Showing posts with label a s haridas. Show all posts
Showing posts with label a s haridas. Show all posts

Tuesday, 15 November 2011

നവോത്ഥാനവും സമുദായിക സംഘടനകളും


എ. എസ്‌. ഹരിദാസ്‌
സാമൂഹരംഗത്ത്‌ കേരളം കൈവരിച്ച വളര്‍ച്ചയ്ക്കിടയാക്കിയത്‌ ഇവിടെ പ്രവര്‍ത്തിച്ച നവോത്ഥാനപ്രസ്ഥാനങ്ങളാണെന്നും, അതിനു പ്രചോദനമായിരുന്നത്‌ 20-ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ സാമുദായികസംഘടനകളാണെന്നും സ്ഥാപിക്കാന്‍ അടുത്തിടെയായി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ കേരളത്തിന്റെ സാംസ്കാരിക മേഖലയില്‍ അരങ്ങേറുന്നുണ്ട്‌. ഈ ആശയം വളര്‍ന്നുവന്ന്‌ ആധുനിക കേരളത്തിന്‌ അടിത്തറയിടുന്നതില്‍ ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ യാതൊരു പങ്കുമില്ലെന്നു വാദിക്കുന്നതുവരെ എത്തിക്കഴിഞ്ഞിരിക്കുന്നു! അങ്കമാലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വി. ടി. സ്മാരകസമിതിയുടെ ൨൦൧൧-ലെ വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച്‌ ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക വേദിയില്‍, പ്രശസ്തവാഗ്മിയും ചരിത്രകാരനുമായ ശ്രീ. എം. ജി. എസ്‌. നാരായണനാണ്‌ ഈ വാദം മുന്നോട്ടുവച്ചത്‌. ഈ അഭിപ്രായത്തില്‍ എത്രമാത്രം വാസ്തവമുണ്ടെന്നു പരിശോധിക്കാനുള്ള എളിയൊരു ശ്രമമാണിവിടെ നടത്തുന്നത്‌.

കേരളത്തിലെ നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്ക്‌ ഒരു നൂറ്റാണ്ടിനപ്പുറം ചരിത്രം അവകാശപ്പെടാനുണ്ട്‌. ൧൮൫൩ ആഗസ്റ്റ്‌ ൨൫-നു ജനിച്ച ചട്ടമ്പിസ്വാമികളുടെ ഉല്‍പ്പതിഷ്ണുത്വമാണ്‌ ആദ്യത്തെ നവോത്ഥാനശ്രമങ്ങള്‍ക്കു തുടക്കം കുറിക്കുവാന്‍ ഇടയാക്കിയതെന്നു പറയാം. അദ്ദേഹത്തെ പിന്‍തുടര്‍ന്നാണല്ലൊ, ശ്രീനാരായണഗുരു തന്റെ ജീവിതം സമൂഹത്തിനായി ഉഴിഞ്ഞുവച്ചത്‌? ജാതിക്കകത്തെ ഉച്ചനീചത്വങ്ങള്‍ക്കു മാത്രം എതിരല്ല, പൊതുസമൂഹത്തിലെ ആകമാനം അനീതികള്‍ക്കെതിരെയാണദ്ദേഹം പ്രവര്‍ത്തിച്ചത്‌. നവോത്ഥാനപ്രസ്ഥാനം അടിസ്ഥാനപരമായി ഒരു സാംസ്കാരികപ്രസ്ഥാനമാണ്‌. ഉച്ചനീചത്വങ്ങളുടെ അടിത്തറ സംസ്കാരമല്ല, സാമ്പത്തികമാണെന്ന താത്വികസമീപനം ഉള്‍ക്കൊള്ളുന്നവരായിരുന്നില്ല നവോത്ഥാനപ്രസ്ഥാനങ്ങള്‍. രോഗത്തിനല്ല, രോഗലക്ഷണം മാത്രമായ ഉപരിതലത്തിലെ സാംസ്കാരികപ്രശ്നങ്ങള്‍ക്കെതിരെയാണ്‌ അവ പ്രവര്‍ത്തിച്ചത്‌; പ്രവര്‍ത്തിക്കുന്നത്‌. ഈ യഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ആധുനിക കാലത്തുപോലും എം. ജി. എസിനെപോലെ പല ചരിത്രകാരന്‍മാരും തയ്യാറല്ല. ഈ പ്രത്യയശാസ്ത്രപരമായ അവബോധം ഉള്‍ക്കൊള്ളുന്നവരും അല്ലാത്തവരുമായി കേരളത്തിലെ നവോത്ഥാന നായകന്‍മാരെ തരം തിരിക്കാവുന്നതാണ്‌. ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുവും, കുമാരനാശാനും, വള്ളത്തോളും ഈ തിരിച്ചറിവ്‌ ആര്‍ജ്ജിച്ചവരാണ്‌. എന്നാല്‍ വി.ടി. ഭട്ടത്തിരിപ്പാട്‌, പ്രേംജി, എം.ആര്‍.ബി. തുടങ്ങിയവര്‍ ഇതു തിരിച്ചറിഞ്ഞിരുന്നില്ല. അതുകൊണ്ടുകൂടിയാണ്‌ വി.ടി.യ്ക്ക്‌ തണ്റ്റെ അവസാന നാളുകളില്‍ പരാജയബോധം തോന്നിയത്‌.

ഇനി, നവോത്ഥാനപ്രസ്ഥാനങ്ങളും അവയുടെ നേതൃത്വത്തിലുള്ളവരും അംഗീകരിച്ചാലും ഇല്ലെങ്കിലും ശരി, അവരുടെ പ്രവര്‍ത്തനങ്ങള്‍ വിജയം നേടുന്നതിനു പിന്നില്‍ രാഷ്ട്രീയ ബോധമാര്‍ജ്ജിച്ച പ്രസ്ഥാനങ്ങള്‍ അണിനിരത്തിട്ടുണ്ടായിരുന്നു. ഇന്ത്യാ ചരിത്രത്തില്‍, ൧൯൫൦ കള്‍ വരെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുട പൊതുവായ ലക്ഷ്യം വിദേശഭരണത്തില്‍നിന്നും മോചനം നേടുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്യ്രത്തിനായുള്ള മുദ്രാവാക്യം പൊതുവില്‍ നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചിരുന്നില്ല എന്നതാണ്‌ രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍നിന്നും അവയെ അകറ്റി നിര്‍ത്തിയിരുന്നത്‌. സ്വാതന്ത്യ്രത്തിനായുള്ള പ്രഖ്യാപിതലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കേരളത്തിണ്റ്റെ ഇന്നത്തെ വളര്‍ച്ചയിലേയ്ക്കു നയിച്ചതില്‍ മുഖ്യമായ പങ്കാളിത്തം വഹിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം ശ്രീ. എം.ജി.എസ്‌. അംഗീകരിക്കുമോ?

അതോ, അത്തരം പ്രസ്ഥാനങ്ങളൊന്നും ഇവിടെ ഉണ്ടായിരുന്നില്ലെന്നാണോ അദ്ദേഹം കരുതുന്നത്‌? എങ്കില്‍ ഇന്ത്യാ ചരിത്രം ഒരാവര്‍ത്തിക്കൂടി വായിക്കാന്‍ അദ്ദേഹം തയ്യാറാവണം. ലോകചരിത്രത്തില്‍ എവിടെയും രാഷ്ട്രീയ ജനാധിപത്യപ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തിനു മുമ്പു രൂപം കൊണ്ട സംഘടനകള്‍ മിക്കവാറും മതാധിഷ്ഠിതവും സാമുദായികവുമായ അടിത്തറിന്‍മേലാണു വളര്‍ന്നുവന്നത്‌.

അന്നത്തെ സാഹചര്യത്തില്‍, സാമൂഹ്യമാറ്റത്തിനായുള്ള ശ്രമങ്ങള്‍ക്ക്‌ മതിയായ തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ ചിന്താപരമായ ഏകീകരണം വരുത്തുന്നതിന്‌ മതപ്രചാരകര്‍ക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ. 'തത്വ'മെന്ന നിലയില്‍ അവയ്ക്കൊന്നും പൂര്‍ണ്ണത അവകാശപ്പെടാനുണ്ടായിരുന്നില്ലെങ്കിലും, ഫ്യൂഡല്‍പ്രഭുക്കന്‍മാരില്‍നിന്ന്‌ മോചനം നേടുന്നതിന്‌ ജനങ്ങള്‍ക്കു കഴിഞ്ഞത്‌ മത-ഭക്തിപ്രസ്ഥാനങ്ങളുടെ ശ്രമഫലമായിത്തന്നെയായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ ഭക്തിപ്രസ്ഥാനങ്ങള്‍ക്കു നിലനില്‍ത്താന്‍ കഴിഞ്ഞ പുരോഗമനോന്‍മുഖതയെ പിന്നീടു രൂപം കൊണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ പ്രകീര്‍ത്തിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ഏതു സാമൂഹ്യശാസ്ത്രവും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നത്‌ അതതു കാലങ്ങളിലെ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുടെ അടിത്തറയിന്‍മേലായിരിക്കുമെന്ന്‌ മിക്കവാറും സാമൂഹ്യശാസ്ത്രചിന്തകര്‍ അംഗീകരിച്ചിട്ടുള്ളതാണ്‌. ഇക്കാര്യത്തില്‍ ഇ.എം.എസ്‌. കൈക്കൊണ്ടിട്ടുള്ള ശാസ്ത്രീയ നിലപാടുകള്‍ ഏറ്റവും മാതൃകാപരമാണെന്നാണ്‌ ഇതെഴുതുന്നയാളുടെ അഭിപ്രായം.

൧൮൫൭-ലെ ഒന്നാം സ്വാതന്ത്യ്രസമരത്തിലേയ്ക്കു നയിച്ച ബംഗാളിലെ സാമൂഹ്യപ്രസ്ഥാനങ്ങള്‍ മിക്കവാറും മതാധിഷ്ഠിതവും സാമുദായികവുമായിരുന്നുവെന്ന്‌ ചരിത്രത്തിന്റെ രേഖകള്‍ വച്ചു സമര്‍ത്ഥിക്കാന്‍ കഴിയും. എന്നാല്‍, ഇത്തരം പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ മാറ്റങ്ങള്‍ ഉണ്ടാകുന്ന ഘട്ടത്തില്‍, ഈ പ്രസ്ഥാനങ്ങളേയും അവയുടെ ആശയങ്ങളേയും അസാധുവാക്കിക്കൊണ്ട്‌ സമൂഹത്തില്‍ പുത്തന്‍പ്രവണതകള്‍ ഉരുത്തിരിയും. ഈ പ്രവണതകള്‍ എന്തെന്നു വിശദീകരിക്കുന്നതില്‍ മത-സാമുദായികപ്രസ്ഥാനങ്ങള്‍ക്ക്‌ പാകപ്പിഴകള്‍ സംഭവിക്കാറുണ്ട്‌. ഇതിനു കാരണം, എത്ര പുരോഗമനപരമായാലും അവയൊന്നും വിപ്ളവാത്മാകമല്ലെന്ന യാഥാര്‍ത്ഥ്യമാണ്‌.

നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രസക്തിയെ അസാധുവാക്കിക്കൊണ്ടാണ്‌, രാഷ്ട്രീയമായി ജനാധിപത്യത്തെ അംഗീകരിക്കുന്ന പ്രസ്ഥാനങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പ്രാപഞ്ചികപ്രതിഭാസങ്ങളെ സംബന്ധിച്ച സമ്പൂര്‍ണ്ണമായ ഒരു ശാസ്ത്രീയതാത്വിക സമീപനം രൂപപ്പെടുത്തുന്നതിന്‌ നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്കു കഴിയില്ലെന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്ക്‌ അനുഭവങ്ങള്‍ വെളിച്ചം വീശുന്നു. ൧൯൪൭-ലെ സ്വാതന്ത്ര്യലബ്ദിക്കുശേഷം കോണ്‍ഗ്രസ്സിനുള്ളില്‍ത്തന്നെ മഹാത്മാഗാന്ധിക്കു നേരിടേണ്ടി വന്ന അവഗണന ഒരു തരത്തില്‍, അദ്ദേഹം രൂപംകൊടുത്ത ദര്‍ശനത്തിന്റെ  തന്നെ അശാസ്ത്രീയതയിലേയ്ക്കു വെളിച്ചം വീശുന്നു. അക്കാലത്ത്‌ ലോകത്തെ വികസിതരാജ്യങ്ങള്‍ ശാസ്ത്രത്തെ ആസ്പദമാക്കി പുതിയ സംസ്കാരത്തിനും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മാര്‍ഗ്ഗം തേടിയപ്പോള്‍, ഗ്രാമീണതയുടെ ദരര്‍ശനവുമായി നിലകൊണ്ട ഗാന്ധിജിക്ക്‌, ഗാന്ധിയന്‍ തത്വചിന്തയ്ക്ക്‌, കോടിക്കണക്കിനു ദരിദ്രജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനാവാതെ ഇതികര്‍ത്തവ്യതാമൂഢതയ്ക്കു വിധേയമാവേണ്ടി വന്നു. ഇതു വിരല്‍ചൂണ്ടുന്നത്‌ ഗാന്ധിയന്‍ ദര്‍ശനത്തിണ്റ്റെ തന്നെ അപര്യാപ്തതയിലേയ്ക്കാണ്‌.

എന്നാല്‍, സ്വാതന്ത്യ്രലബ്ധിക്കുശേശം കോണ്‍ഗ്രസ്സിനു പ്രസക്തി നഷ്ടപ്പെട്ടുവെന്നും, ആ പ്രസ്ഥാനം പിരിച്ചുവിടണമെന്നുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായം വിലപ്പെട്ടതായിരുന്നു. ഈ സമീപനം കൈക്കൊള്ളാന്‍ കോണ്‍ഗ്രസ്‌ എന്ന പോലെ സാമുദായികപ്രസ്ഥാനങ്ങളും തയ്യാറാവേണ്ടതുണ്ടായിരുന്നു. 'നവോത്ഥാനം' എന്ന ആശയം സമൂഹത്തിണ്റ്റെ പരിവര്‍ത്തനോന്‍മുഖതയെ ദ്യോതിപ്പിക്കുന്നുവെന്നേയുള്ളൂ. പ്രത്യയശാസ്ത്രപരമായ നിരീക്ഷണത്തില്‍ ലോകത്തിണ്റ്റേയും സാമൂഹ്യമായ മനുഷ്യന്റെ നിലനില്‍പിണ്റ്റേയും അടിസ്ഥാനഘടകങ്ങളെ പരിശോധനാ വിധേയമാക്കി, സമ്പൂര്‍ണ്ണമായ ഒരു തത്വചിന്തയിലേയ്ക്കു വളരാന്‍ നവോത്ഥാനം ഒട്ടുമേ സജ്ജമല്ല. അതിനര്‍ത്ഥം, നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്ക്‌ നിശ്ചിതമായ ഒരു രാഷ്ട്രീയ അജണ്ടയില്ല എന്നതാണ്‌.

സമൂഹത്തിന്റെയും ചരിത്രപരമായ വളര്‍ച്ചയ്ക്കും ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം തുടങ്ങിയവയുടെ ലഭ്യതയ്ക്കും എന്തു ചെയ്യണമെന്നതു സംബന്ധിച്ച അഭിപ്രായം രൂപവല്‍ക്കരിക്കാനും നവോത്ഥാനാശയത്തിനു കെല്‍പില്ല. ഈ ന്യൂനത തിരിച്ചറിയാന്‍ ഗാന്ധിജിക്കെന്നപോലെ വി. ടി. ഭട്ടതിരിപ്പാടിനും കഴിഞ്ഞില്ല എന്നതാണ്‌ വി.ടി.യുടെ ജീവിതത്തിണ്റ്റെ അവസാന വര്‍ഷങ്ങളില്‍ അദ്ദേഹത്തിനു തോന്നിയ പരാജയബോധത്തിന്‌ ഇടയാക്കിയത്‌. ഈ വസ്തുത തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ്‌, ഇവിടെ പരാമര്‍ശിച്ച എം.ജി.എസ്‌. നാരായണന്റെയും ചിന്താപരമായ ന്യൂനത. സാമുദായിക സംഘടനകള്‍ എത്രയൊക്കെ പുരോഗമനപരമായാലും, അവയ്ക്ക്‌ വിപ്ളവാധിഷ്ഠിതമായ ഒരാത്മാവില്ല എന്ന യഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ എം.ജി.എസ്‌. തയ്യാറാവണം. ഇനി നമുക്ക്‌ കേരളത്തിണ്റ്റെ സാമൂഹ്യാനുഭവങ്ങളിലേയ്ക്കു കടക്കാം.

