Showing posts with label M C RAJANARAYANAN. Show all posts
Showing posts with label M C RAJANARAYANAN. Show all posts

Tuesday, 13 September 2011

പ്രേമവും വിവാഹവും തന്നെ അന്നും ഇന്നും

 


എം.സി.രാജനാരായണൻ


ഹിന്ദി സിനിമാ രംഗത്ത്‌ തൃമൂർത്തികൾ (ദിലീപ്കുമാർ, രാജ്കപൂർ, ദേവാനണ്ട്‌) നിറഞ്ഞു നിന്ന കാലത്തും പിന്നീട്‌ മൾട്ടിസ്റ്റാർ സിനിമകൾ അരങ്ങു ഭരിച്ച കാലത്തും (ഷോലെ, അമർ അക്ബർ ആന്റണി) പ്രധാനപ്രമേയം പ്രേമവും വിവാഹവും അനന്തരഫലങ്ങളും പാർശ്വഫലങ്ങളും ഒക്കെയായിരുന്നതുപോലെ പുതിയ കാലത്തെ സിനിമയും ഇതിൽ നിന്ന്‌ വിമുക്തമല്ലെന്നു കാണാം. അമീർഖാനെപോലുള്ള അപൂർവ്വം അഭിനേതാസംവിധായക പ്രതിഭകൾ മാത്രമാണ്‌ വേറിട്ടവഴികളിലൂടെ സഞ്ചരിക്കുവാൻ യത്നിക്കുന്നത്‌. അമീർഖാൻ അഭിനയിച്ച ലഗാൻ മംഗൾ പാണ്ഡെ, രംഗ്‌ ദെ ബസന്ത്‌, സംവിധാനം ചെയ്തത്താരെ സമീൻപർ എന്നിവ വ്യത്യസ്തത്ത പുലർത്തിയ രചനകളാണ്‌ അദ്ദേഹം നിർമ്മിച്ച്‌ മരുമകൻ ഇമ്രാൻഖാൻ അഭിനയിച്ച 'ജാനെതുയാജാനെയ' ഒരു ന്യൂജനറേഷൻ സിനിമയുടെ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തു. 
പുതിയകാലത്തെ പ്രണയവും ജീവിതവും അത്‌ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നു. എന്നാൽ സബ്ബിർഖാൻ സംവിധാനം ചെയ്ത സജിദ്നാഡിയവാല നിർമ്മിച്ച 'കംബ്ബക്ക്ത്ത്‌ ഇഷ്ക്ക്‌' ഹിന്ദി സിനിമയെ പല കാതങ്ങൾ പുറകോട്ട്‌ നയിക്കുന്ന പടമാണ്‌. അക്ഷയ്കുമാർ കരീന കപൂർ ജോഡി പ്രധാനഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പടത്തിന്‌ യാതൊരു ലോജിക്കുമില്ലാത്ത തിരക്കഥയാണ്‌ പ്രധാന വിനയാകുന്നത്‌.



ഹിന്ദി സിനിമാരംഗത്തെ പഴക്കവും തഴക്കവും ചെന്ന നിർമ്മാതാക്കളാണ്‌ നാസിയവാലാ ഗ്രൂപ്പ്‌ (ഇപ്പോൾ ഗ്രാൻഡ്സണിൽ എത്തി നിൽക്കുന്നു) കരീനാ കപൂറിനുമുമ്പ്‌ പാരമ്പര്യം (രാജ്കപൂറിന്റെ പൗത്രി) അക്ഷയ്കുമാർ മാത്രമാണ്‌ ബുദ്ധിമുട്ടി, വൈതരണികൾ പിന്നിട്ട്‌ നായകസ്ഥാനത്തെത്തിയ നടൻ. ഒരു സംവിധായകന്‌ ആവശ്യം വേണ്ട പ്രാഥമിക കാര്യങ്ങളാണ്‌ യുക്തിയും യാഥാർത്ഥ്യബോധവും. സബ്ബീർ ഖാൻ ഇതു രണ്ടും തരിമ്പുമില്ലെന്ന്‌ 'കമ്പക്ക്ത്ത്‌ ഇഷ്ക്ക്‌' തെളിയിക്കുന്നു. പഴയ വീഞ്ഞ്‌ പുതിയ കുപ്പിയിൽ എന്നുപോലും പറയാനാവാത്ത നിലയിൽ പഴയൊരു പ്രമേയത്തിന്റെ പഴഞ്ചൻ അവതരണമാണ്‌ പുതിയകാല ചിത്രമെന്ന വ്യാജലേബലിൽ ഇറക്കിയിരിക്കുന്നത്‌.

പോയകാലത്തും ഇക്കാലത്തും സിനിമയുടെ പ്രധാന പ്രമേയം പ്രേമവും വിവാഹവുമൊക്കെ തന്നെയെങ്കിലും അവതരണത്തിലെ പുതുമകൊണ്ട്‌ ഇത്‌ ഹൃദ്യമാക്കുവാൻ കഴിയുമെന്ന്‌ വിസ്മരിക്കുകയാണ്‌ സബ്ബിർഖാനെപോലുള്ള സംവിധായകർ. ഫ്രാങ്ക്‌ കാപ്ര സംവിധാനം ചെയ്ത അമേരിക്കൻ ക്ലാസിക്ക്‌ 'ഇറ്റ്‌ ഹാപ്പൻഡ്‌ വൺ നൈറ്റ്‌' പറഞ്ഞ പ്രേമത്തിന്റെയും ഒളിച്ചോട്ടത്തിന്റെ കഥക്ക്‌ ലോകസിനിമയിൽ ആയിരമായിരം ആവർത്തനങ്ങൾ ഉണ്ടായിട്ടും ഇന്നും അനുകരണങ്ങൾ തുടരുകതന്നെയാണ്‌. അതേ സമയം പ്രണയം അതിമനോഹരമായി, ചേതോഹരമായി ആവിഷ്ക്കരിക്കാനാകുമെന്നതിന്‌ലോകസിനിമയിൽതന്നെ അന്നും ഇന്നും നിരവധി രചനകൾ കണ്ടെത്താനാകും. ചൈനീസ്‌ സംവിധായകൻ ജാങ്ങ്‌ യി മൗ ഒരുക്കിയ 'ദി റോസ്‌ ഹോം' എന്ന ചിത്രത്തിൽ ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപകനായി ഗ്രാമത്തിലെത്തുന്ന യുവാവിനോട്‌ ഗ്രാമീണ യുവതിക്ക്‌ തോന്നുന്ന പ്രണയം വിവാഹത്തിൽ കലാശിച്ച്‌ അവർ ജീവിക്കുന്ന സാഫല്യത്തിന്റെ ജീവിതസ്മരണകൾ അവിസ്മരണീയവും അവാച്യവുമാണ്‌.


