Showing posts with label indira balan. Show all posts
Showing posts with label indira balan. Show all posts

Friday, 13 January 2012

പ്രകാശം പരത്തിയ പുസ്തകം

ഇന്ദിരാബാലന്‍



പരുഷതയാൽ
കാഠിന്യമേറിയ പുറംച്ചട്ടയുള്ള പുസ്തകം
വായിക്കാനെടുത്തപ്പോഴും
അപ്രതിരോധ്യമായ ഭാരം
ഉള്ളു മറിക്കുമ്പോളേറി വരുന്ന ഗഹനത....
സംശയലേശമെന്യേ
താളുകളിലേക്കിറങ്ങിനടന്നു
തുടക്കത്തിൽ ആശയങ്ങളുടെ
ആഴം ഉൾക്കൊള്ളാനാവാതെ
തന്നെ നോക്കി കൊഞ്ഞനം കുത്തുന്നതുപോലെ
പക്ഷേ,അക്ഷരങ്ങളുടെ
തീക്ഷ്ണസുഗന്ധം
നിശ്ശബ്ദചിത്തത്തിന്റെ
വക്കരയിൽ
എണ്ണമറ്റ അർത്ഥവിന്യാസങ്ങളായി
ഉടക്കിനിന്നു
ജീവിതമുറിവുകളുടെ
അവശതയിൽ
വായന പലപ്പോഴും മുറിഞ്ഞുകിടന്നു
ഉയിർത്തെഴുന്നേൽക്കുന്ന
ഫീനിക്സ്‌ പക്ഷി കണക്കെ
പുസ്തകത്തിന്റെ പുറന്തോട്‌
കൊത്തിയുടച്ച്‌
വായനയുടെ പുതിയ ഏടുകളിലേക്ക്‌...
ആവേശത്തിരയടിക്കുന്ന മനസ്സുമായി
അകത്താളുകളിലേക്കിറങ്ങുന്തോറും
വജ്ജ്രവാക്കുകളുടെ
തിളക്കവും, മൂർച്ഛയും...
കരിയില മൂടിക്കിടക്കുന്ന
വഴികളിൽ മുള്ളുകളുടക്കി
വീണപ്പോൾ
പ്രകാശം ചുരത്തുന്ന
വാക്കിന്റെ കതിരുകൾ
ഓടിവന്നെഴുന്നേൽപ്പിച്ച്‌
ഊന്നുവടിയായ്‌ താങ്ങി...
മനസ്സിന്റെ വിതാനങ്ങളിൽ
കെട്ടിനിൽക്കുന്ന
മുഷിഞ്ഞ വിചാരങ്ങളുടെ
അതിരുകൾ തട്ടി നീക്കി
പുതിയ ദിശാബോധത്തിന്നിടം നൽകി
ഉൾക്കനമേറിയ പുസ്തകം
എത്രയോ ആർദ്രവും ശക്തവുമെന്നറിഞ്ഞ്‌
ജീവിതത്തോടടക്കിപ്പിടിച്ചു.....
.................


Wednesday, 14 December 2011

മാധവിക്കുട്ടിക്കഥകളുടെ പെൺവായനകൾ

ഇന്ദിരാബാലൻ

മാധവിക്കുട്ടിക്കഥകളുടെ പെൺവായനകൾ----ഒരെത്തിനോട്ടം(ഒലിവ്‌ പബ്ലിക്കേഷൻ----എഡിറ്റർ--ഡോ.മിനി പ്രസാദ്‌)

