
റഷ്യയിലെ അലക്സി നെവലാനി നമ്മുടെയും മാതൃക ആവട്ടെ. ഒരു തീരുമാനം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉണ്ടാവും വരെ നമുക്ക് വിശ്രമം ഇല്ല.

Tuesday, 15 November 2011

സന്തോഷ്‌ പണ്ഡിറ്റ്‌ : സിനിമയിലെ വിപ്ലവകാരി

ജെയിംസ് ബ്രൈറ്റ്

 


സാധാരണ ഗതിയില്‍ സിനിമയില്‍ കയറുകയെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ചെയ്യുന്നു എന്നാണു വിശേഷിപ്പിക്കാറു പതിവ്. കാരണം സിനിമയില്‍ എത്തിപ്പറ്റുക ഒരു നടക്കാത്ത കാര്യം അഥവാ താരതമ്യേന അലഭ്യമായ ഭാഗ്യം തന്നെയാണ് .അതിനാലാവാം ആളുകള്‍ ഇങ്ങിനെ ചിന്തിക്കുന്നത്.
കഴിവ് മാത്രം പോര ഇന്ന് സിനിമയില്‍ എത്താന്‍. ഒരുപാട് കാര്യങ്ങള്‍ ഒത്തു വരണം ആര്‍ക്കും ഒരു സിനിമാക്കാരനാകുവാന്‍. നല്ല കഴിവുകളുള്ള ആളുകള്‍ക്ക് ഇത് മൂലം ഈ മേഖല അപ്രാപ്യമായി തീര്‍ന്നിരിക്കുന്നു.
കാലം മാറിയതോടെസിനിമാ രംഗത്ത്‌ വന്ന സംഘടനകളുടെ ആവിര്‍ഭാവവും സാധാരണക്കാരനെ സിനിമയില്‍ നിന്നും അകറ്റി.
പലരുടെ കയ്യിലും നല്ല ഐഡിയകള്‍ ഉണ്ടെങ്കിലും അതൊന്നും ഇന്ന് സിനിമയാക്കാന്‍ കഴിയുന്നില്ല. നിര്‍മ്മാതാക്കള്‍ക്ക് തങ്ങളുടെ പണം തിരിച്ചു കിട്ടുമെന്ന് ഒരു ഗ്യാരണ്ടിയും ഇല്ല. കാശ് നഷ്ടപ്പെട്ട നിര്‍മ്മാതാക്കളാണ് അധികവും. വിതരണ രംഗം ഒരിക്കലും സുതാര്യമല്ല. കാശ് മിക്കവാറും അവരാവും കൊണ്ട് പോവുക.

സന്തോഷ്‌ പണ്ഡിറ്റ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ സ്വന്തമായി തീയേറ്റര്‍ വാടകക്കെടുത്തു എന്ന കാര്യം അത്യന്തം ശ്രദ്ധേയമാകുന്നത് ഇവിടെയാണ്‌. അവിടെ നിന്നും പിരിഞ്ഞു കിട്ടുന്ന പണമെല്ലാം സന്തോഷിനുള്ളതാണല്ലോ. മുടക്ക് മുതല്‍ മാത്രമല്ല ലാഭവും അദ്ദേഹത്തിന് തന്നെ. ഈ ഒറ്റ കാര്യം കൊണ്ട് മാത്രം ഈ ഐഡിയ വളരെ സ്വീകാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. മറ്റു നിര്‍മാതാക്കള്‍ക്കും ഇത് ഇഷ്ടപ്പെട്ടിട്ടുണ്ടാവണം എന്ന് തന്നെ കരുതുന്നു.
പുതിയ ഡിജിറ്റല്‍ ക്യാമറകളുടെ വരവോടെ ഇന്ന് ഫിലിമിന്റെ ആവശ്യം ഇല്ലാതെ വരുമെന്നതിനാല്‍ നിര്‍മ്മാണ ചെലവ് കുറയ്ക്കാമെന്ന് എല്ലാവരും മനസ്സിലാക്കിയതിനു തൊട്ടു പിറകെയാണ് സന്തോഷിന്റെ വിജയവും നമ്മള്‍ കാണുന്നത്.
സന്തോഷിന്റെ സിനിമയുടെ കലാ മൂല്യം ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.സിനിമയുടെ നിര്‍മ്മാണ സാധ്യത മാത്രം ഇവിടെ പരിഗണിക്കുന്നു എന്നും പറഞ്ഞു കൊള്ളട്ടെ.
സിനിമയിലും ഒരു ജനാധിപത്യം വരുമെന്ന് തോന്നുന്നു. അവിടെയാണ് സന്തോഷിന്റെ പ്രസക്തി. അദ്ദേഹത്തിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതോടൊപ്പം മലയാള സിനിമയിലെ വിപ്ലവകാരി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുവാനും നമ്മള്‍ മടി കാണിക്കേണ്ടതില്ല.