ഇത്തരം ചിത്രങ്ങളെക്കുറിച്ച്‌ സബ്ബിർ ഖാൻ കേട്ട്‌ കേൾവിപോലുമില്ലെന്ന്‌ 'കബ്ബക്ക്ത്ത്‌ ഇഷ്ക്ക്‌' കാണുമ്പോൾ മനസ്സിലാകും. രണ്ട്‌ ജോഡികളാണ്‌ പടത്തിലുള്ളത്‌ ഒരു സീനിയർ ജോഡിയും ഒരു ജൂനിയർ ജോഡിയും. ജൂനിയർ ജോഡികൾ വിവാഹിതരാകുന്ന പള്ളിയിലെത്തി വാദപ്രതിവാദങ്ങൾ നടത്തുന്ന സീനിയേഴ്സ്‌ (അക്ഷയ്കുമാർ, കരീനകപൂർ) തുടക്കം തന്നെ അസഹ്യമാകുന്നു. കരീനയുടെ വായടപ്പിക്കാൻ അക്ഷയ്‌ ഒരു ദീർഘചുംബനം നടത്തുന്നത്‌ ഹിന്ദി സിനിമയിലെ പുതിയ കാല കാഴ്ചയെന്നു പറയാം. (പണ്ട്‌ ചുണ്ടുകൾ തമ്മിലടുക്കുകയല്ലാതെയും ചുംബനം നടക്കാറില്ലല്ലോ) കുറേക്കാലമായി ഈ അവസ്ഥക്ക്‌ മാറ്റം വന്നത്‌ അക്ഷയ്കരീനമാർ ആഘോഷിക്കുകയാണ്‌. കാണികൾക്ക്‌ യാതൊരു ചലനവും സംഭവിക്കുന്നില്ലെങ്കിലും അത്‌ പ്രായദോഷം തന്നെ. സ്റ്റുഡിയോവിൽ ഡ്യൂപ്പായി നായക നടന്മാർക്കുവേണ്ടി സാഹസകൃത്യത്തിലേർപ്പെടുന്ന അക്ഷയ്‌ കഥാപാത്രത്തിന്റെ വികാസം മുരടിപ്പിച്ച്‌ പ്രേമത്തിലേക്ക്‌ വഴിതിരിച്ചു വിടുകയാണ്‌ സംവിധായകൻ.


ഹൗസ്‌ സർജൻസി പൂർത്തിയാക്കി ഡോക്ടറായി പുറത്തുവരാൻ തയ്യാറെടുക്കുന്ന കരീനയാകട്ടെ കടുത്ത പ്രേമവിരോധിയും. കരീന നടത്തുന്ന പ്രഥമ ഓപ്പറേഷൻ അക്ഷയിന്റെ ദേഹത്തു തന്നെയാകണമല്ലോ. ഗിഫ്റ്റ്‌ കിട്ടിയ വാച്ച്‌ വയറ്റിലിട്ട്‌ തുന്നികൂട്ടിയാണ്‌ ഓപ്പറേഷൻ അവസാനിപ്പിക്കുന്നത്‌. പിന്നെ ചലിക്കുന്ന, പാട്ടുപാടുന്ന വാച്ചും വയറ്റിലിട്ടാണ്‌ അക്ഷയ്‌ ആശാന്റെ ജീവിതം! അവസാനം കരീനതന്നെ വീണ്ടുമൊരു ഓപ്പറേഷൻ നടത്തി വാച്ച്‌ പുറത്തെടുക്കുന്നതോടെ പ്രണയവും പൂത്തുലയുന്നു.

യുക്തിരാഹിത്യത്തിന്റെ എല്ലാ പരിധികളും ലംഘിച്ച്‌ കാണികളെ നോക്കി കൊഞ്ഞനം കുത്തുകയാണ്‌ സംവിധായകൻ. അമേരിക്കയിലും, യൂറോപ്പിലുമായി ചിത്രീകരണം പൂർത്തിയാക്കിയ 'കമ്പക്ക്ത്ത്‌ ഇഷ്ക്കി'ന്‌ ലൊക്കേഷനുകളുടെ കാര്യത്തിൽ മാത്രമേ എന്തെങ്കിലും പുതുമയുള്ളു. ഏതാനും സീനുകളിൽ ഹോളിവുഡ്‌ ലെജന്റ്‌ സിൽവർ സ്റ്റാലിനും പ്രത്യക്ഷപ്പെടുന്നുണ്ട്‌. അതുകൊണ്ടൊന്നും പക്ഷേ ഈ നപുംസക സൃഷ്ടിക്കു രക്ഷയില്ല. ഇതിലെ 'ഇഷ്ക്കും' കഥാപാത്രങ്ങളും എല്ലാം 'നക്ക്ലി' (കൃത്രിമം) മാത്രമാണ്‌. നവാഗത സംവിധായകൻ സജി സുരേന്ദ്രന്റെ 'ഇവർ വിവാഹിതരായാൽ' പറയുന്നതും പ്രണയത്തിന്റെയും വിവാഹത്തിന്റെയും പ്രശ്നങ്ങളും പ്രതിവിധികളും തന്നെ. ഈഗോയിസ്റ്റുകളായ അച്ഛനമ്മമാരുടെ ഏക മകനും എം.ബി.എ വിദ്യാർത്ഥിയുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ജയസൂര്യയാണ്‌. കൂടെ സംവൃതയും ഭാമയുമാണുള്ളത്‌. സംവൃത കോളേജ്മേറ്റും ഭാമ ലൈഫ്മേറ്റും! മാതാപിതാക്കളായ പോയ കാല നായിക രേഖയും സിദ്ദിഖും. ഒരേ അപ്പാർട്ട്‌മന്റിലെ അടുത്തടുത്ത രണ്ട്‌ ഫ്ലാറ്റുകളിലായി കഴിയുന്ന പിരിയാതെ പിരിഞ്ഞ അച്ഛനമ്മമാരെ ഒന്നിപ്പിക്കുവാൻ വിവാഹം മാത്രമേ പോംവഴിയുള്ളുവേന്ന്‌ സീമന്തപുത്രൻ ധരിച്ചുവശമായാൽ പിന്നെ ബ്രഹ്മൻ തടുത്താലും നിൽക്കില്ലല്ലോ? അതു തന്നെയാണ്‌ സംഭവിക്കുന്നത്‌. എക്സ്‌ റേഡിയോ ജോക്കി ഭാമയുമായി വിവാഹം പിന്നെ 'കല്യാണം കളിയല്ലെന്ന്‌ സ്കൂലെ മാസ്റ്റർ പറഞ്ഞത്‌' ശരിക്ക്‌ മനസ്സിലാക്കുകയാണ്‌ ഇരുവരും.

