Showing posts with label ambatt sukumarannair. Show all posts
Showing posts with label ambatt sukumarannair. Show all posts

Sunday, 14 August 2011

ബദരിയിൽ നാല്‌ നാൾ


അമ്പാട്ട്‌ സുകുമാരൻനായർ 

 അനുകൂലമായ നല്ല കാലാവസ്ഥയിൽ എനിക്ക്‌ ഹിമാലയം സന്ദർശിക്കാനുള്ള ഭാഗ്യമുണ്ടായില്ല. അവസരം കിട്ടിയത്‌ ഏറ്റവും പ്രതികൂലമായ കാലാവസ്ഥയിൽ. മുപ്പതു വർഷംമുമ്പ്‌ ഒരു നവംബർ മാസത്തിൽ. ഹിമാലയത്തിൽ മഞ്ഞുപൊഴിയുന്നസമയം. പല തീർത്ഥാടന കേന്ദ്രങ്ങളും സന്ദർശിച്ച്‌ നവംബർ രണ്ടാം വാരത്തിലാണ്‌ ഞങ്ങൾ ബദരിയിലെത്തുന്നത്‌. ഞങ്ങളുടെ വാഹനത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നുവന്ന ആൾക്കാരുണ്ടായിരുന്നു. എല്ലാവരും സാമാന്യം നല്ല ധനസ്ഥിതിയുള്ള ആളുകൾ. ബിഹാറിൽ നിന്നുള്ള ഒരു ധനികകുടുംബവും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അവരുടെ ആഭരണങ്ങളും  വേഷവിധാനങ്ങളുമെല്ലാം ആ സമ്പന്നതയെ വിളിച്ചറിയിക്കുന്നതായിരുന്നു. കുടുംബനാഥൻ ഷഷ്ടിപൂർത്തി കഴിഞ്ഞ ആളാണെന്നു തോന്നുന്നു. ഒരു വലിയ സ്വർണ്ണമാലയുണ്ട്‌. കൈത്തണ്ടയിൽ നല്ല കനമുള്ള ഒരു വളയും. എപ്പോഴും മുറുക്കിക്കൊണ്ടിരിക്കണം.

മുറുക്കിത്തുപ്പുമ്പോൾ അതേറ്റുവാങ്ങാൻ കോളാമ്പിപോലുള്ള ഒരു പാത്രവുമായി ഒരു പരിചാരകൻ എപ്പോഴും കൂടെയുണ്ട്‌. അവൻ ആ കുടുംബനാഥന്റെ കാൽചുവട്ടിൽ തറയിൽ ഇരിക്കണം. ഏതു സമയവും കാല്‌ തടവിക്കൊടുക്കണം. സഹയാത്രികരുമായി യാതൊരു സമ്പർക്കവുമില്ല. എങ്കിലും എല്ലാവരും അയാളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.


 അളകനന്ദയുടെ തീരത്തുകൂടി ബസ്‌ ഓടിക്കൊണ്ടിരുന്നു. ഗ്രാമീണർ കൂട്ടം കൂട്ടമായി മലയിറങ്ങുന്ന കാഴ്ചകണ്ടു. വീട്ടുസമാനങ്ങളെല്ലാം വലിയഭാണ്ഡങ്ങളിലാക്കി അവർ തലയിലേറ്റിയിരുന്നു. പത്തും പന്ത്രണ്ടും വയസ്സായ കുട്ടികളുടെ തലയിലും എന്തെങ്കിലുമൊക്കെ സാധനങ്ങൾ കാണും. ചിലർ ആട്ടിൻകുട്ടികളെ കുഞ്ഞുങ്ങളെ എടുക്കുന്നതുപോലെ തോളിൽ കിടത്തിക്കൊണ്ടാണ്‌ പോകുന്നത്‌. ഹിമാലയത്തിൽ മഞ്ഞു വീഴുന്നതുകൊണ്ട്‌ പുൽമേടുകൾ തേടിയാണ്‌ താഴ്‌വാരങ്ങളിലേക്ക്‌ അവരുടെ യാത്ര. ഒരു സ്ഥലത്തെ പുല്ലു തീർന്നു കഴിഞ്ഞാൽ അടുത്ത താവളത്തിലേക്കുള്ള പ്രയാണമാരംഭിക്കും. ഈ യാത്ര അവസാനിക്കാത്തത്താണ്‌.