ശ്രീനാരായണഗുരുവും, സഹോദരന്‍ അയ്യപ്പനും, അയ്യങ്കാളിയും, വി.ടി. ഭട്ടതിരിപ്പാടുമൊക്കെ സാമൂഹ്യപ്രവര്‍ത്തനം തുടങ്ങിയ കാലത്ത്‌, രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടിരുന്നില്ല. എന്നാലും, അവരുടെ അനുഭവങ്ങളിലൂടെ അവര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍, തൊട്ടുമുന്നില്‍ നടക്കുന്ന തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും എതിരെ ജനങ്ങളെ ഉണര്‍ത്തേണ്ടതുണ്ടെന്ന ചിന്തയിലേയ്ക്കാണ്‌. ആ നിഗമനത്തെ ആസ്പദമാക്കി അതതു സമുദായങ്ങളില്‍പെട്ടവരെ സംഘടിപ്പിക്കുകയാണവര്‍ ചെയ്തത്‌. അതിനപ്പുറം, ഭൌതികലോകം നേരിടുന്ന നിലനില്‍പിണ്റ്റെ പ്രശ്നങ്ങളിലേയ്ക്കും, കോടിക്കണക്കിന്‌ അധഃസ്ഥിതരായ ജനങ്ങളുടെ ഭൌതികാവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ ആശയങ്ങളുടെ ലോകത്തേയ്ക്കോ കടക്കാനും, അവ നേടുന്നതിന്‌ ജനങ്ങള്‍ ബോധപൂര്‍വ്വം സംഘടിപ്പിച്ച്‌ രാഷ്ട്രീയസമരം നടത്തേണ്ടതിന്റെയും പ്രാധാന്യം മനസ്സിലാക്കാനും അവര്‍ തയ്യാറായില്ല എന്ന വലിയൊരു ന്യൂനതയെ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതു കൊണ്ടായില്ല. ഇതു തിരിച്ചറിയാന്‍ എം.ജി.എസിനും കഴിയുന്നില്ല എന്നതുകൊണ്ടാണദ്ദേഹത്തിന്‌, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രസക്തി തിരിച്ചറിയാന്‍ കഴിയാതെ പോയത്‌.


Friday, 14 October 2011

ചരിത്രത്തിന്റെ ചാരുത


എ. എസ്‌. ഹരിദാസ്‌

 ഭാഷയുടെ ശക്തിയും വിസ്തൃതിയും സംബന്ധിച്ച  ചിന്തയെ ഉണർത്തിവിട്ടത്‌ സേതുവിന്റെ 'മറുപിറവവിയെന്ന നോവൽ വായിച്ച സന്ദർഭത്തിലാണ്‌.


മലയാളഭാഷയെ സംബന്ധിച്ച്‌ പിറവിയെടുത്തിരിക്കുന്ന വിഭ്രാമാത്മകമായ ഒരു സത്യം, ഭാഷകൊണ്ട്‌ നമുക്കൊന്നും ചെയ്യാനാവില്ലെന്ന വിശ്വാസമാണ്‌. ഭാഷയുടെ ആവശ്യം, വിദേശസംസ്കാരത്തിൽ ഉപയുക്തമാവുന്ന തൊഴിൽരംഗത്തു മാത്രമാണെന്ന്‌ നാം എങ്ങനെയോ ധരിച്ചുറപ്പിച്ചിരിക്കുന്നു. അതുകൊണ്ട്‌ നാം വിദേശഭാഷയാണു വശമാക്കേണ്ടതെന്നു വിശ്വാസം ഉറച്ചിരിക്കുന്നു.
ഇതിനിടിയാക്കുന്ന ഒരു കാരണം, മലയാളിയുച്ചേ ഭ്രമമൊന്നു മാത്രമാണെന്നു കുറ്റപ്പെടുത്തിയതുകൊണ്ടായില്ല. മലയാളഭാഷയെ വേണ്ട വിധത്തിൽ വിന്യസിക്കാൻ കഴിവുള്ള എഴുത്തുകാരുടെ ദൗർലഭ്യം ആയിക്കൂടേ അത്‌? വിപുലമായ പദസമ്പത്തില്ലാത്തതും വ്യത്യസ്ത ജീവിതമുഖങ്ങളുമായുള്ള പരിചയക്കുറവും മൂലം നമ്മുടെ ഭാഷയുടെ ശക്തിയും വിസ്തൃതിയും നാമാവശേഷമാവുകയാണ്‌. ഭാഷയെ ശരിയായി ഉപയോഗിക്കാൻ കഴിയുന്നവർ, അതിലൂടെ ഭാവനാലോകത്തെവിടെയും സഞ്ചരിക്കാൻ കഴിവുള്ളവർ മലയാളസാഹിത്യലോകത്ത്‌ എത്രയോ വിരളം! നമ്മുടെ കാൽപനികതയുടെ വിസ്താരം ശുഷ്കമാവുകയും, അതിർവരമ്പുകൾ രൂപപ്പെടുകയും ചെയ്തിരിക്കുന്നു. തൊട്ടു മുകളിൽ കാണുന്നതു മാത്രമേ ആവിഷ്കരിക്കൂ എന്നു വന്നാൽ സാഹിത്യലോകം ചെറുതാവുകയുള്ളൂ.

ഭാഷയുടെ ശക്തിയും വിസ്തൃതിയും സംബന്ധിച്ച ഈ ചിന്തയെ ഉണർത്തിവിട്ടത്‌ സേതുവിന്റെ 'മറുപിറവവിയെന്ന നോവൽ വായിച്ച സന്ദർഭത്തിലാണ്‌. ഭാഷയ്ക്ക്‌ തൊഴിലധിഷ്ഠിതമല്ലാത്തതും പല പല ജീവിതമുഖങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ പദങ്ങൾ ധാരാളമുള്ളത്‌ തിരിച്ചറിയാൻ ഇടയാക്കിയതും ചരിത്രസ്പർശമുള്ള ഈ നോവൽ തന്നെ! ഭാഷയുടെ വേരുകൾ നൂറ്റാണ്ടുകൾക്കു പിന്നിൽ നിന്നു മുളപൊട്ടുന്നത്‌ തിരിച്ചറിയാൻ അനുവാചകനു കഴിവുണ്ടാക്കുന്നതാണീ കൃതി.

നാം നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയെയ്യാണല്ലോ തൊഴിലെന്നു പറയുന്നത്‌? ജീവിക്കാൻ വേണ്ട വരുമാനവും അതിൽനിന്നുണ്ടാവണം. അതു വേണമെങ്കിൽ തൊഴിൽ 'പ്രത്യുൽപ്പാദനപരരമാവണമെന്നും, മലയാള ഭാഷ വച്ചുകൊണ്ട്‌ അത്തരം പുനരുൽപ്പാദന തൊഴിലൊന്നും ചെയ്യാനാവില്ലെന്നും നാം തെറ്റിദ്ധരിക്കുന്നു. വ്യാവസായികയുഗത്തിൽ സേവനങ്ങൾപോലും തൊഴിലുകളായി മാറുകയും, 'പരക്ലേശവിവേകം' മങ്ങിപ്പോവുകയും ചെയ്യുന്നു.
അതുകൊണ്ടുമാത്രം ജീവിതം പൂർണ്ണമായെന്നു പറയാനാവില്ല. വൈവിധ്യങ്ങളുടെ വിശാലലോകത്തുനിന്ന്‌ ശുഷ്കതയിലേയ്ക്കു പറിച്ചു നടാൻ വിധിക്കപ്പെട്ട സമൂഹമാണ്‌ കേരളം ചരിത്രത്തിൽ രേഖപ്പെടുത്താതെ പോകണമെങ്കിൽ നമ്മുടെ സാംസ്കാരിക സമ്പത്തിന്റെ ആഴം തിരിച്ചറിയണം. ഈ അവബോധമുണ്ടാക്കാൻ സഹായിക്കുന്നു, സേതുവിന്റെ ഏറ്റവും പുതിയ നോവൽ (മറുപിറവി. അത്രമാത്രം ശക്തിയോടെ നമ്മുടെ മനസ്സിനെ കീഴ്പ്പെടുത്താൻ സേതുവിനു കഴിഞ്ഞത്‌ മറ്റൊന്നും കൊണ്ടല്ല, മറ്റാർക്കുമില്ലാത്ത പദശേഷിയും, ഭാഷയിലുള്ള പ്രതിഭാധിഷ്ഠിതമായ അറിവുമാണ്‌. മലയാളം പലരും എഴുതാറുണ്ട്‌; എന്നാൽ ഈ നോവൽ പോലെ അതിന്റെ തേജസ്സു കണ്ടെത്തുന്നത്‌ സേതുവാണെന്ന്‌ ചരിത്രം വിധിക്കുമെന്നുറപ്പിക്കാം.
സാഹിത്യത്തിൽ പുതിയൊരു ആവിഷ്കരണപാതയായി ഈ കൃതി മാറുമെന്നുറപ്പാണ്‌.

ഭാഷയുടെ വിന്യാസമേഖല എത്ര വിസ്തൃതമാണെന്നുള്ള യഥാർത്ഥ്യത്തിലേക്കു കൺതുറക്കുന്നതോടെ നമ്മുടെ സഹൃദയലോകം ഈ ഭാഷയെ വേണ്ട വിധത്തിൽ അടിത്തറിയാനും തിരിച്ചറിയാനും തുടങ്ങും. ഒരർത്ഥത്തിൽ ഭാഷയോടുള്ള ഭ്രാന്തമായ പ്രേമത്തിൽനിന്നും വിമുക്തമാവുന്നത്‌ നല്ലതിനു തന്നെ. അത്‌ മലയാളിയുടെ യഥാർത്ഥ്യബോധത്തിനുള്ള തെളിവുകൂടിയാണ്‌. ഭാഷയെ അമിതമായി രാഷ്ട്രീയവൽക്കരിക്കുന്നതാവും ഒരു പ്രശ്നം. രാഷ്ട്രീയം എല്ലാ ദേശത്തും ഒരേ വിഷയങ്ങളെ മാത്രം കൈകാര്യം ചെയ്യുമ്പോൾ, ഭാഷയേക്കാളും സംസ്കാരത്തേക്കാളും രാഷ്ട്രീയം ജീവിതപ്രശ്നങ്ങൾക്ക്‌ പരിഹാരം നിർദ്ദേശിക്കുമ്പോൾ, ജീവിതം കേവലം നിലനിൽപ്പിന്റേതു മാത്രമായി ചുരുങ്ങുന്നു. നിലനിൽപ്പിന്റെ ഭാഗമായി ജീവിതത്തിനുണ്ടാവേണ്ട താരും തളിരും വളർത്തിയെടുക്കുന്നതാണല്ലോ സംസ്കാരം? അതിന്‌ അടിത്തറയിടുന്നതാവട്ടെ, ഭാവനയും സാഹിത്യവുമാണ്‌. ഈ അർത്ഥത്തിൽ ഭാഷയുടെ വിന്യാസസാധ്യതകലെ തിരിച്ചറിഞ്ഞുപയോഗിക്കുന്ന കർത്തവ്യം ഏറ്റെടുക്കുകയാണ്‌ എഴുത്തുകാരൻ വേണ്ടത്‌.

ഈ വാസ്തവം വെളിപ്പെടുത്തുന്നുവേന്നതാമ്‌, ഇവിടെ പരാമർശിക്കുന്ന കൃതിയുടെ മറ്റൊരു സവിശേഷത. സാംസ്കാരിക മൂല്യങ്ങൾ എല്ലാ കാലത്തും ഒരേ പോലെയാവില്ലെന്നതിനാൽ, കാലഘട്ടത്തിനനുസൃതമായി അവയെ പുഷ്ടിപ്പെടുത്തേണ്ടതുണ്ട്‌. പുതിയ കാലത്ത്‌ പുതിയ മൂല്യബോധം രൂപപ്പെടണം.  അതിനുവേണ്ട ജീവിതാവബോധപരവും വിസ്തൃതവുമായ പശ്ചാത്തലം രൂപപ്പെടുത്തുകയാണ്‌ എഴുത്തുകാരന്റെ കർത്തവ്യം. ഇത്‌ ബോധപൂർവ്വമല്ലാതെ തന്നെ, ഒരു സ്വാഭാവികപ്രക്രിയയെന്നോണം നടക്കുന്നതാണ്‌. പക്ഷേ, ഒന്നുണ്ട്‌: എഴുത്തുകാരൻ സമൂഹത്തിൽ ജീവിക്കുകയും ജനങ്ങളുടെ വിചാരധാരകളുമായി ഇടപഴകുകയും വേണം. ഈ ഗുണമുള്ളതുകൊണ്ടു കൂടിയാവാം സേതുവിന്‌ ഇത്രയും ശക്തമായ ഒരു കൃതി രചിക്കാൻ സാധിച്ചതു.
പ്രത്യയശാസ്ത്രപരമായും മൂല്യബോധപരമായും മുന്നോട്ടുള്ള ഗതിമുട്ടുമ്പോൾ, പുതിയൊരു സമീപനധാരയ്ക്കായി പിന്നിലേയ്ക്കു തിരിഞ്ഞു നോക്കുന്നതാണ്‌ ചരിത്രാധിഷ്ഠിതമായ സാഹിത്യകൃതികളുടെ പിറവിക്കിടയാക്കുന്നത്‌. അതെ, 'മറുപിറവി' തീർത്തും ഇത്തരമൊരു കൃതിയാണ്‌. ഇതുവരെയുണ്ടായിരുന്ന സാമൂഹ്യാവബോധം നമ്മെ ഭാഷയിൽനിന്നുള്ള 'വിമോചന'ത്തിനു പ്രേരിപ്പിക്കുന്നുവേങ്കിൽ ആവശ്യമാവുക, ആ സാമൂഹ്യബോധത്തിന്‌ എന്തെങ്കിലും തകരാറുണ്ടോ എന്ന അന്വേഷണമാണ്‌. ഈ രീതിയിൽ, കഴിഞ്ഞുപോയ കാലങ്ൻഘളെ പുനഃപരിശോധന നടത്തുകയാണ്‌ സേതു ചെയ്യുന്നത്‌. ചരിത്രത്തെ നവീനമായ ഉൾക്കാഴ്ചയോടെ വിലയിരുത്താൻ സഹായിക്കുന്ന രചനയായി 'മറുപിറവി' രൂപം കൊള്ളുന്നു.

ഇത്തരം പുനർജ്ജന്മങ്ങൾക്കുവേണ്ടി മറ്റു പല ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരും ആശ്രയിച്ചതു പുരാണങ്ങളുടെ പുനരാഖ്യാനങ്ങളെയാണെങ്കിൽ, അതിൽനിന്നും വ്യത്യസ്തമായി ഒട്ടേറെ അദ്ധ്വാനം ചെയ്താണ്‌ സേതു തന്റെ ഉദ്യമം പൂർത്തീകരിച്ചതു. ഇത്‌ സാർത്ഥകമായ ഒരന്വേഷണമായിത്തീരുകയും ചെയ്തു.


'യയാതി'യുടെ മാതൃകയിൽ മലയാളത്തിൽ പിറന്നുവീണ ഒട്ടനവധി പുരാണ പുനരാഖ്യാനങ്ങൾക്കു പക്ഷേ, ആധുനിക കാലത്തിന്റെ മുഴുവൻ സ്പന്ദനങ്ങളേയും ഉൾക്കൊള്ളാനായില്ല. എന്നു മാത്രമല്ല, അവ പലപ്പോഴും തെറ്റായ ഒരു പ്രത്യയശാസ്ത്രാവബോധത്തിലേയ്ക്കു വായനക്കാരനെ നയിക്കുകയും ചെയ്തു. പുരാണങ്ങൾ അവസാന വാക്കായി മാറുന്നുവേന്ന തരത്തിൽ ചില അവകാശവാദങ്ങളും സാഹിത്യത്തിൽ ഉയർന്നുവന്നു.