അതിനിടക്ക്‌ കരച്ചിലും പിഴിച്ചിലും സംഘട്ടനങ്ങളുമെല്ലാം ഒരുക്കുന്നുണ്ട്‌ സംവിധായകൻ. സുഹൃത്തുക്കളുടെ അതിരുകളില്ലാത്ത പെരുമാറ്റം ഭാമയുടെ മനസ്സിൽ സംശയം ജനിപ്പിക്കുന്നതും അത്‌ വളരുന്നതും വിശദമായിത്തന്നെ പ്രതിപാദിക്കുന്നുമുണ്ട്‌. വിവാഹജീവിതം കുട്ടിക്കളിയല്ലെന്ന്‌ യുവമിഥുനങ്ങൾ ഗ്രഹിച്ചു തുടങ്ങുന്നതിൽ നിത്യജീവിത സന്ദർഭങ്ങളുടെ തിരനോട്ടമുണ്ട്‌. അതിനിടെ പണമില്ലാതെ ഭാര്യയണിയിച്ച മാല വിൽക്കലും, ബൈക്ക്‌ വിൽക്കലും, മാല തിരകെ വാങ്ങലും എല്ലാം യഥാവിധി നടക്കുന്നുണ്ട്‌. അച്ഛനോട്‌ കലഹിച്ച്‌ വീട്‌ വിട്ടിറങ്ങുമ്പോഴാണ്‌ മകൻ യഥാർത്ഥ ജീവിതത്തിന്റെ പരുക്കൻ സ്വഭാവം അറിയുന്നത്‌. രസകരമായിട്ടുണ്ട്‌. കാൽപനികതയാണ്‌ കഥയിൽ മുന്നിട്ടുനിൽക്കുന്നതെങ്കിലും പുതിയ തലമുറക്ക്‌ പാഠമാകുന്ന ചില സന്ദർഭങ്ങളും മൂഹൂർത്തങ്ങളും കഥയിൽ കോർത്തിണക്കുവാൻ സംവിധായകൻ സജി സുരേന്ദ്രന്‌ കഴിയുന്നു.

പ്രണയത്തിനു മുമ്പ്‌ ഒരു ക്ലാഷ്‌-വെർബൽ ഫൈറ്റ്‌ എന്ന സിനിമാ രീതിയും നീതിക്കും സാധുത നൽകിക്കൊണ്ട്‌ ജയസൂര്യ ഭാമമാർ ഏറ്റുമുട്ടുന്നത്‌ പരസ്പരം അറിയാതെ റേഡിയോ ജോക്കായും ശ്രോതാവും തമ്മിലുള്ള കാണായുദ്ധമെന്ന നിലയിലാണെന്നുമാത്രം. വിവാഹശേഷം അതൊരു ഭാരമായി മാറുകയും ചെയ്യുന്നു. പോരേ പൂരം. 'ഇവർ വിവാഹിതരായാൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്‌ പ്രമേയത്തിന്റെ പുതുമകൊണ്ടോ യുക്തി ഭദ്രമായ അവതരണം കൊണ്ടോ അല്ല പ്രസ്തുത നായികാ നായകന്മാരുടെ കോമ്പിനേഷനും അവർക്കിടയിലെ രസതന്ത്രവും കൊണ്ടാണ്‌. തങ്ങയുടെ റോളുകൾ ഭംഗിയാക്കുവാൻ ജയസൂര്യക്കും ഭാമക്കും, സംവൃതക്കുമെല്ലാം കഴിയുന്നു. പറഞ്ഞു പഴകിയ വിഷയത്തിൽ നിന്നും രീതികളിൽ നിന്നും ചെറിയൊരു വ്യതിയാനംപോലും കാണികൾ സ്വീകരിക്കുന്നുവേന്നതിന്‌ സജി സുരേന്ദ്രന്റെ പ്രഥമ സംരംഭം തെളിവാണ്‌. ശുഭപര്യാവസായിയായ 'ഇവർ വിവാഹിതരായാൽ' വിജയം ആഘോഷിച്ച ചിത്രമാണ്‌. ജയസൂര്യാ ഭാമാ വിജയം കൂടിയാണിത്‌.

Sunday, 14 August 2011

ചിന്ത രവിയും മണി കൗളും

 എം.സി.രാജനാരായണൻ



മണികൗൾ





ചിന്തരവി




 അപരാഹ്നത്തിലെ വെയിൽ നാളങ്ങൾ മുറ്റത്ത്‌ കളംവരയ്ക്കുന്ന വേളയിലാണ്‌ ഗെയ്റ്റിനു വെളിയിൽ കാർ നിർത്തി ചിന്ത രവിയും സംഘവും വീട്ടിലെത്തിയത്‌. സംഭാഷണത്തിനിടയിൽ ഗ്രാമീണാന്തരീക്ഷത്തെക്കുറിച്ച്‌ രവീന്ദ്രൻ പലതവണ പറഞ്ഞിരുന്നു. "എഴുത്തിനു പറ്റിയ അന്തരീക്ഷം".