 പോകുന്നവഴിക്കുതന്നെ ആടുകളെ വിൽക്കും. ആവശ്യക്കാർക്ക്‌ പാല്‌ കറന്നു കൊടുക്കും. ഇങ്ങനെ അത്യാവശ്യം ചെലവിനുള്ള പണം അവർ സമ്പാദിക്കും. ഈ യാത്രക്കിടയിൽ ജനനവും മരണവുമൊക്കെ സംഭവിച്ചു കൊണ്ടേയിരിക്കും. ആറ്‌ മാസം കഴിഞ്ഞേ സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തുകയുള്ളു.


 ബദരിയിലെത്താറായപ്പോൾ ആകാശത്തു നിന്ന്‌ പുഷ്പവൃഷ്ടി നടന്നതുപോലെ മഞ്ഞുപൊഴിയാൻ തുടങ്ങി. ബസ്സിലുള്ള യാത്രക്കാർ അത്‌ ഭഗവാന്റെ വിഭൂതിയാണെന്നു പറഞ്ഞ്‌ കൈനീട്ടിവാങ്ങി. അത്‌ പന്തുപോലെ ഉരുട്ടി സന്തോഷം പ്രകടിപ്പിച്ചു. മുല്ലപ്പൂ വീഴുന്നതുപോലെ ഇങ്ങനെ ഇടതടവില്ലാതെ മഞ്ഞുപെയ്യുന്നത്‌ ഞാനാദ്യമായി കാണുകയാണ്‌.


 ക്ഷേത്രത്തിനടുത്തെത്തിയപ്പോൾ അവിടെ ഭക്തജനങ്ങളുടെ തിക്കും തിരക്കുമൊന്നുംമുണ്ടായില്ല. ഒക്ടോബർ പകുതിയാകുമ്പോൾത്തന്നെ ആളുകളുടെ വരവുനിലയ്ക്കും. ഞങ്ങൾ ചെല്ലുമ്പോൾ ലോഡ്ജുകൾ മിക്കതും ഒഴിഞ്ഞു കിടക്കുകയായിരുന്നു. അതുകൊണ്ട്‌ മുറികിട്ടാൻ ബുദ്ധിമുട്ടുണ്ടായില്ല. ബസ്സിൽ നിന്നിറങ്ങിയപ്പോൾ തണുത്തു വിറച്ചു. മുറിയിൽ ചെന്ന്‌ അൽപമൊന്നു വിശ്രമിച്ചപ്പോൾ ഒരു പയ്യൻ കെറ്റലിൽ ചൂടുകാപ്പിയും ലഘുഭക്ഷണവുമായി വന്നു. കാപ്പി കുടികഴിഞ്ഞ്‌ ക്ഷേത്രത്തിലേക്കു നടന്നു. ദീപാരാധനയ്ക്കുള്ള സമയമായി. അളകനന്ദയുടെ മറുകരെയാണ്‌ ക്ഷേത്രം. പാറക്കെട്ടുകളിൽ തട്ടിത്തടഞ്ഞ്‌ അളകനന്ദ പതഞ്ഞൊഴുകുന്ന കാഴ്ച അതീവ സുന്ദരമാണ്‌. ക്ഷേത്രത്തിലേക്കു പോകാൻ ഒരു പാലമുണ്ട്‌. പാലം കടന്നക്കരെയെത്തിയപ്പോൾ ഒരുഷ്ണ ജലപ്രവാഹം കണ്ടു. മഞ്ഞു മലയുടെ അടിയിൽ നിന്നാണ്‌ ഒഴുകി വരുന്നത്‌. വെള്ളത്തിന്‌ വലിയ ചൂടൊന്നും കാണില്ല എന്നു കരുതി ഞാനത്‌ കൈകൊണ്ട്‌ കോരി നോക്കി. കൈ പൊള്ളിപ്പോയി. വേഗം കൈ കുടഞ്ഞ്‌ തറയിൽ നിന്ന്‌ കുറച്ച്‌ മഞ്ഞ്‌ വാരിയെടുത്തു. എന്തായാലും കൈ കുമളച്ചില്ല. സമീപത്തു തന്നെ ഒരു കുളം നിർമ്മിച്ചിട്ടുണ്ട്‌. ആ കുളത്തിൽ ചൂടുവെള്ളവും തണുത്തവെള്ളവും ഒരു പ്രത്യേക അനുപാതത്തിൽ ഒഴുക്കിവിടുന്നുണ്ട്‌. അതുകൊണ്ട്‌ ആ കുളത്തിൽ കുളിക്കാൻ പാകത്തിനുള്ള ചൂടുവെള്ളം എപ്പോഴും സുലഭമായി ലഭിക്കും. ഗരംകുണ്ട്‌ എന്നാണ്‌ ഈ കുളത്തിന്റെ പേര്‌.