         കഥകൾ മനസ്സിലേക്ക്‌ തളിരിട്ടു വന്ന നാൾ മുതൽക്കേ കേൾക്കുന്ന പേരായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി "മാധവിക്കുട്ടി"യുടേത്‌.പിന്നീടു വീണുകിട്ടുന്ന ഏകാന്തതകളിൽ വായനയുടെ ലോകത്തേക്ക് കൂടു മാറിയ എനിക്ക്‌ മാധവിക്കുട്ടിയുടെ ശിൽപ്പചാതുരിയാർന്ന കഥകളിലൂടെ സഞ്ചരിക്കുമ്പോൾ ആ പേര്‌ പച്ച കുത്തിയിട്ടതുപോലെ ഹൃദയത്തിൽ പതിഞ്ഞു. ഓരോ കഥകളും ഇഴ വിടർത്തുമ്പോൾ നമുക്കു മുന്നിലേക്കിറങ്ങിവരുന്ന സ്ത്രീ കഥാപാത്രങ്ങൾ. അവരെല്ലാം ഞാനെവിടേയൊക്കെയോ വെച്ച്‌ കണ്ടവരും, അറിഞ്ഞവരും, അഥവാ സ്വന്തം സ്വത്വങ്ങളല്ലേയെന്നും എനിക്കു തോന്നിയിരുന്നു.

അയത്നലളിതമായി ഒഴുകുന്ന വള്ളുവനാടൻ ശൈലിയിലൂടെ മനോയാനം ചെയ്യുമ്പോൾ പ്രവാസലോകത്തിന്റെ ആകുലതകളും, വ്യാകുലതകളും പിടി കൂടിയ എന്നെ എന്റെ ഭാഷയിലേക്ക്‌ തിരിച്ചുപിടിച്ചതു മാധവിക്കുട്ടിക്കഥകൾ തന്നെയെന്നത്‌ നിസ്തർക്കമായ വസ്തുത. ആർജ്ജവവും, ഓജസ്സും നിറഞ്ഞ ഭാവസുന്ദരമായ കവിത തുളുമ്പുന്ന കഥകൾ. സ്ഥൂലത്തേക്കാൾ സൂക്ഷ്മാംശങ്ങളെ ചിന്തിപ്പിക്കാൻ ഈ കഥകൾ വഴിയൊരുക്കി. ഒപ്പം സ്വത്വാന്വേഷണങ്ങളും..

            സമൂഹത്തിന്റെ പൊയ്മുഖങ്ങളെ വലിച്ചുകീറി മനുഷ്യന്റെ പച്ചയായ സ്വത്വം വെളിപ്പെടുത്തുന്ന എത്രയെത്ര കഥകൾ ഒഴിഞ്ഞുകിടക്കുന്ന ഏകാന്തതകളെ ഭഞ്ജിച്ചു.രതി, മനുഷ്യനിൽ സ്വാഭാവികമായ ഒരാവേഗമായിരുന്നതിനാൽ തുറന്നെഴുതുന്നതിൽ തെറ്റില്ലെന്നു പറഞ്ഞപ്പോൾ ,അവർക്കെതിരെ നെറ്റി ചുളിക്കയും ചെളി വാരിയെറിയുകയും ചെയ്ത സമൂഹം അവരെ ഒരുപോലെ പുകഴ്ത്തുകയും, ഇകഴ്ത്തുകയും ചെയ്തു.ഓന്തിനെപ്പോലെ സമൂഹം നിറം മാറിക്കൊണ്ടിരുന്നു. നിഷേധിക്കാനാവാത്ത സത്യങ്ങളുടെ തുറന്നെഴുത്താണെന്ന ബോധത്തെ അസ്ഥിവാരമിട്ടുറപ്പിക്കുന്നതാണ്‌ അടുത്തയിടെ വായിച്ച ഒലിവ്‌ പ്രസാധകർ ഇറക്കിയ ഡോ;മിനിപ്രസാദ്‌ എഡിറ്ററായിട്ടുള്ള " മാധവിക്കുട്ടിക്കഥകളുടെ പെൺവായനകൾ" എന്ന പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.