 പിന്നെ വൃക്ഷശാഖകളിൽ പാറിപ്പറന്നു നടന്ന പലതരം പക്ഷികളെ ശ്രദ്ധിച്ചുകൊണ്ട്‌ പറഞ്ഞു.
 "അതാ മഞ്ഞക്കിളി. മഞ്ഞക്കിളിക്ക്‌ പ്രത്യേക ഭംഗിയാണ്‌".
 നാട്ടിൻപുറത്തുമാത്രം കാണുന്ന അപൂർവ്വം പക്ഷികളുടെ കണക്കെടുത്താൽ മതിയോ വിഷയത്തിലേക്ക്‌ കടക്കേണ്ടേ എന്ന്‌ കൂട്ടുകാരിലൊരാൾ ചോദിച്ചപ്പോൾ അത്‌ ചിന്ത രവിയെ അലോസരപ്പെടുത്തിയതായി തോന്നി. പ്രകൃതിയുടെ ഉപാസകനായിരുന്നുവല്ലോ അദ്ദേഹം എന്നും!
 പുതിയ സിനിമാ സംരംഭത്തെക്കുറിച്ച്‌ സംസാരിക്കുവാനാണ്‌ രവീന്ദ്രനും സംഘവും പൊന്നാനിയിലെത്തിയത്‌. ചില പ്രമേയങ്ങൾ മനസ്സിലുള്ളത്‌ പറഞ്ഞെങ്കിലും ഒന്നിലും അദ്ദേഹം പൂർണ്ണ സംതൃപ്തനായിരുന്നില്ല.

 "ഇനി ചെയ്യുന്നത്‌ വ്യത്യസ്തമായിരിക്കണം. ചെറിയ ക്യാൻവാസിൽ ഒരു പടം."
"സമയമെടുത്താലും പ്രമേയം അ..ടനം തന്നെയാകണം."
"അതെ നൂതനവും"
അങ്ങിനെ പോയ സംഭാഷണത്തിന്‌ താൽക്കാലിക വിരാമം നൽകി കാറിൽ കയറുമ്പോഴും പ്രകൃതിയുടെ മനോഹാരിതയെക്കുറിച്ച്‌, ഉൾനാടൻ തനിമയെക്കുറിച്ച്‌ നാല്‌ വാക്ക്‌ പറയുവാൻ ചിന്തകൻ മറന്നില്ല!.
 അപൂർവ്വമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്‌. മനസ്സിൽ എന്നെന്നും മായാതെ നിന്ന ചില സീനുകൾ ബാക്കിവച്ചു ഒരു സന്ദർശനം. ഒരേ തൂവൽപക്ഷികളും, ഹരിജനു സംവിധാനം ചെയ്ത മനസ്സ്‌ ഒരു പ്രമേയത്തിനായുള്ള അന്വേഷണത്തിലായിരുന്നു.

മണികൗൾ
 ഓഷ്യാൻ-സിനിഫിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ഡൽഹി-2005) ജൂറി അംഗങ്ങളായി ഡൽഹിയിലെ ജൻപഥിലെ ബ്രട്ടീഷ്‌ പ്രൗഡി നിലനിർത്തുന്ന ഇംപീരിയൽ ഹോട്ടലിൽ ഞങ്ങൾ പതിനൊന്നു ദിനങ്ങൾ താമസിച്ച വേളയിലാണ്‌ മണി കൗളിനെ അടുത്തറിയുന്നത്‌. ഫി പ്രേശി ജൂറിയിൽ  ഞാനും ഫെസ്റ്റിവൽ ജൂറിയിൽ മണികൗളും അംഗങ്ങൾ. ഫെസ്റ്റിവൽ സെന്ററായ സിരിഫോർട്ടിലേക്ക്‌ യാത്ര ചെയ്യുന്നത്‌ ഒരേ കാറിൽ!

 സിനിമാ സംവിധായകനിലുപരി മണികൗൾ ഒരു സംഗീതജ്ഞനായിരുന്നുവേന്ന്‌ ഞാൻ തിരിച്ചറിയുന്നത്‌ ഈ നാളുകളിലാണ്‌. ദ്രുപദ്‌ സംഗീതത്തെക്കുറിച്ച്‌ ദ്രുപദ്‌ എന്ന പേരിൽ അദ്ദേഹം ഒരു ഡോക്കുമന്ററി തയ്യാറാക്കിയിരുന്നത്‌ അറിയാമായിരുന്നുവേങ്കിലും ഉത്തരേന്ത്യൻ സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ അവഗാഹവും സംഗീതത്തോടുള്ള ഭക്തിയും അപ്പോഴാണ്‌ അറിയുന്നത്‌. സിനിമപോലെ പ്രിയപ്പെട്ടതായിരുന്നു മണി കൗളിന്‌ സംഗീതവും. അക്കാലത്ത്‌ അദ്ദേഹം താമസിച്ചിരുന്നതും ജോലി ചെയ്തിരുന്നതും ഹോളണ്ടിലായിരുന്നു. ഹോളണ്ട്‌ യൂണിവേഴ്സിറ്റിയിൽ മണി കൗൾ പഠിപ്പിച്ചിരുന്നത്‌ സിനിമയായിരുന്നില്ല സംഗീതമായിരുന്നു.
 "സമുദ്രത്തിന്റെ ആഴം പോലെയാണ്‌ സംഗീതത്തിന്റെ ആഴവും പറപ്പും" അദ്ദേഹം പറയുമായിരുന്നു.
"പഠിച്ചതും പഠിപ്പിക്കുന്നതുമെല്ലാം കുറച്ച്‌. പഠിക്കാനുള്ളത്‌ പാരാവാരംപോലെ വിപുലവും"
 "ഗഗനം ഗഗനാകാരം സാഗരം സാഗരാ പാരം പോലെ സംഗീതവും"


 ഉത്തരേന്ത്യൻ രാഗങ്ങളെക്കുറിച്ചു സംഗീതജ്ഞരെക്കുറിച്ചു പറയുമ്പോൾ റോബർട്ട്‌ ബ്രൈസ്സത്തയും ബെർഗ്മാനെയും പരാമർശിക്കുന്നതുപോലെ ആയിരം നാവുകളായിരുന്നു മണികൗളിന്‌. പൂനാ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന്‌ സംവിധാനത്തിൽ ബിരുദം നേടിയ അദ്ദേഹം പിന്നീട്‌ അവിടെ തന്നെ അധ്യാപകനായി കുറച്ചുകാലം ജോലി നോക്കിയിരുന്നു.