ഈ പ്രശ്നങ്ങൾക്കെല്ലാമുള്ള മറുപടിയായി 'മറുപിറവി' നിലകൊള്ളുമ്പോൾ, അത്‌ ഒരേ സമയം നമ്മുടെ സമൂഹത്തെ യഥാർത്ഥ്യബോധത്തിലൂന്നിയ ഭൂതകാലപരിശോധനയ്ക്ക്‌ തയ്യാറെടുപ്പിക്കുകയും, ശാസ്ത്രീയമായ ചരിത്രാബോധം വളർത്താൻ സഹായിക്കുകയും ചെയ്യുന്നു!
വൈദേശികസംസ്കാരത്തിന്‌ രാഷ്ട്രീയേതരമായ ഒരർത്ഥതലം കൂടിയുള്ളതിനെ അടുത്തറിയാനും, അധികാരം ആരേറ്റെടുത്താലും ജനങ്ങൾ ദേശദേദം കൂടാതെ സ്വയം ഇഴുകിച്ചേർന്നു ജീവിക്കുന്നതിന്റെ ചരിത്രാവിഷ്കാരവുമായി 'മറുപിറവി'യിലൂടെ സാധ്യമാവുന്നു. ഈ നോവലിലെ 'ആഡ്രിയൻ' അത്തരമൊരു ജീവിതസമീപനത്തിന്റെ പ്രതിനിധിയാണ്‌. സാംസ്കാരികമായ അധിനിവേശം ജനങ്ങളുടെ ജീവിതസമീപനത്തിൽ ഗുണകരമായ സംഭാവനകൾ നൽകുന്നതെങ്ങനെയെന്നതിനുള്ള വിശദീകരണമായും ഈ കൃതി നിലകൊള്ളുന്നു. 'മുചിരി'യുടെ ഭൗതിക സമ്പത്തിന്റെ സ്ത്രോതസ്സായി മാറിയ 'കറുത്തപൊന്നു' കണ്ടറിഞ്ഞ യവനരെ വിന്യസിക്കുന്നതാണ്‌ ഈ കൃതിയുടെ ഉള്ളടക്കം. പിന്നീട്‌ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നന്മെ കീഴ്പെടുത്തിയെങ്കിലും, ഇവിടെ വന്നു കയറിയവർ, നമ്മുടെ അവികസിതസ്ഥിതിയുടെ മോചനത്തിനുള്ള പ്രോത്സാഹനത്തിനു സഹായിച്ചു.
സാന്ദ്രമായ ഇഴകൾ
ഏതു കൃതിയേയും വായനക്കാരന്റെ ഹൃദയത്തിൽ സ്ഥിതമാക്കുന്നത്‌ അതിലെ ഭാഷാപ്രയോഗത്തിന്റെ സൗന്ദര്യാത്മകതയാണ്‌. 'മറുപിറവി' യുടെ അവസാനപുറങ്ങളിൽ 'കിച്ചൻ' എന്ന കഥാപാത്രം ഓടിട്ട പുറയിലെ വെറും നിലത്ത്‌ ആശങ്കകളേതുമില്ലാതെ ഉറക്കത്തിലേയ്ക്ക്‌ ആഴ്‌ന്നു പോകുന്ന ഭാഗമെത്തുമ്പോൾ, അയാളുടേതെന്നു പോലെ അനുവാചകഹൃദയവും യവനന്മാരുടെ വരവിന്റെ ആഘോഷവേളകൾ ഓർത്ത്‌ വിതുമ്പിപ്പോവും. ആ സ്മരണകൾ ഒരു ജീവിതത്തിന്റെയല്ല, പല തലമുറകളുടെ പരമ്പരകളിൽ ജീവിക്കുമ്പോൾ നമ്മുടെ ഹൃദയക്ഷോഭങ്ങളും അലിഞ്ഞലിഞ്ഞു തീരുന്നപോലെ തോന്നും. പഴമയ്ക്കുണ്ടായിരുന്ന ഹൃദയലാവണ്യം നമുക്കെങ്ങനെ നഷ്ടമായെന്നും, അതിലൂടെ മറ്റെന്തെല്ലാം നഷ്ടപ്പെട്ടുവേന്നുമോർത്ത്‌ നമ്മിലും വിതുമ്പലുയരുന്നു.
ആ സാന്ദ്രമായ ദുഃഖത്തിൽനിന്നും ഉണരുന്നതാവട്ടെ, ഇനിയും താണ്ടാനുള്ള, നമുക്കു നാമായിത്തന്നെ തുടരാനുള്ള സാധ്യതകളെക്കുറിച്ചുള്ള ബോധത്തിലേയ്ക്കും വികാരങ്ങൾ വറ്റിപ്പോയ കേരളീയ സമൂഹത്തിൽ സാന്ദ്രതമുറ്റിയ വികാരങ്ങളുടെ തിരകൾ ഓടിയെത്തുന്നു. അതിലൂടെ, നമുക്കില്ലെന്നു നാം ധരിച്ച ചരിത്രപാരമ്പര്യം നമ്മുടെ ജീവിതത്തിൽ വളർന്നുവരികയും വലിയൊരു ഭാവി നമുക്കു മുന്നിൽ  തുറക്കുകയും ചെയ്യുന്നു. ഈ കണ്ടെത്തൽ സഹായിക്കുന്നുവേന്നതാണ്‌ 'മറുപിറവി'യുടെ മറ്റു നോവലുകളിൽനിന്നും ഭിന്നമായ സവിശേഷത.

ഇവിടെ എടുത്തു പറയേണ്ട മറ്റൊരു വസ്തുതയുണ്ട്‌: ചരിത്രം വർത്തമാനത്തിൽനിന്നും ഭിന്നമായ എന്തോ ഒന്ന്‌ എന്നല്ല നോവലിസ്റ്റിന്റെ കൽപന. അതൊരു തുടർച്ചയാണ്‌. യവനകാലത്തെ കഥാപാത്രങ്ങൾ ഇങ്ങേയറ്റത്ത്‌ വല്ലാർപാടം ടെർമിനലിന്റെ കാലം വരെ സഞ്ചരിക്കുന്നുണ്ട്‌ ഈ നോവലിൽ. അതു 'സാദ്ധ്യമോ' എന്നതല്ല പ്രശ്നം. എഴുത്തുകാരന്റെ സ്വാതന്ത്ര്യം തന്റെ കാൽപനികതയെ ആവിഷ്കരിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. അത്തരം കഥാപാത്രങ്ങളാണ്‌ 'കിച്ചൻ', 'കുങ്കമ്മ' തുടങ്ങിയവർ. യവനകാലത്തെ സമ്പന്നകുടുംബം വല്ലാർപാടം ടെർമിനലിന്റേയും ഗോശ്രീയുടേയും കാലത്തും സമ്പന്നം തന്നെയാണ്‌. ഇവിടെ കാഴ്ചപ്പാടിനാണു പ്രസക്തി. മറ്റു സാധാരണ മനുഷ്യരിൽനിന്നു ഭിന്നമായി 'വടക്കേടത്തു' കുടുംബം യവനകാലത്തും തങ്ങളുടെ 'വലുപ്പം' നിലനിർത്തിയിരുന്നു. അനേക കുടുംബത്തിലെ പിൻപരമ്പരയിലെ അംഗങ്ങൾ വർത്തമാനകാലത്തും സമ്പന്നരായും, അതു വെട്ടിപ്പിടിക്കാനുള്ള തന്ത്രത്തിലൂടെയും ജീവിക്കുന്നു. പക്ഷേ നോവലിസ്റ്റ്‌ സമ്പന്നതയുടെ ആരാധനനൊന്നുമല്ല. സമ്പത്തിനോടുള്ള 'കുങ്കമ്മ'യുടെ അമിതമായ ആർത്തി 'കിച്ചനെ' അവരിൽനിന്നും അകറ്റുകയും ചെയ്യുന്നുണ്ട്‌. ഇതിലൂടെ, ആ വ്യവസ്ഥയോടുള്ള പ്രതിഷേധവും 'കിച്ചനി'ലൂടെ നോവലിസ്റ്റ്‌ തുറന്നുകാട്ടുന്നു. ഭൗതികസമ്പത്തിനേക്കാൾ വലുതായ സ്നേഹവും മാനവികതയും കൈക്കൊള്ളുന്നയാളാണു കിച്ചൻ.

കാർഷികസംസ്കാരത്തിന്റെ ശോഷണത്തിനിടയാക്കിയ നാണ്യവിളകൃഷിയെ നോവലിൽ വിമർശിനവിധേയമാക്കുന്നു. കൃഷി നമ്മുടെ ഭക്ഷണാവശ്യങ്ങൾ നിറവേറ്റാൻ ഉതകണമെന്നാണ്‌ എഴുത്തുകാരന്റെ നിർദ്ദേശം.

ചരിത്ര രചയിതാക്കൾ നിഷ്കാസനം ചെയ്തവരെങ്കിലും, ചരിത്രനിർമ്മിതിയിൽ പങ്കാളികളായ ഭരതൻ മാഷും, സഖാവ്‌ ജലീലും, ജോസഫും, ടി.സി.എൻ. മേനോനും ഒക്കെ കഥാപാത്രങ്ങളായി വരുന്നത്‌, ഭാവിതലമുറയ്ക്ക്‌ ദിശാസൂചികളായിത്തീരാൻ ഇടയാക്കുന്നു. പ്രശസ്തമായ ചേണ്ടമംഗലം കൈത്തറിയുടെ വരവിന്റെ ചരിത്രവും നോവലിസ്റ്റിന്റെ ഭാവനാവിന്യാസത്തിലൂടെ പരാമർശിക്കപ്പെടുന്നുണ്ട്‌ നോവലിൽ.

മലയാള സാഹിത്യത്തിലെ ഇതര ചരിത്ര നോവലുകളായ 'മാർത്താണ്ഡവർമ്മ'യും മറ്റും കൈകാര്യം ചെയ്ത പ്രമേയങ്ങളുമായ 'മറുപിറവി'യുടെ പ്രമേയവുമായി താരതമ്യപ്പെടുത്തിയാൽ, ചില പ്രത്യേക നിഗമനങ്ങളിൽ നമുക്കെത്തിച്ചേരാൻ കഴിയും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ പുറത്തിറങ്ങിയ ചരിത്രനോവലുകൾ, തികച്ചും അടുത്തുള്ള കാലഘട്ടത്തെ മാത്രമേ പരാമർശിക്കുന്നുള്ളൂ. പിന്നീട്‌ പുറത്തുവന്ന തീർത്തും ഭാവനാത്മകമായ കൃതികൾ ചരിത്രവിഷയങ്ങൾ കൈകാര്യം ചെയ്തിട്ടില്ല. പക്ഷേ, 'മറുപിറവി'യിലൂടെ സേതു തുടങ്ങി വച്ച നൂതനമായ പ്രവണത, നാം മനസ്സിലാക്കിയ ചരിത്രത്തിന്റെ വസ്തുതാപരമായ ഘടകങ്ങൾ എന്തൊക്കെയെന്നു പുനഃപരിശോധനയ്ക്ക്‌ സഹായകമാവും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിനു പിന്നിൽ, അതിനെ രൂപപ്പെടുത്തിയ ചരിത്രത്തെ മറ്റൊരു വീക്ഷണത്തിലൂടെ വിലയിരുത്താൻ ഉതകുന്ന തരത്തിൽ, സ്പഷ്ടമായ ഒരു പരിശോധനാരീതി വികസിപ്പിച്ചെടുക്കാൻ കഴിയും.
ഏറെ ത്യാഗം സഹിച്ചു കൊണ്ടുള്ള പഠനങ്ങൾക്ക്‌ നാം തയ്യാറാവണമെന്നു മാത്രം! അത്തരമൊരു ദിശാസൂചി, ഒരു ചരിത്രനിരീക്ഷണശൈലി വാർത്തെടുക്കാൻ സേതുവിനായിയെന്നത്‌, മലയാളത്തിന്റെ സാഹിത്യലോകത്തിന്റെ ഗതി തന്നെ തിരിച്ചുവിടാൻ ഇടയാക്കികൂടായ്കയില്ല. ഇതു സാധ്യമായതു തന്നെ, മറ്റേതെങ്കിലും സ്വദേശ-വിദേശ മാതൃകകളെ ആസ്പദമാക്കിയല്ല എന്നുകൂടി വരുമ്പോൾ, ഈ നോവൽ നൽകുന്ന സന്ദേശം ഏറെ വിലപ്പെട്ടതാണെന്നു കാണാൻ സഹായകമാവും. നമ്മുടെ ഭാഷയിൽ നൂതനമായ ഒരു സാഹിത്യസരണി രൂപപ്പെടുമെന്നുതന്നെ നമുക്കു വിശ്വാസിക്കാം.


Thursday, 13 October 2011

വായന:മലയാളസമീക്ഷ കഴിഞ്ഞ ലക്കം[സെപ്റ്റം15 -ഒക്ടോ15]



എ. എസ്‌. ഹരിദാസ്‌


വാക്കുകൾകൊണ്ട്‌ സാഹിത്യത്തെ അലങ്കാരം ചെയ്ത ആ മനീഷിയുടെ വാക്കുകൾക്കു മുന്നിൽ നമുക്ക്‌ നമ്രശിരസ്കരാവാം. ജീവിതത്തിനനുഭവിക്കാൻ കഴിയാത്ത മറ്റൊരു തലത്തെ ഭാവനയിലൂടെ നമുക്കു മുന്നിൽ വരച്ചുകാട്ടിയ ദേഹമാണ്‌ ഒ. വി. വിജയൻ. അതു നമ്മെ സങ്കൽപലോകത്തേയ്ക്കു നയിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ജീവിതം സ്വയം ജീവിക്കാനായുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യലാണെന്നു പറഞ്ഞ തത്വചിന്തയുടെ രേണുക്കൾ അദ്ദേഹം നമുക്കു മുന്നിൽ കാട്ടിതന്നു. അതിനാൽ ഒ. വി. വിജയന്റെ ജീവിതപാത വ്യത്യസ്തമായി ഇപ്പോഴും നിലനിൽക്കുന്നു. ആ ഭാവനാലോകത്തിന്റെ സ്വാധീനം ഇനിയും തലമുറകളിലേയ്ക്കു പകർന്നുകൊണ്ടിരിക്കും (എന്റെ ഭാഷയെ തിരിച്ചു തരിക - ഒ. വി. വിജയൻ).

ആനുകാലിക സാമൂഹ്യജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളെ ഒരു കുടുംബിനി എങ്ങനെ കാണുന്നുവേന്നറിയാൻ 'കുടുംബവും ത്യാഗവും' എന്ന എം. ലീലാവതിയുടെ ലേഖനം ഉതകുമെന്നു നാം കരുതിയേക്കാം. എന്നാലവർ ഒരു കുടുംബിനു മാത്രനല്ലെന്നും, ലോകസാഹിത്യചരിത്രം ഹൃദിസ്ഥമാക്കിയ ജ്ഞാനിയായ ഒരു മഹതിയാണെന്നുമോർക്കുമ്പോൾ, അവരുടെ നിരീക്ഷണങ്ങൾ ആനുകാലിക സമൂഹത്തിലെ മറ്റേതു ഉന്നത വ്യക്തികളേക്കാൾ ഉയർന്ന പദവിയിലുള്ള ഒരു നിരീക്ഷകയുടെ അഭിപ്രായമാണെന്നു തിരിച്ചറിയാനാകും. ആ അർത്ഥത്തിൽ "മലയാള സമീക്ഷ"യുടെ പദവി ഉയർത്താനും ഈ ലേഖനം സഹായിക്കുന്നു.


ഡോ. ലീലാവതിയുടെ ഗ്രന്ഥങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അതിൽ കാണുന്ന നിരീക്ഷണപടുത്വം നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല. ഭാരതീയ ഭാഷകളിലെ ഒട്ടെല്ലാ ക്ലാസിക്‌ കൃതികളേയും പരാമർശിച്ചുകൊണ്ടുള്ള ടീച്ചറുടെ വിഷയാവതരണരീതി ആരേയും അമ്പരിപ്പിക്കുന്ന വിജ്ഞാനതൃഷ്ണയുടെ മകുടോദാഹാരണം കൂടായാവുന്നു. മലയാളത്തിലെ സ്ത്രീ എഴുത്തുകാരിൽ ഫെമിനിസ്റ്റല്ലാത്ത ഒരേയൊരു നിരൂപകയോ, എഴുത്തുകാരിയോ ഉണ്ടെങ്കിൽ അത്‌ ഡോ. ലീലാവതി തന്നെയാണ്‌. സ്ത്രീപക്ഷമോ പുരുഷപക്ഷമോ അല്ലാത്ത മാനവപക്ഷത്തിന്റെ നിരീക്ഷണങ്ങളാണവരുടേത്‌. ഭാരതീയ കുടുംബ സംസ്കാരത്തിന്റെ ഉന്നതമായ തലങ്ങൾ എന്തെന്നന്വേഷിക്കുന്ന ഗവേഷകർക്ക്‌ ടീച്ചറുടെ കൃതികൾ അവസാന അഭയമാവുന്നു.

സി. വി. രാജശേഖരൻ:
ഇന്നത്തെ സമൂഹത്തിൽ നിനന്തരം ഉപയോഗിക്കുന്ന വാക്കും പ്രതിഭാസവുമാണ്‌ 'മേയ്ക്കപ്പ്‌. തനതായ വ്യക്തിത്വം മറച്ചുവയ്ക്കാനുള്ള മാർഗ്ഗം കൂടിയാണല്ലോ, അത്‌?  ‘Make-up എന്നാ വാക്കിനെ വിഭജിച്ചാൽ അതിന്‌ രണ്ടർത്ഥം വരും: 'ഔന്നത്യത്തിലേയ്ക്കു സൃഷ്ടിക്കുക' യെന്നും, 'ഒപ്പിക്കുക' യെന്നും! ലോകമെന്തെന്നറിഞ്ഞു കൂടാത്ത സമൂഹത്തിന്റെ വേവലാതികളാണ്‌ അവരെ മേയ്ക്കപ്പിലേയ്ക്കു നയിക്കുന്നത്‌. വസ്തുതകളുടെമേൽ മൂടുപടമിടുന്ന ഒരു പ്രവൃത്തക്കൂടിയാണത്‌. ഈ അറിവു പങ്കുവയ്ക്കാൻ സഹായിക്കുന്നു, ലേഖകൻ.

രസകരമായ അനുഭവത്തിന്റെ സരസമായ ആവിഷ്കാരമാണ്‌ തുമ്പമൺ തോമസിന്റെ രചന. ഇത്തരം അനുഭവങ്ങൾ ഇന്നത്തെ രാഷ്ട്രീയ പ്രവർത്തകർ വായിക്കുന്നത്‌ നന്നായിരിക്കും. സമൂഹം കടന്നു പോന്ന ദുരിതപൂർണ്ണമായ ലോകത്തിന്റെ ഓർമ്മകളും അറിവുപകരലും നമ്മുടെ സമൂഹ
നേതൃത്വത്തെ നല്ലതു ചെയ്യാൻ പ്രേരിപ്പിക്കും; സംശയമില്ല.

പ്രണയവും തുടർന്ന്‌ വിവാഹവും കേരളീയ സമൂഹം ഇപ്പോഴും അംഗീകരിക്കുന്നില്ലെന്ന ഡോ. എം. എസ്‌. പോളി (നളിനിയുടെ നൂറു വർഷങ്ങൾ)ന്റെ അഭിപ്രായം യോജിക്കാവുന്നതല്ല. അദ്ദേഹം പറയുംപോലെ കേരളീയ സമൂഹം ഇപ്പോൾ യാഥാസ്ഥിതികവുമല്ല. ഇതിനു കാരണം, നാം നമുക്കു പുറത്തുള്ള ലോകത്തെ അംഗീകരിക്കാൻ തൽപരാണെന്നതാണ്‌. മറ്റേതൊരു നാട്ടിൽ പ്രണയം അംഗീകരിക്കപ്പെടുന്നതായി ലേഖകൻ കരുതുന്നുവോ, അതുമായുള്ള സമ്പർക്കം കൊണ്ടെങ്കിലും കേരളത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്‌; ഈ അർത്ഥത്തിൽ നാം ഒറ്റപ്പെട്ടവരല്ല.