 ഇവിടെ ശ്രദ്ധേയമായ ഒരു വസ്തുത ഇതു പെൺവായനകളാണ്‌. പെണ്ണെപ്പോഴും ഹൃദയത്തിന്റെ ഭാഗത്തു നിന്നു വായിക്കുകയും എഴുതുകയും ചെയ്യുന്നുയെന്ന അഭിപ്രായത്തെ ഈ വായനകൾ ഖണ്ഡിക്കുന്നു.ഇതു ഹൃദയവും ബുദ്ധിയും ചേർന്നുള്ള ഉൾക്കനമുള്ള വായനകളാണ്‌. പുരുഷൻ കാണുന്നതിൽ നിന്നും വ്യതിരിക്തമായ പെൺവായനയുടെ അടയാളപ്പെടുത്തലുകൾ. സ്ത്രീ ചിന്തകളിൽ നിന്നും സ്ത്രീകഥാപാത്രങ്ങളെ വിലയിരുത്തുന്ന പഠനങ്ങൾ. വ്യതിയാനങ്ങളുടെ വ്യത്യസ്ത തലങ്ങളിലൂടെയുള്ള പുനർവ്വായനകൾ വാക്കിനെ അപരിമേയമായ അർത്ഥവ്യന്യാസങ്ങളിലേക്കു നയിക്കുവാൻ മിനിപ്രസാദ്‌ നിർവ്വഹിച്ച ഈ ദൗത്യത്തിന്‌ സാധിച്ചിട്ടുണ്ടെന്നത്‌ അഭിമാനാർഹം തന്നെ.

മലയാള സാഹിത്യത്തിലെ പ്രശസ്തരും, അപ്രശസ്തരും ആയ നിരവധി എഴുത്തുകാരികൾ ഈ ശ്രേണിയിലൂടെ അണിനിരക്കുന്നു. അതുകൊണ്ടു തന്നെ ഒരെഴുത്തുകാരിയും, സ്ത്രീപ്രവർത്തകയുമായ എനിക്ക്‌ ഈ പുസ്തകത്താളുകൾ മറിക്കുന്തോറും കൗതുകവും,ജിജ്ഞാസയുമേറി. ഇതിൽ അൻപത്തഞ്ചു കഥകളെക്കുറിച്ചാണ്‌ പ്രതിപാദിക്കുന്നത്‌. ഈ വായനാപഥത്തിലൂടെ തുറക്കപ്പെടുന്ന വാതിലുകൾ ഒരു വലിയ ലോകത്തിന്റേതാണ്‌. ജീവിതത്തിന്റേയും മരണത്തിന്റേയും ദശാസന്ധികൾക്കിടയിൽ പിടയുന്ന മനുഷ്യജീവിതച്ചിത്രങ്ങൾ! മരണത്തെ മുഖാമുഖം കാണുമ്പോൾ അടക്കാനാവാത്ത ആവേശത്തോടെ ജീവിതത്തെ തിരിച്ചുപിടിക്കാൻ "പച്ചപ്പട്ടുസാരിയെന്ന" ബിംബത്തിലൂടെ ജീവിതത്തിന്റെ പച്ചപ്പു തേടുന്ന കഥാപാത്രം നമുക്കൊപ്പം ജീവിക്കുന്നവരുടെ പ്രതിച്ഛായകൾ തന്നെയല്ലേ?