 സിനിമയെക്കുറിച്ച്‌ മൗലിക ചിന്ത പുലർത്തിയിരുന്ന മണികൗളിന്റെ പ്രഥമ സംരംഭം 'ഉസ്കിറൊട്ടി' പുതിയ പാത വെട്ടിത്തുറന്ന സൃഷ്ടിയായിരുന്നു. തുടർന്നുവന്ന 'ആഷാഡ്‌ കാ ഏക്‌ ദിൻ' ഏറെ വ്യത്യസ്തമായ രചനയായി മാറി. ഋത്വിക്ക്‌ ഘട്ടക്കനെക്കുറിച്ച്‌ മണികൗൾ പറഞ്ഞത്‌ ഓർക്കുന്നു "ഹി ഈസ്‌ വൺ ഓഫ്‌ ദി ബെസ്റ്റ്‌ ടീച്ചേഴ്സ്‌ ഐ എവർ ഹാഡ്‌"
 എങ്ങിനെ സിനിമയെടുക്കണമെന്ന്‌ പഠിപ്പിക്കുകയല്ല ഋത്വിക്ക്‌ ഘട്ടക്ക്‌ ചെയ്തത്‌. എങ്ങിനെ സ്വതന്ത്രമായി ചിന്തിക്കണമെന്ന്‌ പഠിപ്പിക്കുകയായിരുന്നു. പുതിയ പാതകൾ തേടി നടക്കുവാനുള്ള പ്രചോദനം അദ്ദേഹത്തിന്‌ ഋത്വിക്ക്‌ ഘട്ടക്ക്‌ തന്നെയായിരുന്നു.


 മലയാളത്തെയും മലയാളികളെയും ഏറെ ഇഷ്ടപ്പെട്ട മണികൗളിന്റെ ആദ്യകാല സൃഷ്ടികളും  ക്യാമറമാന്മാരിൽ ഒരാൾ വേണുവായിരുന്നു. രവിമേനോൻ, കൊടിയേറ്റം ഗോപി തുടങ്ങിയവർ അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ഉസ്കിറൊട്ടിയുടെ അണിയറ പ്രവർത്തകരിൽ ഒരാൾ സാക്ഷാൽ ജോൺ എബ്രഹാം തന്നെയായിരുന്നു! ജോണിനെക്കുറിച്ച്‌ ഏറെ പ്രതീക്ഷകളുണ്ടായിരുന്നു മണി കൗളിന്‌. എല്ലാ അർത്ഥത്തിലും ജോൺ എബ്രഹാം ഋത്വിക്ക്‌ ഘട്ടക്കിന്റെ ശിഷ്യൻ തന്നെയായിരുന്നു.

 ഒരാഴ്ചത്തെ അകലത്തിൽ ഇന്ത്യൻ സിനിമയ്ക്ക്‌ തീരാനഷ്ടം നൽകി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ രണ്ട്‌ പ്രതിഭാ സമ്പന്നരാണ്‌ രവീന്ദ്രനും മണികൗളും. സിനിമാ സംവിധായകരും മൗലികച്ചിന്തകരുമായിരുന്ന അവരിരുവരും യാത്ര ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ചിന്ത രവിയെഴുതിയ യാത്രാവിവരങ്ങൾ വിലപ്പെട്ടവയാണ്‌.

 വിപുലമായ സുഹൃദ്‌ വലയം ഇരുവർക്കുമുണ്ടായിരുന്നു. ആരെയും നോവിക്കാതെ എന്നാൽ സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുവാനും ഇരുവരും ശ്രദ്ധിച്ചിരുന്നു. മറക്കാനാവാത്ത വ്യക്തിത്വത്തിന്റെ ഉടമകളായിരുന്നു ഇരുവരും. യാത്ര പറഞ്ഞ്‌ പിരിയുമ്പോൾ മണികൗൾ പറഞ്ഞത്‌ ഓർക്കുന്നു.
"കബി അൽവിദനാ കഹ്നാ"


Friday, 8 July 2011

നല്ല സിനിമ: അന്നും ഇന്നും

അരവിന്ദൻ
അടൂർ ഗോപാലകൃഷ്ണൻ
എം.ടി
എം.സി.രാജനാരായണൻ

 ലോകമൂല്യമുള്ള, ജീവിതഗന്ധിയായ, അർത്ഥസമ്പന്നമായ ചലച്ചിത്രങ്ങൾ അന്നും ഇന്നും വിരളമാണെങ്കിലും പോയ കാലത്തെ, പതിറ്റാണ്ടുകളെ അപേക്ഷിച്ച്‌ നല്ല ചിത്രം വംശനാശഭീഷണിയിലാണെന്നതാണ്‌ യാഥാർത്ഥ്യം. മലയാളി ചലച്ചിത്രാസ്വാദകനെ, വിദ്യാർത്ഥിയെ സംബന്ധിച്ച്‌ ഏറ്റവും ഉർവ്വരമായ, പുഷ്ക്കലമായ കാലഘട്ടമാണ്‌ എഴുപതുകൾ. ഫിലിം സോസൈറ്റി പ്രവർത്തകർക്കെന്നപോലെ ആസ്വാദകർക്കും ഗൃഹാതുരത്വം നൽകുന്ന കാലം.

 പഥേർപാഞ്ചാലിക്കൊപ്പം തന്നെ പിറവികൊണ്ട്‌, പി.രാമദാസ്‌ സംവിധാനം ചെയ്ത 'ന്യൂസ്‌ പേപ്പർ ബോയ്‌' നിയോ റിയലിസ്റ്റ്‌ ചിത്രമായി പരിഗണിക്കപ്പെടുമ്പോഴും അതൊരു ഒറ്റപ്പെട്ട സംഭവമായി ഒതുങ്ങുകയാണുണ്ടായത്‌. എന്നാൽ എഴുപതുകളിൽ ഒന്നിനു പിറകെ ഒന്നായി മികച്ച ചിത്രങ്ങൾ വെളിച്ചം കാണുകയും സംവിധായകർ രംഗത്തെത്തുകയും ചെയ്തു.
 പൂനാ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന്‌ സംവിധാനം പഠിച്ചിറങ്ങിയ അടൂർഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്‌ ആരംഭിച്ച 'ചിത്രലേഖ' ഫിലിം സോസൈറ്റിയാണ്‌ കാഴ്ചയിലും ആസ്വാദനത്തിലുമുള്ള പരിവർത്തനത്തിന്‌ നാന്ദികുറിച്ചതു. മികച്ച ചിത്രങ്ങൾ-ഇന്ത്യൻ സിനിമയിലേയും ലോകസിനിമയിലേയും, തിരഞ്ഞെടുത്ത്‌ പ്രദർശിപ്പിക്കുകയും ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിലാരംഭിച്ച 'ചിത്രലേഖ',  പ്രവർത്തനം ചിത്ര നിർമ്മാണത്തിലേക്ക്‌ വഴി തുറന്നതിന്റെ സാഫല്യമാണ്‌ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ കഥാചിത്രമായ 'സ്വയംവരം'.
 