 ക്ഷേത്രദർശനം കഴിഞ്ഞ്‌ ലോഡ്ജിൽ തിരിച്ചെത്തി. പ്രധാന പുരോഹിതനായ റാവൽജിയെ ചെന്നു കണ്ടു. മലയാളിയാണദ്ദേഹം. ഹൃദ്യമായ പെരുമാറ്റം. ഞങ്ങൾ ലോഡ്ജിൽ തിരിച്ചെത്തി. ആളുകൾ പരക്കം പായുകയാണ്‌. ചൂടത്തു ചായ വേണം. എന്തെങ്കിലും ഭക്ഷണം വേണം. ചായ കൊണ്ടുവരുന്നവരുടെ കൈയിൽ ചായപ്പൊടിയും പാൽപ്പൊടിയും പഞ്ചസാരയുമൊന്നും അധികം സ്റ്റോക്കില്ല. ഈ തണുപ്പത്ത്‌ നല്ല ചൂടുള്ള ചായയും കാപ്പിയും കുടിക്കാതെ പിടിച്ചു നിൽക്കാനാവില്ല. എല്ലാവരും അവരവരുടെ കൈവശമുള്ള റൊട്ടിയും ബിസ്ക്കറ്റുമൊക്കെ പങ്കുവച്ചു. രാത്രിയായപ്പോൾ കഴിക്കാൻ ഭക്ഷണമൊന്നുമില്ല. എല്ലാവരും വിശപ്പു സഹിച്ച്‌ അന്നത്തെ രാത്രി കഴിച്ചുകൂട്ടി. രക്തം പോലും കട്ടപിടിക്കുന്ന രീതിയിലുള്ള തണുപ്പുകാരണം ആർക്കും ഉറക്കം വന്നില്ല. ഒരു വിധം നേരം വെളുപ്പിച്ചു.