അതു പോലെ ദാമ്പത്യജീവിതത്തിലെ പുറമ്പൂച്ചുകൾ, കെട്ടുപാടുകൾ, സ്നേഹരാഹിത്യങ്ങൾ-നിരാസങ്ങൾ, ചതിക്കുഴികൾ, സ്വാർത്ഥതയുടെ ചവിട്ടുപടികൾ, ശിഥിലകുടുംബബന്ധങ്ങൾ, ഭർത്താവിന്റെ ആധിപത്യമനോഭാവത്തിനു മുന്നിൽ കൂസലില്ലായ്മയിലൂടെ ശാസനകളേയും, കോപത്തേയും ആത്മവിശ്വാസം കൊണ്ടുള്ള പൊട്ടിച്ചിരിയോടെ നേരിടാൻ കഴിയുന്ന സ്ത്രീകൾ, അവഹേളിക്കപ്പെടുന്ന സ്ത്രീത്വത്തെ പുനർജ്ജനിപ്പിച്ച്‌ ,സങ്കോചമില്ലാതെ സാമൂഹ്യമേഖലകളിലേക്കിറങ്ങുന്ന സ്ത്രീവ്യക്തിത്വങ്ങൾ, ധാർമ്മികതയോ, അധാർമ്മികതയോ അല്ല, ഒരിക്കൽ ചെയ്ത തെറ്റിന്റെ പേരിൽ ജീവിതം നശിപ്പിക്കാതെ ജീവിതത്തെ ശുദ്ധീകരിച്ചെടുക്കുന്ന രാസപ്രവർത്തനങ്ങൾ , പരിണാമങ്ങൾ, ഉത്തരങ്ങളേക്കാൾ സമൂഹമധ്യത്തിലേക്ക്‌ ചാട്ടുളി പോലെ വന്നു വീഴുന്ന ചോദ്യശരങ്ങൾ , ശാരീരികവേദനയേക്കാൾ തനിക്കു ചുറ്റുമുള്ള ലോകത്തിന്റെ ആത്മാവില്ലായ്‌മയാണ്‌ വേദനയാവുന്നതെന്ന തിരിച്ചറിയലുകൾ ,പുറത്തു പറയാനാവാത്ത സ്ത്രീചിത്ത്ങ്ങളുടെ ഉള്ളുരുക്കങ്ങൾ, വിഷാദം മഞ്ഞുകട്ടപോലെ മനസ്സിന്റെയടിത്തട്ടിൽ ഉറഞ്ഞുകിടക്കുന്ന അനുഭവങ്ങൾ, .നിസ്സഹായതയുടെ കോലാടുകൾ, സ്നേഹനൈർമ്മല്യത്തിന്റെ നെയ്പ്പായസങ്ങൾ, അസ്വാതന്ത്ര്യത്തിന്റെ കൂച്ചുവിലങ്ങുകൾ ഭേദിച്ച്‌ ,പകയുടെ തുടലുകൾ വലിച്ചുപൊട്ടിച്ച്‌ പരുന്തിനെപ്പോലെ വിഹായസ്സിന്റെ എണ്ണമറ്റ ഭ്രമണപഥങ്ങളിലേക്ക്‌ ഇച്ഛാനുസരണം പറക്കാൻ മോഹിക്കുന്ന സ്വാതന്ത്ര്യദാഹങ്ങൾ, പരിഷ്ക്കൃതലോകത്തിന്റെ കാപട്യത്തിൽ ഞെരിഞ്ഞമരുന്ന സ്നേഹപാശങ്ങൾ..................എത്രയെത്ര ആശയവൈവിദ്ധ്യമാർന്ന ലോകത്തേക്കാണ്‌ ഈ വായനകൾ സാധ്യമാക്കുന്നത്‌. മാധവിക്കുട്ടിയെന്ന പ്രതിഭയുടെ രചനാഭൂമികയുടെ സവിശേഷ പഠനങ്ങളായിരിക്കുന്നു ഇതിലെ ഓരോ അദ്ധ്യായവും.