കാടുകയറിയേക്കാവുന്ന മനുഷ്യഭാവനയ്ക്ക്‌ ദിശാസൂചിയാണ്‌ എന്നും നക്ഷത്രങ്ങൾ. നാം ഭൂമിയുടെ ഉപരിതലത്തിലാണു ജീവിക്കുന്നതെന്നും, മനുഷ്യന്‌ ആകാശം മുട്ടെ വളരാനുള്ള സ്ഥലമുണ്ടെന്നും ഓർമ്മിപ്പിക്കുന്നത്‌ എപ്പോഴും നക്ഷത്രങ്ങളാണ്‌. അതുകൊണ്ടാവാം ദൈവപുത്രന്റെ വരവറിഞ്ഞ്‌ അന്വേഷിച്ചിറങ്ങിയ രാജാക്കന്മാർക്ക്‌ നക്ഷത്രം വഴിതെളിച്ചുവേന്ന്‌ ബൈബിളിൽ എഴുതിവച്ചതു. ഭൂമിയുടെ ഉപരിതലത്തിലെ ജീവിതത്തിന്റെ സ്വാതന്ത്ര്യം കവരാൻ ആർക്കും കഴിയും? അതുകൊണ്ട്‌, നമുക്ക്‌ ഭാവനയിൽ രമിക്കാം. രാ മോഹന്റെ കുറിപ്പ്‌ (വേട്ടക്കാരന്റെ മാനിഫെസ്റ്റോ) ഈ സ്വാതന്ത്ര്യബോധത്തെ ശക്തമായി ഉയർത്തിപ്പിടിക്കാൻ ഇടയാക്കും.

ഈർച്ച ഇന്ന്‌ ഓർമ്മ മാത്രമാണ്‌. ഈർച്ച കാണാൻ രസകരവുമാണ്‌. എന്നാൽ ഈർച്ച ചെയ്യുമ്പോൾ പ്രാണനെടുക്കുന്ന, ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നിക്കുന്ന ഒരനുഭവമാണെന്ന്‌ അതു ചെയ്തു നോക്കിയാലറിയാം. നോക്കുക, ആരൊക്കെച്ചേർന്നാണ്‌ ഈ ലോകം കെട്ടിപ്പടുത്തത്‌! (ചിത്രകാരന്റെ ഭാവന).
അഭിമുഖങ്ങൾ:
ഷാജി എൻ. കരുണുമായുള്ള ധർമ്മരാജ്‌ മടപ്പിളളിയുടെ സംഭാഷണം സാർത്ഥകമായി. സിനിമാ നിർമ്മാണത്തിന്റെ സാങ്കേതികവശങ്ങളിലേയ്ക്കും. ചില 'ടെക്നിക്കു'കളിലേയ്ക്കും നീങ്ങിയ സംഭാഷണം വിജ്ഞാനപ്രദം (information) കൂടിയായി.
സാമൂഹ്യാസ്വസ്ഥതകളെ ആസ്പദമാക്കിയ വികാരവിക്ഷോഭത്തെ പ്രമേയമാക്കുന്ന കവിയാണ്‌ കുരീപ്പുഴ ശ്രീകുമാർ. വികാരവിക്ഷോഭങ്ങളുടെ പ്രകാശനത്തെ ഭരണക്കൂടം "അരാജകത്വ"മെന്ന പേരിൽ തടയുന്നത്‌ എന്നത്തേയും പതിവാണ്‌. ഭരണക്കൂടത്തെ ഭയന്ന്‌ മാറിനിൽക്കുന്ന എഴുത്തുകാരിൽ നിന്ന്‌ വ്യത്യസ്തനത്രെ കുരീപ്പുഴ. ഈ ധീരത കാലഘട്ടത്തിന്റെ ആവശ്യമാണ്‌. മലയാള ഭാവനയിൽ ഇത്തരം നൂറുപൂക്കൾ ഇനിയും വിരിയട്ടെ എന്നാശംസിക്കാം. മണർകാടു ശശികുമാറിന്റെ പ്രഗത്ഭമായ അഭിമുഖം.
കവിതകൾ:
വാക്കുകൾ കൂർത്ത കാരമുള്ളുകളായി മാറ്റിയ കവിതയാണ്‌ പഴവിള രമേശന്റേത്‌. സാമൂഹ്യാനീതിക്കെതിരായ ബോധത്തിനു മയക്കം ബാധിച്ച യുവാക്കൾ ഈ കവിത ശ്രദ്ധിക്കണം. ഭൂമിക്കുപുറത്തെ ആകാശംപോലെ ആത്മാവിന്റെ 'അതിരറ്റ സ്വപ്നസുതാര്യത' തിരിച്ചറിയുന്ന കവിയാണ്‌ വേണു വി. ദേശം. അനുഭൂതിയും ലാവണ്യവുമുള്ള മനസ്സുകളെ പ്രചോദിപ്പിക്കുന്ന കാവ്യം.
കാവ്യഭാഷാപ്രയോഗത്തിന്റെ പുതിയൊരു മുഖമാണ്‌ വി. ജയദേവ്‌ മുന്നിൽ വയ്ക്കുന്നത്‌, കവിതയിലൂടെ. സംഭാഷണഭാഷയെ കവിതയിലാക്കുന്നതിന്റെ പുതുമയുണ്ടതിന്‌. ഇതൊരു പുതിയ പാതയാണ്‌. അതിന്റെ സാധ്യതകൾ യുവകവിളകൾ ആരായണം.

ജിജോ അഗസ്റ്റിന്റെ ഹ്രസ്വമെങ്കിവും ശക്തമായ കവിതയും, പി.എ. അനീഷിന്റെ 'ഏട്ടിലെ പശു പുല്ലു തിന്നില്ലെന്ന' മട്ടിലുള്ള രചനയും ശ്രദ്ധേയമായി. സനൽ ശശിധരനാവട്ടെ, ലോകം മുഴുവൻ മനസ്സിൽ കുരുങ്ങുന്നുണ്ടെങ്കിലും, ഒന്നും പറയാൻ കഴിയാതെ പോവുന്ന കാലത്തിന്റെ ബിന്ദുവിലാണു നാമെന്നോർമ്മിപ്പിക്കുന്ന വസ്തുത തന്റെ കവിതയിലൂടെ വരച്ചുകാട്ടുന്നു. മണർകാട് ശശികുമാറിന്റെ കൃതി കാവ്യാത്മകതയോടടുത്തു നിൽക്കുന്ന ശ്രമമായി നിൽക്കുന്നു. മാനവവേദനകൾ ഉൾകൊള്ളുന്നതും, ദർശന മുള്ളതുമാണ്‌ ജയചന്ദ്രൻ പൂക്കരത്തറയുട ഹ്രസ്വകാവ്യം. മനോഹരമായ കാവ്യഭാഷയാണ്‌ സംവിദാനനന്റെ രചനയിൽ മുഴുങ്ങുന്നത്‌.

ആർ. മനു കൈകാര്യം ചെയ്യുന്ന പ്രമേയം നന്ന്‌. എന്നാൽ ആവിഷ്കാരം കൂടുതൽ കാവ്യാത്മകമാക്കണം. മേരി ലില്ലിയുടെ പ്രേമകാവ്യവും, സാമൂഹ്യപ്രശ്നങ്ങൾ പ്രതിഫലിക്കുന്ന കൃഷ്ണദാസ്‌ മാത്തൂരിന്റെ കവിതയും കൊള്ളാം. എന്നാൽ, സന്തോഷ്‌ പാല കേവലം ഉപരിതലം മാത്രമേ സ്പർശിച്ചുള്ളൂ. ഉൾക്കാമ്പുകൾ ഉൾക്കൊള്ളാനും അവതരിപ്പിക്കാനും അദ്ദേഹം ശ്രദ്ധിക്കണം.

താരതമ്യങ്ങളിലൂടെ പുതിയലോകത്തിന്റെ രോദനം കണ്ടെത്തുന്ന ടി. പി. സക്കറിയയുടെ കവിതയും, ഒരു സാധാരണ കാഴ്ചയുടെ (തൊട്ടാവാടി) കാവ്യാത്മകവും ഭാവനാത്മകവുമായ ആവിഷ്കാരം നടത്തുന്ന മേലൂർ വാസുദേവന്റെ രചനയും നന്നായി. ത്രേസ്യാമ്മ തോമസിന്റെ പ്രഭാതത്തെക്കുറിച്ചുള്ള കവിത, പുതുതായൊന്നുമില്ലാത്തതിനാൽ വിരസമായി. ആലിഫ്‌ ഷായുടെ നീണ്ട കവിത അർത്ഥപുഷ്ടിയില്ലാത്തതും, വ്യത്യസ്ത അനുഭവങ്ങളെ ദ്യോതിപ്പിക്കുന്ന പദങ്ങളുടെ ക്ഷാമം കൊണ്ട്‌ സുഖകരമായി തോന്നിയില്ല. കവിത ഇത്രയും നീട്ടേണ്ടി വന്നത്‌, പറയാനുള്ളത്‌ ദ്രോതിപ്പിക്കാൻ ശേഷിയുള്ള വാക്കുകളുടെ ദൗർലഭ്യം കൊണ്ടാണ്‌. ഹണി ഭാസ്കരന്റെ സാമൂഹ്യവിമർശനം പ്രമേയമാക്കിയ കവിതയും, വാക്കിന്റെ ശക്തി പ്രതിഫലിപ്പിക്കുന്ന ബക്കർ മേത്തലയുടെ രചനയും 'മലയാള സമീക്ഷ'യെ സമ്പന്നമാക്കി. വിൽസൺ ജോസഫിന്റെയും നന്ദനൻ മുള്ളമ്പത്തിന്റേയും, ഹ്രസ്വകവിതകളും, മാതൃസ്നേഹം പ്രമേയമാക്കിയ ശ്രീദേവി നായരുടെ കൃതിയും ഈ ലക്കത്തിലുണ്ട്‌. സാംജി ചെട്ടിക്കാട്‌ കവിതയെന്ന പേരിൽ നടത്തുന്ന പ്രഭാഷണം ഒട്ടും സുഖം തോന്നിച്ചില്ല. രാജേഷ്‌ ശിവയുടെ പ്രേമകാവ്യവും, എസ്സാർ ശ്രീകുമാറിന്റെ ഹാസ്യാത്മകകാവ്യവും, ഇന്ദിരാ ബാലന്റെ സ്വത്വത്തിന്റെ കവിതയും മേതിൽ വേണു ഗോപാലിന്റെയും, ഐൻസ്റ്റീൻ വാലത്തിന്റേയും സാമൂഹ്യവിമർശനവും നന്നായി. ഡോ. കെ. ജി. ബാലകൃഷ്ണന്റെ ഒരു തുള്ളി കവിത നിലത്തുവീണു ചിതറിയ പോലെ തോന്നി.

മഹർഷിയുടെ ഹ്രസ്വകാവ്യം, വ്യക്തതയില്ലാത്ത  എം. എ. പ്രസന്നകുമാറിന്റെ കവിത, കാവാലം ശശികുമാറിന്റെ പഴയ കവിതകളുടെ ശൈലിയെ ഓർമ്മിപ്പിക്കുന്ന രചന, ഭംഗിയായ കവിതാരൂപം അവതരിപ്പിച്ച കെ. വി. സുമിത്രയുടെ കൃതി ഗിരീഷ്‌ വർമ്മയുടെയും, നിഷ ജി.യുടെയും പ്രേമകാവ്യങ്ങൾ, ശ്രീധരൻ എൻ. ബല്ലയുടെ ഹ്രസ്വകാവ്യം എന്നിവ ഈ ലക്കത്തിലുണ്ട്‌. ചന്ദ്രൻനായരുടെ കവിതയിൽ ആദ്യാക്ഷരം(ക) മാത്രം ബാക്കിയായി.

ആനന്ദവല്ലിചന്ദ്രൻ, ലീല എം. ചന്ദ്രൻ, രാജൂ കാഞ്ഞിലങ്ങാട്‌, അനിൽ കുറ്റിച്ചിറ, എം. ആർ. മാടപ്പള്ളി, മാത്യു നെല്ലിക്കുന്ന്‌, രഹ്നാ രാജേഷ്‌, ശ്രീജിത്ത്‌ അരിയല്ലൂർ, സുരേഷ്‌ ഗംഗാധർ, കെ. എസ്‌. ചാർവ്വാകൻ, ബി. ഷിഹാസ്‌, സജീവ്‌ വി. കിഴക്കേപ്പറമ്പിൽ, ഹരിദാസ്‌ വളമംഗലം, എം. ആർ. വിപിൻ, കുഞ്ഞൂഞ്ഞ്‌ എന്നിവരും എഴുതിയ കവിതകൾ കഴിഞ്ഞ ലക്കത്തിൽ കാണാം.
എം. കെ. ഖരീമിന്റെ 'ഊരുഭംഗം' (സമ്പൂർണ്ണ നോവൽ കാലം ആവശ്യപ്പെടുന്ന പ്രമേയം കൈകാര്യം ചെയ്യുന്നു. കാലത്തിന്റെ രേഖാചിത്രം ഏറ്റവും കൃത്യമായും, ശക്തമായും അദ്ദേഹം വരച്ചു ചേർത്തു, നോവലിൽ. സാഹിത്യം ഏറെ ഹൃദ്യമായി. കൃതസ്തനായ എഴുത്തുകാന്റെ പാടവത്തോടെ, എഴുത്തുകാരനുണ്ടാവേണ്ട ആർജ്ജവത്തോടെ, നോവലിന്റെ പ്രമേയത്തെ അയത്നലളിതമായി അവതരിപ്പിക്കുന്ന താണെങ്കിലോ, കൃത്യമായ അലങ്കാരങ്ങളുടെ പശ്ചാത്തലത്തിലും. ഈ നോവൽ പുതിയ എഴുത്തുകാർ വായിച്ചു പഠിക്കണം. അത്‌ അവർക്കേറെ പ്രയോജനപ്പെടും.
വി. രവികുമാറിന്റെ പരിഭാഷ അസാധാരണമായ ലാളിത്യവും, മൗലികതയും ആർജ്ജിച്ചതാണ്‌ 'നിരക്ഷര'ന്റെ ചിത്രസഹിതമായ യാത്രാവിവരണം നന്നായി.
കഥകൾ:
എം. ആർ. ചന്ദ്രശേഖരൻ, കെ. ശങ്കരനാരായണൻ, ജനാർദ്ദനൻ വല്ലത്തേരി, ഉമ്മാച്ചു, സണ്ണി തായങ്കരി, മലയാമ്പള്ളം ശങ്കരൻകുട്ടി, സാജിത അബ്ദുൾ റഹിമാൻ, മനോരാജ്‌ കെ. ആർ., സരിജ എൻ. എസ്‌., പ്രേംജി, ഷാജഹാൻ നന്മണ്ട, റീജ പനക്കാട്‌, ബി. ജോസ്‌ കുട്ടി, സിബി പടിയറ, തോമസ്‌ പി. കൊടിയൻ എന്നിവരുടെ ചെറുകഥകളാണ്‌ ഒന്ന്‌, രണ്ട്‌ ഭാഗത്തിലുള്ളത്‌.
റശീദ്‌ പുന്നശ്ശേരി, ശ്രീജിത്ത്‌ മൂത്തേടത്ത്‌, ഷെമീർ പട്ടരുമഠം, ബഷീർ മേച്ചേരി, ദേവേന്ദുദാസ്‌, സലാം പൊട്ടേങ്ങത്ത്‌, സത്യജിത്ത്‌ എന്നിവരാണ്‌ 3, 4 ഭാഗങ്ങളിലായി എഴുതിയിട്ടുള്ളത്‌.
സുധാകരൻ ചന്തവിളയുടെ ലേഖനം സാമ്പ്രാദായകമായ പരികൾപ്പനകളുടെ വിവരണം മാത്രം നടത്തുന്നു. അതുതന്നെ, കേവലം ഉപരിവിപ്ലവം. കൂടുതൽ ആഴത്തിൽ വിഷയത്തെ സമീപിക്കണമായിരുന്നു.

ആന്റണി ബോബൻ രചിച്ച, 'രക്ഷകൻ' (ഏകാങ്ക നാടകം), ആ കലാരൂപത്തിന്റെ കാലം കഴിഞ്ഞുവേന്നു പ്രചരിപ്പിക്കുന്നവർക്കുള്ള ശക്തമായ മറുപടിയാണ്‌. ലോകത്തിന്റെയും ജീവിതത്തിന്റേയും വെളിപ്പെടാത്ത യാഥാർത്ഥ്യങ്ങളിൽനിന്ന്‌ ഊർജ്ജം ഉൾക്കൊണ്ട്‌, മുഖ്യധാരാ സാഹിത്യത്തിൽനിന്നും ഒട്ടൊഴിഞ്ഞുനിന്ന്‌ ശ്രദ്ധാപൂർവ്വം നാടകം രൂപപ്പെടുത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ. എം. പി. ശശിധരന്റെ 'മൈക്രോകഥ'കൾ പുതിയൊരു തുടക്കമാണ്‌. അജീഷ്‌ ചന്ദ്രന്റെ 'കാല'വും ജി. ഹരി നീലഗിരിയുടെ കാർട്ടൂൺ കവിതകളും ശ്രദ്ധേയമത്രെ!
സുകുമാർ അഴിക്കോടിന്റെ പുസ്തകാനുഭവത്തിനു പാത്രമായ എം. കെ. ഹരികുമാറിന്റെ 'എന്റെ മാനിഫെ​‍േസ്റ്റോ', അക്കാരണംകൊണ്ടുതന്നെ, നമ്മുടെ കാലത്ത്‌ എങ്ങനെ പ്രസക്തമാവുന്നുവേന്നുള്ളതിന്റെ തെളിവായി. എഴുത്തുകാരന്‌ സ്വാഭാവികമായും ഉണ്ടാവേണ്ട ദാർശികാവബോധം എങ്ങനെ പ്രസക്തമാവുന്നുവേന്ന്‌ ശ്രീ. അഴിക്കോട്‌ പറയുന്നു.