Friday, 14 October 2011

തിരിച്ചു കൊടുക്കാന്‍ മറന്ന താക്കോല്‍


ജെയിംസ് ബ്രൈറ്റ്

 


എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല . താമസിച്ചിരുന്ന മുറിയുടെ താക്കോല് തിരിച്ചു കൊടുത്തില്ല! ഇങ്ങിനെ ഒരിക്കലും ചെയ്തിട്ടില്ല.. എന്തായിരിക്കും ഈ താക്കോല് തിരിച്ചേല്‍പ്പിക്കാന്‍ മറന്നത്? മറ്റെല്ലാ ചിന്തകളെയും മാറ്റി നിറുത്തി മനസ്സ് ശുദ്ധമാക്കി ഒന്നുകൂടെ ചിന്തിച്ചു. എന്താണ് സംഭവിച്ചത്?
ആ ഹോട്ടലില്‍ ഞാന്‍ താമസിച്ചു.
അതെ ..അതൊരു ഹോട്ടല്‍ ആയിരുന്നുവെന്നാണ് ഓര്‍മ്മ. എപ്പോഴാണ് അവിടം വിട്ടത്? എന്തിനാണ് അവിടെ പോയത്?
എന്തായാലും ഈ താക്കോല് തിരിച്ചു കൊടുത്തേ മതിയാവൂ. അത് തിരിച്ചു കൊടുക്കാതെ പോന്നത് ഒരിക്കലും ശരിയായില്ല. ഇനി തിരിച്ചു പോവുകയല്ലാതെ എന്റെ മുന്നില്‍ ഒരു മാര്‍ഗ്ഗവും കണ്ടില്ല.
ഹോട്ടല്‍ നിന്നിരുന്ന നഗരത്തിലേക്ക് യാത്രതിരിച്ചു. വളരെയേറെ യാത്രചെയ്തു അവിടെ എത്തി. നഗരം പഴയപടി തന്നെ . ഒരു മാറ്റവും ഇല്ല. ഇനി ഹോട്ടല്‍ കണ്ടുപിടിക്കണം.
താക്കോല് തിരികെ കൊടുത്താല്‍ സമാധാനമായി. പക്ഷേ ഹോട്ടല് കാണുന്നില്ല! അതിന്റെ പേരും മറന്നുപോയി! ആരോടെങ്കിലും ചോദിക്കാമെന്നു കരുതി.
റോഡരുകിലെ ഒരു ബെഞ്ചില്‍ രണ്ടു വൃദ്ധന്മാര്‍ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു.
അവരോടു ചോദിച്ചുനോക്കാം.
അവരുടെ അടുത്തു ചെന്ന് ചോദിച്ചു.പക്ഷേ ചോദിച്ചതൊന്നും അവര്‍ക്ക് മനസ്സിലായില്ല. അതിനൊരു കാരണവും ഉണ്ടായിരുന്നു. അവരിലോരാള്‍ക്ക് ചെവി കേള്‍ക്കില്ലായിരുന്നു. മറ്റേയാള്‍ അന്ധനും ആയിരുന്നു! എന്തായിരിക്കാം അവര്‍ സംസാരിച്ചുകൊണ്ടിരുന്നത്? എന്തായാലും അതിനെപ്പറ്റി ആലോചിക്കാന്‍ സമയമില്ല.
വേറെ ആരെയെങ്കിലും കണ്ടുപിടിക്കുക തന്നെ. അല്പം അകലെയായി ഒരാള്‍ പത്രം വില്‍ക്കുന്നുണ്ടായിരുന്നു. അയാളോട് ചോദിക്കാം. അയാളെ സമീപിച്ചു. ഒരു സര്‍വ്വജ്ഞാനിയെപ്പോലെ ആയിരുന്നു അയാളുടെ മുഖ ഭാവം. എന്നെ അയാള്‍ ഒരുതരം അവജ്ഞയോടെ നോക്കി.
ഹോട്ടല്‍ എവിടെയാണെന്ന് അയാള്‍ക്കറിയില്ലായിരുന്നു. വീണ്ടും നടന്നു. ഒരു തുറന്ന സ്ഥലത്ത് എത്തപ്പെട്ടു.
അവിടെ ഒരാളെ കുരിശില്‍ തറച്ചു നിര്ത്തിയിട്ടുണ്ടായിരുന്നു! അദ്ദേഹം ഒരു ഉപദേശി ആണെന്നും ,സ്വയം ക്രൂശില് അവരോധിതനായതാണ് എന്നും മറ്റും അയാള്‍ മരിക്കുവാനായി അവിടെ കാത്തു നിന്നിരുന്ന പോലീസുകാരും പുരുഷാരവും എന്നോട് പറഞ്ഞു.
അവിടെ നിന്നും വീണ്ടും നടന്നു. ഒരു സ്ത്രീ ഒരു കുഞ്ഞിനെ തോളില്‍ എടുത്തുകൊണ്ടു വരുന്നുണ്ടായിരുന്നു. അവരോടു ഹോട്ടലിനെപ്പറ്റി ചോദിച്ചു. അവര്‍ ഹോട്ടല്‍ ഇപ്പോള്‍ വേറെ ഏതോ ഒരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു എന്ന വാര്‍ത്ത തന്നു.
വിഷമം തോന്നി. വേറെ ആരോടെങ്കിലും ഒന്ന് കൂടെ ചോദിക്കാം എന്ന് കരുതി അടുത്ത തെരുവിലേക്ക് കടന്നു.
അത്ഭുതം എന്ന് പറയട്ടെ.. ഞാനിപ്പോള്‍ പുറപ്പെട്ട അതെ സ്ഥലത്ത് തന്നെ എത്തപ്പെട്ടിരിക്കുന്നു..
അലറാന്‍ ശ്രമിച്ചു. പക്ഷേ ശബ്ദം പുറത്തു വന്നില്ല.
അപ്പോഴാണ്‌ ഉറക്കത്തില്‍ നിന്ന് ഉണരുന്നതും ഇതെല്ലാം ഒരു സ്വപനമായിരുന്നുവെന്നു മനസ്സിലാക്കിയതും!
എന്നിരിക്കിലും താക്കോല് എന്റെ കയ്യില്‍ ഉണ്ടോ എന്ന് നോക്കി. ഇല്ല..സമാധാനമായി. പക്ഷേ എന്തിനായിരിക്കാം ഞാന്‍ ഇങ്ങിനെ ഒരു സ്വപ്നം കണ്ടത്?