Showing posts with label dr. sasidharan klari. Show all posts
Showing posts with label dr. sasidharan klari. Show all posts

Tuesday, 13 September 2011

പാട്ടുകളിലെ ഓണം





ഡോ: ശശിധരൻ ക്ലാരി


കേരളീയരുടെ ദേശീയോത്സവമാണ്‌ ഓണം. പാടങ്ങളിൽ നെൽക്കതിരുകൾ വിളയുന്ന ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ്‌ ആഘോഷം. പ്രജാതൽപ്പരനായി കേരളം വാണ അസുരചക്രവർത്തി മഹാബലിയെ ദേവന്മാരുടെ അപേക്ഷപ്രകാരം മഹാവിഷണു വാമനരൂപം ധരിച്ചു വന്ന്‌ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്ത്തുകയും വർഷത്തിലൊരിക്കൽ വന്ന്‌ തന്റെ പ്രജകളെ കാണാൻ അനുവദിക്കുകയും ചെയ്തെന്ന്‌ പുരാണം.

 ചരിത്രം പറയുന്നത്‌ ഓണാഘോഷത്തിന്റെ അടിസ്ഥാനകേന്ദ്രം 'തൃക്കാക്കര' ആയിരുന്നു എന്നാണ്‌. ചേരരാജ്യത്തിന്റെ തലസ്ഥാനം കൊടുങ്ങല്ലൂരിനടുത്തുള്ള മഹോദയപുരം ആകുന്നതിനുമുമ്പ്‌ തൃക്കാക്കരയായിരുന്നു. കൊടുങ്ങല്ലൂരിന്റെ 'തെക്ക്‌' ആയ 'കര'യാണ്‌ തൃക്കാക്കര.
തൃക്കാക്കര, തെക്കേക്കര...
തുമ്പമരം പൂത്തേ...
എന്നിങ്ങനെ ഒരു നാടൻപട്ടിൽ പരാമർശം കാണുന്നു.
തൃക്കാക്കരയിൽ ഓണാഘോഷം തുടങ്ങിയത്‌ മന്നൻ എന്ന രാജാവാണെന്നാണ്‌ വിശ്വാസം. ദക്ഷിണേന്ത്യ ആക്രമിച്ച സമുദ്ര ഗുപ്തനെ ഈ രാജാവ്‌ യുദ്ധത്തിൽ തോൽപ്പിക്കുകയും ആ വിജയം ഉത്സവമായി ആഘോഷിക്കാൻ ഓണം നാളിൽ വിളംബരപ്പെടുത്തുകയും ചെയ്തു. ജനങ്ങളുടെ വിജയാഘോഷമാണ്‌ 'തിരു' ഓണമായി പരിണമിച്ചേതെന്നൊരു കഥയും പ്രചാരത്തിൽ ഉണ്ട്‌. ഇതുമായി ബന്ധപ്പെട്ട ഒരു നാടൻപാട്ടും കാണുന്നു.
കേരളയൂഴിക്കുടയവരാകിന
കേരളമന്നവൻ മന്നരാജൻ
ആഴിപോലുള്ള തിരുവുള്ളം തന്നിൽ
ആഴത്തിൽ വിശ്രമമൊളിയും വെച്ചു.
ആഴിപോൽ മേവുമാ സമുദ്രഗുപ്തൻ
മാഴുകമാറങ്ങങ്കം അടുത്തു ചെയ്തു
സമ്മാനം പെറ്റോരരചൻ തന്റെ
സമ്മോദക്കോളിക്കൂ...
തുടർന്ന്‌ ജനങ്ങളുടെ ഉത്സാഹവും ഓണക്കളികളും ഓണസദ്യയുമെല്ലാം ആപാട്ടിൽ വിവരിക്കുന്നുണ്ട്‌.
 തൃക്കാക്കര ശ്രീ മഹാമന്നന്റെ രാജിഭരണത്തെക്കുറിച്ചു പുകഴ്ത്തിപ്പറയുന്ന മാവേലി നാടുവാണീടു കാലം എന്നു തുടങ്ങുന്ന ഓണപ്പാട്ട്‌ കേരിളീയർക്ക്‌ ഏറെ സുപരിചിതമാണ്‌. തൃക്കാക്കരനിന്നും വന്ന ആരോമൽ പൈങ്കിളി പാടുന്നതായിട്ടാണ്‌ ഈ പാട്ട്‌ അവതരിപ്പിച്ചിട്ടുള്ളത്‌.
'തൃക്കാക്കര ശ്രീ മഹാമന്നൻ
കേളികൾ കേൾപ്പിൻ മഹാജനങ്ങൾ
ആ രാജമൗലീടെ ചെയ്തിയെല്ലാം
മാലോകർ ചൊല്ലി ഞാൻ കേൾപ്പതുണ്ട്‌.
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കില്ലതാനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല.
...............................
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം...'
 ആ പാട്ടിൽ തന്നെ തിരുവോണം ആഘോഷിക്കണമെന്നൊരു കൽപനയും പറയുന്നുണ്ട്‌.
മാവേലിയെന്നൊരു രാജാവല്ലോ
മാനുഷരോടങ്ങരുളി ചെയ്തു
അല്ലൽ കൈവിട്ടൊരു തിരുനാളിതല്ലോ
തിരുസിംഹമാസത്തിരുവോണം......
നിങ്ങളെല്ലാമനുസരിപ്പിൻ......