സന്തോഷ്‌ പാലായുടെ 'കമ്യൂണിസ്റ്റ്‌ പച്ച' എന്ന കവിതാസമാഹരത്തെ അപഗ്രഥിച്ച്‌ ദേശമംഗലം രാമകൃഷ്ണനും, മേലൂർ വാസുദേവന്റെ 'ഒറ്റുകാരന്റെ മൊഴി' യെക്കുറിച്ച്‌ നീലമ്പേരൂർ മധുസൂദനൻ നായരും, സണ്ണി തായങ്കരിയുടെ 'പരേതാത്മാക്കളുടെ നഗരതക്കാഴ്ചകൾ' എന്ന കൃതിയെ ആസ്പദമാക്കി ഡോ. ഷാജി ഷൺമുഖവും എഴുതുന്നു. 'പാട്ടുകളിലെ ഓണം' (ഡോ. ശശിധരൻക്ലാരി), വി. ലി, അഭിലാഷിന്റെ കാർട്ടൂണുകൾ, എം. സി. രാജനാരായണന്റെ സിനിമാപഗ്രഥനം എന്നിവ 'മലയാളസമീക്ഷ'യുടെ ഓണപ്പതിപ്പിൽ കാണാം.


Tuesday, 13 September 2011

വായന






എ. എസ്‌. ഹരിദാസ്‌ 

കഴിഞ്ഞ ലക്കം മലയാളസമീക്ഷയിൽ വന്ന രചനകളെ വിലയിരുത്തുന്നു

വന്ദ്യവയോധികനായ സുകുമാർ അഴീക്കോടിനു വിയോജനക്കുറിപ്പെഴുതാൻ ആരുമല്ല ഈയുള്ളവൻ. എങ്കിലും കുറിപ്പിന്റെ തലക്കെട്ടു കണ്ടപ്പോൾ കരച്ചിൽ വന്നു. 'മനുഷ്യൻ, ഹാ എത്ര മഹത്തായ പദം' എന്നു കേട്ടു വളർന്ന നമുക്കിതു കാണുമ്പോൾ അമ്പരപ്പ് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. മനുഷ്യസമൂഹത്തിന്റെ പ്രതിനിധികളായ ഭരണ വർഗ്ഗത്തേയും മറ്റു 'മുൻനിര'ക്കാരായവരേയും കുറിച്ചാവും ശ്രീ. അഴീക്കോടു പറഞ്ഞതെന്നു സമാധാനിക്കാം. മനുഷ്യനിൽ വിശ്വസിക്കാതെ നാമെങ്ങോട്ടു പോവാൻ?

ഡോ. മൻമോഹൻസിങ്ങ്‌ 1991-ൽ പ്രഖ്യാപിച്ച 'നൂതന സമ്പദ് വ്യവസ്ഥ' (Neo-Economic Policy) ഇന്ത്യയെ എവിടെയെത്തിച്ചുവെന്ന പച്ചപ്പരമാർത്ഥം മറയ്ക്കുന്നതെന്തിന്‌? ഭരണക്കൂടം ഒന്നടങ്കം അഴിമതിയുടെ ചളിക്കുണ്ടിൽ വീഴുന്നത്‌ കേവലം യാദൃച്ഛികമല്ല. മുതലാളിത്തവൽക്കരണത്തിന്റെ സ്വാഭാവികമായ ദുരന്തമാണത്‌. ഇതുകൂടി ശ്രീ. പി. സുജാതൻ 'ഭാവനാശാലികളുടെ ഭാവി ഭാരത'ത്തിൽ പരിഗണിക്കാത്തതെന്ത്‌?

കാലങ്ങളെ താരതമ്യം ചെയ്യുമ്പോൾ അവ പ്രതിനിധീകരിക്കുന്ന ജീവിത വ്യവസ്ഥകളുടെ വ്യതിയാനം പരിഗണിക്കപ്പെടാതെ പോവരുത്ത്‌, ടീയെൻ ജോയ്‌. (രാഷ്ട്രീയ സൗഹൃദം: മിഥ്യയും യഥാർത്ഥ്യവും). രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രഖ്യാപിതലക്ഷ്യം സമൂഹത്തിന്റെ നിലനിൽപ്പും വളർച്ചയും നന്മയുമാണ്‌. ലെനിൻ വിപ്ലവനേതൃത്വം നൽകിയത്‌ ദരിദ്രസമൂഹത്തിന്റെ ദരിതജീവിതത്തിൽനിന്നുള്ള മോചനത്തിനാണ്‌. പക്ഷേ, നമ്മുടെ ചർച്ചകൾ, ലോകം ആര്‌ 'കീഴടക്കി'യിരിക്കുന്നുവെന്ന  വിഷയത്തെ ചുറ്റിപ്പറ്റിയാവുന്നു. ശാസ്ത്രീയ സോഷ്യലിസ്റ്റ്‌ ആശയത്തിന്റെ ആവിർഭാവത്തിനുശേഷമുള്ള ഒന്നര നൂറ്റാണ്ടുകൊണ്ട്‌ സമൂഹത്തിലെ ദരിദ്രരുടെ എണ്ണം പരിമിതപ്പെടുത്താൻ കഴിഞ്ഞതിന്റെ ചിരിത്രം തിരയണം. ജനാധിപത്യത്തിന്റെ ശക്തി വർദ്ധിച്ചതിന്റെ കാരണങ്ങളിലേയ്ക്ക്‌ അന്വേഷിക്കണം. നമ്മുടെ കാലഹരണപ്പെട്ടതും സാമ്പ്രദായികവുമായ രാഷ്ട്രീയ ചർച്ചകളുടെ വിരസതയിൽനിന്നുള്ള മോചനത്തിന്‌ അത്‌ സഹായിക്കും.


ശ്രീ ശ്രീ രവിശങ്കറിന്റെ വാക്കുകളെ എസ്‌. സുജാതൻ മലയാളികൾക്കു പരിചയപ്പെടുത്തിയതു നന്നായി. വാക്കുകൾക്കപ്പുറമുള്ള ലോകത്തെയും. ചുരുങ്ങിയത്‌ തന്റെ ചുറ്റുപാടുകളെയെങ്കിലും തിരിച്ചറിയാൻ അതു സഹായിക്കും. പക്ഷേ, ഇത്‌ ഒരു തത്വചിന്താപരമായ നിർദ്ദേശം  എന്ന നിലയിൽ കാണണം. വാക്കുകൾക്ക്‌ പൂർണ്ണ ജീവിതത്തെ നിർവ്വഹിക്കാനുള്ള ശേഷിയില്ലെന്നു തിരിച്ചറിയുന്നതുപോലെ. ചില പദങ്ങളെടുത്തു നിർവ്വഹിക്കുന്നതിനും ശേഷിക്കുറവുണ്ട്‌. പ്രത്യയശാസ്ത്രങ്ങൾ ചില നിർദ്ദേശങ്ങൾ മാത്രമാണെന്നു മനസ്സിലാക്കിയാലേ അറിവിനപ്പുറമുള്ള 'തിരിച്ചറിവിൽ' നാം എത്തിച്ചേരുന്നുള്ളൂ.

കേരളത്തിലെ 'പക്ഷ'ങ്ങൾക്കുള്ള മുഖ്യമായ ദൗർബ്ബല്യം അവയെ തീവ്രമാക്കുന്നുവെന്നതാണ്‌ (ശ്രീ ദിനേശൻ കപ്രശ്ശേരി). ഇതൊക്കെയും പ്രത്യയശാസ്ത്രങ്ങളുടെ കാര്യത്തിലെന്നപോലെ, നിർദ്ദേശങ്ങളായേ കാണാവൂ. അല്ലാത്തപക്ഷം ജനങ്ങൾ ഏതെങ്കിലും പക്ഷത്തിന്റെ പ്രചാരകന്മാരാകുന്നതും, അതിനുള്ള കടുംപിടുത്തം തുടരുന്നതും കാണേണ്ടിവരും. ഇത്‌ അപകടകരവുമാണ്‌!

കവിതകൾ സ്വാസ്ഥ്യം പകരുന്ന അനുഭവങ്ങൾ:
ജീവിതത്തിലെ ചൊറിയൊരനുഭവ ചെറുകഥയ്ക്കു പ്രമേയമാവും. അതേ അനുഭവം കവിതയെ ഉണർത്തി വിടുന്നുവേങ്കിൽ, ജീവിതത്തിന്റെ തത്വശാസ്ത്രം കരുപ്പിടിപ്പിക്കാനുള്ള സാധ്യതയായി അതു മാറുന്നു. 'വീണപൂവവിലൂടെ കുമാരനാശാൻ ദ്യോതിപ്പിച്ചതു, സമഗ്രമായ ഒരു ദർശനത്തെയാണ്‌. അതുപോലെ, 'മലയാള സമീക്ഷ'യിലെ കവിതകൾ ഒന്നടങ്കം, അനുഭവങ്ങളോടു നിലപാടു കൈക്കൊള്ളാനുള്ള  ആശയങ്ങളിലേയ്ക്ക്‌ നമ്മെ കൈപിടിച്ചുയർത്താൻ ഉതകുന്നവയായി കാണുന്നു. മലയാള കവിതയുടെ ഭാവിയിൽ ആശങ്ക വേണ്ടെന്നു തന്നെയാണ്‌ അവയുടെ സന്ദേശം!
നേരിട്ടുള്ള സാമൂഹ്യവിമർശനം എഴുത്തുകാർ ഉപേക്ഷിച്ചിട്ടില്ലെന്നു വിളിച്ചോതുന്നു, ശ്രീ. ചെമ്മനം ചാക്കോയുടെ കവിത.


'നാളെയുടെ പാട്ടു ഞാൻ പാടിയില്ലേ തരൂ
 നാണയമിതാണെന്റെ സ്വാതന്ത്ര്യഗായകൻ..'
എന്ന ശ്രീ. അയ്യപ്പപ്പണിക്കരുടെ കവിതാശകലം കാതിൽ മുളങ്ങുന്ന കാലത്ത്‌ ശ്രീ പത്മനാഭനെ ചുറ്റിപറ്റിയുള്ള നിധിവേട്ടക്കാർ നേരിട്ടു വിമർശിക്കപ്പെടുന്നത്‌ 'തീയിൽ കുരുന്ന' കവിയിൽ നിന്നേ പ്രതീക്ഷിക്കാനാവൂ.

നാം ജീവിക്കുന്ന കാലത്തിന്റെ വികാരശൂന്യതയെ കവിതയാക്കിയ ഒ.എൻ.വി. മലയാളി പെൺകൊടികൾ സ്വയം രക്ഷിക്കാൻ തയ്യാറെടുക്കുന്നതിനു പ്രേരിപ്പിക്കുന്നു.
പ്രഭാതസൂര്യനോടൊപ്പമെത്തി, കാതിലൂടെ മനസ്സിൽ കുടിയേറുന്ന മനോജ്ഞമായ കാവ്യശകലത്തെ പകൽ മുഴുവൻ കുടിപാർക്കാൻ ഇടയാക്കുന്നതുപോലെ, ഒരു കവിത - ഏഴാച്ചേരിയുടെ 'താളം'. അസൂയാർഹമായ ഭാവനാശേഷിയോടെ പ്രകൃതിയുടെ താളം വരികളിൽ പകർത്തുന്നു, കവി.
തത്വചിന്തയെ കവിതയിലാക്കുന്ന അപൂർവ്വസിദ്ധിയുടെ ഉടമയാണു പഴവിള രമേശൻ. കവി തന്നോടൊന്നപോലെ ചൊല്ലുന്ന വരികളിൽ ഒരു പ്രതിഭയുടെ താളം ശ്രവിക്കാൻ വിഷമമില്ല.
വൃത്തവും ആന്തരികതാളവുമില്ലാത്ത 'വല്ലാത്ത മാമ്പഴക്കാലം' (പായിപ്ര രാധാകൃഷ്ണൻ) അനുവാചകരെ വളരെയേറെ വേദനിപ്പിക്കുന്നവേന്നു പറയാൻ ഏറെ വിഷമം, ക്ഷമിക്കുക. എറിഞ്ഞ കല്ലിനും എരിഞ്ഞ കണ്ണിനുമൊക്കെ എന്തോ പറയാനുള്ളതു കേട്ടറിഞ്ഞ കവി (അസ്ത്രങ്ങൾ കുഴിച്ചിട്ടവർ: പി. കെ. ഗോപി). അചേതനമെന്നു നാം വിചാരിക്കുന്നവയ്ക്കും ചേതനയുണ്ടെന്ന്‌ സി. രാധാകൃഷ്ണൻ പറയാറുണ്ട്‌. ഇതേ സന്ദേശമാണ്‌, മറ്റൊരു ദിശയിലൂടെ കവി അനുവാചകനു നൽകുന്നത്‌. ഭാവനസിദ്ധിയുടെ വലിയൊരു പ്രകടമാണിത്‌.


സാർത്ഥകമായ കാവ്യ യാത്ര നടത്തുന്ന ചവറ കെ. എസ്‌. പിള്ളയും, കവിതയുടെ ഇനിയും വെളിപ്പെടാത്ത സാധ്യതകളിലേയ്ക്കു കാൽവയ്ക്കുന്ന എൻ.ജി. ഉണ്ണികൃഷ്ണനും (ഉത്സവം), പിന്നെയും പിന്നെയും ചിന്തകൾ വാർക്കുന്ന ചാത്തന്നൂർ മോഹനും (ജലസമാധി) 'മലയാള സമീക്ഷ'യുടെ താളുകളെ സമ്പന്നമാക്കുന്നു.

സാഹിത്യലോകത്ത്‌ ഋഷിതുല്യമായി തപം ചെയ്യുന്ന ദേഹമത്രെ, ശ്രീ. നൂറനാടു മോഹൻ. സാമൂഹ്യ വിമർശനത്തിന്‌ പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും, പുതുമ കൈവിടാതെ ദുരാചാരങ്ങളെ വിമർശിക്കുന്നു. 'തീണ്ടാരി' കവിത, ഭൂമിയുടെ 'ഉടലടയാളം' തേടുന്ന 'മഹർഷി'യും. കവിതയുടെ പുതുസാധ്യതകൾ ഗവേഷണം ചെയ്യുന്ന മഞ്ഞപ്ര ഉണ്ണികൃഷ്ണനും (ജെ.സി.ബി. മണ്ണു മാറ്റുമ്പോൾ), ആനുകാലിക സമൂഹത്തിന്റെ വ്യവഹാരങ്ങളുടെ ഭീതിദമായ ഭാവിയെക്കുറിച്ച്‌ ആശങ്കപ്പെടുന്നത്‌ അർത്ഥവത്തായി.

കാവിൽ നടരാജന്റെ 'പുലംപാട്ട്‌' താളാത്മകവും, മനോഹരവുമായ കവിതയാണെന്നു പറയാതെ വയ്യ. നേരം പലർക്കും പല അനുഭവമാണ്‌. തൊഴിൽ ചെയ്യുന്നവനു നേരം പോര. തൊഴിലില്ലാത്തവർക്ക്‌ നേരം പോകുന്നില്ല. രണ്ടനുഭവങ്ങളും ഉൽകൊള്ളുന്ന കാവ്യമത്രെ, ഡോ. കെ. ജി. ബാലകൃഷ്ണന്റെ 'വന്നുംപോയും നേരം'! കൃഷ്ണദാസ്‌ മാത്തൂരിന്റേയും കണിമോളുടേയും ഹ്രസ്വകവികകൾ ശ്രദ്ധേയം. കാവ്യശരീരം തന്നെ പ്രസന്നമത്രെ. നമ്മെ നോക്കി പുഞ്ചിരി പൊഴിക്കുന്ന വരികൾ.

മഹാബലി കേരളം വാണിരുന്ന നാൾ എന്നോ കഴിഞ്ഞുപോയി. ഓണത്തിന്‌ അതിന്റെ സ്മരണകൾ ഇരമ്പുന്ന കാലവും കഴിഞ്ഞുപോയോ? ജൈവമായ ഓണം യാന്ത്രികതയ്ക്കായി വഴി മാറിയിരിക്കുന്നു. ചിങ്ങമാസത്തിൽ ഇപ്പോൾ കേരളീയർ ഓർക്കുന്നത്‌ മഹാബലിയുടെ കാലമോ, ഓണത്തിന്റെ തന്നെ സ്മരണകളോ? മഹാബലിയുടെ കാലത്തിനു മേൽ ഒരു പുതപ്പായി ഓണവും പാതാളത്തിലേയ്ക്കു താഴ്ത്തപ്പെട്ടുവോ! ഗീതാരാജവന്റെ ഓണകാഴ്ച ഗംഭീരം! നഷ്ടവസന്തത്തിന്റെ ഓർമ്മകളെ പുതിയ പദങ്ങളുടെ മാധ്യമത്തിലൂടെ ഓർമ്മകളെ പുതിയ പദങ്ങളുടെ മാധ്യമത്തിലൂടെ അവതരിപ്പിക്കുന്ന നവീനതയവകാശപ്പെടാവുന്ന കാവ്യമത്രെ. മണർകാട്‌ ശശികുമാറിന്റെ 'മിസ്കോൾ'. മഴയുടെ വ്യത്യസ്തഭാവങ്ങൾ ദ്യോതിപ്പിക്കുന്ന ഡോ. എൻ. കെ. ശശീന്ദ്രന്റെ 'മഴ' നന്നായി. കെ. എസ്‌. ചാർവ്വാകന്റെ കവിത ണല്ലോരു ശാസംസ്കാരിക വിമർശനമാണ്‌. പക്ഷേ, സതീഷ്‌ ചേലാട്ട്‌ 'ജ്ഞാന വിവേക'ത്തെ ആ പദത്തിന്റെ ഗംഭീരമായ അർത്ഥതലങ്ങൾ സ്പർശിച്ചില്ല. എത്രയോ ആഴങ്ങളിലേയ്ക്ക്‌ ചിന്തയെ ആനയിക്കാൻ ശേഷിയുള്ളതാണ്‌ കവി തെരഞ്ഞെടുത്ത പദം. പക്ഷേ പരാമർശം ഉപരിതലസ്പർശിയായിപ്പോയി.