 മലയാള സിനിമയിലെ മുന്നണിതാരങ്ങളായ മധുവും ശാരദയും പ്രധാനഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നതൊഴിച്ചാൽ വ്യവസായ സിനിമയുടെ ചേരുവകൾ പാടെ ഉപേക്ഷിച്ച്‌ കലാമൂല്യത്തിന്‌ പ്രാധാന്യം നൽകിയ രചനയായിമാറി സ്വയംവരം. അതൊരു വലിയ തുടക്കമായിരുന്നുവെന്ന് എഴുപതുകളിൽ വെളിച്ചം കണ്ട മറ്റ്‌ ചിത്രങ്ങൾ തെളിയിക്കുകയും ചെയ്തു.
 ആദ്യചിത്രമായ സ്വയംവരത്തിനു(1972)ശേഷം രണ്ടാമത്തെ ചിത്രമായ കൊടിയേറ്റം (1977) അഞ്ചുവർഷങ്ങൾക്കു ശേഷമാണ്‌ അടൂർ സംവിധാനം ചെയ്തതെങ്കിലും അതിനിടയിൽ വലിയ പരിവർത്തനമാണ്‌ മലയാള സിനിമയിൽ നടന്നത്‌. അതിന്റെ പ്രധാന കാരണം സ്വയംവരം തന്നെയെന്നു പറയാം. സ്വയംവരത്തിന്റെ വിജയം നൽകിയ ആവേശവുമായി അരവിന്ദൻ 'ഉത്തരായനം' എന്നചിത്രവും എം.ടി.വാസുദേവൻനായർ 'നിർമ്മാല്യ'വും സംവിധാനം ചെയ്തു. 'സ്വപ്നാടന'വുമായി കെ.ജി.ജോർജ്ജുകൂടി എത്തിയതോടെ കലാമൂല്യമുള്ള ചിത്രങ്ങൾ തുടർച്ചയായി നിർമ്മിക്കപ്പെടുന്ന ഒരവസ്ഥയും സംജാതമായി. അക്കാലത്ത്‌ കന്നഡ സിനിമയിൽ മാത്രമാണ്‌ ഇതിനു തുല്യമായ ചലനങ്ങൾ നടന്നിരുന്നത്‌.

 ഏകാകിനിയുമായി ജി.എൻ.പണിക്കരും കബനീ നദി ചുവന്നപ്പോൾ എന്ന ചിത്രവുമായി പി.എ.ബക്കറും എത്തിയത്‌ എഴുപതുകൾക്ക്‌ കരുത്ത്‌ പകർന്നു. ഗൗരവപൂർണ്ണമായ ചിത്രങ്ങൾക്ക്‌ ന്യൂനപക്ഷമെങ്കിലും ഒരു പ്രേക്ഷകവൃന്ദവും അക്കാലത്തുണ്ടായിരുന്നു. എഴുപതുകളുടെ ചലനങ്ങൾക്ക്‌ മുന്നോടിയായി അറുപതുകളിൽതന്നെ എം.ടി.വാസുദേവൻനായർ തിരക്കഥയെഴുതി പി.ഭാസ്കരൻ, എ.വിൻസെന്റ്‌, പി.എൻ.മേനോൻ തുടങ്ങിയ സംവിധായകർ സംവിധാനം ചെയ്ത മികച്ച രചനകളായ ഓളവും തീരവും, നഗരമേ നന്ദി, ഇരുട്ടിന്റെ ആത്മാവ്‌ തുടങ്ങിയ പടങ്ങൾ വെളിച്ചം കണ്ടിരുന്നു.
 മികച്ച സിനിമക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിക്കൊണ്ടാണ്‌ 'സ്വയംവരം' മലയാള സിനിമയിൽ ഇടംനേടുന്നത്‌. ശാരദയ്ക്ക്‌ മികച്ച അഭിനേത്രക്കുള്ള ഉർവ്വശി പുരസ്കാരവും ലഭിച്ചു. ഛായാഗ്രഹകനായി മങ്കട രവിവർമ്മയെയും തിരഞ്ഞെടുത്തു. തുടർന്ന്‌ നിരവധി വിദേശചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട 'സ്വയംവരം' മലയാള സിനിമയിൽ പുതിയൊരു പന്ഥാവ്‌ വെട്ടിത്തുറക്കുകയും ചെയ്തു. അടുത്തവർഷം എം.ടി.വാസുദേവൻനായർ സ്വന്തം കഥയായ പള്ളിവാളും കാൽച്ചിലമ്പിനും നൽകിയ ചലച്ചിത്ര പരിഭാഷ്യമായ 'നിർമ്മാല്യ'ത്തിന്‌ വൻസ്വീകരണമാണ്‌ ലഭിച്ചതു. എം.ടി തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'നിർമ്മാല്യം' മികച്ച ചിത്രത്തിനുള്ള സ്വർണ്ണമെഡലും പി.ജെ.ആന്റണിയിലൂടെ മികച്ച നടനുള്ള ഭരത് അവാർഡും നേടിയെടുത്തു.

