Showing posts with label dr.k g balakrishnan. Show all posts
Showing posts with label dr.k g balakrishnan. Show all posts

Tuesday, 13 September 2011

ഉയിർപ്പ്‌ പറവ







ഡോ.കെ.ജി.ബാലകൃഷ്ണൻ


അളവിന്റെ അളവെഴായ്മ,
പിറവി, മറവി-
കുമിളയുടെ കുഞ്ഞുനനവ്‌.
നിറച്ചാർത്തിന്‌ താളലയങ്ങൾ
കണികകളുടെ തീരാനിര,
നേരത്തുടർച്ചയുടെ ഒഴുക്ക്‌
ഒരു നീർത്തുള്ളിയുടെ
ഉൾത്തുടിപ്പിന്റെ നനവ്‌,
ഇളംകാറ്റിന്റെ സ്പർശമാത്രയിൽ
ഈ പൂങ്കിനാവിന്റെ കോരിത്തരിപ്പ്‌.
യാത്രയുടെ ഓരോ ചുവടിനും
നീ തരുന്ന ആക്കം
ഏഴാംമിഴിയുടെ ഈണപ്പെരുക്കം
ഇവിടെ, ഈ ഇരുട്ടിൽ
നീ പകരുന്ന തിരിവെട്ടം,
വെടിയൊച്ചകളുടെ
ഞെട്ടിവിറയലിൽ നിന്റെ
വിരൽമയത്തിന്റെ കനിവ്‌
നിനവുകളുടെ കോശങ്ങളിൽ
നിന്റെ പടർച്ച,
പ്രാണന്റെ ആദ്യത്തെ
ഇമയനക്കം
ഒച്ചയില്ലായ്മയിൽ
ആരുടെ കല്ലേറ്‌?
തീപ്പൊരി വിതറുവതാര്‌?
ഡേശിബലുകളുടെ
അണുബോംബ്‌
വലിച്ചെറിയുവതാര്‌?
തുടക്കവുമൊടുക്കവുമൊന്നെന്നറിയാത്തവർ;
ഇടവേളയുടെ ആരവങ്ങളിൽ
നിശ്ചയമില്ലായ്മ തീർക്കുന്ന
പകപ്പ്‌-
നുണനേരെന്ന്‌
ഉള്ളോടുന്നവർ
ഒന്നും തിരിയാതെ
എല്ലാമറിഞ്ഞെന്ന്‌
വെറുതെ, വെറുതെ,
കാണാതെ കൺതുറക്കുന്നവർ.
തിരക്ക്‌, രാജപാതയിലും
ഈ നാട്ടികവഴിയിലും;
എന്നെപ്പിൻതള്ളുവാൻ
നിനക്ക്‌;
നിന്നെ ഒതുക്കുവാൻ
എനിക്ക്‌.
എത്രനാൾ
ഈയൊളിച്ചുകളി;
ഈ നേര്‌-നുണപ്പോര്‌?
നിമിഷങ്ങൾ കൂടി
നേര്‌ മിഴിതുറക്കുമ്പോൾ
നുണകണ്ണടയ്ക്കും;
അത്‌ നേര്‌.
1. നുണ പനപ്പെരുക്കം;
2. നേര്‌ ആ ഉയിർപ്പ്പറവ.
കുറിപ്പ്‌:- 1. പാപി പനപോലെ വളരും
   2. ഫീനിക്സ്‌ പക്ഷി

Friday, 8 July 2011

ഒരു കണം നറുകനിവ്‌

ഡോ.കെ.ജി.ബാലകൃഷ്ണൻ

എന്റെ ഉൾക്കനവുകളുടെ
നേർമിഴിവിലേയ്ക്ക്‌
ഇളംകാറ്റേ,
നീപോലും എത്തിനോക്കുന്നത്‌
എന്നെ വീർപ്പുമുട്ടിക്കുന്നു.
നീളമെന്ന നേർവരയുടെ
പൊരുളെഴായ്മ
തീരാക്കറക്കത്തിന്റെ ന്യൂനമർദ്ദത്തിലേയ്ക്ക്‌
എന്നെ വലിച്ചിഴയ്ക്കുന്നു
ഞാൻ,
ഈയറിവുകേടിൽ
അപ്പൂപ്പൻ താടി;
പാറിക്കളിക്കുന്ന
വെറുതെ
നീതുപ്പുന്ന നഞ്ചുമുഴുവൻ
പൊൻപതക്കമാക്കാൻ
വാതാവരണത്തിനും
പാരാവാരത്തിനും
തലയിലെഴുത്ത്‌
കൈലാസത്തിന്റെ കെറുവിൽ
അവന്റെ ആട്ടം
നാഴികമണിയുടെ
ടിക്‌ ടിക്‌;
നേരം.
ഇപ്പോൾ നേരം നേര്‌.
നേരിനു നേരെ കണ്ണടയ്ക്കുന്നത്‌
നെറിവു കേട്‌.
ഇതാ വരുന്നു, സുനാമിത്തിര;
ഫുകുഷിമയുടെ പാഠം
പുതിയ പൂവിരിയുന്നതും കാത്ത്‌
പൂമ്പാറ്റയുടെ പാട്ട്‌
കുഞ്ഞോളമായി, ഇളംകാറ്റേ
നിന്നെയിക്കിളിയിടുന്നോ!
നീയെന്റെ വേവിൽ
തേൻപുരട്ടുന്നോ!
നാവിൽ ഒരുതുള്ളി
നീർപകരുന്നോ!
ഇപ്പോൾ നിന്റെ വരവ്‌
എനിക്ക്‌ ഒരു കണം നറുകനിവ്‌.