ഉമ്മാവിന്റെ 'സമ്മാനനവും വി. ആർ. കൃഷ്ണന്റെ ഹ്രസ്വകവിതയും താരതമ്യം ചെയ്യുമ്പോൾ, ആദ്യത്തേത്‌ കൊടുക്കേണ്ട സമ്മാനം തന്നെ! പക്ഷേ, പൊങ്കാല മൂർച്ചയില്ലാതെ പോയി. മലയാളസമീക്ഷയുടെ ഓണപ്പതിപ്പ്‌ പ്രണയശൂന്യമോ എന്നാശങ്കപ്പെട്ടിരിക്കെയാണ്‌ സോണി പുല്ലാട്ടിന്റെ കാവ്യം കണ്ടത്‌. മനുഷ്യസംസ്കാരത്തെ പുഷ്ടിപ്പെടുത്തുന്ന പ്രണയം ചരിത്രത്തിലുടനീളമുള്ളത്‌ കാണുകയും നമ്മുടെ കാലത്തേയും അത്‌ പുഷ്കലമാക്കുകയും വേണം. അഭിനന്ദനങ്ങൾ.


'പ്രഹേളികകയുടെ വ്യത്യസ്ത മുഖങ്ങളിലേയ്ക്ക്‌ കവി ശ്രദ്ധ കൊടുക്കണം - കൂടുതൽ നല്ല കവിതകൾക്ക്‌ സാധ്യതയുണ്ട്‌. കവിതയ്ക്ക്‌ ഇതര സാഹിത്യശാഖകളേക്കാൾ തത്വചിന്തയെ ദ്യോതിപ്പിക്കാൻ കഴിയുമെന്ന നിരീക്ഷണത്തിലേയ്ക്കു നയിച്ചതു സതീശൻ എടക്കുഴിയുടെ 'ദക്ഷിണായനം' വായിത്തപ്പോഴാണ്‌. മനോഹരവും ഘനഗംഭീരവുമായ കാവ്യം തന്നെയത്‌.
വിനോദ്‌ വൈശാലിയുടെ ഏഴുവരി കവിതയും പ്രഫുല്ലൻ  തൃപ്പൂണിത്തുറയുടെ 'പ്രാർത്ഥനനയും പരാമർശിക്കാൻ യോഗ്യം തന്നെ. ത്രേസ്യാമ്മ തോമസ്‌ തന്റെ കൃതിയിലൂടെ (ആനന്ദധാര) പ്രകൃതിയുടെ സംഗീതം വായനക്കാരെ കേൾപ്പിക്കുന്നു.


'മഴ പറഞ്ഞതത്‌', 'ഏപ്രിൽ'. 'പുഴു' എന്നിവ പ്രകൃതിയിൽ കവിതയ്ക്കായി കാത്തിരിക്കുന്ന പ്രതിഭാസങ്ങളുടെ വൈവിധ്യത്തിലേയ്ക്കു വിരൽ ചൂണ്ടുന്നു. ഈ ലോകം മുഴുവൻ കവിയുടെ സ്പർശനത്തിനായി കൊതിക്കുന്നപോലെ. പ്രകൃതിയെ മുഖ്യമായി പരാമർശിക്കുന്ന നോസ്റ്റാൾജിക്‌ കവിതയത്രെ റെജൂ കടവൂരിന്റെ 'മറഞ്ഞു പോയത്‌'.


മനുഷ്യ കൽപനകളിൽ ഒട്ടേറെ വിശ്വാസങ്ങൾ അടങ്ങിയിട്ടുണ്ട്‌. ചോദ്യം ചെയ്തു കൂടാത്തവയാണവ. 'എന്തേ അങ്ങനെ'യെന്ന്‌ കുതൂഹലം കൊണ്ടെങ്കിലും ചോദിച്ചാൽ, 'അതങ്ങനെയാണ്‌' എന്നാണുത്തരം. അങ്ങനെ വിശ്വസിക്കുന്നതുകൊണ്ട്‌ സമൂഹത്തിനെന്തു ഗുണമാണുണ്ടാവുക എന്ന അന്വേഷണം ചെന്നെത്തുന്നത്‌, സെക്കുലർ സമീപനത്തിലാണ്‌. വിശ്വസിക്കുന്നവർക്ക്‌ അതാവാം. എന്നാൽ, മനുഷ്യന്റെ സഹജമായ അന്വേഷണകൗതുകം  കൊണ്ട്‌ സാർത്ഥകമായ പഠനത്തിനു തുനിയുന്നതിന്റെ ഫലമാണ്‌ സുരേഷ്‌ മൂക്കണ്ണൂരിന്റെ 'ശ്രീരംഗനാഥനു മുന്നിൽ' എന്ന  ചിന്താദ്യോതകമായ കാവ്യം.

വരയ്ക്കാതെ വയ്യാത്ത ചിത്രം പോലെയൊരു കൃതിയത്രെ ശ്രീലതാവർമ്മയുടെ എഴുതാതെ പോകാൻ പാടില്ലാത്ത വരികൾ (വൃത്തം - വൃത്താന്തം). ശ്രീജിത്ത്‌ അരിയല്ലൂരിന്റെ രണ്ടു ഹ്രസ്വകവിതകൾ രണ്ടു സന്ദേശങ്ങൾ ഉൾകൊള്ളുന്നു. ഒന്ന്‌ (കെണി) ഒതുങ്ങി ജീവിക്കാനും, അടുത്തത്‌ (ആത്മീയം) 'പരക്ലേശവിവേക'ത്തിനും നിർദ്ദേശങ്ങളാകുന്നു. പ്രേമം എത്രമാത്രം ശക്തിയുള്ളതാണെന്നു പറയുന്ന ശ്രീദേവീനായരുടെ കവിതയും, കവിതയുള്ള വരികൾ ഉൾകൊള്ളുന്ന സജീവ്‌ അയ്മനയുടെ കൃതിയും ഏറെ നന്നായി. ധന്യാദാസ്‌, ഗീത എസ്‌. ആർ., യാമിനി ജേക്കബ്‌, ഇന്ദിരാ ബാലൻ, ഷാജി അമ്പലത്ത്‌ ഇവരുടെ കൃതികളും 'മലയാള സമീക്ഷ'യുടെ താളുകളെ സമ്പന്നമാക്കുന്നു. സാമൂഹ്യവിമർശനം നിർവ്വഹിക്കുന്ന രഘുനന്ദന്റെ കാവ്യം. രാജേഷ്‌ ശിവ ശ്രദ്ധിക്കേണ്ടതുള്ള ഒരു കാര്യം മലയാള ഭാഷയിൽ ദ്രാവിഡ പദങ്ങൾക്കുള്ള പ്രത്യേക സ്വാധീനം സംബന്ധിച്ചാണ്‌. സേതു തന്റെ 'മറുപിറവി' നോവലിനെക്കുറിച്ചു സംസാരിക്കുമ്പോൾ വ്യക്തമാക്കിയതാണിത്‌. അത്തരം പദങ്ങൾ പ്രയോഗിച്ചുകൊണ്ടുള്ള രചനകൾ, നമ്മുടെ മനസ്സിന്റെ ആഴങ്ങളെ സ്പർശിക്കുകയും എപ്പോഴും ഓർമ്മയിൽ സൂക്ഷിക്കുകയും ചെയ്യും.


സജി പി. എസ്‌. ചെട്ടിക്കാടിന്റെ രചന വാക്കുകൾ കവിയുടെ ശക്തിയാവുന്നതെങ്ങനെയെന്നതിനു തെളിവാണ്‌. എൻ. ടി. സുപ്രിയയുടെ കൃതികളും ശ്രദ്ധിപ്പിക്കുന്ന പദവിന്യാസക്കിനുദാഹരണമാണ്‌. സ്മിതയെഴുതിയ 'കൊന്ത' വായനക്കാർ കാത്തിരുന്ന കവിതയായി തോന്നി. തെളിഞ്ഞ കവിത 'നാലുവരിപ്പാത'യിലെ സാമൂഹ്യവിമർശനം (പ്രദീപ്‌ നാമനാട്ടുകര) ശ്രദ്ധേയമാണ്‌. അരുണിമക്കുട്ടിയുടെ 'അനുഭവങ്ങൾ' ഭാവനാത്മകമാണ്‌, അഭിനന്ദനങ്ങൾ.

പരിഭാഷകൾ:
വിപ്ലവത്തെക്കുറിച്ച്‌ ചില ചിന്തകൾ (ഡോ. ഷൺമുഖൻ പുലാപ്പറ്റ), ദൈവം (വേണു വി. ദേശം) ഒക്ടോവിയോപാസ്‌ (ആധിമക്കുമാദിയിൽ) എന്നീ പരിഭാഷകൾ മലയാളഭാഷയ്ക്കുള്ള അടിസ്ഥാന സംഭാവനകളായി കണക്കാക്കണം. പി. കെ. രാമകൃഷ്ണൻ (അഗ്നിഗീതം), ഇന്ദ്രസേന (ശിലാപത്മം), കെ. ആർ. കിഷോർ (വർഷമുകിലുകൾ), ഡോ. ആർ. സുരേഷ്‌ (ഉന്മത്തത്തയുടെ ക്രാഷ്ലാന്റിംഗുകൾ) എന്നീ വായനാനുഭവങ്ങൾ അതതു ഗ്രന്ഥങ്ങളുടെ ഉള്ളറിവു പകരാൻ ഇടയാക്കി.

കഥകൾ:
ജനാർദ്ദനൻ വല്ലത്തേരിയുടെ 'ഉരുക്കുമുഷ്ടി' കഥയേക്കാൾ, ഗദ്യകാവ്യത്തോടടുക്കു നിൽക്കുന്നു. കാരണം, അതിലൊരു സമീപനമുണ്ട്‌. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ വികാരങ്ങളുടെ ആവിഷ്ക്കാരം. ജേക്കബ്‌ നായത്തോടിന്റെ 'പാപമോചനം' ആനുകാലിക കേരളം കാത്തിരുന്ന ഒരു കഥയാണ്‌. പള്ളികൾ കൊട്ടാരസദൃശം വളരുന്ന കാലത്ത്‌, യേശു ചാട്ടവാറുമായി വീണ്ടും വരുന്നത്‌ അകലെ കാണുന്ന കഥാകൃത്ത്‌, ണല്ലോരു വായാനുഭവം നൽകുന്നു.
ആനന്ദി രാമചന്ദ്രന്റെ 'ഒറ്റപ്പെടൽ', സാജൂ പുല്ലന്റെ 'വിൽക്കാനുണ്ട്‌ രത്നം', മുക്താർ ഉദരംപൊയിൽ എഴുതിയ 'ശെയ്കവരുടെ കാലടി' തുടങ്ങിയവ ശ്രദ്ധേയമായി. നിലയ്ക്കലേത്ത്‌ രവീന്ദ്രൻനായർ, സുജിത്‌ ബാലകൃഷ്ണൻ, വി. എച്ച്‌. നിഷാദ്‌, ബൈജൂ വർഗീസ്‌, ജാനകി, ഷഹീറ സമീർ, സണ്ണി തായങ്കരി, മാത്യു നെല്ലിക്കുന്ന്‌, അനിൽകുമാർ സി. പി., എസ്സാർ ശ്രീകുമാർ, ബിജിത്‌, ഷാജഹാൻ നന്മണ്ട എന്നിവരുടെ കഥകളും 'മലയാള സമീക്ഷ'യിലുംട്‌.


അമ്പാട്ട്‌ സുകുമാരൻ നായരുടെ 'ബദരിയിലെ നാലുനാൾ' (യാത്രക്കുറിപ്പ്‌) ഭംഗിയായി. 'വായനയുടെ പുതിയ അക്ഷാംശങ്ങൾ' (വി. എം. വിനയകുമാർ) 'വടക്കൻപാട്ടിലെ സ്ത്രീകൾ' (പ്രശാന്ത്‌ മിത്രൻ) ഇവർ തുടരുന്ന ചിന്തകളുടെ ആവിഷ്കാരം, പുതിയൊരു രചനാമുഖം എന്ന നിലയിൽ ശ്രദ്ധേയമാവുന്നു. പംക്തികൾ (ആരോഗ്യം, മനഃശാസ്ത്രം, സിനിമ, സമൂഹം, ലൈംഗികത, ധ്യാനം, ഓർമ്മ) എന്നിവ വിഷയവൈവിധ്യംകൊണ്ട്‌ ശ്രദ്ധ നേടുന്നു.


Sunday, 14 August 2011

വായന:മലയാളസമീക്ഷ കഴിഞ്ഞ ലക്കം




 എ. എസ്‌. ഹരിദാസ്‌


ജൂലൈ ലക്കം മലയാളസമീക്ഷയിൽ പ്രസിദ്ധീകരിച്ച എല്ലാ രചനകളെയും ശ്രീ എ.എസ്.ഹരിദാസ് വിലയിരുത്തുന്നു

നഗരങ്ങൾ വളർന്നു വരികയും ഗ്രാമങ്ങൾ ചുരുങ്ങി വരികയും ചെയ്യുമ്പോൾ മനുഷ്യസ്നേഹികൾ ഗ്രാമങ്ങളോട്‌ പക്ഷം പിടിക്കും. ക്രിസ്തുവർഷം  നൂറ്റാണ്ടിൽ യൂറോപ്യൻ കുടിയേറ്റക്കാർ അമേരിക്കയിലെത്തുകയും അവിടെയുണ്ടായിരുന്ന റെഡ്‌ ഇൻഡ്യൻ വംശജരെ കാട്ടിലേയ്ക്കോടിക്കുകയും ചെയ്തുവെന്ന്  ചരിത്രം പറയുന്നു.


ഒരു പക്ഷേ, ഗ്രാമീണതയുടെ സൗഭാഗ്യത്തിനേറ്റ ആദ്യത്തെ പരുക്ക്‌ അതായിരിക്കാം. മുതലാളിത്തവൾക്കരണത്തിന്റെയും വർഗ്ഗവൈരുദ്ധ്യത്തിന്റെയും പ്രാഗ്‌രൂപവും അതാവാം.
പി. വത്സലയുടെ കഥ "ഹോം സ്റ്റേ" ഈ ഓർമ്മകളുണർത്തുമ്പോൾ, എന്നും ബലമില്ലാത്തവരുടെ ബലമായ ഒരെഴുത്തുകാരിയെ നമുക്കു കാണാനാവുന്നു. ഒരന്തിമ വിജയത്തിന്റെ രുചിക്കായി കാത്തുകിടക്കുന്ന നമ്മളെ അമ്പരപ്പിക്കുന്ന അനുഭവങ്ങൾ വീണ്ടും വീണ്ടും വേട്ടയാടുന്നു.
ലാഘവത്തോടെ വാർന്നു വീഴുന്ന കഥ ആനുകാലിക ജീവിതസംസ്കാരത്തിന്റെ നേർപകർപ്പാണ്‌.
മലയാളഭാഷയുടെ ക്ലാസിക്കൽ പദവിയെക്കുറിച്ച്‌ പ്രാഗൽഭമതികൾ പങ്കെടുക്കുന്ന ചർച്ച, ഈ വിഷയത്തിലുള്ള ആശയപരമായ ക്ലിഷ്ടതയ്ക്കു പരിഹാരമാവുന്നു. മലയാള ഭാഷയ്ക്കല്ല, സാഹിത്യത്തിനാണു ക്ലാസിക്കൽ പദവി വേണ്ടതെന്ന സുകുമാർ അഴിക്കോടിന്റെ വ്യാഖ്യാനം ഈ വ്യക്തത്ത കൈവരുത്താൻ സഹായിച്ചു. കെ. പി. രാമനുണ്ണിയുടെ വ്യാഖ്യാനവും ഈ വിഷയത്തിലെന്നല്ല, ജീവിതസമീപനത്തിലെ സമഗ്രതയും ഉൾകൊള്ളുന്നു. ഓ.വി. ഉഷയുടേയും, പി. കെ. ഹരികുമാറിന്റേയും അഭിപ്രായങ്ങളും ഏറെ ശ്രദ്ധേയം.