 തുടർവർഷങ്ങളിൽ സംസ്ഥാന, ദേശീയ, രാജ്യാന്തര ശ്രദ്ധയും അംഗീകാരവും നേടിയ മലയാള ചിത്രങ്ങളിൽ അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം,തമ്പ്‌,കാഞ്ചനസീത, കെ.ജി.ജോർജ്ജിന്റെ സ്വപ്നാടനം, പി.എ.ബക്കറുടെ കബനീ നദി ചുവന്നപ്പോൾ, മണിമുഴക്കം തുടങ്ങിയ ചിത്രങ്ങൾ ഉൾപ്പെടുന്നു. അടൂർ ഗോപാലകൃഷ്ണൻ  നാലഞ്ചു വർഷങ്ങളുടെ ഇടവേളകൾക്കുശേഷം മാത്രം പുതിയ ചിത്രവുമായെത്തിയപ്പോൾ എല്ലാവർഷവും ഒരുപടമെന്ന നിലയ്ക്കാണ്‌ ജി.അരവിന്ദൻ പടങ്ങൾ ഒരുക്കിയിരുന്നത്‌.
 കലാമൂല്യമുള്ള ചിത്രങ്ങളുടെ നിർമ്മാണരംഗത്ത്‌ ഉണർവ്വും ഉർവ്വരതയും നിറഞ്ഞ എഴുപതുകളിൽ ഒരു പ്രസ്ഥാനത്തിന്റെ കരുത്താർജ്ജിച്ചുകൊണ്ടാണ്‌ നല്ല സിനിമയുടെ അണിയറ പ്രവർത്തകർ മുന്നേറിയത്‌. അക്കാലത്തെ മധ്യവർത്തി സിനിമയിലും പരിവർത്തനം ദൃശ്യമായിരുന്നു. സിനിമയും സാഹിത്യവും തമ്മിലെ ആദാനപ്രദാനത്തിന്റെ പരിണിതഫലമായി കച്ചവടസിനിമയിലും കഥയുള്ള, ജീവിതമുള്ള രചനകൾ ജന്മം കൊള്ളുകയും ചെയ്തു.

 മലയാളസിനിമയിലെ ആദ്യ ദേശീയ പുരസ്കാരം നേടിയ (സ്വർണ്ണമെഡൽ) 'ചെമ്മീൻ' വാണിജ്യ വിജയവും നേടിയ പടമാണ്‌. ആദ്യകാല അടൂർചിത്രമായ 'കൊടിയേറ്റ'ത്തിനു വൻ സ്വീകരണമാണ്‌ പ്രേക്ഷകരിൽ നിന്ന്‌ ലഭിച്ചതു. അങ്ങിനെ കലാപരമായി ഔന്നത്യം പുലർത്തുന്ന രചനകൾക്ക്‌ പ്രേക്ഷകശ്രദ്ധയും വരവേൽപും നേടാൻ കഴിഞ്ഞ കാലഘട്ടം കൂടിയായിരുന്നു എഴുപതുകൾ. പിന്നീട്‌ ഈ പ്രേക്ഷക സമൂഹം ചുരുങ്ങിച്ചുരുങ്ങി അപ്രത്യക്ഷമാകുകയാണുണ്ടായത്‌.
 എൺപതുകളിലും തൊണ്ണൂറുകളിലും ദേശീയവും രാജ്യാന്തരവുമായ ശ്രദ്ധയും അംഗീകാരവും നേടിയ സൃഷ്ടികൾ മലയാളത്തിൽ വെളിച്ചം കണ്ടിരുന്നുവെങ്കിലും അവയെല്ലാം ഒറ്റപ്പെട്ട സംരംഭങ്ങൾ, തുരുത്തുകൾ മാത്രമായിരുന്നു. ബ്രട്ടീഷ്‌ ഫിലിം ഇൻസ്റ്റിറ്റിയൂട്ട്‌ അവാർഡ്‌ നേടിയ ' എലിപ്പത്തായം' അടൂർ ഗോപാലകൃഷ്ണന്റെ ഏറ്റവും ശ്രേഷ്ഠമായ രചനമാത്രമല്ല ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും  മികച്ച രചനകളിലൊന്നായി മാറുകയും ചെയ്തു.

 ഫ്യൂഡൽ വ്യവസ്ഥയും തകർച്ചയുടെ സമകാലികാവസ്ഥയും വ്യക്തിയുടെ അധഃപതനത്തിന്റെ  ഘടകങ്ങളും സമ്മേളിക്കുന്ന രചനയാണ്‌ അവതരണ സൗഷ്ഠവത്തിന്‌, സാഫല്യത്തിന്‌ ഉദാഹരണം നൽകാവുന്ന 'എലിപ്പത്തായം' കരമന ജനാർദ്ദനൻനായർ എന്ന നടനെ  അടൂർ 'എലിപ്പത്തായ'ത്തിലൂടെ മലയാളത്തിന്‌ നൽകി. ഗോപിക്കുശേഷം (കൊടിയേറ്റം) അടൂർ നൽകിയ മറ്റൊരു മികച്ച അഭിനേതാവാണ്‌ കരമന.

 അരവിന്ദന്റെ ഛായഗ്രാഹകനെന്ന നിലക്ക്‌ ശ്രദ്ധനേടിയ ഷാജി എൻ.കരുൺ ആദ്യമായി സംവിധാനം ചെയ്ത 'പിറവി'ലോകശ്രദ്ധ നേടിയ മലയാള ചിത്രമാണ്‌. അമ്പതിലധികം വിദേശമേളകളിൽ പ്രദർശിപ്പിക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്ത പിറവി മികച്ച ചിത്രം, നടൻ എന്നീ ദേശീയ അവാർഡുകളും കരസ്ഥമാക്കിയിരുന്നു. വന്ദ്യവയോധികനായി സ്ക്രീനിലെത്തിയ പ്രേംജിയുടെ അനുപമമായ പ്രകടനം പിറവിയുടെ മാറ്റുകൂട്ടി. മകൻ നഷ്ടപ്പെട്ട അച്ഛന്റെ ദുഃഖവും അധികാരകേന്ദ്രങ്ങളിൽ നീതിക്കായി മുട്ടിവിളിക്കുമ്പോൾ അനുഭവിക്കേണ്ടിവന്ന അഹന്തയും ധിക്കാരവും നിശ്ശബ്ദമായി സഹിക്കേണ്ടിവന്ന അഭിശപ്തനായ പിതാവിനെ പ്രേംജി അനശ്വരനാക്കുകയാണ്‌ പിറവിയിൽ. കാൻ ചലച്ചിത്രമേള അടക്കം നിരവധി വിദേശമേളകളിൽ 'പിറവി' പ്രദർശിപ്പിക്കപ്പെടുകയും പ്രശംസയും അംഗീകാരവും പാരിതോഷികങ്ങളും നേടുകയും ചെയ്തിരുന്നു.