 രാവിലെ എഴുന്നേറ്റ്‌ പുറത്തേക്കു വന്നപ്പോൾ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. എവിടെയും മഞ്ഞല്ലാതെ മറ്റൊന്നും കാണാനില്ല. അങ്ങിങ്ങ്‌ തലയുയർത്തി നിൽക്കുന്ന മരങ്ങൾ മഞ്ഞുകൊണ്ടു നിർമ്മിച്ചതാണെന്നു തോന്നി. വാഹനങ്ങളൊക്കെ മഞ്ഞിൽ പുതഞ്ഞുപോയി. ഭൂമിയിൽ നിന്ന്‌ രണ്ടു മൂന്നടി കനത്തിൽ മഞ്ഞുവീണുകിടപ്പുണ്ട്‌. പുറത്തേക്കൊന്നിറങ്ങാൻ നിർവ്വാഹമില്ല. ആകെ പരിഭ്രാമമായി. എങ്ങനെ ഇവിടെ നിന്നൊന്നു രക്ഷപ്പെട്ടു? ആളുകൾ ബദരിനാഥനെ വിളിച്ച്‌ രക്ഷിക്കണേ, രക്ഷിക്കണേ! എന്ന്‌ കരഞ്ഞുകൊണ്ടപേക്ഷിച്ചു.
 രാവിലെ എല്ലാവർക്കും ചൂടുള്ളചായയോ കാപ്പിയോ വേണം. ചായയും കാപ്പിയും കൊണ്ടുവരുന്നവരുടെ കൈയിൽ പാൽപ്പൊടി ഇല്ല. കട്ടൻചായ തരാമെന്നുപറഞ്ഞു. അമിതവിലകൊടുത്ത്‌ കട്ടൻചായ വാങ്ങിക്കുടിക്കേണ്ടി വന്നു. കുറച്ചു കഴിഞ്ഞപ്പോൾ അതും തീർന്നു. ഇവിടെ എല്ലാവരും തുല്യദുഃഖിതർ. ആർക്കും ആരെയും സഹായിക്കാനാവില്ല. കുഞ്ഞുങ്ങളെ അടക്കിയിരുത്താനാണ്‌ ഏറ്റവും വലിയപാട്‌. തണുപ്പും വിശപ്പുമെല്ലാം സഹിക്കാനാവാതെ അവർ കരച്ചിലോടു കരച്ചിൽ. ഒടുവിൽ റാവൽജിയും ദേവസ്വം അധികാരികളും ചേർന്ന്‌ എന്തോ ഒരു തീരുമാനം കൈക്കൊണ്ടു. ദേവസ്വത്തിൽ കുറച്ച്‌ ആട്ടയും മൈടയും ഉരുളക്കിഴങ്ങുമൊക്കെ സ്റ്റോക്കുണ്ട്‌. കഷ്ടിച്ച്‌ ഒന്നോ രണ്ടോ ദിവസത്തേക്കുള്ള ഭക്ഷണ സാധനം കാണും. ഉച്ചയ്ക്ക്‌ എല്ലാവർക്കും ഭക്ഷണം നൽകുന്നതാണെന്ന പ്രഖ്യാപനമുണ്ടായി. ആ പ്രഖ്യാപനമുണ്ടായപ്പോൾ എല്ലാവർക്കും വലിയ ആശ്വാസമായി.


 ഞങ്ങളുടെകൂട്ടത്തിൽ ഏറ്റവും സമ്പന്നനും അഹങ്കാരിയുമായ ആ ബിഹാറുകാരനാണ്‌ ഏറ്റവുമധികം അവശത പ്രകടിപ്പിച്ചതു. അദ്ദേഹത്തിന്‌ കൃത്യസമയത്ത്‌ ഭക്ഷണം കഴിക്കണം. ആ സമയം അൽപമൊന്നു തെറ്റിപ്പോയാൽ അദ്ദേഹം വളരെയധികം അസഹിഷ്ണുത പ്രകടിപ്പിക്കുമായിരുന്നു. ഇവിടെ മൂന്നുനേരം ആഹാരം കിട്ടാതെവന്നപ്പോൾ അദ്ദേഹം നേരത്തെ പൂട്ടിപ്പോയ ഹോട്ടലുകാരെയൊക്കെ ചീത്തവിളിച്ചു.