ചരിത്രപരമെന്നു പറയാവുന്ന മറ്റൊരു വാദവും ഓണാഘോഷത്തെക്കുറിച്ച്‌ നിലനിൽക്കുന്നു. തൃക്കാക്കരയും സമീപ പ്രദേശങ്ങളും പ്രാചീനകാലത്ത്‌ ബുദ്ധജൈനമതക്കാർക്ക്‌ ഏറെ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളായിരുന്നു. ആര്യാധിനിവേശത്തോടുകൂടി അവിടെ ഭരിച്ചിരുന്ന ബുദ്ധമതക്കാരനായ രാജാവിനെ പുറന്തള്ളി, നിലനിന്നു പോന്ന ബുദ്ധക്ഷേത്രവും തകർത്ത്‌ ബ്രാഹ്മണർ ഒരു രാജാവിനെ വാഴിക്കുകയും വിഷ്ണുക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. തൃക്കാക്കര വിഷ്ണുക്ഷേത്രത്തിലെ ഉത്സവത്തോടും വിളവെടുപ്പുത്സവത്തോടുമൊപ്പം നിഷ്കാസിതനായ ബുദ്ധരാജാവിന്റെ ഓർമ പുതുക്കാൻ ബുദ്ധജൈനമതക്കരെ അനുവദിച്ചു. തൃക്കാക്കര ക്ഷേത്രോത്സവമാണ്‌ ജാതിമതവ്യത്യാസമില്ലാതെ എല്ലാ നാടുകളിലും ആഘോഷിച്ചുവരുന്നത്‌.
"തൃക്കാക്കര ദേവനോണം കാൺമാൻ
പോകണമെല്ലാരുമെന്നു വന്നു"
 എന്നാണ്‌ നാടൻപാട്ടിലെ പരാമർശം
'ഓണത്തപ്പാ കുടവയറാ
അത്തം പത്തിനു തിരുവോണം'
 എന്നീ വരികളിലെ ഓണത്തപ്പനെ ബുദ്ധനോടും കുടവയറനെ ജൈനതീർഥങ്കരനോടും സാമ്യപ്പെടുത്തുന്നതായി പറയപ്പെടുന്നു.
അത്തം നാളിൽ തുടങ്ങുന്ന ഓണാഘോഷത്തിൽ പൂക്കളമിടുന്നത്‌ പ്രധാനപ്പെട്ടതാണ്‌. തുമ്പപ്പൂ, ഓണപ്പൂ, കാക്കപ്പൂ, തെച്ചിപ്പൂ, അരളിപ്പൂ തുടങ്ങിയ പൂക്കൾക്കൊണ്ട്‌ കുട്ടികളാണ്‌ പൂക്കളിടുന്നത്‌.
'അത്തംനാൾ മത്തപ്പൂ ചിത്തിരനാളൊത്തിരിപ്പൂ
ചോതിക്കോ കാതിപ്പൂ ശോകമില്ലാപ്പൂ വിശാഖത്തിൽ
അനിഴംനാൾ പവിഴകേട്ടയിലോ നാറ്റപ്പൂ
മൂലംനാൾ വാലൻപൂ പൂരാടത്തിന്‌ ചാരപ്പൂ
ഉത്രാടത്തിന്‌ പൂവട ഹായ്‌...
തിരുവോണത്തിനു പൊടിപൂരം'
പൂക്കൾ പറിക്കുമ്പോഴും പൂവിളിപ്പാട്ടുകൾ പാടി വരുന്നു
തുമ്പപ്പൂവേ പൂത്തിരളേ
നാളെക്കൊരു വട്ടിപ്പൂ തരുമോ
ആയ്ത്തില, ഈയ്ത്തില ഇളം കൊടി പൂത്തില
പിന്നെ ഞാനെങ്ങനെ പൂ തരേണ്ടൂ'
 തുടർന്ന്‌ കാക്കപ്പൂവേ, അരിപ്പൂവേ, തെച്ചിപ്പൂവേ എന്നിങ്ങനെ പൂവിന്റെ പേര്‌ മാറ്റി വരികൾ ആവർത്തിക്കുകയും പൂവേ പൊലി പൂവേ എന്ന്‌ പാടി അവസാനിപ്പിക്കുകയുമാണ്‌ പതിവ്‌.
'മഞ്ഞപ്പൂവേ പൂത്തിരുളേ
നാളെക്കൊരു കൊട്ട പൂ തരുമോ
എന്നോടപ്പൂ ചോദിക്കേണ്ട
കാക്കപ്പൂവോടു ചോദിക്കൂ'
എന്നീ വരികൾ കേരളത്തിൽ ഏറെ പ്രചാരത്തിൽ ഉള്ളതാണ്‌.
'കറ്റക്കറ്റകയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം മൊട്ടിട്ടു
കൂടെ ഞാനും പൂവിട്ടു
പൂവേ, പൊലിപൂവേ പൊലിപൂവേ....'
എന്നപാട്ടും
കണ്ണാന്തളി മാതേവരെ മുറ്റത്തൊരു തുമ്പമുളച്ചു
തുമ്പകൊണ്ടമ്പതു തോണി ചമച്ചു
തോണിതലക്കളൊരാലുമുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കുകൊട്ടാനും പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലിപൂവേ പൊലിപൂവേ...
എന്ന പാട്ടും ഏറെ പ്രചാരമുള്ള പൂപ്പൊലി പാട്ടുകളാണ്‌.
ഓണം നാളിൽ വിപുലമായ സദ്യ ഒരുങ്ങുന്നു.
'അപ്പം വേണം അട വേണം
പരപ്പേറും പപ്പടവും വേണം
തൈരും നെയ്യും തേനും ഗുളവും
കൊട്ടത്തേങ്ങ പഴവും മലരും
മുട്ടാതെന്നും മധുപർക്കം വേണം
മേളം ചേർക്കും തുമ്പപ്പൂ മലരൊളി
ചോറും പായസമൊക്കെ വേണം'
എന്നിങ്ങനെ ഓണസദ്യയെക്കുറിച്ചുള്ള വിവരണവും ഓണപ്പാട്ടിൽ കാണാം.