'നാടക ചരിത്രരചനയിലെ ചില കൗതുകങ്ങൾ' എന്ന സാമാന്യം ദീർഘമായ പ്രബന്ധം ഭാഷയുടെ ക്ലിഷ്ടതകൊണ്ട്‌ വീർപ്പുമുട്ടിക്കുന്നു. ഡോ. മഹേഷ്‌ മംഗലാട്ട്‌, അക്കാദമിക ഭാഷയിൽ പറഞ്ഞ കാര്യങ്ങൾ, 'വെബ്ബി'ന്റെ സാങ്കേതിക തകരാറുകൾ മൂലം മുഴുവൻ വായിക്കാനും കഴിയാത്തത്തായി. രൂപകൽപന ചെയ്തവർ ശ്രദ്ധിക്കണം. പ്രബന്ധത്തിന്റെ കാതലിൽ കൗതുകങ്ങളൊന്നും കാണാനും കഴിഞ്ഞില്ല. '60 കളിലെ നിരൂപണത്തെ ഓർമ്മപ്പെടുത്തുന്നതായി അത്‌!
കെ. പി. അപ്പനെക്കുറിച്ചുള്ള ചാത്തന്നൂർ മോഹനന്റെ അനുസ്മരണം, വിസ്തൃതമായ ഒരു പഠനത്തിനുള്ള ആമുഖമായി തോന്നി. വെബ്‌ മാസികയുടെ പരിമിതിയിൽനിന്നുകൊണ്ട്‌, എന്നാൽ കൂടുതൽ വായിക്കാൻ ആഗ്രഹം ജനിപ്പിക്കുന്നു മോഹൻ. അദ്ദേഹം അതിനു തുനിയുമെന്നു പ്രതീക്ഷിക്കട്ടെയോ?


പുസ്തകപരിചയത്തിൽ ടി. പത്മനാഭന്റെ കഥകളെക്കുറിച്ചുള്ള ഡോ. പി. സരസ്വതിയുടെ കൃതിയെ മനോഹരമായ ഭാഷയിൽ ശ്രീ. കെ. പി. മോഹനൻ പരിചയപ്പെടുത്തുന്നു. പരാമർശിക്കപ്പെടുന്ന ഗ്രന്ഥം വായിക്കാൻ ഇത്‌ ആരേയും പ്രേരിപ്പിക്കും.
ശ്രീ. ജോസ്‌ പനച്ചിപ്പുറത്തിന്റെ പുസ്തകപരിചയക്കുറിപ്പ്‌ (കാഴ്ചയുടെ ചാരുതകൾക്കപ്പുറം) സാഹിത്യസംബന്ധിയായ ചില മൗലികച്ചിന്തയിലേയ്ക്കു നയിക്കുന്നതായി. കാഴ്ചകൾ എല്ലാവരും കാണുകയും കുറച്ചുപേർ ആസ്വദിക്കുകയും ചെയ്യുമ്പോൾ, എഴുത്തുകാർ അത്‌ മറ്റുള്ളവരുമായി  പങ്കുവയ്ക്കാനും കാഴ്ചയുടെ അനുഭവങ്ങൾക്ക്‌ വർണ്ണപ്പൊലിമയുടെ ചാരുത നൽകുകയും ചെയ്യുന്നു. ഈ പങ്കുവയ്ക്കലിനിണങ്ങുന്ന, ഉപയോഗ്യമായ ഭാഷ സ്വായത്തമായർക്കേ അതു കഴിയൂ. ചിമിഴിലെ അമൂല്യമായ രത്നത്തെപ്പോലെ, ഏതാനും വാക്കുകളിൽ ലോകത്തെ മുഴുവൻ ഉൾകൊള്ളാൻ കഴിയുന്നവരാരോ, അവർ എഴുത്തുകാർ.


ഭാഷയെ കയ്യിലെടുത്തമ്മാനമാടുന്ന അപൂർവ്വ സുഗഭമായ ശേഷിയുടെ ആവിഷ്കാരമാണ്‌ സന്തോഷ്‌ എച്ചിക്കാനത്തിന്റെ 'കാട്ടെള്ളിന്റെ സുഗന്ധന്ധം. കഥ പറയുന്നയാൾ കഥയെക്കുറിച്ചു പറയുമ്പോൾ കേൾക്കാൻ (വായിക്കാൻ) ഏറെ ഇമ്പം. തെരഞ്ഞെടുത്ത പുസ്തകവും (രാജേന്ദ്രപ്രസാദിന്റെ "മാശാണിണി") ഏറെ ആനുകാലിക പ്രമേയങ്ങൾ തന്നെ കൈകാര്യം ചെയ്യുന്നു.


സാജിത അബ്ദുൾ റഹ്‍മാന്റെ ചിന്ത രവി അനുസ്മരണം, ഒരാരാധികയുടെ കുറിപ്പായിത്തോന്നി. ഇതുപോരാ. സാജിതയുടെ അനുസ്മരണക്കുറിപ്പ്‌ അദ്ദേഹത്തെ വ്യക്തിപരമായി അടുത്തറിയാവുന്നവർക്കു മാത്രമുള്ളതായി തോന്നി. കാലം ഏറെ ആവശ്യപ്പെടുന്ന രവീന്ദ്രന്റെ ആശയങ്ങളിലേയ്ക്ക്‌ ഇറങ്ങി ചെല്ലാനും, അവയെ പരിചയപ്പെടുത്താനും സാജിത ശ്രമിക്കണം.


തടാകം, ഇടവഴി, മിന്നാരം, നഗരം, തീവണ്ടി: ഇവയുടെ സന്ദർഭങ്ങളിൽനിന്നും കവിതയുടെ സാധ്യതകൾ തേടി കണ്ടെത്തിയ കെ. ദിലീപ്കുമാർ, കഴിഞ്ഞുപോയ സ്വച്ഛമായ ബാല്യത്തിന്റെ സ്മരണകൾ അയവിറക്കുന്നു; സ്മരണകൾ സൂക്ഷ്മമായി ഒപ്പിയെടുക്കുന്നു. കേവലം സ്മരണകളല്ല, കാവ്യാത്മകമാണ്‌  ആവിഷ്കാരം. നമുക്കേറെ ഇഷ്ടപ്പെട്ട അനുഭവങ്ങളും വസ്തുതകളും അസാധാരണമായ, അപരിമേയമായ ഒരു തലത്തിൽ കാണുമ്പോൾ, മനസ്സ്‌ സ്വർഗ്ഗതുല്യമായ ഭാവത്തിലേയ്ക്കണയുന്നു. അത്തരം അനുഭവങ്ങൾ ഓർത്തു വയ്ക്കാനും ഇടയ്ക്കൊന്നാസ്വദിക്കാനും ദിലീപിന്റെ കവിതകൾ നമുക്കു കരുതി വയ്ക്കാം. അനുഭവങ്ങളെ കാവ്യമാക്കുന്ന സിദ്ധിയാണല്ലോ കവിയുടെ കൈമുതൽ! അത്‌ വായനക്കാർക്കായി പങ്കുവയ്ക്കുമ്പോൾ നമ്മളും കവി മനസ്സിനൊപ്പം ഉയരുന്നു.


മലയാളത്തിലെ സമാന്തരസിനിമയുടെ ഹ്രസ്വമായ ചരിത്രം പുതിയ സിനിമാസ്വാദകർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്രദമാവും. ഫിലിം സൊസൈറ്റികളുടെ ആദ്യകാല സംഘാടകരെ കണ്ടെത്തി അവരുടെ അനുഭവങ്ങൾ ശേഖരിക്കാൻ കഴിയുമെങ്കിൽ നന്നായിരുന്നു. എം. സി. രാജനാരായണന്‌ അതിനാവട്ടെ എന്നു ആശിക്കാം, ആശംസിക്കാം
.
കവിതകൾ:
വാക്കുകളാൽ അനുവാചകഹൃദയത്തെ പുതിയ വിതാനങ്ങളിലേയ്ക്കുയർത്താൻ ശേഷിയുള്ള ദേശമംഗലം രാമകൃഷ്ണന്‌ അവ (വാക്കുകൾ) എത്ര വേഗത്തിൽ മെരുക്കിക്കൊടുക്കുന്നു! കവിയുടെ തൂലികത്തുമ്പിൽ പിറക്കാൻ കഴിഞ്ഞ വാക്കുകൾ പുണ്യം ചെയ്തവയത്രെ. അതുതന്നെ പി. കെ. ഗോപിയും, എഴുതാതിരിക്കാൻ വയ്യ. മരണം വരിച്ച പിതൃതലമുറയെ മനസ്സിലേയ്ക്കാവഹിക്കുകയും കണ്ണിൽ നീർക്കെട്ടിക്കുകയും ചെയ്ത കവിത. കാവ്യസങ്കേതങ്ങളുടേയും അനുവാചകഹൃദയത്തിന്റേയും ആഴങ്ങളേ സ്പർശിച്ചു അദ്ദേഹം.


ബിന്ദു അനിൽ ആകട്ടെ, സാമാന്യം ദീർഘമായ ജീവിതം മുഴുവൻ ഒരു കവിതയിൽ കെട്ടിയിടാൻ ശ്രമിച്ച്‌ അനുവാചകനെ വേദനിപ്പിക്കുന്നു. ഇത്‌ കവിതയെന്നു പറയുക ദുഃസാധ്യം. എന്നാൽ പി. എ. അനീഷ്‌ ആവട്ടെ, 'കൊച്ചിയിൽനിന്നും കോഴിക്കോട്ടേയ്ക്കെ'ന്ന ചൊല്ലിൽ കവിതയുടെ സാധ്യതകൾ കണ്ടെത്തി. തീർത്തും നീതിമത്തായ കവിത. സനൽ ശശിധരനും അതു സാധിച്ചു. ഇത്തരം നുറുങ്ങു കാര്യങ്ങളിൽ കവിതയും കഥയും കണ്ടെത്തുകയും ആവിഷ്കരിക്കുകയും ചെയ്യുന്നവരാണ്‌ പ്രതിഭാശാലികൾ. കാളിദാസനെ ഗുരു അനുഗ്രഹിച്ചതുപോലെ ("നിന്റെ വാക്കുജ്ജയ്നിയെ കീഴടക്കുന്ന നാൾവരരും).

എം. എൻ. പ്രസന്നകുമാറും, അബ്രാഹം ജോസും വാക്കുകൾ നിരത്തിവച്ച്‌ കവിതയെഴുതാൻ ബുദ്ധിമുട്ടുന്നു. വൃത്തനിബന്ധമായാലും അവ കവിതയാവില്ല. അടുത്തടുത്ത വാക്കുകൾ ഒന്നിൽനിന്ന്‌ മറ്റൊന്നെന്നപോലെ വിടർന്നു വരണം. അതേ കവിതയാവൂ. എം. കെ. സാനു മാസ്റ്ററുടേയും ഡോ. ലീലാവതിയുടേയും പ്രബന്ധങ്ങൾ കാവ്യാസ്വാദനത്വരയെ തൃപ്തിപ്പെടുത്തുന്നതുപോലെ. അവയിൽ കൃതികൾ കവിതയെന്നോ കഥയെന്നോ പ്രബന്ധമെന്നോ വ്യത്യാസം കാണാനാവില്ല.
ശ്രീദേവി നായരും, രാജനന്ദിനിയും, ഇന്ദിരാ ബാലനും ക്ഷണികജീവിതത്തിന്റെ തത്വചിന്തയെ ഓർമ്മിപ്പിക്കുന്ന കവിതകൾ ആവിഷ്കരിക്കുമ്പോൾ, നിറഞ്ഞ മനസ്സിലും ചിന്തയുടെ വേദന നരപ്പിക്കുന്നു.

വി. ജയദേവിന്റെ ഹാസ്യാത്മക കാവ്യവും മേരി ലില്ലിയുടെയും മാത്യു നെല്ലിക്കുന്നിന്റേയും പ്രേമകാവ്യങ്ങളും മലയാള കവിതയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയ്ക്ക്‌ ആശ്വാസമേകുന്നു. ഡോ. കെ. ജി. ബാലകൃഷ്ണന്റെ 'സ്വയം സംസാരം' കാവ്യശൈലിയുടെ പഴകിയ ഗന്ധം വമിപ്പിക്കുന്നു. ക്രൂരനായ ഇറച്ചിവെട്ടുകാരന്റെ പ്രവൃത്തിയിലും കാവ്യം കണ്ടെത്താൻ കഴിയുന്ന കവിതകൾ നമുക്കുള്ളപ്പോൾ, അങ്ങനെയൊരു ശൈലി നിലനിൽക്കുമ്പോൾ, എന്തിന്‌ നാം ഉള്ളിലേയ്ക്കു തിരിയുന്നു? അതും, ഭാവനാശൂന്യമായ അന്തരാളങ്ങളിലേയ്ക്ക്‌?

ബാല്യകാലസ്മരണകളെ കവിതയ്ക്കുപാധിയാക്കിയ സുരേഷ്‌ മൂക്കണ്ണൂർ, കെ. എസ്‌. ചാർവ്വാകനും, ണല്ലോരു ഭാവതലം മനസ്സിലുണർത്തുന്നു. ഹ്രസ്വ കവിതകളാണെങ്കിലും, ടി. ബി. ലാലും സത്താർ ആദൂരും, പി. ഡി. സുദർശനൻ, ഗീതാരാജൻ, മണർകാട്‌ ശശികുമാർ, രാജേഷ്‌ ചിത്തിര, ശ്രധരൻ എൻ. ബല്ല എന്നിവരും നന്നായി എഴുതി. കുറച്ചു സമയം കൂടി കവിതയ്ക്കായി ഇവർ നീക്കിവയ്ക്കുമെങ്കിൽ, "മലയാള സമീക്ഷ" ഇനിയും കാവ്യസമ്പന്നമാവും. സാഹിത്യവൃത്തിയെ തൊഴിലാക്കാനുള്ള മനസ്സുണ്ടെങ്കിൽ നന്നാകുമായിരുന്നു. കാരണം, വാക്കുകൾ ഇവർക്കു വഴങ്ങുന്നു.
സാമൂഹ്യവിമർശനം പ്രമേയമാക്കിയ രണ്ടു കവിതകളാണ്‌ മുയ്യം രാജന്റേതും, ഗിരീഷ്‌ വർമ്മയുടേയും. വി. കെ. സുധാകരന്റെ സ്വാസ്ഥ്യചിന്തയും കാവ്യാത്മകമത്രെ.


കേരളത്തിന്റെ നാളെകളിൽ കവിത പടർന്നു പന്തലിക്കുമെന്നു സന്തോഷിക്കാൻ ഈ പറഞ്ഞ കവികൾ ഇടയാക്കിയിട്ടുണ്ട്‌. കാവ്യമുകളങ്ങൾ അങ്ങിങ്ങു പൊടിക്കുന്നത്‌ ചൂണ്ടിക്കാട്ടാനുള്ള വേദിയായി "മലയാള സമീക്ഷ" വളരുമെന്നു മറ്റൊരു സന്തോഷം; പ്രതീക്ഷ.
കഥകൾ:

സാമൂഹ്യാനുഭവത്തെ കഥയ്ക്കു പ്രമേയമാക്കുന്ന എഴുത്തുകാരനാണ്‌ ജനാർദ്ദനൻ വല്ലത്തേരി. കേരളത്തിന്റെ ആദ്യ തലമുറയിലെ സാമൂഹ്യപ്രവർത്തകരുടേയും, ചിന്തകരുടേയും ഇടയിൽ കാണാവുന്ന മാനസികമായ ധീരത തെളിഞ്ഞു നിൽക്കുന്ന ദേഹം കൂടിയാണ്‌ ശ്രീ. വല്ലത്തേരി. വ്യക്തിപരമായ സംസാരത്തിൽ, ഇഷ്ടമില്ലാത്തത്‌ വെട്ടിത്തുറന്നു പറയും. ഇതേ സ്വാതന്ത്ര്യം തിരിച്ചും പ്രയോജനപ്പെടുത്തി പറയട്ടെ, ഒരു സാമൂഹ്യാനുഭവത്തിന്റെ വിവരണം കഥയാവുന്നില്ല. അതിലൊന്നായിപ്പോയി പരാമൃഷ്ടമായ ചെറുകഥ.


സണ്ണി തായങ്കരിയാവട്ടെ, കഥ കിളിർക്കുവാനുള്ള സാമൂഹ്യാന്തരീക്ഷത്തിന്റെ വിവരണത്തിലൂടെ, ഒരു സ്വാഭാവിക ക്രിയപോലെ പ്രമേയം വാർന്നുവീഴാൻ കഴിയുന്ന സങ്കേതമാണുപയോഗിച്ചതു. വിവരണങ്ങൾക്ക്‌ അൽപം ഒതുക്കമാകാമായിരുന്നു. കഥാരചനയുടെ ഭാഷാശൈലി നേരിട്ടുള്ള സംസാരത്തിന്റേതിൽനിന്നും വ്യത്യസ്തമാവണം. വിവരണമാണെങ്കിലും ഗോപ്യമായി വേണം.
പരിചയ സമ്പന്നനായ ഒരെഴുത്തുകാന്റെ പക്വതയും പാകതയും തെളിയിക്കുന്ന കഥയാണ്‌ ശ്രീ. മുകതാർ ഉദരംപൊയിലിന്റേത്‌. അച്ചടക്കമുള്ള കഥാശൈലി. ഈ കഥയെക്കുറിച്ച്‌ നല്ലതേ പറയാനുള്ളൂ.