 "ഭഗവാനേ ബദരീനാഥാ, അങ്ങേക്ക്‌ ഞങ്ങളോടിത്ര കരുണയില്ലാതെ പോയതെന്തുകൊണ്ടാണ്‌? ഞങ്ങളിവിടെക്കിടന്നുമരിക്കട്ടെ എന്നാണോ അങ്ങയുടെ തീരുമാനം...?"
 ബിഹാറി കലർന്ന ഹിന്ദിയിൽ അദ്ദേഹം തന്റെ വിവശത പ്രകടിപ്പിച്ചു. തന്റെ ഭാര്യയും മക്കളുമൊക്കെ പട്ടിണി കിടക്കുന്നതു കണ്ടപ്പോൾ അദ്ദേഹത്തിന്‌ സഹിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തെപ്പോലെ തന്നെ സമ്പന്നരായ വേറെയും ആളുകൾ ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഒരു നേരത്തെ ആഹാരത്തിനുവേണ്ടി എത്ര വേണമെങ്കിലും പണം മുടക്കാൻ അവർ തയ്യാറാണ്‌. വിശപ്പിനു മുമ്പിൽ എല്ലാവരും തുല്യ ദുഃഖിതരാണ്‌. അവിടെ വലിപ്പച്ചെറുപ്പമില്ല. എല്ലാവരും സമന്മാർ.


 ദേവസ്വത്തിൽ ഭക്ഷണം തയ്യാറായി കഴിഞ്ഞപ്പോൾ ഒരാൾ വന്നറിയിച്ചു.
 "എല്ലാവർക്കും ഭക്ഷണം തയ്യാറാക്കിയിട്ടുണ്ട്‌. ഇല വേണ്ടവർ ക്യൂവിൽനിന്ന്‌ അതുവാങ്ങണം."
 ഇതുകേട്ട മാത്രയിൽ മറ്റെല്ലാ ചിന്തയും വെടിഞ്ഞ്‌ ആളുകൾ ക്യൂവിൽ നിന്നു. സ്ത്രീകളും കുട്ടികളും ക്യൂവിൽക്കുന്നതു കണ്ടു. ചെറിയ ചെറിയ ഇലകൾ തുന്നിച്ചേർത്തുണ്ടാക്കിയ ഒരു വൃത്താകാരത്തിലുള്ള വലിയ ഇല. അതും കൈയിൽ വാങ്ങി ആളുകൾ അവിടെത്തന്നെ നിന്നു. തണുപ്പു സഹിക്കവയ്യാതെ എല്ലാവരും കിടുകിടെ വിറയ്ക്കുന്നുണ്ടായിരുന്നു. യജമാനനും ഭൃത്യനും ആ ക്യൂവിലുണ്ട്‌. പരമദരിദ്രനും അതിസമ്പന്നരുമുണ്ട്‌. ആർക്കും പ്രത്യേക പരിഗണനയോ അവഗണനയോ ഇല്ല. എനിക്കു തോന്നുന്നത്‌ ഭഗവാൻ ഒരു പാഠം പഠിപ്പിക്കുകയായിരുന്നുവേന്നാണ്‌. എത്രപൊന്നും പണവും കൈവശമുണ്ടെങ്കിലും ഇവിടെയതിന്‌ ഒരു പുൽക്കൊടിയുടെ വിലപോലുമില്ല. ആരോടും ഒരു സഹകരണവുമില്ലാതെ ധനികന്റെ അഹന്തയോടെ കഴിഞ്ഞിരുന്ന ബിഹാറുകാരനായ ആ ധനവാൻ വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരോടും അടുത്തിടപഴകി. വളരെസ്നേഹം പ്രകടിപ്പിച്ചു.


 ഇതേ രീതിയിൽ മൂന്നുനാൾ കഴിഞ്ഞു. ഭൂമിയിൽ വീണ മഞ്ഞുറഞ്ഞു കട്ടിയായി. വാഹനങ്ങൾ ഒന്നു ചലിപ്പിക്കാൻപോലും പറ്റില്ല. മഞ്ഞുപൊഴിച്ചിൽ ഓരോ ദിവസവും ഒന്നിനൊന്നു വർദ്ധിച്ചുകൊണ്ടിരുന്നു. ഇനിയെങ്ങനെ രക്ഷപ്പെടാൻ കഴിയുമെന്നോർത്ത്‌ സകലരും വിഷമിച്ചു. ആരോ പറഞ്ഞു, ഹെലിക്കോപ്റ്റർ വരുന്നുണ്ടെന്ന്‌. എല്ലാവരും ഹെലിക്കോപ്റ്ററിന്റെ ശബ്ദം കേൾക്കാൻ കാതോർത്തിരിപ്പായി. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഹെലിക്കോപ്റ്റർ വന്നില്ല. സമയം പൊയ്ക്കൊണ്ടേയിരുന്നു. എല്ലാവരും നിരാശരായി. ക്ഷേത്രത്തിലേക്കു പോകാൻ പോലും പറ്റാത്ത അവസ്ഥ! എല്ലാവരും ലോഡ്ജിൽ ഇരുന്ന്‌ കരഞ്ഞുകൊണ്ട്‌ ഭഗവാനോടു പ്രാർത്ഥിച്ചു.