         മാന്യതയും, പരിഷ്ക്കാരവും ആവശ്യപ്പെടുന്ന പൊതുനിയമങ്ങളെ മാധവിക്കുട്ടി നിർബാധം വലിച്ചെറിയുന്നു.തന്നെത്തന്നെ നിഷേധിച്ച്‌ ഉരുക്കിവാർത്തെടുക്കുന്ന പുതുബോധങ്ങളായിത്തീരുന്നു ആശയങ്ങൾ. മനസ്സിൽ സംഘർഷമുണ്ടാക്കുന്ന രാവണങ്കോട്ടകളെ അതിജീവിച്ച്‌ പുതിയ സ്വാതന്ത്ര്യബോധത്തോടെ ജീവിക്കുവാൻ ഓരോ കഥകളിലൂടേയും ആഹ്വാനം ചെയ്യുന്നു.അടുപ്പത്തിന്റേയും, സൗഹൃദത്തിന്റേയും ഈണം ഓരോ വാക്യഘടനയ്ക്കുമുണ്ട്‌. ജീവിതവിഹ്വലതകളുടെ സർഗ്ഗാവിഷ്ക്കാരം ഈ എഴുത്തുകാരിയെ സർഗ്ഗധനയാക്കുന്നു. മിതമായ ചായക്കൂട്ടിൽ ചാലിച്ചെടുത്ത്‌ പ്രകൃതിയുടെ ശബ്ദതാള ചലന മാധുര്യം ഹൃദയത്തിലാവാഹിച്ചെടുത്ത പഠനമാണീ പുസ്തകം. പെൺകണ്ണിലൂടെ വായിച്ചെടുക്കുമ്പോൾ കഥകൾക്കു മറ്റൊരു മാനം കൈവരുന്നു.

"സ്നേഹമാണ്‌` ഏറ്റവും വലിയ മതമെന്ന്‌" പഠിപ്പിച്ചുതന്ന്‌ നീർമാതളവും, മഹാഗണിയും, ഗുൽമോഹറും, വാകമരവും പൂത്തുനിൽക്കുന്ന ഈ കഥാലോകം പ്രപഞ്ചസത്യങ്ങളുടേയും, ഹൃദയഭാഷ്യങ്ങളുടേയും, സ്നേഹസങ്കൽപ്പങ്ങളുടേയും അപൂർവ്വതയാൽ മാറ്റു കൂട്ടുന്നുവെന്ന   മിനിപ്രസാദിന്റെ സാക്ഷ്യപ്പെടുത്തലിലൂടെ "പെൺവായനകളുടെ" അകത്താളടച്ച്‌ തത്ക്കാലം ഈ വായനക്ക്‌ വിരാമം കുറിക്കുന്നു.............!

Friday, 14 October 2011

സ്വരജതി

ഇന്ദിരാബാലന്‍ 


മിഴികൾക്കു മീതെ പീതവർണ്ണ രേഖയുള്ള
മഷിക്കണ്ണെഴുതിയ പക്ഷീ.....
കാറ്റിലൂയലാടുന്ന അരയാല്ച്ചില്ലയിലിരുന്നു്
പാടുവതെന്തേ നീ പ്രദോഷ സന്ധ്യകളിൽ
ഘനീഭവിക്കുന്ന മൗനത്തിന്റെ തുണ്ടുകളിലേറി
നിന്റെ സ്വരമാധുരി ചക്രവാളങ്ങളെ വാചാലമാക്കുന്നു.
ഭക്തിസാന്ദ്രമാം മിഴിക്ളുമായ്
പ്രദക്ഷിണപഥങ്ങളിൽ സദാ മന്ത്രമുരുവിടുന്ന ആലിലകൾ
നിന്റെ കൊക്കിൽ നിറച്ചു വെച്ച
സ്വരമണികൾ ഏതു സങ്കീർത്തനത്തിന്റെ
ആരോഹണാവരോഹണങ്ങൾ?
നിനക്കനുയായികളെത്ര പേർ
ഈ പ്രപഞ്ചത്തിന്റെ നവരാത്രി മണ്ഡപത്തിൽ പാടുന്നു?
ദുർഘടപാതകൾ താണ്ടി
മണ്മറഞ്ഞ പ്രപിതാക്കൾ
ഓതിത്തന്നതോ ഈ ഗമകങ്ങൾ...