എം. കെ. ഖരീമിന്റെ പ്രണയധ്യാനവും, സുധാകരൻ ചന്തവിളയുടെ ലൈംഗികതയെക്കുറിച്ച പ്രബന്ധവും 'മലയാള സമീക്ഷ'യുടെ മാറ്റുകൂട്ടുന്നു. ഭക്തമീരയെപ്പോലെ, കൃഷ്ണന്റെ രാധയെപ്പോലെ, പ്രണയം നമ്മുടെ ജീവിതത്തെ ധവള സമ്പന്നമാക്കുമെന്ന്‌ ഓർമ്മിപ്പിക്കുന്നു, ശ്രീ. ഖരീം. ലൈംഗികതയെക്കുറിച്ചുള്ള സുധാകരന്റെ അഭിപ്രായപ്രകടനങ്ങൾ പലതിനോടും യോജിക്കാനാവില്ലെങ്കിലും അതിനെ ചർച്ചാവിഷയമാക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കേണ്ടതുണ്ട്‌.
സാമൂഹ്യവിമർശനം:

ഈ തലക്കുറിപ്പു കൊടുക്കാവുന്ന ആറു പ്രബന്ധങ്ങളുണ്ട്‌ ആദ്യത്തെ 'മലയാള സമീക്ഷ'യിൽ. ഓരോ പ്രബന്ധവും പ്രത്യേകമെടുത്ത്‌ ചർച്ച ചെയ്യേണ്ടതുണ്ടെങ്കിലും, വലുപ്പം ഭയന്ന്‌, ഇപ്പോൾ അതിനു  മുതിരുന്നില്ല. ജോർജ്ജ്‌ ജോസഫ്‌, സിബി പടിയറ, ജി. ആർ. കവിയൂർ, ടി. എൻ. ജോയ്‌, നന്ദകുമാർ ചെല്ലപ്പനാശാരി, എ.ബി.കെ. മണ്ടായി എന്നിവർ വ്യത്യസ്ത വിഷയങ്ങളാണ്‌ അവരവരുടെ പ്രബന്ധങ്ങൾക്കു വിഷയമാക്കിയിട്ടുള്ളത്‌. എല്ലാം നല്ല നിലവാരമുള്ളവയുമത്രെ. (കാടടച്ചു വെടിവെയ്പല്ല).


Friday, 8 July 2011

വാർത്തയിൽ വരാത്ത വർത്തമാനങ്ങൾ


എ.എസ്‌.ഹരിദാസ്‌ 





സാംസ്കാരികകേരളം അനുഭവിക്കുന്നതും, ഭയാശങ്കകൾ ഉണർത്തുന്നതുമായ വർത്തമാനങ്ങളെക്കുറിച്ച് ശ്രീ.എം.കെ.ഹരികുമാർ (ഗ്രന്ഥലോകം, ജൂൺ 2011) എഴുതിയതിനുള്ള ഒരു പ്രതികരണമാണ്‌ ഈ കുറിപ്പ്‌. മുഖ്യധാരാ മാധ്യമങ്ങളായ ടെലിവിഷനും ഇന്റർനെറ്റും ആണ്‌ അദ്ദേഹം പരാമർശിക്കുന്നത്‌. തീർത്തും നിരാശ തോന്നിക്കുന്ന ആനുകാലിക സാംസ്കാരത്തെ, നിർവ്വികാരമായി, വിമർശനാത്മകമല്ലാതെ എന്നാൽ യാഥാർത്ഥ്യബോധത്തോടെയാണ്‌ അദ്ദേഹം നമുക്കു മുന്നിൽ അവതരിപ്പിക്കുന്നത്‌. 
 പക്ഷേ, മുഖ്യധാരയിൽ ഇടം കിട്ടാത്ത ഒട്ടനവധി സമാന്തര സാംസ്കാരിക പ്രവർത്തനങ്ങൾ അദ്ദേഹം കാണാതെപോയതെന്തേയെന്ന്‌ അത്ഭുതം തോന്നുന്നു. കാരണം, ഹരികുമാർ തന്നെ സമാന്തരമായി പ്രവർത്തിക്കുന്നവരും, അറിയപ്പെടാത്തവരുമായ സാംസ്കാരിക കുതുകികളുടെ ആശാകേന്ദ്രമാണ്‌! സംസ്കാരത്തെ ഗൗരവതരമായ ചർച്ചാ വിഷയമാക്കുന്നവയാണ്‌ അദ്ദേഹത്തിന്റെ തന്നെ രചനകൾ. എന്നിട്ടും താനടങ്ങുന്ന സമാന്തര ചിന്തകരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരാമർശനങ്ങളാണ്‌ അദ്ദേഹത്തിന്റെ ലേഖനത്തിൽ കാണാതെ വന്നത്‌.
 കേരളത്തിലെ രാഷ്ട്രീയ സംസ്കാരത്തിനുപോലും ആരോഗ്യകരമായ മാറ്റങ്ങൾ വരാൻപോകുന്നത്‌ കാണാതെ കക്ഷിരാഷ്ട്രീയത്തെ പൊതുവിൽ അപലപിക്കുമ്പോൾത്തന്നെ, ചില ഘട്ടങ്ങളിലെങ്കിലും ഈ അപചയം ഒഴിവാകുന്ന ഒരു രീതി കേരളരാഷ്ട്രീയത്തിൽ രൂപപ്പെട്ടുവന്നിട്ടുള്ളത്‌ ശ്രദ്ധേയമാണ്‌. രാഷ്ട്രീയാഭിപ്രായവ്യത്യാസം മൗലികവാദമാകാതെ, സാമാന്യം ജനാധിപത്യവൽക്കരിച്ചതു സൂക്ഷ്മനിരീക്ഷണത്തിൽ ബോധ്യപ്പെടും. ഇന്ത്യയുടെ മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന തീവ്രഹിന്ദുത്വവാദ രാഷ്ട്രീയത്തിന്റെ അധികാരാരോഹണം തടയാനായത്, കഴിഞ്ഞ യു.പി.എ സർക്കാരിന്‌ പുറത്തുനിന്നു പിന്തുണ നൽകാൻ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ സന്മനസ്സു കാണിച്ചതുമൂലമാണ്‌. എല്ലാ ജനാധിപത്യപ്രസ്ഥാനങ്ങളുടേയും അതിതീവ്രമായ കക്ഷിബോധത്തിന്‌ കുറെ ഇളവുവന്നത്‌. ജനകീയ പ്രശ്നങ്ങളിൽ ചിലതിലെങ്കിലും കോൺഗ്രസ്സിനും ഇടതുപക്ഷത്തിനും അഭിപ്രായൈക്യമുണ്ടായതുകൊണ്ടാണ്‌ . ഈ പുതിയ യോജിപ്പിന്റെ സംസ്കാരം യു.പി.എയുടെ കഴിഞ്ഞ ഭരണത്തിനുശേഷവും പല പാർട്ടികളുടേയും ഗ്രൗണ്ട്‌ ലവൽ ഘടകങ്ങളിൽ നിലനിൽക്കുന്നുണ്ട്‌! പാർട്ടിയുടെ കേന്ദ്രനേതൃത്വം എടുക്കുന്ന വ്യത്യസ്തനിലപാടുകൾ നിലനിൽക്കുമ്പോൾത്തന്നെ, അവയെ അംഗീകരിച്ചുകൊണ്ട്‌ കീഴ്ഘടകങ്ങൾ അതതുപ്രദേശങ്ങളുടെ സാഹചര്യങ്ങൾക്കനുസൃതമായി കക്ഷിബന്ധങ്ങൾ തുടരുന്നുണ്ട്‌. ഇതൊരു ആശാസ്യമായ തുടക്കമാണ്‌. കക്ഷിയെ നിർത്തേണ്ടിടത്തു നിർത്തി കാര്യങ്ങളിൽ പുരോഗതിയുണ്ടാക്കുകയെന്ന പ്രായോഗിക രാഷ്ട്രീയ സമീപനത്തെ പുരോഗമനപരമായി കാണേണ്ടതുണ്ട്‌. 
 ഈ യോജിപ്പിന്റെ പശ്ചാത്തലം, പൊതുവിൽ രണ്ടുപ്രസ്ഥാനങ്ങളും (കോൺഗ്രസ്സും, ഇടതുപക്ഷവും) ജനാധിപത്യത്തിനു വില കൽപ്പിക്കുന്നവയാണെന്നതാണ്‌. 

ജനാധിപത്യമൂല്യങ്ങളോട്‌ ആദരവില്ലാത്ത സമ്പന്നവർഗ്ഗത്തിന്റെ താൽപ്പര്യസംരക്ഷണത്തിന്‌ കൂട്ടുനിൽക്കാനാവില്ലയെന്നതാണ്‌, പാർട്ടികളെന്ന നിലയിൽ രണ്ടായി നിൽക്കുമ്പോൾത്തന്നെ, പൊതുധാരണയുടെ അടിസ്ഥാനത്തിൽ യോജിപ്പിലെത്താൻ കഴിയുന്നത്‌. 
 ഈ പുതിയ രാഷ്ട്രീയ പശ്ചാത്തലത്തിൽ, കേരളത്തിന്റെയെങ്കിലും സാംസ്കാരികരംഗത്ത്‌ ചില പുത്തൻപ്രവണതകൾക്ക്‌ തുടക്കമായിട്ടുണ്ട്‌. 1970-80 കാലത്തെ പോലെ, സമീപകാലത്തും ഫിലിംസോസൈറ്റി പ്രസ്ഥാനം സജീവമായിത്തുടങ്ങിയിട്ടുണ്ട്‌. സമാന്തരസിനിമകൾ കാണാനും ആസ്വദിക്കാനും യുവതലമുറ ശ്രമിക്കുന്നുണ്ടെന്നതിന്റെ തെളിവാണിത്‌.
 വായനശാലകളുടെ കാര്യത്തിലും ഈ വളർച്ചയ്ക്കു തുടക്കം കുറിച്ചിരുന്നു. കേരളത്തിൽ ഗ്രന്ഥശാലാപ്രസ്ഥാനം സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നതിന്റെ ഫലമാണിത്‌. മലയാള ഭാഷാ സംരക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധേയമായ മാറ്റങ്ങളുള്ളത്‌ അവഗണിക്കാനാവില്ല. സ്കൂൾതലത്തിൽ തന്നെ അധ്യാപകസമൂഹത്തിന്‌ കാര്യങ്ങളുടെപോക്ക്‌ തിരിച്ചറിയാൻ തുടങ്ങിയതുകൊണ്ടാണിത്‌.
 പുതിയകാലത്തിന്റെ ആരോഗ്യകരമായ സാംസ്കാരിക മുന്നേറ്റങ്ങൾക്ക്‌ പഴയതുപോലുള്ള നിറവും  ഭാവവുമല്ല ഉണ്ടാവുകയെന്നത്‌ നാം ഓർക്കേണ്ടതാണ്‌. വളർന്നുകൊണ്ടിരിക്കുന്ന പുത്തൻസാങ്കേതികവിദ്യയിൽനിന്നും സംസ്കാരത്തെ മാത്രമായി അടർത്തിമാറ്റാനാവില്ല. പുതിയ കാലത്തെ പുത്തൻ സാംസ്കാരിക മുന്നേറ്റങ്ങൾക്ക്‌ ജീവിതത്തെ സംബന്ധിച്ച പുതുമയുടെ ഗന്ധം ഉണ്ടാകാതെ വയ്യ. വളർന്നു വരുന്ന തലമുറ തീർത്തും പുതിയ കാലത്തിന്റെ സന്ദേശങ്ങളാണ്‌ മനസ്സിൽ വഹിക്കുക. പലപ്പോഴും സംഭവിക്കുന്നത്‌. ആരോഗ്യകരമായ സംസ്കാരത്തിന്‌ മുമ്പത്തെ അനുഭവങ്ങളുമായുള്ള താരതമ്യത്തെ ആശ്രയിക്കുന്നതാണ്‌. ഭൗതികവളർച്ചയുടെ മുദ്രപതിപ്പിച്ചുകൊണ്ടല്ലാതെ ആനുകാലിക സംസ്കാരത്തെ നിരീക്ഷിക്കാനാവില്ല. പുത്തൻ അധീശശക്തികളുടെ കടന്നുകയറ്റം സംസ്കാരത്തിലൂടെയാണെന്നു നാം  ഭയപ്പെടുമ്പോഴും, അതിലുള്ള ശാസ്ത്രത്തിന്റെ ഘടകം ഗുണകരമായി കാണണം.
 നന്മയെന്നത്‌ ഏകശിലാരൂപമാണെന്ന സങ്കൽപത്തിനാണു തകരാറ്‌. മാനവികതയുടെ പുത്തൻസങ്കേതങ്ങൾ തേടുമ്പോൾ, അത്‌ ചരിത്രത്തിലൂടെ നമ്മോടൊപ്പം നടന്നത്തെങ്ങനെയെന്നന്വേഷിക്കണം. പ്രത്യയശാസ്ത്രങ്ങളെ കാഴ്ചപ്പാടുകളുടെ പേരിൽ തരംതിരിക്കുമെങ്കിലും, എല്ലാ പ്രത്യയശാസ്ത്രനിർമ്മാതാക്കളും മാനവികതയുടെ പക്ഷത്തു നിന്നവരാണെന്ന സത്യം മറക്കരുത്‌.
 വ്യവസായ വിപ്ലവത്തെത്തുടർന്നു രൂപംകൊണ്ട മാർക്ക്സിയൻ തത്വചിന്തകൾ ഇപ്പോൾ കടപുഴകിയെന്ന്‌ ചിലർ കരുതുമെങ്കിലും, സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ, മാർക്ക്സിസം പുനർവായിക്കപ്പെടുന്നത്‌ അർത്ഥവത്താണ്‌. കൂലി കൂടുതൽ ചോദിക്കുന്ന തൊഴിലാളികൾ സാമൂഹ്യവിരുദ്ധതയുടെപോലും നിറക്കൂട്ടുകളിൽ വരയ്ക്കപ്പെടുമെങ്കിലും ചരിത്രപരമായി ആ വർഗ്ഗം നേടിയെടുത്ത സാമൂഹ്യപദവി അംഗീകരിക്കപ്പെടാതെ വയ്യ. കാൾമാക്സിനുശേഷം (1884) കാലം ഒന്നേകാൽ നൂറ്റാണ്ട്‌ മുന്നേറിയിരിക്കുന്നു. ഇക്കാലത്തിനുള്ളിൽ എത്ര രാജ്യങ്ങളിൽ കമ്യൂണിസ്റ്റ്‌ പാർട്ടി അധികാരത്തിലുണ്ട്‌ എന്ന കണക്കെടുക്കുകയല്ല, പുരോഗമനത്തിന്റെ മാനദണ്ഡം, ലോകത്ത്‌ നിസ്വവർഗ്ഗത്തിന്‌ ഇക്കാലയളവിൽ അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ കഴിഞ്ഞതെത്രത്തോളം എന്നതാവണം മാനദണ്ഡം. കാരണം, മാർക്ക്സിസം ആ വർഗ്ഗത്തിന്റെ മോചനപ്രത്യയശാസ്ത്രമാണെന്നതുതന്നെ!
 ലോകത്തുനിന്ന്‌ ദാരിദ്ര്യം തുടച്ചുനീക്കിയിട്ടില്ല. തൊഴിലില്ലായ്മ രൂക്ഷമാണ്‌. ഭരണകൂടത്തിന്റെ, ജനങ്ങൾക്കുമേലുള്ള കടന്നാക്രമണമുണ്ട്‌-ഇവ നിലനിൽക്കുന്നുവേങ്കിലും, ആ വസ്തുതകൾക്കു നടുവിൽത്തന്നെയാണ്‌, ഇച്ഛാശക്തിയോടെ, സംഘടിപ്പിക്കുന്ന ആർക്കും നീതികൊടുക്കേണ്ടതാണെന്ന പക്ഷത്തേയ്ക്കുള്ള സാമൂഹ്യചിന്തകരുടെ മാറ്റം. ലോകത്ത്‌ വിവിധരാജ്യങ്ങളിലെ ഭരണകൂടങ്ങൾ കമ്യൂണിസ്റ്റ്‌ പാർട്ടികളുടേതല്ലെങ്കിലും മാർക്ക്സിസത്തിന്റേയും, മുക്കാൽ നൂറ്റാണ്ട്‌ നിലനിന്ന സോവിയറ്റ്‌ യൂണിയന്റേയും ഭരണസമീപനത്തിന്റേയും സന്ദേശം, ആ നിലപാടുകൾ, ഭരണകൂടങ്ങളെ സ്വാധീനിക്കുന്നത്‌ ഇപ്പോഴും തുടരുന്നുണ്ട്‌. ജനാധിപത്യപ്രസ്ഥാനങ്ങൾക്കകത്ത്‌, കമ്യൂണിസ്റ്റ്‌ പാർട്ടികൾ എടുത്ത നിലപാടുകളുടെ സ്വാധീനത്തിന്റെ ഫലമായാണ്‌ തീർത്തും ജനവിരുദ്ധമല്ലാത്ത നയസമീപനങ്ങൾ കൈക്കൊള്ളാൻ അവർ നിർബ്ബന്ധിതരാവുന്നത്‌.
 ഈ പൊതുവായ രാഷ്ട്രീയസാഹചര്യമാവണം യു.പി.എ ഭരണത്തിന്‌ ഇടതുപക്ഷ പിന്തുണ നൽകിയ ഇന്ത്യയുടെ രാഷ്ട്രീയസംസ്കാരത്തിനിടയാക്കിയത്‌. ഇതേ പശ്ചാത്തലത്തിൽത്തന്നെയാണ്‌ പുരോഗമനപരമായി ചിന്തിക്കുന്ന ഒട്ടനവധി ആളുകൾ സാംസ്കാരിക പ്രവർത്തനരംഗത്ത്‌ സാർത്ഥകമായ ഇടപെടലിനു തയ്യാറായി മുന്നോട്ടുവന്നിട്ടുള്ളത്‌. ഈ വസ്തുത തിരിച്ചറിഞ്ഞില്ലെന്ന കുറവ്‌ ഇവിടെ പ്രതിപാദിച്ച ശ്രീ.എം.കെ.ഹരികുമാറിന്റെ ലേഖനത്തിനുള്ളത്‌ ഖേദകരമാണ്‌.