 കച്ചവടസിനിമാരംഗത്തു നിന്ന്‌ കലാചിത്രരംഗത്തേക്ക്‌ ചുവടുമാറിയ ജയരാജ്‌ സംവിധാനം ചെയ്ത 'കരുണം' രാജ്യാന്തര പുരസ്കാരവും 'ശാന്തം' ദേശീയതലത്തിൽ മികച്ച ചിത്രത്തിനുള്ള സ്വർണ്ണകമലവും നേടിയത്‌ മലയാള സിനിമയ്ക്ക്‌ ലഭിച്ച വലിയ അംഗീകാരമായിരുന്നു. രാഷ്ട്രീയം പ്രമേയമാകുന്ന ശാന്തം രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ അശാന്തമായ അന്തരീക്ഷമാണ്‌ പകർത്തുന്നത്‌. ഫുട്ബാൾ കളിക്കാരനായ ഐ.എം.വിജയൻ ശാന്തത്തിലൂടെ ചലച്ചിത്ര നടനാകുകയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. പ്രിയനന്ദൻ, കെ.ആർ.മോഹൻ, രവീന്ദ്രൻ, ടി.വി.ചന്ദ്രൻ, ശ്യാമപ്രസാദ്‌ തുടങ്ങിയവരും നല്ല സിനിമയ്ക്ക്‌ സംഭാവനകൾ നൽകിയവരിൽ ഉൾപ്പെടുന്നു.

 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അടൂർഗോപാലകൃഷ്ണൻ വീണ്ടും ദേശീയ പുരസ്കാരം നേടിയത്‌ കഥാപുരുഷനിലൂടെ(മികച്ച ചിത്രം)യാണ്‌. അതിനുമുമ്പത്തെ ചിത്രങ്ങൾക്ക്‌ അടൂരും അരവിന്ദനും മികച്ച സംവിധായകരായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അരവിന്ദന്റെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ്‌ നേടിയ ചിത്രമാണ്‌ 'ചിദംബരം' സി.വി.ശ്രീരാമന്റെ ചെറുകഥയുടെ ചലച്ചിത്ര പരിഭാഷ ദൃശ്യത്തിന്റെ കരുത്ത്‌ തിരിച്ചറിഞ്ഞുള്ള അവതരണത്തിന്റെ ശോഭ പകരുന്നു.

 ഇടക്കാലത്തെ മാന്ദ്യത്തിനുശേഷം വീണ്ടും മലയാള സിനിമാ ദേശീയാംഗീകാരം നേടിയത്‌ ഷാജി എൻ.കരുൺ സംവിധാനം ചെയ്ത 'വാനപ്രസ്ഥ'ത്തിലൂടെയാണ്‌. വാനപ്രസ്ഥത്തിൽ കഥകളി നടനായി പ്രത്യക്ഷപ്പെട്ട മോഹൻലാൽ മികച്ച നടനുള്ള നാഷണൽ അവാർഡ്‌ നേടി. സമ്മോഹനമായ, അവിസ്മരണീയമായ പ്രകടനമാണ്‌ വാനപ്രസ്ഥത്തിൽ മോഹൻലാൽ നടത്തിയത്‌. പിന്നീട്‌ എൺപതുകളിലും തൊണ്ണൂറുകളിലും ഒറ്റപ്പെട്ട രചനകൾ ശ്രദ്ധനേടിയിരുന്നുവെങ്കിലും ഷാജി.എൻ.കരുൺ സംവിധാനം ചെയ്ത 'കുട്ടിസ്രാങ്ക്‌' നാഷണൽ അവാർഡ്‌ നേടിയതിലൂടെ മലയാളസിനിമ വീണ്ടും തിരിച്ചു വരവ്‌ നടത്തുകയാണുണ്ടായത്‌. തൊട്ടടുത്ത വർഷം തന്നെ നവാഗത സംവിധായകനായ സലിം അഹമ്മദ്‌ സംവിധാനം ചെയ്ത 'ആദാമിന്റെ മകൻ അബു' മികച്ച ചിത്രത്തിനുള്ള നാഷണൽ അവാർഡ്‌. മികച്ച നടനുള്ള അവാർഡും (സലിംകുരമാർ) നേടിയിരിക്കുന്നു. സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ 'ആദാമിന്റെ മകൻ അബു' പ്രദർശനത്തിനെത്തിയത്‌ വലിയ പ്രതീക്ഷകളോടെയായിരുന്നെങ്കിലും പ്രേക്ഷകർ വേണ്ട ഗൗരവത്തോടെ പടം സ്വീകരിക്കുകയുണ്ടായില്ല. സാധാരണ പടങ്ങൾക്ക്‌ നൽകുന്ന പ്രചാരണത്തോടെ എഴുപതോളം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ആദാമിന്റെ മകൻ അബുവിന്‌ കിട്ടിയ  തണുപ്പൻ സ്വീകരണം നല്ല സിനിമയെ സ്നേഹിക്കുന്നവരെ അമ്പരപ്പിക്കുന്നതാണ്‌.

 ദീർഘകാലത്തെ ഫിലിം സോസൈറ്റി പ്രവർത്തനം മലയാളികൾക്ക്‌ നൽകിയ ആസ്വാദന സംസ്കാരം നഷ്ടപ്പെടുകയാണെന്ന വാദത്തിൽ, സംശയത്തിന്‌ സാഗത്യം കൈവരുന്നതാണ്‌. അബുവിന്റെ സ്ഥിതി തീർച്ചയായും നല്ല സിനിമ മലയാളത്തിൽ വംശനാശ ഭീഷണി നേടുകയാണ്‌. കാര്യകാരണങ്ങൾ നിരവധിയാണെങ്കിലും ഗവണ്‍മന്റ്‌ തലത്തിത്തിലെ ഇടപെടലുകൾ-സബ്സിഡി കൂട്ടുന്നതടക്കം - അതിജീവനത്തിന്‌ അത്യന്താപേക്ഷിതമാണ്‌.