 ആ പ്രാർത്ഥനയുടെ ഫലമായിട്ടോ എന്തോ രാവിലെ ഒരു ശുഭവാർത്ത കേട്ടു. മിലട്രിവരുന്നുണ്ടെന്ന്‌. വഴിയിലുറച്ചുപോയ മഞ്ഞ്‌ കോരിമാറ്റാനുള്ള സാമഗ്രികളുമായാണ്‌ അവർ വരുന്നത്‌! ആ വാർത്ത ശരിയായിരുന്നു. മഞ്ഞുമാറ്റിക്കൊണ്ട്‌ അവർ അകലെനിന്നേ വരുന്നതുകണ്ടു. നൂറുകണക്കിന്‌ ജവാന്മാരും  ആ മഞ്ഞിൽ നിന്ന്‌ പണിയെടുക്കുന്നുണ്ട്‌. ലോഡ്ജിലുണ്ടായിരുന്നവരെല്ലാം ആവേശത്തോടെ ആ കാഴ്ച നോക്കിനിന്നു. ഒടുവിൽ അവർ ബദരിയിലെത്തി. വാഹനങ്ങളെല്ലാം മഞ്ഞു കട്ട നീക്കി പുറത്തെടുത്തു. എന്താവേശമായിരുന്നു എല്ലാവർക്കും ബസ്സിൽ കയറാൻ!
 ഹിമാലയത്തിലെ ഈ കഠിനമായ തണുപ്പും കഷ്ടപ്പാടുകളുമെല്ലാം സഹിക്കേണ്ടിവന്നത്‌ ഒരു വലിയ ഭാഗ്യമായിട്ടാണ്‌ എനിക്കിപ്പോൾ തോന്നുന്നത്‌. അനുകൂലമായ നല്ലകാലാവസ്ഥയിലാണ്‌ ഹിമാലയം സന്ദർശിച്ചിരുന്നതെങ്കിൽ ഈ മഞ്ഞുവീഴ്ചയും മലകളും താഴ്‌വരകളും സകലസസ്യജാലങ്ങളും മഞ്ഞിന്റെ ധവളിമയിൽ മുങ്ങി നിൽക്കുന്ന കാഴ്ചയും കാണാൻ പറ്റുമായിരുന്നോ? ഈ അദ്ഭുതക്കാഴ്ച ഒരിക്കലും കാണാൻ പറ്റുമായിരുന്നില്ല. അതൊരു ഭാഗ്യം തന്നെയാണ്‌.


 പണത്തിന്റെ ധാരാളിത്തത്തിൽ മദിച്ചുനിൽക്കുന്നവരുടെ, ഞാൻ വലിയവനാണെന്ന ഭാവവും നിസ്വന്റെ നൈരാശ്യവും ഒരേസമയം സമീകരിച്ച്‌ ആരും വലിയവനല്ല, ആരും ചെറിയവനല്ല എന്ന്‌ പ്രത്യക്ഷത്തിൽ ബോധ്യമാക്കിത്തന്ന ബദരീനാഥന്റെ വൈഭവം ശരിക്കും മനസ്സിലാക്കാൻ ഇതിനേക്കാൾ നല്ല അവസരം മറ്റെവിടെ കിട്ടും? ബദരീനാഥന്‌ പ്രണാമം!