അതോ രുദ്രാക്ഷമണികൾ എണ്ണിയെണ്ണി -
സാർഥരാകിയ കുങ്കുമ സന്ധ്യകളൊ
നിന്റെ സ്വരസ്വാധീനത്താൽ
ആകാശമേഘങ്ങളുടെ യാത്ര
മന്ദഗതിയിലാകുന്നു
അവ നിന്റെ ഗാനശകലങ്ങൾക്കു വേണ്ടി
കാതോർത്തിരിക്കുന്നു
അല്ലയോ പക്ഷീ നീ ആർക്കുവേണ്ടിയാണീ-
സ്വരജതികളുതിർക്കുന്നത്‌?
കുരുതികളുടെ പേക്കൂത്തുകൊണ്ട്‌
ശിരസ്സു താഴ്ന്ന ഈ ഭൂമിദേവിയെ
ഉണർത്താനോ?
അവളുടെ വേദനകളിൽ അലിവിന്റെ നെയ് പുരട്ടി
സ്നിഗ്ദ്ധമാക്കി
സ്വാതന്ത്ര്യത്തിന്റെ
സ്നേഹവിഹായസ്സുകളെ തുറന്നു തരാനൊ?
രാഗങ്ങളുടെ മഴപ്പെയ്ത്തിൽ
ലീനയായി മാനസശുദ്ധിക്കായി
നീ പാടുക.....യതികളില്ലാതെ ................
നിന്റെ നീല പക്ഷങ്ങൾ
പ്രകൃതിയുടെ നിയാമകതത്വങ്ങളുമായി
പൊരുത്തപ്പെട്ട്‌ ശക്തി പ്രാപിക്കട്ടെ
വീണ്ടും, വീണ്ടും പുതിയ സ്വരജതികളുതിർക്കുവാൻ....! 


Tuesday, 13 September 2011

യാത്ര




ഇന്ദിരാ ബാലൻ


വിഷം പുരട്ടിയ വാക്കുകൾ
കുടഞ്ഞെറിഞ്ഞ്‌
അസ്വസ്ഥതയുടെ വിത്തു പാകുമ്പോൾ
ഇരുമ്പു ദണ്ഡുകൾ പഴുത്തുകിടക്കുന്ന
ഓർമ്മയുടെ പാളങ്ങൾ മുറിച്ചുകടന്നു
കറുത്ത മഷി തെറിപ്പിച്ച്‌
അലങ്കോലയാക്കാൻ
ആഞ്ഞപ്പോൾ
വെള്ളിനിലാവിന്റെ
തൂവലുകളാൽ ഒപ്പിയെടുത്തു
രക്തക്കുഴലുകൾ വലിഞ്ഞുമുറുകി
കാളിമ അഴിച്ചുവിടാൻ
തുനിയുമ്പോഴും
ഉള്ളിലൊളിയുന്ന ഭീരുതയുടെ നിഴലാട്ടം.................
കാണാക്കാഴ്ച്ചകളുടെ കണക്കുകൾ നിരത്തി
വാക്കിന്റെ തീക്കൊള്ളികളെറിഞ്ഞ്‌
ചുട്ടുപൊള്ളിക്കുമ്പോഴും
പതറിയില്ല
അസ്വാതന്ത്ര്യത്തിന്റെ മനംപുരട്ടലുകളിൽ നിന്നും
യാത്ര തുടർന്നു
താൻ വിരിച്ചിട്ട ക്ഷീരപഥങ്ങളിലേക്ക്
ഉറച്ച കാൽവെയ്പ്പുകളോടെ..............
.............

Sunday, 14 August 2011

സ്വപ്നസൂര്യൻ




 ഇന്ദിരാബാലന്‍

പകൽ വെളിച്ചത്തിലേക്കൊന്നെത്തിനോക്കാതെ
യാത്ര ചൊല്ലിയൊരുണ്ണീ, നീയെൻ ജീവനിലുദിച്ച സൂര്യൻ
പത്തുമാസമൊരേ ഹൃദയത്തുടിപ്പിൻ താളമായ്‌
എൻ ജീവനിലലിഞ്ഞു ചേർന്ന വാത്സല്യശംഖേ
നിനയ്ക്കാതെയിരിക്കുന്ന നേരത്തല്ലയോ കഷ്ടം
പുക്കിൾക്കൊടിബന്ധമറുത്തടർന്നു പോയതും
വിങ്ങുമെൻ ചിത്തത്തിന്നുത്തരമെങ്ങുനിന്ന്‌?
നീറി ചുരന്നൊഴുകുന്നു നെഞ്ഞിലെ പുഴയും
എങ്ങോഴുക്കുമുണ്ണീ നിനക്കായ്‌ കാത്തുവെച്ച
വാത്സല്യദുഗ്ദ്ധത്തിൻ കദനനീരാഴിയും?
തപ്തമാനസത്തിലൂർന്നിറങ്ങുന്നു തിരയിളക്കങ്ങൾ
തപിക്കും രശ്മികൾ തൻ ഉഷ്ണപ്രവാഹമുയരുന്നു
കാണാതെ കണ്ടിട്ടുമെൻ കണ്മണീ നിനക്കി-
ത്തിരി നറും പാലിറ്റിക്കാനാകാത്ത പാപി ഞാൻ
അമ്മയല്ലേ ഞാനൊരു വെറും പാവമമ്മ
ഈറ്റുനോവിൻ കടച്ചിലിൽ വേവുന്നൊരമ്മ
എന്നുണ്ണിക്കായ്‌ നെഞ്ഞിലൂറും വാത്സല്യപ്പുഴയുമായ്‌
കാത്തിരിപ്പൂയിനി മറുജന്മത്തിലേക്കായ്‌

Friday, 8 July 2011

വലക്കണ്ണികൾ

ഇന്ദിരാബാലൻ



തിമിരാന്ധകാര മുറ്റത്തു കിടന്നു പിടയുന്നു
അനവദ്യസ്വപ്നങ്ങൾ തൻ ചിറകുകൾ
ചിരി മാഞ്ഞുറങ്ങുന്നു മഞ്ചാടിമണികൾ
ഉത്തര- ദക്ഷിണധ്രുവങ്ങളിലെത്താതെ
പെയ്തിറങ്ങുന്നു പേക്കിനാക്കളിരുളിൻ മറയിൽ
വിരസമാം വെയിൽ കുടിച്ചു വാടുന്നു പകലുകളും
അനുയാത്രികരായ് മുറുകും മനുഷ്യവ്യഥകളും
അഴിക്കാനരുതാത്ത വലക്കണ്ണികൾ പോലെ
എട്ടുകാലികൾ ചേർന്നു നെയ്തെടുക്കുന്നു ദുഷ്ക്കൃതികൾ
ധൂസരമാകുന്നുയീ ധരിത്രി തൻ സംസ്കൃതിയും
അടിച്ചിറകരിഞ്ഞു വീഴ്ത്തുന്നു ധർമ്മബോധത്തെ
അകലേക്കു യാത്രയായ് ധവളസ്വപ്നങ്ങളും
ശരമാരി പെയ്തു നുറുങ്ങുന്നു മാനസങ്ങൾ
പതിതരാകുന്നിയീ താഴ്വാരത്തിലേകരായ്
എവിടെയാ കർമ്മബന്ധത്തിൻ തായ്‌വേരുകൾ
എവിടെയാ സ്ഫടികസ്നേഹത്തിൻ നൂലിഴകൾ?
അകലെക്കാണുമേതോ പ്രഭാപൂരത്തിൽ
മുഗ്ദ്ധരായ്‌, ഉൾക്കരുത്തിനായ് നില്പ്പൂയിവർ
പേർത്തുമീ കീറിയ ജീവിതം തുന്നിച്ചേർക്കുവാനായ്